തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

ലേഖനം

സൈദ്ധാന്തികത പിന്നില്‍ നടക്കുന്നു

ജീവിതത്തേയും, അതിന്റെ അവസ്ഥാന്തരങ്ങളേയും വിശകലനം ചെയ്യാനും നിര്‍വ്വചിക്കാനുമുള്ള ത്വര മനുഷ്യന്റെ സഹജവാസനയാണ്‌. ദൈനംദിനജീവിതത്തിന്റെ വ്യാകരണം തേടല്‍ എന്നതിനപ്പുറമായി സൈദ്ധാന്തിക ചിന്തകള്‍ വ്യക്തമായ ശാഖയാവുന്നതിനു ശാസ്ത്രം ത്വരകമായി. വിശ്വാസത്തിന്റേയും യുക്തിയുടേയും സംഘര്‍ഷമായിരുന്നു അത്‌. ആദിമകാലത്ത്‌ പ്രവാചകദൗത്യം ദൈവവെളിപാടായിരുന്നു. ശാസ്ത്രം പ്രവചനത്തിന്റെ ദൈവീകത നഷ്ടമാക്കി. സൃഷ്ടിച്ച സിദ്ധാന്തങ്ങളില്‍ നിന്നും പ്രവചനസ്വഭാവം കൈക്കൊള്ളുന്ന ചിന്താപദ്ധതിയാവണം സൈദ്ധാന്തികത. പുതിയ ഭാവിയിലേക്ക്‌ എറിയാനാവാത്ത സിദ്ധാന്തങ്ങള്‍ അനാവശ്യമാണ്‌, അവ ഉപേക്ഷിക്കപ്പെടും. ജീവിതത്തേയും പ്രപഞ്ചത്തേയും വെളിപ്പെടുത്താന്‍ ശാസ്ത്രം ഏറെകൂറെ യുക്തിഭദ്രമായി അരുനിന്നു. യുക്തി എന്നും ഉണ്ടായിരുന്നു, എന്നാല്‍ ശാസ്ത്രം അതിനു സൈദ്ധാന്തിക പിന്‍ബലം നല്‍കി. ശാസ്ത്രലോകത്തെ, ജീവശാസ്ത്രമോ സാമൂഹ്യശാസ്ത്രമോ ഗണിതശാസ്ത്രമോ സാമ്പത്തികശാസ്ത്രമോ മറ്റു ഏതെങ്കിലും ശാസ്ത്രമോ ആയികൊള്ളട്ടെ, ഒഴിവാക്കി യുക്തിഭദ്രമായ സൈദ്ധാന്തികവിചാരങ്ങള്‍ പ്രയാസമുള്ളതായി തീരും.

പക്ഷെ സൈദ്ധാന്തികവിചാരങ്ങളുടെ സമകാലീക പരിസരം, അടിസ്ഥാന സിദ്ധാന്താന്വേഷണങ്ങളില്‍ നിന്നും മാറിപോയിട്ടുണ്ട്‌, പ്രത്യേകിച്ച്‌ കേരളത്തില്‍. അതിനുള്ള കാരണമായി തോന്നുക, സാമൂഹികമായ അവസ്ഥയെ നിര്‍വ്വചിക്കാനും വിശകലനം ചെയ്യാനും ഉള്ള കോപ്പുകളെ അനുസ്യൂതം വളര്‍ത്തികൊണ്ടുവരേണ്ടതായ ബൗദ്ധികതയുടെ ഇടങ്ങളില്‍ ലോപത്വം സംഭവിച്ചു എന്നതായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആധുനിക സൈദ്ധാന്തികര്‍ ചെയ്യേണ്ടതല്ല ചെയ്തത്‌ എന്നാവും. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിനു തൊട്ടു മുന്‍പും പിന്‍പും നിലനിന്ന സെക്കുലറിസം, ഉപരിപ്ലവമായിരുന്നു എന്നു തിരിച്ചറിഞ്ഞ്‌ സമൂഹത്തിന്റെ ക്രിയാത്മകമായ ഇടങ്ങളില്‍ അപായ സൂചന നല്‍കാന്‍ അവര്‍ക്കു കഴിയാതെ പോയി എന്നതു കൊണ്ടു കൂടിയാവും, പള്ളികളിലും അമ്പലങ്ങളിലും പോയിരുന്ന്‍, ഇപ്പോള്‍ ജനങ്ങള്‍ വൈരാഗ്യത്തോടെ പുറത്തേക്കു നോക്കുന്നത്‌. മാതാ അമൃതാനന്ദമയിയുടെ ആലിംഗനം എത്ര നല്ലത്‌ എന്ന്‌ നമ്മുടെ സൈദ്ധാന്തികനു പറയേണ്ടിവരുന്നിടത്തേക്ക്‌ എത്തി നില്‍ക്കുമ്പോള്‍ (അത്രയും രോഗാതുരമായ ഒരു സമൂഹത്തെ അപ്പടി കവച്ചുകടന്നുകൊണ്ട്‌), തീര്‍ച്ചയായും അതില്‍ ഒരു തോല്‍വിയുണ്ട്‌ - നല്ലൊരു സൈദ്ധാന്തികനെ ഉണ്ടാക്കാനാവാതെ പോയ സമൂഹത്തിന്റെ തോല്‍വി കൂടിയാണത്‌.

സൈദ്ധാന്തിക വ്യവഹാരം ഭാഷയിലാണു സംപ്രേഷണം ചെയ്യപ്പെടുന്നത്‌. ശില്‍പ്പകലയുടെയും ചിത്രകലയുടെയും വാസ്തുകലയുടെയും സംഗീതത്തിന്റെയും പോലും വിശകലനങ്ങള്‍ക്കും വിചാരങ്ങള്‍ക്കും എളുപ്പമുള്ള മാധ്യമമായി ഭാഷയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. ഒരു ചിത്രത്തിന്റെ ക്ഷേത്രഗുണങ്ങളുമായി തര്‍ക്കിക്കാന്‍ മറ്റൊരു ചിത്രത്തിനു കഴിയേണ്ടതാണ്‌, പക്ഷെ അത്തരം സൈദ്ധാന്തികതയുടെ സാധ്യതകളെ ഭാഷയുടെ അനായാസത പകരംവയ്ക്കുകയാണ്‌ ഉണ്ടായത്‌. ചിന്തിക്കാന്‍ പൊതുവേ ഉപയോഗിക്കുന്നതു ഭാഷയാണ്‌ എന്നതാവാം കാരണം. മൈന്‍ഡ്സ്കേപ്‌ എന്ന അരൂപി നിലനില്‍ക്കുന്നതു തന്നെ ഭാഷയുടെ പിന്‍ബലത്തിലാണ്‌. ഭാഷയ്ക്കു മുന്‍പ്‌ അതെങ്ങിനെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടി മനസിന്റെ കടുപ്പം പോലെ ഭാവനയ്ക്കു വിടുകയെ നിവൃത്തിയുള്ളൂ.

ഭാഷയുടെ അനുചിതമായ ധാരാളിത്തം കേരളത്തിന്റെ ചിന്താമേഖലയില്‍ പ്രകടനപരമാണ്‌. ശാസ്ത്രത്തിന്റെ മൗലീകമായ ഇടപെടലുകള്‍ സമൂഹത്തില്‍ സംഭവിച്ചില്ല എന്നതുകൊണ്ടുതന്നെ ഗൗരവതരമായ സൈദ്ധാന്തിക വിചാരങ്ങള്‍ക്കു ഉപയുക്തമായ ഋജുതീവ്രത ഭാഷയില്‍ ഉണ്ടായില്ല. മറ്റിടങ്ങളിലെ സിദ്ധാന്തങ്ങളെ വിശകലനവിധേയമാക്കാനുള്ള ശക്തി, ആന്തരീകമായി ഉള്‍ക്കൊള്ളാന്‍ മാത്രം ഭാഷ വികസിച്ചിരുന്നുമില്ല. അതിനാല്‍ സൈദ്ധാന്തിക വിചാരങ്ങളെ സാഹിത്യവുമായി നമ്മള്‍ കൂട്ടിക്കുഴച്ചു. ഭാഷ കൈകാര്യം ചെയ്യുന്നതും പരിപോഷിപ്പിക്കുന്നതും സാഹിത്യമാണ്‌ എന്ന തെറ്റിദ്ധാരണയിലാണ്‌ അതു സംഭവിച്ചത്‌. മറ്റിടങ്ങളിലെ സിദ്ധാന്തങ്ങളുടെ റീടെയില്‍ ഷോപ്പ്‌ പോലെയാണു കേരളം എന്നു നിസാര്‍ അഹമ്മദ്‌ പറയുന്നുണ്ട്‌.

ഭാഷാതീതമായ സൈദ്ധാന്തികത പക്ഷെ ഒരു ആവേശം മാത്രമാണ്‌. എന്തും ഭാഷാപരമാകരുത്‌ എന്നു മാത്രമാവും അത്‌. എന്നാല്‍ മൗലീകമായ സിദ്ധാന്തങ്ങളുടെ നിര്‍മ്മിതി സാധ്യമാവാതെ പോയതില്‍ സാഹിത്യത്തിനു കയ്യുണ്ട്‌. ജൈവമായ ഭാഷയുടെ വൈവിധ്യമാര്‍ന്ന ഇടങ്ങളെ ചുരുക്കി ഏകമാനമാക്കി സൈദ്ധാന്തിക ഭൂമികയില്‍ അവതരിപ്പിക്കുന്നതില്‍, ബോധപൂര്‍വമായിരിക്കില്ലെങ്കിലും, സാഹിത്യം വിജയിച്ചിട്ടുണ്ട്‌. നമ്മുടെ സൈദ്ധാന്തിക ചര്‍ച്ചകളില്‍ ഇന്നും മുന്നിട്ടു നില്‍ക്കുന്നത്‌ സാഹിത്യകാരന്മാരാണ്‌. ശാസ്ത്രജ്ഞന്മാരോ, കൃഷിക്കാരോ, രാഷ്ട്രീയക്കാരോ, കച്ചവടക്കാരോ ആരും തന്നെ ആ ബുദ്ധിമുട്ട്‌ ഏറ്റെടുത്തതായി കാണുന്നില്ല. അതിനുള്ള കാരണമായി കണ്ടെത്താനാവുക ഭാഷയോടുള്ള സമീപനമാവും. സാഹിത്യഗുണമില്ലാത്ത ഭാഷയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നതിന്റെ ആധികാരികതയെപറ്റി സംശയങ്ങളുണ്ടായി. സിദ്ധാന്തം ആവശ്യപെടുന്ന ഭാഷയെ പറ്റിയല്ല, സിദ്ധാന്തം പ്രകാശിപ്പിക്കാനുള്ള ഭാഷയുടെ സാഹിത്യഗുണത്തെകുറിച്ചാണ്‌ കൂടുതല്‍ ബുദ്ധി വ്യയംചെയ്യപെട്ടത്‌. ഇതു സൈദ്ധാന്തിക വിചാരങ്ങള്‍ക്ക്‌, ഭാഷയ്ക്കു തന്നെയും, മൗലീകമായ പുതുമകളൊന്നും നല്‍കിയില്ല.

മൗലീകമായ സിദ്ധാന്തങ്ങള്‍ക്കു ഉപോല്‍ബലമായ അന്വേഷണങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ (ശാസ്ത്രം, മാനേജ്മെന്റ്‌, കൃഷി തുടങ്ങി പല ഇടങ്ങളും), അവയുടെ വ്യക്തവും സാര്‍വ്വത്രികവും ആയ സംപ്രേഷണത്തില്‍ നിന്നും അകന്നു പോവാനുള്ള കാരണം ഭാഷാപരം എന്നു പറയുമ്പോള്‍, ഭാഷയെ കുത്തകയാക്കിയ സാഹിത്യലോകത്തിന്റെ മാത്രം ലോപത്വം അല്ലത്‌. ജൈവമായ അന്വേഷണങ്ങളും കണ്ടുപിടുത്തങ്ങളും അവതരിപ്പിക്കാന്‍ സ്വത്വഗുണമുള്ള ഭാഷാവ്യതിരക്തത നിര്‍മ്മിക്കാനാവാതെ പോയ ആ ബൗദ്ധീകപ്രദേശങ്ങളുടെ കൂടി പരിമിതിയാണ്‌. പരിമിതമായെങ്കിലും ഈ ഇടങ്ങളില്‍ നിന്നും ഉണ്ടാവുന്ന സിദ്ധാന്തങ്ങള്‍ പ്രകാശിപ്പിക്കപെടുന്നത്‌ മലയാളഭാഷയിലോ, കേരളത്തിലെ ആനുകാലികങ്ങളിലോ അല്ല. കേരളത്തിന്റെ പരീക്ഷണശാലകളില്‍ പിറന്ന പല ആശയങ്ങളും മനസിലാക്കാന്‍ വിദേശ ജേര്‍ണലുകള്‍ നോക്കണം. ആ സിദ്ധാന്തങ്ങളെ നമ്മുടെ സാമൂഹികപരിസരത്തിനു ഉപയുക്തമാകും വിധം ചര്‍ച്ചചെയ്യാന്‍ കേരളത്തിലെ സൈദ്ധാന്തികലോകം ത്വര കാണിച്ചിട്ടും ഇല്ല.

നാരായണഗുരു തന്റെ സിദ്ധാന്തങ്ങള്‍ എഴുതുകയും എഴുതിക്കുകയും പറയുകയും ചെയ്തിരുന്നു, ഒപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും. നിലനിന്ന ഒരു സാമൂഹികപരിതസ്ഥിയില്‍ വേരാഴ്ത്തിയാണ്‌ നാരായണഗുരു തന്റെ സിദ്ധാന്തങ്ങള്‍ രൂപീകരിച്ചതും പ്രാവര്‍ത്തികമാക്കിയതും. കാലികവും പാരിസ്ഥിതികവും ആയ സാമൂഹികവിചാരം അദ്ദേഹം സാധ്യമാക്കി. ഭൂതത്തില്‍ നിന്നും ഒരു കല്ലുവലിച്ചെടുത്ത്‌, വര്‍ത്തമാനത്തിന്റെ തെറ്റാലിയില്‍ കോര്‍ത്ത്‌, ഭാവിയിലേക്ക്‌ എയ്തുവിട്ട പ്രയോഗമായിരുന്നു അത്‌. അതുപോലൊന്നു കേരളത്തില്‍ അധികം ഉണ്ടായിട്ടില്ല. നാരായണഗുരുവിന്റെ സിദ്ധാന്തങ്ങള്‍ വേരോടിതുടങ്ങിയ സമൂഹത്തിലേക്കാണ്‌ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ വരുന്നത്‌. കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ സാമൂഹിക സാഹചര്യം ഇവിടെ നിലനിന്നിരുന്നു. അതുകൊണ്ടുമാത്രമാണ്‌ ആ ദശാസന്ധിയില്‍, ദൂരെയെവിടെയോ ഇരുന്ന്‌ മാര്‍ക്സ്‌ ഉണ്ടാക്കിയ ആശയങ്ങള്‍ ഇവിടെ പരിമിതമായങ്കിലും നടപ്പിലായത്‌. സമൂഹത്തിന്റെ പരിതസ്ഥിതിക്കനുസരിച്ച്‌ ഒരു സിദ്ധാന്തം പ്രയോഗിക്കപെടുകയായിരുന്നു അവിടെ.

'സിദ്ധാന്തപേടി' എന്നൊരു പ്രയോഗം നിസ്സാര്‍ അഹമ്മദ്‌ നടത്തുന്നുണ്ട്‌. കേരളത്തിന്റെ പൊതുസമൂഹം സൈദ്ധാന്തിക ചര്‍ച്ചകളില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്നാവും സൂചന. സാമൂഹികമായി പുതിയവകള്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ നമ്മുടെ സൈദ്ധാന്തിക ലോകം ഉപയുക്തമാകുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മാറ്റങ്ങളെ നേരിടാനുള്ള പൊതുസമൂഹത്തിന്റെ ശേഷികുറവ്‌ എന്നു തന്നെയാവുമോ അത്‌. പുതിയതായികൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഒപ്പമെത്താനാവാതെ കിതച്ചുപോകുന്ന സൈദ്ധാന്തികതയുടെ ഇടങ്ങളെ ഉപേക്ഷിച്ച്‌ ആ ജനതതി മുന്നോട്ടുപോയി എന്നതും ആവാമല്ലോ. അങ്ങിനെയൊരു മുന്നേറ്റം പൊതുവേ മലയാളിക്ക്‌ അന്ത:സത്തയില്‍ സംഭവിച്ചിട്ടില്ല എന്നാണെങ്കില്‍ കൂടി, ശിഖരങ്ങളില്‍ പൂവും വേരുകളില്‍ ജീര്‍ണതയുമായി നില്‍ക്കുന്ന സമൂഹത്തിന്റെ വൈരുദ്ധ്യത്തെ തുറന്നെടുത്ത്‌ തെരുവിലിടാന്‍ അവര്‍ക്കായില്ല എന്നെങ്കിലും ആവും അത്‌. ഒപ്പം വളര്‍ന്നെത്താത്തത്‌ എന്നു കരുതി സമൂഹത്തെ താഴേക്കു നോക്കുന്ന സൈദ്ധാന്തികന്റെ കാലുകള്‍ക്ക്‌ വര്‍ത്തമാനത്തില്‍ ഉറപ്പിക്കാനുള്ള ശേഷി ഉണ്ടാവില്ല, നാളെയിലേക്കുള്ള ആയലില്‍ കടപുഴകി വീണുപോകാം. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വ്യക്തമായും മാറ്റങ്ങള്‍ സൃഷ്ടിച്ച മുകളില്‍ സൂചിപ്പിച്ച രണ്ടു സിദ്ധാന്തങ്ങളും സമൂഹത്തിന്റെ വര്‍ത്തമാനാവസ്ഥയില്‍ വേരുറപ്പിച്ചു നിന്നവകളാണ്‌. നാരയണഗുരുവിന്റെ ദുര്‍ഗ്രഹമായ കവിതകളുടെ ആശയം ഏറ്റെടുക്കാനും അതില്‍ ജീവിക്കാനും നിരക്ഷരരായ ഒരു വലിയ കൂട്ടത്തിനു സാധിച്ചു എന്നതിനു കാരണം, ആ ജനത്തിനു സിദ്ധാന്തങ്ങളെ പേടിയുണ്ടെന്നു സൈദ്ധാന്തികന്‍ വിശ്വസിക്കാതിരുന്നതു കൊണ്ടു തന്നെയാവും. 'മാനിഫെസ്റ്റോ'യുടേയോ 'മൂലധന'ത്തിന്റേയോ താളോട്‌താള്‍ അര്‍ത്ഥഗ്രാഹികളാവാന്‍ വഴിയില്ല വാരികുന്തവുമായി പാഞ്ഞതും.

ആശയങ്ങളുടെ മൂര്‍ത്തമായ പ്രയോഗം അസാധ്യമാവും വിധം കാലം ഛിന്നമാണിന്ന്‌ എന്ന കണ്ടെത്തല്‍ നിലനില്‍ക്കുന്നു. അറിവിന്റെ ലഭ്യത പൊതുസമൂഹത്തിനു നേരിട്ടുണ്ടാവുന്നു എന്നത്‌, ഒരോ വ്യക്തിയുടേയും ബൗദ്ധീകമായ ഇടപെടലുകളേയും നിലപാടുകളേയും സ്വാധീനിക്കുന്നു. ഒരു സിദ്ധാന്തത്തിനും ഒരു വലിയ കൂട്ടത്തെ സ്വാധീനിക്കാനാവാത്ത വിധം, അറിവിന്റെ സ്വാംശീകരണം സങ്കീര്‍ണമായിരിക്കുന്നു. ഏതു സിദ്ധാന്തവും, അതെത്ര മൗലീകമായാലും, രാഷ്ട്രീയപ്രയോഗമാക്കി മാറ്റാനുള്ള ഏകമാനത സമൂഹത്തിനില്ല. ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞുപോയി എന്നാണു നിരീക്ഷണം. സൈദ്ധാന്തികന്റെ ആവശ്യം കുറഞ്ഞുവരുന്നു ഈ അവസ്ഥയില്‍. എദ്വാര്‍ഡോ ഗലിയനോയെ പോലുള്ള ചിന്തകര്‍ വലിയ സംഘങ്ങളുടെ പ്രസക്തി കഴിഞ്ഞുപോയി എന്നു കണ്ടെത്തുന്നുണ്ട്‌. പ്രാദേശികമായ ചെറിയ കൂട്ടായ്മകളില്‍ വിശ്വസിക്കാന്‍ ശ്രമിക്കണം എന്നദ്ദേഹം ആവശ്യപ്പെടുന്നു. ഇതു സിദ്ധാന്തങ്ങളുടെ രാഷ്ട്രീയപ്രയോഗത്തെ നിരാകരിക്കുന്നു. പക്ഷെ ഈ വാദം എത്രത്തോളം ശരിയാണ്‌ എന്നതു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരായ ഉദാഹരണമായി ഇറാഖിലെ യു.എസ്‌ സാന്നിദ്ധ്യത്തെ കാട്ടാനാവും. ഇവിടെ സിദ്ധാന്തം ജനാധിപത്യവത്ക്കരണമാണ്‌. യു.എസ്‌ സേനയുടേയും മറ്റും ഇറാഖിലെ പട്ടാളനടപടികളുടെ ശരിതെറ്റുകളോ സാമ്പത്തിക താല്‍പ്പര്യങ്ങളോ അല്ല ഇവിടെ വിഷയം. മൂര്‍ത്തവും സമഗ്രവും ആയ ഒരു രാഷ്ട്രീയ പ്രയോഗത്തിനു ജനാധിപത്യം എന്ന സിദ്ധാന്തം ഉപയോഗിക്കപെട്ടു എന്നതാണ്‌. വലിയ ജനാധിപത്യ സംവിധാനങ്ങളില്‍ ഒന്നില്‍ ഹിന്ദുത്വ പോലുള്ള ഒരു പ്രത്യയശാസ്ര്തത്തിനു പ്രയോഗസാധ്യത ലഭിച്ചു എന്നതും ബൃഹദ്‌ആശയങ്ങളുടെ കാലം അസ്തമിച്ചു എന്നു ഉറപ്പാക്കാന്‍ അനുവദിക്കുന്ന വെളിപ്പെടുത്തലുകളല്ല.

കമ്മ്യൂണിസമായാലും ജനാധിപത്യമായാലും, ഹിന്ദുത്വം തന്നെയായാലും, ഇവയൊന്നും പുതിയ ആശയങ്ങള്‍ അല്ല എന്നത്‌ വിചിന്തനീയമാണ്‌. കഴിഞ്ഞ നൂറ്റാണ്ടിനെ ചരിത്രമാക്കിയ ആശയങ്ങളാണ്‌ ഇന്നും പ്രയോഗിക്കപ്പെടുന്നത്‌. യൂറോപ്യന്‍ ആധുനികതയുടെ കാലത്ത്‌ പിറന്ന പല സിദ്ധാന്തങ്ങളും ഇന്നും ക്രിയാത്മകമായ ഒരു രാഷ്ട്രീയത്തെ മുന്നോട്ടു വയ്ക്കാനാവാതെ അലയുന്നു. പരിസ്ഥിതിവാദത്തിന്റെയും സ്ത്രീപക്ഷവാദത്തിന്റെയും ദളിത്ദര്‍ശനങ്ങളുടെയും ഒക്കെ പരിമിതി, നിലവിലുള്ള രാഷ്ട്രീയ ക്രമങ്ങളെ എതെങ്കിലും തരത്തില്‍ പകരം വയ്ക്കാനുള്ള ഇഛാശക്തി അവയ്ക്കു പ്രകടിപ്പിക്കാനാവുന്നില്ല എന്നതാണ്‌. ആന്തരീകമായ ശേഷികുറവും, പൊതുസമൂഹത്തെ ഉള്‍കൊള്ളാനാവാത്ത വിധം ഫണ്ടമെന്റലായി തീരുന്ന ഇവയുടെ രാഷ്ട്രീയവും തന്നെയാവും ഈ പാര്‍ശ്വവല്‍കരണത്തിന്റെ കാരണവും. നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ പ്രതിരോധത്തിന്റെ ചെറിയ ഇടങ്ങള്‍ സൃഷ്ടിക്കാന്‍ അവയ്ക്കാവുന്നുണ്ടാവും എന്നുമാത്രം.

മൃഗങ്ങളെപോലെ നാടോടികളായിരുന്ന മനുഷ്യന്‍ അതിര്‍ത്തിനിര്‍ണയിക്കാന്‍ തുടങ്ങിയതോടുകൂടിയാണ്‌ സംസ്കാരത്തിന്റെ ഒരു പടികയറിയത്‌. അതുകൊണ്ടുതന്നെ രാഷ്ട്രരഹിതമായ ഒരു ലോകക്രമം വിദൂരഭാവിയിലെ മാത്രം സാധ്യതയോ സാധ്യതയില്ലായ്മയോ ആണ്‌. രാഷ്ട്രങ്ങള്‍ ഭരിക്കപ്പെടുന്നവയും. തിയോക്രസിയും കമ്മ്യൂണിസവും ഒക്കെ കഴിഞ്ഞു വരുന്നതാണ്‌, അധികാരത്തിന്റെ വേഷപ്രച്ഛന്നമായ അപ്രമാദിത്വം നിലനില്‍ക്കെതന്നെ, അവയെക്കാളൊക്കെ പുരോഗമനപരം എന്നു വിശേഷിപ്പിക്കാവുന്ന ജനാധിപത്യം. ഇന്ത്യയിലോ കേരളത്തിലോ ജനാധിപത്യത്തിനു കാര്യമായ സൈദ്ധാന്തിക പിന്തുണ നല്‍കാനോ, പരീക്ഷണാത്മകമായ ആശയചേരുവകള്‍ സൃഷ്ടിക്കാനോ സൈദ്ധാന്തികലോകത്തിനു സാധിച്ചിട്ടില്ല. കൂട്ടുമുന്നണി, എന്ന വിജയിച്ച ആശയം ഉരുത്തിരിഞ്ഞു വന്നത്‌, വ്യവസ്ഥാപിത സൈദ്ധാന്തികലോകത്ത്‌ നിന്നും ആയിരുന്നില്ല - ക്രിയാത്മകമായ രാഷ്ട്രീയപ്രദേശത്തെ തറയില്‍ നിന്നും ആയിരുന്നു. ആ രാഷ്ട്രീയപ്രയോഗത്തിനു ശേഷമായിരുന്നു, സൈദ്ധാന്തിക വിചാരങ്ങളില്‍ അതിന്റെ അസ്‌തിത്വത്തെകുറിച്ചുള്ള വിശകലനങ്ങള്‍ ഉണ്ടായത്‌. ഇതൊരു കാര്യം ഏറെകൂറെ വ്യക്തമാക്കി തരുന്നുണ്ട്‌; രാഷ്ട്രീയത്തിനു പിന്നില്‍ നടക്കാന്‍ മാത്രമെ നമ്മുടെ ആധുനിക സൈദ്ധാന്തികലോകത്തിനു ശേഷിയുള്ളു.

Subscribe Tharjani |