തര്‍ജ്ജനി

സൂര്യ തേജസ്സിന്റെ അദൃശ്യ സാന്നിദ്ധ്യം

അരങ്ങിലും കാണികളിലും ഒരു ശബ്ദസാന്നിദ്ധ്യമായി സൂര്യ കൃഷ്ണമൂര്‍ത്തി. അരങ്ങ്‌ കലാകാരനും അണിയറ അവതാരകനുമെന്ന ലളിതമായ സമവാക്യവും കല കച്ചവടമാക്കുന്നവരെ കണ്ടെത്തി മാറ്റിനിറുത്തണമെന്ന ദൃഡനിശ്ചയവും കൃഷ്ണമൂര്‍ത്തിയെ സമകാലികരില്‍ നിന്ന്‌ വ്യത്യസ്തനാക്കുന്നു. കാഴ്ചപ്പാടുകളിലെ മൌലികതയും ലോകമെമ്പാടുമുള്ള സൂര്യ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നവുമാണ്‌ ഈ കലാസാസ്കാരിക സംഘടനയുടെ കരുത്തും അടിത്തറയും.

Soorya Dance and Music India

ഒരു ആമുഖമെന്ന നിലയില്‍ സൂര്യയുടെ തുടക്കവും അന്നത്തെ സാഹചര്യങ്ങളും എന്താണെന്ന് വിശദമാക്കാമോ?

തിരുവനന്തപുരത്ത്‌ ചിത്രലേഖ എന്നൊരു ഫിലിം സൊസൈറ്റി ഉണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനും കൂട്ടരുമായിരുന്നു ചിത്രലേഖയുടെ സംഘാടകര്‍. ചിത്രലേഖയാണ്‌ മലയാളിയ്ക്ക്‌ ഒരു സമാന്തരസിനിമാ സംസ്കാരം ഉണ്ടാക്കിത്തന്നത്‌. കേട്ടുകേള്‍വി മാത്രമായിരുന്ന പല ലോകക്ലാസ്സിക്കുകളും മലയാളിയ്ക്ക്‌ ആദ്യമായി കാണാനുള്ള അവസരം ചിത്രലേഖയാണ്‌ ഒരുക്കിയത്‌. പക്ഷെ എണ്‍പതുകളുടെ അദ്യം തന്നെ ചിത്രലേഖയുടെ പ്രവര്‍ത്തനം ഏതാണ്ട്‌ ഇല്ലാതായി. ഇതൊരു വലിയ നഷ്ടമായിരുന്നു, നല്ല സിനിമയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക്‌. അവിടെ നിന്നാണ്‌ സൂര്യ തുടങ്ങുന്നത്‌. സിനിമ ബുദ്ധിജീവി ജാടകളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു അന്ന്‌. ഇന്നും വലിയ മാറ്റമില്ല. താടിയും മുടിയും വളര്‍ത്തി ബീഡിയും പുകച്ച്‌ കട്ടികൂടിയ വാക്കുകളില്‍ സിനിമയെക്കുറിച്ച്‌ പ്രഭാഷണവും നടത്തി അവര്‍ കടന്നു പോയി. പക്ഷേ സിനിമ ജനങ്ങളിലേയ്ക്ക്‌ ഇറങ്ങി ചെന്നില്ല. ഒരു സിനിമ നമ്മള്‍ തിയറ്ററില്‍ പോയി കാണുന്നു, ഇറങ്ങിപ്പോരുമ്പോള്‍ കഥാപാത്രങ്ങളെയും സിനിമയെയും തിയറ്ററില്‍ ഉപേക്ഷിച്ച്‌ നമ്മള്‍ വീട്ടിലെയ്ക്ക്‌ മടങ്ങുന്നു. ഇതാണ്‌ സംഭവിച്ചുകൊണ്ടിരുന്നതും ഇപ്പോള്‍ സംഭവിക്കുന്നതും. പക്ഷേ നല്ല സിനിമകള്‍ പ്രേക്ഷകന്റെ മനസ്സില്‍ ജീവിയ്ക്കണം, നമ്മള്‍ അത്‌ മറ്റുള്ളവരോട്‌ പറയണം. ഒരു നല്ല സിനിമ, മനസ്സില്‍ തട്ടുന്ന സിനിമ കണ്ടാല്‍ നമ്മള്‍ ആദ്യം ചെയ്യുക അതിനെക്കുറിച്ച്‌ മറ്റൊരാളോട്‌ പറയുകയാണ്‌. ഇത്‌ പലപ്പോഴും സംഭവിക്കുന്നില്ല എന്ന്‌ ഞാന്‍ മനസ്സിലാക്കി. അവിടെയാണ്‌ സ്ത്രീകള്‍ കടന്നു വരുന്നത്‌. മലയാളത്തിലെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകളിലും സിനിമയുടെ പിന്നണിയിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്‌. തീരെ ഇല്ലെന്നു തന്നെ പറയാം. അതൊരു ആസ്വാദന നിലവാരത്തിന്റെ കൂടി പ്രശ്നമായിരുന്നു. അതുകൊണ്ട്‌ ഒരു വലിയ ജനപങ്കാളിത്തമുറപ്പാക്കാന്‍ വേണ്ടി, സൂര്യ തുടക്കത്തില്‍ ഭരതന്‍, കെ.ബാലചന്ദര്‍, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശ്ശിപ്പിച്ചുകൊണ്ടായിരുന്നു. അതിലൂടെ, നിലവാരമുള്ള സിനിമകള്‍ കാണിക്കുവാനും ആസ്വാദനശേഷി വളര്‍ത്തിയെടുക്കാനും കഴിഞ്ഞു. ആദ്യം മുതല്‍ ബെര്‍ഗ്ഗ്മാന്‍ പോലുള്ള സംവിധായകരെയാണ്‌ പ്രദര്‍ശ്ശിപ്പിച്ചുരുന്നതെങ്കില്‍, മറ്റു ഫിലിം സൊസൈറ്റികളുടെ ഗതി തന്നെയാകുമായിരുന്നു സൂര്യയ്ക്കും. സിനിമ ഒരിക്കലും പൊതുജങ്ങളിലേയ്ക്ക്‌ ഇറങ്ങി വരികയുമില്ലായിരുന്നു.

ചാനലുകളൂടെ വരവോടെ സിനിമകള്‍ക്ക്‌ സാധാരണക്കാരയ ജനങ്ങളിലേയ്ക്ക്‌ കറന്നു ചെല്ലുവാന്‍ കൂടുതല്‍ എളുപ്പമായിട്ടുണ്ട്‌. ഈ അവസരത്തില്‍ ഫിലിം സൊസൈറ്റികളുടെ പ്രസക്തി എന്താണ്‌?

ടെലിവിഷനില്‍ ചില പരിമിതികളുണ്ട്‌, എങ്കിലും ബുദ്ധിപരമായ ഉപയോഗത്തിലൂടെ ടെലിവിഷനെ സിനിമയുടെ പ്രചാരത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌. പക്ഷെ അത്‌ സംഭവിക്കുന്നില്ല എന്നതാണ്‌ വാസ്തവം. അതിന്റെ കാരണങ്ങളിലേയ്ക്ക്‌ കടക്കുന്നില്ല. ഇന്ന്‌ ടെലിവിഷനിലിലുള്ളത്‌ അനുകരണങ്ങളാണ്‌. മിമിക്രി ഒരു നല്ല കലയാണ്‌, പക്ഷെ അത്‌ അധികമായാല്‍ ജനത്തിന്‌ മടുക്കും. പ്രേക്ഷകന്‍ എന്നും പുതുമ വേണം, സിനിമയിലായാലും ജീവിതത്തിലായാലും. തനതും പുതുമയുള്ളതുമായ സൃഷ്ടികള്‍ മാത്രമേ എവിടെയും കാലത്തെ അതിജീവിച്ച്‌ നിലനില്‍ക്കുകയുള്ളൂ. അത്‌ കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനസ്സിലാക്കണം.

അപ്പോള്‍ ചാനലുകള്‍ വരുത്തുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌? എങ്ങനെയാണൊരു പ്രതിരോധം സൃഷ്ടിക്കുക?

സിനിമാറ്റിക്‌ ഡാന്‍സ്‌ പോലുള്ള പരിപാടികള്‍ നിരോധിക്കപ്പെടേണ്ടതു തന്നെയാണ്‌. സൂര്യയുടെ കൂടി ശ്രമത്തിന്റെ ഫലമായാണ്‌ ഈയിടെ കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക്‌ ഡാന്‍സ്‌ നിരോധിക്കപ്പെട്ടത്‌. വസ്ത്രങ്ങളില്ലാതെ വന്നു നിന്ന്‌ കോപ്രായം കാണിക്കുന്നതിനെ മാതാപിതാക്കല്‍ പോലും പിന്തുണയ്ക്കുന്നു എന്നതാണ്‌ ഏറ്റവും ദുഃഖകരമായ വസ്തുത. എന്തിനു വേണ്ടിയാണിത്‌? ക്ഷണികമായ പ്രശസ്തി ലാക്കാക്കിയുള്ള ഈ പ്രോത്സാഹനങ്ങള്‍ പൊള്ളയാണ്‌. ഇതിന്റെ മറുവശം കൂടിയുണ്ട്‌. നമ്മുടെ പാരമ്പര്യ കലാരൂപങ്ങള്‍ തുരുമ്പെടുത്ത്‌ നശിച്ചു പോകുകയും ആ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പട്ടിണിയാകുകയും ചെയ്യുന്ന അവസ്ഥ. നമ്മളില്‍ ബഹുഭൂരിപക്ഷവും പണിയെടുക്കുന്നത്‌ കുടുംബം പുലര്‍ത്താനാണ്‌, പക്ഷേ ഇവിടെ ചിലര്‍ നമുക്ക്‌ ചുറ്റും പണിയെടുക്കുന്നത്‌ ചില പാരമ്പര്യ കലകളെ സംരക്ഷിക്കാന്‍ മാത്രമാണ്‌. വൈകുവോളം പണിയെടുത്തുകിട്ടുന്ന വരുമാനം അവന്റെ കോപ്പുകള്‍ നന്നാക്കുവാനും പുതിയ കോസ്റ്റ്യൂംസ്‌ വാങ്ങാനുമാണ്‌ അവന്‍ ഉപയോഗിക്കുന്നത്‌.

കുറിച്ചി കുമാരന്‍ എന്നൊരു കലാകാരന്റെ ക്കുറിച്ച്‌ അധികമാരും കേട്ടിട്ടുണ്ടാവില്ല. അര്‍ജ്ജുനനൃത്തം എന്ന കേരളിയ കലയുടെ ഉപാസകനായിരുന്നു അദ്ദേഹം. 106-ല്‍പ്പരം താളങ്ങള്‍ അറിയാവുന്ന ഒരു മനുഷ്യന്‍. അയാള്‍ മരിച്ചു പോയി. എന്നിട്ട്‌ അയാള്‍ മരിക്കുമ്പോള്‍ ശവമടക്കാന്‍ കാശില്ലായിരുന്നു, സൂര്യയുടെ നേതൃത്വത്തില്‍ അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക്‌ ഗുരുദക്ഷിണ കൊടുക്കുക പതിവുണ്ട്‌. ഒരോ വര്‍ഷവും ഒരോ കാലാകാരന്മാര്‍ക്കാണ്‌ കൊടുക്കുക. ഏതാണ്‌ ഒരു ലക്ഷം രൂപയോളം ഞങ്ങള്‍ കൊടുക്കാറുണ്ട്‌. ഈ പറഞ്ഞ കുമാരനും ഞങ്ങള്‍ ഒരു ലക്ഷം രൂപ കൊടുക്കുകയുണ്ടായി. അയാള്‍ അത്‌ എന്തു ചെയ്തു എന്നറിയാമോ? അയാള്‍ ഒരു ഗുരുകുലം ഉണ്ടാക്കി ഏതാനും കുട്ടികളെ അര്‍ജ്ജുനനൃത്തം പഠിപ്പിച്ചു.

നമ്മുടെ നാടന്‍ കലാരൂപങ്ങളേക്കുറിച്ച്‌, പ്രാചീനകലാരൂപങ്ങളെക്കുറിച്ച്‌ പുതിയ തലമുറയ്ക്ക്‌ അവബോധം ഉണ്ടാക്കിയെടുക്കാന്‍ നമുക്ക്‌ കഴിയണം. നമുക്ക്‌ സ്വയം നമ്മുടെ പൈതൃകം കണ്ടെത്താന്‍ കഴിയണം. കഥകളി പിടിച്ചു നില്‍ക്കുന്നത്‌ വെള്ളക്കാരന്റെ പിന്തുണകൊണ്ടാണ്‌. കൂടിയാട്ടം യുനെസ്കോയുടെ പിന്തുണയോടെയും. അങ്ങനെയുള്ള നാമാവശ്ശേഷമാകുന്ന ഒട്ടനവധി കലകള്‍ നമുക്കുണ്ട്‌. അവയെ സംരക്ഷിക്കാന്‍ മലയാളിയ്ക്ക്‌ തിരിച്ചറിവുണ്ടാവണം. ഒപ്പം കല കച്ചവടമാക്കുന്നവരെ തിരിച്ചറിയുകയും മാറ്റി നിര്‍ത്തുകയും വേണം.

സൂര്യ തുടങ്ങുന്നത്‌ "തമസോ മാ ജ്യോതിര്‍ ഗമയ" എന്ന ലൈറ്റ്‌ ആന്റ്‌ സൌണ്ട്‌ ഷോയിലൂടെയാണല്ലോ. ആ മാധ്യമം തിരഞ്ഞെടുക്കാനുള്ള്‌ കാരണങ്ങള്‍?

"തമസോ മാ ജ്യോതിര്‍ ഗമയ" ചെയ്യുമ്പോള്‍ സൂര്യ ഉണ്ടായിരുന്നില്ല. ഒരു സൊസൈറ്റിയായി സൂര്യ നിലവില്‍ വരുന്നത്‌ അതിനു ശേഷമാണ്‌. ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ കാലങ്ങളായി നിലനിന്നിരുന്ന ഒരു മാധ്യമമാണ്‌. പക്ഷേ സൂര്യയുടെ ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ വളരെ വ്യത്യസ്തമാണ്‌. സാധാരണ ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോയില്‍ കഥാപാത്രങ്ങള്‍ ഉണ്ടാവില്ല. പക്ഷെ ഞാന്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൂര്യയുടെ ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ തെരുവുനാടകത്തിന്റെയും ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോയുടെയും ഒരു പ്രത്യേക സങ്കലനമാണ്‌. അമ്മു എന്ന എന്റെ കഥാപാത്രം ജീവിതത്തിന്റെ ദുഃഖമാണ്‌, പ്രകൃതിയിലെ ദുഃഖമാണ്‌.

മലയാളിയുടെ ഇന്നത്തെ അവസ്ഥ?

വളരെ പരിതാപകരമാണ്‌. തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള കഴിവ്‌ നഷ്ടപ്പെടുന്നു എന്നത്‌ വളരെ ആശങ്കാജനകമാണ്‌. സാഹിത്യനായകന്മാര്‍ പോലും പ്രതികരിക്കുന്നത്‌ സെമിനാറുകള്‍ നടത്തിയാണ്‌. അവര്‍ തിരുവനന്തപുരത്ത്‌ വരുന്നു, മുന്തിയ ഹോട്ടലുകളില്‍ താമസിക്കുന്നു, ഭക്ഷണം കഴിക്കുന്നു. എല്ലാറ്റിനുമൊടുവില്‍ ചില പ്രസ്താവനകളുമിറക്കി തടിതപ്പുന്നു. ഇങ്ങനെയാണ്‌ നമ്മുടെ പ്രതികരണ രീതി. സാക്ഷരരാണെങ്കില്‍ കൂടി സ്വന്തം അമ്മയെ തിരിച്ചറിയാനുള്ള കഴിവില്ല. നമ്മുടെ നാട്ടിന്‍ പൂറങ്ങളില്‍പ്പോലും കുട്ടികള്‍, പെണ്‍കുട്ടികളുള്‍പ്പെടെ, ടൈ കെട്ടിയാണ്‌ സ്കൂളില്‍പ്പോകുന്നത്‌. ഈ ടൈയും കോട്ടും ഒക്കെ ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍പ്പോലും പെണ്‍കുട്ടികള്‍ ടൈ ഉപയോഗിക്കാറില്ല. അന്ധമായ അനുകരണമാണിത്‌, അതിലൂടെ നമ്മുടെ പൈതൃകം നഷ്ടമാകുകയാണ്‌. കൊച്ചു കുട്ടികളോട്‌ ഇന്ന്‌ ഒരു പാട്ടു പാടാന്‍ പറഞ്ഞാല്‍ അവര്‍ "കാക്കേ കാക്കേ കൂടെവിടെ" എന്നോ "തുമ്പീ തുമ്പീ" എന്നോ പാടില്ല. പകരം "ട്വിന്‍കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍" ആവും പാടുക. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ക്ക്‌ ഇഷ്ടപ്പെട്ട സാഹിത്യകാരന്മാരായി നമ്മുടെ എം.ടിയോ ബഷീറോ ഇല്ല. അതിലും മുതിര്‍ന്ന കുട്ടികള്‍ക്ക്‌, ബെര്‍ണാഡ്‌ ഷായും ഒക്കെ അറിയുന്നവര്‍, പക്ഷേ രാമായണവും ഭാരതവും അറിയില്ല. വര്‍ഷത്തില്‍ ഒരു ദിവസം "ഐ ലൌ യൂ" എന്നൊരു ആശംസാകാര്‍ഡ്‌ കൊടുത്ത്‌ അമമയോടുള്ള കടപ്പാട്‌ തീര്‍ക്കുകയാണ്‌ നമ്മുടെ കുട്ടികള്‍.

ഈ അനുകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്‌ നമ്മുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പ്രതിഫലിക്കുന്നത്‌. കത്തിക്കൊണ്ടിരിയ്ക്കുന്ന ദീപത്തെ ഊതിക്കെടുത്തിയാണ്‌ നമ്മള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്‌. അത്‌ ഭാരതീയ പൈതൃകമല്ല. അത്‌ അശ്രീകരമാണ്‌. നമുക്ക്‌ സ്വപ്നം കാണാനുള്ള കഴിവ്‌ നഷ്ടമാകുന്നു. നാടിനെപ്പറ്റി സ്വപ്നം കാണുന്ന നാടിനുവേണ്ടി സ്വപ്നം കാണുന്ന മലയാളികള്‍ ഇല്ല. രാഷ്ട്രീയത്തില്‍ ഒട്ടുമില്ല. ഇതില്‍ നിന്നൊക്കെ രക്ഷ നേടണമെങ്കില്‍ പണത്തിനോ ഭരണവര്‍ഗ്ഗത്തിനോ തൊഴിലാളി വര്‍ഗ്ഗത്തിനോ നമ്മെ സഹായിക്കാനാകില്ല. കലാകാരന്‌ മാത്രമേ അതിനു കഴിയൂ.

പ്രവാസിയും മലയാളവും - എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌?

അതും ആശാവഹമല്ല. മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ഇംഗ്ലീഷിലാണ്‌ സംസാരിക്കുക. അങ്ങനെയാണ്‌ അവര്‍ മലയാളികളാണെന്ന്‌ തിരിച്ചറിയുന്നതു തന്നെ. നമുക്ക്‌ നമ്മുടെ ഭാഷയോട്‌ സ്നേഹം കുറവാണ്‌. തമിഴന്റെ വികാരപരമായ സമീപനം നമുക്കില്ല. പകരം നമ്മള്‍ അവരെ പരിഹസിക്കും. തണുത്ത ചോരയാണ്‌ മലയാളിയുടേത്‌. തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നൊക്കെ കവിതയില്‍ എഴുതി വച്ചിട്ടുള്ളതല്ലാതെ, നമ്മുടെ ചോര തിളയ്ക്കില്ല. മൈക്രോവേവ്‌ ഒവെനില്‍ വച്ചാല്‍ പോലും തിളയ്ക്കില്ല. ഞാന്‍ ഇംഗ്ലീഷിന്‌ എതിരല്ല. ഗ്ലോബല്‍ വില്ലേജില്‍ (ആഗോള ഗ്രാമത്തില്‍) ഭാഷ ഇംഗ്ലീഷാണ്‌. പക്ഷേ മാതൃഭാഷ എന്താണ്‌? അത്‌ നമ്മള്‍ ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഭാഷയാണ്‌. അത്‌ നമ്മുടെ പാരമ്പര്യമാണ്‌, പൈതൃകമാണ്‌. ആഫ്രിക്കയിലെ വെളുത്തവരും കറുത്തവരും തമ്മിലൂള്ള വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്ക്‌ അവകാശപ്പെടാന്‍ ഒരു പൈതൃകമില്ലാത്ത അവസ്ഥയാണ്‌. അതുപോലൊരു ഗതികേട്‌ മലയാളിക്ക്‌ ഉണ്ടാവരുത്‌.

ചില പാരമ്പര്യ കലകള്‍ നശിച്ചു പോകുന്നതിന്റെ കാരണം ജാതീയമായ വളച്ചുകെട്ടലുകള്‍ ഉള്ളതുകൊണ്ടാനെന്നു പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

യോജിക്കാനാവില്ല, ജാതീയമായ അതിരുകള്‍ മാത്രമാണ്‌ പാരമ്പര്യ കലകളെ സംരക്ഷിക്കനുള്ള ഒരു വഴി. ചിലതൊക്കെ ചിലര്‍ മാത്രം ചെയ്യേണ്ടതാണ്‌. അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. സ്വര്‍ണ്ണപ്പണി ചെയ്യേണ്ടത്‌ തട്ടാന്നാണ്‌. അതിലെന്താണ്‌ തെറ്റ്‌? ചാക്യാരാണ്‌ ചാക്യാര്‍ക്കൂത്ത്‌ ചെയ്യേണ്ടത്‌. അതില്‍ തെറ്റൊന്നുമില്ല. ഒപ്പം ഇത്‌ എന്റെതാണ്‌, എന്റെ സമുദായത്തിന്റെതാണ്‌ എന്ന വിചാരത്തിലൂടെ അവന്‍ ഈ കലയെ സംരക്ഷിയ്ക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്യുമെന്ന്‌ ഞാന്‍ കരുതുന്നു.

സൂര്യ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളും മാറ്റങ്ങളും എന്താണ്‌?

വ്യക്തികളുടെ കലാസ്വാദന നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നാണെന്റെ വിശ്വാസം. ഇന്ന് ഉയര്‍ന്ന കലാമൂല്യമുള്ള ഒരു സിനിമ കേരളത്തില്‍ റിലീസ്‌ ചെയ്താല്‍ ഏറ്റവും അധികം അത്‌ തിയറ്ററുകളില്‍ കാണുന്നത്‌ തിരുവനന്തപുരത്ത്‌ മാത്രമാണ്‌. മറ്റു സ്ഥലങ്ങളില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട്‌ പരിപാടി കഴിയും. അതു പോലെ തന്നെ ഏറ്റവും അധികം നൃത്തവിദ്യാലയങ്ങളുള്ളതും തിരുവനന്തപുരത്താണ്‌. സൂര്യ തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പത്തു മടങ്ങ്‌ വര്‍ദ്ധനയാണ്‌ ഇതിലുണ്ടായിരിക്കുന്നത്‌. അപ്പോള്‍ ഒരു നല്ല ആസ്വാദക സമൂഹത്തെ സൂര്യ സൃഷ്ടിച്ചിട്ടുണ്ട്‌ എന്നു പറയാം. തിരുവനന്തപുരത്ത്‌ മാത്രം ഒരു വര്‍ഷം 200-ല്‍പ്പരം പരിപാടികലാണ്‌ സൂര്യ നടത്തുന്നത്‌. അതിനെല്ലാം നല്ല പ്രേക്ഷകരുമുണ്ട്‌.

ഇതൊക്കെ സമൂഹത്തില്‍ എത്ര മാത്രം മാറ്റങ്ങളുണ്ടാക്കുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയില്ല. സൂര്യ വ്യക്തികളിലുണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ച്‌ മാത്രമേ എനിക്ക്‌ പറയാനാകൂ. പക്ഷേ വ്യക്തികളാണ്‌ സമൂഹമായിത്തീരുന്നത്‌. അപ്പോള്‍ അവ സമൂഹത്തിന്റെ കൂടി പ്രതികരണങ്ങളാണ്‌. സ്ത്രീപര്‍വ്വം എന്ന സൂര്യയുടെ ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷൊ എന്റെ അച്ഛന്റെ മരണത്തിനും ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം മുതല്‍ അന്റെ അമ്മയ്ക്ക്‌ നേരിടേണ്ടി വന്ന തിക്തമായ അനുഭങ്ങളുടെ കഥയാണ്‌.

സ്ത്രീപര്‍വ്വം എന്ന സൂര്യയുടെ ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ കാസര്‍കോട്‌ നടന്നപ്പോഴുണ്ടായ ഒരു സംഭവം പറയാം. എന്റെ അച്ഛന്റെ മരണത്തിനും ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം മുതല്‍ എന്റെ അമ്മയ്ക്ക്‌ നേരിടേണ്ടി വന്ന തിക്തമായ അനുഭങ്ങളുടെ കഥയാണ്‌ സ്ത്രീപര്‍വ്വം. അവിടെ ഒരു ചെറുപ്പക്കാരിയായ വിധവ എല്ലാ ദിവസവും സ്ത്രീപര്‍വ്വം കാണാന്‍ വരുമായിരുന്നു. ഈ കഥയുമായി അവര്‍ എങ്ങനെയൊക്കെയോ സംവദിക്കുന്നുണ്ടെന്ന്‌ എനിക്കന്ന്‌ തോന്നി. ഒരു ദിവസം ഷോ കഴിഞ്ഞ്‌ അവരെന്നോട്‌ സംസാരിക്കാന്‍ വന്നു. അവരുടെ ജീവിതം - പ്രണയം, വിവാഹം, ഭര്‍ത്താവിന്റെ മരണം, അതിനു ശേഷം നേരിടേണ്ടി വന്ന ദുരിതങ്ങള്‍, മറ്റൊരു വിവാഹത്തിനായുള്ള ബന്ധുക്കളുടെ സമ്മര്‍ദ്ദം - അങ്ങനെ ഒരുപാട്‌കാലമായി ആരോടും പറയാതെ മനസ്സിലടക്കി വച്ചിരുന്നതത്രയും അവര്‍ പറഞ്ഞു. അവരുടെ മനസ്സില്‍ അപ്പോഴും മരിച്ചു പോയ ഭര്‍ത്താവ്‌ ഓരോ നിമിഷവും ജീവിച്ചിരിക്കുന്നു. അവരുടെ ദിനരാത്രങ്ങളില്‍ അയാള്‍ നിറഞ്ഞു നില്‍ക്കുന്നു. ജീവിത പങ്കാളി കൂടെയുണ്ടെങ്കിലും മനസ്സിലില്ലാത്ത അവസ്ഥയാണ്‌ ഇപ്പോള്‍ നമ്മുടെ സമൂഹത്തിലുള്ളത്‌. സംതൃപ്തകുടുംബങ്ങള്‍ പലതും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ, ഇരുട്ടു നിറഞ്ഞ, പഴഞ്ചന്‍ വീടുകള്‍ പോലെയാണ്‌. അവര്‍ക്കിടയിലാണ്‌, ഓരോ നിമിഷവും മരിച്ചു പോയ ഭര്‍ത്താവിനെ ധ്യാനിച്ച്‌ അവര്‍ ജീവിക്കുന്നത്‌.

നിങ്ങള്‍ ഒരു വിധവയല്ലെന്ന്‌ ഞാന്‍ അവരൊട്‌ പറഞ്ഞു. അവര്‍ക്കതാദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. മനസ്സു നിറയെ ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന നിങ്ങളെങ്ങനെ വിധവയാകുമെന്ന എന്റെ ചോദ്യത്തിന്‌ അവര്‍ക്ക്‌ മറുപടിയില്ലായിരുന്നു. ഇത്തിരി നേരം പകച്ചിരുന്ന്‌, അവര്‍ അന്ന്‌ മടങ്ങിപ്പോയി. പിറ്റേ ദിവസം ആദ്യത്തെ ഷോയ്ക്ക്‌ അവരെ കണ്ടില്ല. രണ്ടാമത്തെ ഷോ തുടങ്ങാറായപ്പോള്‍ അവര്‍ വന്നു. നിറങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞ്‌, മുടി നിറയെ പൂ ചൂടി, കുപ്പിവളകളണിഞ്ഞ്‌, നിറയെ ചിരിക്കുന്നൊരു മുഖവുമായി... ഒരു ദിവസം കൊണ്ട്‌, ഒരു വ്യക്തി ഇത്രയധികം മാറ്റങ്ങള്‍ക്ക്‌ വിധേയമാകുമോ എന്ന്‌ ഞാന്‍ അത്ഭുതപ്പെട്ടു പോയി. അന്ന്‌ എന്നെ വന്നു കണ്ട്‌, നന്ദി പറഞ്ഞു പോയ ആ സ്ത്രീയെ ഞാനൊരിക്കലും മറക്കില്ല. ഇതെന്ന്‌ വളരെയധികം സ്പര്‍ശിച്ച ഒരു സംഭവമാണ്‌. ഇതു പോലെ ഒട്ടനവധി കഥകള്‍ പറയാനാവും. ഒരു കടുകു മണിയോളം ചെറിയ മാറ്റങ്ങളെങ്കിലും ഉണ്ടാകണമെന്നേ ആഗ്രഹിക്കുന്നുള്ളൂ. അത്‌ സാധ്യമാകുന്നുണ്ട്‌ എന്നു തന്നെയാണ്‌ എന്റെ വിശ്വാസവും.


എം.കെ.പോള്‍, paul@chintha.com
ഉല്ലാസ് കുമാര്‍, ullas.kumar@gmail.com
photo:അജീഷ്, ajeesh@gmail.com, www.ajeesh.com

Submitted by Sunil Krishnan (not verified) on Sat, 2005-06-04 23:43.

Mr. Paul, Ullas and Ajeesh deserve appreciation for arranging such a nice interview Mr. Krishnamoorthy. He is a man filled with original thoughts and close observations. His observations on Birthday Candle is very original and notable. It indicate many things in our blind imitating life ignoring our roots. But unfortunately he has not rewarded for his contributions. Nothing new in it, we can not accept anybody in his life time. Chintha team recognized it. Very good Paul it indicate your merit too….

sunil Krishnan