![]() |
|||||
ദൃശ്യന്ഇ-മെയില്‍: drishyan@gmail.com |
"മരിച്ച് കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഏതു ശരീരവും നാറും, ആരുടേതായാലും. തങ്കഭസ്മം കഴിച്ചവന്റേതായാലും വെള്ളച്ചോറുണ്ടവന്റേതായാലും ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് മരിച്ചവന്റേതായാലും, ഒരുപോലെ നാറും, ഇതു പരമമായ സത്യം!"
ആകാശങ്ങളിലെ മുഴുവന്‍ കറുപ്പും ഭൂമിയിലേക്കിറങ്ങിയ ആ രാത്രിയില്‍, ഉള്‍ക്കടലും മഹാസമുദ്രവും സംഗമിക്കുന്ന പുണ്യദ്വീപിന്റെ അതിരുകളിലെവിടെയോ ഉള്ള ആ ശ്മശാനത്തിലിരിക്കുകയായിരുന്ന സായ, ജനനത്തിന്റെയും മരണത്തിന്റെയും അതിരുകളെ കുറിച്ച് ആകുലപ്പെടാത്ത ആ സൂക്ഷിപ്പുകാരന്റെ വാക്കുകളില്‍ ഇനിയും തന്റെയുള്ളില്‍ പൂക്കാത്ത ജീവനെ കുറിച്ചുള്ള വ്യാകുലതകള്‍ മറന്ന് ഇരുന്നു. കത്തിയെരിയുന്ന ചിതയിലെ എല്ലാ അഴുക്കുകളെയും ശുദ്ധമാക്കുന്ന അഗ്നിനാളങ്ങള്‍ ആ ശ്മശാനത്തിന് സുവര്‍ണ്ണശോഭയേകി.
അയാള്‍ എഴുന്നേറ്റ് ചിതക്കരികില്‍ ചെന്നു. തന്റെ കയ്യിലെ നീളന്‍വടി കൊണ്ട് എരിയുന്ന കനലുകളെയും കനലാകാന്‍ വിസ്സമ്മതിക്കുന്ന എല്ലിന്‍കഷണങ്ങളെയും കുത്തിയിളക്കി.
"ഇവിടെ ആരേയും ദഹിപ്പിക്കുമോ?"
"ശവങ്ങള്‍മാത്രം."
"അതല്ല. ഏതു മതത്തിലെയും.."
"ശവത്തിനു ജാതിയും മതവും ഉണ്ടോ? ഇല്ല... എന്റെ അഭിപ്രായത്തില്‍ ഏതു ശരീരത്തിനും ജാതി ഒന്നേയുള്ളു - ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ്. ഇതല്ലാതെ വേറൊന്ന് ഇത്ര കാലായിട്ട് ഞാന്‍കണ്ടീട്ടുമില്ല, കത്തിച്ചിട്ടുമില്ല!!"
അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. എന്നീട്ട് തുടര്‍ന്നു.
"...പക്ഷെ ബുദ്ധിയും ബോധവും ഇല്ലാത്ത ചിലര്‍ ഇപ്പോഴുമുണ്ടല്ലോ?"
അകലെ നിന്ന് കാറിന്റെ ഹോണ്‍ അടിക്കുന്നത് കേട്ടു. നരന്‍ തിരിച്ച് വന്നിരിക്കും. സായ എഴുന്നേറ്റു.
"നരന്‍ വന്നെന്ന് തോന്നുന്നു... ഞാന്‍ പോട്ടെ..."
"രാമേശ്വരന്റെ അനുഗ്രഹം ഉണ്ടാകും. എല്ലാം നന്നായി വരും.". അയാള്‍ പറഞ്ഞു.
"വീട്ടില്‍ പോകുന്നില്ലേ?"
"ആര്? ഞാനോ? എനിക്ക് ഏത് വീട്? ഇത് തന്നെ, മരണമില്ലാത്ത ഈ അമ്പലം തന്നെ എന്റെ വീട്."
"അപ്പോള്‍ ഉറങ്ങാന്‍...?"
"ഇവിടെ തന്നെ. ആരോരുമില്ലാത്ത ഈ ശരീരങ്ങള്‍ ജന്മത്തിന്റെ പുണ്യപാപങ്ങളില്‍ നിന്നകന്നു പോകുന്നതും നോക്കി കൊണ്ട് അവയ്ക്കരികില്‍ കിടന്ന്... "
"അതെങ്ങനെ... ഇവിടെ കിടന്ന് എങ്ങനെ ഉറങ്ങും? പേടി തോന്നില്ലേ?"
"ആരെ പേടിക്കാന്‍. ഇവിടെ ഉള്ളവരെ ഇനി എന്തിന് ഭയക്കണം. പിന്നെ ഉറങ്ങി കഴിഞ്ഞാല്‍ എവിടെയായാലെന്ത്? തുടക്കവും ഒടുക്കവും എല്ലാം മണ്ണില്‍ തന്നെ!"
കെടാന്‍ തയ്യാറല്ലാത്ത ആ ചിതയില്‍ തന്റെ മനസ്സുരുക്കി കൊണ്ടയാള്‍ തുടര്‍ന്നു.
"സ്വപ്നങ്ങളില്ലാത്ത മനസ്സാണെന്റേത്. അതു കൊണ്ട് വേദനകളുമില്ല. പിന്നെ, മനസ്സില്‍ ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ചെയ്തു തീര്‍ക്കാനായ് ഒരേയൊരു കര്‍മ്മം. മരിച്ച് മരവിച്ച ശരീരങ്ങള്‍ നാറാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണം. അത്ര മാത്രം. കഴിയുമോ എന്നറിയില്ല."
കണ്ണുകള്‍ കൊണ്ട് വിട വാങ്ങി തിരിഞ്ഞു നടക്കാന്‍ സായ ഭാവിക്കേ, അയാള്‍ ചോദിച്ചു.
"മോളെന്തിനാ ഇവിടേക്ക് വന്നത്?"
സായയ്ക്ക് ആ ചോദ്യം മനസ്സിലായില്ല. ധനുഷ്‌ക്കോടി കാണാന്‍ വന്ന തങ്ങളുടെ കാര്‍ കേടായതും ഇത്തിരി ദൂരെയായ് കണ്ട പട്ടാളക്യാമ്പിലേക്ക് റേഡിയേറ്ററില്‍ ഒഴിക്കാനായ് വെള്ളമെടുക്കാന്‍ നരന്‍ പോയതും താന്‍ അയാളോട് പറഞ്ഞതല്ലേ. കടല്‍ക്കരയില്‍ കണ്ട തീനാളങ്ങളാണ് തന്നെ ഈ ശ്മശാനത്തിലേക്ക് ആകര്‍ഷിച്ചതെന്നും താന്‍ പറഞ്ഞു. പിന്നെ എന്തിനാണ് വീണ്ടുമാ ചോദ്യം?
"ഞാന്‍ പറഞ്ഞൂലോ... ഇവിടെ ഇങ്ങനെ തീ കണ്ടപ്പോള്‍..."
"ഞാന്‍ ചോദിച്ചത് രാമേശ്വരത്ത് എന്തിന് വന്നുവെന്നാണ്?"
"രാമേശ്വരത്ത്... അത്..."
സായ ഒന്നു മടിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു.
"പുത്രസൌഭാഗ്യം?"
തന്റെ മൌനം അയാള്‍ പൂരിപ്പിച്ചതില്‍ സായയ്ക്ക് അതിശയം തോന്നിയില്ല. പറയാതെ തന്നെ ആര്‍ക്കും വായിക്കാന്‍ ഭാവത്തില്‍ ആ ദു:ഖം തന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടാവുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. ഉദരത്തില്‍ വിടരാന്‍ തുടങ്ങിയ ജീവന്‍ പൂക്കും മുന്‍പെ കൊഴിഞ്ഞതില്‍ അത്ര ഉത്‌കണ്ഠ തോന്നിയിരുന്നില്ല. ഒരു വട്ടം കൂടി അതാവര്‍ത്തിച്ചപ്പോള്‍ അറിയാതെ മനസ്സില്‍ ചിന്തകള്‍ കലഹിച്ച് തുടങ്ങി. ആശുപത്രികളുടേയും മരുന്നുകളുടെയും കൂടെയുള്ള പിന്നത്തെ യാത്ര മരവിപ്പാണ് സമ്മാനിച്ചത്. ജീവിതത്തിലെ മരവിപ്പ് മനസ്സിലേക്കും പടരാന്‍ തുടങ്ങിയപ്പോഴാണ് , ചെയ്യേണ്ട തീര്‍ത്ഥാടനങ്ങളുടെ ഒരു പട്ടിക ആരോ നിര്‍ദ്ദേശിച്ചത്. ഇത്തരം വിശ്വാസങ്ങളില്‍ പ്രതിപത്തിയില്ലെങ്കിലും തന്റെ ആശ്വാസത്തിനായ് നരനും സമ്മതം മൂളി. ഓരോരോ ക്ഷേത്രങ്ങളായ് തീര്‍ത്തുകൊള്ളവേ തന്റെ മനസ്സിലെ വിശ്വാസവും കുറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മാസങ്ങള്‍ക്കിപ്പുറം,പട്ടികയില്‍ അവസാനത്തേതായ ഈ സമുദ്രതീരത്ത് എത്തിയപ്പോഴേക്കും തനിക്കും വിശ്വാസം നഷ്ടപെട്ടുകൊണ്ടിരിക്കുകയാണെന്ന് സായയ്ക്ക് തോന്നി.
"അങ്ങനെ കരുതരുത് മോളേ..."
സായയുടെ മനസ്സ് വായിച്ചറിഞ്ഞിട്ടോ എന്തോ, അയാള്‍ പറഞ്ഞു. അഗ്നിയോട് തോല്‍വി സമ്മതിച്ച അസ്ഥികള്‍ പൊട്ടുന്ന ശബ്ദം തിരകളുടെ ആര്‍ത്തലച്ചിലിലൊടുങ്ങി. അവിഘ്നം തുടരുന്ന അനാദിയായ ആ ദേവസംഗീതത്തിനും മീതെയായ് അയാളുടെ ശബ്ദം സായയുടെ കാതുകളില്‍ മുഴങ്ങി.
"ഒരിക്കലും അങ്ങനെ കരുതരുത്... അറിയുക. പ്രപഞ്ചചരാചരങ്ങളുടെ ജീവിതതാളക്രമം നിയന്ത്രിക്കുന്ന ഏതോ ഒരു അജ്ഞാതശക്തിയുണ്ട്. അനശ്വരമായ ആ പരാശക്തി സൃഷ്ടി-സ്ഥിതി-സമത്വത്തിനായ് തന്റെ ചൈതന്യവാഹകരെ സൃഷ്ടിച്ചു. പഞ്ചഭൂതനിര്‍മ്മിതമായ ജലത്തില്‍, ആലിലയില്‍ ആദിനാരായണന്‍ ശയിച്ചു. വിഷ്ണുവിന്റെ നാഭിച്ചുഴിയില്‍ നിന്നുത്ഭവിച്ച താമരയില്‍ നിന്ന് ബ്രഹ്മാവ് പിറവിയെടുത്തു. ബ്രഹ്മതപോബലത്തില്‍, പരമമായ ബീജം ഓംകാരത്തില്‍ അലിഞ്ഞപ്പോള്‍ സ്വയംഭൂവായ് രുദ്രനുണ്ടായി! അനശ്വരമായ പരാശക്തിയുടെ നശ്വരരായ പ്രവര്‍ത്തകരില്‍ അവന്‍ സംഹാരകര്‍മ്മത്തിന്റെ അധിപധിയായി. ആര്യവര്‍ഗ്ഗത്തിന്റെ ചിന്തകള്‍ പേറിയ ചിത്രരചനകള്‍ പ്രതിപാദിക്കുന്ന പോലെ, മുഖക്ഷൌരം ചെയ്ത് പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്നവനല്ല അവന്‍. അവന്‍ ശിവനാണ്, കാലഭൈരവനാണ്. മേലാസകലം ചുടലഭസ്മം പൂശിയ ജഡാധാരിചണ്ഡാലനാണ്. ഒരിക്കലും ആര്‍ക്കും നിഷേധിക്കാനാകാത്ത പൌരുഷത്തിന്റെ പ്രതീകമായ താണ്ഡവമൂര്‍ത്തിയായ നടരാജനാണ്! അവനെ പ്രാര്‍ത്ഥിക്കുക, സ്ഥൂലത്തില്‍ നിന്ന് സൂക്ഷത്തിലേക്കുള്ള, ഗര്‍ഭത്തിലെ മൃത്യുവില്‍ നിന്ന് പൊക്കിള്‍ക്കൊടിയിലെ പിറവിയിലേക്കുള്ള നിന്റെ ബീജത്തിന്റെ യാത്രയില്‍ അവന്റെ കാരുണ്യമുണ്ടാകും. മനസ്സുരുകി പ്രാര്‍ത്ഥിക്കുക!!!"
അറിയാതെ സായയുടെ ചുണ്ടുകള്‍ മന്ത്രിച്ചു - "രാമേശ്വരാ!"
മനസ്സിലെ പ്രര്‍ത്ഥനകളെ മൌനം കടമെടുത്തപ്പോള്‍, തിരമാലകളുടെ കരച്ചിലിന് ആക്കം വന്നതായ് അവള്‍ക്ക് തോന്നി.
കണ്ണുകളടച്ച് അയാള്‍ മൌനം പൂണ്ടു.
കീറത്തുണിയില്‍ പൊതിഞ്ഞ അയാളുടെ ശരീരത്തില്‍, ജഡകെട്ടിയ ശിരസ്സില്‍, രുദ്രാക്ഷം കെട്ടിയ കഴുത്തില്‍, ശബ്ദമില്ലാത്ത മന്ത്രോച്ചാരണത്തില്‍, ആ സാന്നിധ്യമേകുന്ന ഊര്‍ജ്ജത്തില്‍ അവള്‍ ശിവചൈതന്ന്യത്തെ തിരയവെ, കത്തി തീര്‍ന്ന ചിതയുടെ ശോണിമ അയാളിലേക്കും പകര്‍ന്നു.
സായ തിരിച്ച് നടന്നു.
പര്യവസാനം:
"ചരിത്രത്തിന്റെ ഈ അടയാളങ്ങള്‍ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചത് ഒരു വിശ്വാസത്തിന്റെയും ഭാഗമായിട്ടല്ല, അതൊരു കടമയാണെന്ന് തോന്നിയത് കൊണ്ടാണ്."
കടലിനെ ചെറുക്കുവാനിട്ട കോണ്‍ക്രീറ്റ് ശിലകളിലൊന്നിലിരുന്ന് കൊണ്ട് ആ പട്ടാള ഓഫീസര്‍ പറഞ്ഞു.
മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്ന് അവസാനത്തുള്ളി ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്ന മാളുവിന്റെയും, തന്റെ പുതിയ ക്യാമറയിലെ ഇനിയും പരീക്ഷിക്കാത്ത സാദ്ധ്യതകള്‍ തിരയുന്ന നരന്റെയും, ഓര്‍മ്മകള്‍ അടുക്കി വെയ്ക്കാന്‍ പ്രയാസപ്പെടുന്ന സായയുടെയും മുന്നില്‍, കടലെടുക്കാന്‍ മറന്ന് പോയ ആ കാലഭൈരവക്ഷേത്രം തലയുയര്‍ത്തി നിന്നു.
"ഇവിടെ പണ്ട് ഒരു ശ്മശാനമായിരുന്നില്ലെ?"
മനസ്സിലെ ഓര്‍മ്മത്തെറ്റുകള്‍ മറച്ച് വെയ്ക്കാനാകാതെ സായ ചോദിച്ചു.
"ഏയ്. ആവാനിടയില്ല. ഇത് വളരെ കാലം മുന്‍പുള്ള അമ്പലമാണ്. പണ്ട് മുതല്‍ക്കേ പൂജയൊന്നുമില്ലായിരുന്നു. പിന്നെ മിലിറ്ററി പ്രോട്ടക്ടട് ഏരിയ ആയതിനാല്‍ ആളുകളൊന്നും അധികം വരാറില്ല. ചില അജ്ഞാതമൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞാലായി. പക്ഷെ പറഞ്ഞു കേട്ട് ഞങ്ങള്‍ വരുമ്പോഴേക്കും അതിനെയൊക്കെ കടല്‍ തിരിച്ചെടുത്തിട്ടുണ്ടാകും. അല്ലാത്തവയെ ഞങ്ങള്‍ കരയ്ക്കെടുത്ത് കുഴിച്ചിടും."
"നമുക്ക് സ്ഥലം മാറി കാണും സായാ. നമ്മള്‍ വന്നത് ഒരുപാട് കാലം മുന്‍പല്ലേ? പോരാത്തതിന് നല്ല ഇരുട്ടും. അതെ, നമുക്കു തെറ്റിയതാവും.". നരന്‍ വിശദീകരിച്ചു.
"പോകാം. സന്ധ്യയാകാറായി. ഇവിടെ പൊതുവെ ഞങ്ങള്‍ വിസിറ്റേര്‍സിനെ അനുവദിക്കാറില്ല. ഇതു പിന്നെ കേണല്‍ സാബിന്റെ റിക്വസ്റ്റുമായി വന്നതോണ്ടാ. കമോണ്‍. ലെറ്റ്‌സ് പുഷോഫ്.".
പട്ടാളക്കാരനുമൊത്ത് നരന്‍ മണല്‍ പരപ്പിലൂടെ നടന്നു നീങ്ങവേ ആകാശച്ചെരുവില്‍ കത്തിയോടുങ്ങുന്ന ചിതയും നോക്കി ആ കാലഭൈരവക്ഷേത്രത്തിന് മുന്നില്‍ സായ നിന്നു. ആരുടെ കൂടെ പോകണമെന്ന സംശയത്തിലായിരുന്ന മാളു, ആലോചനയ്ക്കൊടുവില്‍, മെല്ലെ സായയുടെ അരികിലേക്ക് ചേര്‍ന്നു നിന്നു. അപ്പോള്‍ തിരമാലകള്‍ തന്നിലേക്ക് വലിച്ചെറിഞ്ഞ കാറ്റിനെ അവള്‍ പതിയെ തിരിച്ചറിഞ്ഞു. സ്വപ്നമില്ലാത്ത മനസ്സുമായ് ജീവിച്ച ആ ശ്മശാനം സൂക്ഷിപ്പുകാരന്റെ അരികില്‍ അന്നവള്‍ അനുഭവിച്ചറിഞ്ഞ അതേ ഊര്‍ജ്ജം!
അത് പതിയെ തന്നില്‍ നിറയവേ, മണല്‍ കടലിനോടും കടല്‍ കാറ്റിനോടും പറഞ്ഞത്, കാറ്റ് തന്നോടും പതുക്കെ പറയുന്നതായ് സായയ്ക്ക് തോന്നി
- "സ്ഥൂലത്തില്‍ നിന്ന് സൂക്ഷത്തിലേക്കുള്ള, ഗര്‍ഭത്തിലെ മൃത്യുവില്‍ നിന്ന് പൊക്കിള്‍ക്കൊടിയിലെ പിറവിയിലേക്കുള്ള നിന്റെ ബീജത്തിന്റെ യാത്രയില്‍ അവന്റെ കാരുണ്യമുണ്ടാകും. മനസ്സുരുകി പ്രാര്‍ത്ഥിക്കുക!!!"
മാളുവിനെ തന്നിലേക്ക് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തി കൊണ്ട് സായയുടെ ചുണ്ടുകള്‍ മന്ത്രിച്ചു - "രാമേശ്വരാ!!!"
അവളുടെ മന്ത്രണത്തെ കാറ്റേറ്റെടുത്ത് കടലിനു കൊടുത്തു. തന്നിലടിഞ്ഞവയുടെയെല്ലാം മണവും ഗുണവും അശുദ്ധിയും ആവാഹിക്കുന്ന കടല്‍ അതിനെ തിരകള്‍ക്ക് നല്‍കി. തിരമാലകളുടെ താളത്തില്‍ അവളുടെ പ്രാര്‍ത്ഥന അകലങ്ങള്‍ താണ്ടിയുള്ള യാത്ര തുടര്‍ന്നു.
Good one.
Very Fine Story.........
Nandi...
Dear Drishyan:
Your story 'Ramesharathe...." is so reality based, I
thought for a moment I was standing in Rameshwaram
witnessing the interaction between Sayya and the
crematorium keeper. Litterature, at its finest moment.
I exhort all the Malayalees living in foreign lands and
chasing dreams of riches and real estates to take
time out to read these marvellous stories. My salute
to you, Drishyan.
Tom Mathews,
New Jersey
U.S.A.
'Superb'...orupadu touching...ardram...O.V.Vijayane orthu poyi...vijayan namme kondu povarulla athe idangalilekku kondu pokunna 'narration'... abhinandanamalla parayan thonnunnathu, marichu, nandiyanu...nandi...
(onnum ezhuthathirikkanavunnunnilla...athu konadaningane ezhuthunnathu...malayalathil ezhuthanulla khamayilla...)
Kollam....