തര്‍ജ്ജനി

വര്‍ത്തമാനം

പരിഭാഷയില്‍ കാണാനാവുന്നത്

1936-ല്‍ തെക്കന്‍ അല്‍ബേനിയയില്‍ ജനിച്ച ഇസ്മയില്‍ കദാരെ നിരവധി പ്രാവശ്യം നോബല്‍ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. 1985 മുതല്‍ പാരീസിലാണ് താമസം. 2005-ലെ മാന്‍ബുക്കര്‍ പ്രൈസ് കദാരെയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ Broken April ‘(1973) 'തകര്‍ന്നു തരിപ്പണമായ ഏപ്രില്‍’ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Wedding (1968), Chronicle in Stone (1971), The Castle (1970) The Great Winter (1977), The Palace of Dreams (1981), La Pyramide (1992) The Successor (2005) തുടങ്ങിയവ പ്രധാനകൃതികള്‍. ‘ദ് ന്യൂയോര്‍ക്കര്‍’ മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന തന്റെ പുതിയ കഥയെപ്പറ്റിയും അല്‍ബേനിയയിലെ ജീവിതത്തെപ്പറ്റിയും ഡെബോറാ ട്രെയ്സ്മാനുമായി കദാരെ സംസാരിക്കുന്നു ഈ അഭിമുഖത്തില്‍.

"The Albanian Writers’ Union as Mirrored by a Woman” എന്ന കഥയില്‍ താങ്കള്‍ വിവരിക്കുന്ന സംഭവങ്ങള്‍ അറുപതുകളില്‍ അല്‍ബേനിയയില്‍ നടന്ന കാര്യങ്ങളെയാണോ അടിസ്ഥാനമാക്കുന്നത്? ആ കഥയിലെ അവസാന വാക്യം സംഭവം ആത്മകഥാപരമാണെന്ന കാര്യം അടിവരയിടുന്നുണ്ട്.
അതെ. അതില്‍ വിവരിച്ച സംഭവം എല്ലാ എഴുത്തുകാര്‍ക്കും അറിവുള്ളതാണ്. പ്രത്യേകിച്ച് തിരാനയിലുള്ളവര്‍ക്ക്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം ജീവിതം അറുമുഷിപ്പനാണ്. അവിടെയുമതേ. അതുകൊണ്ട് ‘എഴുത്തുകാരുടെ സംഘത്തില്‍’ നടന്ന കാര്യങ്ങള്‍ രസകരമാണെന്ന് ആളുകള്‍ക്ക് തോന്നി.

മാര്‍ഗെരിറ്റാ യഥാര്‍ത്ഥത്തില്‍ ഉള്ള വ്യക്തിയാണോ?
എന്നു പറയാം. അങ്ങനെയുള്ള ഒരാള്‍ ഉണ്ട്. പക്ഷേ കഥയില്‍ പറയുന്ന വ്യക്തിയ്ക്കു ചില വ്യത്യാസങ്ങളൊക്കെയുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ജീവിതത്തിനു നേരെയോ പ്രണയത്തിനു നേരെയോ സ്വാതന്ത്ര നിലപാടെടുക്കുന്ന സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികള്‍ എന്ന നിലയ്ക്കാണ് പലപ്പോഴും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അവര്‍ക്കിടയിലാണ് കഴിവുള്ള വ്യക്തികള്‍ ഉണ്ടായിരുന്നത്. അവരെ ഏറ്റവും ആകര്‍ഷണീയമാക്കി തീര്‍ത്തത്, അവരുടെ അഭിപ്രായപ്രകടനത്തിലുള്ള ‘ഒത്തുതീര്‍പ്പില്ലായ്മ’യാണ്. അതാണ് അവരെ എല്ലാ അര്‍ത്ഥത്തിലും ‘സെക്സി’യാക്കിത്തീര്‍ക്കുന്നത്, ആ വാക്ക് ഞാന്‍ ഉപയോഗിക്കുന്നത് ശരിയാണെങ്കില്‍ .

യുവാവായിരുന്ന കാലത്ത് എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എപ്പോഴെങ്കിലും തിരാനയ്ക്കു പുറത്തുപോയി കറങ്ങി നടന്നിട്ടുണ്ടോ? എങ്ങനെയായിരുന്നു ആ കാലയളവിലെ ജീവിതം?
കഥയില്‍ പറയുന്നതു പോലെ ഞാന്‍ തിരാനയ്ക്കു പുറത്ത് കറങ്ങി നടന്നിട്ടുണ്ട്. 1967-68 കാലങ്ങളില്‍ .അല്‍ബേനിയ ചൈനയിലെ സാംസ്കാരിക വിപ്ലവത്തെ പിന്തുണയ്ക്കുന്ന സമയമായിരുന്നു അത്. തിരാനയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള പുരാതന നഗരമായ ബെരാത്തില്‍ പോയി എനിക്കു താമസിക്കേണ്ടി വന്നു. സ്വാഭാവികമായി മനോവേദനയുണ്ടാക്കുന്ന കാര്യമാണത്. എന്നാല്‍ കമ്മ്യൂണിസത്തിനു കീഴിലുള്ള ജീവിതം അപകടം പിടിച്ചതും കഷ്ടപ്പാടു നിറഞ്ഞതുമായതുകൊണ്ട് പ്രാദേശികമായ ഒരു പട്ടണത്തിലേയ്ക്കുള്ള നാടുകടത്തല്‍ അത്ര വലിയ ദുരന്തമല്ല.

എന്‍‌വര്‍ ഹോക്സായുടെ സ്വാതന്ത്ര്യമില്ലായ്മയെ കുറച്ചു തമാശകലര്‍ന്ന രീതിയിലാണ് കഥ കൈകാര്യം ചെയ്യുന്നത്. യുവാവായ എഴുത്തുകാരന്റെ തന്റേടത്തെ, കൂസലില്ലായ്മയെ സാര്‍വലൌകികമായ ഒരു തലത്തിലാണ് താങ്കള്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു. അന്ന് അല്‍ബേനിയക്കാരില്‍ ഉണ്ടായിരുന്ന മനോഭാവം ഇക്കാലത്ത് ന്യൂയോര്‍ക്കില്‍ വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകളില്‍ കാണാം. തമാശമാത്രമായി കാണാവുന്ന ഒരു സംഗതിയല്ല താങ്കള്‍ക്ക് ഇതെന്ന് എന്നു ഞാന്‍ ഊഹിക്കുന്നു. ആ വര്‍ഷങ്ങളില്‍ നിങ്ങളുടെ രചനകള്‍ നിരോധിക്കപ്പെടുകയോ യഥാര്‍ത്ഥകാര്യം മറച്ചു വച്ചു ആവിഷ്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ?

കമ്മ്യൂണിസത്തിനു കീഴെ ജീവിതം പ്രാഥമികമായി ഒരു ദുരന്തമാണ്. തമാശ കലര്‍ന്ന ദുരന്തം എന്നു പറയാം. ട്രാജികോമഡി. ആ കാലങ്ങളില്‍ എന്നോടൊപ്പം എഴുതിക്കൊണ്ടിരുന്ന കൂട്ടുകാരുടെ രചനകളെപ്പറ്റി ഓര്‍ക്കുമ്പോള്‍ അവര്‍ക്കെല്ലാം നര്‍മ്മത്തിന്റെ ഒരംശം ഉള്ളതായി തോന്നിയിട്ടുണ്ട്. പരിഹാസമായിട്ട്, അനുകരണമായിട്ടൊക്കെ അതു വന്നിട്ടുണ്ട്. ഞങ്ങള്‍ കഴിഞ്ഞുകൂടിയ അടിച്ചമര്‍ത്തലിന്റേതായ ഒരു അന്തരീക്ഷത്തിന് എഴുത്തുകാരന്റെ ചൈതന്യത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇതു കാണിക്കുന്നത്. പഴയ കിഴക്കന്‍ മേഖലയിലുള്ള എഴുത്തുകാര്‍, ഉദാഹരണത്തിന് മിലന്‍ കുന്ദേര, ഹാസ്യവും പരിഹാസവും ആ ലോകത്തോട് നിഷേധാത്മകമായ നിലപാടെടുക്കാനുള്ള ഒരു രീതിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

സത്യത്തില്‍, ഞങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരുന്നത് തമാശയായിരുന്നില്ല. അതേ സമയം എഴുത്തുകാരും അവരുടെ സൌഹൃദവലയവും വിമര്‍ശനത്തിനുള്ള കഴിവു നഷ്ടപ്പെട്ട് വെറും പച്ചക്കറികളായി എന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനും പറ്റില്ല. ഞാന്‍ എന്താണുദ്ദേശിച്ചതെന്നു ഒന്നുക്കൂടി വ്യക്തമാക്കാം. കഥയില്‍ പറയുന്ന സംഭവം നടക്കുന്ന സമയം (1967-ല്‍ ) കവിതകള്‍ക്കു പുറമേ മൂന്നു കൃതികള്‍ കൂടി ഞാന്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. ‘ചത്ത പട്ടാളക്കാരുടെ തലവന്‍’ (The General of the Dead Army), ‘സത്വം’ (The Monster) എന്നീ നോവലുകളും ‘കോഫീഹൌസ് ദിനങ്ങള്‍’ (Coffeehouse Days) എന്ന കഥാസമാഹാരവും. പുരോഗമനപരമല്ല എന്ന പേരില്‍ അവസാനം പറഞ്ഞ കൃതികള്‍ രണ്ടും നിരോധിക്കപ്പെട്ടിരുന്നു. പക്ഷേ അവ എല്ലാവരും വായിച്ചു. നിരോധനം വന്നത് അവ പ്രസിദ്ധീകരിച്ചതിനു ശേഷമാണ്. വിവാദപരമായതു കൊണ്ടും നിരോധിക്കപ്പെട്ടതുകൊണ്ടും അവ എനിക്കു നല്‍കിയ തലവേദന ചില്ലറയല്ല. എന്നാല്‍ അതേ കാരണത്താല്‍ തന്നെ അവ എനിക്ക് എന്റെ വായനക്കാര്‍ക്കിടയില്‍ പ്രത്യേക പദവിയും നല്‍കി. ആ വര്‍ഷങ്ങളില്‍ എന്റെ ജീവിതത്തിലുണ്ടായ പ്രത്യേക തരം വൈരുദ്ധ്യമാണിത്. നിങ്ങള്‍ ഭരണകൂടവുമായി സ്വരച്ചേര്‍ച്ചയിലല്ലെങ്കില്‍ നിങ്ങള്‍ എപ്പോഴും സംശയത്തിന്റെ നിഴലിലാണ്. പക്ഷേ ആ അവസ്ഥ ചില പ്രത്യേക മേഖലകളില്‍ നിങ്ങള്‍ക്ക് ഗരിമ നേടി തരികയും ചെയ്യും. യുവാവായ എഴുത്തുകാരന് അഹങ്കാരത്തിന്റേതായ പരിവേഷം തീര്‍ത്തു കൊടുക്കുന്നത് ഈ അവസ്ഥയാണെന്നാണ് എന്റെ വിശ്വാസം.

ഞങ്ങള്‍ എഴുതിയതെല്ലാം ‘സെന്‍സര്‍’ ചെയ്യപ്പെട്ടു. പക്ഷേ അതിനേക്കാള്‍ കടുത്ത പരീക്ഷണം ഞങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയ ഒരു തരം സ്വയം നിരോധനമായിരുന്നു. അതായിരുന്നു കലയുടെ ശരിയായ മരണം. ഭാഗ്യം കൊണ്ട് എനിക്കതിനെ അതിജീവിക്കാന്‍ പറ്റി.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി താങ്കള്‍ ഫ്രാന്‍സില്‍ ജീവിക്കുകയാണെങ്കിലും എഴുതുന്നതു മുഴുവന്‍ അല്‍ബേനിയയെക്കുറിച്ചാണ്. അല്‍ബേനിയയില്‍ താങ്കള്‍ കഴിച്ചുകൂട്ടിയ വര്‍ഷങ്ങള്‍ അത്ര ശക്തിമത്തായ സാഹിത്യാനുഭവങ്ങളാണോ നല്‍കിയത് ? അതോ മറ്റെന്തിനെയെങ്കിലും കുറിച്ച് എഴുതാനാവാത്ത വിധം ആ രാജ്യം താങ്കളുടെ മനസ്സില്‍ ഉറച്ചു പോയതാണോ?

ഒരു എഴുത്തുകാരന്‍ തന്റെ ജീവിതത്തിന്റെ വലിയൊരു പങ്ക് കഴിച്ചുകൂട്ടിയ രാജ്യത്തെക്കുറിച്ച് നിരന്തരം എഴുതിപോകുന്നതില്‍ അസാധാരണമായി ഒന്നുമില്ല. അതുപോലെ അയാള്‍ ആ രാജ്യത്തെക്കുറിച്ച് തന്റെ രചനകളില്‍ പരാമര്‍ശിക്കാതെയിരിക്കുന്നതിലും അസ്വാഭാവികതയില്ല. ഞാന്‍ ഈ രണ്ടു മനോഭാവങ്ങള്‍ക്കിടയിലെവിടെയോ ആണ്. സത്യത്തില്‍ എന്റെ കൃതികളിലെ വലിയൊരു പങ്ക് അല്‍ബേനിയക്കുറിച്ചുള്ള കഥകള്‍ പറയുന്നതല്ല, അല്‍ബേനിയയെ പശ്ചാത്തലമാക്കി രചിച്ചിരിക്കുന്നതുമല്ല. 1996-ല്‍ ന്യൂയോര്‍ക്കില്‍ വച്ചു പ്രസിദ്ധീകരിച്ച ‘പിരമിഡ്‘ (The Pyramid)ഒരു ഉദാഹരണം. ഏകാധിപത്യത്തെക്കുറിച്ചുള്ള സാര്‍വലൌകികമായ ആശയമാണ് കേന്ദ്രപ്രമേയമെങ്കിലും അതിലെ ‘സ്ഥലം’ പ്രാചീന ഈജിപ്റ്റാണ്. ‘സ്വപ്നങ്ങളുടെ കൊട്ടാര’(The Palace of Dreams)ത്തിന്റെ പശ്ചാത്തലം കോണ്‍സ്റ്റാന്റിനോപ്പിളാണ്. മറ്റു ചില കഥകളിലെയും നോവലുകളിലെയും സംഭവങ്ങള്‍ നടക്കുന്നത് മോസ്കോയിലും വടക്കന്‍ ഗ്രീസിലും എന്റെ ഭാവനയില്‍ മാത്രമുള്ള ട്രോയിയിലുമൊക്കെയാണ്. ഈ സ്ഥലങ്ങളെല്ലാം അല്‍ബേനിയന്‍ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്നുണ്ടായിരിക്കാം, അതു സ്വാഭാവികം മാത്രം. അല്‍ബേനിയയ്ക്കുള്ളിലിരിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമം എന്റെ എഴുത്തിലില്ല. നിര്‍ബന്ധ പൂര്‍വം വിദേശങ്ങളില്‍ അലഞ്ഞു തിരിയുന്നതിന്റെ വേദന ആവിഷ്കരിക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല.

കമ്മ്യൂണിസ്റ്റ് കോട്ടകള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ അല്‍ബേനിയ വിട്ടു പോകുന്നത് വേദനാകരമായ ഒരവസ്ഥയായിരുന്നോ താങ്കള്‍ക്ക് അന്ന്? പരിവര്‍ത്തനഘട്ടത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ സ്വന്തം രാജ്യത്തില്ലാതെ പോയതില്‍ വിഷമം തോന്നിയിട്ടില്ലേ? അതോ കഴിഞ്ഞുപോയ വര്‍ഷങ്ങളേക്കാള്‍ പീഢാകരമായിരുന്നോ ആ നാളുകള്‍? ഇപ്പോള്‍ അല്‍ബേനിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ടോ?

വിദേശത്തേയ്ക്ക് താമസം മാറ്റാന്‍ ധാരാളം അവസരങ്ങളുണ്ടായിട്ടും ഇരുണ്ടതും അപകടകരവുമായ കാലയളവില്‍ ഞാന്‍ അല്‍ബേനിയയില്‍ തന്നെ കഴിയുകയാണുണ്ടായത്. കമ്മ്യൂണിസം തകര്‍ന്നു വീഴുമെന്ന് എന്റെ ജീവിതത്തിലൊരിക്കലും സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. എന്തെങ്കിലും അപകടം എനിക്കു സംഭവിക്കുമെന്നു വച്ചിട്ടല്ല രാജ്യം വിടാന്‍ ഞാന്‍ തീരുമാനമെടുത്തത്. യജമാനന്‍ മരിച്ചു. രാജ്യം തന്റെ പ്രജകളെ ഇനിമേല്‍ ശിക്ഷിക്കുകയില്ല. “അല്‍ബേനിയന്‍ വസന്ത’ (Albanian Spring) ത്തില്‍ രാജ്യം വിടാനുണ്ടായ കാരണങ്ങളും സാഹചര്യങ്ങളും ഞാന്‍ വിശദമാക്കിയിട്ടുണ്ട്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡന്റുമായി ഒരുപാട് കത്തിടപാടുകള്‍ എനിക്കു നടത്തേണ്ടി വന്നിട്ടുണ്ട്. ഭരണകൂടം സ്വാതന്ത്ര്യത്തിന്റെ ചില സൌജന്യങ്ങള്‍ നല്‍കിയാല്‍ പോലും കടിഞ്ഞാണുകള്‍ അയച്ചുവിടാനുള്ള യാതൊരു ഉദ്ദേശ്യവും യഥാര്‍ത്ഥത്തില്‍ അധികാരികള്‍ക്ക് ഉണ്ടാവുക സാദ്ധ്യമല്ലെന്നു ഞാന്‍ മനസ്സിലാക്കിയത് ആ കത്തുകളിലൂടെയാണ്. മറ്റൊരു ക്യൂബയായോ വടക്കന്‍ കൊറിയയായോ മാറാന്‍ ത്രസിച്ചു നില്‍ക്കുകയായിരുന്നു അല്‍ബേനിയ. പ്രസിഡന്റിന്റെയും അയാളുടെ സാമ്രാജ്യത്തിന്റെയും കപടാഭിനയത്തിന്റെ മുഖമൂടി അഴിച്ചുനീക്കാന്‍ ഒരു മാദ്ധ്യമത്തിന്റെ സഹായം കൂടാതെ- ഒരു ന്യൂസ് പേപ്പറോ ഒരു റേഡിയൊയോ ഇല്ലാതെ- എനിക്കു കഴിയുമായിരുന്നില്ല. അല്‍ബേനിയയ്ക്കുള്ളില്‍ അത് അന്ന് അസാദ്ധ്യമായിരുന്നു. അതുകൊണ്ട് ഫ്രാന്‍സിലേയ്ക്കുള്ള എന്റെ യാത്രയെ ന്യായീകരിക്കാന്‍, പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് അവിടെ സംഘടിപ്പിക്കാന്‍ എന്റെ ഫ്രഞ്ച് പ്രസാധകന് ഞാന്‍ സന്ദേശമയച്ചു. വിസ കിട്ടാന്‍ അഞ്ചുമാസമെടുത്തു. ‘വോയിസ് ഓഫ് അമേരിക്ക‘യുടെ അല്‍ബേനിയന്‍ ശാഖ എനിക്കു വേണ്ട മൈക്രോഫോണ്‍ നല്‍കി. അതിലൂടെയാണ് ഞാന്‍ എന്റെ ലക്ഷ്യം കണ്ടത്. റേഡിയോയില്‍ ഞാന്‍ നടത്തിയ പ്രസംഗം, (ഈ പ്രസംഗം ‘ അല്‍ബേനിയന്‍ വസന്തം’ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്) അല്‍ബേനിയയിലെ ബോംബിംങ്ങിനെ സ്വാധീനിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കോട്ടകള്‍ തകര്‍ന്നു. 18 മാസങ്ങള്‍ക്കു ശേഷം ഞാന്‍ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തിരുന്ന പോലെ എന്റെ രാജ്യത്തിലേയ്ക്ക് തിരിച്ചു ചെന്നു. ഇപ്പോള്‍ ഞാന്‍ പകുതിയിലധികം സമയം ചെലവഴിക്കുന്നത് അല്‍ബേനിയയിലാണ്.

അന്‍പതിലേറെ വര്‍ഷങ്ങള്‍ സോഷ്യലിസ്റ്റ് അല്‍ബേനിയയില്‍ കഴിഞ്ഞുകൂടിയ ശേഷം പാശ്ചാത്യരാജ്യത്ത് ജീവിക്കുമ്പോള്‍ എന്താണ് മനസ്സില്‍ തോന്നുന്നത്?

പാശ്ചാത്യജീവിതവുമായി ഇണങ്ങുക പ്രയാസമുള്ള കാര്യമല്ല. അല്‍ബേനിയയില്‍ നിന്നുള്ള വാര്‍ത്തകള്‍ ആദ്യ വര്‍ഷങ്ങളില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. ചിലപ്പോള്‍ അസ്വസ്ഥത, ചിലപ്പോള്‍ സന്തോഷം. പക്ഷേ അവയാണ് ഫ്രാന്‍സിലുള്ള എന്റെ ജീവിതത്തിന്റെ അടിസ്ഥാന താളം നിശ്ചയിച്ചത്.

താങ്കളുടെ രചനകളില്‍ ഭൂരിഭാഗവും രാഷ്ട്രീയമാണ്. നേരിട്ടോ അല്ലാതെയോ. രാഷ്ട്രീയ ലോകത്തെ തന്റെ രചനകളില്‍ കൊണ്ടു വരികയെന്നത് ഒരു ധാര്‍മ്മികബാദ്ധ്യതയായി താങ്കള്‍ കണക്കാക്കുന്നതു പോലെ തോന്നുന്നു.

ഗ്രീക്ക് നാടകങ്ങളിലുള്ളതിനേക്കാള്‍ രാഷ്ട്രീയം എന്റെ കൃതികളിലുള്ളതായി എനിക്കു തോന്നുന്നില്ല. സത്യത്തില്‍ രാഷ്ട്രീയം എന്റെ കൃതികളില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ഭയക്കുന്നുണ്ട്. അതുപോലെ അത് പൂര്‍ണ്ണമായി ഒഴിവാക്കാനും ഞാന്‍ ഭയപ്പെടുന്നു. പരമാധികാരത്തിന്റെ കനിവില്ലാത്ത കാലങ്ങളില്‍ പോലും രാഷ്ട്രീയകാര്യങ്ങളെഴുതാന്‍ ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഇതേവരെ അങ്ങനെയൊരു നിര്‍ബന്ധം എന്നെ തേടി വന്നിട്ടില്ല. പിന്നെ ഒരു ബാദ്ധ്യതയുള്ളത് ഞാന്‍ അടയ്ക്കുന്ന ‘തലവരി’യുടെ കാര്യത്തിലാണ് . അത് എല്ലാ എഴുത്തുകാരെയും സംബന്ധിക്കുന്ന ഒരു പ്രശ്നമാണ്. സാര്‍വലൌകികമായ വിഷയത്തെയോ മിത്തുകളെയോ പറ്റിയെഴുതാനുള്ള അവകാശം നേടാന്‍ ഒന്നോ രണ്ടോ കൃതികള്‍ കാലികപ്രശ്നങ്ങളെപ്പറ്റിയാക്കിത്തീര്‍ക്കണം. ഭ്രാന്താണെന്നു തോന്നുന്നുണ്ടോ? പക്ഷേ അങ്ങനെയാണ് കാര്യങ്ങള്‍! ആ’‘തലവരി’’ നിങ്ങള്‍ അടച്ചില്ലെങ്കില്‍ എല്ലായിടത്തും നിങ്ങളെ തേടി ചോദ്യങ്ങള്‍ എത്തും. “സഖാവേ, എന്തുകൊണ്ടാണ് നിങ്ങള്‍ നമ്മുടെ സോഷ്യലിസ്റ്റ് ജീവിതത്തെക്കുറിച്ച് എഴുതാത്തത്? ഇങ്ങനെയുള്ള ജീവിതം നിങ്ങള്‍ ഇഷ്ടപ്പെടാത്തതാണോ കാരണം? കൂടുതല്‍ ആഴമുള്ള മറ്റെന്തെങ്കിലും കാരണമുണ്ടോ?“ ഈ ‘ആഴമുള്ള കാരണം‘ നിങ്ങള്‍ രാഷ്ട്രീയ എതിര്‍ ചേരിയിലാണെന്നതാണ്. അത് നിങ്ങളെ ജയിലേയ്ക്ക് അയയ്ക്കും അല്ലെങ്കില്‍ ‘ഫയറിംഗ് സ്ക്വാഡി‘ന്റെ മുന്നിലേയ്ക്ക്.

സമകാലിക അല്‍ബേനിയന്‍ സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്?

മറ്റ് സ്വതന്ത്രരാജ്യങ്ങളിലെപ്പോലെ തന്നെ അല്‍ബേനിയന്‍ സാഹിത്യവും അതിന്റേതായ വഴിക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു ശേഷമുണ്ടായ ദിവ്യാദ്ഭുതങ്ങളുടെ മായക്കാഴ്ചകള്‍ (കമ്മ്യൂണിസം ഇല്ലാതായ എല്ലാ രാജ്യങ്ങളെയും പൊതുവേ ആവേശിച്ച മായയാണത്) വെറും മായക്കാഴ്ചകളായി തന്നെ അവശേഷിക്കുന്നു. സാഹിത്യത്തിന് വളരാന്‍ സ്വന്തം ആന്തരിക യുക്തിയുണ്ട്. തടവില്‍ അതിന് സ്വതന്ത്രനായിരിക്കാം. സ്വാതന്ത്ര്യത്തില്‍ അടിമയായിരിക്കുകയും ചെയ്യാം. സ്വതന്ത്രലോകത്തിലെ എഴുത്തുകാര്‍ സാഹിത്യത്തിന്റെ ഈ പ്രത്യേകതയെക്കുറിച്ച് ബോധവാന്മാരാണ്.

ഫ്രാന്‍സില്‍ വളരെയധികം ആരാധകരുള്ള എഴുത്തുകാരനാണ് താങ്കള്‍. താങ്കളുടെ മുഴുവന്‍ കൃതികളുമടങ്ങിയ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ ഇതുപോലൊരു സ്വാധീനമുണ്ടോ?

എന്റെ ആദ്യ നോവല്‍ ‘മരിച്ചസൈന്യത്തിന്റെ മേധാവി’ 1970-ലാണ് ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ചത്. 1971-ല്‍ അത് ഇംഗ്ലീഷില്‍ പുറത്തിറങ്ങി. രണ്ടാമത്തെ നോവല്‍ ‘കല്ലിലെ പുരാവൃത്ത‘ (Chronicle in Stone) ത്തെപ്പറ്റി വളരെ ഉദാരമായാണ് ജോണ്‍ അപ്ഡൈക്ക് ‘ദ് ന്യൂയോര്‍ക്കറില്‍’ എഴുതിയത്. ഏതാണ്ട് പന്ത്രണ്ടിലധികം പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. വളരെ വലിയ ഒരു വായനാസമൂഹം എനിക്ക് ഫ്രാന്‍സിലുണ്ടെന്നതു ശരിതന്നെ, യൂറോപ്യന്‍ എഴുത്തുകാര്‍ക്കെല്ലാം, ഇംഗ്ലീഷ് സംസാരിക്കുന്ന ആസ്വാദകരുടെ മതിപ്പു നേടിയെടുക്കാന്‍ നന്നായി നെറ്റി വിയര്‍ക്കേണ്ടി വന്നിട്ടുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.


ഇസ്മയില്‍ കദാരെ- ഡെബോറ ട്രെയ്സ്മാന്‍

Subscribe Tharjani |