തര്‍ജ്ജനി

ഗന്ധര്‍വന്റെ ചോര

(സര്‍ജ്ജു ചാത്തനൂര്‍ എഴുതിയ 'പകര്‍ന്നാട്ടം' എന്ന കവിതയെ പറ്റി)

ഒന്ന്
ശ്വാസത്തിന്റെ ഗതി പോലെയും ധമനികളിലെ രക്തയോട്ടം പോലെയും സ്വാഭാവികമായ ഒരു ചംക്രമണമായിരുന്നു പി കുഞ്ഞിരാമന്‍ നായര്‍ക്കു കവിത. ജീവിതവും കവിതയും അദ്ദേഹത്തില്‍ അതിരു തര്‍ക്കങ്ങളില്ലാത്ത രൂപകങ്ങളായി വെളിപാടു കൊണ്ടു. മലയാണ്മയുടെ മോഹനമായ പ്രകൃതിയിലേയ്ക്കും മായികമായ ഭൂതകാലത്തിലേയ്ക്കും നിരന്തരം ആവിഷ്ടമാകുന്ന ചേതനയോടെ അറുതിയില്ലാത്ത സഞ്ചാരങ്ങള്‍ നടത്തിയ പി, പില്‍ക്കാലത്ത്‌ കവിതകൊണ്ട്‌ ജീവിതം എഴുതാന്‍ മോഹിച്ച പല സുമനസ്സുകളുടേയും പ്രാഗ്‌ രൂപമായിരുന്നു. അതുകൊണ്ട്‌ ഉപാധികളില്ലാതെ കവിതയെക്കുറിച്ചു ചിന്തിച്ചപ്പോഴൊക്കെ നമ്മുടെ ഓര്‍മ്മകള്‍ സ്വാഭാവികമായും ആ ഗന്ധര്‍വജന്മത്തില്‍ ചെന്നു പറ്റി.

ഒരു കാവ്യജീവിതം സമൂഹത്തിന്റെ അബോധത്തിന്റെ ഭാഗമാവുന്നതിനുദാഹരണമാണിത്‌. കേരളത്തിന്റെ ബാഹ്യ പ്രകൃതിയല്ല സംസ്കാരത്തിന്റെ ആകത്തുകയാണ്‌ പി കവിതയില്‍ കാണുന്നത്‌ എന്ന്‌ എം എന്‍ വിജയന്‍. (അതുകൊണ്ട്‌ പിയെ പിന്‍പറ്റുമ്പോള്‍ കവിതയെയും സംസ്കാരത്തെയും പ്രകൃതിയെയുമാണ്‌ ചില അനുപാതങ്ങളില്‍ തുടരുന്നത്‌) തനിക്കു തന്നെ തീര്‍ത്തും വെളിപ്പെട്ടു കിട്ടാത്ത ഒന്നിനെ തേടിയായായിരുന്നു പിയുടെ അലച്ചില്‍ മുഴുവന്‍. കവിയുടെ ദേശാടനങ്ങള്‍ക്ക്‌, ആദ്ധ്യാത്മിക ധാരകള്‍ പരുവപ്പെടുത്തിയ നമ്മുടെ മോക്ഷ സങ്കല്‍പവുമായി വിദൂരമായ ചാര്‍ച്ചയുണ്ട്‌. പൂര്‍ണ്ണതയുടെ സാക്ഷാത്കാരം എന്ന (അ)ലൌകികമായ മോക്ഷസങ്കല്‍പ്പത്തെ പിന്തുടരുന്നവര്‍ എന്ന നിലയ്ക്ക്‌ പി കവികള്‍ക്ക്‌ വരേണ്യനായതില്‍ സ്വാഭാവികത മാത്രമേയുള്ളൂ. ശാന്തി വിരിയുന്ന ആകാശപുഷ്പത്തിലേയ്ക്ക്‌, പൂഞ്ചിറകില്‍ ഞങ്ങളെയുമെടുത്ത്‌ പറക്കാനാണ്‌ പി എന്ന മധുമക്ഷികയോട്‌, വൈലോപ്പിള്ളിയുടെ വിനീതമായ അഭ്യര്‍ത്ഥന. ആറ്റൂരു മുതല്‍ പിയെ കുറിച്ചെഴുതിയ നാളിതുവരെയുള്ള എല്ലാ കവിതകളിലേയും സ്നേഹ ബഹുമാനങ്ങള്‍ക്ക്‌ ആത്മൈക്യത്തിന്റെ താളമാണ്‌ പ്രകാശം നല്‍കി വന്നത്‌. "ആകാശ വൃക്ഷത്തിന്റെ നക്ഷത്രമിറുക്കാന്‍ തൂവലെരിക്കുകയും മഴവില്ലിലെ മുള്ളില്‍ തറഞ്ഞു പിടയ്ക്കുകയും" (പി കെ ഗോപി) ചെയ്തവന്‍
തങ്ങള്‍ക്കു മുന്‍പേ പോയവനാണെന്ന ഭാവത്തെ പലരീതിയില്‍ ഈ കവിതകളെല്ലാം പിന്‍പറ്റുന്നു. എന്നാല്‍ സ്വന്തം തട്ടകങ്ങളെ തിരിച്ചറിയുമ്പോള്‍ തന്നെ വഴി വ്യത്യാസത്തെ കുറിച്ച്‌ കൂടി ചിന്തിക്കുന്ന കവിത എന്ന നിലയ്ക്കാണ്‌ സര്‍ജ്ജു എഴുതിയ 'പകര്‍ന്നാട്ടം' ശ്രദ്ധയിലെത്തുന്നത്‌. ഏത്‌ ഒച്ചയിലും അത്യന്തികമായി കവികര്‍മ്മം ഒരു നിയോഗമാണെന്ന സത്യത്തെ അത്‌ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

രണ്ട്‌

"അകന്നു കാണുന്നതേ നമ്മള്‍ക്ക്‌ ഭംഗിയാകൂ.
ആണ്ടു മുങ്ങുമ്പോഴാഴം നീരാളിക്കരം നീട്ടും"

എന്ന സങ്കല്‍പ്പത്തെ പങ്കുവയ്ക്കുകയാണ്‌ ഒരര്‍ത്ഥത്തില്‍ 'പകര്‍ന്നാട്ടം'. പല രീതിയില്‍ വിപുലപ്പെടുത്താവുന്ന ഒരു സങ്കല്‍പ്പമാണിത്‌. ജന്മത്തിന്റെ കയ്പ്പാണ്‌ കവിതയിലെ മാധുര്യം. ഇതു ഒരു സാമാന്യ പ്രസ്താവമല്ല. കവിതയെഴുത്തിന്റെ ചുഴിമലരികള്‍ തിരിച്ചറിയുന്ന മനസ്സിന്റെ നൊമ്പരമാണ്‌. കുഞ്ഞിരാമന്‍ നായര്‍ വ്യക്തി, കവി എന്ന നിലയില്‍ നിന്നെല്ലാം ഉയര്‍ന്ന്‌ കവിതയായി പരിണമിക്കുന്നതു കാണാം ഇവിടെ. ('കവിതയ്ക്കിടമുണ്ടോ കുഞ്ഞിരാമനുമിടം') അതുകൊണ്ട്‌ ആഭിചാരം വേണ്ടത്‌ കവിതയില്‍ നിന്നുള്ള വിടുതിയ്ക്കാണ്‌, കവിയില്‍ നിന്നുള്ളതിനല്ല. തഥ്യയുടെ ഏകതാനമായ ശരാശരികളില്‍ നിന്ന്‌ നേടിയ മുക്തിയുമായി വ്യവസ്ഥാപിതങ്ങളെ അഴിച്ചു കെട്ടികൊണ്ടാണ്‌ ഓരോ കവിയുടേയും ജന്മം. വ്യാകരണമൊപ്പിച്ചുള്ള ജീവിതത്തിന്റെ വിരസമായ ഇടുക്കുകളില്‍ നിന്നും അവര്‍ കുടിയിറങ്ങുന്നു. നാലു സ്വപ്നാടനങ്ങളിലൂടെയാണ്‌ കവി(ത)യുടെ ഈതിബാധ അവതരിപ്പിക്കപ്പെടുന്നത്‌. കവിയുടെ അബോധത്തിന്റെ ഭിത്തിയില്‍ തുടര്‍ച്ചയായി കുഞ്ഞിരാമന്‍ നായരുടെ രുപങ്ങള്‍ പ്രക്ഷേപിക്കപ്പെടുന്നതു നാം കാണുന്നു. അതോടൊപ്പം പ്രകൃതി ഭാവങ്ങളില്‍ കേരളീയാന്തരീക്ഷം നിറയ്ക്കുക എന്ന 'പി' സഫലമാക്കിയ സിദ്ധി - പി യെ കുറിച്ചെഴുതിയ കവിതകളിലെല്ലാം ഏറിയും കുറഞ്ഞും പ്രത്യേകത ഭാവുകത്വത്തോടെ അവതരിക്കുന്നവ - "നിലാവ്‌ ആറാട്ടിനിറങ്ങുന്നു, അരയാല്‍ കൊമ്പത്തു ചിരിക്കുന്ന കാറ്റ്‌, കരിമലകളില്‍ കൊള്ളിയാല്‍ തിടമ്പേറ്റം, മഴപ്പൂരത്തില്‍ പനകളുടെ കുടമാടം" എന്നെല്ലാം ഇവിടെയും കവിയുടെ ഭ്രമക്കാഴ്ച്ചകള്‍ക്കു തീവ്രമായ ഭാവപ്പൊലിമ നല്‍കികൊണ്ട്‌ പശ്ചാത്തലമായി നിറയുന്നതും കാണുന്നു. ഉന്മാദം പ്രമേയരൂപത്തില്‍ കവിതയില്‍ ആവിഷ്കൃതമാവുന്നത്‌ ഇത്‌ ആദ്യമായല്ല. അയ്യപ്പന്റെ കവിതകളിലെമ്പാടും മായക്കാഴ്ചകളുടെ വെയില്‍ച്ചീളുകള്‍ ചിതറി കിടപ്പുണ്ട്‌. മൌലിക ഭാവനയില്‍ നിന്ന്‌ രൂപം കൊള്ളുന്ന കാവ്യബിംബങ്ങള്‍ ഓരോന്നും വിഭ്രാമകമായ സംവേദനത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയില്‍ വഴുക്കുന്ന വരമ്പുകളാണ്‌. ഭ്രാന്ത്‌ പൊതുബോധത്തിനു നിരക്കാത്തതും എന്നാല്‍ കൂടുതല്‍ കാവ്യാത്മകമായ ജീവിതരീതിയുമാകുന്നു. കവിയാകാനാഗ്രഹിക്കുകയും ജീവിതത്തിന്റെ സ്വാഭാവികതാളങ്ങള്‍ക്ക്‌ അരുനിന്നു പോകാന്‍ കൊതിയ്ക്കുകയും ഒരേ സമയം ചെയ്യുമ്പോഴുണ്ടാകുന്ന കുഴമറിച്ചിലാണ്‌ പ്രശ്നവത്കരിക്കപ്പെടുന്നത്‌. 'കവിയും കിറുക്കിത്‌'(എന്ന്‌ ഭാര്യ) 'പനിച്ചു കിടന്നു പോയ്‌ വീട്‌' "ചഞ്ചലം ചിത്തം എനിക്കെന്നെയും കിട്ടാതായി' തുടങ്ങിയ വരികളില്‍ കവിതയ്ക്കും ജീവിതത്തിനും ഇടയില്‍ ഒരു പച്ച ജീവന്റെ പിടച്ചിലുണ്ട്‌. ഇവിടെ നിന്നും കുറച്ചു ദൂരമേയുള്ളൂ 'നിന്റെ ധൂര്‍ത്തമായ ജീവിതം പകര്‍ന്നാടുവാന്‍ വയ്യ, വിട്ടു പോവുക എന്നില്‍ നിന്ന്‌ എന്നേയ്ക്കുമായി' എന്ന പ്രാര്‍ത്ഥനയിലേയ്ക്ക്‌. പക്ഷേ ആ നിസ്സഹായത ഫലപ്രാപ്തിയെലെത്തുകയില്ലെന്ന്‌ നമുക്കറിയാം, കവിയ്ക്കും.

മൂന്ന്‌

ഈ പ്രാര്‍ത്ഥന കാതലായ ഒരു മനശ്ശാസ്ത്ര സത്യത്തിന്റെ കാവ്യാത്മകമായ ആവിഷ്കരണമാണ്‌. അബോധത്തിന്റെ ആവിഷ്കരണങ്ങളായ ഭ്രമകാഴ്ചകള്‍ ഒരേ സമയം കവിയുടെ ഭാഗവും 'അന്യവും'ആണ്‌. ലക്കാന്റെ കര്‍ത്തൃത്വ സങ്കല്‍പ്പത്തിലെ ദര്‍പ്പണ ഘട്ടവുമായി സാമ്യമുള്ള ഒരു അനുഭവം കവിയുടെ ഭ്രമാത്മകമായ 'പി' കാഴ്ചകളില്‍ കിടപ്പുണ്ട്‌. താന്‍ അമ്മയുടെ ഭാഗമാണെന്ന കുഞ്ഞിന്റെ തോന്നലിന്‌ കാര്യമായ ആഘാതമേല്‍ക്കുന്ന പരിണതിയെയാണ്‌ ലക്കാന്‍ "മിറര്‍ സ്റ്റേജ്‌' എന്നു വിളിച്ചത്‌. ആത്മാനുരാഗപരമായ ഈ വെളിപാടിന്റെ ആവിര്‍ഭാവത്തോടു കൂടി കുട്ടിയില്‍ അഹംബോധം സൃഷ്ടിക്കപ്പെടുകയും കര്‍ത്താവ്‌ എന്ന നിലയിലുള്ള ബോധത്തിന്റെ രൂപപ്പെടലിനെ സഹായിക്കുകയും ചെയ്യുന്നു. മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്തനായ ഒരാളായി തന്നെ തിരിച്ചറിയുക എന്നത്‌ ബോധത്തിന്റെ ഉയര്‍ന്ന രൂപമാണ്‌. ഈ മോചനാഭിലാഷം 'വിട്ടുപോവുക എന്നില്‍ നിന്നേയ്ക്കുമായി' എന്നിടത്ത്‌ നാം വായിക്കുന്നു. എന്നാല്‍ അവിടെ നിന്നും കവിത പിന്മടങ്ങുന്നത്‌ കവിത = കുഞ്ഞിരാമന്‍ നായര്‍ എന്ന സമവാക്യത്തിലേയ്ക്കാണ്‌. സാമൂഹികമായ അര്‍ഥങ്ങളുടെയും വ്യാകരണങ്ങളുടെയും ചിട്ടപ്പെടുത്തിയ ക്രമത്തിലേയ്ക്ക്‌ (സിംബോളിക്‌ ഓര്‍ഡര്‍) വളരുന്നതിനു പകരം കവി തിരിയുന്നത്‌ ക്രമരാഹിത്യങ്ങളുടെയും അയുക്തികതയുടേയും (ഇമേജിനറി ഓര്‍ഡര്‍) മണ്ഡലത്തിലേയ്ക്കാണ്‌.

'ഒഴിഞ്ഞകലുവാന്‍ ആഭിചാരങ്ങള്‍ വേണം
കവിതയ്ക്കിടമുണ്ടോ കുഞ്ഞിരാമനുമിടം'

കേരളത്തിന്റെ ഭൂതകാലപ്രകൃതിയിലേയ്ക്ക്‌ നിരന്തരം കണ്ണയച്ചു കൊണ്ട്‌ കുഞ്ഞിരാമന്‍ നായര്‍ കുടിച്ചു തീര്‍ത്ത കയ്പ്പുനീരും ("പുഴവക്കത്തെ പൂത്ത പാലച്ചോട്ടിലിരുന്ന്‌ കുഞ്ഞിരാമന്‍ നായര്‍ രുചിച്ചു തീര്‍ത്ത അമ്ലചഷകങ്ങള്‍" - സച്ചിദാനന്ദന്‍) നടന്നു തീര്‍ത്ത ദൂരങ്ങളൂം വിധിപോലെ പടരുന്നെന്നും പി ഒരു വ്യക്തി എന്ന നിലയില്‍ നിന്നുയര്‍ന്ന്‌ ഒരു പ്രവാഹമായി മുന്നിലെ തലമുറയിലേയ്ക്കും ഒഴുകി നിറയുന്നെന്നും തെര്യപ്പെടുത്തുന്ന വരികളാണിവ. സമുദ്രാന്തര്‍ ഭാഗത്ത്‌ ഏകകോശജീവികളായി കഴിഞ്ഞതിന്റെ സ്മരണയാണോ നാമിന്നും നമ്മുടെ ചോരയില്‍ സൂക്ഷിക്കുന്ന ഉപ്പുരസം? അങ്ങനെ എഴുതിയത്‌ ആഷാമേനോനാണ്‌. തന്റെ വഴി കവിതയുടേതാണെന്നും കൂടെ നടക്കുന്നത്‌ ഇളകി തെറിക്കുന്ന ചന്ദ്രനാണെന്നും ('നടന്നൂ പിന്നാലെ ഞാന്‍ തിങ്കളും പയ്യെപ്പയ്യെ') തിരിച്ചറിയുന്ന ഒരാള്‍ക്ക്‌ സ്വന്തം ചോരയില്‍ പി എന്ന ഗന്ധര്‍വജന്മത്തിന്റെ ഗൂഢമായ കൈയെഴുത്തുകള്‍ വെളിപ്പെട്ടു കിട്ടാതിരിക്കില്ല. ഇങ്ങനെ അറിയിച്ചു കൊണ്ടാണ്‌ 'പകര്‍ന്നാട്ടം' വ്യക്തിഗതമായ അനുഭവതലത്തില്‍ നിന്ന്‌ ഉയരുന്നതും പിയ്ക്കുള്ള വ്യത്യസ്തമായ ഒരു അര്‍ച്ചനാലാപമായി പരിണമിക്കുന്നതും.

ശിവകുമാര്‍ ആര്‍ പി