തര്‍ജ്ജനി

നിരൂപണം

പ്രണയത്തിനു വേണ്ടി മരിക്കുമ്പോള്‍: മാര്‍ക്വേസിന്റെ നോവലുകളെപ്പറ്റി

മാര്‍ക്വേസിന്റെ രചനകളിലെ പ്രണയത്തിന് വിചിത്രമായ ആവിഷ്കരണരീതികളാണുള്ളത്. വിധിനിയോഗം, പ്രേതാവേശം, രോഗാതുരത എന്നൊക്കെ പറയാവുന്ന മട്ടിലാണ് അതു ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഒരിക്കല്‍ പിടിപെട്ടാല്‍ സുഖപ്പെടുത്തുക എളുപ്പമല്ലാത്ത അസുഖം പോലെയാണ് പ്രണയം മാര്‍ക്വേസിന്റെ കൃതികളില്‍ . പലപ്പോഴും ഈ പീഢയ്ക്കു വിധേയരാവുന്നവര്‍ വൃദ്ധനും ഒരു കൊച്ചു പെണ്‍കുട്ടിയുമാണ്. ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍’ (1970) അറീലിയാനോ ബുവന്ദിയോ വേശ്യയായ ഒരു ചെറിയ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്ന കാര്യം പറയുന്നുണ്ട്.

കൌമാരപ്രായക്കാരിയായ മുലാറ്റോ പെണ്‍കുട്ടി കൊടിച്ചിപട്ടിയുടേതു പോലുള്ള അവളുടെ ചെറിയ മുലകളുമായി നഗ്നയായി കിടക്കുന്നു. അറീലിയാനോയ്ക്കു മുന്‍പ് 63 ആണുങ്ങളാണ് ആ രാത്രി ആ മുറിയില്‍ വച്ച് അവളെ അനുഭവിച്ചു പോയത്. വിയര്‍പ്പിലും നെടുവീര്‍പ്പിലും കുഴഞ്ഞ് മുറിയിലെ വായു ചെളിയാകാന്‍ തുടങ്ങിയിരുന്നു. പെണ്‍കുട്ടി കുതിര്‍ന്ന കിടക്കവിരിയെടുത്ത് അറീലിയാനോയോട് മറു വശം പിടിക്കാന്‍ ആവശ്യപ്പെടുന്നു. നനഞ്ഞ് ക്യാന്‍‌വാസ് കഷ്ണത്തെപ്പോലെ ഭാരമുള്ളതായിത്തീര്‍ന്നിരുന്നു ആ വിരിപ്പ്. അവരത് പിഴിഞ്ഞു. അതിനെ സാധാരണ നിലയിലാക്കാന്‍ രണ്ടറ്റങ്ങളിലും പിടിച്ച് ശക്തിയെടുത്ത് മുറുക്കെ തിരിച്ചു. എന്നിട്ട് മെത്ത തിരിച്ചിട്ടപ്പോള്‍ അതിന്റെ മറുവശത്തു നിന്നും വിയര്‍പ്പ് പുറത്തു വന്നു. വിയര്‍പ്പിന്റെ ആ നനവ് ഒരിക്കലും തീരില്ല എന്ന് അറീലിയാനോ ഭയപ്പെടുന്നു.

ദയനീയമായിരുന്നു അവളുടെ അവസ്ഥ. പുറം പരുക്കനായിരുന്നു. തൊലി വാരിയെല്ലുകളോട്ടിക്കിടന്നു. വല്ലാതെ തളര്‍ന്നുപോയിരുന്നതുകൊണ്ട് ശ്വാസം കിട്ടാതെ ആ പെണ്‍കുട്ടി കിതച്ചുകൊണ്ടേയിരുന്നു. അവിടെ നിന്നും ദൂരെയൊരു സ്ഥലത്ത്, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഴുകുതിരിയണയ്ക്കാതെ കിടന്നുറങ്ങിപ്പോയതു കൊണ്ട് ആ പെണ്‍കുട്ടി ഉണര്‍ന്നത് തീജ്വാലകള്‍ക്കു നടുവിലാണ്. അവള്‍ താമസിച്ചിരുന്ന വീട് ചാമ്പലായിപ്പോയി. വളര്‍ത്തിയ അമ്മൂമ്മയോടൊപ്പം അവള്‍ താമസിച്ചിരുന്നത് ആ വീട്ടിലാണ്. ആ സംഭവത്തിനു ശേഷം അമ്മൂമ്മ അവളെ നഗരങ്ങള്‍ തോറും കൊണ്ടു നടന്നു വിറ്റു. കത്തിപ്പോയ വീടിന്റെ വില ഈടാക്കാന്‍ 20 സെന്റുകള്‍ക്ക് അവരവളെ കിടക്കയിലെറിഞ്ഞുകൊടുത്തു. പെണ്‍കുട്ടിയുടെ കണക്കനുസരിച്ച് ഇനിയും പത്തു വര്‍ഷം ഒരു രാത്രി 70 ആണുങ്ങളെ വച്ച് അവള്‍ സ്വീകരിച്ചാലേ രണ്ടുപേര്‍ക്കുള്ള ആഹാരത്തിനു ചെലവായ തുകയും യാത്രാക്കൂലിയും അടഞ്ഞു തീരുകയുള്ളൂ.

അമിതമായ ചൂഷണത്തിനിരയായ പെണ്‍കുട്ടിയെ മുതലാക്കാന്‍ നില്‍ക്കാതെ അറീലിയാനോ മുറിവിട്ടു പോയി. ഒരു വിതുമ്പല്‍ അയാള്‍ അടക്കിപ്പിടിച്ചിരുന്നു. നമ്മള്‍ ഊഹിച്ചതു പോലെ അയാള്‍ അവളുമായി പ്രേമത്തിലായി കഴിഞ്ഞിരുന്നു.

അയാളുടെ പ്രേമവും അവളെ സംരക്ഷിക്കണമെന്ന ആഗ്രഹവും തടയാനാവാത്ത വിധം ശക്തമായ വികാരങ്ങളാണ്. ഉറക്കക്കുറവും പനിയും ബാധിച്ച ശിരസ്സുകൊണ്ട് ശാന്തമായ ഒരു തീരുമാനം അയാള്‍ രാവിലെയായപ്പോഴേയ്ക്കും എടുക്കുന്നു. അവളെ വിവാഹം കഴിക്കാന്‍. അങ്ങനെ അമ്മൂമ്മയുടെ പിടിയില്‍ നിന്നും അവള്‍ക്ക് വിടുതല്‍ നേടി കൊടുക്കാനും എഴുപതു ആണുങ്ങള്‍ക്ക് അവള്‍ നല്‍കുമായിരുന്ന സന്തോഷത്തെ എല്ലാരാത്രികളിലും സ്വയം അനുഭവിക്കാനും അയാള്‍ തീരുമാനിക്കുന്നു.

വൃത്തികേടിന്റെയും വശീകരണത്തിന്റെയും ഈ ആകാംക്ഷ നിറഞ്ഞ മിശ്രണം (എഴുത്തുകാരന്റെ ദേശമായ കൊളംബിയയിലെ അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇതത്ര ആകാംക്ഷ നിറഞ്ഞതാവണമെന്നില്ല) അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ‘നിഷ്കളങ്കയായ എറെന്ദിറയുടെയും ഹൃദയശൂന്യയായ അമ്മൂമ്മയുടെയും അവിശ്വസനീയവും വിഷാദഭരിതവുമായ കഥയില്‍’ (Tr.1978) തിരിച്ചു വരുന്നുണ്ട്. മാര്‍ക്വേസു തന്നെ തിരക്കഥ എഴുതി ആ കഥ പിന്നീട് ചലച്ചിത്രമായി. കാത്തലിക് ആശയ സംഹിതകള്‍ ( ‘വേശ്യാവൃത്തി നിഷ്കളങ്കതയുടെ രക്തസാക്ഷിത്വമാണ്‘) അടിവരയിട്ടതു കൊണ്ട് സിനിമയിലെ സാഹചര്യങ്ങള്‍ അദ്ഭുതകരമായ രീതിയില്‍ മാറിയിട്ടുണ്ട്. എറെന്ദിറയുടെ രക്ഷകന്‍ യുലീസസ് ആവുന്നു. ‘ചമഞ്ഞൊരുങ്ങിയ കൌമാരപ്രായക്കാരി, ഏകാന്ത സമുദ്രം പോലെയുള്ള കണ്ണുകളോടു കൂടിയ‍ വേഷപ്രച്ഛന്നയായായ മാലാഖയാവുന്നു. അവളുടെ അമ്മൂമ്മ തോളുകളില്‍ കരുണയില്ലാത്ത വിധം പച്ചകുത്തിയിട്ടുള്ള, പച്ച രക്തമുള്ള (കര്‍പ്പൂരതുളസിയുടെ തേന്‍ പോലുള്ള എണ്ണമയമുള്ള തിളങ്ങുന്ന പച്ച രക്തം) , തനി പിശാചായി പ്രത്യക്ഷപ്പെടുന്നു.

എറെന്ദിറയെ ആദ്യം നമ്മള്‍ കാണുമ്പോള്‍ അവള്‍ക്ക് പതിനാലു വയസ്സ് കഷ്ടിച്ച് ആകുന്നതേയുള്ളൂ. അതേസമയം മാര്‍ക്വേസിന്റെ ചെറിയ ചരിത്ര നോവല്‍ ‘Of Love and Other Demons‘ (1995) -ലെ നായിക സിര്‍വ മരിയയ്ക്ക് 12 ആണ് പ്രായം, കഥയുടെ തുടക്കത്തില്‍. അവളുടെ അമ്മ പൊങ്ങച്ചക്കാരിയും മെരുക്കമില്ലാത്തവളും ദുര്‍ന്നടത്തക്കാരിയും അത്യാര്‍ത്തിപിടിച്ചവളും ലജ്ജയില്ലാത്തവളുമൊക്കെയാണ്. ഒരു പട്ടാളക്യാമ്പിനെ മുഴുവന്‍ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിശപ്പുള്ള ഗര്‍ഭപാത്രവുമായാണ് അവള്‍ നടക്കുന്നത്. മരിയയുടെ പിതാവ് മാര്‍ക്വേസ് ഡി കസാല്‍ഡുറൊ സ്ത്രൈണ പ്രകൃതിയുള്ള, രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ വാവലുകള്‍ രക്തം കുടിക്കുന്നതിനാല്‍ ലില്ലിപ്പൂവുകളെ പോലെ വിളറിയ തൊലിയുള്ളവനുമായ ശവമടക്കുക്കാരനാണ്. സ്വന്തം മകള്‍ക്കു നല്‍കാന്‍ വേണ്ട സ്നേഹമോ ഊര്‍ജമോ രണ്ടാളിലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവള്‍ അടിമകളുടെ ചീയുന്ന വീട്ടു സാമാനങ്ങളുടെതിനു സമാനമായ അനിശ്ചിതത്തില്‍ ചെന്നു പറ്റി. അടിമകളുടെ ഭാഷയും നൃത്തവും ആഹാരവും ശീലിച്ചു. ആടിന്റെ കണ്ണും വൃഷണവും ആണ് അവളുടെ പ്രിയപ്പെട്ട ആഹാരം. പന്നിക്കൊഴുപ്പില്‍ കത്തുന്ന മസാലകള്‍ ചേര്‍ത്ത് പാകപ്പെടുത്തിയ ആഹാരം അവള്‍ ഇഷ്ടപ്പെട്ടു. അവളുടെ ഏറ്റവും ആകര്‍ഷണീയമായ ശരീരഭാഗം തിളങ്ങുന്ന ചെമ്പന്‍ തലമുടിയായിരുന്നു. അതൊരിക്കലും മുറിച്ചിരുന്നില്ലത്രേ. അവള്‍ നടക്കുമ്പോള്‍ തടഞ്ഞു തട്ടിവീഴാതിരിക്കാന്‍ വളയങ്ങളായി പിന്നിയിട്ടിരുന്നു.

അവളുടെ ജന്മദിനത്തിനാണ് അവളെ ഭ്രാന്തിളകിയ ഒരു നായ കടിക്കുന്നത്. രോഗലക്ഷണങ്ങളെയും ചികിത്സകളെയും കവച്ചുവയ്ക്കത്തക്ക വ്യക്തിപ്രഭാവം അവള്‍ക്കുണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ അപകടത്തിലേയ്ക്കു നീങ്ങി. അവളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പിതാവ് ജാഗ്രത്താവുന്നത് അപ്പോഴാണ്. അയാള്‍ അവളെ ഗാഢമായി പ്രണയിക്കാന്‍ തുടങ്ങുന്നു. ലോകത്തില്‍ മറ്റാരെയും സ്നേഹിച്ചിട്ടില്ലാത്ത വിധത്തില്‍ താനവളെ പ്രണയിച്ചിരുന്നു എന്ന് പെട്ടെന്ന് തിരിച്ചറിയുന്നു. അതു തന്നെയാണ് ഈശ്വരവിശ്വാസിയും പഠിപ്പുള്ളവനുമായ 36 വയസ്സുകാരന്‍ പാതിരി കയാന്റനോ ഡെലൌറയും ചെയ്യുന്നത്. അയാളെയാണ് പള്ളി, കടുത്ത വാശിയും വന്യമായ പെരുമാറ്റവും കണ്ട് അവളുടെ ബാധയൊഴിപ്പിക്കാന്‍ നിയോഗിച്ചത്. ഡെലൌറ അവസാനം തന്റെ പ്രണയം തുറന്ന് പ്രഖ്യാപിക്കുന്നു. അയാളുടെ ഓരോ നിമിഷവും അവളെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ നിറഞ്ഞിരുന്നു എന്നും തിന്നതും കുടിച്ചതുമായ എല്ലാത്തിലും അവളുടെ സ്വാദുണ്ടായിരുന്നു എന്നും അയാള്‍ കുറ്റസമ്മതം നടത്തുന്നു. അവളായിരുന്നു അയാളുടെ ജീവിതം. എപ്പോഴും എവിടെയും. അയാളുടെ ഹൃദയത്തിലെ ഏറ്റവും വലിയ ആനന്ദം അവളോടൊപ്പെം മരിക്കുക എന്നുള്ളതാണ്. കാത്തലിക് മതനിന്ദയുടെ രൂപത്തിലുള്ള കാല്പനിക പ്രണയം വളരെ അപൂര്‍വമായി മാത്രം ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണെന്ന് ഈ ഭാഗം വിശകലനം ചെയ്ത് ഡെനിസ് ഡി റോഗ്‌മെന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വേശ്യാവൃത്തിയുടെ ഘടകങ്ങള്‍, സ്റ്റെന്താളിന്റെ വാക്കുപയോഗിച്ചു പറഞ്ഞാല്‍ പ്രണയത്തിന്റെ ‘പരല്‍ നിര്‍മ്മാണ’ (crystallization) ത്തിന് അത്യാവശ്യമാണെന്ന മട്ടിലാണ് ഇത്തരം കാര്യങ്ങള്‍ മാര്‍ക്വേസ് അവതരിപ്പിക്കുന്നത്.

കൌമാരപ്രായക്കാരിയായ സിര്‍വാ മരിയയ്ക്ക് നേരിടേണ്ടി വരുന്നത് മലീമസമായ ആരോപണങ്ങളെയാണ്. അവള്‍ കോണ്‍‌വെന്റിലേയ്ക്ക് അയയ്ക്കപ്പെടുന്നു. പഴയരീതിയിലുള്ള വസ്ത്രങ്ങളും തൊപ്പിയും റിബ്ബണും ധരിച്ചാണ് അവള്‍ അവിടെ ചെല്ലുന്നത്. മഠാധിപ സഹജമായ കോപത്തോടെ അതു കണ്ട് ഒച്ചയെടുക്കുന്നത് ‘സ്വൈരിണിയുടെ തൊപ്പി’ എന്നു പറഞ്ഞാണ്. ഡെലൌറയ്ക്ക് അവളിലുള്ള താത്പര്യത്തെക്കുറിച്ചുള്ള അപവാദങ്ങള്‍ ‘ ഗര്‍ഭിണിയായ വേശ്യ’ എന്ന പേരും അവള്‍ക്കു നേടിക്കൊടുത്തു. പാതിരിയും അവളും പരസ്പരം ആശ്ലേഷിക്കുന്നു, ദിവസവും ലൈംഗികാനുഭവങ്ങള്‍ പങ്കിടുന്നു. എന്നിട്ടും ഒരു വിവാഹത്തിന്റെ സ്വപ്നവുമായി അവള്‍ കന്യകയായി തന്നെ തുടരുന്നു. അവള്‍ ‘പ്രതിഭാശാലി‘യാണെന്ന് വൈദ്യനും അബ്രന്‍സിയോയും അഭിപ്രായപ്പെടുന്നുണ്ട്. അക്കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. അയാളുടെ വാക്കുകള്‍ ഇങ്ങനെയാണ്. ”സെക്സിന് പ്രതിഭ വേണം. എനിക്കതില്ല.” ഡെലൌറ പ്രേമവിഷയകമായി എത്ര ആണയിട്ടാലും സിര്‍വാ മരിയയാണ് ആഹാരം ഉപേക്ഷിച്ച് പ്രണയത്തിനായി മരിക്കാന്‍ തയാറാവുന്നത്. അവളുടെ തലമുടി ആ കഥ പറയുന്നുണ്ട്. കന്യാസ്ത്രീ അതു മുഴുവന്‍ വടിച്ചു കളയുന്നു. എന്നാല്‍ മരിച്ചതിനു ശേഷം തലമുടിയിഴകള്‍ കുമിളകള്‍ പൊങ്ങുന്നതുപോലെ പഴയമട്ടില്‍ വളര്‍ന്നു നിറയുന്നു. 200 വര്‍ഷങ്ങള്‍ക്കു ശേഷവും കടുത്ത ചെമ്പു നിറത്തിലുള്ള വളര്‍ന്നു കൊണ്ടിരിക്കുന്ന ജീവനുള്ള തലമുടിയിഴകളുടെ പ്രവാഹം അവളുടെ ശവക്കല്ലറയില്‍ നിന്നും പുറത്തേയ്ക്കു നീളുന്നതു നാം കാണുന്നു. ഏതാണ്ട് 22 മീറ്റര്‍. ഈ അദ്ഭുതം നേരില്‍ക്കണ്ട് മുഖവുരയില്‍ വിശദീകരിച്ചത് മറ്റാരുമല്ല, 21 വയസ്സുകാരനായ പത്രപ്രവര്‍ത്തകന്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് തന്നെ.

പത്തു വര്‍ഷത്തോളം നിശ്ശബ്ദനായിരുന്നിട്ട് ( ഇക്കാലയലവില്‍ സര്‍ഗാത്മക രചനകളൊന്നും മാര്‍ക്വേസില്‍ നിന്നുണ്ടായില്ല) അദ്ദേഹം സമ്മാനിച്ച പുതിയ നോവലാണ് ‘വിഷാദവേശ്യകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍’. കഷ്ടിച്ച് നൂറ്റിയന്‍പതോളം പേജുകള്‍ വരുന്ന ഒരു രചന. ഈ കൃതി വീണ്ടും പതിനാലുകാരിയായ വേശ്യപെണ്‍കുട്ടിയുടെ ചിത്രം മുന്നില്‍ കൊണ്ടു വരുന്നു. നനഞ്ഞു കുതിര്‍ന്ന ഒരു കിടക്കയില്‍ അവള്‍ നഗ്നയായി കിടക്കുന്നു. ഇപ്പോള്‍ ആ നനവ് അവളുടെ വിയര്‍പ്പിന്റെ ഫലമാണ്. അവളുടെ കാമുകനും നോവലിലെ നായകനും ആഖ്യാതാവുമൊക്കെയായ പേരില്ലാത്ത വ്യക്തി 90 വയസ്സു പ്രായമുള്ളയാളാണ്. ഗാര്‍ഷ്യാ മാര്‍ക്വേസ് -ആദ്യ വാക്യത്തില്‍ തന്നെ വായനക്കാരെ തരിപ്പിച്ചിരുത്താന്‍ കഴിയുന്ന രചനയുടെ പെരുംതച്ചന്‍ -എഴുതുന്നു. “എനിക്ക് തൊണ്ണൂറ് തികയുന്ന വര്‍ഷം, വന്യമായ പ്രണയത്തിന്റെ ഒരു രാത്രിസമ്മാനമായി എന്നെ തന്നെ ഒരു കൌമാരപ്രായക്കാരിയാ‍യ കന്യകയ്ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു“. മാര്‍ക്വേസ് ജനിച്ചത് 1927-ലാണെങ്കിലും ഇപ്പോള്‍ എണ്‍പതുകളിലാണെങ്കിലും നോവലിലെ പല വിശദാംശങ്ങളും സ്വന്തം പഠനത്തില്‍ നിന്നും എടുത്തു ചേര്‍ത്തതാണെന്നു കാണാന്‍ പ്രയാസമില്ല. നായകന്‍ എഴുത്തുകാരനാണ്. അന്‍പതു വഷം അയാള്‍ പ്രാദേശിക ദിനപ്പത്രത്തില്‍ കോളമെഴുതുകയായിരുന്നു. അയാള്‍ പുസ്തകം വായിക്കുകയും വരികള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. റോമന്‍ ക്ലാസിക്കുകളെ പുകഴ്ത്തുന്നു. നിഘണ്ടുകളുടെ ഒരു ശേഖരം അയാള്‍ക്കുണ്ട്. ശാസ്ത്രീയ സംഗീതം വളരെ ശ്രദ്ധയോടെ ശ്രവിക്കുന്നു. സമാഹാരങ്ങള്‍ക്ക് തലക്കെട്ടുകള്‍ നല്‍കുന്നു. അയാള്‍ക്ക് പേരില്ല, എന്നാല്‍ താമസിക്കുന്ന പട്ടണം മഗ്ദലേനാ നദിയുടെ അഴിമുഖത്തു നിന്നും 20 ലീഗ് (60 മൈല്‍) ദൂരെയാണെന്നു പറയുന്നുണ്ട്. അത് മാര്‍ക്വേസിന്റെ സ്വന്തം സ്ഥലമായ അരക്കാറ്റക്കയുടെ തൊട്ടടുത്ത പ്രദേശമാ‍ണ്. തന്റെ പിതാവ് മരിക്കുന്ന സമയം തൈന്ക്ക് 32 വയസായിരുന്നു എന്നാണ് ആഖ്യാതാവ് പറയുന്നത്. “ ആയിരം ദിവസം നീണ്ടു നിന്ന യുദ്ധം അവസാനിപ്പിച്ചു കൊണ്ട് നീര്‍ലാന്‍ഡിയയുടെ ഉടമ്പടി ഒപ്പു വച്ച ദിവസം.“ അത് 1902-ലാണ്. അതുകൊണ്ട് നമ്മുടെ നായകന്‍ ജനിച്ചത് 1870 ലാണെന്നു പറയാം. അയാള്‍ക്ക് തൊണ്ണൂറാകുന്നത് 1960-ലും. താന്‍ കാലത്തിനു യോജിക്കാത്തവനും ലജ്ജാലുവും അറപ്പുളവാക്കുന്നവനുമാണെന്നാണ് അയാളുടെ അഭിപ്രായം. പണം കൊടുക്കാതെ ഒരു പെണ്ണുമായും അയാള്‍ കിടന്നിട്ടില്ല. ബസ്സില്‍ വച്ചു അയാളെ കാണുന്ന, വേശ്യപ്പണിയില്‍ നിന്നും വിരമിച്ച സ്ത്രീ പറയുന്നത് (അതൊരു പക്ഷേ അവളുടെ തൊഴിലിന്റെ ഭാഗമായ മുഖസ്തുതി മാത്രമാകാം) ‘അയാളുടെ രാക്ഷസ ലിംഗത്തെ ഭീരുത്വത്തിനും പിശുക്കിനും പകരമുള്ള പ്രതിഫലമായി കണക്കാക്കിക്കൊള്ളാനാണ്. അയാള്‍ വിവാഹം കഴിക്കുകയോ പക്ഷിമൃഗാദികളെ വളര്‍ത്തുകയോ ചെയ്തില്ല. അയാളുടെ വിശ്വസ്തയായ ജോലിക്കാ‍രി ഡാമിയാന (റെഡിന്ത്യാക്കാരിയെപ്പോലെയുള്ളവള്‍, കരുത്തുള്ള ഗ്രാമീണ) അയാളുടെ മിതമായ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റി. അയാളുടെ എഴുത്തിനെ ശല്യപ്പെടുത്താതിരിക്കാന്‍ ചെരുപ്പിടാതെ അവള്‍ മുറികളില്‍ പെരുമാറി. നിര്‍ദ്ധനാവസ്ഥയിലും അയാള്‍ ധാരാളം സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തു. പ്രശസ്തിയുടെ വിചാരണകള്‍ അയാള്‍ക്കറിയാം. ‘ദയയില്ലാത്ത ആരാധനയുടെ പേടിപ്പിക്കുന്ന നോട്ടവുമായി‘ അപരിചിതര്‍ അയാളെ സമീപിച്ചു. മാര്‍ക്വേസിന്റെ ഗദ്യം (എഡിത്ത് ഗ്രോസ്മാന്റെ വിദഗ്ദ്ധമായ പരിഭാഷയില്‍) തുളച്ചുകയറുന്ന പ്രൌഢിയും വര്‍ണ്ണശബളമായ ആവിഷ്കരണ ഔചിത്യവും കൊണ്ട് ആവിഷ്കരിക്കുന്ന എന്തിനെയും വ്യത്യസ്തമാക്കുന്നു. രചനാരീതിയുടെ ഒതുക്കം കൊണ്ടും സ്റ്റൊയിക് ചിന്തയുടെ പരിവേഷം കൊണ്ടും ‘ബ്രസീലിയന്‍ എഴുത്തുകാരനായ മചാഡൊ അസ്സീസിനെയും കൊളംബിയന്‍ എഴുത്തുകാരന്‍ അല്‍വാരൊ മ്യൂട്ടിസിനെയും ഓര്‍മ്മിപ്പിക്കുന്ന ‘വിഷാദവേശ്യകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍’ മൃദുവും ശാന്തവുമായ വായനാസുഖമാണ് പകരുന്നത്. ചിന്തയ്ക്കു വിഷയമാകേണ്ട ചില വിയോജിപ്പുകള്‍ അപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും. മാര്‍ക്വേസ് 20-25 വയസ്സിനിടയ്ക്കു പ്രസിദ്ധപ്പെടുത്തിയ ചെറുകഥകളില്‍ ഉണ്ടായിരുന്ന ശവകാമത്തെ (necrophilia) സംബന്ധിക്കുന്ന ചില അംശങ്ങള്‍ അതിശക്തമായി ആവേശിച്ചിട്ടുണ്ട് ഈ നോവലിനെ.

വേശ്യാലയത്തിന്റെ നടത്തിപ്പുകാരി റോസാ കബര്‍ക്കാസ് തന്റെ പഴയ പരിചയക്കാരനു നല്‍കിയ കന്യക വളരെ ദരിദ്രമായ കുടുംബത്തിലെ അംഗമാണ്. തുണിഫാക്ടറിയില്‍ ബട്ടണ്‍ പിടിപ്പിക്കുന്ന ജോലിയാണ് അവളുടെ മുടന്തിയായ അമ്മയ്ക്ക്. ആ തുച്ഛവരുമാനം കൊണ്ടു വേണം അവളുടെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ജീവിക്കാന്‍. അയാള്‍ വരുമ്പോള്‍ അവള്‍ ‘പേടി കൊണ്ട് മരിക്കാറായ അവസ്ഥയിലാണ്.’ അവളുടെ ഒരു കൂട്ടുകാരി കന്യകാത്വം നഷ്ടപ്പെടുന്ന വേളയിലുണ്ടായ രക്തസ്രാവത്താല്‍ മരിച്ചിരുന്നു. അവളെ സ്വസ്ഥയാക്കാന്‍ റൊസ ബ്രോമൈഡും വലേറിയനും ചേര്‍ന്ന മിശ്രിതം നല്‍കിയിരുന്നു. അതവളെ തുണച്ചു. നമ്മുടെ നായകന് രാത്രി അവള്‍ ഉറങ്ങുന്നതിന്റെ ഭംഗി നോക്കിയിരിക്കാന്‍ പോലും സാധിച്ചു.

അവളുടെ കുഞ്ഞുമുലകള്‍ ആണ്‍കുട്ടിയുടെതു പോലെയുണ്ടായിരുന്നു. പക്ഷേ അത് അപ്പോഴേയ്ക്കും ഒരു ശക്തമായ പൊട്ടിത്തെറിയ്ക്കുള്ള രഹസ്യ ഊര്‍ജ്ജം മുഴുവന്‍ ഉള്ളില്‍ സംഭരിച്ചു വച്ചുകൊണ്ട് നിലകൊള്ളുന്നതായി അയാള്‍ക്ക് തോന്നി. അവളുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ ഭാഗം വലിപ്പമുള്ള, എന്നാല്‍ ഒച്ചയില്ലാതെ നടക്കാന്‍ അവളെ സഹായിച്ചിരുന്ന കാല്‍പ്പാദങ്ങളാണ്. അവയിലെ വിരലുകള്‍ കൈവിരലുകള്‍ പോലെ സംവേദനത്വമുള്ളത്. ആഭരണങ്ങളും സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും അവളുടെ പ്രകൃതത്തെ ഒളിപ്പിച്ചു വച്ചില്ല. ‘ഉയര്‍ന്ന നാസിക, തടിച്ച കണ്‍പുരികങ്ങള്‍, അഗാധമായ ചുണ്ടുകള്‍. ഞാന്‍ വിചാരിച്ചു : ‘ഇളം പ്രായത്തിലുള്ള ഒരു പോരുകാള.‘

അയാള്‍ തുടര്‍ച്ചയായി അവിടം സന്ദര്‍ശിച്ചു. അനുഭവങ്ങള്‍ എന്നും ഒന്നുതന്നെ. കഠിനമായ ജോലികൊണ്ടും മയക്കുമരുന്നു കൊണ്ടും തളര്‍ന്ന് അവള്‍, 90 വയസ്സു പ്രായമുള്ള തന്റെ ഉപഭോക്താവിന്റെ വശം ചേര്‍ന്നു കിടന്നുറങ്ങി. അവള്‍ ശ്വസിക്കുന്നതു ശ്രദ്ധിച്ചു കിടക്കുന്ന അയാള്‍ ഒരിക്കല്‍ അവള്‍ മരിച്ചുപോയോ എന്നറിയാന്‍ നാഡി മിടിപ്പ് പരിശോധിക്കുന്നുണ്ട്. അത്രയ്ക്ക് നേര്‍ത്തതായിരുന്നു അത്. അവളുടെ ശരീരത്തില്‍ രക്തം ഓടുന്ന വഴികളെക്കുറിച്ച് അയാള്‍ ഭാവന ചെയ്യുന്നു. “ഞരമ്പുകളില്‍ ഒരു ഗാനം പല ശാഖകളായി പിരിഞ്ഞ് ആ ശരീരത്തിലെ ഏറ്റവും രഹസ്യം നിറഞ്ഞ ഭാഗങ്ങളിലൂടെ ഒഴുകി അവളുടെ ഹൃദയത്തില്‍ തിരിച്ചെത്തുന്നു, പ്രണയത്താല്‍ ശുദ്ധീകരിക്കപ്പെട്ട്.” ആരുടെ സ്നേഹം? ചലനശക്തിയില്ലാത്ത പ്രണയവസ്തുവിലേയ്ക്ക് തിരിച്ചു വിട്ട അയാളുടെ സ്നേഹം എന്ന് നമുക്ക് ഊഹിക്കാം. അയാള്‍ അവള്‍ക്കു വേണ്ടി വായിക്കുകയും പാടുകയും ചെയ്യുന്നു. എല്ലാം അവള്‍ ഉറങ്ങിക്കഴിയുമ്പോള്‍. ഒരിക്കലും ഇതെല്ലാം അവള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്യുന്നതായി നാം കാണുന്നില്ല. അവള്‍ സംസാരിക്കുന്നത് നാം കേള്‍ക്കുന്നില്ല. അവള്‍ക്ക് വികാരങ്ങളും തിരിച്ചറിവും ഉള്ളതായി നോവലിന്റെ അവസാന ഭാഗം സാക്ഷ്യപ്പെടുത്തുന്നു. അയാളുടെ ബന്ധങ്ങള്‍, റോസാ കാബര്‍ക്കാസും മറ്റുള്ളവരും പറയുന്നതനുസരിച്ച്, അയാള്‍ പ്രവര്‍ത്തിച്ചിടത്തൊക്കെ മികവു കാണിച്ചിട്ടുണ്ട്. രണ്ടുപ്രാവശ്യം ഏറ്റവും നല്ല ഉപഭോക്താവിനുള്ള ആ വേശ്യാലയത്തിന്റെ വാര്‍ഷിക അവാര്‍ഡ് അയാള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഉറങ്ങുന്ന സുന്ദരിയ്ക്കു വേണ്ടത് ഉറക്കം മാത്രമാണ്. ആണിന്റെ നോട്ടത്തിനു വിധേയമാകുന്ന സൌന്ദര്യമാണ് അവളുടെ അസ്തിത്വത്തിന്റെ ഹേതു. ഉണര്‍ന്നിരിക്കുമ്പോള്‍ അവള്‍ ചുംബിക്കപ്പെടുന്നതും ചെയ്യുന്നതും രേഖപ്പെടുത്തേണ്ടതില്ല. ഒരു ചെറിയ പെണ്‍കുട്ടിയെ ലൈംഗിക വേട്ടക്കാരുടെ വിനോദത്തിനായി എറിഞ്ഞു കൊടുക്കുന്ന സാമ്പത്തിക വ്യവസ്ഥയുടെ ക്രൂരതമാത്രമാണത്. ആഖ്യാതാവ് വേശ്യാവൃത്തിയുടെ ഭീകരാവസ്ഥകളെ അപലപിക്കുന്നില്ല. കന്യാചര്‍മ്മങ്ങള്‍ പൊട്ടിക്കാനായി പെണ്‍‌കുട്ടികളെ വിലകൊടുത്തു വാങ്ങുന്ന കിരാതവാഴ്ചയിലേയ്ക്കുള്ള തിരിച്ചു പോക്കിനെ പിന്തുണയ്ക്കുന്നുമില്ല. അത്തരം സദാചാര ചിന്തകള്‍ അയാളുടെ അടിസ്ഥാന ആശയമായ ‘ശരീരത്തില്‍ പ്രണയത്തിന്റെ പുനര്‍ജ്ജന്മവും അതിന്റെ ദാരുണമായ പീഡയും‘ എന്ന ആനന്ദാനുഭൂതിയെ സംബന്ധിച്ചിടത്തോളം തീരെ പരിഗണന അര്‍ഹിക്കുന്നവയല്ല. അയാള്‍ ചിന്തിക്കുന്നതിങ്ങനെയാണ് :“പതിമൂന്നാമത്തെ വയസ്സു മുതല്‍ എന്നെ അടിമയാക്കി വച്ചിരുന്ന ദാസ്യത്തില്‍ നിന്ന് ഇതാ അവസാനം മോചനം!“ അയാള്‍ വായനക്കാര്‍ക്ക് ഉറപ്പു നല്‍കുന്നു. “ എന്റെ ദുരിതാനുഭവങ്ങളുടെ ആനന്ദങ്ങള്‍ ഒന്നിനുവേണ്ടിയും ഈ ലോകത്ത് ഞാന്‍ കൈമാറ്റം ചെയ്യുമായിരുന്നില്ല.” അയാള്‍ തന്റെ തൊണ്ണൂറാമത്തെ വയസ്സിലും മനസ്സില്‍ പ്രേമത്തിന്റെ പൊള്ളിക്കുന്ന കനലുകളുമായി ജീവിക്കുന്നത് അതു തെളിയിക്കാനാണ്.

‘വിഷാദവേശ്യകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍’ കൂടുതലായി അനുഭവിപ്പിക്കുന്നത് രോഗത്തെയും പ്രായത്തെയുമാണ്, പ്രണയത്തെയല്ല. ഉള്ളില്‍ ഒഴുകിനടക്കുന്ന തീവ്രദുഃഖത്തിന്റെ മിന്നായത്തെ പലചിത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും കാഴ്ചവയ്ക്കുന്നുണ്ട്. “ ശ്വാസത്തെ തടസ്സപ്പെടുത്തിക്കൊണ്ട് അമ്ലരുചിയുള്ള കുമിളകള്‍ കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു. ഞാന്‍ നേരത്തേ മരിക്കുന്നതാണ് നല്ലത്”. തന്റെ ഗുദം പുകയുന്ന കാര്യം ആഖ്യാതാവ് പല പ്രാവശ്യം നമ്മളോട് പറയുന്നു. വയസ്സായ ആളുകള്‍ക്ക് സംഭവിക്കുന്നതു പോലെ പലപ്പോഴും അയാള്‍ക്ക് യാഥാര്‍ത്ഥ്യബോധം നഷ്ടമാവുന്നു. ചിലസമയം അത് തെന്നിവീഴുന്നത് അദ്ഭുതകരമായ ലാവണ്യത്തിലേയ്ക്കാണ്. “പൂര്‍ണ്ണചന്ദ്രന്‍ ആകാശത്തിന്റെ മദ്ധ്യഭാഗത്തേയ്ക്കു കയറാന്‍ തുടങ്ങി. പച്ചനിറമുള്ള ലായനിയില്‍ മുങ്ങിയതു പോലെ ലോകം കാണപ്പെട്ടു.” ജലത്തില്‍ വസ്തുക്കള്‍ക്ക് സംഭവിക്കുന്നതുപോലെയുള്ള ഓര്‍മ്മയുടെ വക്രീകരണത്തെ എപ്പോഴും മാജിക് റിയലിസം ആശ്രയിച്ചിട്ടുണ്ട്. പ്രണയവും അങ്ങനെ തന്നെ. “ അന്നു മുതല്‍ അവള്‍ എന്റെ ഓര്‍മ്മയിലുണ്ട് എനിക്കുവേണ്ടതെല്ലാം ചെയ്യാവുന്ന രീതിയില്‍ അത്രമേല്‍ വ്യക്തതയോടെ എനിക്കവളെ കാണാം.. അവളുടെ ശരീരത്തില്‍ തൊടാം. എന്റെ സ്മൃതിയില്‍ ഉള്ളതിനേക്കാള്‍ ഒട്ടും കൂടുതലായി തോന്നിയില്ല എന്റെ മുന്നിലുള്ള അവള്‍”. സങ്കീര്‍ണ്ണവും കഠിനവുമായ യഥാര്‍ത്ഥ്യം പോലെ, ഞെരുക്കുന്ന ആവശ്യങ്ങളുമായി ജീവനോടെ മുന്നിലിരിക്കുന്ന ഭാര്യയെക്കാള്‍, അമ്മയാകാന്‍ വേണ്ടി വിലകൊടുത്തു കൊണ്ടു വന്ന സ്ത്രീയേക്കാള്‍ ലൈംഗിക ഉത്തേജനം നല്‍കുന്നത് ഭാവനയിലുള്ള സ്ത്രീയാണ്. അല്ലെങ്കില്‍ വാടകയ്ക്കെടുത്ത വേശ്യ. കാരണം അവളുടെ ഇച്ഛ നമ്മുടെ സ്വന്തം ഇച്ഛയാണ്. റോഗ്‌മെന്റും ഫ്രോയിഡും ഒരു പോലെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ( 1912-ലെ ലേഖനം ; ‘ലൈംഗികജീവിതത്തകര്‍ച്ചയുടെ ഏറ്റവും സാര്‍വത്രികമായ രൂപം‘). ‘Of Love and Other Demons‘ എന്ന നോവലില്‍ ഈ മായ, പരിത്യക്തയായ രാജകുമാരിയുടെ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. വന്യവും നിഗൂഢവുമായ വ്യക്തിത്വമുള്ള നിസ്സഹായയായ അനാഥക്കുട്ടിയുടെ രൂപത്തില്‍.

‘വിഷാദവേശ്യകളെക്കുറിച്ചുള്ള ഓര്‍മ്മകളി’ല്‍ അവള്‍ ഉറക്കത്തില്‍ കീഴട(ങ്ങുന്ന)ക്കപ്പെടുന്ന, തൊഴിലാളി വര്‍ഗത്തില്‍പ്പെടുന്ന ഒരു നിസ്സാര വ്യക്തിയാണ്. അവളുടെ ശബ്ദിക്കാത്ത ശരീരം ജീവിതവിസ്മയത്തിന്റെ പ്രതീകവും. സ്നേഹത്തെ അനശ്വരമാക്കിതീര്‍ക്കാനുള്ള പ്രവണത 90വയസ്സ് പ്രായമുള്ള ഒരാളിന്റെ നിസ്സഹായമായ വിഷയാസക്തിയ്ക്ക് പ്രത്യേകമായിട്ടുള്ളതല്ല. ജീവിതത്തിന്റെ പതുക്കെയുള്ള നാശത്തില്‍, അതു പോലുള്ള ഓര്‍മ്മകള്‍ ഒരു നിമിഷത്തേയ്ക്ക് പ്രവാഹത്തിന്റെ ഗതി തിരിച്ചു വിടും. ആഖ്യാതാവിന്റെ കാതില്‍ മുഴങ്ങുന്ന മര്‍മ്മര ശബ്ദങ്ങളെ നിശ്ശബ്ദമാക്കും. “ നിങ്ങള്‍ എന്തു ചെയ്യുന്നു എന്നതല്ല പ്രധാനം, ഈ വര്‍ഷമോ അടുത്ത നൂറു വര്‍ഷങ്ങളിലോ നിങ്ങള്‍ എന്നേയ്ക്കുമായി മരിക്കും എന്നതാണ് .” എഴുപതു പിന്നിട്ടു കഴിഞ്ഞ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് താന്‍ ഇപ്പോഴും ജീവിക്കുന്നതു കൊണ്ട് അദ്ദേഹത്തിന്റെ സ്വന്തം വിഷയഗുരുത്വവും ഒളിമ്പ്യന്‍ തമാശയും നിറച്ച് മരിച്ചുകൊണ്ടിരിക്കുന്ന പ്രകാശത്തിനു തയ്യാറാക്കിയ പ്രണയ ലേഖനമാണിത്.

Subscribe Tharjani |
Submitted by smith (not verified) on Tue, 2008-02-12 15:41.

HI dear Sivakumar ,

You done it fabulously ……..Thanks, to be a cause for such a article in Chintha
With love smith……..