തര്‍ജ്ജനി

കവിതയുടെ തളിരാമ്പലുകള്‍

ഇന്തോ-ആംഗ്ലിക്കന്‍ സാഹിത്യത്തിന്‌ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത അംഗീകാരവും പ്രചാരവും ഇന്ന്‌ കൈവന്നിരിക്കുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തന്നെ ഇംഗ്ലീഷിനെ ആത്മപ്രകാശനത്തിനുള്ള മാധ്യമമായി സ്വീകരിച്ചിരുന്നവര്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും അരുന്ധതി റോയിയുടെ നോവല്‍ ബുക്കര്‍ സമ്മാനം നേടിയതോടെയാണ്‌ ഇന്തോ-ആഗ്ലിക്കന്‍ സാഹിത്യം ഇന്ന്‌ കാണുന്ന തരത്തിലുള്ള ആഗോളപ്രശസ്തി നേടിയത്‌. ഇന്ത്യന്‍ സാഹിത്യം ഒന്നേയുള്ളുവെന്നും പക്ഷേ അത്‌ അനേകം ഭാഷകളിലായിട്ടാണ്‌ എഴുതപ്പെടുന്നതെന്നും നിര്‍വചിക്കുമ്പോള്‍ ആ ഭാഷകളുടെ കൂട്ടത്തില്‍ ഇംഗ്ലീഷിനെയും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പൊതുവേ ഇന്ത്യന്‍ സാഹിത്യചിന്തകര്‍ വിമുരായിരുന്നു. ഇന്ന്‌ ആ സ്ഥിതിക്കും മാറ്റം വന്നിരിക്കുന്നു. അരുന്ധതി റോയി, വിക്രം സേത്ത്‌, ശശി തരൂര്‍ തുടങ്ങിയവരെക്കൂടി ഉള്‍പ്പെടുത്താതെ സമകാല ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ച പുര്‍ണ്ണമാവില്ലെന്ന്‌ കരുതുന്നവരാണ്‌ ഇന്ന്‌ കൂടുതലുള്ളത്‌. മൈക്കിള്‍ മധുസൂദന്‍ ദത്ത്‌, രാജാ റാവു, മുല്‍ക്ക്‌ രാജ്‌ ആനന്ദ്‌ തുടങ്ങിയ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിലെ പൂര്‍വസൂരികളുടെ രചനകളിലേക്ക്‌ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും ഇത്‌ നിമിത്തമായിട്ടുണ്ട്‌.

tharjani online

ഇന്ത്യയില്‍ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷിന്റെ സ്ഥാനം അനുക്രമം വികസിച്ചുവരികയാണ്‌. ആംഗലഭാഷയെ ഗൃഹാന്തരീക്ഷത്തിന്റെ ഔദ്യോഗികഭാഷയായി സ്വീകരിച്ച നഗരവാസികള്‍ ഇന്ത്യയില്‍ പെരുകിക്കൊണ്ടേയിരിക്കുന്നു. കോര്‍പ്പറേറ്റ്‌ ലോകത്തിന്റെ ജിഹ്വ തുടക്കം മുതല്‍ ഇംഗ്ലീഷാണ്‌. മലയാളികള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം ഗള്‍ഫ്‌ ഇന്ത്യക്കാരുടെ മക്കള്‍ ഭാഷാപരമായി ഇംഗ്ലീഷ്‌ അന്തരീക്ഷത്തിലാണ്‌ വളര്‍ന്നുവരുന്നത്‌. സംസ്കാരികവ്യക്തിത്വത്തിന്റെ വൈകല്യങ്ങള്‍ മൂലം ഇംഗ്ലീഷിനെ മാതൃഭാഷയായി സ്വീകരിച്ച ഭാഷാവികലാംഗരും ഗള്‍ഫുകാര്‍ക്കിടയിലുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ ഇംഗ്ലീഷില്‍ എഴുതുന്ന ഗള്‍ഫ്‌ മലയാളികളുടെ മക്കള്‍ ശ്രദ്ധയില്‍ വരുന്നത്‌. ദൈനംദിന ജീവിതാനുഭവങ്ങള്‍ക്ക്‌ ഇംഗ്ലീഷ്‌ ഭാഷയുടെ നിറവും മണവും ഉണ്ടാവുമ്പോള്‍ കുട്ടികള്‍ അവരുടെ ആന്തരികതയെ ആവിഷ്കരിക്കാനായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നത്‌ തികച്ചും സ്വാഭാവികതയോടെയാണ്‌.

മലയാളത്തിലെ പ്രമുകവിയും ആംഗലപണ്ഡിതനുമായ അയ്യപ്പപ്പണിക്കരുടെ ആമുത്തോടെ പ്രകാശിതമായിരിക്കുന്ന ദമാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വിന്നി ജെ. പണിക്കരുടെ "ലൌലിനസ്‌ ഒഫ്‌ ഡോണ്‍' എന്ന കവിതാസമാഹാരം അങ്ങിനെയൊരു പരിശ്രമത്തിന്റെ പ്രശംസനീയമായ പരിണിതിയാണ്‌. ഇതിലെ കവിതകള്‍ കൂടുതലും ആത്മഭാഷണപരമാണ്‌. ഏകാന്തതയില്‍ കവി തന്നോടുതന്നെ സംസാരിക്കുന്നു. സ്വാകാര്യമായ ഒരു ലോകം വിന്നിയുടെ രചനകളില്‍ വിങ്ങി നില്‍ക്കുന്നതായി അനുവാചകന്‌ അനുഭവപ്പെടുന്നു. ലോകത്തെ സംബന്ധിക്കുന്ന നിഗൂഢതകളെ സ്വന്തം ആന്തരികതകൊണ്ട്‌ അറിയാന്‍ ശ്രമിക്കുന്ന ഒരു കവി മനസ്സ്‌ ഈ കവിതകളില്‍ ഉണര്‍ന്നിരിപ്പുണ്ട്‌. കൌമാരത്തിന്റെ വിഹ്വലതകളെക്കാളുപരി പ്രശാന്തമായ ഒരു മനസ്സിന്റെ കൌതുകങ്ങളും നഷ്ടബോധം ഇഴചേരുന്ന ആകുലതകളുമാണ്‌ കവിയെ കൂടുതല്‍ ആകര്‍ഷിക്കുന്നത്‌. പരിമിതമായ ജീവിതാനുഭവങ്ങളില്‍ ഊന്നിയാണെങ്കിലും ജീവിതം മുന്നിലെത്തിക്കുന്ന സമസ്തഭാവങ്ങളോടും പ്രതിവചിക്കാനുള്ള കവിയുടെ ഉത്സാഹം പ്രസാദപൂര്‍ണ്ണമാണ്‌. ലളിതവും തരളിതവുമാണ്‌ വിന്നിയുടെ തൂലികയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വരികള്‍.


ഐ ലൌ ടു വേക്‌ അപ്‌ ഇന്‍ ദ്‌ ഡോണ്‍
വെന്‍ ദ്‌ സണ്‍ കംസ്‌ ഔട്ട്‌ ഒഫ്‌ ഇറ്റ്സ്‌ സ്ലീപ്‌
ആന്‍ഡ്‌ ഷൈന്‍സ്‌ ബ്രൈറ്റ്‌ ലി ഓവര്‍ ദ്‌ സി.

tharjani online

ബാഹ്യപ്രകൃതിയെയും സ്വന്തം ആന്തരികതയെയും സവിശേഷമായ രീതിയില്‍ എഴുതിക്കൊണ്ട്‌ അതീവ ലളിതമായി ജീവിതോന്മേഷത്തെ ഇങ്ങിനെ ആവിഷ്കരിക്കാനാവുന്നത്‌ വിന്നിയുടെ കവിതയുടെ പ്രത്യേകതയാണ്‌. 'പ്ലീസ്‌ റിവീല്‍ ദ്‌ സീക്രട്ട്‌' എന്ന കവിതയില്‍ അതേ ലാളിത്യം പ്രപഞ്ചത്തിന്റെ രഹസ്യാത്മകതയെ സ്പര്‍ശിക്കുന്നു. നഷ്ടമാകുന്ന മലയാളിത്തനിമയും യുദ്ധത്തിന്റെ കെടുതികളും, ഒരിക്കലും കണ്ടിട്ടില്ലാത്ത മുത്തച്‌'നും, സമ്മനപ്പൊതികളും, വീടും, മഴയും, പാദസരങ്ങളും, അവധിക്കാലങ്ങളും സതീര്‍ത്ഥ്യരുമെല്ലാം വിന്നിയിലെ കവിയ്ക്ക്‌ ആത്മാവിഷ്കാരത്തിനുള്ള ഉപകരണങ്ങളാകുന്നു. ഒന്നിനോടും ഈ കൌമാരകവി ഉദാസീനയല്ല. പ്രസാദവും ആശ്ചര്യവുമാണ്‌ ഈ സമാഹാരത്തിലെ കവിതകളുടെ കേളിമുദ്രകള്‍. അവ അയത്നലളിതമായി വാര്‍ന്നുവീഴുന്നു എന്നത്‌ ഒരു കവി എന്ന നിലയില്‍ വിന്നിയുടെ സാദ്ധ്യതകളെക്കുറിച്ച്‌ പ്രത്യാശയുള്ളവരാകാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ദമാമിലെ വിദ്യാര്‍ത്ഥിജീവിതക്കാലത്ത്‌ എഴുതിയ മുപ്പത്തിമൂന്ന്‌ കവിതകളാണ്‌ ഈ കന്നികൃതിയില്‍ സമാഹരിച്ചിരിക്കുന്നത്‌. ദമാം ഇന്ത്യന്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസ്‌ പസ്സായി വിന്നി ജെ. പണിക്കര്‍ ഇപ്പോള്‍ തിരുവനന്തപുരം സരസ്വതി വിദ്യാലയത്തില്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയാണ്‌. മാളുബെന്‍ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ പുസ്തകത്തിന്റെ വില നാല്‍പ്പത്തിയൊന്‍പത്‌ രൂപയാണ്‌.

പി.ജെ.ജെ.ആന്റണി