തര്‍ജ്ജനി

പാളിപ്പോയ കലാപം

മരണവുമായി മല്ലിടുന്ന എന്റെ മുഖം വാരിയെടുത്ത്‌ അവള്‍ വീണ്ടും ഉമ്മവെച്ചു. പിന്നീട്‌ ഉറക്കെ കരഞ്ഞു.
"ബീ സൈലന്റ്‌" ഞാന്‍ ഓര്‍മ്മപ്പെടുത്തി.
"കുട്ടാ..."
അവള്‍ അങ്ങനെയാണ്‌ വിളിക്കറ്‌. ആ കണ്ണുകളില്‍ നിന്ന്‌ ധാരയായി ദുഃഖങ്ങള്‍ ഒഴുകി. മനുഷ്യര്‍ അന്യോന്യം സ്നേഹിക്കുകയും ഒരോരുത്തരും അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആലപിക്കുകയും ചെയ്യുന്ന ഒരു നാള്‍ വരുമെന്ന്‌ പ്രതീക്ഷിച്ചാണിറങ്ങിയത്‌. അവള്‍ കുറെ പൈസാ എന്റെ കീശയില്‍ അടുക്കി വച്ചു.

tharjani illustration

" നീ പോയി രക്ഷപ്പെടാന്‍ നോക്ക്‌. ഹൌസ്‌ സര്‍ജന്‍സി കഴിഞ്ഞ്‌ ജനങ്ങളിലേക്കിറങ്ങ്‌. ജനങ്ങളെ രക്ഷിക്കാന്‍ നിന്റെ വൈദ്യപഠനവും ഉപകരിക്കട്ടെ". ഞാനവളെ ഉപദേശിച്ചു.

ഒളിവിലിരിക്കുന്ന ആ വീട്ടില്‍ ഏതു നിമിഷവും പോലീസുവരാം. ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ അക്കങ്ങള്‍ക്ക്‌ എന്നില്‍ ശേഷിക്കുന്ന ജീവനും കൂടി ഏഴുതിത്തള്ളാം.

"നീ ചെറുപ്പമാണു കുട്ടീ. വലിയ വീട്ടിലെ അരുമ സന്തതി, ചത്താലും നിന്റെ പങ്ക്‌ ഞാന്‍ വെളിപ്പെടുത്തില്ല. കാക്കിയണിഞ്ഞവര്‍ക്ക്‌ എന്നെ മരണശേഷമേ തോല്‍പ്പിക്കാന്‍ പറ്റൂ."

ഒരു പോലീസുകാരനാണ്‌ എന്റെ കൈയ്യും കാലുമൊടിച്ചത്‌. ചവിട്ടേറ്റപ്പോള്‍ ഞാന്‍ താഴെ വീണു. ചോര ഛര്‍ദ്ദിച്ചു. പിന്നീട്‌ ഇവളും സുഹൃത്തുക്കളുമാണ്‌ എന്നെ ഇവിടെ കൊണ്ടാക്കിയത്‌.

ഇവളെന്റെ അമ്മയാണ്‌, കാമുകിയാണ്‌, അച്ഛനും ഡോക്ടറുമാണ്‌. എനിക്കായി കരഞ്ഞു. മുറിഞ്ഞ കാലുകള്‍ പ്ലാസ്റ്ററിട്ടു. പക്ഷെ രക്ഷപ്പെടില്ല. കീഴടങ്ങി ജയിലില്‍ കിടന്നു മരിക്കണം. ഒരു ഫോളോവറായതിന്റെ പേരില്‍ ഈ പെണ്‍കുട്ടി നശിച്ചുകൂടാ. പുറത്തു പോലീസ്‌ വണ്ടികള്‍ റോന്തു ചുറ്റുന്നു. റെയ്ഡ്‌ നടത്തുന്നു. ഇവളുടെ അച്ഛനും അമ്മയും വിദേശപര്യടനം കഴിഞ്ഞു വരും മുന്‍പ്‌... മനസ്സു മന്ത്രിച്ചു.

പുറത്ത്‌ ആരോ വാതിലില്‍ ചവിട്ടുന്നു. കോളിംഗ്‌ ബെല്‍ അലറുന്നു. അവളന്നെ മാറോടു ചേര്‍ത്തു വച്ചു. പാതി രാത്രി. എന്റെ വാശി കൂടിയപ്പോള്‍ അവള്‍ വാതില്‍ തുറന്നു. ഞാന്‍ ഇരുന്ന ഇരുപ്പില്‍ കൈകള്‍ പൊന്തിച്ച്‌ കീഴടങ്ങാനുള്ള തയ്യറെടുത്തു. പോലീസ്‌ ചാടിക്കയറി. അവരുടെ സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതിയെ കിട്ടിയിരിക്കുന്നു. പ്രധാന പ്രതി.

പക്ഷേ അത്‌ പോലീസ്‌ ആയിരുന്നില്ല എന്റെ കൂടെ സഘം ചേര്‍ന്നു വന്ന ഗംഗനും ഷംസുവും ഗോപിയുമൊക്കെയായിരുന്നു. പോലീസ്‌ വസ്ത്രത്തില്‍ വന്ന അവര്‍ എന്നെ താങ്ങിയെടുത്ത്‌ അകലെയുള്ള ആശുപത്രി ലക്ഷ്യമാക്കി വണ്ടിയോടിച്ചു.

ടി. എ. ലക്ഷ്മണന്‍