തര്‍ജ്ജനി

അച്ചു സിറിയക്

അച്ചു സിറിയക്
വഞ്ചിത്താനത്തു വീട്
ചക്കാമ്പുഴ പി ഒ
പാല 686574
കോട്ടയം

Visit Home Page ...

കഥ

അതിര്‍വരമ്പ്

പ്രഭാതത്തിന്റെ പുത്തനുണര്‍വിലും അവള്‍ നിര്‍വികാരയെപ്പോലിരുന്നു. തനിക്കൊരിക്കലും ചിന്തിക്കാനാവാത്ത ഒരു കൂടുമാറ്റമാണിത്.

വെറുതേ ഒന്ന് നടക്കാന്‍ പോയാലോ. ഒരു തോടു കടക്കേണ്ട താമസമേയുള്ളൂ. വെറും അഞ്ചു മിനിറ്റ്. വേറൊരാള്‍ക്ക് തന്റെ വീടു വിറ്റാല്‍ പിന്നെ... ഏതോ ഒരു മൂടല്‍ മഞ്ഞ് തന്റെ ചിന്തകളെ ആവരണം ചെയ്യുന്നതു പോലെ തോന്നി രാധികയ്ക്ക്. അവള്‍ അവിടെ നിന്നെഴുന്നേറ്റു നടന്നു.സുന്ദരമായി ഒഴുകുന്ന തോടിനെ ഒരു നിമിഷം നോക്കി നിന്നു. തിങ്ങി നിന്ന മരങ്ങളുടെ ഇടയില്‍ കൂടി സൂര്യന്റെ വെളിച്ചം വന്നു കണ്ണില്‍ തൊട്ടപ്പോള്‍ അറിയാതെ കണ്ണുചിമ്മി, അവള്‍.

രാധിക എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പഴയ വീടു വില്‍ക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ഇഷ്ടമില്ലെങ്കിലും വീട്ടുകാരുടെ സമ്മതത്തിന്നപ്പുറം അവള്‍ക്കൊന്നും പറയാന്‍ പറ്റില്ലല്ലോ. കുട്ടികളുടെ ആഗ്രഹത്തിനെന്തു വില?

പ്രഭാതത്തിന്റെ കുളിര്‍മ്മയില്‍ മൂടിപ്പുതച്ച ഒഴുകാന്‍ മടിച്ചു നിന്ന വെള്ളത്തെ തന്റെ കാല്‍ തട്ടി ഉണര്‍ത്തി രാധിക. കാടു പോലെ വളര്‍ന്നു നിന്ന കാപ്പിത്തോട്ടങ്ങളിലെ കുളിര്‍കാറ്റേറ്റ് നടന്നു നീങ്ങിയത് അവള്‍ തന്റെ പഴയ വീട്ടു മുറ്റത്തേയ്ക്കായിരുന്നു. എന്തോ മറന്നിട്ട വേവലാതിയോടെ ആ മുറ്റത്തു ചെന്നു കയറിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. കാടു പിടിച്ചു കിടന്ന മുറ്റത്തുകൂടി തന്റെ വീടിന്റെ വെള്ളഭിത്തികളില്‍ ഉരുമ്മി നടന്നപ്പോള്‍ ഏതോ ഒരു കുളിര് തന്നെ സ്പര്‍ശിക്കുന്നതായി തോന്നി. കൂട്ടുകാരോടൊപ്പം കളിച്ചു നടന്ന മുറ്റം പള്ളകയറി മൂടിയിരിക്കുന്നു. മഴവെള്ളം ഊര്‍ന്നിറങ്ങിയ ചുവരുകള്‍ നിറം മങ്ങി. ഒരു പാട് മാറ്റങ്ങള്‍! വീടിന്റെ ഗോവണിപ്പടികള്‍ മെല്ലെ ചവിട്ടിക്കയറിയപ്പോള്‍ കാലുറയ്ക്കാത്തപോലെ. അവ പായല്‍ മൂടിയിരിക്കുന്നു. ടെറസ്സിലെത്തിയപ്പോള്‍ തെന്നി വീഴാത്തതില്‍ ആശ്വാസം തോന്നി. അവിടെ ചുറ്റിനടന്ന് അവള്‍ എല്ലാം കണ്ടു. തന്റെ പ്രിയ കൂട്ടുകാരി മാളുവിന്റെ വീട് എന്തു മോടിയായിരിക്കുന്നു. എന്തൊരു മാറ്റം. രാധികയുടെ കണ്ണുകള്‍ പരതി നടന്നു. പക്ഷേ അവിടെ പലതും കണ്ടില്ല. അടുത്തമരക്കൊമ്പില്‍ കാല്‍മുട്ടിക്കുന്നതിനായി മത്സരിച്ചാടിയ ഊഞ്ഞാല്‍, പിന്നെ... അവയൊക്കെ ഇപ്പോള്‍ മനസ്സില്‍ മാത്രം.

ഭൂതകാലത്തിന്റെ താളുകള്‍ മറിഞ്ഞുപോയി. വര്‍ത്തമാനം അവളെ പരിസരബോധമുള്ളവളാക്കി. അല്ലെങ്കിലും യാഥാര്‍ത്ഥ്യം എപ്പോഴും വര്‍ത്തമാനകാലത്തിലാണല്ലോ.
‘വീട്ടില്‍ ആരോടും പറയാതെ പോന്നതാണ്. അവിടെയെല്ലാവരും തന്നെ അന്വേഷിക്കുന്നുണ്ടാവും’.

രാധിക ധൃതിയില്‍ കോണിപ്പടികളിറങ്ങി. കാലിടറിയ അവള്‍ ഒരലറിച്ചയോടെ നിലം‌പതിച്ചു. കാടുപിടിച്ചുകിടന്ന മുറ്റത്തു നിന്നും പിടഞ്ഞെണീക്കാന്‍ ശ്രമിച്ചെങ്കിലും ‘ന്യൂട്ടന്റെ ഗ്രാവിറ്റേഷന്‍ ഫോഴ്സ് ‘ അവിടെക്കയറി ഇടപെടുന്നതായി തോന്നി. കൈമണ്ണിലമര്‍ത്തിയപ്പോള്‍ എന്തോ മിനുസമുള്ള വസ്തുവില്‍ തന്റെ കൈ തടഞ്ഞുവോ? പെട്ടെന്നാണ് തന്റെ പേടി സ്വപനമായിരുന്ന പാമ്പിന്റെ ഭീകരരൂപം അവളുടെ മനസ്സില്‍ തെളിഞ്ഞു പൊങ്ങിയത്. അവള്‍ ഞെട്ടി, കൈ മണ്ണില്‍ നിന്നും വലിച്ചെടുത്തു ഏതോ അവ്യക്തമായ രൂപം.

അതെ! ഇത് അതു തന്നെ. പണ്ട് തനിക്ക് നഷ്ടപ്പെട്ടു പോയ തന്റെ പ്രിയപ്പെട്ട പാവ. അതിന്റെ കണ്ണുകളുടെ തിളക്കം അതിന്നും നഷ്ടപ്പെട്ടിട്ടില്ല. അതിന്റെ നെറ്റിയില്‍ താന്‍ തൊട്ട പൊട്ട് അതുമുണ്ടവിടെ. ഇതു നഷ്ടപ്പെട്ട ദിവസം അന്നെന്തുമാത്രം താന്‍ കരഞ്ഞു!

രാധികയ്ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. മണ്ണുപൂണ്ട ആ രൂപത്തെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് നടന്നപ്പോള്‍ അവള്‍ തന്റെ കാലില്‍ നിന്നിറ്റു വീണ രക്ത തുള്ളികളെ ശ്രദ്ധിച്ചില്ല. തന്റെ ബാല്യകാലം ഒരു സാന്ത്വനമായി അവളെ മെല്ലെ തഴുകുകയായിരുന്നു. നിഷ്കളങ്കമായി.

Subscribe Tharjani |