തര്‍ജ്ജനി

ജയേഷ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

കഥ

ജലം കൊണ്ട് മുറിവേറ്റവര്‍

ചന്തയില്‍ ഒരു മണിക്കൂറോളം വിലപേശിയ ശേഷമാണ്‌ അയാള്‍ മുഴുത്ത ചെമ്മീനുമായി വീട്ടിലേയ്ക്ക് മടങ്ങിയത്. പതിവിന്‌ വിപരീതമായി ഇത്രയും നേരം ചന്തയില്‍ ചിലവഴിച്ചത് ഒരേയൊരു കാരണം കൊണ്ടായിരുന്നു. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ്‌ അയാള്‍ ആലീസിനെ വിവാഹം കഴിച്ചത്. അത് കൊണ്ടാണ്‌ അവള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്തത്ര വലിയ ചെമ്മീന്‍ വാങ്ങിയത്. പ്രാതലിനുള്ള സമയമാകുന്നതേയുള്ളൂ. എന്നാലും അയാള്‍ വേഗത്തില്‍ നടന്നു. ഇപ്പോഴേ വീട്ടിലെത്തിയാലേ ഉച്ചയൂണാകുമ്പോഴേയ്ക്കും ചെമ്മീന്‍ കറി വയ്ക്കാന്‍ പറ്റൂ. അവളാകട്ടെ ഇപ്പോഴേ അടുക്കളയില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാകും .

അകലെ നിന്നും വീട് കണ്ടപ്പോള്‍ അയാള്‍ക്ക് അറിയാതെ വേഗം കൂടി. യുദ്ധസമാനമായ ഒരു പ്രണയവിവാഹമായിരുന്നു അവരുടേത്. അവളുടെ പിതാവ് പണക്കാരനായ ഒരു തുണിക്കച്ചവടക്കാരന്‍, അയാളാകട്ടെ ഒരു കൊല്ലനും. പ്രണയം തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പും തുടങ്ങി. ഒടുവില്‍ മൂന്ന് വര്‍ഷം നീണ്ട കലാപങ്ങള്‍ക്ക് ശേഷം അവള്‍ എല്ലാമുപേക്ഷിച്ച് അയാളോടൊപ്പം പുതിയ ജീവിതം തുടങ്ങാനായി പുറപ്പെട്ടു. കടലോരത്ത് മരം കൊണ്ട് നിര്‍മ്മിച്ച വീട് അയാള്‍ തന്നെ പണിതതായിരുന്നു. അതിനുള്ളില്‍ അന്‍പത് വര്‍ഷങ്ങള്‍ പ്രായമായ അവരുടെ കുടുംബ ജീവിതം സ്വസ്ഥമായിരുന്നു, കുട്ടികള്‍ ഇല്ലെന്ന ദു:ഖമൊഴിച്ചാല്‍.

വരാന്തയിലെത്തിയതും അയാള്‍ അവളെ വിളിച്ചു. മറുപടിയൊന്നും വന്നില്ല. കുളിക്കുകയായിരിക്കും എന്നൂഹിച്ച് അയാള്‍ ചെമ്മീന്‍ പൊതി അടുക്കളയില്‍ കൊണ്ട് വച്ചു. അവിടെ ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ലായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോള്‍ അയാള്‍ കുളിമുറിയില്‍ പോയി നോക്കി. അവിടേയും അവളില്ലായിരുന്നു. പരിഭ്രമിച്ച അയാള്‍ വീടിന്‌ ചുറ്റും അവളെ തിരക്കി. അയല്‍ വീടുകളിലെല്ലാം അന്വേഷിച്ചു. തലേന്ന് വൈകുന്നേരത്തിന്‌ ശേഷം അവരാരും അവളെ കണ്ടിട്ടില്ലായിരുന്നു. പിന്നെ അവള്‍ പോകാനിടയുള്ള സ്ഥലങ്ങളെപ്പറ്റി അയാള്‍ ആലോചിച്ചു. മറവിക്കാരനായ അയാള്‍ക്ക് വേറൊരു സ്ഥലവും മനസ്സില്‍ തെളിഞ്ഞില്ല. വിഷണ്ണനായി വീട്ടിലെത്തിയ അയാളെ എതിരേറ്റത് ഒരു തേങ്ങലായിരുന്നു.

അടുക്കളയില്‍ നിന്നുമായിരുന്നു തേങ്ങലിന്റെ ഉറവിടം . അയാള്‍ ചെന്ന് നോക്കിയപ്പോള്‍ ആലീസ് മുഖം പൊത്തി കരയുന്നതാണ്‌ കണ്ടത്. ഇതിലും ദു:ഖകരമായ കാഴ്ച ലോകത്തിലില്ലെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു. "എന്ത് പറ്റി ഓമനേ?" അയാള്‍ ചോദിച്ചു. അവള്‍ മറുപടി പറയാതെ കരച്ചില്‍ തുടര്‍ന്നു.

" എന്തായാലും പറയൂ .. നോക്കൂ ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമായിട്ട് നിന്റെ കണ്ണ്‌ നിറയുന്നത് കാണാന്‍ എനിക്കാവില്ല .. " ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു " ഇന്നെന്നല്ല..ഒരിക്കലും കഴിയില്ല "

" ഒന്നുമറിയില്ലേ ? " അവള്‍ പൊട്ടിത്തെറിച്ചു

" ഇല്ല... എനിക്കൊന്നും മനസ്സിലാകുന്നില്ല .. ഇന്നലെ ഞാന്‍ കള്ള് കുടിച്ചിരുന്നുമില്ല... പിന്നെന്തിനാ "

" ഇന്നലെ മാത്രമല്ല... നിങ്ങളോടൊപ്പം ജീവിക്കാന്‍ തുടങ്ങിയപ്പൊത്തൊട്ട് ഓര്‍ത്ത് നോക്കൂ "

അതയാളെ ഉലച്ച് കളഞ്ഞു. ഇത്രയും കാലത്തിനിടയ്ക്ക് ഇത്ര ക്രൂരമായ വാക്കുകള്‍ അവള്‍ പറയുന്നത് ആദ്യമായിട്ടായിരുന്നു.

"ഇയാള്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല ' അയാള്‍ മനസ്സില്‍ പറഞ്ഞ് കൊണ്ട് വരാന്തയിലേയ്ക്ക് പോയി. തലേന്ന് രാത്രി വല്ല ദു:സ്വപ്നവും കണ്ടതിന്റെയായിരിക്കുമെന്നും കുറച്ച് കഴിയുമ്പോള്‍ വന്ന് മാപ്പ് പറയുമെന്നും അയാള്‍ പ്രതീക്ഷിച്ചു. പക്ഷേ അങ്ങിനെയൊന്നും ഉണ്ടായില്ല. അകത്ത് അപ്പോഴും അവള്‍ കരയുന്നത് കേള്‍ക്കാമായിരുന്നു.

അവസാനം ഒന്ന് കൂടി അവളോട് തുറന്ന് സംസാരിക്കാമെന്ന് അയാള്‍ തീരുമാനിച്ചു.

" ആലീസേ .. ഇത് നിര്‍ത്ത് ... നിന്റെ കണ്ണുകള്‍ നിറയുന്നത് കാണാന്‍ എനിക്ക് ശക്തിയില്ല. വരൂ , നമുക്ക് വിവാഹവാര്‍ഷികം ആഘോഷിക്കാം .. നോക്ക് ഞാന്‍ നല്ല ചെമ്മീന്‍ കൊണ്ടുവന്നിട്ടുണ്ട്. :

" ഇന്ന് ഞാന്‍ ചെമ്മീന്‍ കഴിക്കില്ല "

" അതെന്താ ... നിനക്ക് വലിയ ഇഷ്ടമാണല്ലോ ചെമ്മീന്‍ ? "

" ഇന്ന് അഗസ്റ്റിന്‍ പുണ്യാളന്റെ ദിവസമാണ്‌ .. ഞാന്‍ ചെമ്മീന്‍ കഴിക്കില്ല "

" എന്ന് വച്ച് ഇപ്പൊപ്പോയി കോഴിയിറച്ചി വാങ്ങിക്കാനൊന്നും പറ്റില്ല "

" ഞാന്‍ കോഴിയിറച്ചിയും കഴിക്കില്ല "

അവള്‍ കഴിഞ്ഞ വര്‍ഷം ഇതേ പുണ്യാളന്റെ ദിവസം കോഴിക്കറി കഴിച്ചതാണല്ലോയെന്ന് അയാളോര്‍ത്തു. പക്ഷേ, അത് ചോദിക്കാനൊന്നും പോയില്ല. തന്റെ ഓര്‍മ്മപ്പിശകാകാനും മതി.

" നിന്റെയിഷ്ടം " അയാള്‍ക്ക് അതില്‍ കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ലായിരുന്നു. അയാള്‍ കടല്‍ തീരത്ത് പോയി തകര്‍ന്ന ഒരു വഞ്ചിയുടെ തണലില്‍ ഇരുന്നു. അവളെ ദേഷ്യം പിടിപ്പിച്ച കാര്യം ആലോചിക്കുകയായിരുന്നു അയാള്‍ . അങ്ങിനെയൊന്നും കഴിഞ്ഞ അന്‍പത് വര്‍ഷക്കാലത്തിനിടയ്ക്ക് ഉണ്ടായിരുന്നില്ല, കലഹത്തിന്‌ സാധ്യതയുള്ള കാര്യങ്ങള്‍ അവര്‍ ഒഴിവാക്കുമായിരുന്നു. സ്നേഹിക്കുകയെന്നലാതെ വേറൊന്നും അവര്‍ക്കിടയിലില്ലായിരുന്നു. എന്നിട്ടും ...!

അന്നേരം നീണ്ട് മെലിഞ്ഞൊരു രൂപം നടന്നടുക്കുന്നത് കണ്ടു. കറുത്ത കോട്ടും കട്ടിക്കണ്ണടയും ധരിച്ച അയാളുടെ മുഖം വിളറിവെളുത്തതായിരുന്നു. അയാള്‍ ചിരിച്ചപ്പോള്‍ വല്ലാത്ത ചവര്‍പ്പാണ്‌ തോന്നിയത്.

" ഗുഡ് മോണിങ് മി. ജൊനാതന്‍ " ആഗതന്‍ പറഞ്ഞു.

" ഗുഡ് മോണിങ് "

" എന്നെ പരിചയപ്പെടുത്തട്ടെ , ഞാന്‍ അഡ്വ. ബാര്‍ത്തോസ് "

" നല്ല കാര്യം "

" എന്റെ കക്ഷി അഥവാ നിങ്ങളുടെ ഭാര്യയ്ക്ക് വേണ്ടിയാണ്‌ ഞാനിപ്പോള്‍ വന്നിരിക്കുന്നത്.

" നിങ്ങള്‍ക്ക് കിറുക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു "

" തീര്‍ച്ചയായും ഇല്ല . നിങ്ങളുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് പരാതിപെട്ടിട്ടുണ്ട്. ഞാനാണ്‌ അതേറ്റെടുത്തിരിക്കുന്നത് "

" എന്ത് മണ്ടത്തരമാണ്‌ നിങ്ങള്‍ പറയുന്നത് ? " അയാള്‍ ചാടിയെഴുന്നേറ്റു.

" വെറും സത്യമാണ് മിസ്റ്റര്‍. ഈ കടലാസുകളില്‍ നിങ്ങളുടെ ഒപ്പ് വാങ്ങുക മാത്രമാണ്‌ ബാക്കിയുള്ള ജോലി "

വക്കീല്‍ കുറേ കടലാസുകള്‍ അയാള്‍ക്ക് കൊടുത്തു. ആലീസ് വിവാഹമോചനത്തിനായി കൊടുത്തിരുന്ന പരാതിയുടെ പകര്‍പ്പായിരുന്നു അത്. തനിക്ക് വിരോധമില്ലെന്ന് സമ്മതിച്ച് ഒപ്പിടാന്‍ വേറൊരെണ്ണവും .

" ക്ഷമിക്കണം . അവള്‍ എന്നോടൊന്നും പറഞ്ഞിട്ടില്ല "

" എങ്കില്‍ വേഗമാകട്ടെ. ഇത് തീര്‍ത്തിട്ട് എനിക്ക് തൊണ്ണൂറ്- വിവാഹമോചനങ്ങള്‍ വേറെയും വാദിക്കാനുണ്ട് "

അയാള്‍ വീട്ടിലേയ്ക്ക് കുതിച്ചു. വരാന്തയില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ അപ്പോഴും നിറഞ്ഞ് തന്നെ.

" ഇത് സത്യമാണോ ?" അയാള്‍ അലറി

" എന്ത് ? "

" നിനക്ക് വിവാഹമോചനം വേണോ ? "

" ഓഹ് .. അപ്പോള്‍ അയാള്‍ നിങ്ങളെ വന്ന് കണ്ടു അല്ലേ ? "

" വന്നു.. എനിക്കൊന്നും മനസ്സിലാവുന്നില്ല. നിന്റെ പ്രശ്നമെന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല "

" നിങ്ങള്‍ക്കറിയില്ലേ ? "

" ഇല്ല.. അന്‍പത് വര്‍ഷത്തിന് ശേഷം എന്ത് കുഴപ്പമാണ്‌ നീ കണ്ടുപിടിച്ചത് ? "

അവള്‍ മിണ്ടിയില്ല. പകരം അലമുറയിട്ട് കരയാന്‍ തുടങ്ങി.

" നിങ്ങളെന്റെ ജീവിതം നശിപ്പിച്ചു " കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു.

" നാശം പിടിക്കാന്‍ " അയള്‍ക്ക് ഒറ്റയടി വച്ച് കൊടുക്കാനാണ്‌ തോന്നിയത്. പക്ഷേ സ്വയം നിയന്ത്രിച്ച് കാര്യങ്ങള്‍ ശാന്തമാക്കാന്‍ അയാള്‍ ശ്രമിച്ചു.

" പെണ്ണേ .. നീ എന്നെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടോ ? എങ്കില്‍ ഞാന്‍ എന്ത് തെറ്റായാലും തിരുത്തുമായിരുന്നു "

" അതിന്‌ നിങ്ങള്‍ക്ക് കഴിയില്ല "

" നീയിപ്പോഴും എന്നെ കുഴക്കുകയാണ്‌ .കാര്യം പറയ് "

" നിങ്ങള്‍ കിടക്കയില്‍ ഒരു പരാജയമായിരുന്നു " ( കരച്ചില്‍ ) " എനിക്കിത് വരെ ഒരു സുഖവും നിങ്ങള്‍ തന്നിട്ടില്ല ( കരച്ചില്‍ )

അയാള്‍ ഒറ്റയോട്ടത്തിന്‌ വക്കീലിനെ കണ്ട് അയാള്‍ പറഞ്ഞിടത്തെല്ലാം ഒപ്പിട്ട് കൊടുത്തു.

Subscribe Tharjani |
Submitted by തഥാഗതന്‍ (not verified) on Fri, 2007-11-09 13:36.

തലക്കെട്ടിന്റെ കോപ്പി റേറ്റ് ഗാര്‍ഷ്യ ലോര്‍ക്കയ്ക്ക് കൊടുത്തു കൂടെ??

അല്ലെങ്കില്‍ ചുരുങ്ങിയത് ഒരു കടപ്പാടെങ്കിലും