തര്‍ജ്ജനി

രാജേഷ്‌ ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

നോവല്ല

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ - 2

പൈതൃകം

"നിന്റെ അപ്പനായ മുട്ടന്‍‍ , അമ്മാച്ചനായ കുട്ടന്‍ എന്നിവരെ തമ്മിലടിപ്പിച്ചു കൊന്നത്‌ മൈക്കല്‍ എന്ന കുറുക്കനാണെന്നൊരു കഥയുണ്ടെന്നു നിനക്കറിയാമല്ലോ." അജി സുമേഷിനോടു പറഞ്ഞു. "ആ കഥ ആദ്യമായി ആരു പറഞ്ഞാണ്‌ ആടുകള്‍ കേട്ടതെന്നു നിനക്കറിയുമോ?"
"ഇല്ല." സുമേഷ്‌ പറഞ്ഞു.


റ്റോബി

"റ്റോബി - ചാണ്ടിയുടെ പിണിയാളായ റ്റോബി. അതു കൊണ്ടു തന്നെ അതു തികച്ചും സത്യവിരുദ്ധമാണെന്നു വേണം അനുമാനിയ്ക്കാന്‍ ‍.
"രണ്ടാമത്‌, ആ കഥയില്‍ കുറുക്കന്‍ ആടുകളോടു സംസാരിയ്ക്കുന്നുണ്ട്‌. കാട്ടുമൃഗങ്ങളുടെ ഭാഷ, അതില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത നാട്ടുമൃഗങ്ങള്‍ക്ക്‌ മനസ്സിലായി എന്നു വിശ്വസിയ്ക്കാന്‍ ഭാഷാശാസ്ത്രം അനുവദിയ്ക്കുന്നില്ല.
"മൂന്നാമത്‌, ഈ കഥയില്‍ പറയുന്ന സംഭവത്തിന്‌ ആടുകളോ മറ്റേതെങ്കിലും മൃഗങ്ങളോ ദൃക്‍സാക്ഷികളായിരുന്നില്ല എന്നതു കൊണ്ട്‌ ഇങ്ങനെയായിരുന്നു അവരുടെ മരണം എന്നതിനു യാതൊരു തെളിവുമില്ല.
"കുട്ടനെയും മുട്ടനെയും എനിക്കു നന്നായി അറിയുമായിരുന്നു. സ്വാതന്ത്ര്യമോഹികളായ നിന്റെ അപ്പനും അമ്മാച്ചനും ചാണ്ടിക്കെതിരായ പോരാട്ടത്തില്‍ എന്റെ ഇടത്തും വലത്തും കൊമ്പുകള്‍ പോലെയായിരുന്നു. ആടുകള്‍ വിശ്വസിക്കുന്നതുപോലെ അവര്‍ വഴിതെറ്റി കാട്ടില്‍ച്ചെന്നു പെട്ടവരല്ല. കാട്ടിലേയ്ക്കു രക്ഷപെടുക, എന്നിട്ട്‌ കാടു കേന്ദ്രമാക്കിക്കൊണ്ട്‌ ചാണ്ടിക്കെതിരെ വിമോചനസമരം ആസൂത്രണം ചെയ്യുക - അതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ‍, ചെറിയ ചില അഭിപ്രായഭേദങ്ങള്‍ അവര്‍ തമ്മിലുണ്ടായിരുന്നു. കാട്ടുമൃഗങ്ങളുമായി ചാണ്ടിക്കെതിരെ സന്ധിചെയ്യാം എന്നു കുട്ടനും മറിച്ച്‌ കുറുക്കനുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ നാട്ടുമൃഗങ്ങളുടെ ശത്രുക്കളാണെന്നു മുട്ടനും വിശ്വസിച്ചു. ആ സമീപനങ്ങളുടെ ഭിന്നതയാവണം അവരെ ചേരിപ്പോരിലേക്കും മരണത്തിലേക്കു തന്നെയും നയിച്ചത്‌. അതുമല്ലെങ്കില്‍ ‍, ഓടി രക്ഷപ്പെടാന്‍ തുനിഞ്ഞ അവരെ, മറ്റാടുകള്‍ അതിനു തുനിയാതിരിക്കാന്‍ വേണ്ടി ചാണ്ടിയോ റ്റോബിയോ കൊന്നുകളഞ്ഞതാവാനും മതി. അതെന്തായാലും, അവര്‍ പോയതോടെ ഞാന്‍ തികച്ചും ഒറ്റപ്പെട്ടുപോയി." അജി കണ്ണീരുതുടച്ചു. "ഇനി എന്റെ പ്രതീക്ഷ മുഴുവന്‍ നിന്നിലാണ്‌." അജി പറഞ്ഞു നിര്‍ത്തി.

ആടുകളുടെ ഇടയില്‍ പരക്കെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞതോടെ ചാണ്ടി വളര്‍ത്തുന്ന മറ്റു മൃഗങ്ങളോടും സുമേഷ്‌ സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങി. അവരില്‍ ചിലരൊന്നും അവന്റെ വാക്കുകള്‍ക്കു ചെവി കൊടുത്തില്ലെങ്കിലും മറ്റു പലരും ഹൃദയഭേദകമായ കഥകള്‍ അവനോടു പറഞ്ഞു. കൃഷിക്കാരന്‍ തങ്ങളെ വരിയുടച്ചതും ലാടം തറച്ചതും ചൂടുവെച്ചതും ഉഴവുകാളകള്‍ അവനോടു വിവരിച്ചു. അക്ഷരാഭ്യാസം നേടിയ കുറ്റത്തിനു കൂട്ടിലടയ്ക്കപ്പെട്ട തത്തയെ അവന്‍ കണ്ടു. തള്ളക്കോഴി തന്റെ കാണാതായ മുട്ടകളെക്കുറിച്ചു പറഞ്ഞു കരഞ്ഞു. പശുത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ കയറിക്കിടന്നിട്ട്‌ റ്റോബി തങ്ങളെ പുല്ലുതിന്നാനനുവദിയ്ക്കാതിരുന്ന സംഭവത്തെപ്പറ്റി പശുക്കള്‍ പറഞ്ഞു. പന്നികള്‍ക്കു മാത്രം പരാതികളൊന്നുമില്ലായിരുന്നു. അവര്‍ തീറ്റയില്‍ മുഴുകിയിരുന്നു.

ചാണ്ടിക്കും റ്റോബിയ്ക്കുമെതിരായി ഒരു മൃഗീയമുന്നേറ്റം തന്നെ സുമേഷ്‌ സ്വപ്നം കാണാന്‍ തുടങ്ങി. 'കന്നുകാലിവളര്‍ത്തല്‍ എന്ന സമ്പ്രദായം ചൂഷണത്തില്‍ അധിഷ്ഠിതമായതു കൊണ്ട്‌ ആത്യന്തികമായി അതു പരാജയപ്പെടുക തന്നെ ചെയ്യും' എന്നും മറ്റുമുള്ള അജിയുടെ വാക്കുകള്‍ സുമേഷ്‌ സൂക്തങ്ങള്‍ പോലെ ഉരുവിട്ടുപഠിച്ചു. അറിഞ്ഞും അറിയാതെയും അവന്‍ അജിയുടെ സംസാരശൈലിയും ഭാവങ്ങളും ചലനങ്ങള്‍ പോലും അനുകരിക്കാന്‍ തുടങ്ങി.

തന്റെ മകന്‍ അജിയുടെ സ്വാധീനത്തിലാണെന്നു മനസ്സിലാക്കിയ അമ്മിണി അവനു നല്ലബുദ്ധിയുപദേശിക്കാന്‍ ശ്രമിച്ചുനോക്കി. അവള്‍ അജിയെപ്പറ്റി തനിയ്ക്കറിയുന്ന ഒരു സംഭവം സുമേഷിനു പറഞ്ഞുകൊടുത്തു. അജി ചെറുപ്പമായിരുന്നപ്പോള്‍ അന്നൊരു നായ്ക്കുട്ടിയായിരുന്ന റ്റോബിയ്ക്കു യജമാനന്‍ കൊടുക്കുന്ന പ്രത്യേകപരിഗണന അവന്റെ ശ്രദ്ധയില്‍ പെട്ടു. എപ്പോഴും തുള്ളിച്ചാടുകയും യജമാനനെക്കാണുമ്പോള്‍ വാലാട്ടുകയും ആവേശത്തോടെ കുരയ്ക്കുകയും ചെയ്യുന്ന റ്റോബിയ്ക്ക്‌ യജമാനന്റെ സ്നേഹവും വാത്സല്യവും ഉച്ഛിഷ്ടത്തിന്റെ പ്രത്യേക പങ്കും കിട്ടുന്നത്‌ അജി കണ്ടു പഠിച്ചു. പിന്നെ, റ്റോബിയെപ്പോലെ യജമാനന്റെ അരുമയായി മാറാനായി അവന്റെ ശ്രമം. ഒരു ദിവസം ഉറക്കമുണര്‍ന്ന യജമാനന്‍ കണ്ടത്‌ തന്റെ മേല്‍ കയറി കുളമ്പുകൊണ്ടു ചവിട്ടി തുള്ളിച്ചാടുകയും തന്റെ മുഖത്തു നക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്ന ആട്ടിന്‍കുട്ടിയെയാണ്‌. "അവനന്നു പൊതിരെ തല്ലു കിട്ടി." അമ്മിണി സുമേഷിനോടു പറഞ്ഞു. "അന്നു മുതലാണ്‌ അവന്‍ യജമാനനും റ്റോബിയ്ക്കുമെതിരായി തിരിഞ്ഞത്‌."

അജിയെ വഴികാട്ടിയായിക്കണ്ട സുമേഷ്‌ അമ്മയുടെ വാക്കു വിശ്വസിച്ചില്ല. അവന്‍ മൃഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയുടെയും അവിശ്വാസത്തിന്റെയും വിത്തുകള്‍ പാകാനുള്ള തീവ്രശ്രമം തുടര്‍ന്നു. പതുക്കെപ്പതുക്കെ ആടുകള്‍ നടത്തിയിരുന്ന അന്തിപ്രാര്‍ത്ഥനയുടെ സ്ഥാനം സുമേഷിന്റെ പ്രഭാഷണങ്ങള്‍ ഏറ്റെടുത്തു. ആടുകള്‍ തീറ്റയെക്കുറിച്ചല്ലാതെയൊരു കാര്യത്തെപ്പറ്റി ആദ്യമായി വ്യാകുലപ്പെടാനും ചര്‍ച്ചചെയ്യാനും തുടങ്ങി.

തുടര്‍ച്ചയായി എല്ലാ ആടുകളോടും സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങിയതോടെ സുമേഷ്‌ വിചിത്രമായ ഒരു വസ്തുത ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. ആടുകളില്‍ ചിലര്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരാകുന്നുണ്ട് ‌! ജനനങ്ങളിലൂടെ അനുദിനം പെരുകിക്കൊണ്ടിരുന്ന ആട്ടിന്‍പറ്റത്തില്‍ ഇന്നലെ കാണുകയും ഇന്നു കാണാതിരിക്കുകയും ചെയ്‌ത ആടുകളുടെ മുഖം ആരും ഓര്‍ത്തില്ല. വന്യജീവികളില്‍ നിന്ന്‌ തങ്ങളെ സംരക്ഷിക്കുന്നതില്‍ ചാണ്ടിയും റ്റോബിയും പരാജയപ്പെട്ടിരിക്കുകയാണെന്നുള്ളതിനു തെളിവായി സുമേഷ്‌ ആടുകളുടെ മുമ്പില്‍ ഈ വസ്തുത അവതരിപ്പിച്ചു.

വിലാപങ്ങള്‍


ചെന്നായ

ചെന്നായയെ പേടിസ്വപ്നം കണ്ട്‌ പലരാത്രികളിലും ഞെട്ടിയുണരാറുണ്ടായിരുന്ന സുമേഷ്‌ ഒരു സുപ്രഭാതത്തില്‍ നൂതനമായ ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നു. ഇതിനകം ആത്മവിശ്വാസം നേടിക്കഴിഞ്ഞിരുന്ന അവന്‍ അജിയോടാലോചിയ്ക്കാതെ തന്നെ അത്‌ ആടുകള്‍ക്കുമുമ്പില്‍ അവതരിപ്പിയ്ക്കുകയും ചെയ്‌തു: "ചെന്നായ വാസ്തവത്തില്‍ ഉള്ളതല്ല. വളര്‍ത്തുമൃഗങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ വേണ്ടി ചാണ്ടി കെട്ടിച്ചമച്ച സങ്കല്പജീവിയാണത്‌."

ഈ പുതിയ സിദ്ധാന്തം ആടുകള്‍ക്കിടയില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. അന്നു മുഴുവന്‍ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും അവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

"ചെന്നായ ഒരു സങ്കല്പജീവിയാണെന്നു പറയുന്നതു ശരിയല്ല." അജി താടി തടവിക്കൊണ്ട്‌ ഓര്‍മ്മയില്‍ പരതി. "പക്ഷേ, ചെന്നായ ആടുകളോടു ശത്രുത പുലര്‍ത്തുന്ന ഒരു ജീവിയാണെന്നതിനു ചരിത്രപരമോ സൈദ്ധാന്തികമോ ആയ ദൃഷ്ടാന്തങ്ങളില്ല. ചെന്നായ കുഞ്ഞാടിനോടുകൂടെ പാര്‍ക്കും, പുള്ളിപ്പുലി കോലാട്ടുകുട്ടിയോടു കൂടെ കിടക്കും, പശുക്കിടാവും ബാലസിംഹവും ഒരുമിച്ചു പാര്‍ക്കും എന്നൊക്കെ എഴുതപ്പെട്ടിട്ടുണ്ട്‌. മനുഷ്യാധിപത്യത്തിന്‌ അറുതി വന്നുകഴിഞ്ഞുള്ള അവസ്ഥയാണ്‌ ഉദ്ദേശിക്കപ്പെടുന്നതെന്നതില്‍ സന്ദേഹമില്ല. നാട്ടുമൃഗങ്ങളുടെ ശത്രു കാട്ടുമൃഗങ്ങളല്ലെന്നും ചാണ്ടിയാണെന്നും മനസ്സിലാക്കുന്നതോടെയാണ്‌ ആഗോളമൃഗരാശിയുടെ ഐക്യദാര്‍ഢ്യം ഉരുത്തിരിയാന്‍ പോകുന്നത്‌."

അന്നു വൈകിട്ടു സംഘടനാപ്രവര്‍ത്തനം കഴിഞ്ഞു മടങ്ങുന്ന സുമേഷിനെ റ്റോബി വഴിയില്‍ തടഞ്ഞുനിര്‍ത്തി. "ചെന്നായ വാസ്‌തവത്തില്‍ ഉള്ളതല്ലെന്നു നീ പറഞ്ഞു. അല്ലേ?", റ്റോബി മുരണ്ടു. തൊണ്ടവരണ്ടതു കൊണ്ട്‌ സുമേഷിന്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല. "ഉം. പൊയ്ക്കോ." റ്റോബി വഴിമാറിക്കൊടുത്തു.

പിറ്റേന്ന്‌ ആടുകള്‍ കാനനച്ഛായയില്‍ മേഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന്‌ ചാണ്ടി ചാടിയെഴുനേറ്റ്‌ വിളിച്ചുകൂവാന്‍ തുടങ്ങി: "ചെന്നായ വരുന്നേ, ചെന്നായ! ചെന്നായ വരുന്നേ, ചെന്നായ!" ആടുകളുടെ ഹൃദയത്തില്‍ക്കൂടി ഒരു വെള്ളിടി കടന്നുപോയി. ഒരു നിമിഷം അവര്‍ ശരീരം മരവിച്ചു നിന്നു; പിന്നെ പരസ്പരം ചവിട്ടിമെതിച്ചുകൊണ്ട്‌ ചിതറിയോടാന്‍ തുടങ്ങി. ചെന്നായ ഇല്ലെന്നു പ്രഖ്യാപിച്ച സുമേഷും ചെന്നായ മൃഗലോകത്തില്‍ തങ്ങളുടെ സഹോദരനാണെന്നു സിദ്ധാന്തിച്ച അജിയും ഓട്ടത്തില്‍ മികച്ചു നിന്നു. ആടുകളുടെ കുളമ്പടിയില്‍ നിന്നു പൊടിപടലമുയര്‍ന്ന്‌ കാഴ്ച മറഞ്ഞു. അവരുടെ പരിഭ്രാന്തമായ നിലവിളി എങ്ങും മുഴങ്ങി. കുരച്ചുകൊണ്ടോടി വന്ന റ്റോബി അവര്‍ക്കു ചുറ്റും വട്ടത്തിലോടി അവരെ തടുത്തു നിര്‍ത്തി: "ആരും പരിഭ്രമിയ്ക്കരുത്‌. ഐകമത്യത്തിനുള്ള സമയമാണിത്‌. സ്ഥിതി നിയന്ത്രണാധീനമാണ്‌. ഇടയന്‍ എനിയ്ക്കു കനിഞ്ഞു തന്നിട്ടുള്ള അധികാരങ്ങള്‍ നിങ്ങളുടെ സംരക്ഷണത്തിനായി ഞാന്‍ ഉപയോഗിക്കുക തന്നെ ചെയ്യും. ഒറ്റക്കെട്ടായി നിങ്ങള്‍ ഇടയന്റെയും എന്റെയും പിന്നില്‍ അണിനിരന്നാല്‍ മാത്രം മതി. ചെന്നായയെ തോല്പിച്ചോടിയ്ക്കുന്ന കാര്യം ഞങ്ങളേറ്റു."

"നമ്മുടെ സമൃദ്ധിയില്‍ കണ്ണുകടിയാണു ചെന്നായയ്ക്ക്‌. ഞങ്ങള്‍ കണ്ണിലുണ്ണി പോലെ കാത്തുരക്ഷിക്കുന്ന നിങ്ങളുടെ സമാധാനം തകര്‍ക്കുകയാണവന്റെ ലക്ഷ്യം.' റ്റോബി ആടുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നിരത്തി: "നിങ്ങള്‍ തീറ്റ നിര്‍ത്തിയാല്‍ അവന്റെ ആക്രമണം വിജയിച്ചു എന്നാണതിനര്‍ത്ഥം. അതുകൊണ്ട്‌, ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവേന തിന്നുകൊണ്ടിരിക്കുക. നിങ്ങളുടെ ഭീതി ഞങ്ങള്‍ക്ക് ഒരു അസൌകര്യമാണ്‌."


ആട്ടിന്‍ തോലിട്ട ചെന്നായ

ആടുകള്‍ നിന്നനില്പില്‍ മുഖം പുല്ലിലേക്കു പൂഴ്ത്തി. തീറ്റയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു. അപ്പോള്‍ റ്റോബിയുടെ ശബ്ദം വീണ്ടും കേട്ടു: "ഈ ആപല്‍ഘട്ടത്തില്‍ ഞങ്ങള്‍ക്കു നിങ്ങളുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്‌. ചെന്നായ നിങ്ങളുടെ മദ്ധ്യത്തില്‍ തന്നെ ഉണ്ടെന്നാണ്‌ ഏറ്റവും അവസാനം ലഭിച്ചിരിക്കുന്ന വിവരം. നിങ്ങള്‍ ദയവായി ഒരു നിമിഷം തീറ്റനിറുത്തി നിങ്ങളുടെ ഇടത്തും വലത്തും മുമ്പിലും പിറകിലും നില്‍ക്കുന്നയാള്‍ ആടുതന്നെയാണെന്നും ചെന്നായ അല്ലെന്നും ഉറപ്പു വരുത്തുക."

ആടുകള്‍ നടുക്കത്തോടെ ചുറ്റും നോക്കി. പെട്ടെന്നു തന്നെ നിലവിളികള്‍ ഉയര്‍ന്നു: "അയ്യോ, ഇതാ ചെന്നായ.", "ഇത്‌ ആടല്ല, ചെന്നായയാണേ, എന്നെ രക്ഷിക്കണേ." എല്ലാ ആടുകളും വിളിച്ചുകൂവാന്‍ തുടങ്ങിയതോടെ വീണ്ടും റ്റോബിയുടെ ശബ്ദമുയര്‍ന്നു: "ദയവായി നിശ്ശബ്ദത പാലിയ്ക്കുക. തെറ്റായ വിപല്‍സന്ദേശങ്ങള്‍ ഞങ്ങളുടെ വിലപ്പെട്ട സമയം അപഹരിയ്ക്കുമെന്നു മനസ്സിലാക്കുക. സൂക്ഷ്മതയോടെ നിങ്ങളുടെ സമീപസ്ഥരെ പരിശോധിച്ചതിനു ശേഷം മാത്രം ഞങ്ങളെ വിവരമറിയിക്കുക."

നീണ്ട ഒരു നിശ്ശബ്ദതയായിരുന്നു പിന്നീട്‌. ആടുകള്‍ക്ക്‌ സ്വന്തം ഹൃദയമിടിപ്പല്ലാതെ ഒന്നും കേള്‍ക്കാനില്ലായിരുന്നു. ഒടുവില്‍ റ്റോബിയുടെ ശബ്ദം മുഴങ്ങി: "അഭിനന്ദനങ്ങള്‍ ‍. നാം അപകടഘട്ടം തരണം ചെയ്തിരിക്കുന്നു. ചെന്നായ പരാജയപ്പെട്ടോടിയിരിക്കുകയാണ്‌. ഇനി നിങ്ങള്‍ക്ക്‌ സാധാരണജീവിതത്തിലേക്കു മടങ്ങാം. നിങ്ങളുടെ സഹകരണത്തിനു നന്ദി. ഭാവിയിലെ സഹകരണത്തിനു മുന്‍കൂര്‍ നന്ദി."

ആടുകള്‍ തലയുയര്‍ത്തിനോക്കി. ചെന്നായയുടെ പൊടിപോലും കാണാനില്ലായിരുന്നു. പ്രശാന്തമായ നീലാകാശത്തിനു താഴെ മരത്തണലില്‍ക്കിടന്ന്‌ ഇടയന്‍ ഇടയഗീതങ്ങള്‍ പാടിക്കൊണ്ടിരുന്നു.

സങ്കീര്‍ത്തനങ്ങള്‍

സുമേഷിന്റെ സൈദ്ധാന്തികപ്രഭാഷണത്തിന്‌ കേള്‍വിക്കാരില്ലാത്ത ഒരവസ്ഥ അന്നു വൈകിട്ടു പെട്ടെന്നുണ്ടായി. ചാണ്ടിയും റ്റോബിയുമില്ലായിരുന്നെങ്കില്‍ അന്നു തങ്ങളുടെ കഥ കഴിഞ്ഞേനെ എന്നു പറഞ്ഞ്‌ ആടുകള്‍ ഇടയഭക്തിയില്‍ ആറാടി. താന്‍ ഇത്ര കഷ്ടപ്പെട്ടു വളര്‍ത്തിയെടുത്ത ഇടയവിരോധം ഈ ഒരൊറ്റ സംഭവത്തോടെ അപ്രത്യക്ഷമായിപ്പോയതു കണ്ട്‌ സുമേഷ്‌ അന്തിച്ചുപോയി. പതിവു പ്രഭാഷണത്തിനൊരുങ്ങിച്ചെന്ന അവനെ മറ്റാടുകള്‍ ഓട്ടക്കാരന്‍ കുഞ്ഞാടെന്നു വിളിച്ചു പരിഹസിച്ചു.

അവന്‍ അവരെ വെല്ലുവിളിച്ചു: "ഞാന്‍ നിങ്ങളോടു പറയുന്നു, ഇന്ന്‌ അവിടെ നടന്നത്‌ ഒരു നാടകം മാത്രമായിരുന്നു എന്ന്‌. ചെന്നായ ഒരു സങ്കല്പജീവിയാണ്‌ എന്ന്‌. നിങ്ങളില്‍ ഒരാളെങ്കിലും ഇന്നോ ഇതിനു മുമ്പോ ചെന്നായയെ കണ്ടോ? ഇല്ലല്ലോ?"

കുറച്ചു നേരം ആരും മിണ്ടിയില്ല. ഒടുക്കം, ആട്ടിന്‍പറ്റത്തില്‍ നിന്നും ശാന്തമായ ഒരു ശബ്ദമുയര്‍ന്നു: "ഞാന്‍ കണ്ടിട്ടുണ്ട്‌". കൂട്ടത്തില്‍ കിഴവനായ ഉമ്മന്‍ എന്ന ആടായിരുന്നു അത്‌. "ഇന്നല്ല, പണ്ടുപണ്ട്‌." പണ്ടൊരിയ്ക്കല്‍ ഒരു ചെന്നായ ആട്ടിന്‍തോലുധരിച്ച്‌ ആട്ടിന്‍പറ്റത്തില്‍ നുഴഞ്ഞു കയറിയ കഥ അദ്ദേഹം പറഞ്ഞു. ആര്‍ക്കും അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആരുമറിയാതെ അവന്‍ ആടുകളെ കൊന്നുതിന്നു പോന്നു. ഒടുക്കം ചാണ്ടിയാണു ചെന്നായയെ കണ്ടുപിടിച്ച്‌ അവനെ കൊന്നത്‌. "അന്ന്‌ ഇടയന്‍ തല്ലിക്കൊന്നു കെട്ടിത്തൂക്കിയ ചെന്നായയെ ഞാന്‍ കണ്ടിട്ടുണ്ട്‌.", ഉമ്മന്‍ പറഞ്ഞു. "നമ്മുടെ ഇടയന്‍ കരുണയുടെ ദേവനാകുന്നു. അവന്‍ എന്റേതാകുന്നു. ഞാന്‍ അവന്റേതും. എനിയ്ക്കു മുട്ടുണ്ടാകയില്ല."


യജമാനന്റെ കനിവിനെ സ്തുതിക്കുന്ന ആട്ടിന്‍പറ്റം

"സ്തോത്രം. സ്തോത്രം." ചുറ്റും കൂടിനിന്ന ആടുകള്‍ പറഞ്ഞു.
"ഈ കഥ യുക്തിസഹമല്ല.", സുമേഷ്‌ വാദിയ്ക്കാന്‍ തുടങ്ങി: "ഇത്ര വലിയ ആട്ടിന്‍പറ്റത്തില്‍ ഇടയന്‍ എങ്ങനെയാണ്‌ ഒളിച്ചിരുന്ന ചെന്നായയെ തിരിച്ചറിഞ്ഞത്‌?"
ഉമ്മന്‍ തന്റെ വെളുത്ത ഊശാന്താടി തടവി ശാന്തമായി മറുപടി പറഞ്ഞു: "എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല കുഞ്ഞാടേ. ഇടയന്‍ തന്റെ അനന്തജ്ഞാനത്തില്‍ എല്ലാം അറിയുന്നു. അവനറിയാതെ ഒരാട്ടിന്‍ രോമം പോലും പൊഴിയുന്നില്ല."
"സ്‌തോത്രം. സ്‌തോത്രം." ആടുകള്‍ പറഞ്ഞു.
"എല്ലാം അറിയുന്നവനോ ഇടയന്‍‍ ?", സുമേഷ്‌ പരിഹസിച്ചു ചിരിച്ചു, "നിങ്ങളില്‍ എത്രപേര്‍ കണ്ടിട്ടുണ്ടെന്നറിയില്ല, ഞാന്‍ രാത്രി സമയങ്ങളില്‍ പലപ്പോഴും ഇടയനെ ആലയില്‍ കണ്ടിട്ടുണ്ട്‌. ആടുകള്‍ എന്തു പറയുന്നു എന്നും എന്തു ചെയ്യുന്നു എന്നുമറിയാനല്ലേ സര്‍വജ്ഞനായ അവന്‍ ഇരുട്ടത്ത്‌ ഒളിഞ്ഞിരിക്കുന്നത്‌?"
ആടുകള്‍ കൂട്ടത്തോടെ ചിരിച്ചു. ഉമ്മന്‍ തലയാട്ടിയപ്പോള്‍ അവര്‍ നിശ്ശബ്ദരായി. അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു: "ഉറക്കം കിട്ടാതെ വരുമ്പോള്‍ ആടുകളെ എണ്ണാന്‍ വേണ്ടി വരുന്നതാണ്‌ അവന്‍‍ . ഇതു മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്‌."
"സ്തോത്രം. സ്തോത്രം." ആടുകള്‍ പറഞ്ഞു.
ഉമ്മന്‍ പറഞ്ഞു: "അവന്‍ കരുണാമയനാകുന്നു. അവന്‍ കുഞ്ഞാടുകളെ ഭുജത്തിലെടുത്ത്‌ മാര്‍വിടത്തില്‍ ചേര്‍ത്തു വഹിക്കയും ഗര്‍ഭിണികളെ പതുക്കെ നടത്തുകയും ചെയ്യുന്നു."
തുടര്‍ന്ന്‌ ആടുകള്‍ കൂട്ടപ്രാര്‍ത്ഥനയിലേക്കു കടന്നു:

"വഴി തെറ്റിയ പാവം കുഞ്ഞാടുകള്‍ ഞങ്ങള്‍
കൂട്ടം തെറ്റിയ കറുത്ത കുഞ്ഞാടുകള്‍ ഞങ്ങള്‍
മേ?മേ?മേ, ഹമ്മേ

ശപിയ്ക്കപ്പെട്ടോര്‍ ഞങ്ങളെന്നെന്നേയ്ക്കും
കനിവിന്റെ കാടിവെള്ളം ചൊരിയണമേ
മേ?മേ?മേ, ഹമ്മേ"

ആടുകളുടെ ഭക്തിപാരവശ്യം കണ്ട്‌ സുമേഷിന്‌ ഓക്കാനം വന്നു. അവന്‍ സ്ഥലം വിട്ടു.

ദിവസങ്ങള്‍ കടന്നുപോയതോടെ താന്‍ വീണ്ടും കൂട്ടത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്ന വാസ്തവം സുമേഷ്‌ മനസ്സിലാക്കി. അവന്‌ ആടുകളുടെ കൂട്ടപ്രാര്‍ത്ഥന കേള്‍ക്കുമ്പോഴെല്ലാം വീണ്ടും വീണ്ടും ഓക്കാനം വന്നു. പിടക്കോഴികളുടെ പ്രീതിയ്ക്കുവേണ്ടി കൊത്തുകൂടി ജയിച്ച്‌ പുരപ്പുറത്തു കയറി വിജയപ്രഖ്യാപനം നടത്തുന്ന പൂവന്‍കോഴിയെ കണ്ടപ്പോഴും ആലയിലെ നിലത്ത്‌ ആട്ടിന്‍കാഷ്ഠവും മൂത്രവും ചിതറിക്കിടക്കുന്നതിനിടയില്‍ക്കിടന്നു മതിമറന്നുറങ്ങുന്ന ആടുകളെക്കണ്ടപ്പോഴും അവന്‌ ഓക്കാനം വന്നു. അവന്‍ അജിയൊഴികെ മറ്റാടുകളോടു മിണ്ടാതായി. താന്‍ മറ്റൊരു അജിയായിക്കൊണ്ടിരിക്കുകയാണെന്ന് അ വനു മനസ്സിലായി.

ഉണ്ടിരിയ്ക്കുന്ന വേളകളില്‍ സുമേഷ്‌ വീണ്ടും വിളികേള്‍ക്കാന്‍ തുടങ്ങി. ഈ വിളികളെപ്പറ്റി അവന്‍ അജിയുമായി സംസാരിച്ചു. അജി തലയാട്ടി: "കാടിന്റെ വിളിയാണത്‌. നിന്റെ അപ്പനും അമ്മാച്ചനും ഈ എനിക്കും ഇതേ വിളി കിട്ടിയിട്ടുണ്ട്‌."

ചിത്രീകരണം: ശശികുമാര്‍

നീണ്ട കഥയുടെ അവസാ‍ന ഭാഗം അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്

Subscribe Tharjani |