തര്‍ജ്ജനി

പുണ്യാഹം

malayalam poem illustration
ഇന്നു ഞാന്‍ കാണ്മൂ അകലെയായ്‌,-
ത്തിരതല്ലിയാര്‍ക്കുന്ന കടലില്‍ കയങ്ങ-
ളില്‍ത്തനിയെ പതിച്ചുപോയ്‌,
ചക്രവാളത്തിന്നരുണിമ യാത്രയായ്‌...
ഇന്നീ നിമിഷത്തിലങ്ങു വടക്കാം,
കാശ്മീരിലുമിതുതന്നെയോര്‍ത്തു ഞാന്‍!
കാണ്മൂ ഞാനെങ്ങോ മറഞ്ഞു നി-
ന്നിരവിന്റെ സന്തത സഹചാരിയാ-
യൊരാ പൂര്‍ണ്ണചന്ദ്രോദയത്തിനെ
അങ്ങു കാശ്മീരിലുമിതുതന്നെ, ഓര്‍ത്തു ഞാന്‍!
കണ്ടു ഞാന്‍ കോടാനുകോടിപ്പാല്‍ പുഞ്ചിരി-
യിന്നെന്‍ കണ്ണുകള്‍ക്കുത്സവമായ്‌,
ഇതുതന്നെയങ്ങുമെന്നോര്‍ത്തു ഞാന്‍ കുളിരാര്‍ന്നു
പണ്ടൊരോമന സ്വപ്നം പോല്‍
പിന്നെയാരോ ചൊല്ലിയ കവിതപോല്‍
കണ്ടു ഞാനിന്നുമെന്‍ സ്വപ്നഭൂവില്‍,
അന്നൊരിക്കലെന്‍, പാഠപുസ്തകത്താളുകളില്‍,
ചിത്ര വര്‍ണ്ണങ്ങളില്‍,
സ്വപ്നം തുളുമ്പും കണ്‍കളുമായി-
നില്‍പൂ നീ കാശ്മീര്‍- നീയെത്ര സുന്ദരി !
കാത്തു നിന്‍ സോദരന്‍ നിന്‍ തളിര്‍
മേനിയില്‍ പനിനീര്‍ തളിച്ചവര്‍,
പിച്ചവെച്ചോടി നടന്ന നിന്‍മണ്ണിന്‍
പറുദീസ തീര്‍ത്തവര്‍, ഒരു സ്വപ്ന
സാഷാത്കാരത്തിന്‍ ഹര്‍മ്യം പണിതവര്‍.....
ഇന്നീ തീരത്തെ ശീതളഛായയില്‍
പനിനീര്‍ തളിക്കും സ്നേഹവാടങ്ങളില്‍
സ്വച്ഛന്ദ ശീതളമോഴുകും നദികളില്‍
അഴലിന്‍ കയങ്ങളകലും തളിര്‍തോപ്പുകളില്‍
നിന്‍ പ്രിയ സോദരര്‍ തീരാതെ-
തീരാതെ കൈകഴുകിടുന്നതെന്തിനോ
നിന്നെയാര്‍ക്കോ വിലപേശി വിറ്റതിന്‍
പങ്കുപറ്റിച്ചവച്ചു, പിന്നതിന്‍
കറതീര്‍ത്തിടുന്നതോ!
നിണമൊഴുകിത്തളം കെട്ടി,വരണ്ടനിന്‍
ഹൃത്തടത്തിലുറയുന്നു താണ്ഡവം,
മതഭ്രാന്തില്‍ വെറിപൂണ്ട കഴുകര്‍ നിന്നു-
റയുന്നു, തിമിര്‍ക്കുന്നു ചുടുനിണം
മോന്തുന്നു, മതിവരാഞ്ഞാര്‍ത്താര്‍ത്ത
ട്ടഹസിക്കുന്നു....അരുതരുത്‌...അരുതരുത്‌....."
നിന്നന്തരാളത്തിന്‍ വിളിയാരുകേട്ടു....
നിന്നഗ്നിനാളവുമണയുന്നു ശേഷി
പ്പതെന്തന്ന് ചികയുന്നു കഴുകര്‍
ഒരുവേട്ട തീര്‍ന്നതിന്‍ ചാരം ചികയുന്നു
ദേവാലയങ്ങള്‍ നിന്‍ ശാന്തിമന്ത്രങ്ങള്‍
പടികള്‍-ശിരസ്സുകള്‍,കയ്യുകള്‍,കാലുകള്‍
നീണമൊഴുകിത്തളം കെട്ടി നില്‍പ്പൂ നിന്‍
ശ്രീകോവില്‍-അതീതമീ കണ്ണുകള്‍ക്കതീതം....
ഒടുവിലായ്ചെയ്വൂ ശുദ്ധികര്‍മ്മം
നരബലി നിത്യം സാധകമാക്കീടാന്‍...
ഇരിള്‍വീണ നിന്‍മുറ്റത്തിന്നു തളിക്കുന്നു
ഒരു തുള്ളി പുണ്യാഹം....
ശാസ്ത്രത്തിന്‍ ദാഹജലം...
വെറുമൊരുതുള്ളി പുണ്യാഹം

അണിമ ഇ.എം

Submitted by SreenivasaRavi, (not verified) on Sat, 2005-06-18 15:54.

Dear Anima,

I tried to read your poem. Could you please explain the meaning . I would like to congratulate for the efforts you put in to it.