തര്‍ജ്ജനി

മുഖമൊഴി

കേരളപ്പിറവിയുടെ ആഘോഷം

മറ്റൊരു കേരളപ്പിറവിദിനം കൂടി കടന്നു പോയിരിക്കുന്നു. അമ്പത്തിയൊന്നാം കേരളപ്പിറവിദിനം. ഭാഷാസംസ്ഥാനസങ്കല്പത്തിന്റെ സാക്ഷാത്കരണം മലയാളിജനസമൂഹത്തിന് എന്തു നല്കിയെന്ന് ആലോചിക്കുവാനുള്ള സന്ദര്‍ഭമായി നാം ഇത് ഉപയോഗപ്പെടുത്തുക തന്നെ വേണം.

ഇത്തവണ കേരളപ്പിറവിദിനം, മലയാളവാരത്തിലെ ആദ്യദിനം, ഹര്‍ത്താലായി ആചരിക്കപ്പെട്ടു. കേരളസംസ്ഥാനം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് നാം ആഘോഷദിനം ഹര്‍ത്താലായി ആചരിക്കുന്നത്. ആ നിലയില്‍ ആധുനികകേരളത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ഒരു കേരളപ്പിറവിയാണിപ്പോള്‍ കടന്നു പോയത്. സംസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ദേശീയകക്ഷികളിലൊന്നായ ഭാരതീയ ജനതാ പാര്‍ട്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ എന്നാല്‍ ബന്ദിനുള്ള മറ്റൊരു പേരാണല്ലോ. ബന്ദ് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുള്ളതിനാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബന്ദ് നടത്തുക എന്ന പുത്തന്‍രീതി നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. ഒരു പേരിലെന്തിരിക്കുന്നു എന്ന് കവിയെ അനുസ്മരിച്ചുകൊണ്ട് ചോദിക്കുവാനുള്ള സഹൃദയത്വവും ഹൃദയവിശാലതയും നേടിക്കഴിഞ്ഞ മലയാളിയാണ് സമാധാനപരവും നിസ്സംഗവുമായ ഈ ഹര്‍ത്താലാചരണത്തില്‍ പങ്കെടുത്തത് എന്നും ഓര്‍ക്കുക. വിമാനത്താവളത്തിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത മലബാര്‍ ഹര്‍ത്താല്‍ കഴിഞ്ഞതിന്റെ തൊട്ട് പിറകെയാണ് റെയില്‍വേ വിഷയത്തില്‍ സംസ്ഥാനതലത്തിലുള്ള ഹര്‍ത്താല്‍. ഇവയെ വന്‍വിജയമാക്കിത്തീര്‍ക്കുന്ന കേരളത്തിലെ ബഹുജനം എന്തിനാണ് ഈ ഒഴിവുദിനങ്ങള്‍ ആവര്‍ത്തിച്ച് അടിച്ചേല്‍പ്പിക്കപ്പെടുന്നത് എന്ന് ഓര്‍ക്കുന്നുണ്ടാവുമോ? സംശയമാണ്. ഈ പോരാട്ടത്തിന്റെ വിഷയങ്ങളില്‍ അനുഭാവം പ്രകടിപ്പിച്ചു കൊണ്ടാണോ അവര്‍ ഹര്‍ത്താലുകളില്‍ പങ്കാളികളാകുന്നത്? സംശയം തന്നെ.

ഏറ്റവും എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതും വിജയിപ്പിക്കാവുന്നതുമായ സമരമാര്‍ഗ്ഗമെന്ന നിലയിലാണ് ഹര്‍ത്താലുകളും ബന്ദുകളും നമ്മുടെ നാട്ടില്‍ നേതാക്കള്‍ക്ക് പ്രിയപ്പെട്ടവയായി മാറുന്നത്. ആഹ്വാനം ചെയ്യുന്ന നേതാവിന് ഒരു ആയാസവുമില്ലാതെ സംഘടിപ്പിക്കാം. പൊതുജനത്തിനാണ് വിഷമം. പക്ഷെ അത് അവര്‍ക്ക് ശീലമായിക്കഴിഞ്ഞു. വലിയ പ്രതിഷേധമൊന്നുമില്ലാതെ അവര്‍ വഴങ്ങിത്തരും. പിന്നെന്തു വേണം. സംഘാടകന്റെ പണി ഒരു പത്രക്കുറിപ്പിറക്കുന്നതിലോ പത്രസമ്മേളനം വിളിക്കുന്നതിലോ അവസാനിക്കും. മാത്രമല്ല ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ നാട്ടുനടപ്പനുസരിച്ച് ബന്ദുണ്ടാകും എന്ന് ജനങ്ങള്‍ക്കറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ വാര്‍ത്തയുടെ പിന്നാലെ ബന്ദാഹ്വാനം ഉണ്ടോ എന്നവര്‍ നോക്കും കണ്ടില്ലെങ്കില്‍ ബന്ധപ്പെട്ട പാര്‍ട്ടി ഓഫീസില്‍ വിളിച്ച് അന്വേഷിക്കുക വരെ ചെയ്യും. പത്രമാപ്പീസുകളുലേക്കും ഫോണ്‍വിളികളുടെ പ്രവാഹമായിരിക്കും. ആഹ്വാനമുണ്ടെന്ന് ഉറപ്പായാല്‍ ബന്ധുക്കളെയും സുഹൃത്തുക്കളേയും വിളിച്ചറിയിക്കും. ഇപ്പോള്‍ എസ്.എം.എസ് മെസ്സേജുകളുടെ മേളയാണ്. ബന്ദും ഹര്‍ത്താലും ഒരു ഒഴിവുദിവസമായി ആഘോഷിക്കുവാനുള്ള ഒരുക്കമാണ് പിന്നെ. ആലോചിക്കേണ്ടത് ഇതാണ്. ഇത്തരം ഹര്‍ത്താല്‍ - ബന്ദ് ആചരണങ്ങള്‍ സമരങ്ങള്‍ തന്നെയാണോ? എന്ത് ഫലമാണ് ഇത്തരം സമരങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്? എന്ത് ലക്ഷ്യമാണ് ഈ സമരങ്ങളിലൂടെ നേടിയെടുക്കാനാവുക?

സൂര്യനസ്തമിക്കാത്തത് എന്നു കേള്‍വികേട്ട ബ്രിട്ടീഷ് സാമ്രാജ്യത്തെ പരാജയപ്പെടുത്തി സ്വാതന്ത്യം നേടാനായി മഹാത്മാ ഗാന്ധി അവതരിപ്പിച്ച അക്രമരഹിത സമരമാര്‍ഗ്ഗങ്ങളിലൊന്നാണ് ഇവിടെ നിരുത്തരവാദപരമായി കൈകാര്യം ചെയ്യപ്പെടുന്നത്. തര്‍ജ്ജനിയുടെ കഴിഞ്ഞ ലക്കത്തിന്റെ മുഖമൊഴിയില്‍ റെയില്‍വേ അവഗണന ഫെഡറലിസത്തിന്റെ കാഴ്ചപ്പാടുകളില്‍ നിന്നുള്ള വ്യതിചലനത്തിന്റെ ഫലമാണ് എന്നതും ദേശീയരാഷ്ട്രീയകക്ഷികള്‍ വരെ ഈ വ്യതിചലനത്തിന്റെ പ്രയോക്താക്കളായി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ എഴുതി. റെയില്‍വേ അവഗണനയായാലും വിമാനത്താവളത്തോടുള്ള വിവേചനനയമായാലും അതിനു പിന്നിലെ ഫെഡറല്‍ മുല്യത്തില്‍ നിന്നുള്ള വ്യതിചലനം എന്ന വസ്തുതയെ എടുത്ത കാണിക്കാനും തിരുത്താനും സഹായകവുമല്ലാത്ത ഏത് സമരവും സമരാഭാസമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിന്റെ ചിന്താപരവും ആശയപരവുമായ പാപ്പരത്തത്തെ എടുത്തു കാണിക്കുന്നവയാണ് ഇത്തരം സമരങ്ങള്‍.

വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വലിയ വായില്‍ നിലവിളിക്കുന്നവര്‍ തന്നെ തൊഴില്‍ദിനങ്ങള്‍ നിഷ്ഫലമായി നഷ്ടപ്പെടുത്തുന്ന വൈരുദ്ധ്യം നമ്മുക്കു മുന്നില്‍ നിര്‍ല്ലജ്ജം അവതരിപ്പിക്കപ്പെടുകയാണ്. സമരത്തിന്റെ പേരില്‍ സ്കൂള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്നതിനെതിരെ ഇക്കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി സംഘടനകളിലൊന്നായ എസ്.എഫ്.ഐയുടെ നേതാക്കന്മാര്‍ പ്രതികരക്കവേ വിദ്യാര്‍ത്ഥികളുടെ പഠനാവകാശം നിഷേധിക്കുന്നതിനെതിരെ സംസാരിക്കുന്നതു കേട്ടു. ഫലിതം ഗൌരവമായി എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ മികച്ച മാതൃകയായി അത് നാം ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്. സ്വന്തം സമരങ്ങള്‍ പഠനാവകാശം നിഷേധിക്കുന്ന രീതിയില്‍ ഇക്കാലമത്രയും നടത്തിയവര്‍, ഇനിയുള്ള കാലത്തും നടത്തും എന്നുള്ളവര്‍ ഇത്തരം പ്രസ്താവനകളുമായി നിര്‍ല്ലജ്ജം നമ്മുടെ മുന്നില്‍ വന്നു നില്ക്കുന്നത് എന്തു കൊണ്ടാണ്?

സംഘബലത്തിന്റെ മുഷ്ക്കില്‍ നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയായി അമ്പത്തിയൊന്ന് വര്‍ഷങ്ങളിലൂടെ നാം മാറിയിരിക്കുന്നു. വളര്‍ച്ച, പുരോഗതി എന്നീ വാക്കുകളില്‍ പ്രതിപത്തിയുള്ളവര്‍ ഇതിനെ അങ്ങനെ വിളിച്ചു കൊള്ളട്ടെ. നിരുത്തരവാദപരമായി പെരുമാറുന്നതും ചിന്താദാരിദ്ര്യവും ആശയപരമായ പാപ്പരത്തവും ബാധിച്ചതുമായ രാഷ്ട്രീയനേതൃത്വവും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനവും ! ഹാ ! നമ്മള്‍ ഭാഗ്യവാന്മാര്‍ തന്നെ. നമ്മുക്ക് ഈ കേരളപ്പിറവിനാളില്‍ സ്വയം അഭിനന്ദിക്കാം , അഭിമാനപുളകിതരാകാം ! !

Subscribe Tharjani |