തര്‍ജ്ജനി

വാര്‍ത്ത

പ്രവാസകൈരളി സാഹിത്യ പുരസ്കാരം സി. രാധാകൃഷ്ണന്

മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസകൈരളില്‍ സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റായ ശ്രീ. സി. രാധാകൃഷ്ണനാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാവ്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കുമുള്ള സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ്. സംഘടനയുടെ സാഹിത്യവിഭാഗം ഉപസമിതിയുടെ ശുപാര്‍ശ പ്രകാരം മലയാള വിഭാഗം മാനേജിങ് കമ്മിറ്റിയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇരുപത്തിയയ്യായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സംഘടന നവംബര്‍ 8.9 തിയതികളിലായി നടത്തുന്ന കേരളോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തില്‍ വച്ച് കണ്‍വീനര്‍ ശ്രീ. എബ്രഹാം മാത്യൂ ശ്രീ സി. രാധാകൃഷ്ണന് സമര്‍പ്പിക്കുന്നതാണ്. ഇതു മലയാള വിഭാഗത്തിന്റെ ആറാമത് പ്രവാസ കൈരളി സാഹിത്യ പുരസ്കാരമാണ്. ശ്രീ പെരുമ്പടവം ശ്രീധരന്‍, ശ്രീ എം. വി. ദേവന്‍, ശ്രീ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ശ്രീ വിഷ്ണുനാരായണന്‍ നമ്പൂതിരി, ശ്രീ സേതു തുടങ്ങിയവരാണ് മുന്‍ വര്‍ഷ ജേതാക്കള്‍

എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി തുടങ്ങി തീക്കടല്‍ കടഞ്ഞ് തിരുമധുരവും കലികാലവസ്ഥകളും വരെ നാല്‍പ്പതോളം നോവലുകള്‍, എട്ട് ചെറുകഥാ സമാഹാരങ്ങള്‍, കവിതകള്‍, നാടകങ്ങള്‍, തര്‍ജ്ജമകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യങ്ങളായ സംഭാവനകളാണ് ശ്രീ. സി. രാധാകൃഷ്ണന്‍ ചെയ്തിട്ടുള്ളത്.

1939-ല്‍ തിരൂര്‍ ചമ്രവട്ടത്ത് ചക്കുപുരക്കല്‍ മാധവന്‍ നായരുടെയും ജാനകിയമ്മയുടെയും മൂത്തമകനായി ജനിച്ച ശ്രീ രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ജീവിതം ഗുരുവായൂരപ്പന്‍ കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലുമായിരുന്നു. കൊടൈക്കനാലില്‍ വാന നിരീക്ഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സയന്റിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വീക്ഷണം, ഭാഷാപോഷിണി, മനോരമ ഈയര്‍ ബുക്ക് എഡിറ്റര്‍, മാധ്യമം തുടങ്ങി വിവിധ മലയാള പ്രസിദ്ധീകരണങ്ങളിലും മറ്റ് ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, മഹാകവി ജി പുരസ്കാരം, അചുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാള സമാജം അവാര്‍ഡ്, പണ്ഡിറ്റ് കറുപ്പന്‍ അവാര്‍ഡ്, ലളിതാംബിക അവാര്‍ഡ്, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി 2007-ലെ സഞ്ജയന്‍ പുരസ്കാരം വരെ ധാരാളം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ചമ്രവട്ടത്ത് ഭാര്യ ശ്രീ വത്സലയുമൊത്ത് ഇപ്പോള്‍ വിശ്രമ ജീവിതവും സാഹിത്യ പ്രവര്‍ത്തനവുമായി കഴിയുന്നു.

ഇ. ജി. മധു,
മസ്കറ്റ്
Subscribe Tharjani |