തര്‍ജ്ജനി

കഥ

തലവന്‍

ഈജിപ്തിലെ മന്‍സൂറയില്‍ 1950ല്‍ ജനനം. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഉക്രെയിന്റെ തലസ്ഥാനമായ കീവില്‍ മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി. ഭിഷഗ്വരനായി ജീവിതം ആരംഭിച്ചുവെങ്കിലും വൈകാതെ എഴുത്തും പത്രപ്രവര്‍ത്തനവും തന്റെ മേഖലയായി തിരഞ്ഞെടുത്തു. കുവൈത്തിലെ അല്‍ അറബി മാസികയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ചെര്‍ണോബില്‍ ആണവ ദുരന്തത്തില്‍ നിന്ന്‌ ഭാഗ്യത്തിനുമാത്രം രക്ഷപ്പെട്ട മഖ്സങ്കി ആ അനുഭവം ഹൃദയഭേദകമായി ഒരു ഗ്രന്ഥത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്‌. ഇതിനകം അനേകം വാല്യങ്ങളായി പുറത്തുവന്ന മഖ്സങ്കിയുടെ അറബി ചെറുകഥകള്‍ ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്‌, ജര്‍മ്മന്‍, റഷ്യന്‍, ചൈനീസ്‌ എന്നീ ഭാഷകളിലെക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കുവൈത്ത്‌ വിട്ട ശേഷം നാട്ടിലും സിറിയയിലുമായി കഴിയുന്നു. സംഘബോധത്തിന്റെ മനഃശാസ്ത്രത്തെ നിശിതമായി ചിത്രീകരിക്കുന്ന മഖ്സങ്കിയുടെ പൈലറ്റ്‌, സമകാലീന കേരളത്തില്‍ മറ്റെവിടത്തെക്കാളും പ്രസക്തമായ കഥയാണ്‌. പൈലറ്റിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ്‌ തലവന്‍ എന്ന പേരില്‍ ചുവടെ ചേര്‍ക്കുന്നത്‌.

ഒരു കൊച്ചു വള്ളത്തിലാണ്‌ തടാകത്തിന്റെ അറ്റത്തോളം ഞാനെത്തിയത്‌. ഈറ്റക്കാടുകളോട്‌ ചേര്‍ത്ത്‌ വള്ളമടുപ്പിച്ചു. ബൈനോക്കുലര്‍ ആ കരയിലേക്ക്‌ കൂര്‍പ്പിച്ചു.

സത്യമായും എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. താറാവുകളെ ഈ രീതിയില്‍ വേട്ടയാടുന്നത്‌ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല..
കാര്യം നന്നേ ലളിതമാണ്‌; പക്ഷെ അങ്ങേയറ്റം പ്രകൃതി വിരുദ്ധമായ ഒരു സൂത്രപ്പണി.. ശരിക്കു പറഞ്ഞാല്‍ മുക്കിക്കൊല്ലല്‍!

വേട്ടക്കാരന്റെ മൂക്കുകണ്ടാല്‍ പുരാതനകാലത്തെ ഹിക്സൊകളെപ്പോലെ തോന്നിക്കുന്നു. പണ്ടുപണ്ടേ അവര്‍ ഈ പ്രദേശത്ത്‌ കുടിയേറി വന്ന് തടാകക്കരയില്‍ താമസമാക്കിയതായി അറിയാം. തവിട്ടുനിറക്കാരായ ആ ആദിമവര്‍ഗത്തിന്റെ ഓര്‍മ്മകള്‍ ഈ ജലാശയത്തില്‍ മുങ്ങിക്കിടപ്പുണ്ടാവണം. എന്തോ, അത്ര സുഖകരമല്ലാത്ത ആ ചരിത്രം ഇനിയും ആവര്‍ത്തിച്ചേക്കാമെന്നും എനിക്കു ആശങ്ക തോന്നി.

പരമനിന്ദയോടെയാണ്‌ ഞാന്‍ വേട്ടക്കാരനെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നത്‌.. അയാള്‍ കരയില്‍ നിന്ന്‌ തന്റെ ഉപകരണം തയ്യാറാക്കുകയാണ്‌. കൈപ്പത്തിയില്‍ കെട്ടിയ ചരടിന്റെ അങ്ങേ തല ഒരു പേനക്കത്തിയുടെ പിടിയില്‍ കെട്ടുന്നു. പിന്നെ തൊപ്പിയണിയുന്നു.. തോലുകൊണ്ട്‌ നിര്‍മിച്ച തൊപ്പിയുടെ പുറഭാഗം നിറയെ താറാവിന്‍ തൂവലുകള്‍ ഒട്ടിച്ചിരിക്കുന്നു.. അങ്ങനെ അയാള്‍ വെള്ളത്തിലേക്ക്‌ ഇറങ്ങുകയാണ്‌..

തടാകമദ്ധ്യത്തില്‍ മൂക്കോളം വെള്ളത്തിലാണ്‌ ഇപ്പോള്‍ അയാളുടെ നില്‍പ്പ്‌. അത്‌ കാണുന്ന ആക്കും ഒരു കാട്ടുതാറാവ്‌ വെള്ളത്തില്‍ നീന്തുകയാണെന്നേ പെട്ടെന്ന്‌ തോന്നൂ. പക്ഷെ സത്യത്തില്‍ താറാവിന്റെ നില നന്നേ കഷ്ടമായിരുന്നു. ഒരു നിമിഷം സൂക്ഷിച്ചു നോക്കിയാല്‍, ഏറ്റവും മോശമായി താറാവിന്റെ കോലം കെട്ടിയത്‌ ആര്‍ക്കും തിരിച്ചറിയാനാവും.

ഇപ്പോള്‍ മറ്റൊരു താറാവിന്റെ പ്രയാണം ഒരു മനോഹര ചിത്രമായി തടാകത്തിന്റെ ചക്രവാളത്തില്‍ കാണാം.. തെളിഞ്ഞ ആകാശപ്പരപ്പിലേക്ക്‌ കുതിക്കുന്ന കറുത്തൊരു അസ്ത്രമുനപോലെ.. അത്‌ പ്രപഞ്ചത്തിനപ്പുറത്തേക്കുള്ള ഒരു ഉദാത്ത സഞ്ചാരമാണെന്ന്‌ ഒരു നിമിഷം എനിക്ക്‌ തോന്നി. പെട്ടെന്ന് തന്നെ ഞാന്‍ നടുങ്ങി..

ഇപ്പോള്‍ താറാവിന്റെ ഗതി മാറിയിരിക്കുന്നു.. ആകാശത്ത്‌ ചിറകടിച്ചിരുന്ന ആ പക്ഷി അതാ വെള്ളത്തിലേക്ക്‌ താഴുന്നു. അതും നീന്തിക്കൊണ്ടിരിക്കുന്ന ആ കള്ളപ്പക്ഷിക്കു നേരെ.. അതിനു തൊട്ടു മുമ്പിലായി ഇടം പിടിച്ചു..

എന്റെ ഹൃദയം പെരുമ്പറയടിക്കുന്നു.. പക്ഷി ത്തലവന്റെ കണ്ണുകള്‍ കള്ളത്താറാവിനെ എന്തായാലും തിരിച്ചറിയും.. അത്‌ സംഭവിക്കുമെന്ന് എനിക്ക്‌ ഉറപ്പായിരുന്നു; അവസാന നിമിഷമെങ്കിലും..

പക്ഷെ, പക്ഷിത്തലവന്‍ പിറകോട്ട്‌ തിരി‍ഞ്ഞതേയില്ല. എന്നാല്‍ അമ്പടയാളം അപ്പോഴും താണിറങ്ങുകയാണ്‌..

പക്ഷികളുടെ പാദങ്ങളും അടിവയറും ഒന്നൊന്നായി ജലപ്പരപ്പില്‍ വന്നുമുട്ടിയപ്പോള്‍ വെള്ളം തെറിക്കുന്ന ശബ്ദം കേട്ടു. ഇപ്പോള്‍ തടാകത്തില്‍ ഒരു അമ്പടയാളം തെളിഞ്ഞിരിക്കുന്നു. ഒന്നല്ല, അനേകം താറാവുകള്‍ അണിയണിയായി നിരന്നുണ്ടായ ഒരു ത്രികോണം. തൃകോണത്തിന്റെ ഹൃദയഭാഗത്താണ്‌ ശത്രുവിന്റെ ഒളിത്താവളമെന്ന് മാത്രം അവയറിഞ്ഞില്ല!

കള്ളത്താറാവിന്‌ തൊട്ടടുത്തെത്തിയ ഏതാനും പക്ഷികള്‍ കൂട്ടത്തോടെ ഒന്ന്‌ പിടഞ്ഞു. പെട്ടെന്ന്‌ കൂട്ടത്തില്‍ ഒരു‍ താറാവ്‌ അപ്രത്യക്ഷമായി. അത്‌ നിന്നിടത്ത്‌ അല്‍പ്പനേരം ഒരു വിടവ്‌ വന്നു. പക്ഷേ പിന്നില്‍ നിന്നവര്‍ തള്ളിവന്ന്‌ ആ വിടവ്‌ അതിവേഗം നികത്തി.. ഈ ഞൊടിയിടയില്‍ നമ്മുടെ ഹിക്സോ വേട്ടക്കാരന്റെ കൈകള്‍ വെള്ളത്തിനടിയിലൂടെ നീണ്ടുചെന്ന് തന്നോടുരുമ്മി നിന്ന താറാവിന്റെ കാലുകളില്‍ പിടിമുറുക്കി..

ഒന്ന്‌ പിടക്കാനോ കരയാണോ കഴിയും മുമ്പേ പക്ഷിയെ അയാള്‍ വെള്ളത്തിനടിയിലേക്ക്‌ താഴ്ത്തിക്കളഞ്ഞു. പെട്ടെന്നു തന്നെ കത്തികൊണ്ട്‌ അതിന്റെ കഴുത്തറുക്കുകയും ചെയ്തു. അതിന്റെ കാലുകള്‍ തന്റെ അരയില്‍ കെട്ടിയ ബെല്‍റ്റിനോട്‌ ബന്ധിച്ചു. അവിടെ തൂങ്ങിക്കിടന്ന്‌ താറാവിന്റെ ചോരവെള്ളത്തിലേക്ക്‌ വാര്‍ന്നു പോയ്ക്കൊണ്ടേയിരുന്നു..
പക്ഷികളുടെ എണ്ണം അതിവേഗത്തില്‍ കുറഞ്ഞു കൊണ്ടിരുന്നു. തന്റെ അത്ഭുതം വര്‍ദ്ധിപ്പിച്ച കാഴ്ചയായിരുന്നു അത്‌. കാരണം നടുക്കുന്ന വേഗതയില്‍ കൂട്ടുകാരുടെ എണ്ണം ചുരുങ്ങുന്നുതോ, ചുറ്റുമുള്ള വെള്ളം ചോരയില്‍ ചുവക്കുന്നതോ, ബാക്കി താറാവുകളെ അലട്ടുന്നതേയില്ല..

ഇപ്പോള്‍ എനിക്കു ഏതാണ്ട്‌ വ്യക്തമ്മയി. ആ താറാവുകള്‍ അങ്ങനെയാണ്‌. പക്ഷിത്തലവനെ എവിടെ നിര്‍ത്തണമെന്ന് ഹിക്സോ വേട്ടക്കാരന്‌ നന്നായി അറിയാമായിരുന്നു. ത്രികോണത്തിന്റെ മുനമ്പില്‍ തലവന്‍ ഉള്ളകാലത്തോളം എണ്ണം കുറഞ്ഞാലും ബാക്കി പക്ഷികള്‍ ത്രികോണം തീര്‍ക്കും.. അത്‌ അവയുടെ ജന്മവാസനയാണ്‌.

മറ്റൊന്നു കൂടി ഞാന്‍ ശ്രദ്ധിച്ചു. തടാകത്തില്‍ എത്ര ദൂരം നീന്തിക്കടക്കുമ്പോഴും ഈ പക്ഷികള്‍ ഇടം വലം നോക്കാറില്ല. ഓരോരുത്തരും തലവനെ മാത്രം മനസ്സിലുറപ്പിച്ച്‌, അതിനെ മാത്രം പിന്തുടര്‍ന്നു. അസ്ത്രമുനയുടെ അടയാളത്തില്‍ സഞ്ചരിക്കുന്നതും, ത്രികോണാകൃതിയില്‍ സംഘം ചേരുന്നതുമെല്ലാം ഓരോ പക്ഷിക്കും തലവനെ കൃത്യമായി കാണാനുള്ള ജന്മസൂത്രമാണ്‌. തലവനെ മാത്രം കണ്ടാല്‍ മതി; താറാവുകള്‍ക്ക്‌ ആത്മവിശ്വാസമായി.. അയല്‍ക്കാരന്‍ അപ്രത്യക്ഷനാകുന്നതോ, വഴിയില്‍ നിന്നു പോകുന്നതോ അവര്‍ക്ക്‌ പ്രശ്നമേയല്ല; തലവന്‍ യഥാസ്ഥാനത്ത്‌ ഉള്ള കാലത്തോളം..

തലവന്‍ നീങ്ങുമ്പോള്‍ പക്ഷികള്‍ ഒന്നൊന്നായി പിന്നാലെ നീങ്ങും.. തലവന്‍ നിന്നാല്‍ പക്ഷിക്കൂട്ടം ഒന്നാകെ നിശ്ചലമാകും.. ഹിക്സോ വേട്ടക്കാരന്‌ ഇതൊക്കെ അറിയാവുന്നതുകൊണ്ട്‌ അയാള്‍ പക്ഷിത്തലവനെ അവസാനത്തേക്കുവച്ചു. ഒടുവില്‍ തലവന്‍ മാതം ബാക്കി!

ഇത്രയൊക്കെയായിട്ടും പക്ഷിത്തലവന്‍ ഒന്നുമറിഞ്ഞില്ലേ? എങ്ങിനെയറിയാനാ? എത്രയോ നേരമായി എന്റെ ബൈനോക്കുലര്‍ തലവനെത്തന്നെ പിന്തുടര്‍ന്നു. പക്ഷെ ഇതുവരെ ആ പക്ഷി ഒന്ന്‌ തിരിഞ്ഞുനോക്കിയിട്ടില്ല. തന്റെ ചുറ്റുവട്ടം ശ്രദ്ധിച്ചിട്ടേയില്ല. പക്ഷിത്തലവന്‍ തന്നെ മാതമേ ശ്രദ്ധിക്കുന്നുള്ളൂ.. സ്വന്തം വംശത്തില്‍പ്പെട്ട ഒരു പക്ഷിയെങ്കിലും തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നല്‍ മാത്രം മതി അതിന്‌..

പക്ഷെ അവസാനം വരെ തലവനെ മുട്ടിനിന്നത്‌ താറാവായിരുന്നില്ല. അത്‌ വേട്ടക്കാരന്റെ തൊപ്പിയായിരുന്നു! വെള്ളത്തില്‍ ഒളിഞ്ഞിരുന്ന വേട്ടക്കാരന്‍ ഒടുവില്‍ പക്ഷിത്തലവന്റെ കാലില്‍ ചാടിപ്പിടിക്കുമ്പോള്‍ ആര്‍ത്തു വിളിച്ചു.. സമ്പൂര്‍ണ്ണ വിജയത്തിന്റെ ആര്‍പ്പുവിളി..

ഇക്കുറി വേട്ടക്കാരന്‍ ഇരയെ വെള്ളത്തില്‍ മുക്കിയില്ല. കഴുത്ത്‌ അറുത്തതുമില്ല. അതിനെ ജീവനോടെത്തനെ പൊക്കിയെടുത്തു. പക്ഷെ വേട്ടക്കാരന്റെ പിടിയിലൊതുങ്ങിയ പക്ഷിത്തലവന് ഇനിയെന്ത്‌ ജീവിതം?

വേട്ടക്കാരന്‍ ആഹ്ലാദത്തിമര്‍പ്പോടെ കരയ്ക്കു കയറുകയാണ്‌. ചോര കലങ്ങിയ വെള്ളത്തില്‍ നിന്ന്‌ പുറത്തു വരുമ്പോള്‍ അവയാളുടെ അരക്കെട്ടുനിറയെ ബാക്കി താറാവുകള്‍ ചത്തു തൂങ്ങി കിടക്കുന്നു.. തലവന്‌ ഇനിയെന്ത്‌ ജീവിതം?

ഡോ: മുഹമ്മദ് മഖ്‌സങ്കി
മൊഴിമാറ്റം: എ.പി.അഹമ്മദ്‌
Subscribe Tharjani |
Submitted by -S- (not verified) on Sat, 2010-06-19 11:11.

താറാവുകളെ പറ്റിയുള്ള ഒരു സചിത്ര ഫീച്ചര്‍. വെറുതെ ഇവിടെ കിടക്കട്ടെ. കഥ മനസ്സിലാക്കാന്‍ ഉപകരിക്കും.

http://kazhchaas.blogspot.com/2010/06/blog-post_18.html