തര്‍ജ്ജനി

ഡോ.മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

നോട്ടീസ് ബോര്‍ഡ്

മലയാളം എന്‍കോഡിംഗ് മാറ്റാന്‍ ഒരു പൂച്ചക്കുട്ടി

വ്യത്യസ്തങ്ങളായ എന്‍കോഡിംഗുകളില്‍ തയ്യാറാക്കിയാണ് മലയാളം ടെക്സ്റ്റുകള്‍ അച്ചടിയിലും വെബ്ബിലും ഉപയോഗിക്കുന്നത്. അച്ചടിശാലക്കാര്‍ ഉപയോഗിക്കുന്ന അഡോബിന്റെ പേജ്മേക്കര്‍ , ഫോട്ടോഷോപ്പ് എന്നിവയും കോറലിന്റെ ഉല്പന്നങ്ങളും യൂനിക്കോഡ് എന്‍കോഡിംഗ് പിന്തുണയ്ക്കുന്നില്ല എന്നതിനാല്‍ ആസ്കി എന്‍കോഡിംഗിലുള്ള മലയാളം ടെക്സ്റ്റുകള്‍ ഉപയോഗിക്കാനേ അച്ചടിയില്‍ സാധിക്കൂ. എന്നാല്‍ വെബ്ബില്‍ ബ്ലോഗിലോ വിക്കിയിലോ എഴുതണമെങ്കില്‍ യൂനിക്കോഡ് എന്‍കോഡിംഗിലുള്ള ടെക്സ്റ്റ് ആയിരിക്കുകയും വേണം. മലയാളം അച്ചടിയിലും വെബ്ബിലും വ്യത്യസ്തമായ എന്‍കോഡിംഗ് പിന്തുടരുന്നതിനാല്‍ ഒരു ടെക്സ്റ്റ് രണ്ട് ആവശ്യങ്ങള്‍ക്കായി രണ്ടു എന്‍കോഡിംഗില്‍ ടൈപ്പ് ചെയ്യുക എന്ന പ്രയാസമുണ്ട്. ഈ പ്രയാസം ഒരു പരിധി വരെ പരിഹരിക്കാന്‍ വരമൊഴി എന്ന പ്രോഗ്രാം സഹായകമായിട്ടുണ്ട്. എന്നാല്‍ പുതിയലിപി എന്ന വിലക്ഷണലിപിയോട് അനിഷ്ടമുള്ളവര്‍ ഉപയോഗിച്ചിരുന്ന രചന അക്ഷരവേദിയുടെ രചനയില്‍ ടൈപ്പു ചെയ്ത ടെക്സ്റ്റാണെങ്കില്‍ വരമൊഴിക്ക് ഒരു രീതിയിലും സഹായിക്കാനാകില്ല.

ഈ പ്രശ്നത്തിന് പരിഹാരവുമായി ഇതാ പൂച്ചക്കുട്ടി എത്തിയിരിക്കുന്നു.

പൂച്ചക്കുട്ടി ഒരു കണ്‍വെര്‍ട്ടര്‍ പ്രോഗ്രാമാണ്. രചന ടെക്സ്റ്റ് എഡിറ്ററില്‍ ടൈപ്പു ചെയ്ത മാറ്റര്‍ റിച്ച് ടെക്സ്റ്റ് ഫോര്‍മാറ്റില്‍ ഇതില്‍ ഇന്‍പുട്ട് ചെയ്യുക. തുടര്‍ന്ന് കണ്‍വെര്‍ട്ട് ചെയ്യുക. രണ്ട് ബട്ടണ്‍ ക്ലിക്കുകളില്‍ കാര്യം സാധിക്കും.

മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് ഡി.ടി.പി ഓപ്പറേറ്ററായ രാമചന്ദ്രനാണ് ഇതിന്റെ ശില്പി.

ഇതിനു പിറകിലെ കഥ ഇതാണ് : എം.കെ.സാനുവിന്റെ ബഷീര്‍ പുസ്തകം ടൈപ്പ്സെറ്റു ചെയ്താണ് മാതൃഭൂമിക്ക് കിട്ടിയത്. അത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ വീണ്ടും ടൈപ്പ് സെറ്റു ചെയ്യേണ്ടതായി വരുമെന്ന ഘട്ടത്തിലാണ് ഇങ്ങനെ ഒരു കണ്‍വെര്‍ട്ടര്‍ ആപ്ലിക്കേഷനില്ല എന്നത് വലിയ ഒരു പ്രശ്നമായി രാമചന്ദ്രന്‍ തിരിച്ചറിയുന്നത്. ഒഴിവുസമയം ഇതിനായി ഉപയോഗിച്ച് തയ്യാറാക്കിയ കണ്‍വെര്‍ട്ടര്‍ തര്‍ജ്ജനിയുടെ ഉപയോഗത്തിന് രാമചന്ദ്രന്‍ തന്നത് ഡോ.സി.ജെ.ജോര്‍ജ്ജിന്റെ എം.ഗോവിന്ദനെക്കുറിച്ചുള്ള ലേഖനം കണ്‍വെര്‍ട്ട് ചെയ്യാനായാണ്. തര്‍ജ്ജനി അത് മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു.

ആവശ്യക്കാര്‍ക്ക് സൌജന്യമായി രാമചന്ദ്രന്‍ ഇത് നല്കുന്നു. ഡൌണ്‍ലോഡിനായി ഈ വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക:

http://leosoftwares.4shared.com

പൂച്ചക്കുട്ടി ഉപയോഗിച്ച് രചന ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ടെക്സ്റ്റുകള്‍ ആസ്കിയിലേക്കും യൂനിക്കോഡിലേക്കും കണ്‍വെര്‍ട്ട് ചെയ്യുവാന്‍ ഇപ്പോള്‍ പൂച്ചക്കുട്ടിയില്‍ സംവിധാനമുണ്ട്. രചനയുടെ ടെക്സ്റ്റ് എഡിറ്ററില്‍ പുതിയലിപിയില്‍ തയ്യാറാക്കിയ ടെക്സ്റ്റുകള്‍ മലയാളത്തിന്റെ തനതുലിപിയില്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ട്.

ഈ പ്രോഗാമിന്റെ വേഗതയും പ്രയോഗപരമായ സാദ്ധ്യതകളും മെച്ചപ്പെടുത്തുവാന്‍ രചന ടെക്സറ്റ് എഡിറ്ററിന്റെ പ്രോഗ്രാമിംഗ് ഭാഗം കൈകാര്യം ചെയ്ത കെ.എച്ച്. ഹുസ്സൈനും ടിമില്‍ അംഗമായിരുന്ന ഡോ.വിജയകുമാരന്‍ നായരും ശ്രമിക്കുന്നു. ഉപയോക്താളില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് സഹായകമായിരിക്കും. രാമചന്ദ്രന്റെ ഇമെയ്‍ല്‍ വിലാസം: mottusuchi@gmail.com

Subscribe Tharjani |