തര്‍ജ്ജനി

പുസ്തകം

ഫിദല്‍ കാസ്ട്രോ ലോകത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു

ലോകാധിപത്യത്തിനു വേണ്ടിയുള്ള അമേരിക്കയുടെ നീതീകരിക്കാനാകാത്ത അത്യാഗ്രഹമാണ്‌ ഇന്നത്തെ ലോകത്തിന്‌ ഈ രൂപം കൊടുത്തിരിക്കുന്നത്‌. ക്യൂബയുടെ ആക്ടിംഗ്‌ പ്രസിഡണ്ട്‌ റൗള്‍ കാസ്ട്രോ 2006 സെപ്‌തംബര്‍ 16-ന്‌ ചേരിചേരാരാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ആദ്ധ്യക്ഷം വഹിച്ചുകൊണ്ട്‌ ഇങ്ങിനെ പ്രഖ്യാപിച്ചു. ചേരിചേരാരാഷ്ട്രങ്ങളുടെ സമ്മേളനത്തിന്‌ എത്തിച്ചേര്‍ന്ന 118 അംഗരാഷ്ട്രത്തലവന്മാരെ (പുതുതായി ചേര്‍ന്ന ഹെയ്‌ത്തി, സെന്റ്‌ കിറ്റ്‌സ്‌ എന്നിവ ഉള്‍പ്പെടെ) മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാപനമായിരുന്നില്ല അത്‌. ലോകത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള ഒരു പ്രഖ്യാപനമായിരുന്നു. ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും ചുണ്ടിനും മനസ്സിനുമിടയില്‍ വീര്‍പ്പുമുട്ടുന്നൊരു സത്യമായിരുന്നു ആ പ്രഖ്യാപനത്തിലൂടെ പുറത്ത്‌ വന്നത്‌. മാത്രമല്ല ആ പ്രഖ്യാപനത്തില്‍ വന്ദ്യവയോധികനായ കാരണവരെപ്പോലെ അധികാരത്തിന്റെ മുന്‍നിരയില്‍നിന്നും പിന്‍വാങ്ങിയ ഫിദല്‍ കാസ്ട്രോയുടെ തുടര്‍ച്ചയാണ്‌ പുതിയ ക്യൂബന്‍ ഭരണകൂടവുമെന്നുള്ള ഒരു സൂചന കൂടിയുണ്ട്‌.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്‌ കരീബിയന്‍ കടലിലെ കൊച്ചു ദ്വീപായ ക്യൂബയും ഫിദല്‍ കാസ്ട്രോ എന്ന അസാധാരണ വ്യക്തിത്വമുള്ള നേതാവും ലോക ശ്രദ്ധയിലേക്ക്‌ കടന്നുവന്നത്‌. ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ സായുധ അട്ടിമറിയിലൂടെ ക്യൂബയിലെ അന്നത്തെ ഭരണാധികാരിയായിരുന്ന ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഈ സംഭവത്തിന്‌ ലോകം അന്ന്‌ വലിയ പ്രാധാന്യമൊന്നും നല്‍കിയില്ല. ലാറ്റിനമേരിക്കന്‍ നാടുകളിലെ പതിവു ശൈലിയില്‍ ഒരു ഭരണമാറ്റം എന്നേ കരുതിയുള്ളൂ. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഹിതത്തിന്‌ എതിരായ ഭരണകൂടങ്ങള്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുക അവിടെ ഒരു സാധാരണ സംഭവമായിരുന്നു.

കാസ്ട്രോയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്ന്‌ യു.എസ്‌.എ ആയിരുന്നു. അധികാരമേറ്റ്‌ അധികം വൈകാതെ കാസ്ട്രോ യു.എസ്‌.എ-യിലേക്ക്‌ ഒരു അനൗദ്യോഗികയാത്ര നടത്തുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ കാസ്ട്രോ ക്യൂബയില്‍ നടപ്പിലാക്കിയ ഭരണപരിഷ്‌ക്കാരങ്ങള്‍ അമേരിക്കയെ ചൊടിപ്പിച്ചു. വന്‍കിട ഫാക്ടറികളും കൃഷിക്കളങ്ങളും ക്യൂബന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തുടങ്ങി. അമേരിക്കന്‍ ഐക്യനാടുകളിലെ വന്‍കിടകമ്പനികളായിരുന്നു ഇവയൊക്കെ കയ്യടക്കി വെച്ചിരുന്നത്‌. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെട്ടിരുന്ന ക്യൂബയില്‍ തങ്ങളുടെ താല്‌പര്യങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന്‌ മനസ്സിലാക്കിയ അമേരിക്ക ക്യൂബയെ രഹസ്യമായി എതിര്‍ക്കാനും ഒതുക്കാനും തുടങ്ങി. പതിവു ശൈലിയില്‍ ഒരു സായുധ അട്ടിമറിക്കാണ്‌ അമേരിക്ക ആദ്യം തുനിഞ്ഞിറങ്ങിയത്‌. കാസ്ട്രോ ഭരണത്തിന്‍ കീഴില്‍ സ്വന്തം താല്‌പര്യങ്ങള്‍ക്ക്‌ ക്ഷതം സംഭവിച്ചതിന്റെ പേരില്‍ അമേരിക്കയിലേക്ക്‌ ഓടി രക്ഷപ്പെട്ട്‌ പ്രവാസികളായിക്കഴിയുന്ന ക്യൂബന്‍ വിമതരെ സി.ഐ.എ സംഘടിപ്പിച്ചു. അവര്‍ക്ക്‌ സായുധപരിശീലനവും പണവും നല്‌കി ക്യൂബയിലേക്കയച്ചു. ഏതാണ്ട്‌ 1400-ഓളം പേരടങ്ങുന്ന ഒരു സായുധസൈന്യം തന്നെയായിരുന്നു അത്‌. പണ്ട്‌ ബാറ്റിസ്റ്റയെ്‌ക്കതിരെ കാസ്ട്രോ നടത്തിയ സായുധസമരത്തിന്റെ മാതൃക പിന്തുടര്‍ന്ന്‌ ക്യൂബയില്‍ വന്നിറങ്ങി. ക്യൂബയുടെ തലസ്ഥാനമായ ഹാവനയുടെ ഏതാണ്ട്‌ 160 കി.മീ തെക്ക്‌ കിഴക്കായി സ്ഥിതി ചെയ്യുന്ന ബേ ഓഫ്‌ പിഗ്‌സ്‌ എന്ന ഉള്‍ക്കടലിന്റെ തീരത്താണവര്‍ വന്നിറങ്ങിയത്‌. 1961 ഏപ്രില്‍ 17-ാം തീയതി. ഇവരുടെ കൂടെ ക്യൂബയിലെ അസംതൃപ്‌തരായ ജനങ്ങള്‍ അണിചേരുമെന്നും പോലീസും പട്ടാളവും സി.ഐ.എ-യുടെ മുന്‍കയ്യില്‍ അയക്കപ്പെടുന്ന പ്രക്ഷോഭകാരികളെ നേരിടാന്‍ തയ്യാറാവുകയില്ല എന്നുമായിരുന്നു കണക്കുകൂട്ടല്‍. അക്കാലത്തെ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോണ്‍ എഫ്‌.കെന്നഡി അവസാന നിമിഷത്തില്‍ ഈ നീക്കത്തെ എതിര്‍ത്തു എന്നും ആയുധസഹായം വെട്ടിക്കുറച്ചു എന്നും പറയപ്പെടുന്നുണ്ട്‌. എന്നാല്‍ ഇത്തരമൊരു നീക്കം മുന്‍കൂട്ടിക്കണ്ടിരുന്ന കാസ്ട്രോ ഈ അട്ടിമറി ശ്രമത്തെ വിജയകരമായി നേരിട്ടു. അടിച്ചമര്‍ത്തി. നാനൂറോളം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ തടവുകാരായി പിടിക്കപ്പെട്ടു. കാസ്ട്രോയ്‌ക്കുണ്ടായിരുന്ന ക്യൂബന്‍ ജനതയുടെ പിന്തുണയെക്കുറിച്ച്‌ സി.ഐ.എ നടത്തിയ കണക്കുകൂട്ടല്‍ തെറ്റിപ്പോവുകയായിരുന്നു. ഈ പരാജയം അമേരിക്കയ്‌ക്കു വല്ലാത്തൊരു ക്ഷീണമായി. അധികാരത്തിലെത്തി മൂന്ന്‌ മാസം മാത്രം പിന്നിട്ടുകഴിഞ്ഞ ജോണ്‍.എഫ്‌.കെന്നഡിയുടെ വിദേശനയത്തെ മൊത്തത്തില്‍ ഈ സംഭവം മോശമായി ബാധിച്ചു. അട്ടിമറി ശ്രമത്തില്‍ തങ്ങള്‍ക്കുള്ള പങ്ക്‌ അമേരിക്ക പാടേ നിഷേധിച്ചുവെങ്കിലും പിന്നീട്‌ പുറത്തുവന്ന നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കൈവ്‌ രേഖകള്‍ അത്‌ ലോകത്തിന്‌ മുമ്പില്‍ തുറന്നുകാട്ടി. അന്നു മുതല്‍ ക്യൂബയും അമേരിക്കയും തമ്മില്‍ നിതാന്തശത്രുതയിലായി. അമേരിക്ക 1962 ഫെബ്രുവരിയില്‍ ക്യൂബക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഭരണാധികാരികളുടെ മനസ്സില്‍ ക്യൂബന്‍ ഭരണത്തെ അട്ടിമറിക്കുക എന്നത്‌ ഒരു മുഖ്യ അജണ്ടയായി മാറി. ഇന്നും അത്‌ തുടരുന്നു.

രണ്ടുവര്‍ഷം മുമ്പ്‌ ക്യൂബയെ കാസ്ട്രോവില്‍ നിന്ന്‌ മോചിപ്പിക്കുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനു നിയോഗിക്കപ്പെട്ട കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. കാസ്ട്രോവിന്‌ ശേഷം സ്വതന്ത്രമാകുന്ന ക്യൂബന്‍ ഭരണം നിയന്ത്രിക്കുവാന്‍ ഒരു കോര്‍ഡിനേറ്ററേയും അമേരിക്ക നിയമിച്ചിരിക്കുന്നു. ഇറാഖില്‍ സൈന്യത്തെ അയച്ച്‌ രാജ്യം കീഴടക്കിയതിനു ശേഷമാണ്‌ ഭരണമാറ്റത്തിനായി ഒരു കോര്‍ഡിനേറ്ററെ കണ്ടെത്തിയതെങ്കില്‍ ഇവിടെ ക്യൂബ മറ്റൊരു പരമാധികാരരാഷ്ട്രമായി നിലനില്‌ക്കുമ്പോള്‍ത്തന്നെയാണ്‌ അമേരിക്കയുടെ നടപടി. പുതിയ ക്യൂബയില്‍ വരുത്തേണ്ട നയവ്യതിയാനങ്ങളെക്കുറിച്ചും, ജനാധിപത്യത്തിലേക്ക്‌ ക്യൂബയെ വീണ്ടെടുക്കുന്നതിനെക്കുറിച്ചും വിശദമായ പദ്ധതികള്‍ ആ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതിനുശേഷം മറ്റൊരു രേഖകൂടി 2006 ജൂലൈയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസ്‌ പുറത്തിറക്കി. 93 പേജുകളേ ഈ രേഖയുടേത്‌ പരസ്യപ്പെടുത്തിയിട്ടുള്ളൂ. ഇനിയുമൊരു 37 പേജുള്ള അനുബന്ധം രഹസ്യമാക്കി വെച്ചിരിക്കയാണ്‌. സ്വന്തം ജനങ്ങളുടേയും രാജ്യത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി ചെലവഴിക്കാതെ ക്യൂബയുടെ സമ്പത്ത്‌ മുഴുവന്‍ കാസ്ട്രോ ലാറ്റിനമേരിക്കന്‍ മേഖലയില്‍ അട്ടിമറി-ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ വേണ്ടി ചെലവഴിക്കുന്നു എന്നാണ്‌ അതില്‍ പ്രധാനമായും ആരോപിച്ചിരിക്കുന്ന കുറ്റം. വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസിന്റെ ഗവണ്മെന്‍റും ക്യൂബയും ചേര്‍ന്നാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌ എന്ന കാര്യത്തിലും ഈ രേഖയ്‌ക്ക്‌ ഒട്ടും സംശയമില്ല. കാസ്ട്രോ ഭരണകൂടം തന്ത്രപരമായ നീക്കങ്ങളിലൂടെ കാസ്ട്രോയ്‌ക്ക്‌ ശേഷവും അധികാരം നിലനിര്‍ത്താതിരിക്കാനുള്ള ശ്രമങ്ങള്‍ക്കുവേണ്ടി 80 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഒരു ഫണ്ടും അമേരിക്ക കരുതിവെച്ചിട്ടുണ്ട്‌. അമേരിക്കന്‍ മേഖലയിലെ ജനാധിപത്യ ഗവണ്മെന്‍റുകളെ അസ്ഥിരപ്പെടുത്താന്‍ ക്യൂബയും വെനിസ്വേലയും ചേര്‍ന്ന്‌ നടത്തുന്ന പരിശ്രമങ്ങള്‍ക്ക്‌ കാസ്ട്രോവിന്റെ പ്രേരണയില്‍ ഷാവേസ്‌ വെനിസ്വേലയുടെ എണ്ണപ്പണം വിനിയോഗിക്കുകയാണ്‌. അത്‌ തടയുക എന്നത്‌ യു.എസ്‌.എ.ഗവണ്മെന്റിന്റെ അടിയന്തിര കടമയാണ്‌. ഇതേ കടമ മദ്ധ്യേഷ്യയില്‍ ഇറാഖിലും അഫ്‌ഘാനിസ്ഥാനിലും മറ്റും കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ 47 വര്‍ഷമായി അമേരിക്ക ക്യൂബയ്‌ക്ക്‌ നേരെ തുടരുന്ന സാമ്പത്തിക ഉപരോധം ഒന്നുകൂടി കര്‍ക്കശമാക്കുവാനും, അമേരിക്ക നേരത്തേ പാസാക്കി വെച്ചിരിക്കുന്ന ചില അന്തര്‍ദേശീയ കരിനിയമങ്ങള്‍ ക്യൂബയുമായി മറ്റു രാജ്യങ്ങള്‍ വാണിജ്യബന്ധത്തിലേര്‍പ്പെടുന്നതിനെ ഭീഷണിയിലൂടെ വിലക്കുന്നതിനു വേണ്ടി പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ആലോചനയും ഈ രേഖ പ്രകടമാക്കുന്നുണ്ട്‌. മറ്റു രാജ്യങ്ങളിലെ ഗവണ്മെന്‍റുമായും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ അമേരിക്കന്‍ കോടതികളില്‍ കേസ്‌ കൊടുക്കാമെന്നും വിധി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം യു.എസ്‌.എ ഗവണ്മെന്റില്‍ നിക്ഷിപ്‌തമാണെന്നും അനുശാസിക്കുന്ന 1959-ല്‍ പാസാക്കിയ ഹെല്‍മസ്‌ ബര്‍ട്ടണ്‍ ആക്ടിന്റെ ചില ഖണ്ഡികകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരിക എന്നതാണ്‌ ഇവിടെ വിവക്ഷ. ഒരു പരമാധികാര രാജ്യത്തിന്റെ അഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടുന്നതിന്‌ ഇത്രമാത്രം വെപ്രാളപ്പെടാനുള്ള കാരണം മനസ്സിലാകാതെ ലോകം സ്‌തബ്ധമായി നില്‍ക്കുകയാണ്‌, ഈ ഭാ്രന്തമായ ലോകനീതിയെ എന്തുപേരിട്ടു വിളിക്കുമെന്നറിയാതെ. ദോഷം പറയരുതല്ലൊ! ക്യൂബയിലെ ജനങ്ങളുടെ അനുമതിയോടുകൂടി മാത്രമേ ഭരണമാറ്റത്തിനു ശ്രമിക്കുകയുള്ളൂ എന്നൊരു മേമ്പൊടി ഈ രേഖയില്‍ ചേര്‍ത്തിട്ടുണ്ട്‌.

അമേരിക്കന്‍ അക്രമപദ്ധതികളെ ചെറുക്കുന്നതിന്റെ ഭാഗമായി 1961-ലെ മെയ്‌ദിന റാലിയില്‍ വെച്ച്‌ ക്യൂബ ഒരു സോഷ്യലിസ്റ്റ്‌ രാജ്യമാണെന്ന്‌ ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ കാസ്ട്രോ പ്രഖ്യാപിച്ചു. പിന്നീട്‌ അതേ വര്‍ഷം ഡിസംബറില്‍ ജനങ്ങളോടുള്ള ഒരു റേഡിയോ പ്രഭാഷണത്തിനിടയില്‍ താന്‍ ഒരു മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റാണെന്നും ക്യൂബന്‍ ഗവണ്മെന്റ്‌ കമ്മ്യൂണിസമാണ്‌ മാര്‍ഗ്ഗദര്‍ശകമായി സ്വീകരിക്കുന്നത്‌ എന്നും അറിയിച്ചു. അമേരിക്കയുടെ മുഖ്യശത്രുവായിരുന്ന സോവ്യറ്റ്‌ റഷ്യ ക്യൂബയുടെ മുഖ്യ സഹായിയായി മാറി. അമേരിക്കയുടെ ബഹുമുഖമായ ഉപരോധങ്ങളേയും സായുധ ഭീഷണികളേയും റഷ്യന്‍ സഹായത്തോടെ നേരിട്ടു. ക്യൂബയുടെ സംരക്ഷണത്തിനായി സോവ്യറ്റ്‌ യൂണിയന്‍ ക്യൂബയില്‍ ആണവമിസൈലുകള്‍ സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അമേരിക്കന്‍ ചാരവിമാനമായ യൂ ടൂ ഇത്‌ കണ്ടുപിടിച്ചു. സോവ്യറ്റ്‌ റഷ്യയും അമേരിക്കയും തമ്മില്‍ ഒരു യുദ്ധത്തിന്റെ വക്കോളം ഈ സംഭവം എത്തിച്ചു. യു.എസ്‌.എ-യുടെ 90 മൈല്‍ തെക്കുമാറി ആണവമിസൈല്‍ സ്ഥാപിക്കുന്നത്‌ ആ രാജ്യത്തിന്റെ സുരക്ഷയ്‌ക്കു നേരെയുള്ള വെല്ലുവിളിയായി അവര്‍ കണ്ടു. ക്യൂബയ്‌ക്ക്‌ ചുറ്റും ഒരു അപായമേഖല പ്രഖ്യാപിക്കുകയും ആ മേഖലയിലേക്ക്‌ കടക്കുന്ന ഏതു കപ്പലുകളും തടഞ്ഞുവെക്കാനും പരിശോധിക്കുവാനും തങ്ങള്‍ക്ക്‌ അവകാശമുണ്ടെന്ന്‌ അവര്‍ പ്രഖ്യാപിച്ചു. കാസ്ട്രോ ക്രൂഷ്‌ചേവിന്‌ അയച്ച ഒരെഴുത്തില്‍ യു.എസ്‌.എ ക്യൂബ പിടിച്ചെടുക്കുകയാണെങ്കില്‍ സോവ്യറ്റ്‌ റഷ്യ അമേരിക്കയുടെ മേല്‍ ആദ്യം ന്യൂക്ലിയര്‍ ആക്രമണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കയ്‌ക്ക്‌ മേല്‍ ആദ്യം ന്യൂക്ലിയര്‍ ആയുധാക്രമം നടത്തുന്നകാര്യം ക്രൂഷ്‌ചേവ്‌ അംഗീകരിച്ചില്ല. പകരം ക്യൂബയിലുണ്ടായിരുന്ന സോവ്യറ്റ്‌ ഫീല്‍ഡ്‌ കമാണ്ടര്‍മാര്‍ക്ക്‌ അമേരിക്കന്‍ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ തന്ത്രപരമായി ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അധികാരം നല്‌കി. ലോകമാകെ ഒരു മൂന്നാം ലോകയുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ഒടുവില്‍ നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി സോവ്യറ്റ്‌ റഷ്യ ക്യൂബയില്‍ ആണവ മിസൈലുകള്‍ സ്ഥാപിക്കുന്ന ഉദ്യമത്തില്‍നിന്നും പിന്മാറി. പ്രതിഫലമായി ഇറ്റലിയിലും തുര്‍ക്കിയിലും സോവ്യറ്റ്‌ റഷ്യയെ ലക്ഷ്യമാക്കി അമേരിക്ക സ്ഥാപിച്ച മിസൈലുകള്‍ അമേരിക്കയും എടുത്തുമാറ്റി. ഒപ്പം ക്യൂബയിലേക്ക്‌ അതിക്രമിച്ച്‌ കടക്കില്ല എന്ന ഉറപ്പും നല്‍കി. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ കെന്നഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഈ കരാറിന്റെ വിശദാംശങ്ങള്‍ ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല.

ഈ സംഭവങ്ങളോടെ ക്യൂബയും ഫിദല്‍ കാസ്ട്രോയും ലോകമെങ്ങും പ്രശസ്‌തരായി. ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ഫിദല്‍ കാസ്ട്രോ ചെറുത്തുനില്‌പിന്റെ പ്രതീകമായി മാറി. അദ്ദേഹത്തിന്റെ ജീവചരിത്രവും ക്യൂബന്‍ വിപ്ലവത്തിന്റെ നാള്‍വഴികളും ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെട്ടു. കാസ്ട്രോയുടെ നിരവധി ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇതില്‍ ഹെര്‍ബര്‍ട്ട്‌ - എല്‍ മാത്യൂസ്‌ എഴുതിയ ജീവചരിത്രമാണ്‌ ഏറ്റവും മികച്ചതും സത്യസന്ധമായി കണക്കാക്കപ്പെടുന്നതും. ഈ പുസ്‌തകത്തിന്റെ രചനയ്‌ക്ക്‌ ഞങ്ങള്‍ ഏറിയ കൂറും ആശ്രയിച്ചിരിക്കുന്നത്‌ ഹെര്‍ബര്‍ട്ട്‌ - എല്‍ മാത്യൂസിനെയാണ്‌.

സൈന്‍ ബുസ്‌ പ്രസിദ്ധീകരിക്കുന്ന ഫിദല്‍ കാസ്ട്രോ : വിപ്ലവസ്വപ്‌നങ്ങളുടെ സാഫല്യം എന്ന പുസ്‌തകത്തിന്റെ ആദ്യ അദ്ധ്യായം.

പി.കെ.നാണു, വി.കെ.പ്രഭാകരന്‍
Subscribe Tharjani |