തര്‍ജ്ജനി

മുക്കാം കപ്പല്‍

ഞാനൊരു സ്വകാര്യ വ്യസനം പറയട്ടെ. ന്യായമായും മനുഷ്യാവകാശത്തെ പറ്റിയാവുമത്‌. കാരണം, മൂന്നാലു മാസം മുമ്പ്‌ കുവെയ്ത്തില്‍ ചില 'മാലയാളിക' സാമുദായിക കോദണ്ഡന്മാര്‍ ഒരു പണിപറ്റിച്ചു. അവര്‍ 'ഊമന്‍ റൈറ്റ്സ്‌' പ്രസംഗിച്ചു പഠിക്കുവാന്‍ ഒരു വേദിയൊരുക്കി. ഞാനവിടെ പോയില്ല. എന്റെ നാണത്തിന്‌ മതിയായ കാരണമുണ്ടെന്നാണ്‌ ഞാന്‍ കരുതുക.

ഞാനൊരു 'മനുഷ്യാവകാശ' അവിശ്വാസി; ഞെട്ടരുത്‌. കാരണം, ഏറ്റവും ഉദാത്തമായ മനുഷ്യാവകാശങ്ങളില്‍ നിന്നേറേ അലവലാതിപ്പെട്ട്‌ ജീവിതം നയിക്കുന്നവനാണ്‌ ഞാന്‍. 'മനുഷ്യ' അവകാശം എന്നൊരു സാധനമുള്ളതായി ഞാനും കേട്ടിട്ടുണ്ട്‌. (ഈസ്‌ ഇറ്റ്‌ ട്രൂ!) അത്‌ ആമ്പിള്ളേര്‍ക്കും പെമ്പിള്ളേര്‍ക്കും വേണ്ടി ഉശിരുള്ള ദേശ-നിയമാവലികള്‍ വകയിരുത്തിയിട്ടുള്ള അവകാശങ്ങളാണെന്നും തോന്നിപ്പിച്ചിട്ടുണ്ട്‌. ആ കേട്ടുകേള്‍വിക്കെതിരെ, നമ്മുടെ നാട്ടില്‍ സഘോരം മുഷ്ടിചുരുട്ടി അവകാശം തള്ളിച്ച്‌ എഴുന്നെള്ളിയ ഒരു മനുഷ്യ-ഛന്ദസ്സില്‍ ഞാനും എങ്ങിനെയൊക്കെയോ വന്നു പെട്ടിട്ടുമുണ്ട്‌.

പട്ടാമ്പിക്കാരന്‍, ഈയെമ്മസ്സിന്റെ നിയോജകമണ്ഡലക്കാരന്‍. പക്ഷേ, എന്നിട്ടും ഞാന്‍, പല മലയാളികളെപ്പോലെയും ഇവിടെ, ഈ മണലിലാകുന്നു. (മണ്ണിലാകുന്നവന്‍ മണ്ണാന്‍(!), മണലിലാകുന്നവന്‍ മണലാന്‍?)

ഒന്നാലോചിക്കുക, അക്കാലത്തെ നമ്മുടെ മുഷ്ടിചുരുട്ടല്‍ നമ്മേ എങ്ങിനെ ഇവിടെയെത്തിച്ചു, ഇന്ന്, എന്ന്? അതായത്‌, അറുപത്‌-എഴുപതുകളിലെ സ്വത്വരൂപീകരണങ്ങളില്‍ നിന്നും, അതിലെ അവകാശവാദ വീറുകളില്‍ നിന്നും ഞാനൊക്കെ (പൂയ്‌!) കുവെയ്ത്തില്‍ എങ്ങിനെയെത്തപ്പെട്ടു? കേരളത്തില്‍, അന്ന് നാം വിശ്വസിച്ചുപോയ ആ സ്വത്വാഭികാമന അവാസ്തവമായിരുന്നു എന്നോ? നടപ്പിലാകാതെപോയ അജണ്ട എന്നോ? ഒരിക്കലും നടപ്പിലാക്കുവാനൊക്കാത്ത ഒന്ന് എന്നോ? അങ്ങിനെ നാം നെഗറ്റീവായി ദൃഢനിശ്ചിതരായതിനാലാണോ ഈ വിപരീത വിധി?

സ്പെയ്സ്‌ കിട്ടിയാല്‍, ഏതു തരംകെട്ട 'മനുഷ്യാവകാശവും' താങ്കള്‍ക്കെങ്കിലും പ്രസംഗിച്ച്‌ ഒപ്പിക്കാനാവുമോ? അതിനാലാവണം, ഞാനും ഇടപെടുവാന്‍ ഒന്നറച്ചുപോയത്‌.

ഞാനതിനാല്‍, മലയാളിത്തത്തില്‍ അമ്പേയും, മനുഷ്യാവകാശ പ്രസംഗങ്ങളിലത്രയും അനഭിരനാവണം? കാരണം, മാനക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ നിങ്ങളാരും പ്രസംഗിച്ചു ഫലിപ്പിക്കാറില്ല എന്നതു പോലെ, എന്നിലും, ഇക്കാര്യത്തില്‍ ലിംഗഹത്യയുടെ ഭയം നാളുന്നു. എനിക്കും ഒരു നിക്കര്‍ അഴിക്കല്‍ ഇവിടെയുണ്ടായേക്കും, എന്നു ഞാന്‍ ഭയപ്പെട്ടേക്കും.

ആണുങ്ങള്‍ക്ക്‌, മലയാളി പെണ്ണുങ്ങള്‍ക്കും ഞാന്‍ ഇപ്പറഞ്ഞത്‌ മനസ്സിലാവും; എന്നാണ്‌ ഞാന്‍ ധരിക്കുക.

അതിനാല്‍ എന്റെ കളരി, 'ഞാനൊരു മനുഷ്യാവകാശ നിരാസി' എന്ന് വിളംമ്പരപ്പെടുത്തുന്നതിലാവും. കാരണം, ഞാന്‍, എന്നേക്കാള്‍ വള്‍ഗറായ ശിഖണ്ഡികള്‍ (എനിക്ക്‌ വോട്ടവകാശമല്ലേ കുറവുള്ളൂ) തിരഞ്ഞെടുത്ത രാഷ്ട്രീയാധികാരികളെ, അവരുടെ ശക്തിപ്രകടനങ്ങളെ, അവരുടെ വിരട്ടി-വഴറ്റുന്ന ബക്കറ്റു പിരിവുകളെ, അവരുടെ ഒറ്റക്കുള്ള അനാരോഗ്യരൂപങ്ങളെയും ഒന്നിച്ചുള്ള ഭീകരവാദ-മസിലുകളെയും, അവരുടെ ഏകപക്ഷീയമായ ലോജിക്കുകളെയും ഹര്‍ത്താലുകളെയും ഭയപ്പെട്ട്‌ ഒളിവില്‍ പോയിരിക്കുന്നു, കേരളം വിട്ടിരിക്കുന്നു. ഭയങ്കര വ്യസനത്തോടെയാവുമിത്‌ തുറന്നു പറയുക. എന്റെ നാണക്കേട്‌, അല്ലാതെന്ത്‌?

ദല്‍ഹിയില്‍ പോയാല്‍ മുകിലനും അതിഹൈന്ദവനും, മദിരാശിയില്‍ ചെന്തമിഴന്‍, മുംബായില്‍ ശൈവന്‍, ഗുജറാത്തില്‍ ഹൈന്ദവ-കച്ചവടന്‍, ബീഹാറില്‍ പിടിച്ചുപറിയന്‍, കര്‍ണ്ണാടകത്തില്‍ കുടിവെള്ളം തരാത്തവന്‍, ആന്ധ്രയിലും ഹിമാലയച്ചെരുവിലും നക്സലന്‍. ഇനിയെന്തധികം വേണം സഖേ? ഇതെല്ലാം ഒഴിവാക്കി നാട്ടില്‍ വന്നാല്‍, ഡിഫിയനും ലീഗനും പരിഷയും.

ങ്‌ഹാ! ഐ നോ, ഇതിനകം നിങ്ങള്‍ എന്നെ ആ കള്ളിയിലാക്കിയിരിക്കും! - അരാഷ്ട്രീയന്‍!

അല്ലെങ്കിലും, എന്നോട്‌ ഒരിക്കലും പൊറുക്കരുതേ! ഇനി പ്രവാസം എന്നൊന്നും പുലമ്പരുതേ! എങ്കിലിനി, എന്റെ സാഹിത്യമെന്നും എന്റെ ഗൃഹാതുരതയെന്നും എന്നും മറ്റും മലര്‍ത്തരുതേ!

മറിച്ചെങ്കില്‍, എന്റെ കണ്ണീര്‍ നിങ്ങളെ മുക്കിക്കൊല്ലും -ഈ മുക്കാം കപ്പലിനെ.

എഴുത്തച്ഛന്‍ സാക്ഷി.

ഒ.കെ.സുദേഷ്‌, കുവെയ്ത്ത്‌

Submitted by riyaz (not verified) on Tue, 2005-06-14 02:44.

if it is billiards or pocket billirads....
let them play ....
at least they have balls.....
hooray to sudesh...
with rgrds...
riyaz, kuwait.

Submitted by jayesh (not verified) on Sat, 2005-06-18 15:50.

Dear sudesh,

After long time somebody opened their mouth. Idavazhiyile poochchakal kannatachchu paal kutikkunnathu ini kaanaan vayya.