തര്‍ജ്ജനി

ബെന്യാമിന്‍

വെബ്: മണലെഴുത്ത്

Visit Home Page ...

കഥ

ബെന്യാമിന്റെ കഥകള്‍പത്ര വാര്‍ത്ത

പ്രഭാതം.
ദുരന്തങ്ങളുടെ ചൂടാറാത്ത വാര്‍ത്തകളുമായി പത്രത്താളുകള്‍
പടിക്കെട്ടില്‍ വീണു കിടക്കുന്നു.
വേദനയോടെ ഞാന്‍ വായിക്കാനിരുന്നു.
കൈയില്‍ ഒരു കോപ്പയുമായി -
വായനക്കിടയിലെ ദുഃഖംകൊണ്ട്‌ ഊറിവരുന്ന
കണ്ണുനീരും രക്‌തവും ശേഖരിക്കാന്‍!
സകല ദുരിതങ്ങളുടെയും സംഭവ വിവരണങ്ങള്‍ കൊണ്ട്‌
പേജുകള്‍ നിറഞ്ഞിരുന്നു.
ആര്‍ത്തിയോടെ ഞാന്‍ എല്ലാം വായിച്ചു തീര്‍ത്തു.
കോപ്പ മാത്രം ശൂന്യമായിരുന്നു.
മനസില്‍ ഒരു ഉന്മാദം പടരുന്നത്‌ ഞാനറിയുന്നു..!!


പുനര്‍ജന്മം

അടുത്ത ജന്മത്തില്‍ നിനക്ക്‌ ആരാകണം?
എനിക്കോ... കന്യാമറിയത്തിന്റെ ഇളയ സഹോദരി, ക്ലിയോപാട്രയുടെ അമ്മ,
ഷാജഹാന്റെ ഭാര്യ, ഹിറ്റ്‌ലറുടെ കാമുകി..
നിനക്കോ..?
എനിക്ക്‌... ആന്‍ഫ്രാങ്കിന്റെ അച്ഛന്‍, ജോസഫ്‌ സ്റ്റാലിന്റെ അനുജന്‍
വെര്‍ജീനാ വീള്‍ഫിന്റെ കാമുകന്‍, സീമോണ്‍ ഡി ബുവ്വായുടെ ഭര്‍ത്താവ്‌
ഹെമിംഗ്‌ വേയുടെ മകന്‍...
നമുക്കോ..?
ഞങ്ങള്‍ ഇറുകെ പുണര്‍ന്ന് ചുംബിച്ചു..!!

ചാവ്‌

ആമിനക്കുട്ടിയെ വെള്ളവിരിപ്പു മൂടി പൂക്കളുടെ മധ്യത്തില്‍ പൂമുഖത്ത്‌
കിടത്തിയിരിക്കുകയാണ്‌.
ഏങ്ങലടികളുടെയും പൊട്ടിക്കരച്ചിലുകളുടെയും അകമ്പടിയോടെ നാട്ടുകാര്‍ നിരനിരയായി
ആമിനക്കുട്ടിയുടെ മുട്ടത്തേക്ക്‌ വരുന്നു... അല്‌പം നെടുവീര്‍പ്പുകള്‍
ആമിനക്കുട്ടിക്ക്‌ സമ്മാനിച്ച്‌ മടങ്ങുന്നു.
പണ്ടേ കുസൃതിക്കുടുക്കയാണ്‌ ആമിനക്കുട്ടി. ചാവിലും അവള്‍ തന്റെ സ്വഭാവം
മാറ്റിയില്ല. എല്ലാരും തന്റെ ചുറ്റും നിന്ന് കരഞ്ഞ്‌ ബഹളമുണ്ടാക്കുന്നത്‌ കണ്ട്‌
അവള്‍ക്ക്‌ ചിരിയടക്കാനേ കഴിഞ്ഞില്ല. എന്നാലും ഒരു മരണത്തിന്റെ എല്ലാ ഗൌരവവും
മുഖത്തുവരുത്തി അവള്‍ അനങ്ങാതെ കിടന്നു.

ആകാംക്ഷ വീര്‍പ്പുമുട്ടിയപ്പോള്‍ അവള്‍ ആരും കാണാതെ ഒരു കണ്ണ്‍ പതിയെ ഒന്നു
തുറന്നുനോക്കി. ദാ - ഉമ്മ, പാവം കരഞ്ഞ്‌ കരഞ്ഞ്‌ തളര്‍ന്നു പോയിരിക്കുന്നു. ന്നാലും
ന്റെമ്മാ - ങ്ങള്‌ ഉണ്ടാക്കി വച്ച പത്തിരിയും കോയിക്കറിയും കൂടോടെ തിന്നാന്‍
കൊതിപിടിച്ച്‌ ഓടിവരുമ്പോളാണ്‌ ആ നശിച്ച ബസ്‌ വന്നന്നെ മുട്ടീട്ട്‌ പോവുന്നേ...
ഉമ്മ ഇരുന്ന് കരയാണ്ടു പോയി ആ പത്തിരി എടുത്തോണ്ട്‌ വന്ന് ഈ പുന്നാര
ആമിനക്കുട്ടിയുടെ വായില്‌ ബെച്ചു താ ഉമ്മാ...
അയ്യാടാ നമ്മടെ പൊരേടെ തൂണും കാരി നിക്കുന്നതാരാ - എന്റെ ഇക്കാക്കയല്ലേ.. കരഞ്ഞ്‌
കണ്ണൊക്കെ ചൊമപ്പിച്ച്‌... വേണ്ട ആമിനക്കുട്ടി പിണക്കമാ ഇക്കാക്കയോട്‌. ഒരി
പെന്‍സിലെടുത്താല്‍ ഒരു പുസ്‌തകത്തി തൊട്ടുപോയാ ഇക്കാക്ക ആമിനക്കുട്ടിനെ വയക്ക്‌
പറയാന്‍ വരില്ലേ... ഞാന്‍ മയ്യത്തായിപ്പോയല്ലോ ഇനി ഇക്കാക്ക ആരെനെ വയക്ക്‌
പറയും..?!
പിന്നെ അരൊക്കെയാ എന്റെ ചുറ്റിനും നിക്കണേ... ഇസ്കൂളിലെ കുട്ടുകാരെല്ലാം ഉണ്ടല്ലോ.
സഫിയായും പാറുക്കുട്ടിം സുജാതയും ഫാസിലും... എന്തിനാ എല്ലാരും കരയുന്നേ.. ന്നെ
ഇന്ന് ഇസ്കൂളി കാണഞ്ഞിറ്റാ.. ഞാനിന്ന് മയ്യത്തായിപ്പോയില്ലേ. പിന്നെങ്ങിനെയാ
ഇസ്കൂളി വരിക? നാളെവരാം. ഖബറീന്ന് ന്നെ ഇകൂളി വിടുവോ ആവോ..?!
അയ്യോ ആ മുറ്റത്ത്‌ കൂനിപ്പിടിച്ചിരുന്ന് കരയുന്നത്‌ ന്റെ ഉപ്പയല്ലേ..? കരയണ്ടാ
ഉപ്പാ. ഇനി മൊതല്‌ പെണ്ണൊരുത്തി വീട്ടി വളര്‍ന്നു വരുന്നുണ്ടെന്ന് ഓര്‍മ്മ
വേണമെന്ന് ഉപ്പക്കിടക്കിടെ ഉമ്മാനോട്‌ ദേശ്യപ്പെടേണ്ടി വരില്ല. പീടികേന്ന്
ഉഴുന്നുവടേം മുട്ടായിം വാങ്ങിക്കാന്‍ ഞാന്‍ വഴക്കുണ്ടാക്കുകയുമില്ല. ന്നാലും
ന്റെുപ്പ... ഈ പുന്നാര ആമിനക്കുട്ടീന്റെ ചാവറിഞ്ഞ്‌ ഒന്ന് നിലവിളിച്ച്‌
കരയുന്നതിനും മുന്‍പേ - ന്റെ ഒരു ഭാരം ഒഴിഞ്ഞുകിട്ടിയല്ലോ പടാച്ചോനേ ന്ന്
നെഞ്ചത്ത്‌ കൈ വച്ച്‌ ആശ്വസിക്കുകയാണല്ലോ ങ്ങള്‌ ചെയ്‌തത്‌...!!

ഇഷ്ടം

അവള്‍ ചോദിച്ചു: നീ ആരെ ഇഷ്ടപ്പെടുന്നു?
'എന്നെ' എന്റെ മറുപടി.
പിന്നെ?
പിന്നെയും എന്നെ.
അതുകഴിഞ്ഞ്‌?
അതുകഴിഞ്ഞും എന്നെ
അതുകൊണ്ട്‌?
ഞാന്‍ എല്ലാവരെയും ഇഷ്ടപ്പെടുന്നു..!!

കാരണം.

ഉത്തരക്കടലാസുമായി വീട്ടിലെത്തിയ കുട്ടിയെ അമ്മ ശാസിച്ചു.
കുറഞ്ഞ മാര്‍ക്ക്‌. തെറ്റുകള്‍ക്കടിയില്‍ ചുവന്ന വരകള്‍.
അടുത്ത പരീക്ഷയ്ക്ക്‌ ഇത്തരം ചുവന്ന വരകള്‍ കണ്ടാല്‍
നിന്നെ കൊന്നുകളയുമെന്ന് അമ്മയുടെ ഭീഷണി.
കുട്ടി പറഞ്ഞു: കുറ്റം എന്റേതല്ല. മാഷിന്റേതാണ്‌.
പയറ്റ്‌ ദിവസം കുട്ടി സ്‌കൂളിലെത്തി മാഷിന്റെ
ചുവന്നമഷിപ്പേന ഒടിച്ചു കളഞ്ഞു.

Subscribe Tharjani |
Submitted by Rehna Khalid (not verified) on Tue, 2007-11-06 12:20.

കുറഞ്ഞ വരികളിലൂടെ കൂടുതല്‍ സന്ദേശങ്ങള്‍.