തര്‍ജ്ജനി

ഒരു ചെറുസംഘം ചലച്ചിത്രാസ്വാദകര്‍

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

സിനിമ

സിനിമ കണ്ടെഴുതുമ്പോള്‍ - 2

ഫെല്ലീനീയുടെ "8 1/2"

ഈ ചലച്ചിത്രാസ്വാദന സീരിസില്‍ രണ്ടാമതായി ഞങ്ങള്‍ നോട്ടമിടുക ഫെദെരീകോ ഫെല്ലീനീയുടെ അതിപ്രശസ്തമായ "8 1/2"-യാവും.

1963-ല്‍ തന്നെ സിനിമയെ പിടിച്ചു കുലുക്കിയ സിനിമ. സിനിമയെ പറ്റിയൊരു സിനിമ. ആത്മകഥാംശ-ചവറാണെന്ന്‌ കുറഞ്ഞൊരു കാലം ഈ സിനിമ ചെറുതാക്കപ്പെട്ടിരുന്നു. പിന്നീട്‌ ഉയര്‍ത്തെഴുന്നേറ്റു പോന്നു. ഇന്നും, പത്തു സിനിമകളുടെ പേരെടുക്കാന്‍ പറഞ്ഞാല്‍ ഫെദെരീകോ ഫെല്ലീനീയുടെ "എട്ടര" കയറിവരും.

എന്താണ്‌ ഈ "എട്ടര"? എങ്ങിനെ ഈ "എട്ടര"?

ഈ ഫെല്ലീനീ-ഫിലിം പട്ടികയിലൊന്നു നോക്കിയാല്‍ നന്നായി ചിരിയ്ക്കാന്‍ തോന്നും, ആദ്യം. പിന്നെപ്പിന്നെ, കൃതികളില്‍ - കൃത്യങ്ങളിലും - നമ്മുടേതുകളില്‍ അതിശയമൊഴിഞ്ഞുപോലും തിരിച്ചറിവ്‌ നേടി, അര മാര്‍ക്ക്‌ വീഴലുകളുണ്ടെന്ന്‌ ചിരിയൊതുക്കിയേക്കും:

  • 1/2. 1950: `വെറൈറ്റി ലൈറ്റ്സ്‌` (`ലൂച്ചി ദെല്‍ വെറീറ്റ`) -ആല്‍ബെര്‍ത്തോ ലത്ത്വാദാ-യുമായി സഹകരിച്ച്‌ ചെയ്തത്‌.
  • 1 1/2. 1951: `ദ വൈറ്റ്‌ ഷെയ്ക്‌` (`ലൊ ഷെയ്കോ ബ്യാന്‍കോ`)
  • 2 1/2. 1953: `ലാര്‍ജ്‌ യങ്ങ്‌ കാവ്സ്‌` (`ഇ വീറ്റല്ലോണീ`)
  • 3. 1953: `ലവ്‌ ഇന്‍ ദ സിറ്റി` (`ല`മോര്‍ ഇന്‍ ചീത്ത`) -മീഖെലാഞ്ചെലോ അന്തോണ്യോനീയും ഫെല്ലീനീയുമടക്കം ആറ്‌ സംവിധായകരുടെ പോര്‍ട്ട്മാന്റോ രചന.
  • 4. 1954: `ദ റോഡ്‌` (ലാ സ്ത്രാദാ`)
  • 5. 1955: `ദ സ്വിന്‍ഡ്ലേഴ്സ്‌` `(ഇല്‍ ബിദോണി`)
  • 6. 1957: `നൈറ്റ്സ്‌ ഒവ്‌ കബീരിയ` (`ലെ നോത്തി ദി കബീരിയ`)
  • 7. 1960: `ദ സ്വീറ്റ്‌ ലൈഫ്‌` (ലാ ദോള്‍ച്ചെ വീറ്റാ)
  • 7 1/2. 1962: `ബൊക്കാച്യോ എഴുപതുകള്‍` (`ബൊക്കാച്യോ `70`) -ലൂച്ചീനോ വീസ്കോന്തീയും വീത്തോറ്യോ ദെ സീക്കായും ഫെല്ലിനീയുമടക്കം നാല്‌ സംവിധായകരുടെ പോര്‍ട്ട്മാന്റോ രചന.
  • 8 1/2. 1963: `8 1/2'

"8 1/2" എന്ന ഫില്മിലേയ്ക്കെത്തുമ്പോഴേയ്ക്കും, ഫെല്ലീനീ വേണ്ടത്ര പ്രശസ്തനായിക്കഴിഞ്ഞിരുന്നു. അതിനകം, "ലാ സ്ത്രാദാ"-യും "ലാ ദോള്‍ച്ചെ വീറ്റാ"-യും ചലച്ചിത്രകാരന്മാരിലെ അസാധാരണനായ ഈ പ്രതിഭയെ ലോകത്തിന്‌ പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നു.

എഴുത്തിലേയ്ക്ക്‌ ആകര്‍ഷിക്കപ്പെടാത്ത ഒരു സംവിധായകനായിരുന്നു ഫെല്ലീനീ. എഴുത്തുകാര്‍ അദ്ദേഹത്തെ മടുപ്പിച്ചിരുന്നു. അവരുടെ അസഹനീയവും അതിനാല്‍ പരിഹാസ്യവുമായ അടരുകളെ വളരെ വേഗത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു ഫെല്ലീനീ. മുഖ്യധാരാ സാംസ്കാരികതയുടെ പ്രതിനിധികള്‍ക്കിടെ, ഏതാനും കൊല്ലങ്ങള്‍ക്ക്‌ മുമ്പൊരു പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പുലര്‍ത്തിയിരുന്ന വിഗ്രഹഭഞ്ജക ഭാവം വെടിയാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. എന്നിട്ടും എഴുത്തുകാരനെ കുറിയ്ക്കുന്ന ഒരു പടമെടുക്കാന്‍ ഫെല്ലീനീ പ്ലാനുണ്ടാക്കി. അതും തന്റെ `ഓള്‍ട്ടര്‍ ഈഗോ` ആയ മാര്‍ച്ചെല്ലോ മാസ്ത്രോയാനീ-യെ നായകനാക്കിക്കൊണ്ട്‌. 1960-ല്‍ ഇറങ്ങിയ മീഖെലാഞ്ചെലോ അന്തോണ്യോനീയുടെ `ലാ നോത്തീ` ആ സ്വപ്നത്തെ തളര്‍ത്തി. "ഇനി ഞാനെന്തു ചെയ്യും?" ഫെല്ലീനീ ആവര്‍ത്തിച്ചു വിലപിച്ചു കൊണ്ടിരുന്നു. ചുറ്റും കൂടിയവരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട്‌ ഫെല്ലീനീ തുടര്‍ന്നു: "വീണ്ടുമൊരു എഴുത്തുകാരനെ പ്രതിഫലിപ്പിയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ മാര്‍ച്ചെല്ലോ വഴങ്ങുമോ? അയാള്‍ സ്വയമൊരു എഴുത്തുകാരന്‍ തന്നെയായിരിയ്ക്കുന്നുവെന്ന്‌ വിശ്വസിയ്ക്കുവാന്‍ അതയാളെ പ്രേരിപ്പിയ്ക്കും; എന്തിനധികം, കക്ഷി ഒരു നോവല്‍ തന്നെ പടച്ചേക്കാനും അത്‌ വഴിവെച്ചേയ്ക്കും!"

"എട്ടര"-യിലെ മുഖ്യകഥാപാത്രം എഴുത്തുകാരനില്‍ നിന്ന്‌ ചലച്ചിത്ര സംവിധായകനിലേയ്ക്ക്‌ വഴിമാറിയതാണെന്ന്‌ അങ്ങിനെയൊരു കാരണം കണ്ടെത്തലുണ്ട്‌. അന്തോണ്യോനീയുടെ "ലാ നോത്തീ" അതിനൊരു കാരണമായതും ആവാം. എന്തായാലും "എട്ടര"-യുടെ കാലത്ത്‌ താന്‍ `സംവിധായക തടസ്സം` അനുഭവിച്ചിരുന്നതായി ഫെല്ലീനീ സ്വന്തം ആത്മകഥയില്‍ (“I, Fellini") വിവരിയ്ക്കുന്നുണ്ട്‌. അപ്പോഴേയ്ക്കും അദ്ദേഹം സംവിധായകവൃത്തിയില്‍ പതിമൂന്നു വര്‍ഷം പിന്നിട്ടിരുന്നു. ഒരു സംവിധായകന്റെ സര്‍ഗ്ഗാത്മകപരമായ ആവിഷ്ക്കാരക്ഷമതയുടെ ആയുര്‍ദൈര്‍ഘ്യം പത്തുവര്‍ഷത്തില്‍ കൂടുകയില്ല എന്നൊരു വിശ്വാസം ഫെല്ലീനീയെ പിടികൂടിയിരുന്നു. പൂര്‍വ്വഗാമികളായ ചില സംവിധായകരുടെ കൃതി-ഗതികളെ നോക്കി വാര്‍ന്നുവീണ ഒരു തോന്നല്‍. ആ പത്തുവര്‍ഷത്തിനു ശേഷമുള്ള രചനകളെല്ലാം മുമ്പ്‌ ചെയ്തതിന്റെ ആവര്‍ത്തനങ്ങളേയാവൂ എന്നദ്ദേഹം ദൃഢമായി വിശ്വസിച്ചു. ഇതും, "ലാ സ്ത്രാദാ" (1954)-യ്ക്കും "ലാ ദോള്‍ച്ചെ വീറ്റാ"(1960)-യ്ക്കും കിട്ടിയ അഭൂതപുര്‍വ്വമായ ലോകശ്രദ്ധയുമാവാം ഫെല്ലീനീയെ 1963-ല്‍ ഒരു `സംവിധായക-തടസ്സ`ത്തിലേയ്ക്ക്‌ കൊണ്ടുചെന്നെത്തിച്ചത്‌ എന്നു കരുതാം. എന്നാല്‍, ഈ `സംവിധായക-തടസ്സ`ത്തെ ആലേഖനം ചെയ്ത "എട്ടര"-യുടെ വിധി ആ തോന്നലിനെ അട്ടിമറിച്ചു. തുടക്കത്തിലെഴുതിയതു പോലെ, ഇന്നും, ലോകപ്രശസ്ത പത്തു സിനിമകളെ കുറിച്ചാലോചിച്ചാല്‍ "8 1/2" ആ ലിസ്റ്റില്‍ നിന്ന്‌ ഒഴിഞ്ഞുപോകാന്‍ മടിയ്ക്കും.

ഫെദെരീകോ ഫെല്ലീനീ 1920-ല്‍ ഇറ്റലിയിലെ റിമിനിയില്‍ ഒരു മദ്ധ്യവര്‍ഗ്ഗകുടുംബത്തില്‍ ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ ഫെദെരീകോ ഒരു സര്‍ക്കസ്സ്‌ കമ്പനിയില്‍ ചേരാന്‍ മോഹിച്ച്‌ കുറഞ്ഞകാലത്തേയ്ക്ക്‌ വീട്ടില്‍നിന്ന്‌ ഒളിച്ചോടി. (പല ഫെല്ലീനീപടങ്ങളിലും വഴിയോര സര്‍ക്കസ്സുകാരുടെ ജീവിതമാതൃകകള്‍ മികവുള്ള അനുഭവമായി മാറുന്നത്‌ കാണാം.) ചെറുപ്പത്തിലേ, നാടകരചനയിലും അഭിനയത്തിലും അതീവതല്‍പ്പരനായിരുന്നു ഫെല്ലീനീ. 1945-ല്‍ റോബെര്‍ത്തോ റോസെല്ലീനീയാണ്‌ തിരക്കഥാരചനയുടെ സഹായകര്‍മ്മങ്ങളിലേയ്ക്കായി ഫെല്ലീനീയെ സിനിമയുമായി പരിചയപ്പെടുത്തുന്നത്‌. ഇറ്റാലിയന്‍ നിയോ-റിയലിസ്റ്റ്‌ സിനിമാസംരഭത്തിന്റെ ആചാര്യന്മാരായിരുന്നു റോസെല്ലീനീയും വീത്തോറ്യോ ദെ സീക്കായും മറ്റും അക്കാലത്ത്‌. അഞ്ചുവര്‍ഷത്തിനു ശേഷം ഫെല്ലീനീയും ലത്ത്വാദായും ചേര്‍ന്നു ചെയ്ത ചിത്രം (`ലൂച്ചി ദെല്‍ വെറീറ്റ`) പക്ഷെ സര്‍റിയലിസത്തിന്റെ ചില സ്ഫുരണങ്ങളെയാണ്‌ മുന്നോക്കം വെച്ചത്‌. അത്‌ "8 1/2"-യിലെത്തിയപ്പോഴേയ്ക്കും ആത്മകഥാംശവും ഭ്രാന്തോളം പങ്കുചെല്ലുന്ന കോമഡിയും ഫാന്റസിയും സര്‍റിയലിസവും കലര്‍ന്ന്‌ ഒരു "ഫെല്ലീനീയെസ്ക്‌" സാന്നിദ്ധ്യത്തെ സിനിമാഭാഷയില്‍ സ്ഥാപിച്ചു.

"8 1/2" (ഓട്ടോ എ മേറ്റ്സോ) -1963

സംവിധാനം: ഫെദെരീകോ ഫെല്ലീനീ
കഥ: ഫെല്ലീനീ, ഏന്ന്യോ ഫ്ലെയ്യാനോ
തിരക്കഥ: ഫെല്ലീനീ, ഫ്ലെയ്യാനോ, തൂല്യോ പീനെല്ലീ, ബ്രൂണല്ലോ റോണ്ടീ, ജ്യാന്നീ ദി വെനാന്‍സോ
ഛായാഗ്രഹണം: ജ്യാന്നീ ദി വെനാന്‍സോ
ചിത്രസന്നിവേശം: ലേയോ കത്തോറ്റ്സോ
സംഗീതം: നീനോ റോത്താ
വസ്ത്രാലങ്കാരം: പ്യാറോ ജെറാര്‍ഡീ
നിര്‍മ്മാണം: ആഞ്ചെലോ റീറ്റ്സോറീ

കഥാപാത്രം : അഭിനേതാവ്‌
ഗ്വീദോ ആന്‍സെല്‍മീ (സംവിധായകന്‍): മാര്‍ച്ചെല്ലോ മാസ്ത്രോയാനീ
ലൂയീസാ ആന്‍സെല്‍മീ (ഗ്വീദോയുടെ ഭാര്യ): ആനൂക്‌ ഐമേ
ക്ലോദ്യാ (ഗ്വീദോയെ ആകര്‍ഷിയ്ക്കുന്ന ഒരു ചലച്ചിത്രതാരം) : ക്ലോദ്യാ കാര്‍ദിനാലീ
കാര്‍ലാ (ഗ്വീദോയുടെ വെപ്പാട്ടിയായ ഒരു ചലച്ചിത്രതാരം) : സാന്ദ്രാ മീലോ
സാരാഗീനാ (ഗ്വീദോവിനെ ബാല്യത്തില്‍ ആവേശഭരിതനാക്കുന്ന ജിപ്സി നര്‍ത്തകി) : എഡ്രാ ഗെയ്‌ല്‍
ഡോമിയേ (ഗ്വീദോവിന്റെ ബുദ്ധിജീവിയായ തിരക്കഥാകൃത്ത്‌ ): ഷോണ്‍ റൊഗെല്‍
ഗ്വീദോയുടെ നിര്‍മ്മാതാവ്‌ : ഗ്വീദോ ആല്‍ബെര്‍ത്തീ
മാരിയോ മെറ്റ്സാബോത്താ (ഗ്വീദോയുടെ സുഹൃത്ത്) : മാരിയോ പീസൂ
കൊണോക്ക്യാ (ഗ്വീദോയുടെ സൃഷ്ട്യുന്മുഖ വൃത്തികളിലെ സഹകാരി) : മാരിയോ കൊണോക്ക്യാ
ഗ്വീദോയുടെ അച്ഛന്‍ : ആന്നീബലീ നീഞ്ചീ
ഗ്വീദോയുടെ അമ്മ : ഗ്വീദീത്ത റീസോണീ
ഗ്വീദോയുടെ മുത്തശ്ശി : ജോര്‍ജ്ജിയ സിമ്മണ്‍സ്‌
ബാലനായ ഗ്വീദോ : റീക്കാര്‍ഡോ ഗൂഗ്ലീയെല്‍മീ
സ്ക്കൂള്‍ കുട്ടിയായ ഗ്വീദോ : മാര്‍ക്കോ ജെമീനീ

പുരസ്ക്കാരങ്ങള്‍:

ഗ്രാന്‍ പ്രീ (മോസ്കോ): 1963: മികച്ച സംവിധായകന്‍.
എന്‍.ബി.ആര്‍. (യു.എസ്‌.എ.): 1963: മികച്ച വിദേശഭാഷാചിത്രം (ഇറ്റലി)
എന്‍.വൈ.എഫ്‌.സി.സി. (യു.എസ്‌.എ.): 1963: മികച്ച വിദേശഭാഷാചിത്രം (ഇറ്റലി)
ഓസ്കര്‍ (യു.എസ്‌.എ.): 1964: മികച്ച വസ്ത്രാലങ്കാരം ; മികച്ച വിദേശഭാഷാ ചിത്രം (ഇറ്റലി).
ബാഫ്റ്റ (യു.കെ.): 1964: മികച്ച ചിത്രം.
ബോഡില്‍ (ഡെന്‍മാര്‍ക്‌): 1964: മികച്ച യൂറോപ്യന്‍ ഫിലിം സംവിധായകന്‍.
ഡി.ജി.എ. (യു.എസ്‌.എ.): 1964: മികച്ച സംവിധായകന്‍.
സില്‍വര്‍ റിബണ്‍ (ഇറ്റലി): 1964: മികച്ച ഛായാഗ്രഹണം, സംവിധാനം, മൂലകഥ, നിര്‍മ്മാണം, സംഗീതം, തിരക്കഥ, സഹനടി.
കിനിമാ ജുണ്‍പോ (ജാപ്പാന്‍): 1966: മികച്ച വിദേശഭാഷാ ചിത്രം, വിദേശ ചലച്ചിത്ര സംവിധായകന്‍.

സംക്ഷിപ്ത കഥനം

തന്റെ കഴിഞ്ഞ പടത്തിന്റെ ബോക്സോഫീസ്‌ ഗ്വീദോ ആന്‍സെല്‍മിയെന്ന സംവിധായകനെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാക്കിയിരിയ്ക്കുന്നു. അയാളെ കൊണ്ട്‌ പടം ചെയ്യിയ്ക്കുവാനും അയാളുടെ പടത്തില്‍ അഭിനയാവസരം തേടിയും ആള്‍ക്കാര്‍ അയാളെ ശ്വാസം മുട്ടിയ്ക്കുകയാണ്‌. മീഡിയാ പ്രവര്‍ത്തകരും ഇടതടവില്ലാതെ അയാളെ ചുറ്റുന്നു. ഇത്തവണ ഒരു `സൈ-ഫൈ` ഫില്ം ചെയ്യാനാണയാള്‍ എങ്ങിനെയെക്കെയോ സ്വയം ഉറപ്പിലെത്തിയിരിയ്ക്കുന്നത്‌. ഒരു ബഹിരാകാശയാത്രാകഥ. അതിന്‌ എത്ര വേണമെങ്കിലും കാശ്‌ ചിലവാക്കുവാന്‍ ഒരു നിര്‍മ്മാതാവും പുറപ്പെട്ടിരിയ്ക്കുന്നു -ഗ്വീദോയുടെ സമീപകാല താരമൂല്യം മാത്രം കണക്കിലെടുത്ത്‌. അപൂര്‍ണ്ണമായ തിരക്കഥയൊന്നും ആ നിര്‍മ്മാതാവിന്‌ അലട്ടലാവുന്നില്ല.

എന്നാല്‍ ഇതിനിടയിലെവിടെയോ ഗ്വീദോ കാറ്റുപോയ ബലൂണിനെ പോലെ പെരുമാറിത്തുടങ്ങുന്നു. അയാള്‍ക്ക്‌ ഒന്നും ചെയ്യാനാവുന്നില്ല. ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാവുന്നില്ല. നാല്‍പ്പത്തി മൂന്ന്‌ വയസ്സില്‍ അയാള്‍ മിഡ്‌ലൈഫ് ക്രൈസിസിന്റെ ലക്ഷണങ്ങളെല്ലാം കാണിച്ചു തുടങ്ങിയിരിയ്ക്കുന്നു. വാര്‍ദ്ധക്യഭയവും വിവാഹേതര ബന്ധങ്ങള്‍ക്കുള്ള ദാഹവുമാണ്‌ പൊതുവെ ആണുങ്ങള്‍ തങ്ങളില്‍ അടയാളപ്പെടുത്തുന്ന ആ പ്രതിസന്ധിഘട്ടം. ഭാര്യയുമായി ഇടയ്ക്കിടെയുള്ള നീരസങ്ങളും അകല്‍ച്ചകളും അയാളെ അസ്വസ്ഥനാക്കുന്നു. തൊഴിലിനോടനുബന്ധിച്ച്‌ ആ മേഖലയില്‍ അയാള്‍ സ്വയമനുവദിച്ചിരുന്ന സ്ത്രീലോലുപത്വവും അയാളുടെ കുത്തനെയുയര്‍ന്ന താരപദവിയും എല്ലാമാണതിന്‌ കാരണമായിത്തീരുക. അപ്രതീക്ഷിതമായി വന്നുവീണ മഹാപ്രശസ്തിയും അതിന്റെ നികുതിയെന്നോണം സദാ ആള്‍ക്കാരാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന അയാളുടെ അവസ്ഥയുമാണതിന്‌ കാരണമായിത്തീരുക. സ്വകാര്യമണ്ഡലത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അനാഥനായി തീരുന്ന ഒരവസ്ഥ. അതയാളെ `സംവിധായക തടസ്സ`-ത്തിലേയ്ക്ക്‌ കൊണ്ടെത്തിയ്ക്കുന്നു. എഴുത്തുകാര്‍ തങ്ങളുടെ എഴുത്തുകാലത്തിന്റെ മദ്ധ്യവയസ്സില്‍ അനുഭവിയ്ക്കുന്നു എന്നു പറയപ്പെടുന്ന `തടസ്സം` പോലൊന്ന്‌. ഇതിനെല്ലാം പുറമെ അയാള്‍ ചെറുതായി കരള്‍രോഗ ബാധിതനുമാണ്‌. ഗ്വീദോ ഒരു ആരോഗ്യസ്നാന കേന്ദ്രത്തില്‍ വിശ്രമത്തിനായി സ്വയം പ്രവേശിക്കപ്പെടുന്നു.

`സ്പാ`-യില്‍ എത്തുന്നതു തന്നെ, ഒരു ട്രാഫിക്‌ കുരുക്കില്‍ പെട്ട്‌, കാറിന്റെ വാതിലുകളും ജനലുകളും പോലും തുറക്കുവാനാവാതെ, അതിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചുപോകുന്നതിനെ സാധര്‍മ്മ്യപ്പെടുത്തിക്കൊണ്ടാണ്‌. അങ്ങിനെയൊരു ഷോട്ടാണ്‌ ഗ്വീദോ (അങ്ങിനെ `എട്ടര`-യില്‍ ഫെല്ലീനീയും) തന്റെ ഷൂട്ടിങ്‌ ഷെഡ്യൂളില്‍ പ്രഥമമായി ചാര്‍ത്തുക തന്നെ. ആ ഷോട്ടിന്റെ മുറിപ്പെടലില്‍, ഗ്വീദോ എന്ന ഫെല്ലീനീ സ്വയം, ആവിയായി പൊങ്ങിപ്പോവുന്ന പരേത-സംവിധായകനെ തിരിച്ചു പിടിച്ചുവലിയ്ക്കുന്നുണ്ട്‌. അലഞ്ഞലയുന്ന ഒരു ബലൂണിനെ തിരിച്ച്‌ യഥാതഥ്യത്തിലേയ്ക്കെന്ന കണക്ക്‌. നിറച്ച ബലൂണിന്റെ യഥാതഥ്യ ലിമിറ്റഡ്‌ വ്യാഖ്യാനം പറന്നലയുക എന്നത്‌ മാത്രമല്ല, ഭൂമിയില്‍ അടച്ചുതീര്‍ക്കേണ്ട കണക്കുകളെ യഥാവിധി നിറവേറ്റുക -- ആദ്യവും അവസാനവും -- എന്നതുമാണല്ലോ -അതായത്‌ നിയന്ത്രണാധീനമായ വ്യവഹാരക്രിയകളില്‍ കുരുക്കുന്നിടത്ത്‌ മരുവുക എന്നതു തന്നെയാവുമല്ലോ.

ഗ്വീദോ, അശരണമായ ഈ അവസ്ഥയില്‍, തന്റെ പഴയൊരു `ഇടപാടു`-കാരിയെ ഫോണ്‍ ചെയ്തു വരുത്തുന്നുണ്ട്‌. പഴയൊരു `ഫെയ്മ്`. കാര്‍ലാ നടിയാണ്‌; വിവാഹിതയുമായിരുന്നു ഒരുകാലത്ത്‌. ചാഞ്ചല്യത്താലോ അഭിശപ്തയവള്‍. കിഴവന്‍ ഭര്‍ത്താവില്‍ നിന്നവള്‍ മോചിതയായിട്ടുണ്ടെങ്കിലും ആ പാവത്തിനോട്‌ ഇനിയും ദയ ഒഴിഞ്ഞിട്ടില്ല. സുന്ദരിയെങ്കിലും ബുദ്ധിധാവള്യത്തിനും ഉയര്‍ന്ന സാമൂഹികരുചികള്‍ക്കും പരിചിതയല്ല. വെറുപ്പുളവാക്കുന്ന മട്ടിലുള്ള വശീകരണങ്ങളോടെ അവള്‍ ഗ്വീദോയെ പുല്‍കുമ്പോഴേയ്ക്കും, ഗ്വീദോ തന്റെ ദാമ്പത്യം നിലംതൊടുന്നതറിയുന്നു. ഉടനെ അയാള്‍ ലൂയീസായെ (ഭാര്യ) വിളിയ്ക്കുകയായി. ലൂയീസാ താമസംവിനാ അവിടെ വന്നുചേരുന്നു --സഹോദരിയും സുഹൃദ്പരിവാരവുമായി. പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുന്നതിനു മാത്രമെ ഗ്വീദോയുടെ ഒളിച്ചോട്ട-വിക്രിയകള്‍ക്ക്‌ കഴിയുന്നുള്ളു. പക്ഷെ, ഒരേ സമയം, ഗ്വീദോ സ്വയംകൃതമായ നരകാനുഭവങ്ങളില്‍ മുഴുകുമ്പോഴും, തന്റെ `സംവിധായക-തടസ്സ`-ത്തെ മുറിച്ചുകടക്കാന്‍ യത്നിയ്ക്കുകയാണ്‌. ഒരു കണക്കില്‍, സ്വകുടുംബത്തെ ഛിന്നഭിന്നമാക്കിയും അയാളതിന്‌ തുനിയുകയാണെന്ന്‌ വന്നുചേരുന്നുവെങ്കിലും ദാമ്പത്യം സംരക്ഷിയ്ക്കുവാന്‍ അയാള്‍ പാടുപെടുന്നു. (ലൂയീസായെ ആരാധനയോടെ നോക്കിക്കാണുന്നവനാണ്‌ വാസ്തവത്തില്‍ ഗ്വീദോ.)

അതിനിടെ അയാള്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക്‌ ഊളിയിടുന്നു. ഗ്രാമത്തിലെ അച്ഛന്റെ തറവാട്ടു-കളത്തില്‍, കസിനുകളോടൊത്ത്‌, ഏറ്റവും ഇളയവനും ലാളിതനുമായി എല്ലാവരുടേയും ശ്രദ്ധയെ പിടിച്ചെടുത്തിരുന്ന ഒഴിവുകാല ദിനങ്ങളെ അയാള്‍ ഓര്‍ത്തെടുക്കുന്നു. സ്ത്രീകള്‍, സ്ത്രീകള്‍, സ്ത്രീകള്‍. ബന്ധുക്കളായും പരിചാരകകളായും, മുതിര്‍ന്നപ്പോഴേയ്ക്കും പിന്നെപ്പിന്നെ കാമുകിമാരായും ലൈംഗികപങ്കാളികളായും ശിക്ഷിയ്ക്കാവുന്ന അടിമകളായും, അവര്‍, സദാ അയാളുടെ രക്തപ്പാര്‍പ്പുകളായിരിയ്ക്കുന്നുവല്ലോ.

"ആസാ, നീസി, മാസാ: ആ ചിത്രത്തിന്റെ കണ്ണുകളിലേയ്ക്ക്‌ നോക്കി പറയ്‌ ഈ മന്ത്രം. കണ്ണനങ്ങിയാല്‍ നമ്മളൊക്കെ പണക്കാരാവും." കൂട്ടം ചേര്‍ന്ന്‌ രാത്രിയില്‍ കിടക്കുമ്പോള്‍ ചുമരില്‍ തൂക്കിയ ഒരു പൊര്‍ട്രെയ്റ്റിനെ ചൂണ്ടി കസിനുകളില്‍ ഒരുത്തി പറയുന്നതായിരുന്നു ഇത്‌.

ആത്മാവ്‌ എന്നൊ ഭൂതം എന്നൊ ഒക്കെ പറയാവുന്ന `അനിമ` എന്ന വാക്കിനെ മന്ത്രഛായയിലേയ്ക്ക്‌ കബളിപ്പിയ്ക്കുന്ന ഒരു കളിപ്രയോഗം അത്‌. സ്വരാക്ഷരങ്ങള്‍ ഇടയ്ക്കിടെ തിരുകിയുണ്ടാക്കുന്ന ഗൂഢഭാഷ. കുട്ടിക്കാലത്ത്‌ കേട്ട്‌, ഇപ്പോഴേയ്ക്കും, ഈ ഭ്രാന്തന്‍ കലാതൊഴിലിലേയ്ക്ക്‌ കുരുത്തു മുതിരുമ്പോഴേയ്ക്കും, ആ മന്ത്രം അയാളുടെ സാന്ദ്രീകൃതമായ ഒരുള്‍വിളിയാവുന്നുണ്ട്‌. അതു പങ്കുവെച്ചവരെല്ലാം അകന്നകന്നു പോയിട്ടും അയാളുടെ പ്രമുഖമായ സര്‍ഗ്ഗചോദനകള്‍ ആ ഓര്‍മ്മകളെ പിന്നോരം പിടിച്ചുനടക്കുന്നു. അതിന്റെ സനാതനമായ സൗഹൃദങ്ങളില്‍ വെച്ചേ ഗ്വീദോ, താന്‍ നേരിടുന്ന, തന്നെ തേടുന്ന, തന്നെ പിന്‍പറ്റുന്ന, നിരവധി മുഖങ്ങളെ വിലയിരുത്തുന്നുള്ളു. അതിന്റെ അസഹ്യമായ പ്രായോഗികാഖ്യാന രതികളില്‍ അയാള്‍ അതേ സമയം ഖിന്നനാണ്‌. എന്നാല്‍ അതൊട്ട്‌ ഒഴിവാക്കാനാവാത്തവനെന്ന പോലെ കല്‍പ്പിതമായ സ്വ-തേജഃപുഞ്ജത്തില്‍ നിന്ന്‌ സ്വയം ഊരിയെറിയപ്പെടുകയും ചെയ്യുന്നു. ആനന്ദത്തിന്റെ പരകാഷ്ഠയില്‍, ഗ്വീദോ, വ്യഥിതാത്മികമായൊരു നിരാനന്ദത്തിലേയ്ക്ക്‌ സ്വയമുഴറി വിരമിതനാവുന്നു.

വേറൊരിടത്ത്‌, `സാരാഗീന` എന്നൊരു പുറമ്പോക്ക്‌ ജിപ്സി നര്‍ത്തകിയ്ക്ക്‌ - വേശ്യയ്ക്ക്‌ - നാണയം കൊടുത്ത്‌ `റമ്പാ` നൃത്തമാടിയ്ക്കുന്ന കുരുത്തക്കേടൊപ്പിയ്ക്കുന്നു ബാലനായ ഗ്വീദോ. കടല്‍ത്തീരത്ത്‌ നിരുപയോഗത്തിലേയ്ക്ക്‌ ആണ്ടുപോയ പഴയൊരു യുദ്ധ-`ബങ്കര്‍`-ല്‍ കൂടൊരുക്കി കഴിയുന്ന അവളുടെ കൂത്തച്ചിയാട്ടത്തില്‍ വശീകൃതനാവുന്നു അന്നേ ഗ്വീദോ. പാതിരികളായ അദ്ധ്യാപകര്‍, ആ `കൃത്യ`-ത്തിന്‌ അവനെ ശിക്ഷിയ്ക്കുന്നുണ്ട്‌. വിളിച്ചുവരുത്തപ്പെടുന്ന അമ്മ മകന്റെ പോക്കു കണ്ട്‌ ആര്‍ത്തലച്ചു കരയുന്നുമുണ്ട്‌. മതത്തിന്റെ ലൈംഗിക-ധ്വംസനങ്ങളില്‍ നിന്ന്‌, പ്രത്യേകിച്ച്‌ കാത്തലിക്‌ അനനുഭാവങ്ങളില്‍ നിന്ന്‌, അന്നേ ഗ്വീദോ തനിയ്ക്ക്‌ കൊള്ളേണ്ടതും തള്ളേണ്ടതും ഏവയെന്ന്‌ തിരഞ്ഞെടുക്കുന്നുവെന്ന്‌ കാണാം.

അയാള്‍ തന്നെ ചൂഴുന്ന സ്ത്രീബിംബങ്ങളെയത്രയും മറ്റൊരിക്കല്‍ `ചാട്ടയടിയ്ക്ക്‌` വിധേയനാക്കുന്നതും കാണാം. കാലപ്പഴക്കത്തെ, വയസ്സാകലിനെ, ഗ്വീദോ പേടിയ്ക്കുന്നു. സര്‍ഗ്ഗാത്മകവിഷയങ്ങളില്‍ എപ്പോഴും കൂടെക്കൂടുന്ന കൊണോക്ക്യായെ, സ്വന്തം മകളുടെ സതീര്‍ത്ഥ്യയെ കാമുകിയാക്കി ചെറുപ്പത്തെ തിരിച്ചുപിടിയ്ക്കാന്‍ വെമ്പുന്ന ചിരകാല സുഹൃത്തായ മാരിയോവിനെ, കാബറെ നര്‍ത്തനത്തില്‍ നിന്ന്‌ വിരമിച്ച ജാക്വിലീനെ --എല്ലാം അയാള്‍ അടുപ്പിയ്ക്കുവാന്‍ പേടിയ്ക്കുന്നു. ആ പേടിയെ ചെറുക്കാന്‍, നറുയുവത്വവും വിശുദ്ധിയും പ്രസരിപ്പിയ്ക്കുന്ന ക്ലോദ്യായെ നായികയാക്കാന്‍ മോഹിയ്ക്കുന്നു അയാള്‍. ജരാനരകള്‍ക്കും പഴകലിനും സാമ്പ്രദായികത്വത്തിനും പ്രത്യൗഷധമായാണ്‌ ഗ്വീദോ അവളെ കാണുക. ആവശ്യമായ തരത്തില്‍, അളവില്‍, അവരുടെ കഴിവുകളേയും ഇടപെടല്‍-ജൈവികതയേയും ശ്രേണീബദ്ധമായി വിന്യസിയ്ക്കുവാന്‍ സാഹസപ്പെടുന്നുണ്ട്‌ ഗ്വീദോ. പടം പൂര്‍ത്തീകരിയ്ക്കാനാവില്ലല്ലോ എന്ന ഭയത്തെ മറികടക്കുന്നതു പോലുമുണ്ട്‌. മീഡിയാ പ്രവര്‍ത്തകരുടെ അസഹനീയമായ ഒരു ശല്യത്തിനിടെ, വലത്‌ പോക്കറ്റില്‍ നിക്ഷേപിയ്ക്കുവാന്‍ ആവശ്യപ്പെടുന്ന കൈതോക്കിനെ ഇടതു പോക്കറ്റില്‍ നിന്നെടുത്ത്‌ `തല തകര്‍ക്കു`ന്നുണ്ട്‌. പ്രസ്സ്‌ മീറ്റിങ്ങിന്‌ പോകുന്ന വഴി മുഴുക്കെ -- കൊലമരങ്ങളിലേയ്ക്കുള്ള നടത്തകളില്‍ അശരീരിയെന്നോണം അകമ്പടിചേരുന്ന `ഡൊളറോസോ`-യെ ഹസിതമാക്കി ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ -- നേത്രതാപം ഉയര്‍ത്തുന്നുണ്ട്‌.

തള്ളിക്കയറി ഇടപെടുകയും കടുത്ത വിമര്‍ശനം അഴിച്ചുവിടുകയും ചെയ്യുന്നവനാണ്‌ ഡോമിയെ എന്ന ഗ്വീദോയുടെ തിരക്കഥാകൃത്ത്‌. മൂലകഥയിലെ ഗ്വീദോയുടെ ഗൃഹാതുരത്വ ഘടകങ്ങളെ പൊറുപ്പിയ്ക്കുവാന്‍ ഡോമിയെ സന്നദ്ധനല്ല. ഏറ്റവും പുതിയ സൈദ്ധാന്തിക നിലപാടുകളുമായി അയാള്‍ ഗ്വീദോയെ കൂടുതല്‍ വിഷണ്ണമായ അവസ്ഥകളിലേയ്ക്ക്‌ എറിയുന്നു. മറ്റൊരു തരത്തില്‍, ഇതുവഴി, `എട്ടര`-യുടെ വിമര്‍ശകര്‍ക്ക്‌ തൊഴിലില്ലാതാക്കുക കൂടിയാണ്‌ ഫെല്ലീനീ. താന്‍ കടന്നുപോകാത്തതൊന്നും തല്‍ക്കാലം ഇതിലില്ല എന്ന മട്ടില്‍.

ഇടയ്ക്കെപ്പോഴോ ഒരിയ്ക്കല്‍ അച്ഛന്‍ കാണാന്‍ വരുന്നു; കുഴിമാടത്തില്‍ നിന്ന്‌ --ശ്രദ്ധാപൂര്‍വ്വം അണിഞ്ഞ സൂട്ടില്‍. ഗ്വീദോവിനെ കാണാതെ തപിയ്ക്കുന്ന അമ്മയെ കുറിച്ച്‌ അച്ഛന്‍ വാല്‍സല്യത്തോടെ പറയുന്നു. പിന്നെ, സംഭാഷണം മുറിയ്ക്കാതെ, പ്രതിനിധാനത്തിന്റെ ചിഹ്നബഹുലതകളെ തളര്‍ത്തിക്കിടക്കുന്ന ഒരു കുഴിമാടപ്പറമ്പിന്റെ ഒഴിഞ്ഞൊഴിഞ്ഞൊരു കോണിലേയ്ക്ക്‌ അച്ഛന്‍ തിരിയെ പോകുന്നു; സ്വന്തം കുഴിമാടത്തിലേയ്ക്ക്‌ ഗ്വീദോയുടെ കൈ പിടിച്ച്‌ ഇറങ്ങിയിറങ്ങി. പെട്ടെന്ന്‌ അമ്മയും മകനെ കാണാനായി പ്രത്യക്ഷപ്പെടുന്നു. മകന്റെ -- ആണ്‍മക്കളുടെയത്രയും -- ഗത്യന്തരമില്ലാത്ത ദുഃഖങ്ങളെ കുറിച്ച്‌ അതീവ പരിചിതരായി ഭവ്യപ്പെടുന്ന അതേ അമ്മമാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.

എല്ലാതും ഒഴിഞ്ഞപ്പോള്‍, വേണ്ടാത്തവരെല്ലാം വിട്ടപ്പോള്‍, അധികം എന്ന അവസ്ഥകളെല്ലാം ഒടുങ്ങിയപ്പോള്‍ ഗ്വീദോ, ഫില്ം യൂണിറ്റിലുള്ളവരേയെല്ലാം കൊരുത്ത്‌, ഭാര്യയടക്കം, ഒരു സര്‍ക്കസ്സ്‌ പരേഡൊരുക്കുന്നു. ആ ചലച്ചിത്രോദ്യമത്തെ അകാലത്തില്‍ മുടിയ്ച്ചുതള്ളാന്‍ ഗ്വീദോ തീരുമാനിയ്ക്കുകയാണ്‌. തന്റെ `സൈ-ഫൈ` റോക്കറ്റ്‌ സൈറ്റിനെ ഇടവലം വെച്ച്‌ ഒരു പാമ്പന്‍ പരേഡ്‌. ടിന്‍ ചെണ്ടകളും ബ്യൂഗിളുകളും കോമാളി കോസ്റ്റ്യൂംസും.

അരപ്പടമെന്ന്‌ തോന്നിയ്ക്കുന്ന മുഴുപടമാണ്‌ "8 1/2". മുഴുമിക്കാനാവാതെ പോവുന്ന ചലച്ചിത്രോദ്യമത്തെ കുറിയ്ക്കുന്ന മുഴുമിക്കപ്പെടുന്ന ഒരു ചലച്ചിത്രം. ക്ലേശരഹിതം സാക്ഷാല്‍ക്കരിക്കാനാവാത്ത ഇതിവൃത്തമാണിതിന്‌. ഇതിവൃത്തം തന്നെയുണ്ടോ ഇതിന്‌? ഒരു നോവലിനാവശ്യമായ എലുകകളാല്‍ സമൃദ്ധമാണിതിലെ വിഷയം. എന്നാല്‍ നോവല്‍-സിനിമാരചനകളെ അമ്പെ നാണിപ്പിച്ചുകൊണ്ട്‌ ചലച്ചിത്രഭാഷയിലാദ്യം പ്രകടിതമാവുന്ന രചനാവിശേഷം ഈ സിനിമ പിടിച്ചെടുക്കുന്നു. ഇത്‌ അപൂര്‍വ്വം.

ഒ.കെ.സുദേഷ്
Subscribe Tharjani |