തര്‍ജ്ജനി

സിനിമ

8 1/2: ആസ്വാദനക്കുറിപ്പുകള്‍

Fellini-യുടെ "8 1/2" എന്ന ചലച്ചിത്രത്തെ മുന്‍നിറുത്തി ഒരാസ്വാദനം

സര്‍ഗാത്‌മകതയുടെ ഭ്രമാത്മകത

കഥ പറയാനല്ല, എന്തായാലും ഫെല്ലീനീ ഈ ചിത്രത്തില്‍ ശ്രമിച്ചിരിക്കുക, ആത്മാവിനെ പറയാനാണ്‌. ചലച്ചിത്രത്തിന്റെ സമ്പൂര്‍ണ്ണ വിന്യാസത്തിലൂടെയാണ്‌ അതിവിടെ സാധിച്ചു കാണുന്നത്‌. ഒരു ചലച്ചിത്രത്തിന്‌, അതിന്റെ സാധ്യതകളില്‍ നിന്ന്‌ ആവുന്നതിന്റെ പരിധിവരെ വലിച്ചുനീട്ടിയിട്ടുണ്ട്‌, ഒരു ഇന്ദ്രജാലമെന്നപോലെ, ഫെല്ലീനീ ഈ ചിത്രം.

കുടിച്ചു കഴിഞ്ഞ്‌ പാത്രത്തില്‍ ബാക്കിവെച്ച കാപ്പി, കസാലയില്‍ നിന്നും എണീററപ്പോള്‍ അതില്‍ പതിഞ്ഞ പൃഷ്ഠത്തിന്റെ കുഴിവ്‌, കഴുകാനിട്ട അടിവസ്ത്രം - അങ്ങിനെയൊക്കെയാണ്‌ പൊതുവെ ജീവിതം അടയാളപ്പെടുന്നത്‌. പൊതുധാരകളെ നിരാകരിക്കുന്ന ഭ്രമാത്മകമായ സര്‍ഗാത്മകതയാണ്‌ ഇതിനെ കവച്ചുകടക്കാനുള്ള വഴി. അതൊരു അതീതജീവിതമാണ്‌, അല്ലെങ്കില്‍ മറ്റു ലോപാവസ്ഥകളില്‍ നിന്നും, യഥാര്‍ത്ഥ ജീവിതത്തിന്റെ വീണ്ടെടുപ്പ്‌. അത്തരം ജീവിതത്തെ മനോഹരവും തീവ്രവുമായി വരയുന്നു ഈ ചിത്രം. ഭ്രമാത്‌മകതയെന്ന സങ്കീര്‍ണത, ഒരുപക്ഷേ, പൊതുജീവിതത്തിന്റെ, ബാക്കിയായ കാപ്പിപാത്രം നല്‍കുന്ന നേര്‍നോട്ടമാണ്‌.

ഗ്വിഡോ എന്ന ചലച്ചിത്ര സംവിധായകനാണ്‌ ഇതിലെ മുഖ്യകഥാപാത്രം. അയാള്‍ സര്‍ഗാത്‌മകതയുടെ, എല്ലാത്തരം സര്‍ഗാത്‌മകതകളുടേയും, പ്രതിനിധാനമാണ്‌ (ഒരു എഴുത്തുകാരനെ കുറിച്ചു പറയാനാണ്‌ ആദ്യം ഉദ്ദേശിച്ചിരുന്നത്‌ എന്നു ഫെല്ലീനീ പിന്നീട്‌ പറയുകയുണ്ടായി). സര്‍ഗാത്മകതയുടെ ജീവിതം എളുപ്പമല്ല. വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു സന്ദേഹിയുടെ ജീവിതമാണ്‌. ഗ്വിഡോയുടെ കാമുകിയുടെ ബാലിശമായ മദാലസഭാവങ്ങള്‍ കാണുമ്പോള്‍, ഭാര്യയുടെ സഹോദരി റോസെല്ല പരിഹാസത്തോടെ പറയുന്നുണ്ട്‌ അയാളെ പോലെ വ്യവസ്ഥയില്ലാത്തവനെ ആകര്‍ഷിക്കാന്‍ ഇതൊക്കെ മതിയെന്ന്‌. ചെറുപുഞ്ചിരിയോടെ, പിടിക്കപ്പെട്ട ജാരന്റെ മുഴുവന്‍ മൂഢഭാവത്തോടെയും, ഗ്വിഡോ തന്റെ പത്രപാരായണം തുടരുന്നു. എന്നാല്‍ അതത്ര എളുപ്പമുള്ള പ്രസ്താവമല്ല. അയാളുടെ മുഴുവന്‍ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണമായ ഒരു അവസ്ഥയാണ്‌. ഈ വ്യവസ്ഥാരാഹിത്യമാണ്‌ ഈ ചലച്ചിത്രത്തിന്റെ ഭ്രമാത്മകതയും.

റോക്കറ്റ്‌ ലോഞ്‌ചിംഗ്‌ പാഡാണു ചിത്രത്തിന്റെ സെറ്റ്‌. കഥ തീരുമാനിക്കാത്ത ചലച്ചിത്രത്തിനായി നാനൂറു ടണ്‍ സിമന്റിന്റെ സെറ്റ്‌ ഒരുക്കി തുടങ്ങുന്നു. സയന്‍സ്‌ ഫിക്ഷന്റെ തന്തുവാകാം ഗ്വിഡോയുടെ മനസിലുള്ളത്‌. യഥാര്‍ത്ഥ സിനിമയുടെ ലോകത്തില്‍ പോലും 1963-ല്‍ സയന്‍സ്‌ഫിക്ഷന്‍ ഏറെകൂറെ വന്യമായ ഒരു സ്വപ്നമാണ്‌. വന്യമായ സ്വപ്നങ്ങളിലൂടെയാണ്‌ സര്‍ഗാത്മകതയുടെ സഞ്ചാരം. തീവണ്ടിയില്‍ പിന്തുടര്‍ന്നെത്തുന്ന കാമുകിയില്‍ നിന്നും, സൗഹൃദത്തിലും ചിരിയിലും നിശബ്ദമായ ഒരു താക്കീതിന്റെ ഓര്‍മ്മപ്പെടുത്തലുമായി ചുററുവട്ടത്തുതന്നെ എപ്പോഴും ബാക്കിയാവുന്ന നിര്‍മ്മാതാവില്‍ നിന്നും, സിഗരറ്റുകള്‍ പുകച്ചു തള്ളുന്ന ആധുനികയും അഭിജാതയും ആയ ഭാര്യയില്‍ നിന്നും അയാളുടെ ജീവിതം ഈ വന്യതകളിലേക്ക്‌ ചേക്കേറുന്നു. ഇതു അനിവാര്യമാണ്‌. അല്ലെങ്കില്‍, എത്ര സ്വാഭാവികം എന്നാണ്‌, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അയാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ സീനുകള്‍ തെന്നിവീഴുമ്പോള്‍ അനുവാചകന്‍ ഓര്‍ക്കുക. അല്ലെങ്കില്‍ ഓര്‍ക്കാന്‍ പോലും സാധിക്കാതിരിക്കുക എന്ന നൈരന്തര്യം.

ഒരു റോക്കറ്റ്‌ ലോഞ്ചിംഗ്‌ പാഡ്‌ അല്ലെങ്കില്‍ ഒരു സയന്‍സ്‌ ഫിക്ഷന്‍ - സര്‍ഗാത്മകതയുടെ ഉയരമാണ്‌. ഈ ഉയരത്തിന്‌ ഭൂമിയില്‍ ജീവിതത്തിന്റെ വിരുദ്ധദ്വന്ദമുണ്ട്‌. സ്ക്രീന്‍ടെസ്റ്റിനെത്തുന്ന നടീനടന്മാര്‍ക്ക്‌ നല്‍കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍, പകല്‍പോലെ, ഗ്വിഡോയുടെ ജീവിതത്തില്‍ നിന്നു തന്നെയാണ്‌ എന്ന്‌ ലുയീസ വലിച്ചുതീര്‍ക്കുന്ന സിഗരറ്റില്‍ നിന്നും എളുപ്പം മനസ്സിലാക്കാം. ഒരു പക്ഷെ ഫെല്ലീനീയുടെ ജീവിതത്തില്‍ നിന്നു തന്നെ, അല്ലെങ്കില്‍ സര്‍ഗാത്മകതയുടെ സന്ദേഹലോകത്തു നിന്നു തന്നെ... റോസെല്ല അതിനെ പുച്ഛം കലര്‍ന്ന നിസ്സംഗതയോടെ സമീപിക്കുന്നു. ലുയീസയ്ക്ക്‌ അതു തന്റെ സ്വകാര്യജീവിതത്തിന്റെ ഒറ്റികൊടുപ്പായി അനുഭവപെടുന്നുണ്ട്‌. അവളുടെ അനുജത്തിമാര്‍ക്ക്‌ ഒളിഞ്ഞുനോട്ടത്തിന്റെ കൗതുകവും. എന്നാല്‍ ഗ്വിഡോയെ അസ്വസ്ഥനാക്കുന്നത്‌ അഭിനേതാക്കളുടെ നിലവാരമില്ലായ്മ മാത്രമാണ്‌. ഏതു സയന്‍സ്‌ ഫിക്ഷനിലും തന്റെ ജീവിതമല്ലാതെ മറ്റെന്താണു പറയാനാവുക, സര്‍ഗാത്‌മകതയുടെ ഉയരങ്ങളില്‍ പറന്നെത്തുന്ന റോക്കെറ്റിലും ആത്മാവിനെ നിക്ഷേപിച്ചില്ലെങ്കില്‍ ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ പിടിക്കാനാവില്ല എന്നത്‌ കലയുടെ അടിവരയാണ്‌.

ഗ്വിഡോയുടെ ബാല്യത്തിലേക്കും കൗമാരത്തിലേക്കും തെറിച്ചുപോകുന്ന ഒരുപാട്‌ സന്ദര്‍ഭങ്ങളുണ്ട്‌ ചിത്രത്തിന്റെ സൗന്ദര്യത്തില്‍. വീട്ടിലെ സ്ത്രീജനങ്ങള്‍ കുട്ടികളെ വീഞ്ഞിന്റെ ഭരണികളിലിറക്കി കുളിപ്പിച്ചു ഉറക്കുന്ന സീനുകളുടെ ചലനാത്മകത, സ്വപ്നത്തെ മാത്രമല്ല, ജീവിതത്തേയും സ്വപ്നാഭമാക്കുന്നു. ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തില്‍ ഇത്രയും തൂവെണ്മയോടെ സ്വപ്നത്തെ സാക്ഷാത്‌കരിച്ചു കണ്ട സന്ദര്‍ഭം വേറെ ഇല്ല. ഗ്വിഡോയുടെ ജീവിതത്തില്‍ ഇവിടം തുടങ്ങി സ്ത്രീ ശരീരത്തിന്റെ മാസ്മരികത ഒരു ഒബ്സെഷനായി, സര്‍ഗാത്‌മകതയുടെ ഊര്‍ജ്ജമായി - വിളഞ്ഞ സ്ത്രീ ശരീരങ്ങളുടെ ഒരു ഉത്സവം തന്നെ - ചിത്രം മുഴുവന്‍ നീളുന്നതായി കാണാം. ഗ്വിഡോ കര്‍ദിനാളിനെ കാണാന്‍ എത്തുന്നു. കര്‍ദിനാള്‍ കുന്നിന്‍ചരുവിലെ മരങ്ങളില്‍ നിന്നും അരിച്ചെത്തുന്ന കിളികളുടെ മധുരനാദത്തെ കുറിച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു. ഗ്വിഡോ കാണുന്നത്‌ ചാരുതയാര്‍ന്ന, വിചിത്രമായ ചലനത്തോടെ, ഒരുകാരണവശാലും അവിടെ വന്നെത്താന്‍ സാദ്ധ്യതയില്ലാത്ത, കുന്നിറങ്ങി വരുന്ന ഒരു സ്ത്രീയെ ആണ്‌. പക്ഷെ അന്നേരം ആ സ്ത്രീയുടെ പ്രത്യക്ഷപ്പെടല്‍ എത്ര സ്വാഭാവികം എന്നതുപോലെ കാഴ്ചക്കാരന്‍ തന്മയീഭവിച്ചു പോകുന്നു.

ഗ്വിഡോ ദൈവവിശ്വാസിയാണെന്ന്‌ മനസിലാക്കാന്‍ അനുവദിക്കുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ഇല്ല. കര്‍ദിനാളിനെ കാണാന്‍ പോകുന്നതും, വണങ്ങുന്നതും അത്തരം ഒരു വിശ്വാസത്തിന്റെ പ്രത്യക്ഷവത്‌കരണം അല്ല. വ്യവസ്ഥാരാഹിത്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തം മാത്രമാണ്‌. സര്‍ഗാത്‌മകതയുടെ തലത്തില്‍ ഇത്തരം ഹേതുരഹിതമായ, ലോപമായത്‌ എന്നു തോന്നിയേക്കാവുന്ന, ചാഞ്ചാട്ടങ്ങള്‍ കാണാറുണ്ട്‌. പ്രതിഭകള്‍ അത്‌ തൊട്ടറിഞ്ഞിരുന്നു. പെട്ടെന്നു ഓര്‍മ്മ വരുന്നത്‌, ജീവിതത്തിന്റെ വളരെ സ്വതന്ത്രവും സെക്യുലറുമായ വഴികളിലൂടെ നടന്നെത്തിയ കാ എന്ന കഥാപാത്രം. പാമുക്കിന്റെ 'സ്നോ' എന്ന നോവലില്‍, ഷെയ്ക്‌ എന്ന ഇസ്ലാം ഫണ്ടമൊന്റലിസ്റ്റിന്റെ വിരലുകളില്‍ മുത്തമിട്ടു കരയുന്നതാണ്‌. ജീവിതത്തിനു ദര്‍ശനാതീതമായ വിചിത്രമുഹൂര്‍ത്തങ്ങളുണ്ടെന്ന തിരിച്ചറിവാണ്‌ കലകളില്‍ മാസ്റ്റേഴ്‌സിനെ ഉണ്ടാക്കുന്നത്‌.

ഗ്വിഡോയുടെ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലം ചിത്രീകരിക്കുന്നത്‌, സ്കൂളില്‍ നിന്നും ചാടിപ്പോയി തെരുവുകുട്ടികളോടൊപ്പം കാണുന്ന ഒരു നൃത്തത്തിലൂടെയാണ്‌. യുദ്ധകാലത്തു നിര്‍മ്മിച്ച്‌ ഉപേക്ഷിക്കപ്പെട്ട ഒരു ബങ്കറില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഭ്രാന്തിയെ ആണ്‌ കാശുകൊടുത്ത്‌ ഗ്വിഡോയും കൂട്ടുകാരും നൃത്തം ചെയ്യിക്കുന്നത്‌. കടല്‍ത്തീരത്തെ നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പിന്റെ വിശാലതയില്‍ ചിതറിയ യുദ്ധാവശിഷ്‌ടങ്ങള്‍ക്കിടയിലാണ്‌ സറഗീന നൃത്തം ചെയ്യുന്നത്‌. അവളുടെ ചലനത്തിന്റേയും സംഗീതത്തിന്റേയും ദ്രുതതാളം കാഴ്ചക്കാരെ ഒറ്റയടിക്ക്‌ കൗമാരകൂതൂഹലത്തിന്റെ കടല്‍തീരത്തേക്ക്‌ വലിച്ചെറിയുന്നു. ഇവിടെയും മറ്റു പലയിടത്തും സംഗീതത്തിന്റെ മാസ്മരികത ജീവിതത്തിന്റെയും സ്വപ്നത്തിന്റെയും അതിര്‍ത്തികളെ മായ്ച്ചുകളയാനും, അനുവാചകനെ സ്ഥലകാലങ്ങളുടെ അഭൗമസ്ഥലിയില്‍ നിജപ്പെടുത്താനും ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട്‌. സറഗീനയുടെ ആട്ടം പാപത്തിന്റെ ആകര്‍ഷണമാണ്‌. സ്കൂളില്‍ ഗ്വിഡോ ശിക്ഷിക്കപ്പെടുന്നു. പക്ഷെ ആ പാപത്തിന്റെ സൗന്ദര്യമാണ്‌ സര്‍ഗാത്മകതയുടെ വിത്തെന്നു ചലച്ചിത്രം വരഞ്ഞിടുന്നു.

മദ്ധ്യവയസ്സിന്റെ വാതില്‍ക്കലെത്തി നില്‍ക്കുന്ന ഗ്വിഡോയുടെ സര്‍ഗ്ഗാത്‌മകതയ്ക്ക്‌ തടസ്സം നേരിടുന്നു എന്നതിലാണ്‌, ഭൗതികമായി, ഈ ചലച്ചിത്രത്തിന്റെ സാധ്യതകള്‍ മുഴുവന്‍ കിടക്കുന്നത്‌. അവിടേക്ക്‌ എത്തുന്നതിനുമുന്‍പ്‌ അയാളുടെ സര്‍ഗ്ഗജീവിതം ഭ്രാന്തമായി കയറിയ ഒരു മല തന്നെ പിന്നിലുണ്ട്‌ എന്നതിന്റെ പ്രത്യക്ഷവത്‌കരണമാണ്‌ അയാളെ ഭ്രമണംചെയ്ത്‌ നില്‍ക്കുന്ന ഒരു വലിയ സമൂഹം. സംവിധായകന്റെ കലാമൗലികത ആ കൂട്ടത്തിലെ ഒരോ ചെറിയ കഥാപാത്രത്തിനും വലിയ മുഖങ്ങള്‍ നല്‍കി. വ്യക്തിത്വമില്ലാത്ത ഒരു എക്സ്ട്രാ മുഖവും ഇതിലില്ല. അല്ലെങ്കില്‍ ആ മുഖങ്ങള്‍ പോലും നിരന്തരം ഹോണ്ട്‌ ചെയ്യാന്‍ പാകത്തിനു വ്യത്യസ്തമായി നില്‍ക്കുന്നു. ഒരു സിനിമയുടെ ഫ്രെയ്മില്‍ ഇത്‌ ഒരു മാസ്റ്റര്‍ ചലച്ചിത്രകാരന്റെ വിചിത്രമായ കയ്യൊപ്പാണ്‌ - ജീവിതത്തെപോലെ അത്രയും വിചിത്രമായത്‌.


ഫെദെരികോ ഫെല്ലീനീ

ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുമ്പോഴുള്ള സര്‍ഗാത്മകതയുടെ ആഴമുള്ള ഏകാന്തത മാര്‍ച്ചെല്ലോ എന്ന നടന്‍ അസൂയാവഹമാംവിധം പ്രകാശിപ്പിക്കുന്നു. കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയ ഓര്‍ക്കെസ്ട്രായുടെ നെടുന്തൂണായി നില്‍ക്കുമ്പോഴും ഗ്വിഡോയുടെ ഏകാന്തതയുടെ ആഴം ഒരോ അനുവാചകന്റേയും വിരലറ്റത്തെ സ്പര്‍ശനമാകുന്നു. ഈ ആഴം അയാള്‍ നടന്നു കയറിയ വഴിയാണ്. ഓര്‍ക്കെസ്ട്രായിലെ ഒരോ ഘടകവും ഇതിലേക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്‌. ഭാര്യയുമായുള്ള വലിഞ്ഞുമുറുകിയ ബന്ധവും, ഭാര്യാസഹോദരിയുടെ ഏറെക്കുറെ പുഛം കലര്‍ന്ന സമീപനത്തോടേയുള്ള ഉദാസീനതയും, ആരാധനയുടെ ബഹിര്‍സ്പുരണമായ ചില നടീനടന്മാരുടെ അമിതാവേശത്തോടുള്ള നീരസവും, കാമുകിയോടുള്ള ജാരഭാവത്തിന്റെ ലോപത്വവും ഒക്കെ ഭൗതികതയുടെ സങ്കീര്‍ണതയായും, സര്‍ഗാത്മകതയുടെ ഭ്രമാത്മകത ആത്മാവിന്റെ സങ്കീര്‍ണതയായും കൂടിക്കുഴഞ്ഞു സൃഷ്ടിച്ച അയാളുടെ ജീവിതത്തില്‍ ഒരു പക്ഷേ സങ്കീര്‍ണ്ണരഹിതമായി യഥാതഥമായി നില്‍ക്കുകയും, തിരക്കുപിടിച്ച ഏകാന്തതയില്‍ നിന്നും ഗ്വിഡോ ഓടി രക്ഷപ്പെടുകയും, ചെയ്യുന്നത്‌ ക്ലൗഡിയ എന്ന നടിയോടൊപ്പമാണ്‌. ഭ്രമാത്മകതയുടെ അതീതസ്ഥലിയില്‍ നിന്നുള്ള രക്ഷനേടല്‍ എന്നതിനായി തന്നെയാവും ഫെല്ലീനീ ക്ലൗഡിയ എന്ന സിനിമാനടിയെ ക്ലൗഡിയ എന്ന സിനിമാനടിയായി തന്നെ അവതരിപ്പിക്കുന്നത്‌. ഗ്വിഡോയെ വിമര്‍ശിക്കാനും, ചെറിയ വിമര്‍ശനം പോലും ഉള്‍കൊള്ളാനാവത്തവനാണു നീ എന്നു ഇന്‍ഹിബിഷന്‍സ്‌ ഒന്നും ഇല്ലാതെ തന്നെ പറയാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്‌. പ്രശസ്തനായൊരു സംവിധായകനും പ്രശസ്തയായൊരു നടിയും തമ്മിലുള്ള അപൂര്‍വമായ ബന്ധം മാത്രമായി ഇതിനെ കാണാനാവില്ല. ഒരു പക്ഷെ ക്ലൗഡിയ, ഗ്വിഡോയെ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന സ്ത്രൈണപൂര്‍ണതയുടെ അപരസ്വത്വം തന്നെയാണ്‌. സിനിമയുടെ തുടക്കത്തില്‍, ഭൂമിയുടെ ശ്വസംമുട്ടലില്‍ നിന്നും ആകാശത്തേക്കു പറന്നുയരുന്ന ഗ്വിഡോയെ ഭൂമിയിലേക്ക്‌ കെട്ടിവലിച്ചു കൊണ്ടുവരുന്നത്‌ ക്ലൗഡിയായുടെ അംഗരക്ഷകരോ ഏജന്റുമാരോ ആണെന്നതു തന്നെ, ആദ്യമേ ഈ സൂചന തരുന്നുണ്ട്‌. നടീനടന്മാരുടെ തിരഞ്ഞെടുപ്പു നടക്കുന്നിടത്ത്‌, ഏതാണ്ടൊരു നെര്‍വസ്‌ ബ്രേക്ക്ഡൗണിന്റെ വക്കിലെത്തിയ ഗ്വിഡോയെ, എവിടെ നിന്നെന്നറിയാതെ കടന്നുവരുന്ന ക്ലൗഡിയായുടെ അംഗരക്ഷകര്‍ രക്ഷപെടുത്തി അവളുടെ അടുത്തെത്തിക്കുന്നതും മറ്റൊന്നിന്റെ പ്രകാശനമല്ല.

മറ്റൊരു സീന്‍പോലും ഒഴിവാക്കാന്‍ ആവില്ലെങ്കിലും സര്‍ഗാത്മകതയുടെ ക്രൂരമായ വിധിനിയോഗമായി പ്രത്യേകം അവതരിപ്പിക്കുന്ന ഒന്നാണ്‌, ക്ലൗഡിയ ഒഴിച്ച്‌, ചലച്ചിത്രത്തിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും, പരിചാരികമാരും വിധേയരുമായി ഗ്വിഡോയുടെ മുന്നിലെത്തുന്ന ഭ്രമാത്മകലോകം. ഇടക്കാലത്ത്‌ അത്‌ ആന്റിഫെമിനിസ്റ്റ്‌ വീക്ഷണത്തില്‍ കണ്ടിരിക്കാം. എന്നാല്‍ കലയുടെ പരിസരത്തു നില്‍ക്കുന്ന ആരും ഇന്ന്‌ അതിനെ അങ്ങിനെ ലളിതമാക്കും എന്നു തോന്നുന്നില്ല. ഒരു കലാകാരന്‍ അയാളുടെ ഉള്ളില്‍ ശുദ്ധ ഫാഷിസ്റ്റാണ്‌. ആത്മരതിയുടെ സമൂര്‍ത്തഭാവമാണ്‌. വന്യമായ കാമനകളുടെ അടിമയാണ്‌. ഇതു അവന്റെ ഒഴിവാക്കാനാവാത്ത നിയോഗമാണ്‌. ഭൂമിയിലുള്ള അവന്റെ ഒരോ നിമിഷവും ഇതിനെതിരായുള്ള പടവെട്ടലാണ്‌. എത്രത്തോളം ഇതിനെ യുദ്ധംചെയ്ത്‌ വിജയിക്കുന്നോ അത്രത്തോളം അവന്‍ കലാകാരന്‍ അല്ലാതായി മാറുന്നു. ചെത്തിമിനുക്കിയ ലൗകികതയില്‍ നിന്നും, കെട്ടുപൊട്ടിയ പട്ടത്തെപോലെ, സംവിധായകന്‍ തന്റെ കഥാപാത്രത്തെ ഈ വന്യതയിലേക്ക്‌ പറത്തിവിടുകയാണ്‌. മുടിമുറിച്ച്‌, സിഗരറ്റ്‌പുകച്ചെത്തുന്ന പരിഷ്‌കാരിയായ ലൂയിസ പോലും ഇവിടെ എത്ര വശ്യവും സ്ത്രൈണവുമായാണ്‌ പ്രത്യക്ഷപെടുന്നത്‌. കലാകാരനെ സംബന്ധിച്ചിടത്തോളം ലോകം ഒരിക്കലും ഇത്രയും തന്റെ ചൊല്‍പ്പടിയിലല്ല എന്നതിന്റെ ക്രൂരതകൂടിയാണ്‌ ഈ സീന്‍ പങ്കുവയ്ക്കുന്നത്‌. മനസ്സിന്റെ എക്സ്റ്റസി വെളിപ്പെടുത്താന്‍ ഇത്രയും ഭ്രാന്തമായി ഉപയോഗിച്ച മറ്റൊരു സീന്‍ പിന്നീട്‌ സ്റ്റാന്‍ലി കുബ്രിക്കിന്റെ 'ഐസ്‌ വൈഡ്‌ ഷട്ട്‌' എന്ന സിനിമയിലെ വിവാദമായ ഓര്‍ജി സീനില്‍ കണ്ടിട്ടുണ്ട്‌. പക്ഷെ ഒരു താരതമ്യത്തില്‍, ഈ ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ സൗന്ദര്യം അതിന്‌ എത്തിപ്പിടിക്കാന്‍ ആയിട്ടില്ലാ എന്ന്‌ തോന്നും.

ഗ്വിഡോ ആ ചലച്ചിത്രം നിര്‍മ്മിച്ചോ? എനിക്കതില്‍ സംശയമില്ല. അയാളുടെ ജീവിതത്തിലെ മുഴുവന്‍ ഊര്‍ജ്ജവും, മുഴുവന്‍ അനുഭവങ്ങളും, മുഴുവന്‍ കഥാപാത്രങ്ങളും വീണ്ടെടുക്കപ്പെട്ടുവന്ന്‌ ആ സിനിമയില്‍ കയറിക്കൂടുന്നു. പണ്ടെന്നോ കണ്ടുമറന്ന ഒരു ഇന്ദ്രജാലക്കാരന്‍ ആ പരേഡിനെ നിയന്ത്രിക്കാന്‍ കടന്നുവരുന്നത്‌ മറ്റൊന്നിനുമല്ല. അത്‌ സര്‍ഗാത്മകതയാണ്‌. അതാണ്‌ കലയുടെ ഇന്ദ്രജാലം. റോക്കറ്റ്‌ ലോഞ്ചിംഗ്‌ പാഡ്‌ ഇടിച്ചുനിരത്തപ്പെട്ടേക്കാം, മീഡിയക്കു മുന്നില്‍ മരണത്തോളം സ്വയം അന്യവത്‌കരിക്കപെട്ടേക്കാം. പക്ഷേ അയാള്‍ക്ക്‌ ആ പരേഡ്‌ നടത്തിയേ ആവൂ. അതു സര്‍ഗാത്മകതയുടെ, ലോപജീവിതത്തില്‍ നിന്നു രക്ഷിക്കുന്ന ഇന്ദ്രജാലത്തിന്റെ, ആവിഷ്കാരമാണ്‌. അത്‌ കലയാണ്‌. അത്‌ '8 1/2' എന്ന സിനിമ തന്നെയാണ്‌...!

8 1/2 ആസ്വാദനം

ഒരു മാധ്യമത്തിന്റെ വിവരണാതീതമായ സാധ്യതകളെ അതിന്റെ എല്ലാ നിയതഭാവനകളേയും ഉല്ലംഘിച്ചുകൊണ്ട്‌ ഒരു സംവിധായകന്‍ അവതരിപ്പിക്കുന്നത്‌ അറിയണമെങ്കില്‍ 8 1/2 തന്നെ കാണണം. ആദിമധ്യാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖീയമായ നിര്‍മ്മിതികളില്‍ ആനന്ദം കൊള്ളുന്നതാവണം നമ്മുടെ കലാസൃഷ്ടികളും നിര്‍വചനങ്ങളുമെന്നത്‌ ഒരു പക്ഷെ, മധ്യവര്‍ത്തി മലയാളി സിനിമാസങ്കല്‍പ്പങ്ങള്‍ നമ്മില്‍ ആഴത്തില്‍ അടിച്ചേല്‍പ്പിച്ച രസസൂചികയാവണം. ജീവിതത്തിന്റെ സമൃദ്ധമായ നിറഞ്ഞു തുളുമ്പല്‍, മാറി മാറി വരുന്ന സ്വപ്നദൃശ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇടകലരുന്ന അതിമനോഹര ദൃശ്യങ്ങള്‍.... അച്ചടക്കത്തോടെ മുന്‍വിധികളില്‍ മുഴുകിയിരിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ Fellini-യെന്ന വികൃതിചെക്കന്‍ സിനിമാകൊട്ടകയുടെ പിന്നിലെവിടെയോ ഇരുന്ന്‌ ബലൂണുകളില്‍ വെള്ളം നിറച്ച്‌ മുമ്പിലെ തിരശ്ശീലയിലേക്ക്‌ ഒരു കുസൃതിയോടെ ആഞ്ഞെറിഞ്ഞ്‌ ചിതറിത്തെറിപ്പിക്കുന്നതാവുമോ അത്‌?

8 1/2 പോലൊരു ചിത്രം ഒരു ആസ്വാദനക്കുറിപ്പിലൊതുങ്ങുന്നതല്ല, മാത്രമല്ല, ഒറ്റക്കാഴ്ച്ചയില്‍ ഒതുങ്ങുന്നതുമാവില്ല. എഴുത്തുകാരന്റെ, കലാകാരന്റെ ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിടേണ്ടിവരുന്ന, ക്രിയാത്മകമായ സ്തംഭനാവസ്ഥയെ മുന്‍നിര്‍ത്തി ആത്മാവിഷ്ക്കാരത്തോടെ നിര്‍മ്മിച്ചതെന്ന്‌ ഒറ്റവാചകത്തില്‍ ഒതുക്കിക്കളയാന്‍ ആദ്യകാലങ്ങളില്‍ മെനെക്കെട്ട നിരൂപകരൊക്കെ തന്നെ പിന്നീടുള്ള കാഴ്ച്ചയില്‍ അതിന്റെ ദൃശ്യസാധ്യതകളില്‍, ആവിഷ്ക്കാരരീതികളില്‍ അതിശയിച്ചുപോയി എന്നത്‌ പിന്നാമ്പുറക്കാഴ്ച്ച.

അനിയന്ത്രിതമായ ഒരു പ്ലോട്ട്‌, വളരെ റിയലിസ്റ്റിക്കായ കഥാപാത്രങ്ങള്‍, സ്വപ്നസമാനമായ ദൃശ്യഭാവന.. സിനിമയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്ന ഒരു സംവിധായകന്റെ സ്വത്വാവിഷ്ക്കാരത്തിന്‌ വെല്ലുവിളികള്‍ ഏറെയാണ്‌. അതിമനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ദൃശ്യങ്ങള്‍ നമ്മെ വല്ലാത്ത ഒരുതരം അവസ്ഥയിലെത്തിക്കുന്നു... ഗ്വിഡോ എന്ന ' ഫെല്ലീനീ സ്വത്വം' പേറുന്ന സംവിധായകനെ അവതരിപ്പിക്കുന്ന മാര്‍ച്ചെല്ലോ മാസ്ത്രൊയാനിയുടെ ശ്രദ്ധേയമായ പ്രകടനം സിനിമക്കപ്പുറവും നമ്മെ പിന്തുടരും. സിനിമ സംവിധായകന്റെ മാത്രം കലയാണ്‌, സംശയിക്കാതെ പറയണമെങ്കില്‍ 8 1/2 തന്നെയാവും ഉത്തരം.


ഫെല്ലീനീയും ഗ്വീദോയും (മാര്ചെല്ലോ മാസ്ത്രോയാന്നീ)

ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തുന്ന ഒരു കലാകാരന്റെ ആത്മസംഘര്‍ഷങ്ങളെ ചിത്രീകരിക്കുന്നതിന്‌ തെരെഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ വിവരണാതീതങ്ങളാണ്‌. വിശ്രമകേന്ദ്രത്തില്‍ വൃദ്ധദമ്പതികളും ഒറ്റപ്പെടലിന്റെ വ്യഥതുളുമ്പുന്ന വൃദ്ധമുഖങ്ങളും സുന്ദരികളായ പരിചാരകരും ഇടകലരുന്ന ദൃശ്യങ്ങളില്‍ പിന്തുടരുന്ന സംഗീതം ഇപ്പോഴും കേള്‍ക്കാം. തന്റെ സമകാലിക ജീവിതങ്ങളെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയനാക്കുന്ന ഫെല്ലീനീ , കലാകാരന്‍ ആരോടാണ്‌ ഉത്തരവാദിത്തം കാട്ടേണ്ടത്‌ എന്ന ചോദ്യവുമുന്നയിക്കുന്നുണ്ട്‌.

കാത്തലിക്‌ ചര്‍ച്ചുമായി സംവാദത്തിലേര്‍പ്പെടുന്ന സിനിമാ സംവിധായകന്‍ ഗ്വിഡോ, രൂക്ഷമായ പരിഹാസത്തിനും മുതിരുന്നുണ്ട്‌. അതിമനോഹരമായി ദൃശ്യവത്ക്കരിച്ച സ്റ്റീം ബാത്ത്‌ കേന്ദ്രത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം തന്റെ സ്വകാര്യ മുറിയില്‍ സ്റ്റീം ബാത്ത്‌ നടത്തിക്കൊണ്ട്‌ മോക്ഷത്തിനുള്ള ഏക മാര്‍ഗ്ഗം ചര്‍ച്ചല്ലാതെ മറ്റൊന്നില്ല എന്ന്‌ അതിവിശിഷ്ടനായ മത പുരോഹിതനെക്കൊണ്ട്‌ പറയിക്കുന്നത്‌ ശ്രദ്ധേയമാണ്‌. തന്റെ വ്യക്തി ജീവിതത്തില്‍ ഇടപഴകുന്ന സ്ത്രീകളെ ലൈംഗികമായി മാത്രം വേര്‍തിരിക്കുന്ന വ്യക്തിയുടെ ആന്തരികതലം സമകാലിക ലോകത്തെ പുരുഷബിംബങ്ങളെ ദ്യോതിപ്പിക്കുന്നുണ്ട്‌. കലാകാരന്‍ എന്ന നിലയില്‍ തന്റെ ബൗദ്ധികജീവിതത്തില്‍ യാതൊരു തരത്തിലും യോജിക്കാത്ത ഒരു സ്ത്രീയെ ലൈംഗികമായ ആന്തരിക ചോദനകളുടെ പൂര്‍ത്തികരണത്തിനായി മാത്രം തന്റെ മിസ്ട്രസ്സായി രഹസ്യമായി കൊണ്ടു നടക്കുന്നു ഗ്വിഡോ. കുടുംബ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ആന്തരിക ചോദനകളും കാമനകളും തന്റെ സ്വപ്നദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്‌ ഒരു ഹറേമിലൂടെയാണ്‌. തന്റെ ഭോഗവസ്തുക്കളാകാന്‍ മാത്രമായി സൃഷ്ടിക്കപ്പെട്ട സ്ത്രീകള്‍ അവന്റെ തൃപ്തിക്കായി മത്സരിക്കുകയും അവന്റെ സ്നേഹത്തിനായി കരയുകയും ചെയ്യുന്നു. സിനിമയുടെ ഏറ്റവും വൈവിധ്യമാര്‍ന്ന ദൃശ്യങ്ങളിലൊന്നാവുന്നു അത്‌.


സരാഗീനാ (എഡ്രാ ഗെയ്ല്)

ലൈംഗികമായി ബന്ധപ്പെട്ട തന്റെ ബാല്യകാല സ്മരണകളില്‍ ഇടപഴകുന്ന ഒരോ സ്ത്രീകളും പെണ്‍കുട്ടികളും അവന്റെ ലൈംഗിക അന്വേഷണങ്ങളുടെ കാതലാവുന്നു. മതപുരോഹിതര്‍ നടത്തുന്ന സ്കൂളില്‍ നിന്നും ഒളിച്ചു കടന്ന്‌ യുദ്ധാവശിഷ്ടങ്ങളില്‍ ഒറ്റക്കു ജീവിക്കുന്ന ഭ്രാന്തിയേപ്പോലെ തോന്നിക്കുന്ന സ്ത്രീയുടെ (സരാഗിന) പാതിനഗ്നമായ നൃത്തം രഹസ്യമായി ആനന്ദിക്കുന്ന ഗ്വിഡോ പിടികൂടപ്പെടുന്നുണ്ട്‌. ശരീരത്തിന്റെ നിലവിളിയെ തല്ലിക്കെടുത്തുന്ന മതത്തിന്റെ ചിഹ്നങ്ങളെ ഫെല്ലീനീ ഇഴപിരിക്കുന്നുണ്ട്‌ ചിത്രത്തില്‍. ഗ്വിഡോ എന്ന ബാലന്‍ പാപം ചെയ്തവനും വെറുക്കപ്പെട്ടവനുമാകുന്നത്‌ അവന്റെ ഗൂഢമായ ആന്തരിക അന്വേഷണങ്ങളുടെ പേരിലാണ്‌. കടുത്ത ശിക്ഷണനടപടികള്‍ക്ക്‌ വിധേയനാകുന്ന ബാലന്റെ മുമ്പിലൂടെ കടന്നുപോകു ദൃശ്യങ്ങളിലൊന്ന്‌ വിവാഹവസ്ത്രങ്ങളണിഞ്ഞ ഒരു യുവതിയുടെ മൃതശരീരത്തിന്റെ ദൃശ്യം കണ്ട്‌ അവന്‍ ഭയുവിറക്കുന്നതിലൂടെയാണ്‌. ഒരു പക്ഷെ, 8 1/2 എന്ന ചിത്രം ആത്മാവിഷ്ക്കാരം ഉള്‍ക്കൊള്ളുന്ന ഒരു പരിഹാസ്യദ്യോതക സിനിമ എന്നതിനപ്പുറം ഫെല്ലീനീ പുലര്‍ത്തുന്ന സൂക്ഷ്മതയും ഗൗരവവും വെളിവാക്കപ്പെടുന്ന അനവധി ദൃശ്യങ്ങളില്‍ ഒന്നാവും അത്‌.

തന്റെ ചിത്രങ്ങളെ വിലയിരുത്തുന്ന നിരൂപകരുടെ ആധിക്യം അസഹനീയമാകുമ്പോഴും കലാകാരന്റെ ഭാവനകളെ ബുദ്ധിപരതയോടെ വിമര്‍ശിക്കുന്ന നിരൂപകസഹായി (ഡൊമിയോ) യുമായുള്ള സംഭാഷണങ്ങള്‍ അതിസൂക്ഷ്മമായ ആശയസംവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. തന്റെ ചിത്രത്തിന്റെ ഭാരം താങ്ങാനാവാതെ, ചോദ്യങ്ങളുന്നയിക്കുന്ന പത്രക്കാര്‍ക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെടാനാവാതെ, സമ്മേളന വേദിയിലെ മേശക്കടിയിലേക്ക്‌ നൂണ്ട്‌ സ്വയം കാഞ്ചി വലിക്കുന്നു ഗ്വിഡോ. പലപ്പോഴും സര്‍ക്കസ്‌ ദൃശ്യങ്ങള്‍ പോലെ സിനിമയെയും ലോകത്തേയും കാണുന്ന ഫെല്ലീനീ ഈ ചിത്രം അവസാനിപ്പിക്കുന്നത്‌ സംഗീതം മുഴക്കിക്കൊണ്ട്‌ പ്രവേശിക്കുന്ന ഒരു കൂട്ടം കോമാളികളുടെ ബാന്‍ഡ്‌ വാദ്യത്തില്‍ ലോകം മുഴുവന്‍ അണിചേരുന്ന ദൃശ്യങ്ങളിലൂടെയാണ്‌. ഏറെ വിലമതിക്കുന്ന തന്റെ ചിത്രത്തിന്റെ സെറ്റ്‌ പൊളിച്ചുകളയാന്‍ നിര്‍ദ്ദേശിക്കുന്ന സംവിധായകന്‍, തനിക്ക്‌ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനാവാത്ത ചിത്രം പൂര്‍ത്തിയാക്കാന്‍ തയ്യാറാവുന്നില്ല, പക്ഷേ അതോടൊപ്പം അത്‌ 8 1/2 എന്ന ചിത്രമായി ചിത്രീകരിച്ച്‌ സിനിമാലോകത്തെയൊട്ടാകെ ഫെല്ലീനീ വെല്ലുവിളിക്കുന്നുവെന്നത്‌ ഈ ചിത്രത്തിന്റെ അനേകമനേകം സാധ്യതകളില്‍ മറ്റൊന്നാവാം.

'ആസാ, നീസി, മാസാ'

"8 1/2"-യുടെ ഷൂട്ടിങ്ങ്‌ വേളയിലുടനീളം ഫെല്ലീനീ കേമറയുടെ വ്യൂ ഫൈന്‍ഡറില്‍ ഒരു കുറിപ്പ്‌ ഒട്ടിച്ചുവെച്ചിരുന്നുവത്രെ: "മറക്കരുത്‌; ഇതൊരു തമാശപ്പടമാണ്‌." ഷൂട്ടിങ്‌ പുരോഗമിയ്ക്കുന്തോറും ആ ഉദ്ദേശ്യം മറന്നുപോയേക്കുമെന്ന്‌ ഫെല്ലീനീ ഭയപ്പെട്ടിരുന്നിരിയ്ക്കണം. എന്തായാലും നമുക്ക്‌ കിട്ടിയത്‌ ഒരു കോമഡിയായിരുന്നില്ല. എന്നാല്‍ ഏതു മനുഷ്യാവസ്ഥകളുടെയും ഗൗരവമാര്‍ന്ന ചായപ്പകര്‍പ്പുകള്‍, പ്രതിഫലനങ്ങള്‍, മറ്റൊരു ആംഗിളില്‍ ഒരു കോമഡിയിലേയ്ക്ക്‌ കനം കുറയ്ക്കാവുന്ന ദൈവക്കാഴ്ചകളായി തീരാറുണ്ട്‌. അത്തരം കാഴ്ചകള്‍ക്കും നാം ശേഷിയുള്ളവരാണ്‌. മരണവീടുകളില്‍, മേത്തരം ദുഃഖപ്രകടനത്തിലേയ്ക്ക്‌ മല്‍സരിക്കേണ്ടി വരുമ്പോള്‍, നവദ്വാരങ്ങള്‍ പൊത്തിപ്പിടിച്ച്‌ ചിരിയെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ചിലപ്പോള്‍ നാം പാടുപെടാറുണ്ട്‌. മരിച്ചവരോടുള്ള അനാദരവിനാലല്ല; മരിയ്ക്കുമെന്നറിഞ്ഞും ജീവിയ്ക്കാന്‍ ബാക്കിയാകുന്നവരുടെ അനാസ്ഥകളെ ഓര്‍ത്ത്‌. സ്വന്തം അനാസ്ഥകളുടെ ഗത്യന്തരങ്ങളോര്‍ത്ത്‌. മരണം, മരിച്ചവരോളം മരിയ്ക്കാത്തവര്‍ക്കും ബാധകമാണ്‌ എന്നത്‌ എത്രയധികം ഉദാഹരണങ്ങളാലും നിറവേറപ്പെടാതെ പോവുന്നുവല്ലോ. മരിയ്ക്കാത്തതും ചീയാത്തതും ഒന്നുമില്ലെങ്കില്‍, അതില്‍ രേഖപ്പെടുത്തപ്പെടുന്ന ദുഃഖം സ്വയമതിനെ അപഗ്രഥനം ചെയ്യുവാന്‍ എന്നേ കെല്‍പ്പുനേടി നില്‍പ്പുണ്ട്‌. എന്നിട്ടും, ദുഃഖം, ഒരേ സമയം അതിന്റെ അപരത്വവും ഇരട്ടയുമായ ആമോദത്തെ പോലെ, വെറുമൊരു സോഷ്യല്‍ കണ്‍ട്രാക്ടായി താല്‍ക്കാലികത്വങ്ങളെ പുണരുന്നു.

അങ്ങിനെയൊന്ന്‌ "8 1/2"-യില്‍ മുഴുനീളം കാണാം.


കാര്ലാ (സാന്ദ്രാ മീലോ), ഗ്വീദോ (മാര്ചെല്ലോ മാസ്ത്രോയാനീ)

ഗ്വീദോ എന്ന ഫെല്ലീനീയുടെ നായകകഥാപാത്രം കടന്നുപോകുന്ന ദുഃഖത്തിന്റെ കോമഡി അപ്രകാരമൊന്നാണ്‌. ആ കഥാപാത്രം വെറുമൊരു സ്ത്രീലോലുപനാണെന്ന്‌ തീര്‍ച്ചയാക്കിക്കൂടാ. അയാള്‍ തന്റെ വെപ്പാട്ടിയായ കാര്‍ലാ എന്ന അഭിനേത്രിയില്‍ തീര്‍ത്തും തല്‍പ്പരനല്ല. അവളുടെ വിലകുറഞ്ഞ രുചികള്‍ അയാളില്‍ വെറുപ്പുളവാക്കുന്നു. ഒരു തവണ അയാള്‍ അവളുടെ പുരികങ്ങളെ, വളരെ താണതരം വേശ്യയുടെ മുഖാലങ്കാരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌, കോട്ടിവരയ്ക്കുന്നു; അവള്‍ പരിഭവമില്ലാതെ അതിനനുവദിയ്ക്കുകയും. വെറുപ്പിന്റേയും വിലകേടിന്റേയും മൂര്‍ദ്ധന്യത്തില്‍, മാറിടം നഗ്നമാക്കി കാണിയ്ക്കാന്‍ ആവശ്യപ്പെടുമ്പോഴും അതിനവള്‍ സന്നദ്ധയാവുന്നു. തനിയ്ക്ക്‌ കുട്ടിക്കാലത്ത്‌ ശിക്ഷ വാങ്ങിപ്പിച്ചു തന്ന, അമ്മയെ വാവിട്ടു കരയിപ്പിച്ച, ഒരു അനുഭവത്തെ പുനരാനയിക്കുകയാണ്‌ ഇതിലൂടെയെല്ലാം ഗ്വീദോ. സ്ക്കൂള്‍ പഠന കാലത്ത്‌, ഭയങ്കരിയായ ഒരു ജിപ്സിപ്പെണ്ണിന്റെ മാദക നൃത്തം കണ്ടുനിന്നതിന്‌ അയാളിലെ ബാലന്‍ പാതിരികളായ അദ്ധ്യാപകരുടെ കഠിനശിക്ഷ വാങ്ങിക്കൂട്ടിയിട്ടുണ്ട്‌. ഗ്വീദോയുടെ ആദര്‍ശ വനിത എക്കാലവും ഭാര്യയായ ലൂയീസാ തന്നെയായിരുന്നു. പക്ഷെ, അയാളുടെ ലൈംഗികമായ കൂറില്ലായ്മ അവര്‍ക്കിടയിലെ ബന്ധത്തെ കഠിനമായി ഗ്രസിയ്ക്കുവാന്‍ തുടങ്ങിയിരിയ്ക്കുന്നു.

അസൂയാര്‍ഹമായ വിജയം നേടിയ ഒരു ചലച്ചിത്ര സംവിധായകനാണ്‌ ഗ്വീദോ. എന്നാല്‍, അയാളില്‍ വിശ്വാസമര്‍പ്പിച്ച്‌ കണ്ടമാനം പണം നിക്ഷേപിയ്ക്കുന്ന നിര്‍മ്മാതാവിനായി, അയാള്‍ക്ക്‌ ഒരു മുഴുമിപ്പിച്ച തിരക്കഥ പോലും കൊടുക്കാനില്ല. പുതിയ പ്രോജക്റ്റായി ഒരു വട്ടന്‍ ബഹിരാകാശയാത്രാ കഥ അയാള്‍ തുടങ്ങിവെച്ചിട്ടുണ്ട്‌. കൂടുതല്‍ മുന്നോട്ടു പോകാനാവാതെ അയാള്‍ തകര്‍ന്നു നില്‍ക്കുന്നു. ഒരു വശത്ത്‌ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഭാര്യ, ലൂയീസാ. മറുവശത്ത്‌ അയാളെ നിരന്തരം അലട്ടുന്ന നടീനടന്മാരും നിര്‍മ്മാതാവും പത്രപ്രവര്‍ത്തകരും; അയാളുടെ തന്നെ 'മദ്ധ്യവയസ്സന്‍-ക്രൈസിസും’. ഒരു സര്‍റിയലിസ്റ്റിക്‌ ആത്മപ്രകാശനത്തില്‍, അയാള്‍ മരിച്ചുപോയ അച്ഛനമ്മമാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതായി കാണുന്നു. അമ്മ, അയാള്‍ക്കു വേണ്ടി താന്‍ കൂടുതലെന്തു ചെയ്യണം എന്ന്‌ വിഷണ്ണമായി ചോദിയ്ക്കുകയാണ്‌. കൂത്തച്ചിക്കളി കാണാന്‍ പോയതിനെ വിസ്തരിയ്ക്കുവാന്‍ സ്‌ക്കൂള്‍ അധികൃതരാല്‍ വിളിയ്ക്കപ്പെട്ട്‌ അപമാനിതയായ അതേ അമ്മ. പൊടുന്നനെ അമ്മ, ലൂയീസായായി പ്രത്യക്ഷപ്പെടുന്നു. ലൂയീസായ്ക്കും അങ്ങിനെയൊരു ചോദ്യം ഗ്വീദോയോടുണ്ട്‌. അയാള്‍ തന്റെ മദ്ധ്യവയസ്സിലെ ആത്മസംഘര്‍ഷത്തില്‍ കുടുങ്ങി നില്‍ക്കുകയാണ്‌. director's block എന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണ്‌.

കുട്ടിക്കാലം ഗ്വീദോ ഓര്‍ത്തെടുക്കുന്നത്‌ അതേപോലൊരു ചുറ്റപ്പെടലിലാണ്‌. പക്ഷെ, സംരക്ഷിതമായ ഒരു ചുറ്റപ്പെടല്‍. മുത്തശ്ശിയുടെ വീട്ടില്‍ ഒഴിവുകാല സന്ദര്‍ശനത്തിനെത്തിയിരുന്ന ബാലനായ ഗ്വീദോ വളരെയധികം ലാളിക്കപ്പെട്ടിരുന്നു. അവിടേയും ബനധുക്കളായും പരിചാരകകളായും സ്ത്രീകള്‍ അയാളെ പൊതിഞ്ഞു. 'ആസാ, നീസി, മാസാ' എന്ന മാന്ത്രിക വാക്യം അയാളവിടെ നിന്ന്‌ കേള്‍ക്കുന്നതാണ്‌. ചുമരില്‍ തൂങ്ങിയ ചിത്രത്തില്‍ നോക്കി, അത്‌ പറഞ്ഞ്‌, അതിന്റെ കണ്ണുകളനക്കിപ്പിച്ചാല്‍, പണം കുമിയും. സര്‍വ്വാഭീഷ്ട പ്രദാനി. അങ്ങിനെയൊരു സംഭവിയ്ക്കലിന്‌, ഇന്ന്‌, ആത്മവിഷണ്ണതയുടെ ഈ കൊടുംകാലത്ത്‌, അയാള്‍ മോഹിയ്ക്കുന്നുണ്ട്‌.


കാര്ലാ (സാന്ദ്രാ മീലോ)

ഒന്നും സംഭവിക്കാതെ, സ്ത്രീകള്‍ മഹത്തായ ഒരു ബാധ പോലെ കൂടുമ്പോള്‍, ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തില്‍ നിന്നുമയാള്‍ അവരെ ചാട്ടകൊണ്ടടിച്ച്‌ അകറ്റുവാന്‍ മറ്റൊരു ഭാവനയില്‍ അകപ്പെടുന്നു. തന്നെ പീഡിപ്പിയ്ക്കുന്ന പത്രപ്രവര്‍ത്തകരോട്‌ നല്ല രണ്ട്‌ വാക്കുപറയാന്‍ നിര്‍മ്മാതാവ്‌ ആവശ്യപ്പെടുന്നു. 'ഈ പടം മുടിച്ചാല്‍, നിന്നെ ഞാന്‍ ഇല്ലാതാക്കും' അയാള്‍ ഭീഷണി മുഴക്കും.

തിരക്കഥാകൃത്തായ ഡോമിയേ, മിക്കവാറും അറുപതെഴുതുകളിലെ സൈദ്ധാന്തികനായ ഒരു സാംസ്കാരികബുദ്ധിജീവിയെ പോലെ ഗ്വീദോയ്ക്ക്‌ മുമ്പില്‍ കനത്ത മതില്‍ കെട്ടി നില്‍ക്കുന്നു. അയാളുടെ കുറിയ്ക്കു കൊള്ളുന്ന വിമര്‍ശനം ഗ്വീദോയെ കൂടുതല്‍ ഛിന്നഭിന്നനാക്കുന്നു.


ക്ലോദ്യാ (ക്ലോദ്യാ കാര്ദിനാലീ)

മറ്റെവിടെയും ഗ്വീദോ വയസ്സാകലിനെ കാണുന്നു. ജീര്‍ണ്ണത കാണുന്നു. സ്വയം ജീര്‍ണ്ണിയ്ക്കുന്ന തന്നെത്തന്നെ കാണുന്നു. അതില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ അയാള്‍ ക്ലോദ്യാ എന്ന പരിശുദ്ധ സൗന്ദര്യം പ്രസരിപ്പിയ്ക്കുന്ന പുതുനടിയെ ക്ഷണിച്ചുവരുത്തുന്നുണ്ട്‌, ഒരിടയ്ക്ക്‌. ഔഷധമെന്ന പോലെയാണയാള്‍ അവളെ കാണുന്നത്‌. പുതുമയെ വീണ്ടെടുക്കുവാന്‍ വീണ്ടുമയാള്‍ അബദ്ധങ്ങളിലേയ്ക്ക്‌ ചെല്ലുകയാണ്‌.

000 000 000 000

അദ്ഭുതകരമാണ്‌ "8 1/2". അങ്ങിനെയൊരു ഉള്ളടക്കത്തെ ചലച്ചിത്രവല്‍ക്കരിയ്ക്കുന്ന കൃത്യം മിക്ക ചലച്ചിത്രകാരന്മാര്‍ക്കും സങ്കല്‍പ്പിയ്ക്കുവാനാവുകയില്ല. ഒരു നോവല്‍ പോലെ അസംഖ്യം കഥാനാരുകളുള്ള പ്രമേയം. പക്ഷെ, "8 1/2" കാണുമ്പോള്‍ നാം അങ്ങിനെയൊരു സാദ്ധ്യത ബാക്കിനിറുത്തുന്ന 'നോവലിനെ' കുറിച്ച്‌ ഓര്‍മ്മയുള്ളവരായിരിയ്ക്കുകയില്ല. 138 മിനിട്ടുകളില്‍ നാം കാണുക തീര്‍ത്തും അപ്രതീക്ഷിതവും ഊഷ്മളമായി വിന്യസിതമാവുന്നതുമായ ഒരു കലാവിഷ്ക്കാരമായിരിയ്ക്കും. ഫാന്റസിയും റിയലിസവും സര്‍റിയലിസവും ഇഴചേരുന്ന ഒരാവിഷ്ക്കാരം. ഒരു പക്ഷെ, കടുത്ത മാര്‍ക്സിസ്റ്റ്‌ ശാഠ്യങ്ങളില്‍ ഇതൊരു ബൂര്‍ഷ്വാതല ചിലവഴിപ്പാവും --നമ്മുടെ എഴുപതന്‍ സിനിമാകാര്‍ക്കശ്യങ്ങളില്‍ നിന്ന്‌ പ്രത്യേകിച്ചും. പക്ഷെ, 1963-ലെ മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ "8 1/2" പ്രമുഖ പുരസ്കാരത്തിനര്‍ഹമായി എന്ന വിവരം നമ്മിലെ അക്കാലത്തെ മുരടത്തത്തെ അങ്കലാപ്പിലാക്കിയേയ്ക്കും --ഇക്കാലത്തേയും. അതിനൊരു കാരണം യഥാര്‍ത്ഥ കലാകാരന്‍ അനുഭവിയ്ക്കുന്ന ആന്തരിക സ്വാച്ഛന്ദ്യമാവും; ആയതിനെ ആവിഷ്ക്കരിയ്ക്കാനുള്ള മറയില്ലായ്മയും. അത്‌ കൂടിയ ഡോസായേക്കും നമുക്ക്‌.

നീനോ റോത്തായുടെ സംഗീതം, ഇതില്‍, കാര്‍ണിവെലിനെ അനുസ്മരിയ്ക്കുന്ന ഒന്നായി ദ്രഷ്ടാവിനെ പിന്തുടരും; ശ്രോതാവിനെയല്ല. പ്രമേയത്തിന്റെ ലാഘവനാട്യത്തെ സവിശേഷമായ മട്ടിലൊരു കോമഡിയുടെ നടത്തിപ്പിലേയ്ക്ക്‌ സ്വയം തയ്യാറാക്കപ്പെട്ട സംഗീതമാണത്‌. മിലാന്‍ കുന്ദേരയുടെ വാഗ്‌വിന്യാസത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന താളമുണ്ട്‌ റോത്താ ഉപയോഗിയ്ക്കുന്ന ഇതിലെ സംഗീതത്തില്‍. സിനിമ കണ്ടുകഴിഞ്ഞും രണ്ടു മൂന്നു ദിനങ്ങളിലേയ്ക്ക്‌ ആ സംഗീതം നമ്മില്‍ വികൃതിയായ ഒരു കുട്ടിയെ നിലനിറുത്തുന്നു. (ഫ്രാന്‍സിസ്‌ കോപ്പളയുടെ 'ഗോഡ്ഫാദര്‍'-ലെ വിഖ്യാതമായ സ്കോര്‍ ചെയ്തതും നീനാ റോത്തായാണ്‌.)


ഗ്വീദോ (മാര്ചെല്ലോ മാസ്ത്രോയാനീ), ലൂയീസാ (ആനൂക് ഐമെ).

ഒരു പക്ഷെ, രണ്ടേ രണ്ടു താരങ്ങളേ യൂറോപ്യന്‍ കാല്‍പ്പനിക പുരുഷ സങ്കല്‍പ്പനങ്ങളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ടാവുള്ളു: മാര്‍ച്ചെല്ലോ മാസ്ത്രോയാന്നീയും (Marcello Mastroianni) അലോങ് ദെലോങ്ങും (Alain Delon). മാര്‍ച്ചെല്ലോ മിക്കവാറും ഫെല്ലീനീയുടെ 'ഓള്‍ട്ടര്‍ ഈഗോ' തന്നെ ആയിരുന്നു. ഗ്വീദോയുടെ ഫെല്ലീനീയന്‍ ആന്തരികത മാര്‍ച്ചെല്ലോ ഉദ്ദേശിച്ചതിലുമധികം വൃത്തിയായി പ്രതിഫലിപ്പിയ്ക്കുന്നുണ്ട്‌. ശൃംഗാര നടനങ്ങളില്‍ മാര്‍ച്ചെല്ലോ, ഒരു പക്ഷെ, ഫെല്ലീനീയെ കടന്നുപോരുന്നുവെന്നും ഭയപ്പെട്ടേയ്ക്കാം. മാര്‍ച്ചെല്ലോയെ നാം ഇതിനു മുമ്പും ഇങ്ങിനെയൊക്കെ പരിചയപ്പെട്ടതു കൊണ്ടാവാം. 'ലാ ദോള്‍ച്ചെ വീറ്റാ' ('ജീവിതം മധുരോദാരം')-യില്‍ ആ റൊമാന്റിക്കായ മഞ്ഞപ്പത്ര പ്രവര്‍ത്തകനെ കണ്ടിട്ടുണ്ടെങ്കില്‍ ഇങ്ങിനെയൊരു തോന്നല്‍ പ്രേക്ഷകനില്‍ കടന്നുകൂടുന്നതില്‍ അപാകത കാണില്ല. എന്നിരുന്നാലും ഫെല്ലീനീയുടെ 'കേസനോവ'-യില്‍ ('ഇല്‍ കേസനോവ ദി ഫെദരീകോ ഫെല്ലീനീ') മാര്‍ച്ചെല്ലോ ആയിരുന്നില്ല കുപ്രസിദ്ധനായ ആ സ്ത്രീലോലുപനെ അവതരിപ്പിച്ചത്‌ --ആ ഭാഗ്യം ഹോളിവുഡ്‌ താരമായ ഡോണള്‍ഡ്‌ സതര്‍ലാന്‍ഡിനെയാണ്‌ കണ്ടെടുത്തത്‌.

ഗ്വീദോയുടെ പിതാമഹിയുടെ ഗൃഹവും അവിടെ ഒഴിവുകാലം കഴിക്കാനെത്തുന്ന അവരുടെ ചെറുമക്കളുടെ വിക്രിയകളും അവിസ്മരണീയമാക്കിയിട്ടുണ്ട്‌ ഫെല്ലീനീ. ആത്മകഥാംശമുള്ള ഈ ഭാഗങ്ങള്‍, എന്നാല്‍ ഛായാഗ്രഹണഭാഷയില്‍ ഒരു അപൂര്‍വ്വത തന്നെ സൃഷ്ടിയ്ക്കുന്നു. എണ്ണവിളക്കുകളുടെ വെളിച്ചവും പരുക്കനായി കുമ്മായം തേച്ച ചുമരുകളും നീണ്ടുകോടുന്ന നിഴലുകളും പെണ്ണുങ്ങളുടേയും കുട്ടികളുടേയും ശബ്ദകോലാഹലവും --ഒരു പക്ഷെ ഫെല്ലീനീയ്ക്കു മാത്രമെ തിരിച്ചുവരുത്തുവാനായേക്കുകയുള്ളു. (പത്തമ്പതു കൊല്ലങ്ങള്‍ മുമ്പുവരെ കേരളത്തില്‍ നിലനിന്നിരുന്ന പ്രൗഢമായ തറവാട്ടുകളങ്ങളെ അതോര്‍മ്മിപ്പിയ്ക്കുമെങ്കില്‍ അതിശയിക്കേണ്ടതില്ല.) സ്ത്രീജനങ്ങളാല്‍ സംഭൃതമായ ഒരു കുട്ടിക്കാലമാണ്‌ ഗ്വീദോയ്ക്കുണ്ടാവുക. അങ്ങിനെ വളര്‍ന്നു മുതിരുന്ന പുരുഷന്മാരില്‍ സ്വതവെ അനുഭവിതമാവുന്ന ഒരു മസൃണഭാവം, ഒരു ഉത്ക്കണ്ഠാരാഹിത്യം, ഗ്വീദോ "8 1/2" യില്‍ മുഴുവന്‍ അനുഭവിപ്പിയ്ക്കുന്നു. അതൊരു പെണ്‍കോന്തത്തരമല്ല; പ്രത്യുത ആണിന്‌ വിരളമായ വന്നുചേരുന്ന ഒരു 'പെണ്ണറിവ്'-ാ‍ണ്‌. അതൊരു 'പെണ്‍പിടുത്ത' മൂലധനശേഷിയല്ല; പ്രത്യുത അര്‍ദ്ധനാരീശ്വരത്തെ കുറിച്ച്‌ അബോധമിയന്ന ഒരു സ്പര്‍ശ-ശേഷിയാണ്‌. അതിനാലാവും ഗ്വീദോയുടെ സ്ത്രീലോലുപതയില്‍ ഒരു വഷളത്തത്തെ കണ്ടെത്താനാവാതെ പോവുക.

ആള്‍ത്തിരക്ക്‌, മീഡിയാ ഹയീനകളുടെ ആക്രോശങ്ങള്‍, ഓട്ടത്തിനിടയിലെ പാദുകവീഴ്ച്ചകളുടെ ചടപട ശബ്ദങ്ങള്‍, പെണ്ണുങ്ങളുടെ കൊഞ്ചലുകളും കൊണിയാരങ്ങളും, താക്കീതുകള്‍, 'ചാവോ' ഗ്രീറ്റിങ്ങുകള്‍... എല്ലാത്തിനും ഭംഗം വരുത്തിക്കൊണ്ട്‌, ഗ്വീദോയുടെ 'സൈ-ഫൈ' മൂവിയിലേയ്ക്ക്‌ 'ടാപ്‌' ഡാന്‍സ്‌ അഭ്യസിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു സാധാരണക്കാരന്റെ ശ്രദ്ധ ക്ഷണിയ്ക്കലും.

ഗ്വീദോ 'വൈന്‍ഡ്‌ അപ്‌' ചെയ്യുകയാണ്‌. ഇത്‌ ഇനി നീട്ടാന്‍ വയ്യ. നിര്‍മ്മാതാവും അയാളുടെ നാനൂറ്‌ ടണ്‍ സിമന്റ്‌ കണ്‍ട്രാപ്ഷനും! ഗ്വീദോ എല്ലാവരേയും മാടിവിളിച്ച്‌ ഒരു ഭ്രാന്തന്‍ പരേഡൊരുക്കുന്നു.

നീനോ റോത്താ തകര്‍ക്കുന്നു.

ഫെല്ലീനീ, "8 1/2" മുഴുമിയ്ക്കുകയും.

സിനിമയെ കടന്ന സിനിമ

Fellini-യുടെ "8 1/2" എന്ന ചലച്ചിത്രം self-expression ആണോ self-indulgence ആണോ എന്ന subjective സന്ദേഹം ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിഹാസസമാനമായ ഒരു കലാസൃഷ്ടിയോട്‌ ചേരാനാണ്‌ അതിന്റെ ഭാഗധേയം. ഈഗോ സിംഹഭാഗവും കവര്‍ന്നിരിക്കുന്ന identity- യെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തി വിചാരണ ചെയ്യുന്നത്‌ അധികം കലാകാരന്മാര്‍ക്ക്‌ പറഞ്ഞിട്ടില്ല. fantasy-യും fact-ഉം ഊടും പാവും നെയ്ത ആ സര്‍ഗ്ഗജീവിതം ഒരു കാരിക്കേച്ചറിസ്റ്റിന്റെ കുസൃതിക്കണ്ണിലൂടെ നോക്കിക്കാണുന്നു ഫെല്ലീനീ എട്ടരയില്‍. ഒപ്പം, നിര്‍ദ്ദയം അറുപതുകളിലെ ബാലിശപ്രകൃത റോമന്‍ സമൂഹത്തെയും.

Creative crisis ഇക്കാലത്ത്‌ ഫെല്ലീനീയുടെ മാത്രം കുറ്റമല്ല. "സിനിമ എല്ലാ കലകളേക്കാളും 50 വര്‍ഷം പിറകിലാണ്‌" എന്ന്‌ എട്ടരയിലെ സിനിമാസംവിധായകന്‍ കഥാപാത്രം, ഗ്വീദോ പറയുന്നുണ്ട്‌. കലകളോരോന്നും ഞണ്ടു-'വോക്ക്‌' നടത്തുന്ന നടപ്പുകാലത്ത്‌ ധൈഷണികതയുടെ ഹോഴ്സ്പവറുമായി എട്ടര നില്‍ക്കുന്നത്‌ കൊണ്ട്‌ 1963 ലെ ഈ ചിത്രം ഇപ്പോഴും പഠനാര്‍ഹം.

എട്ടരയുടെ വിചാരണപരിധിയില്‍ ഡയറക്ടേഴ്സ്‌ ബ്ലോക്കിന്‌ പുറമേ പ്രായമാകുന്നതിന്റേയും പഴയ കുതിരശക്തി ചോര്‍ന്നു പോകുന്നതിന്റേയും (എല്ലാ അര്‍ത്ഥത്തിലും) ചുളിവ്‌ വീണ മനോവ്യാധികളും ആധുനികതക്കൊപ്പം ആഴവും കുറഞ്ഞു വരുന്ന സമൂഹമനസിന്റെ കിതപ്പുകളുമുണ്ട്‌. സ്ക്രീന്‍ നിറഞ്ഞ്‌ തുളുമ്പുന്ന തരുണീനിരകള്‍ യൗവ്വനം തിരിച്ചു പിടിക്കാനുള്ള വയോധിക ശ്രമങ്ങളുടെ ഭാഗമാണ്‌. യാഥാര്‍ത്ഥ്യത്തിന്റെ ട്രാഫിക്‌ കുരുക്കുകളിലും ഓര്‍മ്മകളുടെ തുരുത്തുകളിലും ഗ്വീദോ ക്രിയേറ്റീവ്‌ ഊര്‍ജ്ജം അന്വേഷിക്കുന്നു. ഫാന്റസി, കലാകാരന്റെ ഒരു ചിന്താവഴി എന്നതിനേക്കാള്‍ പ്രശ്നപരിഹാരമാണ്‌ ആ 43 കാരന്‍ സംവിധായകന്‌.


81/2

ഓര്‍മ്മകള്‍ ഗ്വീദോയെ വേട്ടയാടുന്നില്ല. പകരം, ഓര്‍മ്മകളെ അയാള്‍ വേട്ടയാടുന്നു. പിന്നിട്ട കാലത്തെ അയാള്‍ കൂടെക്കൂടെ അന്വേഷിക്കുന്നത്‌ saturation point -ലെത്തിയ പ്രചോദനത്തിന്റെ മണിനാദം കേള്‍ക്കാനാണ്‌. അയാള്‍ ചികയുന്ന ഓര്‍മ്മകള്‍ ഇറ്റലിയുടെ ചരിത്രത്തിന്റെ പ്രതിഫലനവും കൂടിയാണ്‌. ഫെല്ലീനീയെപ്പോലെ സ്വയം ഇക്സ്പ്ലോര്‍ ചെയ്ത ചലച്ചിത്രകാരന്മാര്‍ അധികമുണ്ടാവില്ല. എട്ടര ഒരു memoir ആണ്‌; ഗ്വീദോ, ഫെല്ലീനീയും.

ഗ്വീദോയുടെ കുമ്പസാരമായ സിനിമയില്‍ അയാള്‍ നേരിടുന്ന വിഷമതകളില്‍ നമ്മെയും പങ്കാളികളാക്കുന്നു. അഹം അയാളുടെ പ്രശ്നങ്ങളിലൊന്നേ ആകുന്നുള്ളൂ. തരുണികള്‍ അതിന്റെ മൂര്‍ത്തരൂപവും. അഹത്തെ മറികടക്കാനായിരിക്കുമോ അയാള്‍ തരുണികളെ ചാട്ടവാറ്‌ കൊണ്ടടിക്കുത്‌? അതും, പക്ഷേ സാഡോ-മാസോക്കിസമായി പരിണമിക്കുന്നതേയുള്ളൂ. മനസിന്റെ കളികളില്‍ നിന്ന്‌ അയാള്‍ക്ക്‌ മോചനമില്ലെന്ന്‌! സ്ത്രീകളുമായി ഒരേസമയം രമിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന ദ്വന്ദം അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌. അത്‌ ദേവാസുരന്മാരായ മനുഷ്യര്‍ക്ക്‌ സാമാന്യമായി ഫെല്ലീനീ പറഞ്ഞു വെക്കുന്നത്‌.

റോമന്‍ കത്തോലിസിസത്തിന്റെ, മൊത്തമായി പാരമ്പര്യത്തിന്റേയും, വടിനയം അനുഭവിച്ച്‌ വളര്‍ന്ന കുട്ടിക്കാലമാണ്‌ ഗ്വീദോക്കുള്ളത്‌. വളര്‍പ്പോള്‍ സാബത്ത്‌ മനുഷ്യന്‌ വേണ്ടി എന്ന ആരോഹണത്തിലേക്ക്‌ അയാളുടെ മനസ്‌ കയറി. കുരിശുകള്‍ പലതും പിന്നെയും അയാള്‍ ചുമക്കുന്നുണ്ടെങ്കിലും. കര്‍ദ്ദിനാളുമായുള്ള സംഭാഷണത്തില്‍ ഗ്വീദോയുടെ മനസ്‌ മുഴുവന്‍ പുതിയ സിനിമയുടെ തിരക്കഥയുടെ സാധ്യതകളിലാണ്‌. കര്‍ദ്ദിനാള്‍, എന്നാല്‍, ഗ്വീദോയുടെ ശൈഥില്യത്തിന്റെ പടിവാതില്‍ക്കലെത്തിയ കുടുംബജീവിതത്തെക്കുറിച്ചാരായുന്നു. നിലപാടുകളുടെ കാര്യത്തില്‍ അത്രയും ഒബ്ജക്റ്റീവാണ്‌ ഫെല്ലീനീ. സിനിമ വേണ്ടെന്ന്‌ കര്‍ദ്ദിനാളോ, മതം വേണ്ടെന്ന്‌ കലാകാരനോ പറയുന്നില്ല.

സയന്‍സ്‌ ഫിക്ഷന്‍ സിനിമക്ക്‌ വേണ്ടി റോക്കറ്റ്‌ ലോഞ്ച്‌ പാഡിന്റെ സെറ്റ്‌ നിര്‍മ്മിച്ചത്‌ പൊളിച്ച്‌ കളയുവാന്‍ ചിത്രാന്ത്യത്തില്‍ ഗ്വീദോ തീരുമാനിക്കുന്നതിന്റെ നീതി എന്തായിരിക്കും? ഒന്ന്‌, ബാബേല്‍ ഗോപുരം പോലുള്ള, ഞാനെന്ന ഭാവത്തെ തകര്‍ക്കാന്‍ ആ ക്രിയേറ്റീവ്‌ ഡയറക്ടര്‍ ഒരുക്കമാണ്‌. ഉടച്ചുവാര്‍ക്കലിന്റേയും ശുദ്ധീകരണത്തിന്റേയും സാധൂകരണമുണ്ടതിന്‌. രണ്ട്‌, പുരുഷലിംഗാകൃതിയിലുള്ള റോക്കറ്റ്‌ പത്തി താഴ്ത്തുന്നതിലൂടെ അയാളുടെ വിഷയാസക്തിയുടെ കൊമ്പും മുറിയുന്നു. അതൊരു sublimation പ്രക്രിയയാണ്‌. മൂന്ന്‌, science fiction ഒരു യഥാര്‍ത്ഥ കലാകാരന്‌ ചേര്‍ന്നതല്ല എന്ന തിരിച്ചറിവ്‌ ഗ്വീദോക്കുണ്ടായി. കച്ചവടത്തിന്റെ കഴുത്തില്‍ മാലയിടാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനം. ചുരുങ്ങിയ പക്ഷം, തനിക്ക്‌ പറ്റാത്ത പണിക്കില്ലെന്ന നയം വ്യക്തമാക്കല്‍. നാല്‌, individual freedom എന്ന ഒരു കലാകാരന്റെ എപ്പോഴത്തേയും വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരം. പ്രശസ്തരായവരുടെ എന്നല്ല, സാധാരണക്കാരുടെ വരെ സ്വകാര്യതകള്‍ കാമറയുടെ സ്ക്രീനിങ്ങിലൂടെയല്ലാതെ കടന്നു പോകാത്ത കാലത്ത്‌ invasion of privacy-ക്കിട്ട്‌ ഫെല്ലീനീ കുത്തുന്നത്‌ വ്യക്തിസ്വാതന്ത്ര്യം എന്ന അപ്രാപ്യ നന്മക്ക്‌ വേണ്ടിയാണ്‌.


ഫെദെരികോ ഫെല്ലീനീ.

വിഖ്യാത ഹോളിവുഡ്‌ നടന്‍ Anthony Hopkins, എട്ടരയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ സംവിധാനം ചെയ്ത ചിത്രം 'Slipstream' ഇപ്പോള്‍ അമേരിക്കന്‍ തിയറ്ററുകളില്‍ ഓടുന്നുണ്ട്‌. എട്ടരയെപ്പോലെ തന്നെ ഒരു സിനിമ നിര്‍മ്മിക്കുന്നതിന്റെ പിന്നിലെ ആശയസംഘര്‍ഷങ്ങളെക്കുറിച്ചുള്ള സിനിമയാണിതും. ഫെല്ലീനീയുടേത്‌ സിനിമയാണെങ്കില്‍ ഹോപ്കിന്‍സിന്റേത്‌ 'സിനിമാല'യാണെന്ന്‌ മാത്രം.

ഹോപ്കിന്‍സിന്റെ പരീക്ഷണാര്‍ത്ഥ സറ്റയറില്‍ ഒരു കഥാപാത്രം പറയുന്നു: "Everything is a movie". അപ്പറഞ്ഞത്‌ അപ്പാടെ കാണിച്ചു ഫെല്ലീനീ. ഗ്വീദോ സ്വവിമര്‍ശനത്തിന്‌ നിന്നു കൊടുത്തപ്പോള്‍ 'സ്ലിപ്സ്ട്രീം'-ലെ തിരക്കഥാകൃത്തായി വേഷമിടുന്ന കഥാപാത്രം ഫെലിക്സ്‌, സാക്ഷാല്‍ സര്‍ ഹോപ്കിന്‍സ്‌, സെല്‍ഫ്‌ പാരഡിക്ക്‌ കഴുത്ത്‌ നീട്ടി കൊടുക്കുന്നു.

(മലയാളത്തില്‍ എഴുത്ത്തടസ്സം നേരിട്ട കഥാപാത്രങ്ങള്‍ അധികമില്ല. എങ്ങനെയുണ്ടാകും? എല്ലാരും ആവനാഴിയില്‍ പ്രതിഭ കുത്തിനിറച്ച്‌ നടക്കുന്നവരാണ്‌. എഴുത്തുകാരനിലെ മനുഷ്യനെ അടുത്തറിയാനുള്ള ശ്രമം 'അക്ഷരങ്ങളി'ലുണ്ടായി. മിക്ക എഴുത്തുകാരും താടിയില്‍ നിന്നും ജൂബ്ബായില്‍ നിന്നും രക്ഷപെട്ടില്ല. 'കൈയൊപ്പി'ലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‌ റൈറ്റേഴ്സ്‌ ബ്ലോക്കും താരമെന്ന ഇമേജ്‌ ബ്ലോക്കും പിടിപെട്ടു. സിനിമയെന്നാല്‍ ഷോ ബിസിനസ്‌ മാത്രമാണെന്നും സിനിമാക്കാരെന്നാല്‍ ആശയഫാക്ടറിയില്‍ നിന്നും സ്ക്രീനിലേക്ക്‌ പടം പടച്ചു വിടാന്‍ സിദ്ധിയുള്ള മാന്ത്രികരാണെന്നും കരുതുന്നവര്‍ എട്ടര എട്ട്‌ തവണയെങ്കിലും കാണണം.)

Subscribe Tharjani |