തര്‍ജ്ജനി

രാജേഷ്. ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

നോവല്ല

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ - 3

നല്ലവാര്‍ത്ത

ഒരു ദിവസം അജി സുമേഷിനോടു പറഞ്ഞു: "ഞാന്‍ ഒരാളെ നിനക്കു പരിചയപ്പെടുത്തിത്തരാം. നിന്റെ പ്രശ്നത്തിനുള്ള പരിഹാരം അവന്റെ പക്കലുണ്ട്‌."

അവര്‍ ഏലിയാസിനെക്കാണാന്‍ പോയി. ഏലിയാസ്‌ വളരെക്കാലം മുമ്പ്‌ കൃഷിസ്ഥലത്തു ജീവിച്ചിരുന്ന ഒരെലിയായിരുന്നു. എലികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്ന ഒരു പൂച്ചയ്ക്ക്‌ മണികെട്ടാനുള്ള ദൌത്യം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒളിവിലായ അവന്‍ വൈകാതെ നാടുവിട്ടു. കാട്ടില്‍ സ്ഥിരതാമസമാക്കിയ ഏലിയാസ്‌ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു ഇപ്പോള്‍ ‍.

"അജി പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്‌", ഏലിയാസ്‌ പറഞ്ഞു. "പക്ഷേ, നിങ്ങള്‍ മനസ്സിലാക്കുന്നതു പോലെ ഒരു വരുംകാല സ്വപ്നമല്ല മൃഗാധിപത്യം. ഇന്ന്‌, ഇപ്പോള്‍ , ഒരിടത്ത്‌ വമ്പിച്ച നേട്ടങ്ങള്‍ കൊയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന, സാക്ഷാത്കരിക്കപ്പെട്ട ഒരു മാതൃകയാണത്‌."
"എവിടെ?" സുമേഷ്‌ ചോദിച്ചു.
"കാട്ടില്‍ "
"പ്രായോഗികതലത്തിലുള്ള വിശദാംശങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാം.", സുമേഷ്‌ വിനയപൂര്‍വം പറഞ്ഞു.
"ചാണ്ടി മൃഗങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചിട്ടുള്ള കൃത്രിമമായ നിയന്ത്രണങ്ങളുടെ നിരാസമാണ്‌ കാട്‌", ഏലിയാസ്‌ ഗൌരവം പൂണ്ടു. "ഇവിടെ നിങ്ങള്‍ക്കു നിയമങ്ങളേയുള്ളൂ. ഉറങ്ങാനും ഉണരാനും നിയമം, തിന്നാനും കുടിയ്ക്കാനും നിയമം, നടക്കാനും നില്‍ക്കാനും നിയമം. കാട്ടില്‍ ഒരു നിയമമേയുള്ളൂ, പ്രകൃതിനിയമം."
സുമേഷിന്റെ കണ്ണുകള്‍ പ്രകാശിച്ചു.
"അവിടെ ആലകളും വേലികളുമില്ല. ഇന്ന മൃഗങ്ങള്‍ക്ക്‌ ഇന്ന ജോലിയെന്നും ഇന്ന ഭക്ഷണമെന്നും നിബന്ധനകളില്ല. കഴുത്തില്‍ തോല്‍പ്പട്ടയിട്ട കാവല്‍നായ്ക്കളില്ല. മുമ്പേ പോകുന്ന മൃഗത്തിന്റെ പൃഷ്ഠത്തില്‍ കണ്ണും നട്ട്‌ തലകുനിച്ച്‌ ആരും വരിയായി നടക്കാറില്ല. മൃഗങ്ങള്‍ സ്വന്തം വംശക്കാരുമായി മാത്രം ഇടപഴകുന്ന സമ്പ്രദായം ഇല്ല. ആമയും മുയലും പന്തയം വെച്ചോടിയ സംഭവം കേട്ടിട്ടില്ലേ?"
"ഇല്ല." സുമേഷ്‌ പറഞ്ഞു.
"ഉവ്വ്‌." അജി പറഞ്ഞു
"വേറെയും ഉദാഹരണങ്ങളുണ്ട്‌. കാട്ടില്‍ എന്റെ തൊട്ടയലത്തെ അത്തിമരത്തില്‍ താമസിക്കുന്ന കുരങ്ങന്റെ ഉറ്റമിത്രം മറ്റൊരു കുരങ്ങനല്ല, ഒരു മുതലയാണ്‌. ഞാനറിയുന്ന മറ്റൊരു കുരങ്ങന്‍ ഒരാമയുമായിച്ചേര്‍ന്ന്‌ കൂട്ടുകൃഷിയായി വാഴനട്ടിട്ടുണ്ട്‌. കോടികളുടെ ലാഭമാണു പ്രതീക്ഷിക്കുന്നത്‌. എന്റെ സുഹൃത്തായ ഒരു അരയന്നപ്പിട മയില്‍പ്പീലികളാണ്‌ അണിഞ്ഞു നടക്കുന്നത്‌. എന്റെ സുഹൃത്തായ ഒരു കുറുക്കന്റെ തൊണ്ടയില്‍ ഒരിക്കല്‍ എല്ലു തടഞ്ഞപ്പോള്‍ സഹായിക്കാന്‍ പറന്നെത്തിയത്‌ ഒരു കൊക്കാണ്‌.
"ഓരോ മൃഗത്തിനും അവന്റെയോ അവളുടെയോ ശേഷിയുടെ പരമാവധിവരെ വികസിക്കാനുള്ള അവസരങ്ങളുണ്ട്‌. അതിനു വിഘാതമാകുന്ന ഒരു നിയമത്തിനും കാട്ടില്‍ നിലനില്പില്ല."
ഒന്നു നിര്‍ത്തിയിട്ട്‌ ഏലിയാസ്‌ സുമേഷിനോടു ചോദിച്ചു: "അങ്ങാടിവാണിഭം അറിയുമോ?"
"ഇല്ല", സുമേഷ്‌ തെല്ലു സങ്കോചത്തോടെ പറഞ്ഞു.
"സാരമില്ല. അതൊക്കെ പഠിച്ചെടുക്കാവുന്നതേയുള്ളൂ.", ഏലിയാസ്‌ പുഞ്ചിരിച്ചു. "സുമേഷ്‌, നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്‍ ഇവിടെക്കിടന്ന്‌ ജീവിതം പാഴാക്കേണ്ടവരല്ല. ഒരു പറ്റം വളര്‍ത്തുമൃഗങ്ങളെക്കൊണ്ട്‌ ചാണ്ടിക്കെതിരെ ഒരു മുന്നേറ്റം നയിക്കാനുള്ള ശ്രമത്തിനും പരിമിതമായ വിജയസാധ്യതയേ ഉള്ളൂ. നിങ്ങള്‍ കാട്ടിലേക്കു വരൂ."

ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള ജീവിതം മടുത്തുകഴിഞ്ഞിരുന്ന സുമേഷിന്‌ ഏറേയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അന്നു രാത്രി തള്ളയാടിനോടൊപ്പം കിടന്നുറങ്ങുമ്പോള്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു താഴെ കാട്ടിലെ നിലാവെളിച്ചത്തില്‍ താന്‍ സ്വതന്ത്രമായി തുള്ളിക്കളിച്ചു നടക്കുന്നത്‌ അവന്‍ മനസ്സില്‍ കണ്ടു.

പിറ്റേന്ന്‌, അവന്‍ അമ്മയോടു പറഞ്ഞു, താന്‍ കാട്ടിലേക്ക്‌ ഓടിപ്പോകാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന്‌; പിന്‍വിളി വിളിക്കുകയോ മിഴിനാരുകൊണ്ടു തന്നെ കെട്ടിവരിയുകയോ ചെയ്യരുതെന്ന്‌.

അമ്മിണി അന്ധാളിച്ചു ചോദിച്ചു: "നീ പോയാല്‍ എനിക്കാരുണ്ട്‌?"

അതു ബുദ്ധിമുട്ടിയ്ക്കുന്ന ഒരു ചോദ്യമാണെന്ന്‌ ആട്ടിന്‍കുട്ടിക്കറിയാമായിരുന്നു. അപ്പനില്ലാത്ത തന്നെ പെറ്റുവീണ നിമിഷം മുതല്‍ വളര്‍ത്തി ഈ നിലയിലാക്കിയത്‌ അമ്മയാണ്‌. അമ്മയുടെ സമ്മതമില്ലാതെ തനിയ്ക്കിവിടെ നിന്നു പോകാന്‍ കഴിയുകില്ല.

അമ്മിണിയുടെ അഭ്യര്‍ത്ഥനപ്രകാരം ഉമ്മന്‍ ഉള്‍പ്പെടെ പല മൃഗങ്ങളും സുമേഷിനെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. സാറാമ്മ എന്ന താറാവ്‌ അവനോടു പറഞ്ഞു: "കുഞ്ഞേ, ചാണ്ടി നമ്മുടെ ശത്രുവാണെന്ന നിന്റെ ബോധം മിഥ്യയാണ്‌. പരസ്പരാശ്രിതത്വത്തില്‍ അധിഷ്ഠിതമാണ്‌ ചാണ്ടിയും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം. ഉദാഹരണത്തിന്‌ എന്നെ നോക്ക്‌. അതിയാന്‍ എന്നെ തീറ്റിപ്പോറ്റുന്നു. ഞാന്‍ എന്നും ഒരോ മുട്ട അതിയാനു കൊടുക്കുന്നു. മറ്റു താറാവുകളെപ്പോലെ വെറും മുട്ടയല്ല..." ശബ്ദം താഴ്ത്തി സാറാമ്മ തുടര്‍ന്നു, "സ്വര്‍ണ്ണമുട്ട. അതിയാന്‌ ഇതിലും ലാഭമുള്ള കച്ചവടമുണ്ടോ? മൂല്യവര്‍ദ്ധിതമായി നിങ്ങള്‍ക്കോരോരുത്തര്‍ക്കും ചാണ്ടിക്ക്‌ എന്തു കൊടുക്കാന്‍ കഴിയും എന്നു കണ്ടെത്തണം. അവെ‍ന്‍റ ആവശ്യമെന്തെന്നു മനസ്സിലാക്കി അതിനനുസരിച്ചു സ്വയം മാറാനുള്ള സന്നദ്ധത കാണിയ്ക്കണം. നിങ്ങളുടെ ഉത്പന്നങ്ങള്‍ കൂടാതെ ചാണ്ടിക്കു ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥ ഉണ്ടാകുന്നതിലാണ്‌ നിങ്ങളുടെ സാമര്‍ത്ഥ്യം. ആ പരസ്പരാശ്രിതത്വം പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ നമ്മളും അവനും തുല്യരായിത്തീരും."

ആട്ടിന്‍കുട്ടി കുലുങ്ങിയില്ല.

പുറപ്പാട്‌

അമ്മയെക്കൊണ്ട്‌ സമ്മതിപ്പിക്കാന്‍ ഒരുപായം പ്രയോഗിയ്ക്കാന്‍ സുമേഷ്‌ തീരുമാനിച്ചു. വെള്ളം കുടിയ്ക്കാന്‍ കാട്ടരുവിയിലിറങ്ങിയപ്പോള്‍ മറ്റാടുകള്‍ അടുത്തില്ലാത്ത തക്കം നോക്കി പെട്ടെന്ന്‌ സുമേഷ്‌ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ പോകുന്നതായി നടിച്ചു.

"അമ്മേ...അമ്മേ, എന്നെ മുതല പിടിച്ചു." അവന്‍ വിളിച്ചു പറഞ്ഞു.
"അയ്യോ എന്റെ കുഞ്ഞേ" അമ്മിണി വാവിട്ടു കരഞ്ഞു.
"അമ്മേ, ഒച്ചവെച്ചാല്‍ എന്നെ കൊന്നുകളയുമെന്ന്‌ മുതല പറയുന്നു."
"അയ്യോ എന്റെ കുഞ്ഞേ"
"അമ്മേ, മുതല പറയുന്നു, അമ്മയെന്നെ കാട്ടില്‍ പോകാന്‍ അനുവദിച്ചാല്‍ എന്നെ ജീവനോടെ വിടാമെന്ന്‌."
"അയ്യോ എന്റെ കുഞ്ഞേ"
"അമ്മേ, ഞാന്‍ ചാകാന്‍ പോകുകയാണ്‌." സുമേഷ്‌ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നതായി അഭിനയിച്ചു.
"കുഞ്ഞേ, അമ്മ സമ്മതിച്ചെന്നു പറ. നിന്നെ ജീവനോടെ കിട്ടിയാല്‍ മതി."

അന്നു തന്നെ സുമേഷ്‌ കാട്ടിലേക്കു രക്ഷപെടാനുള്ള തയ്യാറെടുപ്പു തുടങ്ങി. തന്റെകൂടെ വരാന്‍ അവന്‍ അജിയെ ക്ഷണിച്ചു. അജി ഒഴിഞ്ഞു മാറി: "പാടില്ല, പാടില്ല. നമ്മള്‍ നമ്മളെത്തന്നെ പാടേ മറന്ന്‌ ഒന്നും ചെയ്‌തുകൂടാ. ഞാനൊക്കെ കിഴവനായിക്കഴിഞ്ഞു. ഇനി നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാരുടെ കാലമാണ്‌. നാളെ നിങ്ങളുടേതാണ്‌."

അന്നുരാത്രി സുമേഷിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അമ്മിണിയ്ക്കു സങ്കടം സഹിക്കാനായില്ല.
"നീ കാട്ടില്‍ പോയിട്ടെന്തുചെയ്യും?"
"സുഖത്തിലും സ്വാതന്ത്ര്യത്തിലും ജീവിയ്ക്കും. അമ്മേ, എന്തു വന്നാലും എനിയ്ക്ക്‌ മുന്തിരിച്ചാറുപോലെയുള്ള ഈ ജീവിതം ആസ്വദിക്കണം."
"അപ്പോള്‍ നിന്നെ ഞാനൊരിയ്ക്കലും കാണില്ലേ?"
"ഞാന്‍ തിരിച്ചുവന്നാല്‍ ചാണ്ടിയെന്നെപ്പിടിച്ച്‌ ആലയിലടയ്ക്കില്ലേ? അമ്മയ്ക്കു വേണമെങ്കില്‍ എന്റെ കൂടെ വരാമല്ലോ."
"നിന്റെ അപ്പന്റെ കൂടെ ഞാന്‍ ജീവിച്ച ഇവിടം വിട്ട്‌ ഞാന്‍ എങ്ങോട്ടുമില്ല."
തള്ളയാട്‌ നേരം പുലരുന്നതു വരെ കരഞ്ഞു.

പിറ്റേന്ന്‌ ഉച്ചയൂണു കഴിഞ്ഞ്‌ ഇടയന്‍ മരത്തണലിലിരുന്ന്‌ ഒരു ഇടയലേനമെഴുതുകയായിരുന്നു. റ്റോബി ഒന്നു കണ്ണു ചിമ്മുന്ന സമയം. അപ്പോള്‍ സുമേഷ്‌ ആട്ടിന്‍പറ്റത്തില്‍ നിന്നു പതുങ്ങിപ്പതുങ്ങി നടന്നകന്ന്‌, കുറ്റിക്കാടുകളുടെ മറപറ്റി ദൂരേയ്ക്കോടിപ്പോയി. അവന്‍ ദൂരെയെത്തി മറയുന്നതു വരെ അമ്മിണി നനഞ്ഞ കണ്ണുകളോടെ തലയുയര്‍ത്തിപ്പിടിച്ചു നോക്കിനിന്നു.

ആടുകള്‍ ആലയില്‍ കയറുന്ന സമയത്ത്‌ അവയെ എണ്ണാറുണ്ടായിരുന്ന ചാണ്ടി അന്നു സന്ധ്യയ്ക്ക്‌ സുമേഷിനെക്കാണാനില്ലെന്ന വിവരം മനസ്സിലാക്കി. മറ്റാടുകളെ ആലയിലടച്ചിട്ട്‌ റ്റോബിയെ കൂട്ടി വിളക്കും കത്തിച്ചു പിടിച്ച്‌ ആട്ടിന്‍കുട്ടിയെത്തേടിയിറങ്ങി. കണ്ടു കിട്ടിയാല്‍ അതിനെ ചുമലിലേറ്റി കൊണ്ടുവരാന്‍ പോലും സന്നദ്ധനായിറങ്ങിയ അവന്‍ കാട്ടിലും മേട്ടിലുമെല്ലാമലഞ്ഞ്‌, കാണാതെ മടങ്ങി.

പരദേശിയുടെ പുരോഗതി

ആട്ടിന്‍കുട്ടി രാത്രി മുഴുവന്‍ നിലാവത്ത്‌ അലഞ്ഞു നടന്നു. നേരം വെളുത്തപ്പോള്‍ കാട്ടില്‍ ഒളിച്ചിരുന്നു. ആടുകളുടെയും റ്റോബിയുടെയും ശബ്ദം പോലും കേള്‍ക്കാത്തത്ര ദൂരത്താണെന്നു മനസ്സിലാക്കിയതോടെ അവന്‍ സന്തോഷത്തോടെ ഉള്‍ക്കാട്ടിലേയ്ക്കു യാത്ര തുടര്‍ന്നു.

കാട്ടിനുള്ളിലേക്കു സഞ്ചരിയ്ക്കും തോറും അപരിചിതങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും കാണപ്പെടാന്‍ തുടങ്ങി. മനോഹരങ്ങളായ കാട്ടുപൂക്കളും അറ്റമില്ലാതെ നീണ്ടുകിടന്ന പച്ചപിടിച്ച പുല്‍മേടുകളും വന്‍വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന ഇരുണ്ടകാടുകളും കണ്ട്‌ അവന്‍ യാത്ര തുടര്‍ന്നു. ഇതുവരെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ അവന്‍ നടന്നു.

വിശന്നപ്പോള്‍ അവന്‍ രുചിയേറിയ തളിരിലകളും നാവിലലിയുന്ന ചെറുനാമ്പുകളും മതിവരുവോളം തിന്നു നടന്നു. മുതുനെല്ലിയ്ക്കയും അതുപോലെ രുചിയില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളും അവന്‍ ഓരോ തവണ മാത്രം പരീക്ഷിച്ചു നോക്കി. കയ്ച്ചപ്പോള്‍ തുപ്പിക്കളഞ്ഞു. തനിയ്ക്കിഷ്ടമില്ലാത്തതൊന്നും ഇനിയൊരിക്കലും തിന്നേണ്ടതില്ലെന്നറിഞ്ഞ്‌ ആട്ടിന്‍കുട്ടി ആനന്ദിച്ചു. നാട്ടിലായിരുന്നപ്പോള്‍ ഛര്‍ദ്ദിയുടെ നിറമുള്ള കാടിവെള്ളം കുടിച്ചിരുന്നത്‌ അവന്‍ അറപ്പോടെ ഓര്‍ത്തു.

ദാഹിച്ചപ്പോള്‍ അവന്‍ കാട്ടുപൊയ്കകളിലെ മധുരിയ്ക്കുന്ന വെള്ളം കുടിച്ചു. നടന്നു തളര്‍ന്നപ്പോള്‍ അവന്‍ മരത്തണലുകളില്‍ വിശ്രമിച്ചു. ഉറക്കം വന്നപ്പോള്‍ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ പിന്നെയും യാത്ര തുടര്‍ന്നു.

അവന്‍ പലതരം കാട്ടുമൃഗങ്ങളെ കണ്ടുമുട്ടി. അവന്റെ നാടന്‍ സമ്പ്രദായവും സംസാരരീതിയും കണ്ട്‌ ചിലര്‍ അവനെ പരിഹസിച്ചെങ്കിലും ഭൂരിപക്ഷവും അവനെ സഹായിക്കുകയും അവനോടു സൗഹൃദത്തോടെ പെരുമാറുകയുമാണു ചെയ്തത്‌. നാട്ടില്‍ അലസരായി കഴിയുന്ന മൃഗങ്ങളില്‍ നിന്നു വ്യത്യസ്തരായി അവരെല്ലാം ഉത്സാഹത്തോടെ ഓരോ പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നതായി അവന്‍ കണ്ടു.

വയറു നിറയുന്ന സമയങ്ങളില്‍ പഴയ ആ വിളി വീണ്ടും കേള്‍ക്കാന്‍ തുടങ്ങി. അത്‌ അവനെ കുഴക്കി. അതു കാടിന്റെ വിളി തന്നെയല്ലേ എന്ന്‌ അവന്‍ സംശയിക്കാന്‍ തുടങ്ങി. എങ്കിലും വിളി കേട്ട ദിക്കിലേക്കു തന്നെ അവന്‍ പിന്നെയും നടന്നു.

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദൂരെയെങ്ങോ പേടിപ്പെടുത്തുന്ന ചില അലര്‍ച്ചകളും മുരള്‍ച്ചകളും അവന്‍ കേട്ടു. സജീവമായ മൃഗാധിപത്യത്തിന്റ ഇരമ്പിമറിയലായി അവനതിനെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചു.

ഒരു ദിവസം ആട്ടിന്‍കുട്ടി കാട്ടരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ തെല്ലുയരത്തില്‍ വെള്ളം കുടിച്ചുകൊണ്ടു നിന്നിരുന്ന ഒരു ചെന്നായ അവനെക്കണ്ടു. ആട്ടിന്‍കുട്ടിയുടെ മഞ്ഞുപോലെ വെളുത്ത ഉടുപ്പും ചുവന്ന ചുണ്ടുകളും സ്ഫടികഗോളങ്ങള്‍ പോലെയുള്ള കണ്ണുകളും നെറ്റിയില്‍ കൊമ്പു മുളയ്ക്കുന്നതിനു മുമ്പ്‌ രൂപംകൊണ്ടു തുടങ്ങിയ മുഴകളും കൊതിയോടെ കുറെ നേരം നോക്കി നിന്നിട്ട്‌ ചെന്നായ അടുത്തു ചെന്നു.

"അഭിവാദ്യം" ചെന്നായ പറഞ്ഞു.
"അഭിവാദ്യം" തലയുയര്‍ത്തിനോക്കിയിട്ട്‌ ആട്ടിന്‍കുട്ടി പറഞ്ഞു.
"എന്റെ പേര്‌ റ്റോബി."
"ഞാന്‍ സുമേഷ്‌. പരിചയപ്പെട്ടതില്‍ സന്തോഷം."
"മനോഹരവും ഇരുണ്ട്‌ അഗാധവുമായ മഹാവനം ഇഷ്ടമായോ?"
"വളരെ."
"എവിടെ താമസിയ്ക്കുന്നു?"
"ഞാന്‍ ഇതിലേ യാത്രചെയ്യുകയാണ്‌. ഇവിടെ താമസിയ്ക്കാനുദ്ദേശിച്ചിട്ടില്ല."
"മടയിലേക്കു വന്നിട്ടു പോകൂ."
"ക്ഷണത്തിനു നന്ദി. പക്ഷേ, ക്ഷമിയ്ക്കണം, സമയമില്ല. കാക്കാന്‍ പ്രതിജ്ഞകള്‍ അനേകമുണ്ട്‌. നിദ്രയില്‍ ലയിക്കുന്നതിനു മുമ്പ്‌ ഏറെ ദൂരം നടക്കാനുണ്ട്‌. ഖേദമുണ്ട്‌."
"ഞാന്‍ നിര്‍ബ്ബന്ധിയ്ക്കാം."
"നിര്‍ബ്ബന്ധിച്ചിട്ടു പ്രയോജനമില്ല. എനിയ്ക്ക്‌ സ്വല്‍പം തിരക്കുണ്ട്‌."
"മിണ്ടിപ്പോകരുത്‌." ചെന്നായ പെട്ടെന്ന്‌ ആക്രോശിച്ചു. "ഞാനാരാണെന്നറിയാമോ? മൃഗാധിപത്യത്തിന്റെ പ്രതിനിധിയാണ്‌. സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണപ്പെട്ട നിന്നെ ഞാന്‍ തടവിലാക്കുകയാണ്‌."

തന്റെ മടയില്‍ ചെന്നായ ആട്ടിന്‍കുട്ടിയെ ബന്ധനസ്ഥനാക്കി. അന്നു മുഴുവന്‍ ചെന്നായ അവനെ ക്രൂരമായി പീഡിപ്പിച്ചു.

പിറ്റേന്നു രാവിലെ തളര്‍ന്നുറങ്ങുകയായിരുന്ന ആട്ടിന്‍കുട്ടിയെ വിളിച്ചുണര്‍ത്തി ചെന്നായ പറഞ്ഞു: "വിചാരണ തുടങ്ങാന്‍ പോവുകയാണ്‌."
"വിചാരണയോ?"

വിചാരണ

"വിചാരണയുടെ നിയമങ്ങള്‍ ഇനി പറയും പ്രകാരമാണ്‌." ചെന്നായ പറഞ്ഞു. "നീതിപീഠവും ന്യായാധിപനും സര്‍ക്കാര്‍ഭാഗം അഭിഭാഷകനും വാദിയും ആരാച്ചാരും ഞാന്‍ തന്നെയായിരിയ്ക്കും. നിന്റെ അവകാശങ്ങള്‍ വായിക്കാന്‍ പോകുകയാണ്‌. ശ്രദ്ധിച്ചു കേട്ടുകൊള്ളണം. നിനക്ക്‌ മൗനമായിരിക്കാന്‍ അവകാശമുണ്ടായിരിയ്ക്കും. മൗനം സമ്മതലക്ഷണമായി വ്യാഖ്യാനിയ്ക്കാന്‍ എനിയ്ക്ക്‌ അഭിരുചി ഉണ്ടായിരിക്കും. നീ മൗനമായിരുന്നില്ലെങ്കില്‍ നീ പറയുന്നതെന്തും നിനക്കെതിരെ ഞാന്‍ ഉപയോഗിയ്ക്കുന്നതായിരിക്കും. നിനക്ക്‌ ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്താനുള്ള അവകാശമുണ്ടായിരിയ്ക്കും. അഭിഭാഷകനു പ്രതിഫലം നല്‍കാന്‍ നിനക്കു കഴിവില്ലെങ്കില്‍ ആ ചെലവു സര്‍ക്കാര്‍ വഹിയ്ക്കുന്നതായിരിക്കും. ചോദ്യം ചെയ്യലിന്റെയും വിചാരണയുടെയും സമയത്ത്‌ ആ അഭിഭാഷകന്‍ ഹാജരായിരിക്കാനുള്ള അവകാശം നിനക്കുണ്ടായിരിക്കും. ആ അഭിഭാഷകന്‍ ഞാനായിരിക്കും. നീതിനിഷ്ഠമായ ഒരു വിചാരണ പ്രതീക്ഷിക്കാനുള്ള അവകാശം നിനക്കുണ്ടായിരിക്കും. നിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കലായിരിക്കും എന്റെ ഔദ്യോഗിക ചുമതല." ചെന്നായ നിര്‍ത്തി ചോദിച്ചു: "നിന്റെ അവകാശങ്ങളെല്ലാം വ്യക്തമായോ?"

"ഇല്ല", ആട്ടിന്‍കുട്ടി പറഞ്ഞു.

"സാരമില്ല. നമുക്കു കുറ്റാരോപണത്തിലേക്കു കടക്കാം. സുമേഷ്‌ എന്നു പേരായ ഈ ആട്ടിന്‍കുട്ടിയെ്ക്കതിരായ ഒന്നാമത്തെ ആരോപണം സര്‍ക്കാരിന്റെ പ്രതിനിധിയായ റ്റോബി എന്ന ഞാന്‍ കുടിച്ചുകൊണ്ടിരുന്ന വെള്ളം കലക്കുക വഴി ഇവന്‍ സര്‍ക്കാരിനെ അപമാനിച്ചു എന്നുള്ളതാണ്‌."

ആട്ടിന്‍കുട്ടി കുറ്റം നിഷേധിച്ചു. താന്‍ വെള്ളം കുടിച്ചു കൊണ്ടിരുന്നതു താഴെയാണെന്നും കലങ്ങിയ വെള്ളം താഴോട്ടല്ലാതെ മേലോട്ടൊഴുകുകയില്ലെന്നും അവന്‍ വിനയപൂര്‍വം കോടതി സമക്ഷം ഉണര്‍ത്തിച്ചു.

വെള്ളം മേലോട്ടൊഴുകുമോ എന്ന വിവരത്തെപ്പറ്റി അന്വേഷിക്കും വരെ കോടതി പിരിഞ്ഞു. അന്നു രാത്രിയിലും റ്റോബി സുമേഷിനെ പീഡിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്‌തു.

പിറ്റേദിവസം കോടതികൂടിയപ്പോള്‍ വെള്ളം കലക്കിയെന്ന ആരോപണം കപടമാണെന്നു പറഞ്ഞതിലൂടെ സര്‍ക്കാര്‍ പ്രതിനിധി കളവു പറഞ്ഞു എന്നാരോപിച്ചതും ആട്ടിന്‍കുട്ടിയുടെ മേലുള്ള കുറ്റകൃത്യമായി രേഖകളില്‍ ചേര്‍ത്തു.

റ്റോബി രണ്ടാമത്തെ ആരോപണം അവതരിപ്പിച്ചു. അത്‌, കാട്ടുമൃഗങ്ങളെക്കുറിച്ചും, വിശിഷ്യ ചെന്നായ്ക്കളെക്കുറിച്ചും, വിശിഷ്യ റ്റോബിയെക്കുറിച്ചും ആടുകള്‍ക്കിടയില്‍ നുണപ്രചരണം നടത്തി എന്നുള്ളതായിരുന്നു.

അതു നിഷേധിക്കാന്‍ തുനിഞ്ഞ ആട്ടിന്‍കുട്ടിയെ കോടതിയിലെ നിശ്ശബ്ദത ഭഞ്ജിച്ചതിലൂടെ കോടതിയലക്ഷ്യം ചെയ്‌ത കുറ്റത്തില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. അന്നു രാത്രിയിലും റ്റോബി ആട്ടിന്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.

മൂന്നാമത്തെ ദിവസം കോടതി കൂടിയപ്പോള്‍ റ്റോബി ആട്ടിന്‍കുട്ടിയെ്ക്കതിരായ മൂന്നാമത്തെ ആരോപണം അവതരിപ്പിച്ചു. ചെന്നായ്ക്കളെയും മറ്റു കാട്ടു മൃഗങ്ങളെയും അപായപ്പെടുത്തുന്നതിനു വേണ്ടി വേട്ടപ്പട്ടികളുടെയും വേട്ടക്കാരുടെയും ഇടയന്മാരുടെയും ചാണ്ടിയുള്‍പ്പെടെയുള്ള കര്‍ഷകരുടെയും വലിയൊരു വ്യൂഹം തന്നെ വാര്‍ത്തെടുത്ത കുറ്റകരമായ ഗൂഢാലോചനയ്ക്കു പിന്നിലെ സൂത്രധാരന്‍ സുമേഷാണെന്നു റ്റോബി ആരോപിച്ചു. ഒരു കൊല്ലം മുമ്പ്‌, കഴിഞ്ഞ ചിങ്ങത്തില്‍ വേട്ടക്കാരുടെ ആക്രമണത്തില്‍ പല ചെന്നായ്ക്കള്‍ കൊല്ലപ്പെടുകയും ചെന്നായ്ക്കുഞ്ഞുങ്ങളുള്‍പ്പെടെ മറ്റനേകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌ത കാര്‍ത്തികപ്പള്ളി സംഭവത്തില്‍ നേരിട്ടുള്ള ഉത്തരവാദിത്തം സുമേഷിനാണെന്നു സംശയാതീതമായി തെളിയിക്കുന്ന രേഖകള്‍ റ്റോബി കോടതിയില്‍ ഹാജരാക്കി. ആക്രമണസമയത്തെ ചെന്നായ്ക്കളുടെ മരണവെപ്രാളങ്ങളും ദാരുണമായ വിലാപങ്ങളും മറ്റും റ്റോബി കോടതിയില്‍ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട കോടതിപോലും ആ സമയത്ത്‌ രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചു. പ്രതി ഒരാടാണെങ്കിലും കുറ്റകൃത്യത്തില്‍ അവന്റെ പങ്കു കണക്കിലെടുത്ത്‌ ഈ ആടിനെ ഒരു പട്ടിയായി പരിഗണിച്ചു വിചാരണ ചെയ്യണമെന്ന്‌ സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ കോടതിയോടപേക്ഷിച്ചു.

കുറ്റം നിഷേധിച്ചു കൊണ്ട്‌ സംസാരിച്ച ആട്ടിന്‍കുട്ടി താന്‍ ജനിച്ചത്‌ ഇക്കഴിഞ്ഞ മേടത്തിലാണെന്നും താന്‍ ജനിക്കുന്നതിനു മുമ്പു നടന്ന ഈ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും അറിയിച്ചു.

ആട്ടിന്‍കുട്ടി കോടതിയില്‍ പറഞ്ഞതു മുഴുവന്‍ കള്ളമാണെന്നും കാര്‍ത്തികപ്പള്ളി സംഭവത്തിനുത്തരവാദി സുമേഷിന്റെ തള്ളയാണെന്നും റ്റോബി കോടതിയെ അറിയിച്ചു. ആട്ടിന്‍കുട്ടിയുടെ മുഖത്ത്‌ വ്യക്തമായി കാണപ്പെട്ട ദുഷ്ടതയ്ക്കും ഹീനതയ്ക്കും വിധിനിര്‍ണ്ണയത്തില്‍ പ്രത്യേക പരിഗണന ഉണ്ടാകണമെന്നും റ്റോബി അഭ്യര്‍ത്ഥിച്ചു. അന്നു രാത്രിയിലും റ്റോബി സുമേഷിനെ യഥേഷ്ടം പീഡിപ്പിച്ചു. ഈ പീഡനത്തില്‍ നിന്നുള്ള മോചനമായി മരണമെങ്കിലും തനിയ്ക്കു ലഭിച്ചിരുന്നെങ്കില്‍ എന്ന്‌ ആട്ടിന്‍കുട്ടി ആശിച്ചു പോയി.

നാലാം ദിവസം കോടതി കൂടിയപ്പോള്‍ നാലാമത്തെ കുറ്റാരോപണം അതിന്റെ രഹസ്യസ്വഭാവം മൂലം വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന്‌ റ്റോബി കോടതിയെ അറിയിച്ചു. ആ കുറ്റകൃത്യങ്ങള്‍ നിഷേധിക്കുന്നുണ്ടോ എന്ന്‌ കോടതി ആട്ടിന്‍കുട്ടിയോടു ചോദിച്ചു. സുമേഷ്‌ ഒന്നും മിണ്ടാതെ വാവിട്ടു കരഞ്ഞു. കരയരുതെന്നും കുറ്റക്കാരനല്ലെങ്കില്‍ നീ ഒരിക്കലും ശിക്ഷിക്കപ്പെടുമെന്നു ഭയക്കേണ്ടതില്ലെന്നും പറഞ്ഞ്‌ റ്റോബി സുമേഷിനെ ആശ്വസിപ്പിച്ചു.

കാര്‍ത്തികപ്പള്ളി സംഭവം പോലെ മനുഷ്യത്വപൂര്‍ണ്ണമായ ഒരു സംഭവത്തില്‍ സാധാരണ വ്യവഹാരങ്ങളിലേതിനു വിപരീതമായി തെളിവുകള്‍ക്കും മറ്റും പരിമിതമായ പങ്കേ ഉള്ളൂ എന്നു ന്യായാധിപന്‍ ചൂണ്ടിക്കാണിച്ചു. തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലെന്ന പ്രസ്‌താവനയോടെ അദ്ദേഹം ആട്ടിന്‍കുട്ടിയെ കുറ്റക്കാരനെന്നു വിധിച്ചു. കാര്‍ത്തികപ്പള്ളി സംഭവത്തിനു പുറമെ തന്റെ കുറ്റനിഷേധങ്ങളിലൂടെ കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിനും കോടതിയില്‍ കള്ളവാങ്മൂലം അവതരിപ്പിച്ചതിനും കോടതിയുടെ പരിഗണനയിലുള്ള സംഗതിയെക്കുറിച്ച്‌ അഭിപ്രായ പ്രകടനം നടത്തിയതിനും ചെന്നായ്ക്കളോടു ശത്രുത വെച്ചുപുലര്‍ത്തിയതിനും നിയമനിര്‍വഹണത്തിനു തടസ്സം സൃഷ്ടിച്ചതിനും ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ക്ക്‌ താന്‍ സുമേഷിനെ ശിക്ഷിക്കാന്‍ പോകുകയാണെന്നദ്ദേഹം പറഞ്ഞു. ശിക്ഷ പ്ര്യാപിക്കുന്ന സമയത്ത്‌ വികാരപ്രകടനങ്ങള്‍ ഉണ്ടാവരുതെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.

വിധിന്യായം വായിക്കുന്നതിനു മുഖവുരയായി ന്യായാധിപന്‍ ഇപ്രകാരം പറഞ്ഞു: "വനത്തിലെ സമൃദ്ധിയില്‍ കണ്ണുകടിയാണു ചാണ്ടിയ്ക്കും അവെ‍ന്‍റ വളര്‍ത്തുമൃഗങ്ങള്‍ക്കും. നമ്മള്‍ കണ്ണിലുണ്ണിപോലെ കാത്തു സൂക്ഷിക്കുന്ന നമ്മുടെ സ്വാതന്ത്രം തകര്‍ക്കുകയാണവരുടെ ലക്ഷ്യം. അതോടൊപ്പം കാട്ടുമൃഗങ്ങളെയും മെരുക്കി വളര്‍ത്തിക്കളയാം എന്ന വ്യാമോഹവുമുണ്ട്‌. എന്നാല്‍ അതു നടക്കാന്‍ പോകുന്നില്ല. സ്വാതന്ത്ര്യവും മൃഗാധിപത്യവുമാണ്‌ ശാശ്വതമായി നിലനില്‍ക്കാന്‍ പോകുന്നത്‌."

തുടര്‍ന്ന്‌, മൃഗങ്ങളുടെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും സംരക്ഷിയ്ക്കുന്നതിനായി ജീവന്‍ ബലികഴിച്ച അസംഖ്യം ചെന്നായ്ക്കളുടെ സ്മരണയോടുള്ള ആദരവു സൂചിപ്പിച്ചു കൊണ്ട്‌ കോടതി ഒരു നിമിഷം മൗനം ആചരിച്ചു.

തന്നോടു ദയ കാണിയ്ക്കണമെന്നും താന്‍ കുറ്റക്കാരനാണെങ്കിലും ഇത്തവണത്തേക്ക്‌ തന്നെ വെറുതെ വിടണമെന്നും ആട്ടിന്‍ കുട്ടി കരഞ്ഞു പറഞ്ഞു.

ന്യായപീഠം ആട്ടിന്‍കുട്ടിയെ മരണം വരെ പീഡനത്തിനു വിധിച്ചു.

രണ്ടു പകലും രണ്ടു രാവും നീണ്ടുനിന്ന പീഡനത്തിന്റെ അവസാനം റ്റോബി സുമേഷിനോട്‌, 'ഞാന്‍ നിന്നോടു ക്ഷമിച്ചിരിക്കുന്നു, നീ ഓടി രക്ഷപെട്ടുകൊള്ളുക' എന്നിങ്ങനെ പറഞ്ഞു. ഇഴഞ്ഞു നീങ്ങാന്‍ തുനിഞ്ഞ സുമേഷിെ‍ന്‍റ മേല്‍ ഒരാക്രോശത്തോടെ ചാടിവീണ്‌ റ്റോബി അവനെ കടിച്ചുകീറി. മരിക്കുന്നതിനു മുമ്പ്‌ ആട്ടിന്‍കുട്ടി തനിയ്ക്കു കാട്ടിലേക്കു പുറപ്പെടാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു. തള്ളയെ അനുസരിയ്ക്കാതിരുന്നതിന്‌ തനിയ്ക്കു കിട്ടിയ ശിക്ഷയെപ്പറ്റി ആരെങ്കിലും ലോകത്തോടു പറഞ്ഞിരുന്നെങ്കില്‍ ഭാവി തലമുറകള്‍ക്കെല്ലാം അതൊരു പാഠമായേനേ എന്നവനാശിച്ചു.

വെളിപാട്‌

സുമേഷിന്റെ തിരോധാനത്തിനു ശേഷം കുറച്ചുനാള്‍ കഴിഞ്ഞ്‌ കിഴവനായ ഉമ്മന്‌ സുമേഷ്‌ ഇടയന്റെ മടിയില്‍ ഇരിയ്ക്കുന്നതായി ഒരു സ്വപ്നമുണ്ടായി. അതെത്തുടര്‍ന്ന്‌ സുമേഷിനെപ്പറ്റി പല കഥകളും പരന്നു. മറ്റാടുകളെ രക്ഷിയ്ക്കാനായി അവന്‍ സ്വയം ചെന്നായ്ക്കള്‍ക്കു നടുവിലേക്കു നടന്നു പോകുകയായിരുന്നുവെന്നും ഒരു പറ്റം ചെന്നായ്ക്കളോട്‌ ഒറ്റയ്ക്ക്‌ എതിരിട്ടു വീരമരണം വരിയ്ക്കുകയായിരുന്നുവെന്നും കഥകളുണ്ടായി.

ഉപസംഹാരം

ഈ ചരിത്രം എനിക്ക്‌ ആദ്യമായി പറഞ്ഞു തന്ന എന്റെ അപ്പനമ്മമാരും ഈ കാലഘട്ടത്തെപ്പറ്റി ഏറെ അറിവുള്ള ചരിത്രകാരന്മാരും ഒരുപോലെ പരാമര്‍ശിക്കാതെ വിട്ട ഒരു സംഗതി ഗവേഷണത്തിനിടയില്‍ എന്റെ ശ്രദ്ധയില്‍പ്പെടാനിടയായി. അടുത്ത പെരുന്നാളിന്‌ ചാണ്ടിയും കുടുംബവും തള്ളയാടിനെ കശാപ്പുചെയ്‌തു ഭക്ഷിച്ചു എന്നതാണത്‌.

Subscribe Tharjani |
Submitted by സാല്‍ജോ (not verified) on Sat, 2007-12-01 20:22.

നല്ല പ്രമേയം.ഒരു വ്യത്യസ്ഥ രചനാശൈലിയുടെ അനുഭവം.

Submitted by രാജേഷ്‌ (not verified) on Mon, 2007-12-10 21:55.

നന്ദി സാല്‍ജോ

Submitted by സുനില്‍ (not verified) on Tue, 2007-12-11 14:26.

സങ്കീര്‍ണ്ണമായ ഒരു കഥ. അതുകൊണ്ടുതന്നെ ഒരു കഥയായോ എന്ന്‌ ശങ്ക!
ആത്മകഥാംശമുണ്ടോ. ആ കാട്ടില്‍ പോക്കില്‍? :):):)
സ്നേഹപൂര്‍വം,
-സു-

Submitted by രാജേഷ്‌ (not verified) on Sun, 2007-12-16 01:24.

സുനില്‍,

എന്താ കഥ! കഥയില്ലായ്മയെക്കുറിച്ച്‌ എഴുതിയവനെക്കാള്‍ വ്യക്തമായ ധാരണ വായിക്കുന്നവര്‍ക്കായിരിക്കും.

ആത്മകഥയൊന്നും നോക്കണ്ട. കണ്ടില്ലെന്നു വരും.

Submitted by Jijo (not verified) on Thu, 2010-12-16 06:27.

ഹൃദയഹാരിയായ കഥ! സൃഷ്ടിയുടെ ഓരോ തലത്തിലും കാണുന്ന സൂഷ്മത എടുത്ത് പറയാതെ വയ്യ. ബുദ്ധിയും ഭാവനയും സമ്മേളിക്കുന്ന സൃഷ്ടികള്‍ മലയാളത്തില്‍ തന്നെ വിരളമായിരിക്കുമ്പോള്‍ രാജേഷിന്റെ ഈ കഥ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. എല്ലാം ഒരാടു ജീവിതം!

Submitted by രാജേഷ് (not verified) on Fri, 2010-12-17 07:01.

നന്ദി ജിജോ