തര്‍ജ്ജനി

കനവിലും നിനവിലും

മെയ് ഫ്ലവര്‍ മരങ്ങളുടെ തണല്‍ വീണുകിടക്കുന്ന, കോളേജിലേക്കുള്ള വഴിയില്‍, പൊട്ടിപൊളിഞ്ഞ പഴയ സിമെന്റു ബഞ്ചിന്റെ അരികില്‍ വെച്ചു, അയാളുടെ കയ്യിലേക്കു പ്രേമലേഖനം നീട്ടുന്നതൊടൊപ്പം പതിവിനു വിപരീതമായി അവള്‍ ഒരു സ്വകാര്യം കുടി പറഞ്ഞു. "അതേയ്‌... നാളെ ഞാന്‍ വരില്ലാ, എന്നെ പെണ്ണു കാണാനായി ഒരു പാട്ടാളക്കാരന്‍ വരുന്നുണ്ട്‌. ജാതകവും, മറ്റു എല്ലാ കാര്യങ്ങളും ചേരുന്നൂന്നാ അമ്മാവന്‍ പറഞ്ഞേ... അവര്‍ക്കു കല്യാണം അയാളുടെ ഈ ലീവില്‍ തന്നെ നടത്താന്നാ പരിപാടി... അങ്ങനെയാവുമ്പൊള്‍...." വാക്കുകള്‍ മുഴിമിപ്പിക്കാതെ, അയാളുടെ മുന്‍പില്‍, കാലിലെ പെരുവിരല്‍ കൊണ്ടു ഒരു അര്‍ദ്ധവൃത്തം വരച്ചു വെച്ചിട്ടു, ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കാതെ കോളേജിലേക്കുള്ള തിരക്കില്‍ മറഞ്ഞു.

തികഞ്ഞ ശാന്തതയോടെ അയാള്‍ അവളുടെ അവസ്സാനത്തെ പ്രേമലേഖനം തുറന്നു വായിച്ചു. "കനവിലും നിനവിലും, കണ്ണിലും കരളിലും സ്നേഹത്തിന്റ നിറകുടമായ, എന്റേതുമാത്രമായ പ്രിയ സുനിലിനു ..." പിന്നീടു, ചത്ത പ്രേമത്തിന്റെ ജാതകം വായിക്കണ്ടാ എന്നു കരുതിയാവാം അയാള്‍ വായന നിറുത്തി കത്തു ചുരുട്ടിമടക്കിയെറിഞ്ഞു.

ഇനി എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുന്ന അയാള്‍കു കുറുകെ ഏതോ വഴിയാത്രക്കാര്‍ പിറുപിറുത്തുകൊണ്ടു കടന്നു പോയി "എട്ടരക്കുള്ളെ ബസ്സ്‌ പോയാല്‍ ഒബതരക്കുള്ള ബസ്സ്‌ കിട്ടും"

അതേ, അയാളും അങ്ങിനെ ചിന്തിച്ചു. ഡിഗ്രീയുടെ ഫസ്റ്റ്‌ ബാച്ചല്ലേ പോയുളു, സെക്കന്റ്‌ ബാച്ചിലേക്കുള്ള കുട്ടികള്‍ വരാന്‍ ഇരിക്കുന്നതേയുള്ളു. പുതിയ ഒരു കാമുകിയെ കണ്ടെത്താം.

tharjani online

എതിരെ കടന്നു പോകുന്ന ഒരോരുത്തരുടെയും മുഖത്തേക്കു അയാള്‍ മാറി മാറി നോക്കി. തനിക്കെതിരെ കണ്ണെറിയുന്ന ആരെക്കിലും... നീണ്ട ശ്രമത്തിനു ശേഷം ഒന്നു രണ്ടു മുഖങ്ങള്‍ അയാള്‍ കണ്ടെത്തുക തന്നെ ചെയ്തു. ഇനി ഇങ്ങിനെ രണ്ടു ദിവസം അവര്‍ക്കു വേണ്ടി കാത്തിരിക്കണം, പിന്നെ പതുക്കെ പതുക്കെ...

ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ ശ്രമത്തിനു ഫലം കണ്ടെത്തിക്കഴിഞ്ഞിരുന്നു, അവര്‍ക്കു കൊടുക്കാനുള്ള പ്രേമലേഖനവുമായി പൊട്ടിപ്പൊളിഞ്ഞ ആ പഴയ സിമെന്റുബഞ്ചിന്റെ അരികില്‍ കാത്തു നില്‍ക്കുമ്പൊഴായിരുന്നു അയാളെ ആകെ അതിശയിപ്പിച്ചു കൊണ്ടു അയാളുടെ പഴയ കാമുകി ഒരു കൊളിനോസ്‌ പുഞ്ചിരിയോടെ നടന്നുവന്നതു.

തത്രപ്പാടോടെ മറ്റു പ്രേമലേഖനങ്ങള്‍ ജീന്‍സ്സിന്റെ പോക്കറ്റില്‍ കുത്തിനിറച്ചു, മുഖത്തേക്കു വിരഹദുഃഖത്തിന്റെ പൊയ്മുഖം വലിച്ചുകേറ്റി നില്‍ക്കുമ്പൊള്‍, അവള്‍ അയാളുടെ കയ്യിലേക്കു മറ്റൊരു പ്രേമലേഖനം കുടെ വച്ചു കൊടുത്തിട്ടു ഒരു സ്വകാര്യം കൂടി പറഞ്ഞു. "അതേയ്‌ ആ കല്യാണാലോചന കുളമായി നമുക്കു വീണ്ടൂ തുടങ്ങാം"

അയാളുടെ വിളറിയ മുഖത്തു പതുക്കെ ഒന്നു നുളിയിട്ടു, ശരീര ഭാഗങ്ങള്‍ നന്നായി കുണുക്കി കുണുക്കി, അയാള്‍ക്കു നേരെ ഒരുപാടു തവണ തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവള്‍ കോളേജിലേക്കുള്ള വഴിയിലൂടെ നടന്നു.

അയാള്‍ ആ പ്രേമലേഖനം തുറന്നു വായിച്ചു "കനവിലും നിനവിലും, കണ്ണിലും കരളിലും സ്നേഹത്തിന്റ നിറകുടമായ....." പിന്നെ യാന്തികമെന്നൊണം അയാള്‍ ആ ദിവ്യപ്രേമത്തിനു പുറകെ നടന്നു

അപ്പോള്‍, യാത്രയില്‍ നിന്നു പോയ എതോ ഒരു വണ്ടി വീണ്ടും സ്റ്റാര്‍ട്ടാക്കികൊണ്ടു അയാള്‍ക്കു കുറുകെ കടന്നുപോയി.

സുനില്‍പടിഞ്ഞാക്കര, വരവൂര്‍
Network Engineer (Bharuch-Gujarat)
sunilpadinjakara@yahoo.com
Mob : 09426847043