ഉപ്പ് കുറുക്കി
തിരിച്ചു വരുമ്പോള്‍
അച്ഛന്‍റെ കയ്യിലെപ്പോഴും
കല്ലുപ്പുണ്ടായിരിക്കും
മീനെന്നു കരുതി
കുറിഞ്ഞിപ്പൂച്ച
മ്യാവൂ, എന്നു കരഞ്ഞ്
കുറുകെ ചാടും.
നാലാം ക്ലാസ്സിലെ
റജിനയുടെ
സാമുഹ്യ പാഠപുസ്തകത്തില്‍ നിന്നും
ഗാന്ധിജി ഇറങ്ങി വന്നു
വെറുപ്പോടെ
പൂച്ചയെ
ആട്ടിപ്പായിക്കും.
|
ആരെങ്കിലും
കടം
വാങ്ങുവാന്‍
വരുമോ എന്ന
ആധി കൊണ്ട്
അമ്മ
വേഗമത്
അടുക്കള മൂലയിലെങ്ങാനോ
ഒളിപ്പിച്ചു വെക്കും.
ഓരോ കണ്ണുനീരും
ഉപ്പെന്ന
ഘരരൂപമാണെന്നും
കാണക്കാണെ
കടലിലേക്കൊഴുകിപ്പോയെന്നും
കവിതയില്‍
ഞാനിന്ന് കുറിച്ചു വെക്കും.
ഉപ്പ് കുറുക്കി
തിരിച്ചു വരുമ്പോള്‍....
|