തര്‍ജ്ജനി

വര്‍ത്തമാനം

ജീവിതം പകര്‍ത്തുമ്പോള്‍..

രണ്ട് ആത്മകഥകളാണ് ഡോറിസ് ലെസ്സിംഗിന്റേതായിട്ടുള്ളത്. 1995-ല്‍ പ്രസിദ്ധീകരിച്ച ‘എന്റെ തൊലിയ്ക്കടിയില്‍’(Under My Skin) 1997 -ല്‍ പുറത്തിറങ്ങിയ ‘തണലിലൂടെയുള്ള നടത്തവും’(Walking in the Shade). ഒരു അസാധാരണ എഴുത്തുകാരി നയിച്ച സാധാരണ ജീവിതത്തിന്റെ സാക്ഷിപത്രങ്ങളാണ് രണ്ടു പുസ്തകങ്ങളും. മനസിനെ ദൃഢമാക്കിവയ്ക്കാതെ ഒരാള്‍ക്ക് ഇവകളിലൂടെ കടന്നുപോകുക വയ്യ. ഭാഷയില്‍ കള്ളത്തരങ്ങളില്ല. പൊള്ളയായ നിരീക്ഷണങ്ങളില്ല. ‘എന്റെ തൊലിയ്ക്കടിയില്‍’ തെക്കന്‍ റൊഡേഷ്യയിലെ ബാല്യത്തെക്കുറിച്ചും (ബ്രിട്ടീഷ് ദമ്പതികളുടെ മകളാണ് അവര്‍) പരാജയപ്പെട്ട രണ്ടു വിവാഹങ്ങളെക്കുറിച്ചും അവര്‍ എഴുതുന്നു. എഴുത്തുകാരിയായി തീരാന്‍ വേണ്ടി ഉപേക്ഷിച്ച ഗാര്‍ഹികജീവിതത്തിന്റെ പ്രലോഭനങ്ങളെക്കുറിച്ചും വികസിച്ചു വന്ന രാഷ്ട്രീയബോധത്തെക്കുറിച്ചും അത് തെളിവു നല്‍കുന്നുണ്ട്. ‘തണലിലൂടെയുള്ള നടത്തം’ 1949-നു ശേഷമുള്ള ലെസ്സിംഗിനെയാണ് അവതരിപ്പിക്കുന്നത്. അവരപ്പോള്‍ ആദ്യ നോവല്‍ ( ‘പുല്‍ക്കൊടികള്‍ പാടുന്നു‘ - The Grass is Singing) പ്രസിദ്ധീകരിച്ചു കഴിഞ്ഞ് മകനോടൊപ്പം ലണ്ടനില്‍ സ്ഥിരതാമസത്തിനായി എത്തിയ കാലമാണ്. സമ്മര്‍ദ്ദങ്ങളൊഴിഞ്ഞ്, ബുദ്ധിപരമായ ചര്‍ച്ചകളില്‍ വിശ്രമമില്ലാതെ ഏര്‍പ്പെട്ട്, എഴുത്തുകാരി എന്ന നിലയില്‍ തീര്‍പ്പു നേടിയ വ്യക്തിത്വമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും അവര്‍. ‘പുല്‍ക്കൊടികള്‍ പാടുന്നു’ എന്ന നോവലില്‍ റൊഡേഷ്യയിലെ വംശീയ രാഷ്ട്രീയത്തെ അവര്‍ വിമര്‍ശനവിധേയമാക്കുന്നു. മറ്റു നോവലുകളിലും ഇതേ പ്രശ്നം കടന്നു വരുന്നുണ്ട്. ആത്മകഥാപരമായ മറ്റ് അഞ്ചു നോവലുകള്‍ എല്ലാംകൂടി 17 വര്‍ഷക്കാലത്തെ ‘അക്രമം നിറഞ്ഞ’ ബാഹ്യജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. 1962-ല്‍ ‘സ്വര്‍ണ്ണ നോട്ട്ബുക്ക്’ (The Golden Notebook) ലെസ്സിംഗ് പ്രസിദ്ധപ്പെടുത്തി. സ്ത്രീ എഴുത്തുകാരുടെ ഒരു തലമുറയെ വല്ലാതെ സ്വാധീനിച്ച ഏറ്റവും പ്രസിദ്ധമായ കൃതിയാണത്. ശൈലീപരമായി കരുത്തുറ്റതും എന്നാല്‍ അനേകം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയതുമായ ഒരു രചന.

എഴുത്തിന്റെ വഴി ഏകാന്തതയുടേതു കൂടിയായിരിക്കാം. പക്ഷേ ലെസ്സിംഗ് എപ്പോഴും മറ്റു കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ താന്‍ മുന്‍‌നിരയില്‍ തന്നെയാണെന്ന് പറയാനാണ് അവര്‍ക്ക് കൌതുകം. ‘തണലിലൂടെയുള്ള നടത്തം’ കമ്മ്യൂണിസം അക്കാലത്ത് ബുദ്ധിജീവികളെ മൂക്കുകയറിട്ടു നടത്തിച്ചതെങ്ങനെ എന്നതിനു കൂടി സാക്ഷ്യം പറയുന്നുണ്ട്. യുദ്ധാനന്തര ലണ്ടനില്‍ ഒറ്റയ്ക്ക് മകനെ വളര്‍ത്തിക്കൊണ്ടുവരാന്‍പ്പെട്ട പാട് ചില വിപ്ലവകരമായ കുടുംബചിത്രങ്ങളുടെ പ്രാരംഭരശ്മികളായാണ് പുസ്തകത്തില്‍ നിറയുന്നത്. കഴിഞ്ഞുപോയ കാലത്തിനൊരു വിലാപകാവ്യമാണത്. അതോടൊപ്പം വികസിതരാജ്യത്തില്‍ ഒരു ലൈംഗികവിപ്ലവം സ്വന്തം ഇടം നേടി സ്വാധീനം കണ്ടെടുക്കുന്നതിന്റെ നഖചിത്രവും. അന്ന് എല്ലാവരും ധാരാളം കുടിച്ചിരുന്നു. ധാരാളം പുകച്ചിരുന്നു. ഒരുപാട് സംഭോഗങ്ങള്‍ നടത്തിയിരുന്നു.

1949-ല്‍, തെക്കന്‍ റൊഡേഷ്യയില്‍ നിന്ന് ലണ്ടനിലേയ്ക്ക് താമസം മാറ്റുമ്പോള്‍ താങ്കള്‍ ഒറ്റയ്ക്കു താമസിക്കുന്ന അമ്മ മാത്രമായിരുന്നില്ല, രണ്ടു പ്രാവശ്യം വിവാഹം കഴിക്കുകയും ബന്ധമൊഴിയുകയും ചെയ്ത സ്ത്രീ കൂടിയായിരുന്നു. സാമൂഹികമായ മാനമെന്തെങ്കിലും ഈ അവസ്ഥയ്ക്കുണ്ടായിരുന്നോ?

single perant എന്ന പദം പ്രചരിച്ചു തുടങ്ങിയിരുന്നില്ല. എങ്കിലും കുട്ടിയോടൊപ്പം ഒറ്റയ്ക്കു താമസിക്കുന്ന മാതാവ് അല്ലെങ്കില്‍ പിതാവ് ചുറ്റുപാടും ധാരാളമായിരുന്നു. എന്തെങ്കിലും പ്രത്യേകതയുള്ളവരാണോ അങ്ങനെ താമസിക്കുന്നവര്‍ എന്നൊന്നും ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഞാന്‍ ഒറ്റപ്പെട്ട വിചിത്ര ജീവിയായിരുന്നു റോഡേഷ്യയില്‍ പോലും. അതിനുകാരണം എന്റെ വിവാഹങ്ങളല്ല. കാഫിറിനെ പ്രേമിച്ചവളും കമ്മ്യൂണിസ്റ്റുമായിരുന്നു എന്നുള്ളതാണ്. ആ സമൂഹത്തില്‍, കാഫിര്‍ പ്രേമം കമ്മ്യൂണിസത്തേക്കാള്‍ പതിന്മടങ്ങ് ചീത്തയായിരുന്നു. എന്നെ ആളുകള്‍ വെറുത്തിരുന്നതിനുള്ള കാരണം അതായിരുന്നു. ഇതേ വീക്ഷണമുള്ള കുറച്ചുപേരെല്ലാം അന്ന് വെറുക്കപ്പെട്ടവരുടെ പട്ടികയിലായിരുന്നു.

ജോ അമ്മാവന്‍ (സ്റ്റാലിന്‍) ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു അക്കാലങ്ങളില്‍. യുദ്ധകാലത്ത് അത് വലിയ അപകടമുണ്ടാക്കിയില്ല. കാരണം എല്ലാവരും ഒരേ വരിയില്‍ തന്നെ. എന്നാല്‍ യുദ്ധകഴിഞ്ഞുള്ള ശീതകലാപത്തിന്റെ കാലങ്ങളില്‍ ഒറ്റരാത്രികൊണ്ട് ഏറ്റവുമടുത്തസുഹൃത്തുക്കളുടെ പോലും ശത്രുവായി ഞങ്ങള്‍ മാറി. ഞങ്ങളെ കാണുമ്പോള്‍ തന്നെ റോഡിന്റെ മറ്റേ വശത്തേയ്ക്ക് അവര്‍ ഓടിപ്പോയി. ഞാന്‍ ഇംഗ്ലണ്ടിലെത്തുമ്പോള്‍ നഗരം യുദ്ധം ആവേശിച്ച നിലയൈലായിരുന്നു. കണ്ടവരെല്ലാം ഏതെങ്കിലും തരത്തില്‍ യുദ്ധവുമായി ബന്ധമുള്ളവര്‍. കാഴ്ചകളെല്ലാം അഴുക്കുപുരണ്ടത്. ലണ്ടന്‍, ചായങ്ങളൊക്കെ ഇളകി ചാരനിറത്തില്‍ പരന്നു കിടന്നു. കാപ്പി, കുടിക്കാനാവാത്തത്, ആഹാരം, ഭക്ഷിക്കാനാവാത്തത്. വസ്ത്രങ്ങളെല്ലാം മുഷിഞ്ഞത്. സാംസ്കാരികമായ കാരണങ്ങള്‍ കൊണ്ട് ഞാനിതിനിടയ്ക്ക് തങ്ങാന്‍ തീരുമാനിച്ചു. യുദ്ധം പ്രത്യേകതരം മനസ്സുകളെയാണ് സൃഷ്ടിച്ചു വച്ചിരുന്നത്, അത് ഇപ്പോള്‍ പറഞ്ഞാല്‍ മനസിലാക്കാന്‍ പറ്റിയെന്നു വരില്ല. പണത്തെപ്പറ്റി ആരും വേവലാതി പൂണ്ടില്ല, പണം ആര്‍ക്കുമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളെ വിലയിരുത്തുന്നത് നിങ്ങള്‍ എന്തു ധരിക്കുന്നു, എന്തു കഴിക്കുന്നു, എന്തെല്ലാം കൈയിലുണ്ട് എന്നൊക്കെ നോക്കിയാ‍ണ്. അത് അങ്ങേയറ്റത്തെ ചീത്തകാര്യമായാണ് അന്ന് കണക്കാക്കിയിരുന്നത്.

വളരെ പ്രയാസകരമായ രണ്ടവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് താങ്കള്‍ എഴുതി തുടങ്ങുന്നത്. ഒന്ന്, ശീതയുദ്ധത്തിന്റെ കാലം. രണ്ട്, വ്യത്യസ്തമായ പ്രസിദ്ധീകരണ പശ്ചാത്തലം..

വളരെ ബുദ്ധിമുട്ടുണ്ടാക്കിയ രണ്ടു കാര്യങ്ങള്‍ തന്നെയാണിവ. ശീതയുദ്ധം എല്ലാത്തിനെയും ബാധിച്ചിരുന്നു. യുദ്ധം ഉണ്ടാകും എന്നൊരു ഭീതി സ്ഥായിയായിരുന്നു. മദ്ധ്യവയസ്കനായ മനുഷ്യന്‍ ഈയിടെ ‘ എപ്പോള്‍ വേണമെങ്കിലും ബോംബു വീഴുമെന്ന ഭയത്തില്‍ നമ്മുടെ കുട്ടിക്കാലത്ത് കഴിഞ്ഞു കൂടിയത് ഓര്‍ക്കുന്നുണ്ടോ‘ എന്നു ചോദിച്ചപ്പോള്‍ അക്കാര്യങ്ങളിലൂടെ വീണ്ടും മനസ്സു കടന്നു പോയി. ഭയവും വിഷവും നിറഞ്ഞ അന്തരീക്ഷം. അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും പ്രതികരണം അങ്ങേയറ്റം വൈകാരികമായിരുന്നു, എതിര്‍ത്തായാലും അനുകൂലിച്ചായാലും. മുതലാളിത്തം മരിച്ചു. അതു ചെയ്യാനുള്ളതു ചെയ്തു തീര്‍ത്തു. ഭാവി സോഷ്യലിസ്റ്റിന്റെയോ കമ്മ്യൂണിസ്റ്റിന്റെയോ ആണ്. നമുക്കെല്ലാം നീതിയും സമത്വവും നല്ല വേതനവും കിട്ടാന്‍ പോകുന്നു. പെണ്ണോ മുടന്തനോ കറുമ്പനോ ആരോ ആകട്ടെ എല്ലാവരും തുല്യര്‍. അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍. അസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്ന മനുഷ്യര്‍ പോലും ഈ അസംബന്ധം വിശ്വസിച്ചു എന്നതാണ് ദുരന്തം! അതാണ് എനിക്ക് രസകരമായി തോന്നിയത്. ഇതിനെയാണ് കൂട്ടത്തോടെയുള്ള മിഥ്യാഭ്രമം എന്നു പറയുന്നത്. ഉന്മാദം. കാരണം ഞങ്ങള്‍ അന്ന് വിശ്വസിച്ചത് പൂര്‍ണ്ണമായും ചവറാണ്. ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഈ മണ്ടന്‍ വിശ്വാസങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.

ഇതിനകത്ത് ചില വിശ്വാസങ്ങളുടെ പ്രശ്നമല്ലേയുള്ളത്? ഇവയെല്ലാം ചവറാണെന്ന് എങ്ങനെ പറയും?

ഭൂരിഭാഗവും ചവറു തന്നെ. പക്ഷേ ഒരു വൈകാരികാവേശം പിന്നിലുണ്ട്. അതിനര്‍ത്ഥം ആളുകള്‍ ഇങ്ങനെയൊക്കെ ശക്തിയായി വിശ്വസിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് ചിലതൊക്കെ കിട്ടും എന്നാണ്. വെറും വിശ്വാസം മാത്രമാണ് നിങ്ങളുടെ കൈമുതലെങ്കില്‍ അവിശ്വസനീയമായ ചില കാര്യങ്ങള്‍ നടത്താന്‍ പറ്റിയേക്കും.

കമ്മ്യൂണിസത്തിലുള്ള വിശ്വാസം മാത്രം കൈമുതലാക്കി ഒരുപാട് പണിയെടുത്ത സ്നേഹമുള്ള നല്ലവരായ മനുഷ്യരെക്കുറിച്ച് താങ്കള്‍ ധാരാളം എഴുതിയിട്ടുണ്ട്. അവര്‍ക്ക് പകരം കിട്ടിയത് സ്റ്റാലിനെയാണ്. അതൊരു ക്രൂരമായ തമാശയല്ലേ?

അതെ. അതുകൊണ്ടാണ് നമ്മുടെ കാലത്തെ സോഷ്യലിസം മരിച്ചത്. യുവാക്കള്‍ പറയാറുണ്ട്, “ ചുവപ്പന്മാരേ, നിങ്ങള്‍ പിന്താങ്ങുന്നത് എന്തിനെയെന്ന് നോക്ക് . ചൈനയെയും സോവ്യറ്റ് യൂണിയനെയും!“ ഈ ചോദ്യം സ്വയം ചോദിക്കുന്നത് നല്ലതാണ്. സോവ്യറ്റ് യൂണിയനു വേണ്ടി യൂറോപ്യന്മാര്‍ തലപുകച്ചതെന്തിനാണ്? നമുക്ക് ഒരാവശ്യവുമുള്ള കാര്യമായിരുന്നില്ല. ചൈനയ്ക്ക് എന്തു കച്ചവടമാണ് നമ്മളുമായി? സോവ്യറ്റ് യൂണിയന്റെ പേര് വലിച്ചിഴയ്ക്കാതെ നമ്മുടെ രാജ്യത്ത് നല്ല ഒരു സമൂഹം പണിതുയര്‍ത്താന്‍ കഴിയില്ലേ? പറ്റില്ല. എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചീഞ്ഞ സോവ്യറ്റ് യൂണിയന്റെ ഭൂതം ആവേശിച്ചവരായിരുന്നു. അതായിരുന്നു ദുരന്തം. പിന്താങ്ങുന്ന സംഗതി വന്‍‌പരാജയമാണെന്നറിഞ്ഞിട്ടും ആളുകള്‍ അതിനെ ന്യായീകരിച്ചുകൊണ്ടേയിരുന്നു. അതാണ് പുരോഗമനചിന്ത എന്ന വിചാരത്തില്‍.

അന്നത്തെ ഈ പറഞ്ഞ തരത്തിലുള്ള പുരോഗമനചിന്തയെയും ഇന്നത്തെ രാഷ്ട്രീയശുദ്ധീകരണത്തെയും താരതമ്യപ്പെടുത്തുന്നത് ശരിയായിരിക്കുമോ?

പൂര്‍ണ്ണമായും ശരിയായിരിക്കും. രണ്ടിന്റെയും പിന്നിലുള്ള മനോഭാവം ഒന്നാണ്.

എന്താണ് ആ മനോഭാവം?

എന്തിനെയും അതിലളിതവത്കരിക്കുക എന്നത്. നിയന്ത്രിക്കുക എന്നത്. ആശയങ്ങള്‍ പുതുക്കതിലും പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതിലുമുള്ള വിശ്വാസമില്ലായ്മ. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്. ഞങ്ങള്‍ മാത്രം ശരി. ബക്കി എല്ലാവരും തെറ്റ്. നമ്മുടെ കൂട്ടത്തില്‍ തന്നെ നിന്നു കൊണ്ട് നമ്മെ എതിര്‍ക്കുന്നവന്‍ അവിശ്വാസി. അവന്‍ ശത്രു. നിങ്ങളുടെ ഉയര്‍ന്ന ധാര്‍മ്മികബോധത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് ഇതെല്ലാം നിറവേറ്റപ്പെടുന്നത്. ഈ അതിലളിതവത്കരണം എല്ലാത്തിലുമുണ്ട്. രാഷ്ട്രീയശുദ്ധീകരണപ്രക്രിയയിലും ഉള്ളതിതൊക്കെ തന്നെയാണ്.

കമ്മ്യൂണിസവുമായി തെറ്റി പിരിയുന്ന ഇടങ്ങളെ പലതരത്തില്‍ അവതരിപ്പിക്കുന്നുണ്ട് താങ്കളുടെ പുസ്തകത്തില്‍. രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ എഴുത്തിനെ മതിച്ചതു കൊണ്ട് താങ്കള്‍ക്ക് അത് ഒരു പക്ഷേ എളുപ്പമായിരുന്നിരിക്കാം. എന്നാല്‍ മറ്റനേകം ആളുകള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ വിശ്വാസം തെറ്റായിരുന്നു എന്ന് പിന്നൊരിക്കല്‍ തുറന്നു പറയുന്നത് ഏറ്റവും പ്രയാസമുള്ള കാര്യമാണ്.

തുടക്കം മുതല്‍ അതങ്ങനെയാണ്. സോവ്യറ്റ് യൂണിയന്‍ ഉദാഹരണം. ഒരിക്കല്‍ കമ്മ്യൂണിസ്റ്റായിരിക്കുകയും പിന്നീട് ആ സ്വപ്നത്തിന്റെ അപകടം നന്നായി തിരിച്ചറിയുകയും ഒരിക്കല്‍ അതു സാക്ഷാത്കരിക്കാന്‍ തുനിഞ്ഞിറങ്ങി നടന്നതില്‍ തന്നോടു തന്നെ വിദ്വേഷം വച്ചു പുലര്‍ത്തുകയും ചെയ്യുന്ന ആളുകളെ നിങ്ങള്‍ പോകുന്നിടങ്ങളിലൊക്കെ കാണാം. കമ്മ്യൂണിസത്തോടുള്ള ഈ ആഭിമുഖ്യം ഒന്നാംലോകമഹായുദ്ധവുമായി ആഴത്തില്‍ ബന്ധപ്പെട്ടിട്ടുള്ള കാര്യമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പട്ടാളക്കാരുടെ ദുരിതാനുഭവങ്ങളോട് ആളുകള്‍ സഹാനുഭൂതിയോടെ താദാത്മ്യം പ്രാപിക്കുകയായിരുന്നു. അത് രാജ്യാതിര്‍ത്തികള്‍ കടന്ന് വ്യാപിച്ചു. നാം ഇന്നു കാണുന്ന മട്ടിലുള്ള ഭരണകൂടങ്ങളോടുള്ള അതൃപ്തിയും വെറുപ്പും അവിടെ നിന്നാണ് ആരംഭിക്കുന്നത്. ഏതു ചെറുപ്പക്കാരന്റെയും സ്വാഭാവിക പ്രതികരണം നേരെ ചെല്ലുന്നത് അധികൃതര്‍ക്ക് നേരെയാണ്. കടുത്ത വെറുപ്പും ദ്വേഷ്യവും ആരംഭിച്ചത് ഒന്നാം ലോക യുദ്ധരംഗത്തു നിന്നാണെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു. അതാണ് കമ്മ്യൂണിസത്തിലേയ്ക്ക് ആളുകളെ നയിച്ചത്. ഇപ്പോള്‍ അത് തീവ്രവാദത്തെ ഊട്ടുന്നു. അതിയായി ലളിതവത്കരിച്ചതാണെങ്കിലും ഇതാണ് എന്റെ സിദ്ധാന്തം.

രാഷ്ട്രീയാനുഭങ്ങളും പ്രക്ഷോഭകരമായി നയിച്ച പുറംജീവിതത്തിലെ സത്യങ്ങളും ഏതെങ്കിലും വിധത്തില്‍ എഴുത്തിനെ തുണയ്ക്കാറുണ്ടോ? സംഭവങ്ങളില്‍ എഴുത്തുകാരന്‍(കാരി) പങ്കാളിയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?

ഇല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, തത്ത്വത്തില്‍ പഠിപ്പിച്ചു വിട്ട കൂട്ടത്തിലുള്ള ഒരാളല്ല ഞാന്‍. കമ്മ്യൂണിസം തകര്‍ന്നപ്പോള്‍ അത്തരത്തില്‍പ്പെട്ട ആളുകള്‍ക്ക് അതൊരു ദുരന്തമായി. എനിക്കങ്ങനെയല്ല. അവരോട് എനിക്ക് സഹതാപമാണുള്ളത്. പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്.

‘കമ്പിളി നൂലുകള്‍ കൂട്ടിപ്പിരിക്കുന്ന’ തൊഴിലായി എഴുത്തിനെ താങ്കള്‍ വിശേഷിപ്പിച്ചിട്ടുണ്ട്. മന്ദഗതിയിലുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രവൃത്തി. ഇതിനിടയില്‍ എങ്ങനെയാണ് ഒരു കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞത്? കൂടെ സജീവ രാഷ്ട്രീയത്തിലുള്ള പങ്കാളിത്തം. എഴുതാന്‍ സമയം എങ്ങനെ കണ്ടെത്തുന്നു?

അത്രസജീവമായി ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. അതാണ് കാരണം. ചില കാര്യങ്ങള്‍ ഞാന്‍ നേരത്തേ എഴുതിയിട്ടുണ്ട്. സോവ്യറ്റ് യൂണിയനില്‍ പോയിട്ടുണ്ട്, ആഫ്രിക്കക്കാരും തെക്കന്‍ റോഡേഷ്യക്കാരു (സാംബിയന്‍ ആഫ്രിക്കക്കാര്‍)മൊക്കെയായി ഇടപഴകിയിട്ടുണ്ട്. പക്ഷേ എനിക്കാകെ കുറച്ചേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എഴുത്തുകാരുടെ സംഘത്തില്‍ അംഗമായിരുന്നു.എട്ടുപത്തു മീറ്റിംഗുകളില്‍ പങ്കെടുത്തിട്ടുണ്ട്.

അപ്പോള്‍ എഴുതാനുള്ള സമയം കണ്ടെത്തുക പ്രയാസമായിരുന്നു..?

അതെ. എല്ലാ ജോലിയും പ്രയാസകരം തന്നെ. പറയാന്‍ വേണ്ടി ഒരു സാമൂഹികജീവിതം എനിക്കില്ല. അത് കാര്യങ്ങളെ എളുപ്പമാക്കിയിട്ടുണ്ട്. ചെറുപ്പക്കാരായ എഴുത്തുകാര്‍ക്ക് കുറേ കൂടി പ്രയാസം നേരിടാറുണ്ടെന്ന് തോന്നുന്നു.

ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളില്‍ അസ്വസ്ഥപ്പെട്ടിരുന്നോ? പ്രത്യേകിച്ച് ആദ്യവിവാഹത്തിലുണ്ടായ കുട്ടികളെ ഉപേക്ഷിച്ചു എന്നൊക്കെ പറഞ്ഞുള്ള വിമര്‍ശനങ്ങള്‍?

ഒരിക്കലുമില്ല. ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമായിരുന്നില്ല അതെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ എനിക്കതു ചെയ്യേണ്ടി വന്നു. അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ എന്റെ ജീവിതം മദ്യത്തിലാറാടി വല്ല ചവറ്റുകൂനയ്ക്കരികിലും തീര്‍ന്നേനെ എന്ന കാര്യത്തില്‍ ഇപ്പോഴും എനിക്ക് ഒരു സംശയവുമില്ല. അത്തരമൊരു ജീവിതം എനിക്കു പറ്റില്ലായിരുന്നു. അസഹ്യമാണത്. ഭാന്തു പിടിക്കാതെ അതുമായി ജീവിക്കാന്‍ കഴിയില്ല. ഭര്‍ത്താവ്, പൊതുസേവകന്‍ എന്ന നിലയില്‍ വളരെ ഉയര്‍ന്ന നിലയില്‍. വിപ്ലവാ‍ശയങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഭാര്യയുമായി ജീവിക്കുക അയാള്‍ക്കും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഞാന്‍ പിന്നീട് കുട്ടികളുടെ കൂട്ടുകാരിയായി തീര്‍ന്നു, അതുകഴിഞ്ഞ് എന്റെ പേരക്കിടാങ്ങളുടെ. ഭയപ്പെടുത്തിയ ഒന്നും ജീവിതത്തില്‍ സംഭവിച്ചിട്ടില്ല എന്ന് അഭിനയിക്കുകയല്ല ഞാന്‍.

മദ്യം ഉപയോഗിച്ച് സ്വയം നശിക്കുമായിരുന്നു എന്നു താങ്കള്‍ പറഞ്ഞു...

അതെ, അല്ലെങ്കില്‍ ഭാന്തെടുത്ത് മരിച്ചേനെ..രണ്ടിലേതെങ്കിലുമൊന്ന്..

ഭ്രാന്തിനെക്കുറിച്ച ധാരാളം എഴുതിയിട്ടുണ്ട്, അതേസമയം ഭ്രാന്ത് വരാതിരിക്കാനായി ശ്രമിക്കുകയും ചെയ്തു എന്നും പറഞ്ഞു. എങ്ങനെയാണത്.. ? എഴുത്താണോ അതിനുള്ള കരുത്തു നല്‍കിയത്?

അതെയെന്നു തോന്നുന്നു. എനിക്കു ഭ്രാന്തുപിടിച്ചില്ലെങ്കിലും അതിന്റെ വക്കോളമെത്തി നില്‍ക്കുന്ന അനേകം മനുഷ്യരോട് ഇടപഴകാനുള്ള സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് എഴുത്തല്ലേ എന്നെ പിടിച്ചു നിര്‍ത്തുന്നതെന്ന് എന്നോട് പലപ്രാവശ്യം ഞാന്‍ ചോദിച്ചിട്ടുണ്ട്. നിങ്ങളേക്കാള്‍ ഭീകരമായ ദുരന്തത്തില്‍ കഴിയുന്ന ചിലരുടെ പിന്നാലെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ ചിത്തഭ്രമം നിങ്ങളെ ഒഴിഞ്ഞു നില്‍ക്കും.

യുവാവായ ഹെന്റ്രി കിസ്സിംഗറെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭം താങ്കളുടെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്..

അദ്ദേഹം എന്നെ കാണാന്‍ വന്നു. വളരെ സന്തോഷം തോന്നിയ ഒരു സംഭവമായിരുന്നു അത്.

താങ്കള്‍ അദ്ദേഹവുമായി വഴക്കടിച്ചു, പല കാര്യത്തിലും എതിര്‍പ്പ് പ്രകടിപ്പിച്ചു എങ്കിലും ആദരവ് സൂക്ഷിക്കുകയും ചെയ്തു.

അതങ്ങനെയാണ്. അദ്ദേഹം എന്നെ കാണാന്‍ വന്നു. മറ്റേതെങ്കിലും അമേരിക്കന്‍ വലതുപക്ഷരാഷ്ട്രീയക്കാരന്‍ അതു ചെയ്യുമെന്ന് തോന്നുന്നില്ല. സ്വന്തം രാഷ്ട്രീയഭാവി അപകടപ്പെടുത്തുന്ന പണിയാണത്. അദ്ദേഹം ലണ്ടനില്‍ വന്നിട്ട് ഇടതുപക്ഷപ്രവര്‍ത്തകരെ കാണണം എന്നാവശ്യപ്പെട്ടു. ആരെയാണ് അദ്ദേഹം അന്വേഷിച്ചത് എന്നറിയില്ല. എല്ലാവരും ഇലക്ഷന്‍ ചൂടിലായിരുന്നതുകൊണ്ട് അവര്‍ ഉത്തരവാദിത്വം എന്റെ മേലിട്ടു. ഇടതുപക്ഷ സഹയാത്രികയായിരുന്നതുകൊണ്ട് ശത്രു എന്ന മട്ടിലാണ് എന്നെ അദ്ദേഹം കണ്ടത്. പക്ഷേ അതൊരു നല്ല കൂടിക്കാഴ്ചയായിരുന്നു. എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

താങ്കള്‍ക്ക് പറയാനുള്ളത് അദ്ദേഹം ശ്രദ്ധിച്ചോ?

ഒരിക്കലുമില്ല. ‘ഈ ജീവി’ എന്നമട്ടിലായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക

പിന്നീട് എപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയുണ്ടായോ?

ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ വളര്‍ച്ച ശ്രദ്ധയോടെ ഞാന്‍ നോക്കിയിരുന്നു. ആര്‍ക്കെങ്കിലും ചെറിയ ആറ്റംബോംബുകളെപ്പറ്റി ‘പൂച്ചക്കുട്ടി ബോംബുകള്‍’ എന്നു പറയാന്‍ കഴിയുന്നുണ്ടെങ്കില്‍ സംവേദനത്വത്തിന്റെ കുറവ് അവിടെയുണ്ടെന്ന് ഇപ്പോള്‍ പോലും ഞാന്‍ ചിന്തിക്കാറുണ്ട്.

താങ്കള്‍ പറഞ്ഞ മറ്റൊരു കാര്യം പ്രസാധകമേഖലയെപ്പറ്റിയാണ്. അന്നത് വളരെ പ്രയാസകരമായ കാര്യമായിരുന്നു എന്നു പുസ്തകത്തിലുണ്ട്. ഇന്ന് കാര്യങ്ങള്‍ കുറച്ചുകൂടി വഷളായിട്ടില്ലേ പ്രത്യേകിച്ച് പുതിയ എഴുത്തുകാര്‍ക്ക്?

സമകാലിക പ്രസാധകരംഗം വലിയ, ജനപ്രിയ രചകള്‍ക്ക് വളരെ ഗുണമുള്ളതാണ്. അത്തരം ഗ്രന്ഥങ്ങള്‍ക്ക് പ്രചരണം നല്‍കാനും അവ വിറ്റഴിക്കാനും ഒരു പ്രയാസവുമില്ല. ചെറിയ പുസ്തകങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ല. വളരെ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ പലതും കിട്ടാനില്ല. വില്‍ക്കാന്‍ പ്രയാസമുള്ള, ഒരു ന്യൂനപക്ഷത്തിനു മാത്രം പ്രിയപ്പെട്ട പുസ്തകങ്ങളുടെ മൂല്യം വലുതാണെന്നും അവ വിറ്റുപോകാന്‍ കാലം കുറേയെടുത്താലും ഉത്പാദനക്ഷമമാണെന്നും പഴയ പ്രസാധകര്‍ക്ക് അറിയാമായിരുന്നു. അവ അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള പുസ്തകങ്ങളായിരുന്നു. പ്രഭാഷണങ്ങള്‍ക്കിടയ്ക്ക് “ഈ പുസ്തകം ഇപ്പോള്‍ കടകളില്‍ കിട്ടാനില്ല” എന്ന് ആവര്‍ത്തിച്ചു പറയുന്നത് എത്ര ഹൃദയഭേദകമാണ് ! മരിച്ച പുസ്തകങ്ങളുടെ ഹാജര്‍വിളിയാണത്.

പ്രസാധകരംഗം ഇപ്പോള്‍ മുന്‍പത്തേക്കാള്‍ ചീത്തയായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് താങ്കള്‍ പറഞ്ഞു വന്നത്. ‘നോപ്പ്’ താങ്കളുടെ ആദ്യനോവലില്‍ (പുല്‍ക്കൊടികള്‍ പാടുന്നു) ഒരു ബലാത്സംഗം കൂട്ടിച്ചേര്‍ക്കാന്‍ താങ്കളോട് ആവശ്യപ്പെട്ട കാര്യം പുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ താങ്കള്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

അതെ. അത് ‘മഹത്തായ ബ്ലാഞ്ച് നോപ്പ്‘ തന്നെ. ഞാന്‍ ഞെട്ടി പോയി. ന്യൂയോര്‍ക്കിലെ വളരെ പ്രസിദ്ധയായ പ്രസാധകഗുരുവായിരുന്നു നോപ്പ്. ഞാന്‍ അവരെ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ പറഞ്ഞു വന്നത് പഴയ പ്രസാധകരെല്ലാം നല്ലവരായിരുന്നു എന്നല്ല. അവരും ഭീകര കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അന്നത്തെ അന്തരീക്ഷം വ്യത്യസ്തമായിരുന്നു. ആളുകള്‍ അക്ഷമരാവുകയോ ഉടനടിയുള്ള ഫലത്തിനായി പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല.

ടെലിവിഷനാണോ കുഴപ്പക്കാരന്‍? ടി വി വന്നതോടെ ഒരു യുഗം അവസാനിച്ചു എന്ന് ഈ പുസ്തകത്തിലുണ്ട്. ‘മൂലയ്ക്കിരിക്കുന്ന നികൃഷ്ടജീവി’ എന്നാണ് താങ്കള്‍ ടി വിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കാര്യങ്ങളെ വല്ലാതെ ലഘുവാക്കുന്ന പരിപാടിയാണ് അത്. ചില ടി വി പരിപാടികള്‍ നല്ലതാണ്. ടി വി അവസാനിപ്പിച്ചത് പരസ്പരസംഭാഷണങ്ങളുടെ യുഗത്തെയാണ്. ആളുകള്‍ വട്ടം വട്ടമിരുന്ന് വെടി പറഞ്ഞിരുന്നത് അവസാനിച്ചു. പക്ഷേ താങ്കള്‍ ഈ പ്രശ്നം അവതരിപ്പിച്ചത് “ കാര്യങ്ങളെല്ലാം വഷളായത് ടി വി വന്നതോടെയാണ്’ എന്ന മട്ടിലാണ്. അല്ലെങ്കില്‍ സിനിമ വന്നതോടെ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും. കുഴപ്പം എങ്ങനെയാണ് തുടങ്ങിയത് എന്ന് നമ്മളെങ്ങനെ അറിയും?

ലൈംഗികരാഷ്ട്രീയത്തെക്കുറിച്ചും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. പുതിയതരം സ്വാതന്ത്ര്യം പിന്നിലേയ്ക്ക് നയിക്കുന്നതിനെക്കുറിച്ച്. ആളുകളുടെ വികാരങ്ങള്‍ക്ക് മാരകമായി മുറിവേല്‍ക്കുന്നു, പ്രത്യേകിച്ചും സ്ത്രീകളുടെ വികാരങ്ങള്‍ക്ക്. ഒട്ടും ഉള്ളില്‍തട്ടാതെ ലൈംഗികബന്ധങ്ങള്‍ നടക്കുന്നു. ആ നിലയ്ക്കാണ് സൂചന...
=ആളുകള്‍ പറയുന്നത് ഇതെല്ലാം ആരംഭിച്ചത് 60കളിലാണെന്നാണ്. ഞാന്‍ പറയും 50കളിലാണെന്ന്. നിയമങ്ങളില്ല, ഒന്നിനും. പഴയകാലത്ത
=എല്ലാവര്‍ക്കും അറിയാമായിരുന്നു നിയമങ്ങളുണ്ടാക്കിയിരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന്. നിങ്ങള്‍ക്ക് ലംഘിക്കാം അല്ലെങ്കില്‍ പാലിക്കാം. നിയമങ്ങളേ ഇല്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നില്ല. ആദ്യമായി ജനനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് 60കളിലാണ്. അവസരങ്ങള്‍ കൂടി, വിവരം കുറഞ്ഞു. 60കളില്‍ കാര്യങ്ങള്‍ സമ്പൂര്‍ണ്ണമായി മാറി. എല്ലാവര്‍ക്കും പ്രത്യേകതരം സ്വാതന്ത്ര്യമായി. അതൊരു നല്ല ആശയമാണെന്ന് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നില്ല. ഇപ്പോള്‍ വീണ്ടും സ്ഥിതിഗതികള്‍ ശാന്തതയിലായിട്ടുണ്ട്. പങ്കാളിയുണ്ടാവുക എന്ന അവസ്ഥയില്‍ നിന്ന് കുട്ടികള്‍ മാറി നില്‍ക്കുകയാണെന്ന് കേപ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ എന്റെ പേരക്കിടാങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഭയപ്പാട് കാരണം ആണും പെണ്ണും ഒന്നിച്ചുറങ്ങാറില്ലത്രേ. 50 കളിലും യുദ്ധകാലത്തും സ്ഥിതി അങ്ങനെയായിരുന്നില്ല. ഭയപ്പെടാനായി ഒന്നുമില്ല. സിഫിലിസ് നിയന്ത്രണ വിധേയം. ഗൊണേറിയ ഒരു ഡോസു കൊണ്ടു തന്നെ സുഖപ്പെടുത്താം. എയിഡ്സിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ല.

ഒരു തരത്തില്‍ എയിഡ്സ് സദാചാരത്തെ തിരികെ കൊണ്ടുവരികയാണ് ചെയ്തതെന്ന് താങ്കള്‍ എഴുതുന്നു. കുറെ എയ്ഡ്സ് മരണങ്ങളെ തത്കാലത്തേയ്ക്ക് മാറ്റി നിര്‍ത്തിയാല്‍ നമ്മളിപ്പോള്‍ നല്ല അവസ്ഥയിലാണ് എന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ? കൂടുതല്‍ ശ്രദ്ധയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ട്?

കൂടുതല്‍ ശ്രദ്ധയോടെ ജീവിക്കുക എന്നത് നല്ലകാര്യമാണ്. ലൈംഗികതയ്ക്കു മാത്രം വേണ്ടിയുള്ള ബന്ധം ഭൂരിപക്ഷത്തിനും നല്ലതാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഒരു രാത്രിക്കു വേണ്ടി മാത്രം പനിച്ചു നടക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അത് അവര്‍ക്ക് ഒരു വിപ്ലവമോ മറ്റോ ആയിരിക്കും. എന്തായാലും മറ്റനേകം ജനങ്ങള്‍ക്ക് അങ്ങനെയല്ല. എനിക്കുറപ്പുണ്ട്.

എന്റെ തലമുറയില്‍പ്പെടുന്ന ആളുകള്‍ക്ക് തിരിഞ്ഞ് താങ്കളുടെ തലമുറയിലേയ്ക്ക് നോക്കുമ്പോള്‍ ചിലതെല്ലാം വിശേഷപ്പെട്ടതായി തോന്നാറുണ്ട്. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല, രാഷ്ട്രീയമായ പാകപ്പെടലുകളുടെയും മദ്യത്തിന്റെയും പുകവലിയുടെയും ഒരു ലോകം..

ഞാന്‍ ധാരാളം പുകവലിച്ചിരുന്നു. എല്ലാവരും വലിച്ചിരുന്നു. പുകവലിക്കാത്തവര്‍ അസാധാരണക്കാരായിരുന്നു. അതിയായ വിനയത്തോടെയാണ് ഒരാള്‍ താന്‍ പുകവലിക്കില്ല എന്നറിയിക്കുക. ഞങ്ങള്‍ ധാരാളം കുടിക്കുകയും ചെയ്തു. അതെല്ലാം പോയി. ഇപ്പോള്‍ ചുറ്റും നോക്കിയാല്‍ വളരെ കുറച്ചു മദ്യം മാത്രം ഉപയോഗിക്കപ്പെടുന്നു. 50കളില്‍ ഒരു പാര്‍ട്ടി നടത്തിയാല്‍ ചെലവാകുന്ന മദ്യത്തിന് കയ്യും കണക്കുമുണ്ടാവില്ല.

എന്താണ് യഥാര്‍ത്ഥത്തില്‍ മാറിപ്പോയത്?

ആളുകള്‍ക്ക് വിവരം കൂടിക്കാണും. 20ല്‍ എത്തിയ ഇളകിമറിഞ്ഞ യുവത്വത്തിനിടയില്‍ മദ്യത്തിന് താരപരിവേഷമുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഞാന്‍ തിളങ്ങുന്ന യുവത്വത്തിലാണ്. മദ്യം, ജാസ്, സിഗററ്റ്.. അതായിരുന്നു സ്വാതന്ത്ര്യം. അതുകൊണ്ട് കുടിക്കുക, പുകവലിക്കുക എന്നതായിരുന്നു പുരോഗമനപരമായ പ്രവൃത്തി. ഇപ്പോഴങ്ങനെയല്ല.

‘സ്വര്‍ണ്ണ നോട്ടു പുസ്തക’ത്തിലേയ്ക്കു വരാം. ആ പുസ്തകമാണ് താങ്കളെ ഒരു സ്ത്രീവിമോചനവാദികളുടെ ആരാധനാവിഗ്രഹമാക്കിയത്. പലരും താങ്കളുടെ ഏറ്റവും നല്ല രചനയായി ചൂണ്ടിക്കാണിക്കുന്നതും അതിനെയാണ്. താങ്കള്‍ പലപ്പോഴും അതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു.

സ്വര്‍ണ്ണ നോട്ടു പുസ്തകത്തേക്കാള്‍ മികച്ച പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നെയൊരു വാസ്തവമുള്ളത്, തീരെ സങ്കുചിതമായ വിധത്തില്‍ കണ്ട്, ഫെമിനിസ്റ്റ് ഗ്രന്ഥമായി ഇതിനെ വിലയിരുത്തുന്നത് എനിക്കിഷ്ടമല്ല. എല്ലാവര്‍ക്കും ആ പുസ്തകം ഇഷ്ടപ്പെട്ടു. മിക്ക രാജ്യങ്ങളിലും നന്നായി വിറ്റു പോകുന്നുണ്ട്. മരിച്ചു എന്നു വിചാരിച്ച സന്ദര്‍ഭങ്ങളില്‍ പോലും അതു ചലനമറ്റു കിടക്കാതെ പെട്ടെന്ന് എഴുന്നേറ്റു വരുന്നതു കാണാം.

താങ്കള്‍ അത് രചിച്ചത് ഒട്ടും പ്രയാസപ്പെടാതെയാണെന്നും ആളുകള്‍ ഉന്മാദത്തോടെയാണ് അതിനെ കൈക്കൊണ്ടതെന്നും പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചത്?

‘സ്വര്‍ണ്ണപുസ്തകത്തിനു‘മാത്രം സാധകമായ കാര്യമല്ല അത്. ഞാന്‍ പലപ്പോഴും വിചാരപ്പെട്ടിട്ടുള്ളത് എന്താണ് നമ്മെ വിഭജിക്കുന്നത്, പകുക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങള്‍പ്പറ്റിയാണ്. ജനങ്ങളില്‍ പൊതുവേയുള്ളതെന്ത് എന്നു നാം ചിന്തിക്കാറേയില്ല. കറുപ്പും വെളുപ്പുമായ മനുഷ്യര്‍. ആണും പെണ്ണും, ശിശുവും വൃദ്ധനും. അവരെ അടുത്തു കണ്ടു നോക്കുക. അവരില്‍ വൈദ്ധ്യത്തേക്കാള്‍ സമാനതകളായിരിക്കും കൂടുതല്‍. അതു കാണില്ല. മനസ്സിന്റെ ഒരസുഖമാണ് അതെന്നു പറയാനാണ് എനിക്കു താത്പര്യം. കാരണം ആണിനും പെണ്ണിനും സമാനതകളാണ് കൂടുതല്‍.

ഫെമിനിസത്തിന്റെ മറ്റൊരു വശത്തു നിന്നുകൊണ്ട് വ്യത്യസ്തമായ ഒരു ചോദ്യം ചോദിക്കട്ടേ, ഇക്കാലത്ത് സ്ത്രീകള്‍ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിപ്പെടുന്നു എന്ന് താങ്കള്‍ എഴുതി.......

അതെ. അവര്‍ പെട്ടെന്ന് ഹിസ്റ്റീരിയയ്ക്ക് വഴിപ്പെടുന്നു. മിക്കവാറും രാഷ്ട്രീയ കാരണങ്ങളാലാവാം. ആരെങ്കിലും സ്വയം തുറന്നുകാണിക്കപ്പെടുമ്പോഴോ കഴിവില്ലായ്മയെപ്പറ്റി വെറുതേ അഭിപ്രായം എയ്തുവിടുമ്പോഴോ ഒന്നും ഞാന്‍ കലിതുള്ളിയതായി ഓര്‍ക്കുന്നില്ല. ‘അതാണ് ജീവിതം’. പക്ഷേ ഇപ്പോഴെല്ലാം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണ്.

വ്യാപകമായ ലൈംഗിക പീഡനമാണോ ഉദ്ദേശിച്ചത്?

ഗൌരവമുള്ളതല്ല അതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളോട് ഒരനുഭാവവും ഇല്ലാത്ത ശബ്ദത്തില്‍
സംസാരിക്കുകയുമല്ല, ഞാന്‍. ഇതാണ് ഇതു പോലുള്ള സംഭാഷണങ്ങളുടെ കുഴപ്പം. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പ്രയാസപ്പെടേണ്ടി വരും. ഭൂരിപക്ഷം സ്ത്രീകളും ഇല്ലാത്ത ആക്രമണത്തെപ്പറ്റിയാണ് കഥകളുണ്ടാക്കുന്നത്. ജീവിതത്തിലെ മറ്റേതൊരു ഉപദ്രവത്തെയും പോലെ മാത്രമേയുള്ളൂ ഈ പീഡനവും മറ്റും. ഒരു ചെറിയ ആണ്‍കുട്ടി അതുപോലൊരു ചെറിയ പെണ്‍കുട്ടിയെ സ്കൂളില്‍ വച്ച് ചുംബിച്ചാല്‍ അത് ദേശീയപ്രശ്നമായി മാറും. എന്താണ് ഇതിനെക്കുറിച്ചൊക്കെ പറയുക? ഒരുതരം ഭ്രാന്ത് അല്ലാതെന്ത്?

ഡോറിസ് ലെസ്സിംഗിന്റെ കാലത്ത്, ഡോറിസ് ലെസ്സിംഗായി ജനിച്ചതില്‍ സന്തോഷമുണ്ടോ? നല്ല കാലങ്ങളിലൂടെ ജീവിതം കടന്നു പോയതായി തോന്നാറില്ലേ?

ഉണ്ട്. കാലം രസകരമായി കടന്നുപോയി. മറ്റു പല സംസ്കാരങ്ങളിലും ഒരു സ്ത്രീയായിരിക്കുക പ്രയാസമുള്ള കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഇപ്പോള്‍ പോലും. മുസ്ലീം സമൂഹത്തില്‍ ഒരു പെണ്ണായി കഴിയാന്‍ എനിക്കു പറ്റില്ല. മൊത്തത്തില്‍ ഭാഗ്യവതിയാണെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു.

വിവര്‍ത്തനം : ശിവകുമാര്‍ ആര്‍.പി
Subscribe Tharjani |