തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

ചുവന്ന ചെമ്പരത്തി

ചോപ്പു കിളര്‍ന്നു വന്ന
ചെമ്പരത്തിപ്പൂ വെറും
ചെമ്പരത്തിപ്പൂവെന്നു നിനച്ചു.

പച്ചില ഞരമ്പും
ചാരനിറമുള്ള
നീണ്ട തണ്ടും കടന്ന്`
ചെം പുഞ്ചിരിയൊലിച്ചു വന്ന
വംശവഴി തിരഞ്ഞപ്പോള്‍
വേഗമാനകം പിടിപ്പിക്കാത്ത
കാലചക്രങ്ങളില്‍
തോക്കു പൊട്ടുന്നതു കേട്ടു!

പരക്കും വേര്‍പടലത്തിന്റെ
വിദൂരവൃത്തങ്ങളില്‍
പലറൗണ്ടു വെടിപൊട്ടിച്ച
ഡയറിന്റ്‌ മാറ്റൊലി കേട്ടു.

അയ്യോ, രാമാ,
ചോരയില്‍ പിടച്ചവാക്കിന്റെ
തുണ്ട്‌ കണ്ടുകിട്ടി..
ചോപ്പുതുള്ളികള്‍കൊണ്ട്‌
ചോദ്യം വരച്ചുവച്ച
മണ്മടക്കില്‍ നിന്ന്
മാറത്തടികളുടെ മാറ്റൊലി-
ച്ചീളു വന്ന് കരണം തകര്‍ത്തു!

ചോന്നുവന്ന നിന്റെ വിദലത്തില്‍
വിരലൊന്നു തൊട്ടു;
വയ്യ,,
വിരലില്‍ പടര്‍ന്ന ചോരയ്ക്ക്‌
പലജന്മബന്ധത്തിന്റെ
ചൂടും കടുപ്പവും...!

Subscribe Tharjani |