തര്‍ജ്ജനി

കെ എം ഷെറീഫ്‌

റീഡര്‍,
ഇംഗ്ലീഷ് വിഭാഗം,
കോഴിക്കോട് സര്‍വ്വകലാശാല.പി.ഒ

Visit Home Page ...

കവിത

പ്രതീതിയാഥാര്‍ത്ഥ്യവും മറ്റും

പ്ലാറ്റോ പറഞ്ഞു.
ചാണക്യന്‍ പറഞ്ഞു.
ആദിശങ്കരന്‍ പറഞ്ഞു.
നാറാണത്തു ഭ്രാന്തന്‍ പറഞ്ഞു.
കുഞ്ഞിക്കണ്ണേട്ടനും കുഞ്ഞമ്മദുഹാജിയും പറഞ്ഞു
നിന്റെ തന്തയും തള്ളയും
കാമുകിയും ഭാര്യയും പറഞ്ഞു.
ഒക്കെ പോട്ടെ,
ഞാന്‍ പറഞ്ഞു.
എന്നിട്ടെന്തായി?

നിന്റെ രണ്ടു ചെവികള്‍ക്കിടയിലെ
സൂപ്പര്‍ ഹൈവേയിലൂടെ
അതെല്ലാം ചീറിപ്പാഞ്ഞു പോയി.

അറിയാഞ്ഞിട്ട്‌ ചോദിക്കുകയാ:
ആത്മാവിന്റെ തീജ്വാലയില്‍
ഏതു കഞ്ഞിയാണ്‌ വേവുക?
നെരൂദയുടെ മഴവില്ലിന്റെ കൂപ്പായമിട്ട്‌
കോളേജിലോ ഓഫീസിലോ പോകാന്‍ കഴിയുമോ?
സച്ചിദാനന്ദന്റെ 'ഇരിങ്ങാലക്കുട'ക്കു കീഴില്‍ നിന്നാല്‍
ചാറ്റല്‍മഴയിലും നനഞ്ഞു കുളിക്കില്ലേ?
തങ്കക്കിനാക്കള്‍ കൊണ്ടു പണിത താജ്മഹല്‍
ബോധത്തിന്റെ വിള്ളലുകളിലേക്കു
താഴ്‌ന്നുപോകാന്‍ എത്ര നേരം വേണം?
മനോരാജ്യത്തില്‍ വിരിഞ്ഞ
ആരാമത്തിന്റെ രോമാഞ്ചം
വാങ്ങിയവരുടെയെല്ലാം കാശു പോയില്ലേ?


എന്ത്‌? ആദര്‍ശറിപ്പബ്ലിക്‌ തന്നെ ഒരു കവിതയാണെന്നോ?
ഡിജിറ്റല്‍ അര്‍ത്ഥശാസ്ത്രത്തെക്കുറിച്ച്‌
എനിക്ക്‌ ഒരു ചുക്കും അറിയില്ലെന്നോ?
ഇ-മെയില്‍ വിലാസവും മായയാണെന്നോ?
മാധ്യമം മാധ്യമത്തിനു വേണ്ടിയാണെന്നോ?
ബുലോഗികളും ഭൂലോക പാസ്‌വേഡ്‌ റാഞ്ചികളും
പട്ടും വളയും പിടിച്ചു വാങ്ങുന്ന കലാകാരന്മാരാണെന്നോ?
പരസ്യവാചകങ്ങള്‍ എഴുതിക്കൊടുത്ത്‌
പുരയും പറമ്പും വാങ്ങിയവരോട്‌
കല തേവിടിച്ചിയല്ലെന്നു പറയണമെങ്കില്‍
വള്ളത്തോള്‍ വെള്ളത്തിലായിരിക്കണമെന്നോ?
കൊച്ചി കണ്ടവനു മാത്രമല്ല
ബ്രോഡ്ബേന്റ്‌ കണക്ഷനുള്ളവനും
അച്ചി വേണ്ടെന്നോ?

പന്ത്രണ്ടു പകിടയും തികഞ്ഞവനേ
നിന്‍ തോഴരില്‍ ഞാനാണ്‌ പോഴന്‍.

Subscribe Tharjani |