തര്‍ജ്ജനി

വി. കെ. പ്രഭാകരന്‍‌

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

വര്‍ത്തമാനം

പി.കെനാണു സംസാരിക്കുന്നു

നാടകകൃത്തും നാട്ടുകാരനുമായ വി.കെ.പ്രഭാകരനുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ നിന്ന്

1
ഞാന്‍ കഥകളെഴുതിത്തുടങ്ങിയിട്ട് നാല്പത് വര്‍ഷങ്ങള്‍ കഴിയുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതലേ എഴുതിയിട്ടുണ്ട്. ചോമ്പാല്‍, കൊളരാട് തെരുവിലെ വായശാല പുറത്തിറക്കിയിരുന്ന കൈയെഴുത്ത് മാസികയിലാണ് ആദ്യമായി എഴുതുന്നത്. അക്കാലത്ത് ഞങ്ങളുടെ വായനയും വായനശാലകളില്‍ വെച്ച് തന്നെ. വീട്ടിലൊന്നും ആഴ്ചപ്പതിപ്പുകളോ എന്തിന് പത്രം തന്നെയോ വാങ്ങാറില്ല. പുസ്തകവായനയ്ക്ക് നമ്മുടെ മുക്കാളിയിലെ മഹാത്മാ വായനശാലയുണ്ടായിരുന്നു. രാമായണവും മഹാഭാരതവും ഐതിഹ്യമാലയുമൊക്കെ വായിക്കുന്നത് ഇങ്ങനെയായിരുന്നു. ആയിരത്തൊന്നു രാവുകളും കുറേയേറെ ഡിറ്റക്ടീവ് നോവലുകളും മറ്റുമായിരുന്നു മറ്റുള്ള വായന. പക്ഷെ, വായന ഇഷ്ടമായിരുന്നു അതിനായി സമയം ഒരുപാട് ചെലവിട്ടിരുന്നു.

ജോലി തേടി ബോംബെയില്‍ പോയതില്‍ പിന്നെയാണ് കഥകളെഴുതി ആഴ്ചപ്പതിപ്പുകളിലും മറ്റും അയക്കുന്നത്. ശ്രദ്ധിക്കപ്പെട്ട ആദ്യ കഥ അച്ചടിച്ച് വന്നത്, 1968 ഏപ്രില്‍ മാസത്തിലെ അന്വേഷണം മാസികയില്‍. അന്വേഷണം പ്രസിദ്ധീകരിച്ചിരുന്നത് മദിരാശി (ചെന്നൈ)യില്‍ നിന്നായിരുന്നു. അന്വേഷണം മാസികയ്ക്ക് അന്ന് മലയാള സാഹിത്യത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ കഥ പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍ ഉണ്ടായ ആഹ്ലാദം വലുതായിരുന്നു. ഹിറ്റ്‌ലറുടെ അവസാനനിമിഷങ്ങള്‍ എന്നായിരുന്നു കഥയുടെ പേര്. നമ്മുടെ ഈ ചോമ്പാലിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കഥ. ഈ കഥ എന്റെ കഥാസമാഹാരങ്ങളിലൊന്നും ഉള്‍പ്പെടുത്താന്‍ പറ്റിയില്ല. മാസികയുടെ കോപ്പി നഷ്ടപ്പെട്ടു പോയിരുന്നു. പഴയ അന്വേഷണത്തിന്റെ കോപ്പിക്കായി കുറേയൊക്കെ ശ്രമം നടത്തി. കിട്ടിയില്ല. അങ്ങനെ ഉള്‍പ്പെടുത്താന്‍ പറ്റാതെ പോയ പല കഥകളുമുണ്ട്.

2
1965ല്‍ എസ്.എസ്.എല്‍.സി പാസ്സായതിനു ശേഷം ഞാന്‍ ബോംബേയ്ക്കടുത്തുള്ള അംബര്‍നാഥിലേക്ക് പോയി. ജോലി അന്വേഷിക്കുവാനും, പറ്റുമെങ്കില്‍ സായാഹ്നക്ലാസ്സില്‍ ചേര്‍ന്നോ മറ്റോ തുടര്‍ന്ന് പഠിക്കുവാനും. രണ്ടും നടന്നു. 1966ല്‍ കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിരോധവകുപ്പിന്‍ കീഴിലുള്ള അംബര്‍നാഥിലെ ഫാക്ടറിയില്‍ ജീവനക്കാരനായി നിയമനം ലഭിച്ചു. ക്ലാര്‍ക്കായി.

അംബര്‍നാഥും പരിസരപ്രദേശങ്ങളും ഒരു ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റായിരുന്നു. സ്വാഭാവികമായും തൊഴിലാളി സംഘടനകളും സജീവമായിരുന്നു. ഞാന്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ നേതൃത്വം ഇടതുപക്ഷത്തിനാണ്, അന്ന്. ഈ സംഘടനയില്‍പ്പെട്ട ചില സഖാക്കളോടൊപ്പം മാര്‍ക്‌സിസ്റ്റ് സ്റ്റഡി ക്ലാസ്സുകളിലൊക്കെ ഞാന്‍ ധാരാളമായി പങ്കെടുത്തു. സാഹിത്യകൃതികളോടൊപ്പം മാര്‍ക്‌സിസം-ലെനിനിസ്റ്റ് കൃതികളും തുടര്‍ന്ന് മാവോ ചിന്തകളും ചെഗുവേരയുടെ ഡയറിക്കുറിപ്പുകളും മറ്റും. ബോംബെയും പ്രാന്തപ്രദേശങ്ങളും വായിക്കാന്‍ താല്പര്യമുള്ളവക്ക് ഒരുപാട് സാദ്ധ്യതളുള്ള സ്ഥലമായിരുന്നു. ഗൗരവതരമായ സാഹിത്യവായന അക്കാലത്ത് നടന്നു.

3
അംബര്‍നാഥില്‍ വെച്ചു തന്നെയാണ് തീവ്ര ഇടതുപക്ഷനിലപാട് പുലര്‍ത്തുന്ന സഖാക്കളുമായി ഞാന്‍ ബന്ധപ്പെടുന്നത്. ഇതിനിടെ നക്‌സല്‍ബാരിയും അതേപോലെ കേരളത്തിലടക്കം മറ്റു പല സ്ഥലങ്ങളിലും നക്‌സലൈറ്റ് ആക്രമണങ്ങള്‍ സംഭവിച്ചിരുന്നു.

പ്രക്ഷുബ്ധമായ, എന്നാല്‍ ആവേശഭരിതമായ ഒരു വിപ്ലവമുന്നേറ്റത്തിന്റെ കാലഘട്ടത്തിലാണ് എന്റെ യൗവ്വനം. നമ്മള്‍ പലതും സ്വപ്‌നം കാണുന്ന തീവ്രവും അസ്വസ്ഥവുമായ കാലം. വിമോചനസമരങ്ങളുടേയും ചെറുത്തുനില്പിന്റേയും മുഷ്ടിചുരുട്ടിയ കരുത്തുറ്റ കാലം. ഫിദല്‍ കാസേ്ട്രായെയും ചെഗുവേരയേയും ഹോചിമിനേയുമൊക്കെ അന്നത്തെ യൗവ്വനം നെഞ്ചോട് ചേര്‍ത്ത് നടന്നിരുന്നു. എന്നാല്‍ ഈ കാലം ഹിപ്പികളുടേയും മയക്കുമരുന്നില്‍ അഭയം കണ്ടെത്തിയിരുന്ന പടിഞ്ഞാറന്‍ ചെറുപ്പക്കാരുടേയും ജീവിതനിരാസത്തിന്റേയും കാലമായിരുന്നു. വേഷത്തിലും നടത്തത്തിലും നിങ്ങള്‍ ഒരു റെബലാണെന്ന് കാണിക്കാന്‍ ഉത്സാഹം കാട്ടിയിരുന്ന കാലം.

ഈ കാലത്ത് ഞാന്‍ എഴുതിയിരുന്ന കഥകളില്‍ തീവ്ര ഇടതുപക്ഷത്തെ സേ്‌നഹിക്കുന്ന ഒരു നിലപാട് ഉണ്ടായിരുന്നു. എന്നാല്‍, ഒരു പ്രസ്താവനയുടെ അഭംഗി വരാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. കഥയുടെ സുഭഗത നഷ്ടപ്പെടാതെ, എന്നാല്‍ എന്റെ നിലപാട് മറച്ചുവെക്കാതെയുമായിരുന്നു ഞാന്‍ കഥകളെഴുതിയിരുന്നത്. തീര്‍ച്ചയായും ചില കഥകളില്‍ അതികഥനവും അമിതാവേശവും പ്രകടമായിട്ടുണ്ടാകാം. അത് പക്ഷെ, ആ കാലത്തിന്റെയും ആ യൗവ്വനത്തിന്റേയും പ്രത്യേകതകള്‍ കൊണ്ടായിരുന്നു.

4
തികച്ചും ഒരു സാധാരണ കുടുംബത്തില്‍ നിന്ന് തികച്ചും സാധാരണമായ ആശകളും സ്വപ്‌നങ്ങളുമായി മറുനാട്ടിലെത്തിയ ഒരാളായിരുന്നു ഞാന്‍. അതിനാലായിരിക്കണം, അക്കാലത്ത് സാഹിത്യരംഗത്ത് ആഘോഷിക്കപ്പെട്ടിരുന്ന അസ്തിത്വവ്യഥകളൊന്നും എന്നെ ബാധിച്ചിരുന്നില്ല. ഒറ്റപ്പെട്ടവരുടെ കഥയെഴുതിയിട്ടുണ്ടെങ്കില്‍ അത് അസ്തിത്വദു:ഖം കൊണ്ട് ഒറ്റപ്പെട്ടവന്റെ കഥയായിരുന്നില്ല.

പ്രതിരോധത്തിന്റേയും വിമോചനമോഹത്തിന്റേയും സ്വരങ്ങള്‍ തീക്ഷ്ണമായിരുന്ന അക്കാലത്ത് യുവാക്കള്‍ രണ്ട് രീതികളിലാണ് പ്രതികരിച്ചിരുന്നത്.
ഒന്ന്: ജീവിതനിരാസത്തിന്റെ സ്വരത്തില്‍; ഹിപ്പിയിസം, മയക്ക്മരുന്നില്‍ അഭയം തേടല്‍, മൃത്യൂപാസന തുടങ്ങിയവ.
രണ്ട്: ലോകമെമ്പാടും നടക്കുന്ന വിമോചന / വിപ്ലവസമരങ്ങളോട് അനുഭാവം പുലര്‍ത്തി, പ്രത്യക്ഷമായോ പരോക്ഷമായോ വിപ്ലവമുന്നേറ്റങ്ങളുടെ ഭാഗമാവുക, ജീവിതത്തെ ഉയര്‍ത്തിപ്പിടിക്കുക.

അപരിചിതമായ അസ്തിത്വദര്‍ശനത്തേക്കാളും എനിക്ക് താല്പര്യം തോന്നിയിരുന്നത് രണ്ടാമത്തേതിനോടായിരുന്നു. കാരണം അതില്‍ ജീവിതവും സമരവുമണ്ട്. അതുകൊണ്ട് തന്നെ അത് എന്റേതു കൂടിയായിരുന്നു.

ഇതായിരുന്നു ഞാന്‍ എഴുപതുകളില്‍ എന്റെ കഥകളിലും സന്നിവേശിപ്പിക്കുവാന്‍ ശ്രമിച്ചത്. തീര്‍ച്ചയായും ആധുനികതയുടെ ഭാവുകത്വത്തെ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ നിശിതമായ രാഷ്ട്രീയനിലപാടുകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

5
എനിക്കു തോന്നുന്നത് രാഷ്ട്രീയം എന്നത്, നമ്മള്‍ ആഗ്രഹിക്കുന്നതിനു വേണ്ടിയുള്ള, അല്ലെങ്കില്‍, നമ്മള്‍ നല്ലതാണെന്നു കരുതുന്നവയ്ക്ക് വേണ്ടിയുള്ള വികാരതീവ്രമായ സമരം കൂടിയാണ്. മറ്റൊരു ലോകം സാദ്ധ്യമാണ് എന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

6
നിങ്ങളുടെ വിപ്ലവസ്വപ്‌നങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അത്തരം സ്വപ്‌നങ്ങള്‍ കണ്ടതിന് നന്ദി പറയുന്നു. എന്നാല്‍ ഇനി നിങ്ങള്‍ക്കാവശ്യം ആഗോളവത്കരണം, ഉദാരവത്കരണം, പ്രത്യേകസാമ്പത്തികമേഖല, ഇന്‍ഫര്‍മേഷന്‍ പാര്‍ക്കുകള്‍, റിയാലിറ്റി ഷോകള്‍, ബ്രോഡ്ബാന്റ്, FM റേഡിയോ, വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവയൊക്കെയാണ് - ഇതാണ് ഞാനിപ്പോള്‍ കേള്‍ക്കുന്നത്.

ഈയൊരു മാറിയ കാലത്താണ് ഞാനിപ്പോഴുള്ളത് എന്നെനിക്കറിയാം. പഴയശൈലിയിലുള്ള വിപ്ലവത്തിന് ഇനി സാദ്ധ്യത കുറവായിരിക്കാം. എങ്കിലും സാദ്ധ്യമായേക്കാവുന്ന, നമ്മുക്കഭികാമ്യമായ മറ്റൊരു ലോകത്തെപ്പറ്റി സ്വപ്‌നം കാണരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം? സ്വപ്‌നം കാണാനുള്ള പേറ്റന്റ് അവകാശം വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തവര്‍ ഇനിയുമിവിടെ ഉണ്ടെന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു.

7
സാഹിത്യരചനകളില്‍ മിഴിവാര്‍ന്ന് നില്ക്കുന്നൊരു കഥാപാത്രമുണ്ട് - കാലം. മാറിമാറിക്കൊണ്ടിരിക്കുന്ന ജീവിതം നിറയെ നിറഞ്ഞു നില്ക്കുന്ന കാലം. രചനകള്‍ക്ക്, മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച്, അവയുടെ പ്രമേയത്തിന്റെ സ്വഭാവത്തിലും മാറ്റമുണ്ടാകുന്നു. ഈ പ്രമേയമാറ്റത്തിനനുസരിച്ച് കൃതിയുടെ ശില്പഘടനയിലും മാറ്റമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. ആധുനികതയുടെ കാലത്ത് കൃതികളില്‍ ബോധപൂര്‍വ്വം വരുത്തിയിരുന്ന ദുര്‍ഗ്രഹതയുടേയും സങ്കീര്‍ണ്ണതയുടേയും സ്വഭാവം വായനക്കാര്‍ തിരസ്കരിച്ചു. ഇന്നത്തെ രചനകളില്‍ ആഖ്യാനരീതി ലാളിത്യത്തിന്റേതാണ് എന്നാല്‍ കഥയില്ലായ്മയുടെ പ്രശ്‌നമുണ്ട്. ഒരു ചെറുലേഖനത്തിലൂടെയോ പത്രാധിപര്‍ക്കുള്ള വായനക്കാരുടെ കത്തിലൂടെയോ പറയേണ്ടുന്ന കാര്യം കഥയാക്കുന്ന രീതി.

ഒരു പക്ഷെ, ഈ രീതി തന്നെയായിരിക്കുമോ, ആഗോളവത്കരണകാലത്തെ രചനകളെ തൊട്ടു മുമ്പേ കടന്നു പോയ കാലത്തിന്റെ രചനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്? എന്നാല്‍ പല കഥകളിലും ആഗോളവത്കരണകാലത്ത് നമ്മുടെ സമൂഹത്തില്‍ വന്നിരിക്കുന്ന, പ്രക്ഷുബ്ധമായ ജീവിതവും പൊള്ളത്തരങ്ങളും പ്രതിഫലിക്കുന്നുണ്ട്.

8
ദലിത് പ്രശ്‌നങ്ങളെ ഞാന്‍ എഴുപതുകളുടെ തുടക്കത്തില്‍ തന്നെ ഞാന്‍ കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്. `` ഒരു ആദിവാസിബാലന്റെ ആത്മകഥയില്‍ നിന്ന്'' എന്ന കഥ വന്നത് സ്ടീറ്റ് മാസികയിലായിരുന്നു. ആ കഥയെഴുതുമ്പോള്‍ ഞാന്‍ അംബര്‍നാഥിലായിരുന്നു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ നിന്ന് കടുത്ത പട്ടിണിയും ദുരിതവും കാരണം ഗ്രാമീണര്‍ ബോംബേ, പുനെ തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറി. ഒരു കാലത്ത് ബോംബേ തെരുവോരങ്ങള്‍ ഇത്തരം ഗ്രാമീണരെക്കൊണ്ട് നിറഞ്ഞിരുന്നു.

നമ്മുടെ കേരളത്തില്‍ കാണാത്ത നിന്ദ്യമായ രീതിയിലുള്ള പെരുമാറ്റമാണ് മറ്റു സംസ്ഥാനങ്ങളില്‍ ദലിതര്‍ അനുഭവിച്ചിരുന്നത്. ബോംബേ, താനെ എന്നിവിടങ്ങളിലെ ചില ദലിത് പാന്തേഴ്‌സ് അനുഭാവികളുമായി എനിക്ക് ബന്ധപ്പെടാനും സംസാരിക്കാനും ഇടയായിട്ടുണ്ട്. ഇതിന്റെ പ്രേരണ ഇല പൊഴിയും കാടുളില്‍, ബുച്ചയ്യ നൃത്തം ചെയ്യുന്നു, ഭൂവനേശ്വരിയുടെ യാഥാര്‍ത്ഥ്യം എന്നീ കഥകളിലുണ്ട്.

2000നു ശേഷം തെലങ്കാന പശ്ചാത്തലമാക്കി എഴുതിയ ചില കഥകളില്‍ അവിടുത്തെ ദലിതരുടെ മനസ്സുണ്ട്.

9
വെറും വാക്കുകള്‍, കുഞ്ഞിരാമേട്ടന്‍ എന്ന കഥാപാത്രം വരുന്ന കഥകള്‍ - ഇവയൊക്കെ ആഗോളവത്കരണകാലത്തെ ജീവിതവും രാഷ്ട്രീയവും സൂചിപ്പിക്കുന്ന കഥകളാണ്.

10
ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്ന് ഒരു മുന്‍കാല നക്‌സലൈറ്റ് കരുതുന്നു. നക്‌സലൈറ്റുകള്‍ ശല്യക്കാരോ ക്രമസമാധാനപ്രശ്‌നമുണ്ടാക്കിയവരോ വഴിതെറ്റിപ്പോയ ഇടതുപക്ഷക്കാരോ ആയിരുന്നില്ല. അവര്‍ നല്ല സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ക്കുള്ള സ്ഥാനം എന്ന കഥ ഈയൊരു തലത്തില്‍ നിന്നുകൊണ്ട് എഴുതിയതാണ്.

Subscribe Tharjani |