തര്‍ജ്ജനി

എം. എം. സോമശേഖരന്‍

ഏനൊത്തൂര്‍,
ചോറോട്,
വടകര

Visit Home Page ...

നിരൂപണം

ആശയങ്ങളേക്കാള്‍ വലുതായ ജീവിതങ്ങളും സ്വപ്നങ്ങളും

ആധുനികസാഹിത്യം എഴുത്തിന്റെ മുഖ്യധാരയായിത്തുടങ്ങിയ കാലത്താണ് പി.കെ. നാണു കഥകളെഴുതിത്തുടങ്ങുന്നത്. ആധുനികതയോടൊപ്പം വഴിനടന്നു തന്നെയാണ് നാണു എഴുത്തുകാരനാകുന്നതും. എന്നാല്‍ പിന്നീട് ആധുനികതയില്‍ നിന്ന് പിരിഞ്ഞൊഴുകിയ ഒരു കൈവഴിയിലാണ് അദ്ദേഹത്തിന്റെ കഥകള്‍ പുതിയ വ്യക്തിത്വവും ചരിത്രസ്ഥാനവും നേടിയെടുക്കുന്നത്. പക്ഷെ ഇവ ശരിയായി അറിയുന്നതിന് ഈ കാലഘട്ടവുമായി ചേര്‍ന്നു നില്ക്കുന്ന കഥാചരിത്രത്തിന്റെ ഒരു പശ്ചാത്തലം കൂടിയേ തീരൂ.

അമ്മ മരിച്ചത് ഇന്നലെയോ ഇന്നോ എന്ന നിസ്സംഗസ്ദിഗ്ദ്ധമായ ആലോചനയോടെ തുടുന്ന കമ്യുവിന്റെ അന്യനാണ് അന്നത്തെ ഒരു മാതൃകാരചന. ജീവിതത്തെയും അതിന്റെ ദീനതകളെയുമെല്ലാം കഥകളിലേക്ക് ആവാഹിച്ച നവേത്ഥാനകഥാപാരമ്പര്യങ്ങളോട് കലഹിച്ചാണ് ആധുനികത പിറക്കുന്നത് തന്നെ. ജീവിതദുരന്തങ്ങള്‍ക്ക് പിറകില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു കാരണതാ പശ്ചാത്തലമുണ്ടെന്നതിനേക്കാള്‍ എത്രയോ ആഴവും ഗഹവുമായ ദാര്‍ശനികസമസ്യകളാണ് ഉള്ളതെന്ന് ആധുനികത പൊതുവില്‍ പറഞ്ഞുവെച്ചു. ദൈനംദിനജീവിതത്തിന്റെ എല്ലാ സാമൂഹികകെട്ടുപാടുകളില്‍ നിന്നും വേറിട്ട് അവയ്ക്ക് അതീതമായി നില്ക്കുന്ന ദാര്‍ശനികസമസ്യകള്‍ വ്യക്തിജീവിതങ്ങളില്‍ തീര്‍ക്കുന്ന സംത്രാസങ്ങളെയാണ് അവ സര്‍ഗ്ഗമുഹൂര്‍ത്തങ്ങളായി സ്വീകരിച്ചത്. യുദ്ധാനന്തരകാലത്തെ പ്രതീക്ഷാനിര്‍ഭരമായി തോന്നിച്ച സമ്പദവസ്ഥാപശ്ചാത്തലം പുതിയ പ്രതിസന്ധികളിലേക്ക് നീങ്ങിത്തുടങ്ങിയതും തൊഴിലില്ലായ്മയ്ക്ക് ഉള്‍പ്പെടെ അത് ഉയര്‍ത്തിയ പ്രശ്നങ്ങളുമെല്ലാം ജീവിതനൈരാശ്യങ്ങളുടെ അശുഭാപ്തികള്‍ നിറഞ്ഞ ഒരു അന്തരീക്ഷമാണ് മദ്ധ്യവര്‍ഗ്ഗത്തിന് നല്കിയത്. കൂടാതെ പിളര്‍പ്പിനെത്തുടര്‍ന്ന് അക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ശക്തിനേടിത്തുടങ്ങിയ രാഷ്ട്രീയാപചയങ്ങള്‍ അന്തരീക്ഷത്തില്‍ കനത്തു തൂങ്ങിത്തുടങ്ങിയ ഈ അശുഭാപ്തിചിന്തകള്‍ക്ക് പുതിയ നിറക്കൂട്ടുകള്‍ നിര്‍മ്മിച്ച് നല്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഇങ്ങനെ നിര്‍മ്മമായി വിശകലനം ചെയ്ത് പറയുന്ന കാര്യകാരണതാബന്ധളെക്കാളേറെ മദ്ധ്യവര്‍ഗ്ഗങ്ങള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ പരാജയബോധത്തിന്റേയും ഒറ്റപ്പെടലിന്റേതും എല്ലാമായി നിറഞ്ഞു തുടിയ നിരാശചിന്തകള്‍ക്കാണ് അന്ന് പ്രാധാന്യം ലഭിച്ചത്. സാമൂഹികവേരുകള്‍ അറ്റുപോകുന്ന മദ്ധ്യവര്‍ഗ്ഗവ്യക്തിബോധം ചകിതമായ ഏകാകിതത്വത്തിന്റെയും പലായനത്തിന്റേയും രോഗാതുരമായ ഒരു മനോനിര്‍മ്മിതിയിലാണ് അകപ്പെട്ടത്. ഈ പലായനബോധം തിരിച്ച് ജീവിതസമസ്യകളോടുള്ള നിസ്സംഗമായ അന്യതാബോധത്തിലേക്കും കാര്യകാരണതകളുടെ അസംബന്ധഘടനളിലേക്കും കലയെയും സാഹിത്യത്തെയും നയിച്ചു. സര്‍ഗ്ഗരചനള്‍ക്ക് പുറത്തു നടന്ന വിവാദങ്ങളില്‍ മാത്രമല്ലാതെ കാക്കനാടന്റെ ഉഷ്ണമേഖല പോലുള്ള രചനകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും സമകാലീന നിലകളെയും തന്നെ അന്നത്തെ ചിന്താആലാവസ്ഥയ്ക്ക് കാരണമായി പ്രതിസ്ഥാനത്ത് അവരോധിക്കുകയും ചെയ്തു.

ജീവല്‍-പുരോഗമനസാഹിത്യത്തിനെതിരായ ഒരു പ്രധാനവിമര്‍ശനം അതില്‍ സ്വാധീനം ചെലുത്തിയ പ്രചരണാംശങ്ങളായിരുന്നു. അതിനെക്കാള്‍ എത്രയോ ഏറെ ദാര്‍ശനികഭാരങ്ങള്‍ സാഹിത്യത്തില്‍ ആധുനികത ഇറക്കിവെച്ചു. ഈ പുതിയ ദര്‍ശനങ്ങള്‍ തോന്നിപ്പിച്ച ഗംഭീരതയടക്കം ആശയഭാരങ്ങള്‍ താങ്ങാന്‍ പ്രാപ്തമായ ഒരു പുതു കഥാസ്വരൂപം അതിന് വാര്‍ത്തെടുക്കേണ്ടി വന്നു. ഇങ്ങനെ കഥയിലും കവിതയിലും ഉണ്ടായ പുതിയ വഴിത്തിരിവുകള്‍ ആവിഷ്കരിക്കാനും തിരിവ് ചാലുകള്‍ വെട്ടിയെടുക്കാനും തന്നെ രചനാപരവും രൂപപരവുമായ പുതിയസാങ്കേതികകുശലകള്‍ കൈവരിക്കാനും അത് നിര്‍ബന്ധിതമായി. വസ്തുനിഷ്ഠതയ്ക്ക് കൂടുതല്‍ സ്ഥാനം കൈവരുന്ന സാമൂഹികഭാഷ്യങ്ങള്‍ക്ക് പകരം ആത്മഭാഷണങ്ങളുടേയും ആത്മാലാപങ്ങളുടേയും കൂടുതല്‍ ആത്മനിഷ്ഠമായ ഒരു ഭാഷാസ്വരൂപവും സ്വരഘടനയുമെല്ലാമത് നിര്‍മ്മിച്ചെടുത്തു. കഥയെഴുത്തിന്റെ എല്ലാ ഉപകരണങ്ങളെയും ഉപാധികളേയും അത് പുതിയ മൂശകളിട്ട് ഉരുക്കി വാര്‍ത്തു കഥാചരിത്രത്തില്‍ ആധുനികതയ്ക്ക് മുമ്പും പിന്‍പുമെന്ന് പറയാവുന്നവിധം പുതിയൊരു ജനുസ്സിനെ തന്നെയാണ് അത് വാര്‍ത്തെടുത്തത്. ദര്‍സനത്തിന്റേയും സാഹിത്യവീക്ഷണത്തിന്റെയും പ്രടമായ പരിമിതികള്‍ക്കെല്ലാം ഉപരിയായി മലയാളകഥ ഒരു പുനര്‍നവീകരണത്തിന്റെ പഞ്കമ്മചികിത്സയ്ക്ക് വിധേയമായി എന്നതാണ് ഇക്കാലത്തിന്റെ ചരിത്രത്തിലെ പ്രധാന നീക്കിബാക്കികളിലൊന്ന്.

മറുവശത്ത് പുരോഗമനസാഹിത്യത്തിന്റെ ചരിത്രഭാരം തോളിലേറ്റി നടന്ന ദേശാഭിമാനി സാഹിത്യം അന്ന് പുരോഗമനസാഹിത്യചരിത്രത്തിനു തന്നെ അപമാനകരമാകും വിധം ഗ്രഹണിബാധിച്ച കഥളുടെ ദൈന്യം കാഴ്ചവെച്ചുപോന്ന കാലം കൂടിയാണത്. ആധുനികസാഹിത്യം ദുര്‍ഗ്രഹമാണെന്നും അശ്ലീലമാണെന്നും അടക്കം പഴയസദാചാരപ്പോലീസിന്റെ കൂടെകുറുവടികളുമായാണ് അത് ആധുനികതയെ സമൂഹമദ്ധ്യത്തില്‍ നേരിട്ടത്. പുതിയ കാലഘട്ടം ഉയര്‍ത്തിക്കൊണ്ടുവന്നതും അത് ആവശ്യപ്പെട്ടതുമായ ജീവിതസമസ്യകളെ തിരിച്ചറിയുന്നതിനു തന്നെ വലിയൊരളവില്‍ പരാജയപ്പെട്ടു. ഇവയടക്കമുള്ള പല കാരണളാവാം മലയാളസാഹിത്യചരിത്രത്തില്‍ സൂക്ഷിച്ച് വെക്കാവുന്ന മുട്ടത്തു വര്‍ക്കിയുടേയോ കാനത്തിന്റേയോ ഓര്‍മ്മയോളം പോലും വരുന്ന ഒരു കഥാകൃത്തിനെപ്പോലും അതിന് സൃഷ്ടിച്ചെടുക്കാനുമായില്ല. സിദ്ധാന്തപക്ഷത്തു നിന്നല്ലാതെ പ്രയോഗപക്ഷത്ത് നിന്നു തന്നെയുള്ള ഈ യാഥാര്‍ത്ഥ്യം മാര്‍ക്സിസത്തിന്റെ പിന്‍ബലം അവകാശപ്പെട്ടിട്ടും അതിന് തിരിച്ചറിയാനായതുമില്ല.

കഥാരംഗത്ത് അന്ന് ഒറ്റപ്പെട്ടതെങ്കിലും അവഗണിക്കാനാകാത്ത വേറിട്ടസ്വരം ആരംഭിക്കുന്നത് ആദ്യം പട്ടത്തുവിള കരുണാകരനും തുടര്‍ന്ന് എം.സുകുമാരനുമാണ്. ആധുനികതാസാഹിത്യം തീര്‍ത്തും വൈയക്തികമെന്നു തോന്നിപ്പിച്ച നിരാശാബോധത്തെയും നിരര്‍ത്ഥകതയെയുമെല്ലാം അവ പുതിയ തുറസ്സുകളുള്ള കാറ്റിലും വെളിച്ചത്തിലും കൊണ്ടുവന്നു നിറുത്തി. പുതിയൊരു സാമൂഹികപരിപ്രേക്ഷ്യത്തിന്റേയും പ്രതീക്ഷകളുടേയും തെളിച്ചവുമായി അത് ഇരുട്ടിലൂടെ പുതിയ വഴികീറാന്‍ ആരംഭിക്കുന്നുമുണ്ട്. എല്ലാ തുടക്കങ്ങളെയും എന്നതുപോലെ പട്ടത്തുവിളയുടെ കഥകള്‍ പുതിയ ബൌദ്ധികസംവാദളെയും സുകുമാരന്റെ കഥകള്‍ അധികവും അന്യാപദേശവഴികള്‍ കൂടുതല്‍ ആശ്രയിക്കുന്ന ഒരു ആശയലോകത്തെയും രേഖപ്പെടുത്തുകയാണ് ചെയ്തത്. പി.കെ. നാണുവിലും യു.പി.ജയരാജിലും ആണ് അത് സാധാരണ ജവിതമുഹൂര്‍ത്തങ്ങളിലേക്ക് നേരിട്ട് സഞ്ചരിക്കുന്നത്. പര്‍വ്വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍, അയല്‍രാജാവ് തുടങ്ങിയ ശീര്‍ഷകങ്ങള്‍ തന്നെ സുകുമാരന്റെ കഥകളുടെ സ്വഭാവത്തിലേക്കുള്ള സൂചകങ്ങളാണ്. അപ്പോളും ഒരു കാലഘട്ടത്തിന്റെ സജീവസാന്നിദ്ധ്യമായി കൊണ്ടു വന്ന മനോവ്യാപാരങ്ങളുടേയും ചിന്താലോകത്തിന്റേയും രേഖാകാരനാകാന്‍ സുകുമാരന് കഴിഞ്ഞു. പട്ടത്തുവിളയുടെയും സുകുമാരന്റെയും കഥയിലെ പരിമിതികള്‍ ഒരു സാമൂഹ്യകാലത്തിന്റ കൂടെ പരിമിതികളാണ്.

2

ആധുനികസാഹിത്യം തുറന്നിട്ട നിരാശാബോധത്തിന്റെ മറുധ്രുവത്തിലേക്കാണ് പക്ഷെ തുടര്‍ന്നു വന്ന എഴുപതുകളിലെ വിപ്ലവസാഹിത്യം സഞ്ചരിക്കുക. കാല്പനികതയ്ക്ക് വലിയ ഇടങ്ങളുള്ള ഒരു ഭൂമികയാണത്. തീവ്രവിപ്ലവകാല്പനികത പ്രകടിപ്പിച്ച ആധുനികതയ്ക്കെതിരായ ശുഭാപ്തിവിശ്വാസം വസ്തുനിഷ്ഠതയില്‍ ഊഉന്നതും ചരിത്രപരമെന്നതിനെതിനെക്കാള്‍ ആത്മിഷ്ഠമായിരുന്നു. അതുകൊണ്ടാ കൂടിയാകാം കഥകളേക്കാള്‍ കവിതകളാണവിടെ അധികം വിളഞ്ഞതും. മദ്ധ്യവര്‍ഗ്ഗത്തിന്റെ വിശ്വസങ്ങള്‍ക്കും വിഹ്വലതകള്‍ക്കും പുറത്ത് അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലുമായി ഇവിടെ സജീവസാന്നിദ്ധ്യമായി നിന്ന തീവ്ര ഇടതുപക്ഷരാഷ്ട്രീയത്തിനും വളരെ അധികമൊന്നും ഒഴുകിപ്പരക്കാനുമായിട്ടില്ല. വിപ്ലവത്തിന്റെ വാഹകരാകേണ്ടിയിരുന്ന തൊഴിലാളികര്‍ഷകാദി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ ഉതകുന്ന സംഘടനോപാധികളോ പ്രത്യയശാസ്ത്രവ്യക്തതളോ അതിന് കുറവുമായിരുന്നു.

കേരളത്തില്‍ ഒരു അവധിക്കാലസന്ദര്‍ശകന്‍ മാത്രമായിക്കഴിഞ്ഞിരുന്ന പി.കെ. നാണുവിന് പക്ഷെ വേറെയും വിശാലമായ ജീവിതപശ്ചാത്തലമുണ്ടായിരുന്നു. ആധുനികതയെ കേരളത്തില്‍ വളര്‍ത്തിയ വന്‍നഗരങ്ങളിലെ പ്രവാസി എഴുത്തുകാരുടേതില്‍ നിന്ന് വ്യത്യസ്തമായ സ്വന്തം തൊഴിലിടലും നാണുവിനെ ഏറെ സഹായിച്ചിരിക്കണം. ഓര്‍ഡിനന്‍സ് ഫാക്ടറിയിലെ ഗുമസ്തനായിരുന്നുകൊണ്ട് അവിടത്തെ തൊഴിലാളിസംഘടനകളുമായി ഉറ്റബന്ധം സൂക്ഷിക്കുവാന്‍ തനിക്കായി എന്നു നാണു തന്നെയും പറഞ്ഞിട്ടുണ്ട്. ജീവിതത്തിലും സാഹിത്യത്തിലും ദീര്‍ഘാലം ആണുവനോടൊപ്പം തോളുരുമ്മി നടന്ന യു.പിജയരാജും ഇതേ ഫാക്ടറിയിലെ തന്നെ ഒരു ജോലിക്കാരനായിരുന്നു. ആധുനികതയ്ക്ക് വളക്കൂറുണ്ടാക്കിയ ഡല്‍ഹിയും ബോംബേയും തമ്മില്‍ നഗരജീവിതഘടനയില്‍ അടക്കമുള്ള വ്യത്യാസങ്ങളും ഇതിലൊരു പ്രധാന പങ്ക് വഹിച്ചിരിക്കണം. ബോംബെ പശ്ചാത്തലമാക്കുന്ന ആനന്ദിന്റെ ആള്‍ക്കൂട്ടത്തില്‍ തന്നെയും പ്രടമാകുന്ന ജീവിതമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും അക്കാലത്തെ ഡല്‍ഹിക്കഥളില്‍ നിന്ന് ഏറെ വ്യത്യസ്തമാകുന്നുമുണ്ട്. ഉദ്യോഗസ്ഥവൃന്ദം കുമിഞ്ഞുകൂടുന്ന ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായികനഗരത്തിലെ ഒരു വന്‍കിടവ്യവസായശാലയിലെ ഗുമസ്തനായി ദീര്‍ഘകാലം ജോലി ചെയ്തിട്ടും നാണുവിന്റെ കഥകളില്‍ വന്നത് അധികവും നഗരങ്ങളിലെ ജീവിതമല്ല. മഹാരാഷ്ട്രയിലെ തന്നെ ആദിവാസിളും അധ:സ്ഥിതരുമടങ്ങുന്ന ഗ്രാമീണരുടെ ജീവിതസന്ദര്‍ഭങ്ങളാണ് അദ്ദേഹത്തിന്റെ കഥകളിലൊരു പങ്ക്. പിന്നീട് നാണു ജോലി ചെയ്ത ആന്ധ്രയിലെ മേദക്കും തെലുങ്കാനയുടെ ഗ്രാമങ്ങളിലെ സായുധ ഏറ്റുമുട്ടലുകള്‍ കൊണ്ട് മാത്രമല്ല, ജീവിതസാഹചര്യങ്ങളിലെ അമ്പരപ്പിക്കുന്ന പിന്നോക്കാവസ്ഥകൊണ്ടും നാണുവിന്റെ കഥകളില്‍ ഒരു പ്രധാന സ്വാധീനപശ്ചാത്തലമായി വളരുന്നു. ഇതാകണം നാണുവിന്റെ കഥകളിലെ വിപ്ലവകാല്പനികതയ്ക്ക് പുതിയൊരു രാസപരിണാമം കൈവരുത്തുന്നത്. അത് പലപ്പോഴും പ്രാചീനജീവികാപരിസരങ്ങളിലെ ഒരു മിത്തിന്റെയോ ഐതിഹ്യകഥാനിര്‍മ്മിതിയുടെയോ ഒക്കെ ബാഹ്യരൂപം കൈക്കൊള്ളുന്നു. പകരം അന്തര്‍ഘടനയില്‍ ആധുനികജവിതസമസ്യകള്‍ കൊണ്ട് നിറയുകയും ചെയ്യുന്നു. ബുച്ചയ്യ നൃത്തം വെക്കുന്ന എന്ന കഥയുടെ വായന ഈ വസ്തുത വെളിവാക്കും. തെലിങ്കാനയിലെ ദൈന്യം നിറഞ്ഞ കാര്‍ഷികജീവിതപരിസരത്തു നിന്നാണ് ഈ കഥ ആരംഭിക്കുക. വരള്‍ച്ചയും വറുതിയും കൊണ്ട് പൊറുതിമുട്ടിയ ഒരു ഗ്രാമത്തില്‍ നിന്ന് നഗരത്തിലെ ചേരിയില്‍ പാഴ്‌വസ്തുക്കളുടെ കച്ചവടക്കാരനായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ബുച്ചയ്യക്ക് അവിടത്തെ ഗുണ്ടാ പിരിവുകാരനെ നേരിടേണ്ടിവരുന്നതാണ് കഥാതന്തു. പക്ഷെ ഈ ജീവിതദൈന്യങ്ങള്‍ കഥയില്‍ ഒപ്പിയെടുക്കാനല്ല നാണു ശ്രമിക്കുക. നാണുവിന്റെ കഥനരീതി തികച്ചും മറ്റൊന്നാണ്. ബുച്ചയ്യയുടെ ജീവിതം ബുച്ചയ്യയായി നിന്നു തന്നെ നോക്കിക്കണ്ടുതീര്‍ക്കാനാകാത്ത ഒന്ന് കഥയില്‍ വരുന്നുണ്ട്. മനോവ്യാപാരങ്ങള്‍ ഗ്രാമീണജീവിതം പോലെ ഋജുവും ലളിതവുമാണ്. പക്ഷെ ബുച്ചയ്യ എത്തിപ്പെടുന്ന നഗരവും ചേരിയും സര്‍വ്വോപരി കഥ പറയുന്ന നാണുവിന്റെ ജീവിതലോകവും അങ്ങനെ നേര്‍രേഖീയമായി ലളിതമല്ല. കൂടാതെ നാണുവിന്റെ വായനക്കാരനും. കഥകള്‍ക്കിടയില്‍ കഥാപാത്രങ്ങളിലേക്കും അതിനു പുറത്തേക്കും സ്വതന്ത്രമായി കൂടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്ന കഥാകാരന്‍ കഥാഗാത്രവുമായി അനൌചിത്യമില്ലാതെ സന്നിവേശിപ്പിക്കുന്നതാണ് നാണുവിന്റെ വേറെ പല കഥകളിലെന്നപോലെ ഈ കഥയുടേയും ക്രാഫ്റ്റ്. ബുച്ചയ്യയെക്കൊണ്ട് നഗരത്തിലെ ഗുണ്ടാപിരിവുകാരന്റെ മുമ്പില്‍ വടികുത്തി നൃത്തം ചെയ്യിക്കാന്‍ കഥ പ്രാപ്തി നേടുന്നതും ഈ രചനാകൌശലം കൊണ്ടു തന്നെയാണ്. അയാളുടെ ദുരിതങ്ങള്‍ ഒരു റിപ്പോര്‍ട്ടിംഗിന്റെ വസ്തുനിഷ്ഠതയോടയും എന്നാല്‍ ജീവിതപരിഹാസത്തിന്റെ ഒരു കനലൊളിപ്പിച്ചും പറഞ്ഞു തീര്‍ക്കാന്‍ കഥാകൌത്തിനെ പ്രാപ്തനാക്കുന്നതും ഇതു തന്നെ. ഒരു സാധാരണ വിപ്ലവകഥയില്‍ ഉന്മൂലനമോ മറ്റോ ഒക്കെയായി മാത്രം അവസാനിപ്പിക്കാവുന്ന ഒരു കഥാ സന്ദര്‍ഭം സങ്കീര്‍ണ്ണമായ ജീവിതമാനങ്ങളും അടരുകളുമുള്ള ഒന്നായി അനുവാചകമനസ്സില്‍ നൃത്തം ചെയ്യുന്നതും ഇങ്ങനെത്തന്നെ. ആന്ധ്രയിലെ വൃദ്ധനായ വിപ്ലവനേതാവിന്റെ പോലീസ് വലയത്തിനും ചാരവൃന്ദത്തിനും നടുവിലൂടെയുള്ള ഒരു ഒളിവുസഞ്ചാരത്തെ ഐതിഹ്യസമാനമായ കഥ കെട്ടിപ്പറയുന്നിടത്തും കഥയില്‍ തോക്ക് ഒളിപ്പിച്ചുവെക്കുന്ന വീണപ്പെട്ടി ഒരു സംഗീതാലാപനത്തിന്റെ ശ്രുതി കഥക്കടിയില്‍ വായിച്ചു കൊണ്ടേയിരിക്കും. അത് കൈപ്പറ്റാന്‍ കാത്തിരിക്കുന്ന നഗരത്തിലെ ചെറുമകളും ഒരു അപസര്‍പ്പക കഥയായി പറഞ്ഞു പോകാവുന്ന ഈ കഥയ്ക്ക് പുതിയ ഒരു മാനം കൈവരുത്തുന്നതും ഈ പരിചരണവിശേഷം കൊണ്ടു തന്നെ. ഇങ്ങനെ അപസര്‍പ്പകസ്വഭാവത്തിലെഴുതാവുന്ന വേറൊരു കഥ ഒരു കുറ്റാന്വേഷണ കഥ എന്ന പേരില്‍ തന്നെ നാണു എഴുതിയിടുന്നു. നഗരത്തിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഗ്രാമത്തിലെ ഒരു ശവമടക്കുകാരന്‍ സി.നാഗേന്ദ്രഡു മുഖ്യകഥാപാത്രമാകുന്ന ഈ കഥ പകരം പറ്റുക ആന്ധ്രയിലെ പോലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്തര്‍രഹസ്യങ്ങളാണെന്ന് മാത്രം. കുരുതി, ഒരു ആദിവാസി ബാലന്റെ ആത്മകഥ എന്നിങ്ങനെ വേറെയും കുറേ കഥകള്‍ ഇതേ പട്ടികയിലുണ്ട്. എന്നാല്‍, സംഭവകഥകള്‍ കൊണ്ട് മേദസ്സു നിറയ്ക്കാവുന്ന ഈ ഥകളൊന്നും ആ വഴിക്കല്ല സഞ്ചരിക്കുന്നത്. കഥാപാത്രങ്ങളുടെ അഅതര്‍ഘടനയില്‍ അവ വരുത്തുന്ന സ്ഫോടനങ്ങളാണ് ആണുവിന്റെ കഥയുടെ കേന്ദ്രവിഷയം. ഇങ്ങനെ ആധുനികകഥകളുടെ കളരിയില്‍ രചനാമര്‍മ്മങ്ങള്‍ പരിശീലിപ്പിച്ചെടുത്ത ആഖ്യാനപാടവമാണ് ഈ കഥകളെ മാറ്റി നിറുത്തുന്നത്.

ഇങ്ങനെ വിപ്ലവകഥകള്‍ മാത്രമെഴുതിയ ഒരു കഥാകൃത്തല്ല പി.കെ.നാണു. എണ്ണത്തില്‍ ഇതിലും ഏറെ കൂടുതല്‍ ഇതരവിഷയങ്ങളെക്കുറിച്ച് നാണു കഥകളെഴുതി. നാണുവിന്റെ രചനാവൈഭവം നേടിയ മികവ് എടുത്തു കാട്ടുന്ന ഒരു കഥയാണ് നാടകം വേറെ ജീവിതം വേറെ. ഒരു കഥയില്‍ പല അടരുള്‍ കോര്‍ത്ത് തുന്നിയ ഒരു കഥയാണത് ഗോര്‍ക്കി സ്മാരക വായശാല ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നതും അതോടു ചേര്‍ന്നു വരുന്ന പ്രശ്നളുമാണ് അതിന്റെ ബാഹ്യരൂപം. ഈ ഗോര്‍ക്കി സ്മാരകം എന്ന പേരില്‍ തന്നെയുമൊരു സൂചകമുണ്ട്. നാടകകൃത്ത് ഇതിനുള്ള കഥ തപ്പിയെടുത്ത വഴിയും ഇതിലുണ്ട്. ഡോക്ടറുടെ സന്ദര്‍ശകമുറിയില്‍ വെച്ച് കഥാകൃത്ത് യാദൃച്ഛികമായി കാണാനിടയായ ഒരു വിചിത്രരോഗിണിയുടെ കഥ. വര്‍ംമാനജീവിതത്തിലെ സ്ത്രീ ദൈന്യങ്ങള്‍ അവളുടെ ശരീരത്തിന്റെ പലഭാഗങ്ങളിലൂടെ വേദനകളായി വിലാപം പുറപ്പെടുവിക്കുന്നതാണ് ഈ കണ്ടെടുക്കുന്ന ജവിതം. പക്ഷെ സ്വയം നാടകമാക്കിയ ഈ ജീവിതകഥാപാത്രത്തെ നടിക്കാന്‍ ഒരു നടിയെ തേടിയുള്ള വിഫലമായ അന്വേഷണത്തിന്റെ ഒടുവില്‍ ജീവിച്ചിരിക്കുന്ന കഥാപാത്രം തന്നെ നടിയായി എത്തുന്നതാണ് കഥ. ജീവിച്ചു തീര്‍ക്കുന്ന ജീവിത ദുരിതങ്ങള്‍ അങിനയിച്ചു കാട്ടാനല്ല നാടകം അഭിനയിക്കാനാണ് ആ നടി വന്നതെന്നു പറയുന്നിടത്താണ് കഥയുടെ അവസാനം. കഥയുടെ ശീര്‍ഷകം പോലെ നാടകവും ജവിതവും തമ്മിലുള്ള ബന്ധമാണ് ഈ കഥയുടെ പ്രമേയമെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ സ്ത്രീജീവിതത്തിന്റേതടക്കം അതിലുമെത്രയോ ആഴത്തില്‍ വേരൂന്നി നില്ക്കുന്ന ജീവിതപ്രശ്നങ്ങള്‍ ഇതിലുണ്ട്. നവോത്ഥാനകഥാകാരന്മാരെപ്പോലെ പണിയെടുക്കുന്നവരും,ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടവരുമാണ് നാണുവിന്റെ കഥാപാത്രങ്ങള്‍ അധികവും.

സാഹിത്യത്തില്‍ സ്ത്രീവാദവും ദളിതവാദവുമെല്ലാം വരുന്നതിനു മുമ്പേ തന്നെ അത് അങ്ങനെയായിരുന്നു. പക്ഷെ, ദളിതന്റേയും ആദിവാസിയുടേയും സ്ത്രീയുടേയുമെല്ലാം വിമോചനം,സമൂഹത്തിന്റെ പൊതുവിലും ആത്യന്തികമായി മനുഷ്യന്റെ തന്നെയും വിമോചനവുമായി ചേര്‍ത്താണ് നാണുവിന്റെ കഥകളില്‍ വരിക. സ്ത്രീജീവിതത്തിന്റെ ദൈന്യങ്ങള്‍ സ്വന്തം ശരീരാവയവങ്ങളിലൂടെ വിലപിച്ച് തുടങ്ങുന്നതു പോലെ പ്രത്യക്ഷത്തില്‍ അസംബന്ധമെന്നു തോന്നിപ്പിക്കുന്ന ഒരു രൂപം കൈവരിക്കുന്നേടത്ത് കഥ, പക്ഷെ, നവോത്ഥാനകഥകളുടെ പരിമിതികളെയാണ് അതിലംഘിക്കുക. കഥ പറിച്ചു വെച്ചൊരു ജീവിതഖണ്ഡത്തിനപ്പുറം നേരിട്ടു തന്നെ സാമാന്യജീവിതത്തിന്റെ സ്വരം നേടുന്നു. കഥയിലേക്ക് കഥയുടെ രാഷ്ട്രീയം നേരിട്ട് സൗന്ദര്യാത്മകമായി ഇവിടെ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിക്കുന്നവരും എന്നാല്‍ ലളിതമനസ്കരുമായ നിത്യജീവിതത്തിലെ നാടന്‍കഥാപാത്രങ്ങളാണ് നാണുവിന്റെ കഥകളിലധികവും. കുഞ്ഞിരാമേട്ടന്‍ ഇങ്ങനെയൊരു കഥാപാത്രമാണ്. നാണു തന്റെ ഒരു അഭിമുഖത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയകാലപ്രവര്‍ത്തകനായിരുന്ന കുഞ്ഞിരാമേട്ടനെക്കുറിച്ച് പറയുന്നുണ്ട്. വിപ്ലവപാര്‍ട്ടിയിലേതടക്കം രാഷ്ട്രീയനിലപാടുകളുടെ കാര്യത്തിലും ആഗോളവത്കരണകാലത്തെ വിപണിമേധാവിത്തത്തിന്റെ കാര്യത്തിലുമെല്ലാം കുഞ്ഞിരാമേട്ടന് വ്യക്തത്വമുള്ള നിലപാടുകളുണ്ട്. രാഷ്ട്രീയയുക്തിവാദത്തിന്റെ ശരികളുടേയും തെറ്റുകളുടേയും ലോകത്തല്ല, ആ നിലപാടുകള്‍ നിലയുറപ്പിക്കുന്നതെന്നു മാത്രം. ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും സ്വത:സിദ്ധമായി ഉരുവപ്പെടുന്ന ഒന്നാണത്. ഈ സ്വത:സിദ്ധതയാണ് വിപ്ലവത്തിന്റേയും തിരുത്തല്‍വാദത്തിന്റേയും എല്ലാം അപ്പുറത്ത് കുഞ്ഞിരാമേട്ടനെ മനുഷ്യകഥാനുഗായിയായ ഒരു കഥാപാത്രമാക്കുന്നതും. ആശയങ്ങളുടെ വാര്‍പ്പുമാതൃകകളല്ലാത്ത പാത്രസ്രഷ്ടി ഒരു രാഷ്ട്രീയകഥാകാരന് വലിയ വെല്ലുവിളിയാണ്. ആശയങ്ങളല്ല ജീവിതങ്ങളാണ് വലുതെന്ന് നാണുവിന്റെ കഥകള്‍ എപ്പോഴും വായനക്കാരനോട് പറയുന്നു. ഒപ്പം ആശയങ്ങളുടെ പ്രധാന്യം ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ട ഒന്നാക്കി മാറ്റുന്നതുമായി ചേര്‍ന്നതാണെന്നും.

മാറുന്ന കാലവും അത് ഉയര്‍ത്തിക്കൊണ്ടുവരുന്ന പുതിയ പ്രശ്‌നങ്ങളുമെല്ലാം അപൂര്‍വ്വമായി മാത്രം എഴുതുന്ന നാണുവിന്റെ കഥകളില്‍ രേഖപ്പെടുന്നുണ്ട്. ആഗോളക്രമവും അതിന്റെ ഭാഗമായി ജീവിതത്തിന്റെ നാനാതുറകളില്‍ സ്വാധീനം നേടുന്ന വിപണിയും, വംശീയനരഹത്യകളുമെല്ലാം ഈ കഥയില്‍ വരുന്നു. മനുഷ്യന്റെ നേരെ വെല്ലുവിളിയുയര്‍ത്തുന്ന ജീവിതപ്രശ്‌നങ്ങളൊന്നും നാണുവിന്റെ കഥകള്‍ക്ക് അന്യമല്ല. പക്ഷെ സാധാരണമനുഷ്യന്റെ ജീവിതസന്ധികളെ അവയെങ്ങനെ കയ്യേറുന്നു എന്നിടം വരെ അഥവാ പലപ്പോഴും മുഖ്യധാരയില്‍ അവഗണിക്കപ്പെടുന്ന സാധാരണമനുഷ്യന്‍ തന്നെയാണ് നാണുവിന്റെ എല്ലാ കഥകളിലേയും കഥ നിര്‍മ്മിക്കുന്നത്. അതിനപ്പുറമുള്ള എല്ലാ ആശയവ്യാപാരങ്ങളും ഇതിന്റെ ഭാഗമാകുന്നിടത്തോളം മാത്രവും. താന്‍ കൂടി പങ്കുവെച്ച നക്‌സല്‍ബാരിയുടെ ഭൂതകാലത്തെ ഒരു നേര്‍ത്ത ചിരിയുടെ അലചേര്‍ത്ത് പിന്തിരിഞ്ഞു നോക്കുമ്പോഴും ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ക്കുള്ള സ്ഥാനം കൈമോശം വരാതെ സൂക്ഷിക്കുന്നിടത്താണ് ഈ കഥാകാരന്റെയും കഥകളുടേയും വലുപ്പത്തെ വരുംകാലങ്ങള്‍ വേര്‍തിരിച്ചറിയുക.

സോമശേഖരന്‍
Subscribe Tharjani |