തര്‍ജ്ജനി

ഡോ. ഉമര്‍ തറമേല്‍

റീഡര്‍,
മലയാളവിഭാഗം,
കാലിക്കറ്റ് സര്‍വ്വകലാശാല.

Visit Home Page ...

നിരൂപണം

ഫോട്ടോയും നെഗറ്റീവും

സംസ്കാരത്തിന്റെ ഒരു തരത്തിലുള്ള പരസ്യമാണ് കലയും സാഹിത്യവും. ദൈനംദിന വിപണിയില്‍ അതിന്റെ വ്യവഹാരങ്ങള്‍ ഉല്പാദിപ്പിക്കുന്ന പരസ്യങ്ങള്‍ സംസ്കാരത്തില്‍ മേല്‍ക്കോയ്മ നേടുമെങ്കിലും മനുഷ്യജീവിതം സൂചകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്ന കലയുടേയും സാഹിത്യത്തിന്റേയും സ്ഥാനം അവയ്ക്കില്ല. എം.മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ ചര്‍ച്ചയ്ക്ക് എടുക്കുമ്പോള്‍ സംസ്കാരരൂപങ്ങളോട് ഏറ്റുമുട്ടുന്ന പരസ്യങ്ങളുടെ സാംസ്കാരികസ്ഥാനം സജീവ ചര്‍ച്ചാവിഷയമായിത്തീരുകയാണ്. പരസ്യങ്ങളുടെ സംഘര്‍ഷമയവിന്യാസത്തെ ഇന്ന് ചരിത്രമെന്നുപോലും വിളിക്കുന്നവരുണ്ട്. ഒരു ദളിത് യുവതിയുടെ കഥനകഥ എന്ന നോവലില്‍ മുകുന്ദന്‍ ഇക്കാര്യം വിദഗ്ദ്ധമായി സൂചിപ്പിച്ചിട്ടുണ്ട്. ഭഗവന്ദി എന്ന ദലിത് യുവതിയെ അരങ്ങത്തവതരിപ്പിക്കുന്ന നടിക്ക് നാടകത്തിലെ ഗുണ്ടേച്ച എന്ന ഫ്യൂഡല്‍പ്രഭുവിന്റെ ബലാല്‍ക്കാരത്തിന് വിധേയയാകുന്ന രംഗത്ത് പൂര്‍ണ്ണ നഗ്നയായി അഭിനയിക്കേണ്ടതുണ്ട്. പാര്‍ത്ഥ എന്ന വിദഗ്ദനായ മെയ്ക്കപ്പ്മാന്‍ തന്റേതായ ചായക്കൂട്ടുകളിലൂടെ ഒരു കാര്‍ബണ്‍ വെബ്ബു പോലെ നടിയുടെ നഗ്നതയെ അതാര്യമാക്കി വെച്ചിട്ടും സമ്മോഹിതമായ വിപണി അതിനെ ഗൂഡമായി തകര്‍ക്കുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം സിദ്ധിച്ചിരുന്ന ഒരു കാര്യം നാടകതിയ്യേറ്ററില്‍ മിന്നിമറയുന്ന ക്യാമറാഫ്‌ളാഷുകളിലൂടെ ജനകീയമായ ദൃശ്യബലാല്‍ക്കാരമായി രൂപപ്പെടുന്നു. കലാപക്ഷത്തിനും വാണിജ്യപക്ഷത്തിനും ഇടയില്‍ ഇരുവര്‍ക്കും സ്വീകാര്യമായ ഒരു ചേര്‍ച്ചയാണ് പ്രത്യയശാസ്ത്രരഹിതമായ ഈ കാലഘട്ടത്തിന്റെ പ്രസാദാത്മകമായ ഗുണമെന്ന് മുകുന്ദന്‍ ഓര്‍മ്മിപ്പിക്കുന്നു. സംസ്കാരത്തിന്റെ ഫോട്ടോയും അതിന്റെ നെഗറ്റീവും ആശയപരമായ വലിയ ഒരു അന്തരമില്ലാതെ നിലില്ക്കുന്നുവെന്നര്‍ത്ഥം.

കേശവന്റെ വിലാപങ്ങള്‍ എന്ന കൃതിയില്‍ ചരിത്രവും പരസ്യവും കൂടിക്കലര്‍ന്ന് കൂടുതല്‍ സന്ദിഗ്ദ്ധവും സങ്കീര്‍ണ്ണവുമായ ഒരു ഇതിവൃത്തത്തെയാണ് മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

ഇ.എം.എസ് എന്ന ജ്ഞാനിമരൂപം

ഇ.എം.എസിനെപ്പോലെ പ്രസംഗിക്കുകയും എഴുതുകയും എഴുതപ്പെടുകയും വിമര്‍ശിക്കുയും വിമര്‍ശിക്കപ്പെടുകയും ചെയ്ത ഒരു രാഷ്ട്രീയനേതാവ് കഴിഞ്ഞ അരനൂറ്റാണ്ടിന്റെ കേരളചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. ആദ്യകാലത്ത് സാമുദായികപരിഷ്കാരപ്രസ്ഥാനളിലൂടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയും പില്‍ക്കാലത്ത് വ്യവസ്ഥാപിത ഇടതുപക്ഷ പാര്‍ട്ടിപ്രവര്‍ത്തനങ്ങളിലൂടെയും ഇ.എം.എസ് തന്റെ അരങ്ങേറ്റം തുടര്‍ന്നു. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. മാര്‍ക്‌സിസ്റ്റ് ചിന്തയുടെ വ്യവസ്ഥാപിതരൂപം മലയാളിക്ക് പരിചയപ്പെടുത്തിയ ഇ.എം.എസ് ഒരു കാലത്തിന്റെ രാഷ്ട്രീയജ്ഞാനിമത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ ഇ.എം.എസ് എന്ന മൂന്നക്ഷരത്തിലേക്ക് സ്ഥാപനാകാരം പൂണ്ടു.

ഭക്ത്യാദരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഇ.എം.എസ് എന്ന രാഷ്ട്രീയബിംബത്തിനു നേരെമലയാളി കലാപരമായും സര്‍ഗ്ഗാത്മകമായും ചിലപ്പോഴെങ്കിലും പ്രതികരിക്കുകയുണ്ടായി. അതില്‍ കെ.വേണുവിനെപ്പോലെയുള്ള തീവ്ര ഇടതുപക്ഷക്കാരും ഒ.വി.വിജയന്‍, എം.ഗോവിന്ദന്‍, ടി.പി.രാജീവന്‍ തുടങ്ങിയ സര്‍ഗ്ഗാത്മകകലാകാരും ഉള്‍പ്പെടുന്നു. ഏകമതാത്മകവും ജാതിരഹിതവുമായ പാശ്ചാത്യഘടനയില്‍ മാര്‍ക്‌സിസം രൂപം പൂണ്ട അതേ പശ്ചാത്തലം ഭാരതീയ മാര്‍ക്‌സിസത്തിന് അനുയോജ്യമല്ല എന്ന കാഴ്ചപ്പാടിന് മുന്‍തൂക്കം ഉള്ളതാണ് എം.ഗോവിന്ദനെപ്പോലെയുള്ളവര്‍ അവതരിപ്പിച്ച ചിന്ത. തിരിയും ചുമടും, സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ എന്നീ ലേഖനങ്ങളിലൂടെ ഇന്ത്യന്‍ മാര്‍ക്‌സിസത്തിന്റെ നിഷേധാത്മകമായ സ്വരങ്ങളെ വിജയന്‍ വിമര്‍ശിക്കുകയുണ്ടായി. ഇ.എം.എസിന്റേയും ഈഡിപ്പസിന്റേയും വിധിവൈപരീത്യത്തെ താരതമ്യം ചെയ്തുകൊണ്ട് സവിശേഷമായ ഒരു രാഷ്ട്രീയദൗരന്തികവൈകല്യത്തെ( ഹമേര്‍ഷ്യ / Tragic Flow)ക്കുറിച്ച് ടി.പി.രാജീവന്‍ ഇങ്ങനെ കുറിച്ചു. ഇ.എം.എസോ? തന്റെ പഴയ പ്രവര്‍ത്തികളും വിശ്വാസങ്ങളും തെറ്റായെന്ന് തിരിച്ചറിയുകയും (ഈഡിപ്പസിനെപ്പോലെ) അവയില്‍ പലതും ഏറ്റു പറയുകയും ചെയ്തു. തുടര്‍ന്ന് ആ പഴയ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണാനും സ്വന്തം കണ്ണുകള്‍ക്ക് പകരം അടുത്തുള്ളവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാനും ശ്രമിക്കുന്നു. ആലോചനയില്‍ മുഴുകുമ്പോള്‍ ചാര്‍ളി ചാപ്ലിന്‍ അടുത്തിരിക്കുന്നവരുടെ തല ചൊറിയുന്നതു പോലെ (ഇ.എം.എസും ഈഡിപ്പസും). അന്യരുടെ കണ്ണുകള്‍ക്ക് തിരശ്ശീല നെയ്യുന്നതിലൂടെ ഇ.എം.എസ് സ്ഥാപിച്ചെടുത്ത ഒരു വന്‍ പരസ്യമുണ്ട്. പാര്‍ട്ടിയുടെ സവര്‍ണ്ണമായ സ്ഥാപനവത്കരണത്തിലൂടെ നെടുനായകത്വം വഹിച്ചുകൊണ്ട് അത് എന്നും പ്രയാണം തുടരുന്നു. ഈ പരസ്യം മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലെ സജീവപ്രശ്‌നങ്ങളില്‍ ഒന്നാണ്. വി.ടിയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അരങ്ങേറിയപ്പോള്‍ Stage manager ആയി നിലകൊണ്ട ഇ.എം.എസ് തന്നെ ആയിരുന്നുവോ അനന്തരകാലം സ്ഥാപനവത്കരിക്കപ്പെട്ട വന്‍ പരസ്യരൂപമായും ഊതിവീര്‍പ്പിക്കപ്പെട്ട ഫ്‌ളക്‌സ്‌ബോര്‍ഡുകളായും നിലകൊണ്ടത്?

വ്യാജസ്തുതിയുടെ പ്രത്യയശാസ്ത്രം

കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ മൂന്ന് പ്രത്യയഘടനകൊണ്ട്പൂരിപ്പിക്കപ്പെടുന്ന കൃതിയാണ്.
ഒന്ന്: കേശവന്‍ എന്ന കഥാകാരന്‍ സൃഷ്ടിക്കുന്ന അപ്പുക്കുട്ടന്റെ വിലാപങ്ങള്‍.
രണ്ട്: കേശവന്റെ തന്നെ ഉദ്വിഗ്നതകളുടേയും കലാപരമായ പ്രശ്‌നങ്ങളുടേയും മറ്റൊരു ലോകം.
മൂന്ന്: ഈ ലോകങ്ങളെ പലപ്പോഴും ബന്ധിപ്പിക്കുന്ന മുന്‍ നക്‌സലൈറ്റുകളും പിന്നെ കേവലം കുടിയന്മാരുമായിത്തീര്‍ന്ന ചില കഥാപാത്രങ്ങളിലൂടെ രൂപപ്പെടുന്നത്.

വ്യാജസ്തുതിയെന്ന അലങ്കാരത്തിന്റെ കലാപരിസരത്തെ ആഖ്യാനത്തില്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നോവലിലെ പ്രധാന ആശയത്തെ കഥാകാരന്‍ ഉല്പാദിപ്പിച്ചെടുക്കുന്നു. നോവലിലെ ഉള്‍പാഠങ്ങള്‍ (interior texts) എന്ന് ഈ അത്യാഖ്യാനങ്ങളെ വിളിക്കാം. അപ്പുക്കുട്ടനിലൂടെ കേശവന്‍ വരച്ചിടുന്ന പാഠം പ്രത്യക്ഷത്തില്‍ സ്തുതിവാചിയാണ്. ഇ.എം.എസ് എന്ന ചരിത്രപുരുഷന്റെ മെയ്ക്കപ്പുകള്‍ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് അവ തീര്‍ത്തിട്ടുള്ളത്. കുടിയന്മാരുടെ(മുന്‍ നക്‌സലൈറ്റുകളുടെ) മറ്റൊരു പാഠം അതില്‍ ഇടപെടുമ്പോള്‍ കേശവന്‍ എന്ന എഴുത്തുകാരന്റെ ഉദ്വിഗ്നതകള്‍ വഹിക്കുന്ന പാഠവുമായി സംഘര്‍ഷഭരിതമായ നിലനില്പ് അവയ്ക്ക് സാദ്ധ്യമായിത്തീര്‍ന്നു. സ്തുതിവാചിയായ പാഠം സര്‍ഗ്ഗാത്മകമായ ഒരു നിന്ദാപാഠമായി രൂപം മാറുന്നു. അതിനു ഉപമേയമായി ഭവിക്കുന്നത് ഇ.എം.എസും ഉപമാനം വര്‍ത്തമാനകാലവും.

കേശവന്റെ വിലാപങ്ങളിലെ ഇതിവൃത്തം ആരംഭിക്കുന്നത് ഒരു യാഥാര്‍ത്ഥ്യത്തില്‍ നിന്നല്ല, ഫാന്റസിയില്‍ നിന്നാണ് എന്നു വേണം പറയാന്‍. തൊട്ടിലില്‍ കാലിട്ടടിച്ച് കരയുന്ന അപ്പുക്കുട്ടനെന്ന കുഞ്ഞ് നേരെ മുകളിലെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഇ.എം.എസിന്റെ ഛായാപടം കണ്ട് കരച്ചില്‍ നിറുത്തുന്നത് ഒരു യഥാര്‍ത്ഥ പരിസരത്തിന്റേതല്ലല്ലോ. യാഥാര്‍ത്ഥ്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന ഒരു പാരഡി മാത്രമാണത്. അപ്പുക്കുട്ടന്റെ വളര്‍ച്ചയിലുടനീളം ഒരു സോദ്ദേശ്യസൂചകം പോലെ ഇ.എം.എസ് പിന്തുടരുന്നുണ്ട്. ബാലനായ അപ്പുക്കുട്ടന്റെ ഇ.എം.എസിനെക്കുറിച്ചുള്ള നിറപ്പകിട്ടാര്‍ന്ന ബിംബബോധത്തെ ചരിത്രം കൊണ്ട് പൂരിപ്പിക്കുന്നത് ആമന്‍ മാസ്റ്റര്‍ എന്ന കമ്യൂണിസ്റ്റായ അദ്ധ്യാപകനാണ്. താരമൂല്യം കൊണ്ട് തിളങ്ങുന്ന കര്‍തൃത്വത്തിന്റെ ഭാരമുള്ള പാഠങ്ങളാണിവ. കഥാകൃത്തും കഥാപാത്രവും തമ്മിലുള്ള ബന്ധത്തെ കേശവനെന്ന എഴുത്തുകാരനെ ഉപയോഗിച്ച് നോവലില്‍ പ്രശ്‌നവല്ക്കരിക്കുന്നുണ്ട്. സ്രഷ്ടാവിനോട് വൈകാരികബന്ധം ഇല്ലാത്തവയാണ് ഈ സൃഷ്ടികള്‍. അദ്ധ്യാപകജോലി അന്വേഷിച്ച് ശിപാര്‍ശക്കത്തുമായി കേശവനെ സമീപിക്കുന്ന ആമന്‍ എന്ന കഥാപാത്രത്തെ കേശവന്‍ ഭാവന ചെയ്യുന്നത് ഇപ്രകാരമാണ്:

നിയ്യ് ആരാ?
ആമന്‍, ഒരു പാവം കുടിയേറ്റക്കാരന്‍
ആരോട് ചോദിച്ചിട്ടാ നീ എന്റെ നോവലില്‍ കുടിയേറിയത്?
ആമന്‍ ഒന്നും പറയാതെ മടക്കിക്കുത്തിയ മുണ്ട് താഴെയിട്ടു.
ഇത് കുടിയേറ്റമല്ല, കയ്യേറ്റമാ

വിദ്യാസമ്പന്നനും തൊഴില്‍രഹിതനുമായ അയല്‍ക്കാരന്‍ അരവിന്ദനുമായി കേശവന്‍ ആമനെ താരതമ്യം ചെയ്യുന്നത് ഇപ്രകാരമാണ്: അരവിന്ദന്‍ പാത്തും പതുങ്ങിയുമാണ് തന്റെ അരികിലെത്തുക. ഈ മനുഷ്യനാകട്ടെ മുണ്ടു മടക്കിക്കുത്തി ജനലിലൂടെ ചാടി വരികയാണ് ചെയ്തത്. ആമന്‍ ഒരു തന്റേടിയും അക്രമിയുമാണ്. കുടിയേറ്റക്കാരനെ വേണ്ടപോലെ കൈാര്യം ചെയ്തില്ലെങ്കില്‍ അയാള്‍ തന്റെ നോവല്‍ നിറയെ റബ്ബര്‍ നട്ടു പിടിപ്പിക്കും. എന്നിട്ട് അത് വിറ്റ് കാശാക്കുകയും ചെയ്യും.
ആമനുമായുള്ള കേശവന്റെ ആദ്യദര്‍ശനം ഒരു പ്രത്യേക സന്ദേശം തന്നെ നിവേശിപ്പിക്കുന്നു. തന്റെ നോവലില്‍ ആമന്‍ നട്ടുപിടിപ്പിക്കാവുന്ന റബ്ബര്‍ലോകം ഇ.എം.എസ് കൈകാര്യം ചെയ്ത പില്‍ക്കാല രാഷ്ട്രീയത്തിന്റെ പരസ്യരൂപത്തെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു.

കുഞ്ഞായിരുന്ന അപ്പുക്കുട്ടന് ഇ.എം.എസിന്റെ വേഴ്ചയില്‍ നിന്ന് ആരംഭിക്കുന്ന പ്രമേയം ആമനിലൂടെ ചരിത്രപാഠങ്ങളായി വിശദാംശളിലേക്ക് വികസിക്കുന്നു. ഛായാപടത്തിന്റെ വര്‍ണ്ണപ്പകിട്ടു പോലെ ആമന്‍ എന്ന വക്താവിന്റെ ചരിത്രപാഠങ്ങള്‍ക്ക് കനം വയ്ക്കുന്നു. കര്‍തൃത്വത്തിന്റെ സ്ഥാപനരൂപവും കാലം ഇ.എം.സിലേക്ക് സംക്ഷേപിച്ച അലങ്കാരങ്ങളും കൂടിക്കലര്‍ന്ന ചരിത്രപുരുഷന്റെ രൂപത്തോടും പ്രവര്‍ത്തികളോടും ഒരു ആരാധന നിറഞ്ഞ വിഗ്രഹത്തോടുള്ള കാഴ്ചയല്ലാതെ അപ്പുക്കുട്ടനില്‍ മറ്റൊന്നും സംഭവിക്കുന്നില്ല. കണ്ണുരോഗിയാകുന്ന അപ്പുക്കുട്ടന് കണ്ണട വയേ്ക്കണ്ടി വരുമെന്നു കേട്ടപ്പോള്‍ ഇ.എം.എസിനെപ്പോലെ തനിക്കും കണ്ണട വയ്ക്കാമല്ലോ എന്ന് ആഹ്ലാദിക്കുകയാണ് അയാള്‍ ചെയ്യുന്നത്. ഇ.എം.എസിനെക്കുറിച്ച് ആമന്‍ മാസ്റ്റര്‍ അപ്പുക്കുട്ടന് കൈമാറുന്ന രണ്ടു ചരിത്രപാഠങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അപ്പുക്കുട്ടന്റെ തലമുറയില്‍ നിന്ന് ഈ പാഠങ്ങളുടെ ചരിത്രസന്ദര്‍ഭത്തിലേക്ക് ഒരു ബോധസംക്രമണം ഉണ്ടാവുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേ സമയം ശരവണനും മറ്റു രണ്ടു കുടിയന്മാരും പ്രതിനിധീകരിക്കുന്ന നോവലിലെ സന്ദര്‍ഭങ്ങളാകട്ടെ പാര്‍ട്ടിയുടെ പഴയ ഘടനയെ അനുസ്മരിപ്പിക്കുന്നു. നക്‌സലൈറ്റുകളായിരുന്ന ഈ കുടിയന്മാര്‍ ഇപ്പോള്‍ നിരാലംബരും നിരാശരുമാണ്. സ്ഥാപനവത്കൃതമായ ഇടതുപക്ഷപ്രത്യയശാസ്ത്രം നിശ്ശബ്ദമാക്കിയ പ്രാന്തപരിസരത്തെ ഓര്‍മ്മിപ്പിക്കുന്ന വര്‍ഗ്ഗപ്രതിനിധികളാണ് ഇവര്‍.

തെറി, ആപ്തവാക്യങ്ങള്‍, ചൊല്ലുകള്‍ എന്നീ ആഖ്യാനരൂപങ്ങള്‍ കൊണ്ട് പുതിയ കാലത്തിനുള്ളില്‍ പഴയതിന്റെ ശക്തമായ അലയൊലികള്‍ ശരവണന്‍ സൃഷ്ടിക്കുന്നുണ്ട്. അയാളുടെ (കുടിയനായ) പൊതുജനങ്ങളോട് എന്ന പോലുള്ള പ്രസംഗം, ഗ്രേറ്റ് ഡിക്ടേറ്ററിലെ ചാര്‍ളി ചാപ്ലിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പ്രസംഗാനന്തരം അത് കേള്‍ക്കാന്‍ കൂടിയ പരസഹസ്രം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രണ്ടു കുടിയന്മാര്‍ ശരവണനെ പിന്തുടര്‍ന്ന് കലുങ്കിന്മേല്‍ പതിച്ച ഉച്ചപ്പടങ്ങളുടെയും ചലച്ചിത്രതാരങ്ങളുടേയും ചിത്രങ്ങള്‍ക്കു നടുവില്‍ ഞെരുങ്ങി നില്ക്കുന്ന ജനലക്ഷങ്ങളുടെ നേതാവിന്റെ / കഥാപുരുഷന്റെ നേര്‍ക്ക് മുത്രമൊഴിക്കാനാരംഭിക്കവെയാണ്, നിക്കറില്‍ നിന്ന് മുണ്ടിലേക്ക് വളര്‍ന്ന അപ്പുക്കുട്ടന്‍ എന്ന കുമാരന്റെ കൈകള്‍ ശരവണന്റെ കഴുത്തില്‍ മുറുകുന്നത് . ശരവണന്റെയും കുടിയന്മാരുടേയും പ്രവൃത്തികളും അപ്പുക്കുട്ടന്റെ പ്രവൃത്തികളും പ്രതീകാത്മകസ്വഭാവം കൈവരിക്കുന്നു.

മിശ്രരചനയ്ക്കുള്ളിലെ അങ്കലാപ്പുകള്‍

മിശ്രരചനാരീതികൊണ്ടാണ് മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ ശ്രദ്ധേയമാകുന്നത്. നൂതനമായ ആഖ്യാനതന്ത്രം ഉപയോഗിച്ച് ഒരു കലാകാരന്റെ രാഷ്ട്രീയമായ അങ്കലാപ്പുകളം പ്രതിസന്ധികളുമാണ് ഈ കൃതി വരച്ചിടുന്നത്. സര്‍വ്വാധിപത്യഭരണകൂടങ്ങളുടെ നടുവില്‍ പലപ്പോഴും കലാകാരന്മാര്‍ സൂക്ഷിക്കുന്ന ഒരു ഒളിവു മാനസികാവസ്ഥയുടെ പ്രതിഫലനം ഇടതുപക്ഷചിന്താഗതിക്കാരും വടക്കന്‍മലബാറുകാരനുമായ മുകുന്ദന്‍ ഇ.എം.എസിനെ പ്രമേയമാക്കിക്കൊണ്ട് അവതരിപ്പിക്കുന്നത് രസകരമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും മുമ്പില്‍ പ്രസംഗിക്കുന്ന കേശവന്‍ പരസ്പരവിരുദ്ധമെന്നു തോന്നാവുന്ന രണ്ട് വസ്തുതകള്‍ വെളിപ്പെടുത്തുന്നുണ്ട്. രണ്ടു ശങ്കരന്മാരില്‍ ഏലംകുളം മനയ്ക്കല്‍ ശങ്കരനമ്പൂതിരിയെ തന്നെ തന്റെ രചനയ്ക്ക് ആധാരമാക്കുന്നത് ഒരു ക്വസ്റ്റ്യന്‍ ഓഫ് ചോയ്‌സിന്റെ ഭാഗമാണ് എന്ന് ഒന്നാമത്തേത്. രചന ആരംഭിച്ചതിനു ശേഷം കേശവന് ലഭിച്ചുകൊണ്ടിരുന്ന ഊമക്കത്തുകളെക്കുറിച്ചാണ് രണ്ടാമത്തേത്.

അപ്പുക്കുട്ടന്റെ വിലാപങ്ങള്‍ എന്ന കേശവന്റെ രചനയ്ക്ക് അവാര്‍ഡ് ലഭിച്ച ശേഷം കഥാകാരനെ അനുമോദിക്കാായി മുന്നിലേക്ക് വരുന്ന ചരിത്രപുരുഷന്റെ രംഗം ഫാന്റസിയും റിയാലിറ്റിയും കലര്‍ന്ന ഒരു സ്വപ്‌നരംഗം പോലെ നോവലില്‍ സ്രഷ്ടിച്ചിട്ടുണ്ട്. അപ്പുക്കുട്ടന്‍ ജയില്‍ മുറിയില്‍ തന്റെ സ്വപ്‌നത്തിലേക്കിറങ്ങി വരുന്ന രംഗവും നോവലില്‍ ഉണ്ടല്ലോ. ഈ രണ്ടു രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന രൂപത്തിന് അന്തരമുണ്ട്. അണ്ടലൂര്‍കാവിലെ ഉത്സവത്തിന് വാങ്ങിയ ഇ.എം.എസിന്റെ ഫോട്ടോയില്‍ കാണുന്ന അലങ്കാരരൂപമാണ് അപ്പുക്കുട്ടന് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ മണ്ണുപുരണ്ട കറുത്ത പാദങ്ങളോടുകൂടിയ ചരിത്രസ്പര്‍ശമുള്ള ഇ.എം.എസിന്റെ യഥാര്‍ത്ഥരൂപത്തോടുകൂടിയുള്ളതാണ് കേശവനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഇ.എം.എസ്. ഇതില്‍ രണ്ടാമത് പറഞ്ഞ രൂപത്തെ കേശവനെന്ന കഥാകാരന്‍ തൊട്ട് വന്ദിക്കുന്നിടത്ത് മുകുന്ദന്‍ പുലര്‍ത്തുന്ന നിലപാട് എന്തെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

Subscribe Tharjani |