തര്‍ജ്ജനി

കഥ

പട്ടി

അകാലത്തില്‍ അസ്തമിച്ചുപോയ അറബ്‌ നാറ്റിന്റെ ബഹുമുഖ പ്രതിഭയാണ്‌ അബ്ദുല്‍ അസീസ്‌ മിഷ്‌രി. സൗദി അറേബ്യിലെ അല്‍ബഹയില്‍ 1955ലാണ്‌ അദ്ദേഹം ജനിച്ചത്‌. പ്രഥമിക വിദ്യഭ്യാസം മാത്രമാണ്‌ ഔപചാരികമായി നേടിയത്‌. ഒരു പ്രാദേശിക പത്രത്തില്‍ ജീവനക്കരനായി ജീവിതം ആരംഭിച്ച അദ്ദേഹം ക്രമേണ മുഴുവന്‍ സമയ എഴുത്തികാരനായി മാറി. രോഗങ്ങളാല്‍ പൊറുതിമുട്ടിയ ആ ഹ്രസ്വജീവിതം അഞ്ച്‌ മികച്ച കഥാസമാഹരങ്ങളും മൂന്ന്‌ നോവലുകളും അറബ്‌ സാഹിത്യത്തിന്‍ സമ്മാനിച്ചു. ഒപ്പം ചിത്രകലയിലും ചിത്രീകരണത്തിലും അദ്ദേഹം വൈദഗ്ധ്യം തെളിയിച്ചു. 45ആം വയസ്സില്‍ പുരോഹിതനീതിയുടെ അഴിമതിയെ ആക്രമിക്കുന്ന ലളിത മനോഹരമായ ഒരു കൊച്ചു കഥയാണ്‌ പട്ടി.

അബൂ സലീം സ്വന്തം പട്ടിയെ തീവ്രമായി സ്നേഹിച്ചു. അച്ഛന്‍ മക്കളെ സ്നെഹിക്കുന്നതു പോലെ; സ്വന്തം ഭക്ഷണം അയാള്‍ പട്ടിയ്ക്കു കൊടുത്തു. തണുപ്പുകാലരാത്രികളില്‍ പട്ടിയ്ക്കുറങ്ങാന്‍ ചൂടുള്ള മെത്തയൊരുക്കി. പട്ടിയെ അപകടങ്ങളില്‍ നിന്ന്‌ രക്ഷിയ്ക്കാന്‍ ആവുന്നതൊക്കെ അയാള്‍ ചെയ്തു.

പക്ഷെ ഒരു പട്ടിയ്ക്ക്‌ എപ്പോഴും പരിമിതികളുണ്ട്‌. അത്‌ പെരുമാറുന്ന രീതികള്‍; എത്തിപ്പെടുന്ന സ്ഥലങ്ങള്‍; കുരയ്ക്കുന്ന സന്ദര്‍ഭങ്ങള്‍; നാക്കിന്റെ രുചികള്‍ - എല്ലാറ്റിനും പരിമിതികളുണ്ട്‌.
ഒരു വളാര്‍ത്തുമൃഗമെന്ന നിലയില്‍ അതിന്റെ യജമാനന്‍ പഠിപ്പിച്ചതുമാത്രമായിരിക്കും പട്ടിയില്‍ കാണുന്ന ഗുണങ്ങള്‍. അനുസരണയില്ലെങ്കില്‍ കടിഞ്ഞാണിടേണ്ടിവരും. ചീത്ത സ്വഭാവമുള്ള പട്ടി അതിന്റെ സഹജസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യും.

അബൂ സലീം വീട്ടുവളപ്പിനും അയാള്‍ക്കും കാവല്‍ക്കാരനായി പട്ടിയെ നിയോഗിച്ചു.

ഒരു കാവല്‍ക്കാരന്‌ വേണ്ട കൂറ്‌ ഏതൊരു പട്ടിയ്ക്കുമുണ്ട്‌. അപ്രതീക്ഷിതമായ ആക്രമണങ്ങളില്‍ പോലും ജാഗ്രത കൈവിടുകയില്ല. അങ്ങനെയാണ്‌ അബൂ സലീം തന്റെ പട്ടിയുമായി ഗാഢപ്രണയത്തിലായത്‌.

മരച്ചുവട്ടില്‍ ഒഴിച്ച വെള്ളം പോലെ, ദിവസങ്ങള്‍ അതിവേഗം ഒഴുകിയുണങ്ങിപ്പോയി. ആടുകള്‍ തോട്ടമാകെ പെരുകിപ്പരന്നപ്പോള്‍ കണ്ടുനില്‍ക്കാന്‍ നല്ല ചന്തം. മേഞ്ഞു നടക്കുന്ന മുഴുവന്‍ ആടുകളുടെയും കാവല്‍ക്കാരന്‍ അപ്പോഴും പട്ടി തന്നെ!

പെട്ടെന്നാണ്‌ പട്ടിയ്ക്ക്‌ അസുഖം വന്നത്‌! ഏറ്റവും മികച്ച തീറ്റയും കുടിയും നല്‍കി അബൂ സലീം പട്ടിയെ പരിചരിച്ചു. പക്ഷേ, അതുകൊണ്ടൊന്നും അതിന്റെ ആരോഗ്യം തിരിച്ചു കിട്ടിയില്ല. യജമാനന്‍ നോക്കി നില്‍ക്കേ ഒരു നാള്‍ പട്ടി ചത്തു!

അബൂ സലീമിന്റെ ഹൃദയത്തില്‍ അന്നുവരെ അനുഭവിക്കാത്ത സങ്കടങ്ങള്‍ തിങ്ങിനിറഞ്ഞു.

നന്മ എപ്പോഴും ആദരിക്കപ്പെടേണ്ടതാണെന്ന്‌ അയാള്‍ കരുതി. അതുകൊണ്ട്‌ പട്ടിയെ അര്‍ഹിക്കുന്ന വിധം സംസ്കരിക്കാന്‍ അയാള്‍ തീരുമാനിച്ചു. വീട്ടിനടുത്തായി, പര്‍വ്വതത്തിന്റെ പാദത്തോട്‌ ചേര്‍ന്ന് ഉചിതമായ ഒരിടം അയാള്‍ കണ്ടെത്തി. കൈക്കോട്ടെടുത്ത്‌ അയാള്‍ തന്നെ കുഴിയൊരുക്കി. അയാളുടെ തലപ്പാവില്‍ തന്നെ മൃതദേഹം പൊതിഞ്ഞു. കുഴിയില്‍ വെച്ച പട്ടിയ്ക്കു വേണ്ടി അബൂ സലീം പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉരുവിട്ടു.

ഗ്രാമീണരില്‍ പലരും കൗതുകപൂര്‍വ്വം ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ക്ക്‌ അബൂ സലീമിനോട്‌ പൂര്‍വ്വകാല വൈരാഗ്യമുണ്ടായിരുന്നു. കൂട്ടത്തിലാരോ അധികാരികള്‍ക്ക്‌ ചൂടോടെ വിവരമെത്തിച്ചു. ചത്ത പട്ടിയ്കുവേണ്ടി അബൂ സലീം പ്രാര്‍ത്ഥിക്കുന്നത്‌ തങ്ങള്‍ കണ്ടുവെന്ന്‌!

പട്ടിയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചത്‌ എന്ത്‌ ന്യായവാദങ്ങള്‍ നിരത്തിയാലും ആര്‌ സ്വീകരിയ്ക്കും?

ശൈഖ്‌ എന്നറിയപ്പെടുന്ന ഗ്രാമത്തലവന്‍ അതൊരു പുകിലാക്കി. അയാളുടെ വായില്‍ വാക്കുകള്‍ നുരഞ്ഞു. കഴുത്തിലെ ഞരമ്പുകള്‍ കോപം കൊണ്ട്‌ വിറച്ചു.

അനവധി ദൈവശാസനയും അദ്ദേഹം ഉരുവിട്ടു! മതപരമായ ആചാരങ്ങള്‍ അദ്ദേഹം ഉണര്‍ത്തി! പട്ടിയുടെ വാലിന്റെ വൃത്തിഹീനതയെ ഉറകെ ശപിച്ചു. ആവശ്യത്തിലേറെ നീണ്ടുനില്‍ക്കുന്ന പട്ടിമോന്തയോടുള്ള അറപ്പും അദ്ദേഹം പ്രകടിപ്പിച്ചു.

ഒടുവില്‍ ശൈഖ്‌ വിധി പ്രഖ്യാപിച്ചു. "പട്ടിയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചവന്‌ വധശിക്ഷ!"

പട്ടിയുടെ വിരഹത്തില്‍ വിതുമ്പിക്കൊണ്ടിരുന്ന അബൂ സലീമിന്റെ ഹൃദയം ഇപ്പോള്‍ ഭയം കൊണ്ട്‌ വിറച്ചു. നെഞ്ചിലെ കീശയോളം നീണ്ടുകിടന്ന താടിരോമങ്ങളിലൂടെ പേടി ഇരച്ചു കയറി. മരണം നടന്നടുക്കുന്നത്‌ അയാള്‍ കണ്ടു. ആധി നിറഞ്ഞ ആലോചനകള്‍ക്കൊടുവില്‍, മനസ്സില്‍ ഒരു മിന്നല്‍ പിണര്‍!

കുറ്റസമ്മതം നടത്തേണ്ട നേരമായപ്പോള്‍ അബൂ സലീം ശൈഖിനോട്‌ പറഞ്ഞു:
ശരിയാണ്‌ സാര്‍, ഞാന്‍ തന്നെയാണ്‌ അത്‌ ചെയ്തത്‌. എന്നാലും അന്ത്യശ്വാസം വലിയ്ക്കുമ്പോള്‍ എന്റെ പട്ടി പറഞ്ഞ ഒസ്യത്തുകൂടി അങ്ങ്‌ കേള്‍ക്കണം.

"ഉം.. എന്താണാവോ?" ശൈഖിന്റെ മുഖത്ത്‌ നിറഞ്ഞ പരിഹാസം.

"അത്‌.." അബൂ സലീം പതുക്കെ പറഞ്ഞു. "എന്റെ ആടുകളില്‍ പത്തെണ്ണം ശൈഖിന്‌ സമ്മാനിക്കണമെനായിരുന്നു പട്ടിയുടെ നേര്‍ച്ച."

പൊടുന്നനെ ശൈഖിന്റെ മട്ടുമാറി! കോപം കത്തിയിരുന്ന മുഖം തണുത്ത്‌ തെളിഞ്ഞു. അദ്ദേഹം ജാള്യതയോടെ നാലുപാടും നോക്കി. ശൈഖിന്റെ വിധി നടപ്പാക്കുനതുകാണാന്‍ ധാരാളം പേര്‍ തടിച്ചു കൂടിയിരുന്നു.

ശൈഖ്‌ അബൂസലീമിന്റെ അടുത്തേക്കു വിളിച്ചു. അയാളുടെ ചെവി ഒരു കൊച്ചുകാളം പോലെ കയ്യിലൊതുക്കി, മന്ത്രം പോലെ മധുരമായി ശൈഖ്‌ ചോദിച്ചു:

നീ എന്താണ്‌ പറഞ്ഞത്‌? ചത്ത പട്ടി എനിക്കു നേര്‍ച്ചയാക്കിയത്‌ എത്രയാണ്‌?"

അബ്ദുല്‍ അസീസ്‌ മിഷ്‌രി

മൊഴിമാറ്റം: എ. പി അഹമ്മദ്‌

Subscribe Tharjani |