തര്‍ജ്ജനി

സന്തോഷ്‌ തോമസ്

P.B.No. 111656
Dubai,U.A.E.

ഫോണ്‍: 0097150 - 5015264
ഇ-മെയില്‍:chokkattu1975@gmail.com

Visit Home Page ...

കഥ

കാണാതായ പട്ടി

ഗള്‍ഫില്‍ നിന്നിറങ്ങുന്ന ഒരു പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രത്തിലെ ലെറ്റേഴ്‌സ്‌ കോളത്തില്‍ ധനാഡ്യയായ ഒരു ഇംഗ്ലീഷ്‌ വനിത ഒരു കത്തു കൊടുത്തിരുന്നു. "മിസ്സിംഗ്‌ ഡോഗ്‌ " എന്ന തലക്കെട്ടില്‍ അവരുടെ "സിഡ്നി സില്‍ക്കി" എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ഇടതൂര്‍ന്ന് വെളുത്ത സില്‍ക്കുപോലെനീണ്ട രോമങ്ങളുള്ള നായ്ക്കുട്ടിയെ കണ്ടുകിട്ടുന്നവര്‍
അവരുടെ മൊബെയില്‍ ഫോണിലോ അടുത്ത പോലീസ്‌ സ്റ്റേഷനിലോ അല്ലെങ്കില്‍ പത്രത്തിന്റെ എഡിറ്ററെയോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു എന്നതായിരുന്നു കത്ത്.

കത്തിന്‌ ഇങ്ങനെ മറുപടി കിട്ടി.

ഇവിടെ ബര്‍ദുബായില്‍ ഒരു പട്ടിക്കൂട്ടില്‍ ബങ്കര്‍സെഡുകളില്‍ (പലനിലക്കട്ടില്‍) താമസിക്കുന്ന പത്തോളം പട്ടികളുണ്ട്‌. ഇവര്‍ പത്തു രൂപ പ്രകൃതിക്കാരും എണ്ണിക്കൂട്ടാന്‍ കഴിയാത്ത സ്വഭാവങ്ങളോടുകൂടിയവരുമാണ്‌. ഒരു പട്ടി അള്‍സേഷ്യനെപ്പോലെ ചില സമയത്ത്‌ കുരച്ചുചാടി വിരട്ടാറുണ്ട്‌. ഡോബര്‍മാനെപ്പോലെ നായാട്ടു സ്വഭാവമുള്ള പട്ടിയുമുണ്ട്‌.

ഒരുവന്‍ സിഡ്നി സില്‍ക്കിയെപ്പോലെയോ പോമറേനിയനെപ്പോലെയോ പട്ടുമെത്തയില്‍ക്കിടന്ന് ടി.വി.സീരിയലുകള്‍ കണ്ട്‌ കണ്ണീര്‍ പൊഴിക്കാറുണ്ട്‌. ഈ പട്ടി നല്ല സുന്ദരികളായ മദാമ്മമാരുടെ മാറത്ത്‌ ഒട്ടിയിരിക്കാന്‍ നല്ല താത്പര്യം കാണിക്കുന്നവനാണ്‌.

ഒരു പട്ടി സ്വപ്നഗാന്ധര്‍വ്വുകാരനാണ്‌. സ്വവര്‍ഗരതിക്കാരനായ ഒരു പട്ടിയുമുണ്ട്‌. നല്ല സംഗീതബോധമുള്ള ഒരു പട്ടിയുമുണ്ട്‌. എല്ലാ പട്ടികള്‍ക്കും എടുത്തുപറയേണ്ട്‌ ചില സ്വഭാവങ്ങളുണ്ട്‌.

എത്ര ചവിട്ടു കിട്ടിയാലും ഇവരാരും മോങ്ങാറില്ല. ദിവസവും രണ്ടു കോഴിയും രണ്ടും ലിറ്റര്‍ പാലും വേണമെന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ല. ഇറച്ചിയും എല്ലും കൊണ്ട്‌ ചിറി ചൊറിഞ്ഞുകൊടുത്താലും പ്രലോഭനത്തിന്‌ അടിപ്പെടാറില്ല. ചിരിക്കാറില്ല കരയാറില്ല.

വല്ലപ്പോഴും കുളിക്കാറുണ്ട്‌. 'ഒരു പട്ടിക്ക്‌ മറ്റൊരു പട്ടിയെ കാണാന്‍ മേല' എന്ന തത്വശാസ്ത്രം അന്യഥാ പാലിക്കുന്നവരാണ്‌ എല്ലാവരും. എന്തായാലും പട്ടിയെ നഷ്ടപ്പെട്ട സ്ത്രീ ഈ പട്ടിക്കൂട്ടില്‍ വന്ന് അന്വേഷിക്കുന്നത്‌ നന്നായിരിക്കും.

ഇവരധികവും നല്ല കഴിവുകളുണ്ടായിട്ടും ഇന്ത്യാഗവണ്‍മെന്റിന്റെ നയങ്ങള്‍കൊണ്ട്‌ പുല്ലുവിലയ്ക്ക്‌ പരോക്ഷമായി കയറ്റുമതി ചെയ്യപ്പെട്ടവരാണ്‌ എന്നു കൂടി സദയം അറിയിക്കുന്നു.

എന്ന്,
പേര് വെളിപ്പെടുത്താന്‍ തീരെ താത്പര്യമില്ലാത്ത ഒരു പട്ടി.

Subscribe Tharjani |