തര്‍ജ്ജനി

മുഖമൊഴി

ഭൂതകാലത്തിന്റെ തടവുകാര്‍

കേരളപ്പിറവിയുടെ അമ്പതാം വര്‍ഷം, നാലുകെട്ടിന്റെ അമ്പതാം വര്‍ഷം, ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാല്പതാം വര്‍ഷം എന്നിങ്ങനെ ഭൂതകാലത്തിന്റെ നാള്‍വഴികളില്‍ നിന്ന് ആഘോഷത്തിനുള്ള ഇനങ്ങള്‍ കണ്ടെത്തുവാനുള്ള അത്യുത്സാഹം മലയാളികള്‍ പ്രകടിപ്പിക്കുകയാണ്. ഒരു ജനതയ്ക്കും ചരിത്രനിരപേക്ഷമായ നിലനില്പില്ല എന്നു സമ്മതിക്കാം. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കാനാകാതെ ഭൂതകാലത്തിന്റെ നിലവറകളില്‍ തെരഞ്ഞ്, കണ്ടെത്തുന്നവയില്‍ അഭിമാനം കൊള്ളുകയും ആനന്ദിക്കുകയും ചെയ്യുന്നത് വിചിത്രമായ കാര്യമാണ്. കേരളീയസമൂഹം അതിവേഗം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കയാണ്. ഗ്രാമങ്ങള്‍ നോക്കിനോക്കിയിരിക്കെ രൂപമാറ്റം വന്ന് നഗരവേഷം കൈക്കൊള്ളുകയാണ്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഈ വേഗത പ്രകടമായിക്കഴിഞ്ഞിട്ടുണ്ട്. ഈ ചടുലവേഗത്തോടൊപ്പം നീങ്ങുന്ന മലയാളിസമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്. വലിയ ആദര്‍ശങ്ങളോ, എന്തിന് വിപ്ലവസ്വപ്‌നങ്ങള്‍ പോലുമോ ആരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുില്ല. വിപ്ലവപാര്‍ട്ടിയെന്ന് സ്വയം വിളിക്കുന്നവര്‍ പോലും സോഷ്യലിസ്റ്റ് സ്വപ്‌നം ഉപേക്ഷിച്ചു കഴിഞ്ഞു. പേരും പതാകയും മതി, പിന്നെ വാട്ടര്‍ തീം പാര്‍ക്ക് പോലെയുള്ള പദ്ധതികളാണ് വേണ്ടത് എന്നിടത്തോളം ഉദാരവത്കരണം സംഭവിച്ചു കഴിഞ്ഞു. പഴയകാലത്തെ കഷ്ടപ്പെട്ട ജീവിതരീതിയുമായി ഇക്കാലത്ത് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല എന്ന് നമ്മെ അറിയിച്ചത് കേന്ദ്രനേതൃത്വത്തിലുള്ളവര്‍ തന്നെയാണല്ലോ. എന്നിട്ടും, നാടോടുമ്പോള്‍ നടുവെ ഓടാതെ ചിലര്‍ ഗൃഹാതുരത്വത്തില്‍ മുഴുകി കഴിയുകയാണ്.

എന്റെ മുരിങ്ങാമരച്ചോട്ടിലിരുന്ന് നക്ഷത്രങ്ങള്‍ കാണാനാണ് എനിക്കിഷ്ടമെന്നു പണ്ട് മലയാളത്തിലെ ഒരു എഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ട്. നാടായ നാടെല്ലാം അലഞ്ഞ് തിരിച്ചെത്തിയതിനു ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതില്പരം അദ്ദേഹം യാത്രകള്‍ ഉപേക്ഷിച്ചു എന്നു കരുതിയെങ്കില്‍ തെറ്റി. വീണ്ടും നക്ഷത്രമല്ലാത്തവ കാണാനായി അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്നു. വാക്കും പ്രവര്‍ത്തിയും വഴി പിരിഞ്ഞു പോകുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിച്ച് കാണുകയാല്‍ ഇതിലൊന്നും ഒരു വിശേഷവും നമ്മുക്ക് തോന്നാറില്ല. നമ്മള്‍ ആചരിച്ചു പോന്ന ഇരട്ടജീവിതത്തിന്റെ അനാകര്‍ഷണീയത ഇടക്കാലത്ത് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ നമ്മുക്ക് കാണിച്ചു തന്നു. ഒരു കാര്യം പറയുകയും അങ്ങനെ പറഞ്ഞില്ലെന്ന് നിഷേധക്കുറിപ്പിറക്കുയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ വല്ലാതെ വിഷമിച്ചുപോയ സന്ദര്‍ഭമാണ്. പറഞ്ഞ വാക്കിന് വ്യാഖ്യാനം നല്കി രക്ഷപ്പെടാനുള്ള പഴുതും അവര്‍ അടച്ചുകളഞ്ഞു. മുന്നാറില്‍ ഇടിച്ചു നിരത്തല്‍ നടത്തുന്ന കാലത്ത് ഭരണക്ഷികളിലൊന്ന് ഞങ്ങളെ ഭൂമി കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് വിലപിച്ചത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. ഒളിവിലും മറയിലും പ്രവര്‍ത്തിക്കാനാകാത്ത, ഇനി അഥവാ പ്രവര്‍ത്തിച്ചാലും തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാനാവാത്ത ഒരു കാലഘട്ടമാണ് ഇത്. അതിനാല്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുക തന്നെയാണ് നല്ലത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ആദര്‍ശമില്ലാത്തവന്‍ എന്ന പഴി കേള്‍ക്കേണ്ടി വന്നേക്കാം. അതല്ലാതെ വേറെ നഷ്ടമൊന്നും ഉണ്ടാകാനില്ല.

രാഷ്ട്രീയക്കാര്‍ ഈ പാഠം പഠിച്ചു കഴിഞ്ഞു. അവര്‍ അത് സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്തിത്തുടങ്ങുകയും ചെയ്തു. പഴയ ആദര്‍ശങ്ങളല്ല പുതിയ കാലം മുന്നിലെത്തിക്കുന്ന സൗഭാഗ്യങ്ങളാണ് ഇന്ന് രാഷ്ട്രീയക്കാരനെ നയിക്കുന്നത്, പ്രചോദിപ്പിക്കുന്നത്. ഈ വളര്‍ച്ചയോടൊപ്പം എത്താന്‍ കഴിയാതെ കഴിഞ്ഞകാലത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയോ ഓര്‍ത്ത് ആവേശം കൊള്ളുകയോ ചെയ്യുന്നത് നമ്മുടെ സാംസ്കാരികരംഗത്തെ ചിലര്‍ മാത്രമാണ്. നാലുകെട്ടിന്റെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നത് എം.ടി.വാസുദേവന്‍നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡാന്റാവാന്‍ അവസരം ഒരുക്കാനാണ് എന്ന മട്ടില്‍ കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍ തന്നെ സംസാരിച്ചിട്ടുണ്ട്. എഴുത്തുകാര്‍ പോലും ഇങ്ങനെ ആസൂത്രണവൈഭവം കാണിക്കുമ്പോള്‍ ഭൂതകാലത്തിന്റെ ബാധയില്‍ കഴിയുന്നത് ആരായാലും അത് ആപല്‍ക്കരമായിരിക്കാനേ തരമുള്ളൂ.

നാട്ടിന്‍പുറത്തെ സ്കൂളില്‍ പഠിക്കുകയും കോളേജില്‍ പോയി വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയപ്രബുദ്ധത പരിശീലിക്കുകയും കാപ്പിറ്റേഷന്‍ ഫീ നല്കി ബി.എഡിന് സീറ്റു വാങ്ങി മാനേജ്‌മെന്റിന് കാശു നല്കി ജോലി നേടി ജീവിക്കുകയോ സഹകരണബാങ്കിലോ സൊസൈറ്റിയിലോ പ്രവര്‍ത്തിച്ച് പത്രം വായിച്ച് നിത്യവ്യായാമമായി രാഷ്ട്രീയ ചര്‍ച്ച നടത്തുകയും ചെയ്യുന്ന നിഷ്കളങ്കമലയാളികള്‍ ഇന്നും കേരളത്തില്‍ ജീവിക്കുന്നുണ്ട്. കണ്ണിലെ കൃഷ്ണമണി പോലെ പ്രസ്ഥാനത്തെ കാത്തുരക്ഷിക്കുവാനുള്ള ദൗത്യം നെഞ്ചേറ്റി ജീവിക്കുന്നവര്‍. ഇത്തിരി ആദര്‍ശം അവരുടെ ജീവിതത്തെ നിറം പിടിപ്പിക്കുന്നു. കോടികളുടെ കഥകള്‍ പത്രങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്ന ഇത്തരം ലഘുജീവിതങ്ങളാണ് അന്ധാളിച്ചു പോകുന്നത്. വീടുപണിയാന്‍ അഞ്ച് സെന്‍റു മണ്ണു പോലും വാങ്ങാനാകാതെ വിഷമിക്കുന്ന, അല്ലെങ്കില്‍ വികസനത്തിന് വഴിയൊരുക്കാന്‍ സ്വന്തം മണ്ണില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ നിര്‍ബ്ബന്ധിതനാകുന്ന മലയാളി. അനുനിമിഷം വികസിക്കുന്ന ലോകത്തിന്റെ പ്രതിപുരുഷന്മാര്‍ക്കു മുന്നില്‍ കോമാളിവേഷങ്ങളാകാന്‍ വിധിക്കപ്പെട്ട ഈ അഭിശപ്തജന്മങ്ങള്‍ വര്‍ത്തമാനകാലത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും പുറം തിരിഞ്ഞു പോകാന്‍ നിര്‍ബ്ബന്ധിതരാകുന്നു. പരാജിതരുടെ ലോകത്തിന്റെ പരിക്ഷീണമായ ശബ്ദം ഈ കോലാഹലങ്ങള്‍ക്കിടയില്‍ നമ്മുക്ക് കേള്‍ക്കാനാകുന്നുണ്ടോ?

സാംസ്കാരികരംഗം സജീവമാണ്. അക്കാദമികളും സര്‍വ്വകലാശാലകളും ചിന്തയുടേയും ആശയളുടേയും ലോകത്ത് വിഹരിക്കുന്നു. സാറ്റലൈറ്റ് ചാനലുകള്‍ റിയാലിറ്റി ഷോകളും മത്സരങ്ങളുമായി എസ്.എം.എസ് വിധിനിര്‍ണ്ണയത്തിലൂടെ പുത്തന്‍ കലാധിപത്യം നടപ്പിലാക്കുന്നു. ഓരോ പാട്ടുകാരനും പാട്ടുകാരിയും നര്‍ത്തകനും നര്‍ത്തകിയും അഭിനേതാവും തനിക്കായി വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. വോട്ടെടുപ്പ് അയ്യാണ്ട് മഹാമേളയായി നടന്നിരുന്ന ജനാധിപത്യത്തിനപ്പുറം നിത്യവും വോട്ടു ചെയ്ത് മത്സരത്തില്‍ പങ്കാളികളാകാനുള്ള അവസരം ചാനലുകള്‍ നല്കുന്നു. ഓരോ എസ്.എം.എസ് സന്ദേശവും ചാനലിനു നല്കുന്ന വരുമാനത്തെക്കുറിച്ച് ആരും പറയുന്നില്ല. വളരെ നാളുകള്‍ക്കു മുമ്പ് വിധിയെഴുതിക്കഴിഞ്ഞ ഒരു മത്സരത്തിനാണ് വോട്ടു ചെയ്യുന്നതെന്ന് അറിയാതെ നിഷ്കളങ്കരായ കാണികള്‍ വോട്ടു ചെയ്തുകൊണ്ടിരിക്കുന്നു. ചാനലുകളുടെ ആഘോഷങ്ങളെല്ലാം കോര്‍പ്പറേറ്റുകള്‍ കോടികള്‍ മുടക്കി നടപ്പിലാക്കുന്നവയാണ്. ഈ കോര്‍പ്പറേറ്റുകളുടെ ജനസമ്മതിയാണ് ഓരോ വോട്ടിംഗിനു പിന്നിലും അബോധമായി കാണികള്‍ നല്കുന്നത്. ഇടത്തരക്കാരന്റെ ഉല്ലാസം പോലും ഇങ്ങനെ അവന്റെ ഇത്തിരിപ്പോന്ന ഭൗതികവും സാംസ്കാരികവുമായ ഇടങ്ങങ്ങള്‍ കയ്യടക്കുന്നിടത്താണ് ഗൃഹാതുരത്വത്തിന്റെ മറ്റൊരു സ്വരം നാം കേള്‍ക്കുന്നത്. പുതിയ കാലത്തോടൊപ്പം ഓടിയെത്താനാകാത്തവര്‍ക്കുള്ള അത്താണിയായി ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍.

വിപ്ലവവും സോഷ്യലിസവും ആദര്‍ശങ്ങളും ഒഴിഞ്ഞുപോയ തരിശിലാണ് ഗതകാലസ്മൃതിയുടെ ഇത്തിരിനീരു കൊണ്ട് നനവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. പാറയുടെ ബലത്തില്‍ കോട്ട പണിയാനാകാത്തവന് കിട്ടുന്ന തരിശ്. എങ്ങും പോകാനില്ലാത്തവന്, പുതിയ സ്വപ്‌നങ്ങളില്ലാത്തവന് പഴമയുടെ ഓര്‍മ്മള്‍ കൂട്ടായിരിക്കട്ടെ. അല്ലെങ്കിലും മലയാളികള്‍ ഒരു മഹാബലി ചക്രവര്‍ത്തിയുടെ കഥയോര്‍ത്ത് ഓണം ആഘോഷിക്കുന്നവരാണല്ലോ. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട ഒരു രാജാവിനെ ഓര്‍ത്ത് കഴിയുന്ന ജനതയാണല്ലോ നാം.

Subscribe Tharjani |