തര്‍ജ്ജനി

കഥ

പുറപ്പെടല്‍

ലായത്തില്‍ നിന്നു കുതിയ കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ജോലിക്കാരന് പറഞ്ഞതെന്താണെന്നു മനസ്സിലായില്ല. സ്വയം ഞാന്‍ ലായത്തില്‍ ചെന്ന് ജീനി വച്ചുകെട്ടി, കുതിരപ്പുറത്തു കയറിയിരുന്നു. ദൂരെ അപ്പോള്‍ ട്രമ്പറ്റിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. അതിന്റെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ അവനോട് ചോദിച്ചു. അവനൊന്നുമറിയില്ല. ശബ്ദം അവന്‍ കേട്ടതുമില്ല. ഗേറ്റിനടുത്തു വച്ച് അവന്‍ എന്നെ തടഞ്ഞുകൊണ്ട് ചോദിച്ചു:
“ അങ്ങ് എവിടെയാണ് പോകുന്നത്?
“എനിക്കറിയില്ല “ ഞാന്‍ പറഞ്ഞു. “ ഇവിടെ നിന്ന് ദൂരെ എവിടെയ്ക്കെങ്കിലും. എവിടെയായാലും സാരമില്ല, ദൂരെയായിരിക്കണം. അങ്ങനെ മാത്രമേ എനിക്കു ലക്ഷ്യത്തിലെത്താന്‍ കഴിയൂ.“
“ലക്ഷ്യമെന്താണെന്ന് അപ്പോള്‍ അങ്ങേയ്ക്കറിയാമോ?” അവന്‍ ചോദിച്ചു.
“അറിയാം.” ഞാന്‍ പറഞ്ഞു.” അതിപ്പോള്‍ നിന്നോടു പറഞ്ഞു കഴിഞ്ഞു. ഇവിടെ നിന്ന് ദൂരേയ്ക്ക്. അതാണു് എന്റെ ലക്ഷ്യം“
“ യാത്രാസാധനങ്ങളൊന്നും അങ്ങേയുടെ പക്കലില്ല.” -അവന്‍.
“ഒന്നും എനിക്കാവശ്യമില്ല. യാത്ര വളരെ നീണ്ടതാണ്. വഴിയില്‍ ഒന്നും കിട്ടിയില്ലെങ്കില്‍ വിശപ്പു കൊണ്ട് ഞാന്‍ മരിക്കും. കൂടെ കരുതുന്ന ഒരു വസ്തുവിനും എന്നെ രക്ഷിക്കാന്‍ കഴിയില്ല.” ഞാന്‍ പറഞ്ഞു. “ അര്‍ത്ഥവത്തായ ഒരു യാത്ര. ഭാഗ്യവശാല്‍ അതുമാത്രം മതി.”

ഫ്രാന്‍സ് കാഫ്ക (1883-1924)
മൊഴിമാറ്റം: ശിവകുമാര്‍. ആര്‍. പി
Subscribe Tharjani |