![]() |
|||||
കെ.ആര്‍. ഹരിശ്രീവിഹാര് ഇമെയില്‍: leodynasty@yahoo.com Visit Home Page ... |
ഠേ............
ഞങ്ങള് നാല് പേരുണ്ടായിര്‍ന്ന് ഓടാന്‍. ഞാനും, സുധീറും, കബീറും, ഷാനുവും. പുള്ളിപ്രാവുതന്നെ വീഴണേ എന്ന് ഓട്ടത്തിനെടേലും ഞാന്‍ പ്രാര്‍ത്ഥിച്ചോണ്ടിരുന്നു. വെടിക്കാരന്‍ ഉന്നം വച്ചത് അതിനെതന്നെയായിരുന്നു. ഞങ്ങള് മുമ്പേ ഓടാന്‍ ഉള്ളതു കൊണ്ട് വെടിക്കാരന്‍ പതുക്കെ വരുകയേ ഉള്ളൂ. വെടി ചങ്കിന് തന്നെ കൊണ്ടിട്ടൊണ്ടെങ്കില്‍ അധികദൂരം പറക്കാതെ തന്നെ വീഴും. ഏശിയിട്ടേ ഉള്ളൂ എങ്കില്‍ കുറെ പറക്കും , പിന്നെ ഏതെങ്കിലും മരത്തില്‍ തളര്‍ന്നിരിക്കും, അവസാനം ഉരുണ്ട് താഴെ തന്നെ വീഴും. മരക്കമ്പിലെങ്ങാനും തടഞ്ഞിരിക്കുകയാണെങ്കില്‍ വെടിക്കാരന്‍ തന്നെ കയറി എടുക്കും. അയാള്‍ മരത്തില്‍ കയറുമ്പോള്‍ തോക്ക് ഞങ്ങളെ ഏല്‍പ്പിക്കും . ഞങ്ങള് നാലു പേരും കൂടിയാണ് തോക്ക് താങ്ങിപിടിക്കുക. അതിന് ഭയങ്കര ഭാരമാണ്. പഴയ തോക്കാണെങ്കിലും അതിന്റെ ഇരുമ്പ് കുഴലിനും , ചുവട്ടിലെ മരത്തിനും എണ്ണയിട്ടപോലെ തിളക്കമാണ്. വെടിമരുന്നിന്റെ മണത്തിനു വേണ്ടി ഞങ്ങളത് ചുമ്മാ മണപ്പിച്ചുനോക്കും.
ഓടിക്കിതച്ചെത്തിയ ഞങ്ങള്‍ പറങ്കിമാവും ആഞ്ഞിലിയും കൂടി നില്‍ക്കുന്ന പുരയിടത്തില്‍ തിരക്കി നടക്കാന്‍ തുടങ്ങി. പ്രാക്കൂട്ടങ്ങള്‍ ആ ദിക്കിലേക്കാണ് പറന്നത്. കരിയിലകളിലെങ്ങാനും ചോരത്തുള്ളികള്‍ വീണുകിടപ്പുണ്ടോ എന്ന് നോക്കി ഞാനും നടന്നു. മരിക്കാന്‍ പോകുന്ന നേരത്തെ ചിറകടിക്കുന്ന ശബ്ദമുണ്ടല്ലോ, അതെങ്ങാനും കേള്‍ക്കുന്നുണ്ടോ എന്ന് ഞങ്ങള് ശ്രദ്ധിച്ചു.
ദാ വീഴുന്നു മേലേന്ന് ഒരെണ്ണം --- പറക്കാന്‍ വയ്യാതെ കുഴഞ്ഞു വീണതാണ്. ജീവന്‍ ഇനിയും പോയിട്ടില്ല. പക്ഷെ എന്റെ സന്തോഷം പകുതീം പോയി - അത് പുള്ളിപ്രാവല്ല.
ഷാനു നിന്നതിനടുത്താണ് അത് വീണത്. അവന്‍ തന്നെ അതിനെ പൊക്കിയെടുത്തു. അതിന്റെ വെടികൊണ്ട ഭാഗം ഞങ്ങള് കണ്ടു പിടിക്കുന്നതിനിടെ വെടിക്കാരന്‍ സ്ഥലത്തെത്തി അതിനെ കയ്യില്‍ വാങ്ങി. അയാള്‍ അതിനെ ചിറകില്‍ തൂക്കിയാണ് തിരിച്ചു നടന്നത്. ഞങ്ങള് പിറകേയും. ഡ്രില്ലുപുരയുടെ വരാന്തയിലെത്തുമ്പോഴേക്കും അത് ചാകും - ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഉച്ചതിരിഞ്ഞുള്ള ആദ്യ പീരിയഡ് കഴിഞ്ഞ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ഒപ്പം കുട്ടികളുടെ ചിലമ്പലും കാലന്‍ കോശിപ്പണിക്കരുടെ കണക്ക് ക്ലാസ് കഴിഞ്ഞു. അടുത്തത് സുഷമ ടീച്ചറുടെ കെമിസ്ട്രി ക്ലാസ്സാണ്. ടീച്ചറ് ആരൊക്കെ ക്ലാസ്സില്‍ കയറി, കയറിയില്ല, എന്നൊന്നും നോക്കില്ല. പാവം ടീച്ചറാണ്. തൂക്കിക്കൊണ്ടു വന്ന പ്രാവിനെ വെടിക്കാരന്‍ താഴെ പുല്ലിലേക്കിട്ട്. അയാള് കാക്കിസഞ്ചിയില്‍നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ചു വലിക്കാന്‍ തുടങ്ങി. തോളില്‍ തൂക്കാന്‍ പാകത്തില്‍ വളളിയുളള കാക്കിസഞ്ചിക്ക് രണ്ട് പളളകളുണ്ട്. ഒന്നില്‍ വെടിമരുന്നും, ഉണ്ടകളും ഉണക്കച്ചകിരിയും പിന്നെ അയാളുടെ ബീഡിക്കെട്ടും തീപ്പെട്ടിയും. മുഴച്ചിരിക്കുന്ന മറ്റേതില്‍ വെടിവച്ചിട്ട പ്രാവുകളോ, കൊക്കുകളോ മറ്റോ ആയിരിക്കും. അതിന്റെ ചുവട്ടില്‍ കറകള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പഴക്കം മൂലം കറുത്ത ചോരക്കറകളാകാം. ഇരുപ്പേ വൈദ്യനു വേണ്ടിയാണ് അയാള്‍ പക്ഷികളെ വെടിവച്ചിടുന്നത് എന്നാണ് പറഞ്ഞത്. ഇരുപ്പേ വൈദ്യന് പല മരുന്നുകളും ഉണ്ടാക്കാനറിയാം. നാട്ടിലെ വലിയ വൈദ്യനാണ് അയാള്‍. ചിറ്റപ്പന്‍ ചേട്ടന് അസുഖം മാറിയതും അങ്ങിനെ ഏതോ മരുന്ന് ഉണ്ടാക്കി കൊടുത്തിട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
തോക്ക് നിറക്കുന്നത് കാണാന്‍ ഞങ്ങള് അടുത്തുകൂടിനില്‍ക്കും. അയാള് വളരെ പതുക്കെയാണ് അത് ചെയ്യുക. ആദ്യം കുറച്ച് വെടിമരുന്ന് നുളളിയിടും. പിന്നെ കുഴലിനോട് ചേര്‍ന്നിരിക്കുന്ന നീളന്‍ കമ്പിയെടുത്ത് കുഴലില്‍താഴ്ത്തി ആ മരുന്ന് ഇടിച്ചിടിച്ചമര്‍ത്തും. ഇത്തിരി ചകിരി പറിച്ചെടുത്ത് അതിന്റെമേലെ കുത്തിതാഴ്ത്തും. പിന്നെയും മരുന്നിട്ട് ഇടിച്ചമര്‍ത്തും. അങ്ങനെ അവസാനം വെടിയുണ്ട മേലെ വയ്ക്കും. അത് താഴെ വീണുപോകാതിരിക്കാന്‍ പിന്നേം ഇത്തിരി ചകിരി കുത്തി തിരുകും. പക്ഷെ ഇനി ഇവിടെ കാത്തിരുന്നിട്ട് ഒരു കാര്യവുമില്ല. വെടിക്കാരന്‍ പോകാതെ ഒരു പ്രാവുപോലും തിരിച്ചുവരാന്‍പോകുന്നില്ല. പ്രാവുകളാണെങ്കിലും അവയ്ക്കും വിവരമുണ്ട്. ഇനി പ്രാവുകളെ കിട്ടുക പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂരയിലാണ്. ചുറ്റുമതിലില്ലാതെ കിടക്കുന്നതുകൊണ്ട് അവിടെ കയറിപ്പറ്റാന്‍ എളുപ്പമാണ്. പ്രൈമറി സ്കൂള്‍ ഒരൊറ്റ വലിയ ഹാളാണ്. അത് തട്ടികള്‍ വച്ച് ഒന്നും,രണ്ടും, മൂന്നുമായി തിരിച്ചിരിക്കുകയാണ്. പ്രാവിന്റെ കാഷ്ഠം ഒലിച്ചുകിടക്കുന്ന അതിന്റെ ഭിത്തികളുടെ മൂലകളിലെല്ലാം,പുഴുക്കള്‍ ഉറകെട്ടി ഇരുന്നുറങ്ങുന്നുണ്ട്. ഭിത്തികള്‍ക്ക് കുറുകെ ഇട്ടിരിക്കുന്ന വലിയ കമ്പികളിലും മിക്കപ്പോഴും പ്രാവുകള്‍ വന്നിരിക്കാറുണ്ട്. പക്ഷെ നാലുമണി കഴിയണം. സ്കൂളുവിട്ട് പിള്ളേരും,സാറന്‍മാരും പോയെങ്കിലേ അവിടെച്ചെന്ന് വെടിവയ്ക്കാന്‍ പറ്റൂ. നിറച്ച തോക്ക് ദേഹത്തിന് കുറുകെ വച്ച് വെടിക്കാരന്‍ വരാന്തയിലേക്ക്
മലര്‍ന്നുകിടന്നു. അയാളുടെ കൈയ്യുളള പഴയ ബനിയനില്‍ അങ്ങിങ്ങ് വെടികൊണ്ടമാതിരി വട്ടത്തിലുളള ദ്വാരങ്ങളുണ്ടായിരുന്നു. അതിലൂടെ അയാളുടെ നെഞ്ചിലെ രോമങ്ങള്‍ പുറത്തേക്ക് തളളിനിന്നു. ഞങ്ങളുടെ വീട്ടിന്റെ പിറകിലെ കോഴിക്കൂടിന് ചുറ്റിലും കടും പച്ചനിറത്തില്‍ തഴച്ചുവളര്‍ന്നുകിടക്കുന്ന കറുകപ്പുല്ലുമാതിരി.
ഞങ്ങള് നാലുപേരും ഇത്തിരി അപ്പറത്തോട്ട് മാറിയിരുന്നപ്പം കബീറ് കൂപ്പിലെ കഥകള് പറയാന്‍ തുടങ്ങി. അവന്റെ വാപ്പിച്ച കൂപ്പിലെ ഡ്രൈവറാണ്. ഒഴിവുദിവസങ്ങളില്‍ വാപ്പിച്ച അവനെ കൂപ്പില്‍ കൊണ്ടുപോകാറുണ്ട്. കൂപ്പിലെ തടിപിടിക്കുന്ന ആനകളുടെ കഥകള്‍ അവന്‍ കൈയും കാലും കാട്ടി അഭിനയിച്ച് പറയുന്നത് ഞങ്ങള് രസത്തോടെ കേട്ടിരുന്നു. വെടിക്കാരന്‍ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വരാന്തയുടെ മൂലയിലെ വെയിലില്‍ വീണ് കുറുകി പുകഞ്ഞു. കഥയ്ക്കിടെ ഞാനെഴുന്നേറ്റ് വെറുതെ പ്രാവിനെ തട്ടി നോക്കി. വിരലുകൊണ്ട് ഉന്തി പതുക്കെ മലര്‍ത്തിയിട്ടു. അത് കല്ലുപോലെയായിരുന്നു.
മൂന്ന് നാലു ദിവസം വൈകിട്ട് തകൃതിയായി മഴപെയ്ത് തോര്‍ന്ന ഒരു സന്ധ്യക്കാണ് ഈയാംപാററകള്‍ പൂക്കുറ്റിപോലെ പൊങ്ങിയത്. മുറ്റത്തുനിന്ന് മുറികളിലേക്ക് അവ ഇരച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ ഞാനും, ചേച്ചിയും അമ്മയുംകൂടി ലൈറ്റുകളെല്ലാം അണച്ചിട്ട് മുറ്റത്ത് തീ കൂട്ടി. അതിലേക്ക് വന്നുവീഴുന്ന ഈയാംപാറ്റകളെയും നോക്കി ഇറയത്തെ ഇരുട്ടില്‍ ഞാനങ്ങനെ ഇരുന്നു. അച്ഛന്‍ വളം ഡിപ്പോ അടച്ചിട്ട് എട്ടര മണിയായേ വരത്തുള്ളൂ. അതുവരെ പഠിച്ചില്ലേലും കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ ഞങ്ങള്‍ സ്കൂളിലെ ഡ്രില്ലുപുരയുടെ അടുത്തേക്ക് പോകാറേയില്ല. അങ്ങോട്ട് പോകാന്‍ എല്ലാവര്‍ക്കും പേടിയാണ്. സ്കൂളിലെ മതില്‍ക്കെട്ടും കഴിഞ്ഞ് തെങ്ങിന്‍തോപ്പിന്റെ അങ്ങേയറ്റത്താണ് ഡ്രില്ലുപുര. ഡ്രില്ലുപുരയുടെ മുമ്പിലെ പടികള്‍ ചവിട്ടിക്കയറിയാല്‍ മുകളില്‍ വലിയ ഗ്രൗണ്ട്. പഴയ ഡ്രില്ലുപുരയ്ക്ക് വലിയ നാല് മുറികളാണ്. അങ്ങേയറ്റം സ്കൗട്ടിന്റേതാണ്. വൃത്തിയുള്ള ആ മുറിയില്‍ അലമാരയുടെ മുകളില്‍ നിറയെ വലിയ ട്രോഫികള്‍ അടുക്കിവച്ചിരിക്കുന്നത് കാണാം. രണ്ടാമത്തെ മുറി എന്‍.സി.സിക്കാരുടേതാണ്. അവരുടെ ഡ്രസ്സുകളും, ബൂട്ടുകളും നിറയെ അടുക്കിവച്ചിട്ടുണ്ടാകും. ഭിത്തിയില്‍ ഏറോപ്ലെയിനിന്റെ ചെറിയ മോഡലുകളുണ്ടാക്കി തൂക്കിയിട്ടുണ്ട്. അവരുടെ ഓഫീസര്‍മാര്‍ വരുന്ന ദിവസം ഏറോപ്ലെയിനുകള്‍ ഗ്രൗണ്ടില്‍ പറത്താറുണ്ട്. മൂന്നാമത്തെമുറി സ്പോര്‍ട്സിന്റെതാണ്. നിറയെ സാധനങ്ങളാണാമുറിയില്‍ ബാളുകളും, ബാറ്റും, നെറ്റും, കാരംസ് ബോര്‍ഡും, തടിക്കഷണങ്ങളും, പഴയ കസേരകളും, മേശകളും അങ്ങനെ മുറി നിറഞ്ഞുകിടക്കുകയാണ്. നാലാമത്തെ മുറി വെറുതെ കിടക്കുകയാണ്. അതിന്റെ ജനാലകള്‍ വലിച്ചുതുറന്നാണ് ഇട്ടിരിക്കുന്നത്. അഴികളില്ലാത്തതിനാല്‍ ജനാലവഴി ഒരാള്‍ക്ക് അകത്തുകയറാന്‍ കഴിയും. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സുലു ആ മുറിയിലാണ് ബോധം കെട്ട് കിടന്നത്. സുലുവിനെ സ്കൂളിനടുത്തുള്ള ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് പോയപ്പോള്‍ എന്റമ്മോ ! എന്തൊരാള്‍ക്കാരാ അവിടെ കൂടിയത് ! ആശുപത്രിക്ക് പിറകിലുള്ള കയ്യാലയ്ക്ക് മുകളിലാണ് ഞങ്ങള് കയറി നിന്നിരുന്നത്. എന്നിട്ടും ഒന്നും കാണാന്‍ പറ്റിയില്ല. ജനാല വഴി നോക്കിയാല്‍ ആരൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും വേഗത്തില്‍ നടക്കുന്നത് കാണാമായിരുന്നു. വിവരം അറിഞ്ഞ ഉടനേതന്നെ കൂട്ടമണിയടിച്ച് സ്കൂളുവിട്ടിരുന്നു.സാറിന്‍മാരുടെ എല്ലാം എന്തോ അത്യാവിശ്യ മീറ്റിംഗ് കൂടാന്‍ വേണ്ടി. ഓട്ടത്തിനും ചാട്ടത്തിനുമെല്ലാം പങ്കെടുക്കുന്ന പെണ്ണായിരുന്നു സുലു. ഞങ്ങളുടെ വീടും കഴിഞ്ഞ് കുറെ അപ്പുറത്താണ് അവളുടെ വീട്. അതിന്റെ അച്ഛനേം, അമ്മേം, എനിക്കറിയാം. ഞങ്ങളുടെ വീടിന്റെ മുന്നില്‍ കൂടിയാണ് നടന്ന് പോകുന്നത്. തീപ്പെട്ടി കമ്പനിയില്‍ പണിയെടുക്കുന്ന ലക്ഷമണനും, സരോജിനിയും. അവര്‍ക്ക് ആകപ്പാടെ ഒരു മോളേയുള്ളൂ.
സംഭവം നടന്നേന്റെ അന്നും പിറ്റേന്നുമൊക്കെ പോലീസ് ജീപ്പ് ഗ്രൗണ്ടില്‍ കിടക്കുന്നത് കാണാമായിരുന്നു. ഡ്രില്‍ മാസ്റ്റര്‍ റോള്‍ഡന്‍ സാറും, സുധാകരന്‍ സാറും ഡ്രില്ലുപുരയുടെ അടുത്ത് സംസാരിച്ചോണ്ട് നില്‍ക്കുന്നതും. പിള്ളേരെയാരേയും അങ്ങോട്ട് പോകാന്‍ സമ്മതിച്ചതേയില്ല. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് സാധാരണ ജയകൃഷ്ണന്‍ സാറും, സുധാകരന്‍ സാറും സ്റ്റാഫ് റൂമില്‍ ഇരുന്ന് ചെസ്സ് കളിക്കാറുണ്ട്. ഞങ്ങള് ജനലില്‍ തൂങ്ങിനിന്ന് അത് കാണും. സംഭവത്തിന് ശേഷം ചെസ്സ് കളിയൊന്നുമില്ലാര്‍ന്ന്. അവിടേം എല്ലാവരും സുലുവിന് പറ്റിയതിനെക്കുറിച്ചുള്ള സംസാരമായിരുന്നു. പിന്നെ പേപ്പറില്‍ വരുന്ന അങ്ങനെയുള്ള കഥകളെക്കുറിച്ചും. പിള്ളാരുടെ എടേലും , സ്കൂളിന് മുമ്പിലുള്ള അയ്യപ്പന്റെ കടേലും എല്ലാം ഇതുതന്നെയായിരുന്നു സംസാരം. ആകപ്പാടെ സ്ക്കൂളിലൊരു പുകിലാരുന്ന്.
സുലുവിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാണാന്‍ ഞാനും പോയാര്‍ന്ന്. അവളുടെ വീടും മുറ്റവും നിറയെ ആള്‍ക്കാരായിരുന്നു. എന്റെ വീടിന് തൊട്ടടുത്തുള്ള അപ്പൂപ്പനും, മയ്തീന്റെ ഇളയകുഞ്ഞ് ഷുക്കൂറും ഡങ്കി വന്ന് മരിച്ചതിനുശേഷം അവിടെയെല്ലാം കൊതുകിനെ അകറ്റാനും, പരിസരം വൃത്തിയാക്കി കുമ്മായം വിതറാനും വന്ന പല ആള്‍ക്കാരേയും അക്കൂട്ടത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒന്നുരണ്ട് പേര്‍ പത്രക്കാരാണെന്ന് തോന്നുന്നു. അവര്‍ക്കൊപ്പം ക്യാമറയും പിടിച്ച് വേറെ ആള്‍ക്കാരുമുണ്ട്. ആരൊക്കെയോ വീടിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് സുലുവിന്റെ അമ്മ തലയില്‍ കൈവച്ച് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വന്നത്. അവരുടെ നിലവിളികേട്ട് ശരിക്കു ഞാനും അങ്ങ് പേടിച്ചു പോയി.
എന്റെ സാറുമാരേ ഞങ്ങള്‍ക്കൊന്നും അറിയത്തില്ലേ ..., ഞങ്ങളെ വെറുതേ വിടണേ ...-, എന്റെ പൊന്നുമോള് പാവമാണേ -----അയ്യോ ---------�
അവര് വല്ലാതെ ഒറക്കെ കരഞ്ഞുകൊണ്ടിരുന്നു. ചകചകാന്നാണ് അവരുടെ മുഖത്തേക്ക് ഫ്ലാഷുകള്‍ വീണത്. ആള്‍ക്കാരുടെ ഇടയില്‍ നിന്ന് തിക്കി തിരക്കി ചാടി വീണ ചാനലുകാരന്‍ വാഴപ്പിണ്ടിപോലത്തെ മൈക്ക് അവരുടെ മുഖത്തേക്ക് നീട്ടിപ്പിടിച്ച് ആ കരച്ചില്‍ ഒട്ടും കളയാതെ തന്നെ റിക്കാര്‍ഡു ചെയ്തു. സുലുവിന്റെ അച്ഛന്‍ മുറ്റത്ത് സങ്കടത്തോടെ നിന്ന് കൈകൂപ്പി ശല്യപ്പെടുത്തരുതേ എന്ന് അവരോട് താണപേക്ഷിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്തേക്കും ഫ്ലാഷുകള്‍ അടിച്ചു. ചാനലുകാര്‍ അയാളെ മാറ്റി നിറുത്തി എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒഴിഞ്ഞുമാറി. ഉടുപ്പില്‍ അങ്ങിങ്ങെല്ലാം ബട്ടണ്‍സ് പിടിപ്പിച്ച താടിക്കാരന്‍ ക്യാമറാമാന്‍ കുനിഞ്ഞും, നിവര്‍ന്നും നിന്ന് അതെല്ലാം ഷൂട്ട് ചെയ്തു. മറ്റൊരാള്‍ .അച്ഛാ പ്ലീസ് - ഇങ്ങോട്ട് നോക്കൂ, പ്ലീസ്�- എന്നു പറഞ്ഞ്കൊണ്ട് പിന്നാലെ വീണ്ടും കൂടി. ഇതിനിടയില്‍ ജീപ്പ്പില്‍ നിന്നിറങ്ങിയ രണ്ട് പോലീസുകാര്‍ ചെന്ന് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച ആള്‍ക്കാരെ ഒഴിപ്പിച്ചുവിട്ടു. ഞാനും, ഷാനുവും, സുധീറും വീടിന്റെ പിറകിലൂടെ ചുറ്റി നോക്കീട്ടും അകത്തുകയറി സുലുവിനെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല.
പോലീസുകാര്‍ക്ക് ഡ്രില്ലുപുരയുടെ മുറിയില്‍ നിന്ന് സുലുവിന്റെ പുള്ളിപാവാടയുടെ കഷണോം, തലയില്‍ കെട്ടിയിരുന്ന റിബണും, ചുരുളന്‍ മുടിയും തെളിവായി കിട്ടിയെന്ന വിവരം വന്നു പറഞ്ഞത് കബീറാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ അവന്‍ മിടുക്കനാണ്. ചുരുളന്‍ മുടിയുടെ തെളിവുവച്ചുകൊണ്ട് ഞങ്ങള്‍ ക്ലാസിലിരുന്ന് ഒത്തിരി ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇടയ്ക്കിടെ വരാന്തയില്‍ വന്നിരുന്ന് ചീട്ടു കളിക്കുന്ന കുറെ പിശകു പയ്യന്‍മാരെയായിരുന്നു ഞങ്ങള്‍ക്ക് സംശയം. അവന്‍മാര്‍ എവിടെ നിന്ന് വരുന്നതാണെന്ന് ഞങ്ങള്‍ക്കറിയത്തില്ല. അല്ലെങ്കിലും സുലു എങ്ങനെ അവന്‍മാരുടെ കയ്യില്‍ ചെന്നു പെട്ടു എന്നത് പിന്നെയും ഉത്തരം മുട്ടിക്കുന്നതായിരുന്നു. കടയിലയ്യപ്പനോട് പറഞ്ഞപ്പം അതിനെക്കുറിച്ച് നമ്മളാരും ഇപ്പോള്‍ പുറത്ത് സംസാരിക്കരുത് എന്നാണ് ഉപദേശിച്ചത്. റേപ്പ് എന്ന് സിനിമാ സ്റ്റെയിലില്‍ പറഞ്ഞുകൊണ്ടിരുന്ന കബീര്‍ പീഡനം എന്ന് തിരുത്തി പറയാന്‍ തുടങ്ങിയത് അയ്യപ്പന്റെ കടയിലെ ചര്‍ച്ചകള്‍ കേട്ട ശേഷമാണ്. ഞങ്ങളുടെ അച്ഛന്‍ സംഭവം അറിഞ്ഞപ്പം തൊട്ട് പീഡനം എന്നുതന്നെയാണ് സംസാരത്തിനിടയില്‍ പറയുന്നത്. ശരിക്കും പീഡനം നടന്നിട്ടൊണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് വയറ്റിലൊണ്ടാകും എന്നും അന്വേഷണത്തിന് അത് വലിയ ഒരു തെളിവാകും എന്നും അയ്യപ്പന്‍ തറപ്പിച്ചു തന്നെ പറഞ്ഞു. ഞങ്ങളുടെ ഇടയിലെ ഉഗ്രന്‍ സസ്പെന്‍സ് ആയിരുന്നു അത്. ഏതോ ലാബീന്ന് റിപ്പോര്‍ട്ടുകള്‍ ഇനീം വരാനുണ്ട്. അതും കൂടി കാത്തിരിക്കുകയാണ് അയ്യപ്പന്‍. പക്ഷെ പോലീസിന്റെ അന്വേഷണത്തിന് ഒരു ചൂടും ഇല്ലെന്ന് പറഞ്ഞ് അയ്യപ്പന്‍ ദേഷ്യപ്പെട്ടു.
രണ്ടാം പീരീഡ് കഴിഞ്ഞ് ഇന്റര്‍വലിന് ബെല്ലടിച്ചപ്പോ ഞാനിറങ്ങി നിന്ന് ഡ്രില്ലുപുരയുടെ അങ്ങോട്ട് നോക്കി. കബീറ് തെളിവിന്റെ കാര്യം പറഞ്ഞപ്പം മുതല്‍ അവിടച്ചെന്നൊന്ന് നോക്കണമെന്ന് ഞാന്‍ വിചാരിച്ചതാണ്. എന്നാലും ഒരു ധൈര്യം പോരാ. പതുക്കെ ഞാന്‍ അവിടേക്ക്നടന്നു. കുട്ടികളാരും അതിന്റെ അടുത്തില്ല. സംഭവം കഴിഞ്ഞ് ആദ്യമായാണ് ഞാന്‍ അതിന്റെ അടുത്തേക്ക് പോകുന്നത്. ദുരെനിന്ന് നോക്കിയപ്പം തൊറന്നുകിടന്ന ജനല്‍ അടച്ചിട്ടിരിക്കുകയാണ്. ഇത്തിരികൂടിഅടുത്തുചെന്നു. ജനല്‍പ്പലക ഒരുതടിക്കഷണം വച്ച് ആണിയടിച്ച് ഉറപ്പിച്ചിട്ടുണ്ട്. അടഞ്ഞുകിടന്ന ജനലിലൂടെ അകം കാണാന്‍പറ്റുമോ എന്നുഞ്ഞാന്‍ നോക്കി. നേരിയ വിടവിലൂടെ അകത്തെ ഇരുട്ട് കാണാം. അതിലേക്ക് ഒളിച്ചു നോക്കിക്കൊണ്ട് നിന്നപ്പം ഞാന്‍ പലതും ഓര്‍ത്തുപോയി. ഒന്നിലധികം പേര് ഉണ്ടായിരുന്നെന്നും,പെണ്ണ് മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നും കബീറ് തന്നെയാണ് പറഞ്ഞത്. ഈ ഇരുട്ടില്‍ കിടന്നാണ്, അവന്‍മാരുടെ ബലപ്രയോഗത്തില്‍ സുലു കൈകാലിട്ടടിച്ചതെന്നോര്‍ത്തപ്പോള്‍ എനിക്ക് പേടി തോന്നി. അധികനേരം നില്‍ക്കാതെ പെട്ടെന്നു ഞാന്‍ തിരിച്ചുനടന്നു. മുമ്പ് ഇതുവഴി പോകുമ്പോള്‍ തൊറന്നുകിടന്ന ജനലിലൂടെ അകത്തേക്ക് തലയിട്ട് കൂക്കിവിളിക്കാറുണ്ടായിരുന്നു. ഇരട്ടിശബ്ദത്തോടെയാണ് അത് തിരിച്ച്മുഴങ്ങുക. ചുമരിന്റെ മുകളില്‍ പതുങ്ങിക്കൂടിയിരിക്കുന്ന പ്രാവുകളെല്ലാം അതുകേട്ട് പേടിച്ചുവിറച്ചിട്ടുണ്ടാകും !
വനിതാ സമാജക്കാരും കമ്മീഷനില്‍നിന്നുവന്ന രണ്ട് സ്ത്രീകളും സുലുവിനെ കാണാനും തെളിവെടുക്കാനും വന്നപ്പോഴാണ് ജനാലവഴി സുലുവിനെ പിന്നെ കണ്ടത്. അവള്‍ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഒരേ ഇരുപ്പാണ്. അവളാകെ കോലംകെട്ടുപോയി. പീഡനം കഴിഞ്ഞിട്ട് ഒരാളെ ഞാന്‍ ആദ്യമായാണ് കാണുന്നത്. അവളുടെ ഇരുപ്പ് കണ്ടപ്പം എനിക്ക് വല്ലാത്ത കഷ്ടം തോന്നി. സുലുവിന് സമനില തെറ്റിയിട്ടുണ്ടെന്ന വിവരം അമ്മയില്‍ നിന്നാണ് ഞാന്‍ കേട്ടത്. അത് അയ്യപ്പനോട് ആദ്യം പറഞ്ഞതും ഞാനാണ്. പഴയ ചില കേസുകള്‍ വച്ചുകൊണ്ട് അയ്യപ്പന്‍ അത് ശരിയായിരിക്കും എന്നുതന്നെ പറഞ്ഞു.
പോലീസുകാരുടെ അന്വേഷണം എങ്ങുമെത്താതെയായപ്പോഴാണ് നാട്ടുകാര്‍ കമ്മറ്റി ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ നേതാവും, ഞങ്ങളുടെ ബന്ധുവും കൂടിയായ അരവിന്ദന്‍ ചേട്ടനായിരുന്നു കമ്മറ്റികൂടിയ ദിവസം പ്രസംഗിച്ചത്. കലക്കന്‍ പ്രസംഗമായിരുന്നു അത്. പിറ്റേന്ന് പഞ്ചായത്താപ്പീസിലേക്കും പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടന്നു. അതിന്റെ മുന്നില് സുലുവിന്റെ അച്ഛനെ എല്ലാവരും കൂടി നിര്‍ബന്ധിച്ചു പിടിച്ചുകൊണ്ടുവന്നു നടത്തിച്ചു. ഞാനും സുധീറും കബീറും ഷാനുവും ഇതിലെല്ലാം പങ്കെടുത്തതുകൊണ്ട് ക്ലാസില്‍ കയറിയതേയില്ല. ജാഥയ്ക്ക് പോയിട്ട് പിന്നെ സമയം കിട്ടേണ്ടേ ?
പഞ്ചായത്ത് പ്രസിഡണ്ടും, പോലീസധികാരികളും ഉറപ്പുപറഞ്ഞ ഒരാഴ്ചക്കകം ആ ദുഷ്ടന്‍മാരെ പിടിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയിട്ടില്ലെങ്കില്‍ നിരാഹാരം തുടങ്ങാന്‍തന്നെ കമ്മറ്റി തീരുമാനിച്ചു. ലക്ഷമണനേയും, സരോജിനിയേയും സഹായിക്കാന്‍ പാട്ടപ്പിരിവും, രസീതിപ്പിരിവും തുടങ്ങി. നിരാഹാരമിരിക്കാന്‍ ലക്ഷമണന്‍ മാത്രം പോര സരോജിനിയും വേണമെന്ന് സ്ട്രോങ്ങായി എല്ലാവരും പറഞ്ഞു. കമ്മറ്റിയുടെ തീരുമാനം അറിയിക്കാന്‍ ചെന്നവര്‍ക്കുനേരെ സരോജിനി ദേഷ്യപ്പെട്ടെന്നും, ചാടിയിറങ്ങി വകതിരിവില്ലാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞെന്നും അറിഞ്ഞു. ആ സംഭവം കാണാന്‍ എനിക്ക് പറ്റിയതേയില്ല. ചെലപ്പം വിഷമംകൊണ്ട് സരോജിനിക്കും ചെറുതായിട്ട് വട്ട് തൊടങ്ങിക്കാണും എന്നു പറഞ്ഞത് ഷാനുവാണ്. ആരും അത് എതിര്‍ക്കാന്‍ പോയില്ല.
ഇതിനിടെ ഓണപ്പരീക്ഷ ഇങ്ങ് വന്നതേയറിഞ്ഞില്ല. പരീക്ഷയായതുകൊണ്ട് രാവിലെ തൊട്ട് വൈകിട്ടുവരെ ക്ലാസ്സിലിരുന്ന് മുഷിയേണ്ടകാര്യമില്ല. പരീക്ഷയുടെ അന്ന് രാവിലെ അയ്യപ്പന്റെ കടയിലിരിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഞങ്ങള് കേട്ടത്. സത്യം പറയാമല്ലോ കരച്ചിലുവന്നുപോയി. പാവം സുലു, അവളുടെയൊരു വിധി. എന്റെയപ്പുറത്തിരുന്ന സുധീറിന്റെ കണ്ണുനിറയുന്നതും ഞാന്‍ കണ്ടു. അരിപൊടിക്കാന്‍ പോയ ബദറുമ്മ യോനാച്ചാന്റെ പെണ്ണുമ്പുള്ളയോട് പറഞ്ഞുകൊണ്ട് പോകുന്നതുകേട്ടു. �എന്നാലും എന്റെ റബ്ബേ ആ സരോജിനീം കുടുംബോം വല്ലാത്തൊരു കടുംകൈയ്യാ ചെയ്തത്�
ആ ദുഷ്ടന്‍മാരെ സുലുവിന്റെ മുമ്പില്‍ കൊണ്ടു വന്ന് നിരത്തി നിറുത്തി തെളിവെടുക്കുന്നതും, പോലീസ് ഇടിച്ചവന്‍മാരുടെ എല്ലൂരുന്നതുമായ സ്വപ്നം ഇനി നടക്കത്തതേയില്ല. സുലുവിന്റെ മുഖം ഓര്‍ത്തപ്പോള്‍ എനിക്ക് സഹിക്കാനായില്ല. അയ്യപ്പന്‍ ചതുരത്തില്‍ മുറിച്ച ഓരോ കറുത്ത തുണി കൊണ്ടുവന്ന് ഞങ്ങളുടെ നെഞ്ചത്ത് കുത്തി തന്നു. പൊടിപറത്തിപ്പാഞ്ഞുവന്ന ഒരുവാന്‍ ജംഗ്ഷനില്‍ നിറുത്തി വഴിചോദിച്ച് അവിടേക്ക് തിരിഞ്ഞുപോയി. അതുചാനലുകാരാ, വാന്‍ കണ്ടാലറിയാം. ഞാനും സുധീറും വാനിന്റെ പിന്നാലെ ഓടാനേ പോയില്ല. ഞങ്ങള്‍ക്ക് അതിനൊന്നും കഴിയുമായിരുന്നില്ല. കരച്ചിലടക്കാനാകാതെ ഞങ്ങള്‍ രണ്ടുപേരും തൂണുംചാരിയിരുന്നു.