തര്‍ജ്ജനി

സാഹിതീയം

കുളം, പുഴയാകുന്ന ചില വഴികള്‍

ചങ്ങാതി ചോദിക്കുന്നു :
-ഇതില്‍ പുഴയെവിടെ?
-ഇതാണെന്റെ പുഴ

കവിസംഗമം നിളയുടെ കരയില്‍ വച്ചാണ്.

അതുകൊണ്ടും ബ്ലോഗുകളിലൂടെ നിത്യപരിചിതരേക്കാള്‍ പരിചിതരായ മനുഷ്യരെ, എഴുത്തുകാരെ, കവികളെ മജ്ജമാംസാദികളോടെ കാണാമെന്ന അത്യാകാംക്ഷ കൊണ്ടും മേലേപട്ടാമ്പിയില്‍ പോകുകയെന്നത് ആകസ്മികമായി തീര്‍ച്ചപ്പെടുത്തിയതല്ല. ജീവിതത്തിന്റെ ആഴങ്ങളില്‍ ഭാഷയുടെ സൂക്ഷ്മതയുമായി ഊളിയിടുന്ന കുറച്ചുപേരെ അടുത്തുകാണാന്‍ കിട്ടുന്ന സന്ദര്‍ഭത്തെ എങ്ങനെയാണ് ‘ഉള്‍വലിഞ്ഞ് എല്ലൊട്ടിയ ഒരാള്‍,‘ വേണ്ടെന്നു വയ്ക്കുക? ആരെയൊക്കെയാണ് കാണാനും സംസാരിക്കാനും കഴിയുക എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്തായാലും യാത്ര വെറുതെയാവില്ല എന്നതിന് ചില ഉറപ്പുകളുണ്ടായിരുന്നു. രണ്ടു പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശിപ്പിക്കപ്പെടുക എന്നു കേട്ടു. വിഷ്ണുപ്രസാദിന്റെ ‘കുളം+പ്രാന്തത്തി'യും. ലതീഷ് മോഹന്റെ ‘പള്‍പ്പ്‌ഫിക്ഷ’നും. പുസ്തകത്തിന്റെ കെട്ടിലും മട്ടിലും സമാഹൃതമാവുന്ന ആത്മനൊമ്പരങ്ങളുടെ ആദ്യപതിപ്പുകള്‍.

കവിസംഗമങ്ങളുടെ അരാജകമായ ഘടനയെക്കുറിച്ച് ഗൃഹാതുരമായി സുഹൃദ് സദസ്സുകളില്‍ കൂട്ടുകാര്‍ സംസാരിക്കുന്നതു കേട്ടുള്ള പരിചയമുണ്ട്. ഇടയ്ക്ക് മനസ്സറിയാതെ കുതറുമെങ്കിലും യാഥാസ്ഥിതികനായ മധ്യവര്‍ഗിയ്ക്ക് അലോസരമുണ്ടാവാത്ത അരാജകങ്ങളേ പഥ്യമാവൂ. ഉള്ളിലാരോ തുണിയുരിക്കപ്പെടുന്നതിനെതിരേ നിതാന്തമായ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സദസ്സുകളില്‍ അരസികനാവാതെയിരിക്കാന്‍ പ്രായോഗിക സാമൂഹികശാസ്ത്രം പ്രത്യേകം ശീലിക്കണം. ഭയം, പക്ഷേ അസ്ഥാനത്തായിരുന്നു. ഗുരുവായൂരു നിന്ന് ഷംസുദീന്‍ വരാമെന്നു പറഞ്ഞു. തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും സാഹിതീയജീവിതത്തിന് കണിശമായി വരി നല്‍കുകയും സൌഹൃദത്തിന്റെ ശാദ്ദ്വലസ്ഥലികള്‍ പച്ചപ്പുകെടാതെ ഉള്ളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളുടെ തണലില്‍ ആള്‍ക്കൂട്ടത്തിനിടയിലെ ഏകാന്തതയെക്കുറിച്ചുള്ള വേവലാതികള്‍ക്ക് പൊറുതിയുണ്ടാവില്ല.

“മിണ്ടാപ്രാണി, അതോ മിണ്ടുന്ന പ്രാണിയോ..
ആരും നിനക്ക് അമ്പലം പണിയാത്തതെന്ത്?”

തലേ ദിവസം ഗോപീകൃഷ്ണനെ വാടാനപ്പള്ളിയില്‍ പോയി കണ്ടു. രണ്ടാഴ്ചയ്ക്കുമുന്‍പ് വായനശാലായുടെ ഉദ്ഘാടന വേദിയില്‍ വച്ച് ശക്തമായ ഹാലൊജന്‍ വിളക്കുകളാല്‍ കണ്ണുകള്‍ക്കേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും വിമുക്തനായിട്ടില്ല, ഗോപി. അഴിമതിയുടെ കാലത്ത് നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന കോമണ്‍ സെന്‍സിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അഴിമതിയെന്നത് സാധാരണവും അതില്ലാതെ വരുന്നത് അസാധാരണവുമായി തീരുകയാണ് ഇക്കാലം. “സാമാന്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തില്‍ അതുമായി സന്ധിയാവുന്ന ഏതു ഈരടിയും കവിതയാവുന്നു. അതിലളിതവത്കരണത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ കവിതയ്ക്ക് ആവശ്യമാണ്. കൂടുതല്‍ ആഴത്തിലേയ്ക്ക്, ഉയരത്തിലേയ്ക്ക്, ദൂരത്തിലേയ്ക്ക്...” ഒറ്റവായനയില്‍ തീരുകയും താഴെ ഒരു കമന്റു കുറിക്കുന്നതോടെ മറക്കുകയും ചെയ്യുന്നതരം കവിതാവായനയില്‍ നിന്ന് ബ്ലോഗിലെ കവിതകള്‍ക്ക് രക്ഷപ്പെടേണ്ടതുണ്ട്. താത്കാലികത ആ അര്‍ത്ഥത്തില്‍ ഗുണമോ ദോഷമോ?

“തന്റെ കാലടി തിരഞ്ഞുവന്നാല്‍ പിന്നെ
തന്നെയല്ലേ കാണുക, കിഴങ്ങന്‍ മാഷേ...”

രാവിലെ പത്തരയോടെ വെല്‍ക്കം ടൂറിസ്റ്റുഹോമിലെ കോണ്‍ഫറന്‍സു ഹാളിലെത്തി. സംഘാടകനും ആതിഥേയനുമായി വിഷ്ണുപ്രസാദുണ്ട്, പരാജിതനുണ്ട്. ബ്ലോഗിലിനിയും ചേക്കേറിയിട്ടില്ലാത്ത സുനിലുണ്ട്, ദേവദാസുണ്ട്, ആരൊക്കെയോ റൂമിലുണ്ട്. ക്രിസ്പിനും സംവിധാനന്ദനുമായിരിക്കും. ലതീഷിന്റെ കവിതാപ്രകാശനം അന്നു നടക്കുന്നില്ല. പ്രസാധകരായ ഫേബിയന്‍ പുതിയ പുസ്തകങ്ങള്‍ അവരുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകുന്ന വഴിയ്ക്ക് ഇടയ്ക്ക് നാണത്തോടെ മുഖം കാണിച്ച നിളയെ ഒന്നു കണ്ടു മടങ്ങി വന്നപ്പോഴേയ്ക്കും ഹാളും മുറിയും നിറഞ്ഞിരുന്നു. എല്‍ കെ ജിയില്‍ പഠിക്കുന്ന അതിഥി എന്ന സുന്ദരിക്കുട്ടിയുള്‍പ്പടെ. കവികള്‍. ബ്ലോഗുകാര്‍. സങ്കുചിതമനസ്കന്‍. ഉമ്പാച്ചി. വിമതന്‍. പയ്യന്‍സ്. പച്ചാളം. കാളിയംബി. അലിയു എന്ന ശരിപ്പേരുള്ള തറവാടി. പേരയ്ക്ക (ഉന്മേഷ് ദസ്തക്കീര്‍) ‍, തുളസി അഥവാ ഒരു കൊച്ചുകുട്ടിയുടെ മുഖമുള്ള മൌനം. പിന്നെ നാലുമണിവരെ സൌഹൃദങ്ങളുമായി കൈകോര്‍ത്ത ചര്‍ച്ചകള്‍. തര്‍ക്കിക്കുകയാണോ, എഴുത്തിലൂടെ മാത്രം സുപരിചിതരായവരെ നേരില്‍ കണ്ട് പരസ്പരം അറിയിക്കയാണോ വേണ്ടത്? ഇഞ്ചിപ്പെണ്ണും (ഇഞ്ചിപ്പെണ്ണ് ഈ കൂട്ടത്തിലുണ്ടോ..? ഉം... ഇല്ലെന്ന് ഒരുറപ്പുമില്ല.) വിജു വി നായരും (കിശോരി അമോങ്കറെ കുറിച്ചെഴുതുമ്പോള്‍ ‘ഹരിചന്ദനമരച്ചു പുരട്ടിയ .. തുടങ്ങിയ വഴുങ്കന്‍ വാചകങ്ങള്‍ അങ്ങോര്‍ എഴുതി വിടരുതായിരുന്നു...) കൃഷ്ണന്‍ നായരും (എങ്കില്‍ സാഹിത്യവാരഫലക്കാരനും വിശ്വസാഹിത്യത്തെ പരിചയപ്പെടുത്തുന്ന കര്‍മ്മം തന്നെയാണ് ചെയ്തത്, അതിനെ ചെറുതായി കാണുന്നതെന്തിന്...?) അനോനിമാഷും (അയാളാരാ മോന്‍ !) ഡിങ്കനും (അതാരാ...?) ഒരു ഗ്രൂപ്പിനു വിഷയമായിരുന്നു. മറ്റു ഗ്രൂപ്പുകള്‍ക്കോ. അറിയില്ല. അതുപോലെ മറ്റെന്തൊക്കെയോ. ഈ നേരമൊക്കെ കല്‍പ്പറ്റ നാരായണന്‍ ഹോട്ടലിന്റെ സ്വീകരണലോഞ്ചിലെ സോഫയില്‍ ഇരിപ്പുണ്ടായിരുന്നു. പി രാമനും. പി പി രാമചന്ദ്രന്‍ വരേണ്ടതുണ്ട്, ചടങ്ങു തുടങ്ങാന്‍.
‘വാ..’ എന്നു മണികണ്ഠന്‍ വിളിച്ചു. ‘നേരിട്ടു കണ്ടിട്ടില്ലല്ലോ, നമ്മള്‍ ഇതുവരെ.‘
ഞങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലേയ്ക്കിറങ്ങി.

“ഈ(e)ഗോളവത്കരിച്ച് ഉള്‍പ്പെടുത്തലാണോ
കളിക്കാരന്‍ കളിപ്പാട്ടമാവുന്ന മാജിക്കാണോ........”

രാപ്പനിയെന്ന അനില്‍ (ഷാര്‍ജയില്‍ നിന്നു വന്നതാണ് അനില്‍ കുമാര്‍ ടി പി, മണികണ്ഠനും അതെ. ഒരാഴ്ചത്തെ ലീവിന്) നടക്കേണ്ട വര്‍ത്തമാനങ്ങളുടെ രൂപരേഖ തയാറാക്കി. പി പി രാമചന്ദ്രന്‍ കല്‍പ്പറ്റ നാരായണന് നല്‍കിക്കൊണ്ട് വിഷ്ണുപ്രസാദിന്റെ കവിതാപുസ്തകം പ്രകാശനം ചെയ്യും. പി രാമന്‍ കവിത വായിക്കും. സുനില്‍ ഗ്രന്ഥത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കും. കവിതകളെപ്പറ്റി പറയുന്നത് സനാതനന്‍, ലതീഷ്, പൊന്നപ്പന്‍. സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ അനില്‍, ക്രിസ്പിന്‍. സംവിധാനന്ദന്‍ സദസ്സു നിയന്ത്രിക്കും.

“ഒറ്റമുറിയുടെ ഒരേയൊരു വാതില്‍
അതെങ്ങനെ....”

ഹരി (പരാജിതന്‍) സ്വാഗതം പറഞ്ഞു.
പുതിയ എഴുത്തുകാരന്‍ നേരിടുന്ന പ്രസാധകവെല്ലുവിളികളെക്കുറിച്ചാണ് ‘പുസ്തകപരിചയ‘ത്തില്‍ സുനില്‍ വിശദീകരിച്ചത്. തന്റെ വിക്രമാദിത്യം എന്ന ‘നോവല്‍’ പ്രസിദ്ധീകരിക്കാന്‍ നടന്നപ്പോഴുള്ള കയ്പ്പുള്ള അനുഭവങ്ങള്‍ സുനില്‍ പങ്കുവച്ചു. ആരാവണം എഴുത്തുകാരന്‍ എന്നു പ്രസാധകന്‍ തീരുമാനിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ബ്ലോഗില്‍ മാത്രം കവിതകളെഴുതി പ്രസിദ്ധനായ വിഷ്ണുവിന്റെ പ്രസാധകത്വം ഏറ്റെടുത്ത ഡെയില്‍ഗേറ്റ് വ്യത്യസ്തമാവുന്നത് അവിടെയാണ്. ‘ഈ കവിതകളുടെ ആദ്യപ്രകാശനം വെബില്‍ നടന്നുകഴിഞ്ഞു‘. പി പി രാമചന്ദ്രന്‍ പറഞ്ഞു. ‘ഇത് പുനഃപ്രകാശനമാണ്‘. ‘തിരമൊഴി’യുടെ പ്രകാശങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുയാണ് രാമചന്ദ്രന്‍ ചെയ്തത്. ഹൈപ്പര്‍ ലിങ്കുകളിലൂടെ പടര്‍ന്നേറുന്നൊരു പുതിയതരം വായനാനുഭവമാണത്. എന്നുവച്ചാല്‍ കവിതകള്‍ ഉപരിതലമാത്രസ്പര്‍ശികളാണെന്നു കരുതരുത്. കഥ പോലെ പറഞ്ഞു പോകുന്ന കവിത, പടര്‍ന്ന് പരക്കുന്ന കവിത, ചുഴിഞ്ഞിറങ്ങുന്ന കവിത. പലതരം കവിതകളുണ്ട്. നില്‍ക്കുന്നിടത്തുനിന്നു കുഴിഞ്ഞ് ഉള്ളിലേയ്ക്കിറങ്ങുന്നതരം -സ്റ്റാറ്റിക്- കവിതകളാണ് വിഷ്ണുവിന്റെ കവിതകളില്‍ ഭൂരിഭാഗവും.

ബ്ലോഗ് തനിക്കപരിചിതമായ മേഖലയാണെന്ന് സമ്മതിച്ചുകൊണ്ട് രണ്ടുതരം ധാരകള്‍ വിഷ്ണുവിന്റെ കവിതകളില്‍ കാണാനുണ്ടെന്ന് കല്‍പ്പറ്റ പറഞ്ഞു. സാധാരണക്കാരനായ കവിയായി മാത്രമിരിക്കാനുള്ള ചില വഴികള്‍‍. മലയാള സാഹിത്യത്തിന്റെ മുന്‍‌നിരയില്‍ തന്നെ സ്ഥാനം ലഭിക്കുമാറ്` ദൂരത്തില്‍ യാത്ര ചെയ്യാന്‍ കരുത്തുള്ള അന്യന്യമായ മറ്റൊരു ധാര. ഏതു വഴി തിരിഞ്ഞാണ് വിഷ്ണു യാത്രയാവുകയെന്നത് സ്വകാര്യമായ സംഗതിയാണ്. ‘ഏറുകൊള്ളാനായി കായ്ക്കുന്ന മാവ്’ ‘സ്കൂളുവിട്ടൊഴുകുന്ന കുടകളുടെ നദി’ ‘കെട്ടുപൊട്ടിച്ചോടിയ രണ്ടു കിലോമീറ്ററിന്റെ സ്വാതന്ത്ര്യത്തെ അയവിറക്കുന്ന പശു.’ ഇമേജുകളുടെ അപൂര്‍വതകളിലേയ്ക്ക് കല്പറ്റ രുചിസഞ്ചാരം നടത്തി. താനായിരിക്കാനുള്ള നിഷ്കര്‍ഷയാണല്ലോ വിഷ്ണുവിന്റെ ബുദ്ധപഥം.

“ഉന്നം തെറ്റിക്കുന്ന ഒരുവന്‍ എപ്പോഴും
എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ്.”

‘ജയമോഹന്റെ നേതൃത്വത്തില്‍, കുറ്റാലത്തുവച്ചു നടന്ന തമിഴ്-മലയാളം കവി സംഗമത്തില്‍ ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിഷ്ണുവിന്റെ കവിതകള്‍ ഒരു അച്ചടിമാദ്ധ്യമത്തിലും നാളിതുവരെ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളതല്ല എന്ന മഹാദ്ഭുതത്തെക്കുറിച്ചാണ് രാമന്‍ സംസാരിച്ചു തുടങ്ങിയത്. തന്റെ തന്നെ കവിതയുടെ വിവര്‍ത്തനങ്ങള്‍ കേട്ട് ഇങ്ങനെയൊക്കെയായിരിക്കും എന്ന് കുറിച്ചെടുത്ത് സ്വയം അവതരിപ്പിച്ച കവിയുടെ ഉദാസീനതയിലൂടെ രാമന്‍ ഇരട്ടവരകള്‍ക്കു പുറത്തേയ്ക്ക് എപ്പോഴും തെറ്റുന്ന കവിതയുടെ പ്രാണനില്‍ തൊട്ടു. വിഷ്ണുവിന്റെ ‘അലര്‍ച്ച’യ്ക്ക് രാമന്റെ ശബ്ദത്തില്‍ പുതിയ ഭാവങ്ങള്‍ കിളര്‍ന്നു. നഗരത്തെക്കുറിച്ച് മാത്രം എപ്പോഴും എഴുതിപോകുന്ന തനിക്ക് വിഷ്ണുവിന്റെ ഗ്രാമം എന്നാല്‍..... ലതീഷ് പറഞ്ഞു. ടി പി അനില്‍ ‘കൊണ്ടുവരേണ്ട സാധനങ്ങളാണ്’ ചൊല്ലിയത്. സ്വന്തം കവിത. സനാതനന്‍ ‘ഉള്ളതും ഇല്ലാത്തതും’ ചൊല്ലി. ശേഷം ‘തന്റെ തന്നെ ‘വിട്ടിലുകളുടെ വൃഷണ‘വും. “പ്രാര്‍ത്ഥനയ്ക്കു പോകുന്ന കന്യാസ്ത്രീകളുടെ പിന്നില്‍ നിന്ന് ചുമട്ടു തൊഴിലാളികള്‍..... എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.... ” ക്രിസ്പിന്‍ ജോസഫ് പാടി, കൈയടി മുഴുവന്‍ വാങ്ങിക്കൂട്ടി. തുളസി അപ്പോള്‍ സായാഹ്നവെയിലിനെ ക്യാമറയില്‍ നിലാവായി വിവര്‍ത്തനം ചെയ്യുന്നുണ്ടായിരുന്നു. പൊന്നപ്പന്‍ ക്യാമറ താഴെ വച്ച് ചില വരികളില്‍ ആശംസകള്‍ തീര്‍ത്തു. തുടങ്ങിയതുപോലെ അത്ര തന്നെ സ്വാഭാവികമായി ചടങ്ങു തീര്‍ന്നു. (അപ്പോള്‍ തീര്‍ന്നോ...?) ഹാളില്‍ ഒന്നുകൂടി വട്ടം ചുറ്റി മടിച്ചു നിന്നിട്ട് നദി ഒരു മുറിയിലേയ്ക്കൊഴുകി ഒതുങ്ങിക്കൂടി.

“ഞാനിപ്പോഴും തൈലപ്പുല്‍ക്കാട്ടില്‍ ഒളിച്ചിരിക്കുകയാണ്.
ഒന്നു വേഗം വന്നു പിടിക്കെടോ..”

അപ്പോഴാണ് കുഴൂരിനെ (കുഴൂര്‍ വിത്സണ്‍) കാണുന്നത്. അത്രനേരവും അയാള്‍ മുറിയിലുണ്ടായിരുന്നു? കുഴൂരും ദുബായില്‍ നിന്നു വന്നതാണ്. രാമനെയും രാമചന്ദ്രനെയും ചുഴന്നിരിക്കുന്ന ഒരു കൂട്ടത്തിനിടയില്‍ (കല്‍പ്പറ്റ മാഷ് പോയോ?) നന്നായി വിയര്‍ത്തു നിന്നുകൊണ്ട് വിത്സന്‍ കഴുത്തുയര്‍ത്തിപ്പിടിച്ച് സംസാരിക്കുന്നതു ഉച്ചത്തിലാണ്. അങ്ങനെ മുറിയിലെ ആള്‍ക്കൂട്ടങ്ങളുടെ ഏകാന്തതയ്ക്ക് തീപിടിച്ചു. ആരും കേള്‍വിക്കാരല്ല. എല്ലാവരും സംസാരിക്കുന്നുണ്ട്. ശബളമായ ഒച്ചകളുടെ കാര്‍ണിവല്‍. ബഹുസ്വരത. സൌഹൃദങ്ങളുടെ പേമാരി പെരുപ്പിച്ചു മുഖരമാക്കിയ നദി നോക്കിയിരിക്കെ തടം തല്ലാന്‍ തുടങ്ങി. ഇടയ്ക്ക് ആരൊക്കെയോ യാത്ര പറഞ്ഞിറങ്ങുന്നു. ആരൊക്കെയാണ് പോയത്, ആരൊക്കെയാണ് ബാക്കിയുള്ളത്...എപ്പോള്‍ പോകുന്നു....
ഇറങ്ങുന്നില്ലേ.........?
ഓ.....രാത്രിയാവുകയാണ്.
എന്നാല്‍ ശരി,
രാത്രിയിനി യാത്രയില്ല.

പുസ്തകം മറ്റൊരനുഭവമാണ് എന്തൊക്കെ പറഞ്ഞാലും. ബസ്സിലാണ്. അരണ്ട വെളിച്ചമാണ്. അരോചകമായ ഒച്ചയാണ് ചുറ്റിലും. ഉറക്കത്തിന്റെ കുടത്തില്‍ കുടുങ്ങിയ തലകള്‍ ചുറ്റും വട്ടം വട്ടം ആടുകയാണ്. എങ്കിലും കുടത്തില്‍ നിന്നിപ്പോള്‍ തുറന്നുവിട്ട ഭൂതത്തെപ്പോലെ, മറിയുന്ന താളില്‍ നിന്ന് ചില വരികള്‍ പെട്ടെന്ന് എഴുന്നു വന്നു ചിന്തയുടെ കയറുപ്പൊട്ടിച്ചു വിടും. “പിടിക്കണേ.. തടുക്കണേ...” എന്നു വിളിച്ച് പിറകേ ഓടും..
അപ്പോള്‍ “പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ ഒരോര്‍മ്മയുമില്ലെന്ന്
എല്ലാ വഴികളും നുണ പറയുമോ” “ ജീവനില്ലാത്തതുകള്‍ക്ക് ജീവനുള്ളവ ശവമാകുമോ..”
എന്നൊക്കെ ചുമ്മാ ആലോചിച്ചിരുന്ന് ‍, തിരിച്ചു വരുന്ന വഴി ആലുവയ്ക്കടുത്തു വച്ച് അര്‍ദ്ധരാത്രി, ദിക്കും കാലവും തെറ്റി എന്തോ ഓര്‍ത്ത് അയവിറക്കിക്കൊണ്ട് നടുറോഡില്‍ നിന്ന പശുവില്‍ ബസ്സു ചെന്നിടിച്ചു. പുറത്തിറങ്ങി നിന്ന് നിലാവിന്റെ വിളവെടുക്കാന്‍ നടു നിവര്‍ക്കുമ്പോള്‍ ഓഹ്... ഇത്ര നേരവും ഇരുന്ന സീറ്റ് അതു തന്നെ. പതിനാറാം നമ്പര്.

വെള്ളെഴുത്ത്
http://vellezhuthth.blogspot.com
Subscribe Tharjani |
Submitted by Najoos (not verified) on Tue, 2008-07-08 16:12.

വല്ലാത്തൊരു നഷ്ടം തോന്നുന്നു ഇത്‌ വായിച്ചപ്പോള്‍. വളരെ ഭംഗിയായെഴുതി നിളയുടെ തീരത്തെ ആ ഒത്തുചേരല്‍

നന്മകള്‍

Submitted by Kalavallabhan (not verified) on Wed, 2010-08-18 14:07.

നല്ലൊരു റിപ്പോർട്ട്