തര്‍ജ്ജനി

ടി.പി.വിനോദ്

ഇ-മെയില്‍:tpvinod1979@yahoo.co.in

വെബ്: ലാപുട

Visit Home Page ...

കവിത

ആലോചന

പലതും ആലോചിക്കുന്നകൂട്ടത്തില്‍
ആലോചിച്ചാലോചിച്ച്
ഒരു മനുഷ്യന്‍
ലോകത്തിലെ മറ്റു മനുഷ്യരൊന്നും
ശരിയല്ലെന്ന് കണ്ടെത്തി,

ഇവരൊക്കെയുള്ളതുകൊണ്ടല്ലേ
ലോകം ഇത്ര മനോഹരമെന്ന്
മറ്റുചില ആളുകളെപ്പറ്റി
പണ്ട് വിചാരിച്ചതോര്‍ത്ത്
ഇപ്പോള്‍ കുണ്ഠിതപ്പെട്ടു,

എന്തുണ്ട് വിശേഷമെന്ന്
എങ്ങോട്ട് പോകുന്നുവെന്ന്
സുഖമായിരിക്കുന്നോ എന്ന്
കണ്ടിട്ടെത്ര നാളായെന്നും
ആളുകളാരാഞ്ഞിരുന്നതിന്റെ
ക്രൂര നിഗൂഢ വ്യംഗ്യങ്ങള്‍
ഓര്‍ത്തു വെളിപ്പെട്ട്
മരവിച്ച് നിന്നു,

തന്നെയിങ്ങനെ
തുലച്ചുകളയാന്‍ വേണ്ടി
ഇവരുകാണിക്കുന്ന
ഒരുമയും ശുഷ്ക്കാന്തിയും
എന്തെങ്കിലും നല്ലകാര്യത്തിന്
കാണിച്ചിരുന്നെങ്കില്‍ എന്ന്
സാമൂഹ്യ പ്രതിബദ്ധതയെ
ഉത്തേജിപ്പിക്കുകയും ചെയ്തു,

ആലോചിച്ചാലോചിച്ച്
പലതുമാലോചിക്കുന്ന കൂട്ടത്തില്‍.

Subscribe Tharjani |