തര്‍ജ്ജനി

എം ഗോവിന്ദന്‍

മനുഷ്യവര്‍ഗ്ഗത്തിന്റെ വേര്‌ മനുഷ്യനാണെന്ന മാക്സിയന്‍ സങ്കല്‍പ്പത്തെ എം ഗോവിന്ദന്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. മനുഷ്യന്റെ നിര്‍മ്മാണവൈഭവത്തിനു ഊന്നല്‍ നല്‍കികൊണ്ട്‌ സ്വന്തം ലോകം നിര്‍മ്മിക്കാനും ചരിത്രത്തിന്റെ ചാലകശക്തിയായിരിക്കാനും മനുഷ്യനുള്ള കഴിവാണ്‌ സ്വന്തം വര്‍ഗ്ഗത്തിന്റെ വേരാക്കി അവനെ നിലനിര്‍ത്തുന്നതെന്നു അദ്ദേഹം എഴുതി. പരിതസ്ഥിതികളെ വിലയിരുത്താനും മെച്ചപ്പെടുത്താനും വേണ്ടിയുള്ള നിരന്തരമായ അന്വേഷണവും പരിശ്രമവുമായിരുന്നു, ഗോവിന്ദന്‌ ശരിയായ ജീവിതം. മനുഷ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കാനിടയുള്ള എന്തിനെയും വിമര്‍ശിക്കാന്‍ അദ്ദേഹം തുനിയുന്നത്‌ അങ്ങനെയാണ്‌. ലിബെറല്‍ ഹ്യൂമനിസത്തില്‍ അധിഷ്ഠിതമായ ഈ വീക്ഷണം ഗോവിന്ദന്‍ എഴുതിയ നാലു മഹാത്മാക്കളുടെ ജീവചരിത്രങ്ങളില്‍ പ്രത്യേക ശോഭയോടെ തെളിയുന്നതു കാണാം. (മഹാത്മാ ഗാന്ധി, എം എന്‍ റോയി, ഐന്‍സ്റ്റീന്‍, കാറല്‍ മാക്സ്‌) നമ്മുടെ കക്ഷിരാഷ്ട്രീയത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തെക്കുറിച്ച്‌ പ്രവചന സ്വഭാവത്തോടെ ഏറെ പറഞ്ഞതും ഒരു പക്ഷേ ഗോവിന്ദനായിരിക്കാനാണു സാദ്ധ്യത. പുരോഗമന പ്രസ്ഥാനക്കാരു പോലും തീണ്ടാപ്പാടു നിര്‍ത്തിയിട്ടും അദ്ദേഹം നിരന്തരം സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെ പറഞ്ഞു കൊണ്ടിരുന്നു. മോചനം എന്ന സങ്കല്‍പ്പത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച്‌ ആഴത്തില്‍ അറിയുന്ന ഒരാളില്‍ നിന്നാവുമ്പോള്‍ അതിന്‌ നാം കണ്ടും കേട്ടും അറിഞ്ഞതില്‍ നിന്നും വ്യാപ്തിയുണ്ടാവും. മൌലികതയുള്ള ചിന്തയും പരിധികളെ താണ്ടാന്‍ കരുത്തുള്ള വീക്ഷണങ്ങളുമാണ്‌, ഗോവിന്ദനെ തലമുറകള്‍ക്കു പ്രിയങ്കരനാക്കി മാറ്റുന്നത്‌.

ആറ്റൂര്‍ കവിതയില്‍ വര്‍ണ്ണിച്ചതു പോലെ സ്വന്തം ആദര്‍ശങ്ങള്‍ക്കും ധാര്‍മ്മിക ബോധത്തിനുമല്ലാതെ മറ്റൊന്നിനും വഴങ്ങാനും ഒതുങ്ങാനും 'കൊടിയിറങ്ങാത്ത ആ യുവത്വത്തിന്റെ ഉത്സവത്തിന്‌' അറിയില്ലായിരുന്നു. ചരിത്രത്തിന്റെ നാള്‍വഴിയില്‍, നിര്‍ഭയത്വവും സമര്‍പ്പണബോധവും പ്രകടമാം വിധം തുടര്‍ന്നു വരുന്ന സാമൂഹിക സേവന മേഖലകളിലൊന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെയാണ്‌. കെ രാമകൃഷ്ണപിള്ളയിലൂടെ തുടരുന്ന ഒരു പാരമ്പര്യത്തെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. നമ്മുടെ നാട്ടില്‍ 'സ്വദേശാഭിമാനി' പോലെ തന്നെ 'ഉണ്ണിനമ്പൂതിരിയും' 'സഹോദരനും' ആദ്യകാല മാതൃഭൂമിയും സാമൂഹിക രംഗത്തും മംഗളോദയവും ഭാഷാപോഷിണിയും സാഹിത്യ രംഗത്തും പല വലിയ കാര്യങ്ങളും ചെയ്തവയാണ്‌. അധികം ഒച്ചപ്പാടുകള്‍ക്കും പ്രകടനങ്ങള്‍ക്കും ഇടം കൊടുക്കാതെ അവയുടേതായ രീതിയില്‍ ശക്തിമത്തായ സ്വാധീനം ചെലുത്തുന്ന അടിയൊഴുക്കിനോട്‌ ഗോവിന്ദന്‍ ആനുകാലികങ്ങളെ ഉപമിക്കുന്നുണ്ട്‌ 'സാഹിത്യമാസികകള്‍' എന്ന ലേഖനത്തില്‍. സ്വാതന്ത്ര്യത്തെയും മനുഷ്യത്വത്തെയും മുറുകെപ്പിടിക്കുന്ന, ആദര്‍ശത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഒരുക്കമല്ലാത്ത തലയെടുപ്പുള്ള മനുഷ്യന്‌ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായ ഒരു മണ്ഡലം എന്ന നിലയ്ക്കാണ്‌ 'സമീക്ഷ' ഗോവിന്ദന്‍ ആരംഭിക്കുന്നത്‌. സമകാലിക സാഹിത്യത്തിലിലേയ്ക്ക്‌ ഊര്‍ജ്ജം കടത്തിവിടുന്നതില്‍ മാസികകളുടെ പങ്കെന്താണെന്നു തിരിച്ചറിയുന്ന ഒരു മനസ്സ്‌ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ്‌ സമീക്ഷ എന്നത്‌ ഗോവിന്ദന്റെ പര്യായമായി പിന്നീട്‌ മാറിയത്‌. മാസിക നന്നാവാന്‍ മനുഷ്യനെങ്ങനെ ചീത്തയാകാതിരിക്കാം എന്ന്‌ അതിന്റെ നടത്തിപ്പിലൂടെ ഗോവിന്ദന്‍ തെളിയിക്കുകയായിരുന്നു.

ഗോവിന്ദന്‍ ഒരു നല്ല സാഹിത്യകാരനല്ലായിരിക്കാം. നോക്കുകുത്തിയ്ക്കും, സര്‍പ്പത്തിനും വായനക്കാരും വ്യാഖ്യാതാക്കളും അധികം ഉണ്ടായില്ല. തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ ഒരു പ്രധാന കാരണം ഭാഷയെപ്രതി അദ്ദേഹം അനുഭവിച്ചിരുന്ന ആശങ്കകളായിരിന്നോ എന്നു സംശയിക്കണം. പച്ചമലയാള പ്രസ്ഥാനത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അദ്ദേഹം വാക്കുകളെ ഭാഷാന്തരം ചെയ്തു പരാജയപ്പെട്ടു. ആല്‍ബത്തെ തുടര്‍ക്കണിയാക്കി. ഗള്‍ഫുകാരനെ കടലുണ്ടി മണ്ണെണ്ണ ശേവുകകാരനാക്കി.(കടല്‍ ഉന്തിനില്‍ക്കുന്ന സ്ഥലം = കടലുണ്ടി, പെട്രോള്‍ = മണ്ണെണ്ണ) എന്നാലും അവയുടെ പിന്നിലുണ്ടായിരുന്ന ചിന്ത തികഞ്ഞ ഒരു ആധുനികതയെ ദീര്‍ഘദര്‍ശനം ചെയ്തു എന്നാണു നാം വിചാരിക്കേണ്ടത്‌. വരാന്‍ പോകുന്ന അഭിരുചികളെ കാണാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു എന്നിടത്താണ്‌ ഗോവിന്ദന്റെയും സമീക്ഷയുടെയും പ്രസക്തി നിലനില്‍ക്കുന്നത്‌. മലയാളത്തിലെ പ്രചാരമുള്ള മാസികയാവില്ല എന്ന്‌ ദൃഢപ്രതിജ്ഞയെടുത്ത, ചരിത്രപരമായ ദൌത്യം നിറവേറ്റിക്കഴിഞ്ഞാല്‍ നിര്‍ത്തും എന്നു പ്രഖ്യാപിക്കപ്പെട്ട ഒരു മാസികയാണു സമീക്ഷ. അശ്ലീല മാസികകളുള്‍പ്പടെ സമാന്തര പ്രസിദ്ധീകരണങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുള്ളത്‌ വിപ്ലവകരമായ ധര്‍മ്മമാണെന്നു നാം ഇന്നു തിരിച്ചറിയുന്നത്‌ സമീക്ഷ പോലുള്ള ചില ഭൂതകാല യാഥാര്‍ത്ഥ്യങ്ങളുടെ സാന്നിദ്ധ്യത്തിലാണ്‌.

1963 --ല്‍ ആയിരുന്നു സമീക്ഷയുടെ തുടക്കം. മലയാള സാഹിത്യത്തിന്റെ ഊര്‍ജ്ജവാഹികളായിരുന്ന പല ലിറ്റില്‍ മാഗസീനുകളുടെയും ക്യാമ്പസ്‌ പ്രസിദ്ധീകരണങ്ങളുടെയും പതാകാവാഹിയായിരുന്നു ആ പ്രസിദ്ധീകരണം. സമീക്ഷയുടെ പഴയലക്കങ്ങള്‍ ഇന്ന്‌ വിലപിടിപ്പുള്ള ഈടുവയ്പ്പാണ്‌. മൂന്നുവര്‍ഷം മാത്രം നടത്താനായിരുന്നു ഗോവിന്ദന്‍ ഉദ്ദേശിച്ചിരുന്നത്‌. കോപ്പികള്‍ ആയിരം കവിയരുതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഈ. വി. ശ്രീധരന്റെ പത്രാധിപത്യത്തില്‍ ഗോവിന്ദന്റെ ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന്‌ 'സമീക്ഷ' വീണ്ടും ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ 1965 ല്‍ ഗോവിന്ദന്‍ എഴുതിയ 'സമീക്ഷയുടെ തുടക്കം' എന്ന ലേഖനത്തിനു പ്രസക്തിയുണ്ട്‌. ഒരു സമാന്തര പ്രസിദ്ധീകരണത്തിന്റെ പ്രസാധകത്വത്തിനു പിന്നിലുള്ള ചുഴിമലരികളെ ഈ ലേഖനം പറയാതെ അറിയിക്കുന്നുണ്ട്‌. ഇന്നിപ്പോള്‍ ആഗോള മുതലാളിത്തത്തിന്റെ കാലത്ത്‌, നെറ്റ്‌ മാഗസീനുകള്‍ ഉള്‍പ്പടെയുള്ള സമാന്തര പ്രസിദ്ധീകരണങ്ങളുടെ പ്രസക്തിയെന്തന്ന അന്വേഷണത്തിനു ഈ ലേഖനം പിന്‍ബലമേകും. മറ്റൊരു വിധത്തില്‍ ഗോവിന്ദന്റെ ആദര്‍ശങ്ങളുടെ നയ പ്രഖ്യാപനം കൂടിയാണ്‌ ഈ ചെറു ലേഖനം.

ശിവകുമാര്‍ ആര്‍ പി

സമീക്ഷയുടെ തുടക്കം

1963 ജനുവരി 24-ന്‌ ആണെന്നു തോന്നുന്നു, വയ്യിട്ട്‌ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ഒരു ചെറിയ സുഹൃത്‌ സമ്മേളനമുണ്ടായി - ചായ പലഹാരാദികളുള്ള ഒരു സല്‍ക്കാരം. ഒരു മഹാവ്യക്തിയുടേ സന്ദര്‍ശനമോ മഹാപ്രസ്ഥാനത്തിന്റെ സമാരംഭമോ പ്രമാണിച്ചല്ല. ശ്രീ കാരൂരിനു തോന്നി തന്റെ ഒരു സ്നേഹിതനെ മറ്റു സ്നേഹിതന്മാര്‍ക്കു പരിചയപ്പെടുത്തണമെന്ന്‌.

അന്നു സമീക്ഷയുടെ ആദ്യലക്കം അച്ചടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, സുഹൃദ് സമ്മേളനവും സമീക്ഷയും തമ്മില്‍ പ്രത്യക്ഷബന്ധം ഉണ്ടായിരുന്നില്ല. ആനുഷംഗികമായി പുതിയ പ്രസിദ്ധീകരണത്തെ സംബന്ധിച്ചും പ്രസ്താവനകളുണ്ടായി എന്നു മാത്രം. കാരൂര്‍ തന്നെയാണ്‌ ആ പ്രശ്നമെടുത്തിട്ടത്‌ : "ഏറെക്കാലം സമീക്ഷ നടത്തിക്കൊണ്ടു പോകണമെന്നു ഗോവിന്ദന്‌ ആഗ്രഹമുണ്ടായിരിക്കില്ല. എത്രകാലം?"

തുടര്‍ന്നു പ്രസംഗിച്ച സി എന്‍ ശ്രീകണ്‌ഠന്‍ നായര്‍ സൂചിപ്പിച്ചു: "മൂന്നു കൊല്ലം സമീക്ഷ നടത്തണമെന്ന്‌ ഇന്നാളൊരിക്കല്‍ ഗോവിന്ദന്‍ പറയുകയുണ്ടായി." അതു നേരായിരുന്നു. ഞാനങ്ങനെ ഒരഭിലാഷം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ആ വസ്തുത പ്രസ്തുത യോഗത്തില്‍ എടുത്തു പറയുകയും ചെയ്തു. - നേരിയ ഭേദഗതിയോടെ?(ആ ഭേദഗതിയും കണക്കില്‍ അര്‍ത്ഥവത്താണ്‌. അതിനെപ്പറ്റി മറ്റൊരിക്കല്‍) ഇതാണു മുവ്വാണ്ടുകാല വാഗ്ദാനത്തിന്റെ ചിത്രവും ചരിത്രവും. എന്തായാലും അതു നിറവേറുമെന്ന്‌ ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പറയാം. പിന്നെയോ? അതൊക്കെ അന്ന്‌ ആലോചിച്ചാല്‍ പോരെ? ചില സ്നേഹിതന്മാര്‍ സമീക്ഷ തുടര്‍ന്നു പോകണമെന്നും തങ്ങളാലാവുന്ന സഹായ സഹകരണങ്ങളെല്ലാം നല്‍കാന്‍ തയ്യാറാണെന്നും എഴുതി അറിയിച്ചിരിക്കുന്നു. സമീക്ഷ നിര്‍ത്തുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെ തളര്‍ച്ചയാവും ഫലം എന്നുമവര്‍ താക്കീതു ചെയ്യുന്നു. സുഹൃത്തുക്കളുടെയും അനുവാചകരുടെയും അഭിനന്ദനങ്ങളും ആത്മാര്‍ത്ഥമായ സഹായ വാഗ്ദാനങ്ങളും ആശ്വാസകരം തന്നെ, സംശയമില്ല. ഞങ്ങള്‍ക്ക്‌ അവരോട്‌ നന്ദിയുണ്ട്‌. അല്ലെങ്കില്‍ നന്ദിയെന്നല്ലല്ലോ ഇവിടേ പ്രയോഗിക്കേണ്ട പദം. ഇവരും ഈ സംരംഭത്തിലെ പങ്കാളികളാണ്‌. ഞങ്ങളും നിങ്ങളും എന്ന പ്രശ്നമില്ല.

ഈ കൊച്ചു മാസിക, സര്‍വോപരി ഒരു പരീക്ഷണമാണ്‌. വ്യക്തിപരമായ സഹകരണത്തിലുള്ള പരീക്ഷണം. നാക്കിലൊന്നും വാക്കില്‍ മറ്റൊന്നുമെന്ന വൈപരീത്യത്തിനെതിരായ പരീക്ഷണം. ചെറിയമനുഷ്യര്‍ ഒത്തുച്ചേര്‍ന്നു ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചു കാതലായ കാര്യങ്ങള്‍ ഫലപ്രദമാക്കാനൊക്കുമോ എന്ന പരീക്ഷണം. ദുര്‍മേദസ്സാണു ശക്തി എന്നു ഞങ്ങള്‍ കരുതുന്നില്ല. അപ്പോള്‍ ആരോഗ്യത്തിന്റെ ലക്ഷണങ്ങളായി കരുതപ്പെടേണ്ടി വരുമല്ലോ മഹോദരവും മന്തുകാലും. സമീക്ഷ ഒരിക്കലും അതിന്റെ മഹോദര ദശയിലെത്തുകയില്ല. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമാവുക എന്ന ദുര്‍വിധി അതിനു പറ്റുകയില്ല. ശക്തിയും വീര്യവുമുള്ള പ്രസിദ്ധീകരണമാവാമെങ്കിലതല്ലേ അഭികാമ്യം? എല്ലാ തുറയിലും വലിപ്പമൊന്നേ ലക്ഷ്യം വച്ചു വലിഞ്ഞേറുന്ന സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വ്യാമോഹത്തിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും വലയില്‍പ്പെട്ടു നട്ടം തിരിയുന്ന കാഴ്ചയാണല്ലോ എങ്ങു നോക്കിയാലും.

ആരവങ്ങളും വന്‍കിട ആലഭാരങ്ങളും പ്രചണ്ഡതാണ്ഡവങ്ങളുമായി എന്തും തുടങ്ങിവയ്ക്കാന്‍ അത്ര പ്രയാസമില്ല. പലതരം പ്രലോഭനങ്ങള്‍ ഉണ്ടതിന്‌. ചെറിയകാര്യങ്ങള്‍ക്ക്‌ ഇങ്ങനെ കണ്ണഞ്ചിപ്പിക്കാനോ, പെട്ടെന്ന്‌ ആളുകളുടെ കണ്ണില്‍പ്പെടുത്താനോ കഴിഞ്ഞുവെന്നു വരില്ല. അത്‌ അതിന്റെ സ്വഭാവമാണ്‌. സമീക്ഷയെപ്പോലെയുള്ള ചെറിയ ഉസുമങ്ങള്‍ക്ക്‌ കൂടുതല്‍ പ്രയാസങ്ങളുമുണ്ട്‌. ആശയാദര്‍ശങ്ങളുടെ മേഖലയില്‍ വര്‍ത്തിക്കുന്ന ഒരു പ്രസിദ്ധീകരണത്തിനുള്ള പരിമിതികളും പരിഗണിക്കപ്പെടേണ്ടതത്രേ. ഈ പശ്ചാലത്തില്‍ സമീക്ഷ മൂന്നു കൊല്ലത്തിനു ശേഷം മുടങ്ങുമോ? ഉവ്വെന്നും ഇല്ലെന്നും തത്ക്കാലം തീര്‍ത്തു പറയാതെ വിടുക.

രണ്ടുമാസം മുന്‍പ്‌ കോട്ടയത്തു വച്ചുണ്ടായ ഒരു ചര്‍ച്ചായോഗത്തില്‍ വെട്ടൂര്‍ രാമന്‍ നായര്‍ ഒരു സംഗതി സൂചിപ്പിക്കുകയുണ്ടായി, എന്തു കൊണ്ടാണ്‌ സമീക്ഷ ഓരോ കൊല്ലം നടത്തുമെന്നു പറയുന്നതെന്ന്‌. ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കാതെ, സമ്മര്‍ദ്ദത്തിനും വിട്ടു വീഴ്ചയ്ക്കും വഴങ്ങാതെ, നടത്തിക്കൊണ്ടു പോകാനുള്ള പ്രയാസമോര്‍ക്കുമ്പോള്‍ കലവറയില്ലാത്ത കാലാവധി വിഷമകരമായിത്തീരുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. അതുതന്നെയാണു വാസ്തവവും. ജീവനുണ്ടായിരുന്ന ഒരു പ്രസിദ്ധീകരണം അംഗീകരണത്തിനും വലിപ്പത്തിനും വേണ്ടി ജീവസവമായി കാലം ഉന്തിനീക്കേണ്ടി വരിക എന്ന ഗതികേട്‌ എത്ര ശപ്തമാണ്‌! സമീക്ഷയ്ക്ക്‌ അതു സംഭവിച്ചു കൂടെന്ന്‌ ഞങ്ങള്‍ക്ക്‌ കലശലായ വാശിയുണ്ട്‌.

അതേയോഗത്തില്‍ ഇതെഴുതുന്നയാള്‍ എടുത്തു പറഞ്ഞ ഒരു കാര്യവും ഇവിടെ കുറിക്കുന്നു: " എന്നോട്‌ ഒരാള്‍ വന്നിങ്ങനെ പറകയാനെന്നിരിക്കട്ടെ - ഒന്നുകില്‍ ടാജ്‌മഹാള്‍ തല്ലിപ്പൊളിക്കും. അല്ലെങ്കില്‍ ഈ മനുഷ്യനെക്കൊല്ലും. ഇതാ അദ്ഭുതവും അഴകുമായ ശില്‌പചാതുരി, ഇതാ എന്നെങ്കിലുമൊരിക്കല്‍ മരിച്ചുവീഴുന്ന മനുഷ്യന്‍. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളതു തെരെഞ്ഞെടുക്കാം, ഒന്നുമാത്രം."

"മനുഷ്യരെ - ഞാന്‍ അഭ്യര്‍ത്ഥിക്കും.: "താജ്‌മഹാള്‍ തല്ലിപ്പൊളിക്കുക. മനുഷ്യനെ വിടുക."

മനുഷ്യന്‍ മരിക്കുമെന്നതു നേര്‌. അവനെന്നാലും വിശ്വകര്‍മ്മാവാണ്‌. താജ്‌മഹാള്‍ ഒരിക്കലും ഒരു മനുഷ്യനെ നിര്‍മ്മിക്കയില്ല.മനുഷ്യനു താജ്‌മഹാള്‍ കെട്ടിപ്പൊക്കാന്‍ ഇനിയും സാദ്ധ്യമാണ്‌.
ഇതാണ്‌ എന്റെ വിശ്വാസമെങ്കില്‍ മാസിക നന്നാവാന്‍ വേണ്ടി മനുഷ്യന്‍ ചീത്തയാകുക എന്ന അവസ്ഥയില്‍ എന്തു ചെയ്യണമെന്ന വിഷയത്തില്‍ സംശയലേശമുണ്ടാകയില്ല.

- എം ഗോവിന്ദന്‍, 1965

Submitted by Sunil (not verified) on Sun, 2005-07-17 10:12.

എം ഗോവിന്ദന്റെ താത്രികുട്ടിയുടെ കതയെ ആസ്പദമാക്കി ഒരു കവിത പണ്ട് വളരെ കൊല്ലങൾക്കുമുൻപ് കലാകൌമുദിയിൽ വന്നിരുന്നു. ആ കവിത്യ്കാമുഖമായി അദ്ദേഹം മൂന്നു ലക്കങളിലായി രസാസ്വാദനട്ഠെ കുറിൿച് ഒരു ലേഖനവും എഴുതിയിരുന്നു. ഏതാണാകവിത? അതിന്റെ പേരെന്താ? ഈ ലേഖനവും കവിതയും എനിക്കൊന്നുകൂടി വായിക്കണമെന്നുണ്ട്. അന്നട്ഠെ കലാകൌമുദിയിലെ നമ്പൂതിരിയുടെ ചിത്രങളുടെ ഒരവ്യക്തഓറ്‌മ്മയും എനിക്കുണ്ട്. എങനെയ്ങ്കിലും സഹായിക്കാമൊ ശിവാ? -സു-

Submitted by Sivan (not verified) on Fri, 2005-07-22 23:42.

ഇന്നാണ്‌ സുനിലിന്റെ ചോദ്യം കണ്ടത്‌. അതും പോളിന്റെ മെയിലു കണ്ട്‌ നോക്കിയപ്പോൾ. 'ഒരു കൂടിയാട്ടത്തിന്റെ കഥ'യാണ്‌ താത്രിയെപ്പറ്റി അദ്ദേഹം എഴുതിയ കവിത. താത്രിയും കാവുങ്കൽ ശങ്കരപ്പണിക്കരും ഗോവിന്ദന്‌ Obsession ആയിരുന്നെന്നു തോന്നുന്നു. ഒരു പാട്‌ ലേഖനങ്ങൾ താത്രിയെപ്പറ്റി എഴുതിയിട്ടുണ്ട്‌. 'കലയും കാമവും' 'കലയും കലാപവും"എന്റെ അകത്തുള്ള ആളുകളേ വാഴ്ക"സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്‌?'(എല്ലാം ഗോവിന്ദന്റെ ഉപന്യാസങ്ങൾ എന്ന പുസ്തകത്തിലുണ്ട്‌) കലാകൌമുദിയിൽ എം ഗോവിന്ദൻ എഴുതിയത്‌ ഞാൻ വായിച്ച ഓർമ്മയില്ല. 85' ആണ്‌ ഇവയുടെ രചനകാലം. ഇതിലേതെങ്കിലും ഒന്നായിരിക്കും സുനിൽ കണ്ടത്‌.

Submitted by Sunil (not verified) on Sat, 2005-07-23 12:50.

Thank you Sivan. Hope I can find the book mentioned by you. What about that poem? Is that also published in book form? What is the name of the book?

Submitted by Sivan (not verified) on Sun, 2005-07-24 13:40.

‘ഒരു കൂടിയാട്ടത്തിന്റെ കഥ’എന്നായിരുന്നു ബുക്കിന്റെ പേരും.ഇപ്പോൾ കിട്ടുമോ എന്നറിയില്ല. വായനശാലകളിൽ കാണാതിരിക്കില്ല. ഗോവിന്ദന്റെ ‘കവിത’ എന്ന പുസ്തകത്തിലുണ്ടായിരുന്നോ എന്നു സംശയം.ഓർമ്മയില്ല. കവിത കിട്ടിയാൾ ഞാൻ ഒരു കോപ്പി സുനിലിന് അയച്ചു തരാം.

Submitted by sunil (not verified) on Sun, 2005-07-24 15:20.

താങ്കളുടെ മഹാമനസ്കതയ്ക്ക്‌ എങനെ നന്ദി പറയണമെന്നറിയില്ല. കവിതയുടെ പേര് ശിവന്‍ പറഞപ്പോള്‍ ഓര്‍മ്മ എനിക്കും വന്നു. കിട്ടിയാലറിയിക്കൂ. -സു-

Submitted by സുനില്‍ (not verified) on Sun, 2005-07-24 15:22.

പിന്നെ കവിത വേണ്ടാ എന്നല്ല, പക്ഷെ കവിതയേക്കാളേറെ ആ ഉപന്യാസങള്‍ തന്നെ ആണ് ഒന്നു കൂടി വായിക്കാന്‍ തോന്നുന്നത്.-സു-