തര്‍ജ്ജനി

ഡോ. പി. സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

ഇതിലും ഭേദം ആഗോളവല്ക്കരണം തന്നെ

ലോകത്തു് പല സമൂഹങ്ങളുടെയും മാതൃഭാഷ മരണത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ആഗോളവല്ക്കരണം ലോകത്തെ ഒരു കുടക്കീഴില്‍ ഒതുക്കിനിര്‍ത്തുന്നതിന്റെ ഭാഗമായി ഭാഷകള്‍ക്കു് സംഭവിക്കുന്ന സ്വാഭാവികമരണം. ലിപിയും എഴുത്തുവിദ്യയുമില്ലാതെ സംസാരത്തില്‍ മാത്രം നിലനില്ക്കുന്ന ഭാഷകളാണു് വംശനാശം സംഭവിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നതു്. ലോകത്തിന്റെ പല ഭാഗത്തും ചെറുഭാഷാസമൂഹങ്ങള്‍ അതിനെ ചെറുക്കനുള്ള ഊര്‍ജ്ജിതശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. സ്വന്തം ഭാഷയുടെ എഴുത്തുരീതി സംരക്ഷിച്ചുകൊണ്ടു് വിദ്യാഭ്യാസപ്രചരണത്തിലൂടെ അതിനെ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃസമൂഹമായ കേരളത്തിന്റെ മനോഭാവം എന്നേ ആഗോളവല്ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും മലയാളഭാഷയും അത്തരം വെല്ലുവിളികള്‍ നേരിടുന്നുണ്ടു്. കേരളത്തില്‍ ജീവിക്കുന്നവര്‍ക്കു് തമാശപറയാനും കമ്പനികൂടാനുമുള്ള ഒരു ഭാഷയാണു് മലയാളം എന്ന മനോഭാവം ഇവിടെ വ്യാപകമാണു്. മറ്റൊന്നിനും കൊള്ളാത്തതു് എന്നു് മാതൃഭാഷയെക്കുറിച്ചുള്ള പുച്ഛം മലയാളിയുടെ മുഖമുദ്രയായിരിക്കുന്നു. ജീവിതം കേരളത്തിനു പുറത്തേ സാദ്ധ്യമാവൂ എന്നത്രേ നമ്മുടെ വിശ്വാസം. എന്നാല്‍ പ്രവാസികളാവട്ടെ അനേകം മലയാളം ടി.വി. ചാനലുകളിലൂടെയും ഇന്റര്‍നെറ്റ്, ബ്ലോഗ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും മലയാളത്തോടു് കൂടുതല്‍ക്കൂടുതല്‍ ഒട്ടിനില്ക്കാനുള്ള പ്രവണതയാണു് കാണിക്കുന്നതു്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ മലയാളഭാഷഭാഷയെയും സാഹിത്യത്തെയും പോഷിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സമിതികളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ടു്.

ഭാഗ്യവശാല്‍, മലയാളം സ്വന്തമായ ലിപിയും സാഹിത്യപാരമ്പര്യവും വ്യാകരണഗ്രന്ഥങ്ങളുമെല്ലാമുള്ള ഒരു വികസിതഭാഷയാണു്. അതിനാല്‍ ആഗോളവല്ക്കരണത്തിന്റെ ഭാഷാഹത്യയില്‍നിന്നു് അതിനു് രക്ഷപ്രാപിക്കാന്‍ കഴിഞ്ഞേക്കും എന്നു് ആശ്വസിച്ചിരുന്നവര്‍ക്കു് ഇതാ വ്യക്തമായ മുന്നറിയിപ്പു ലഭിച്ചുകഴിഞ്ഞു. ഭാഷയും സാഹിത്യവും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നില്ല എന്നു മാത്രമല്ല മലയാളമെഴുത്തിനെ ചിതറിച്ചുകളയുകയും സാഹിത്യത്തെ ആട്ടിയോടിക്കുകയും ചെയ്യുന്ന കര്‍മ്മപരിപാടികളാണു് സര്‍ക്കാര്‍തലത്തില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതു്. നമ്മുടെ വിദ്യാഭ്യാസപദ്ധതികള്‍ അതിനുവേണ്ടി അഹോരാത്രം പണിപ്പെട്ടുകൊണ്ടിരിക്കുന്നു. അക്കാദമികളും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുമെല്ലാം അധികാരത്തിന്റെ സുഖശീതളിമയില്‍ മതിമറന്നു മയങ്ങിക്കൊണ്ടിരിക്കുന്നു. പ്രളയപയോധിയിലും സ്വന്തം കാല്‍വിരലുണ്ടു് രസിക്കുന്ന ബാലിശനിഷ്ക്കളങ്കത എത്ര ഉദാരം! ജയ് ഹോ.

ആഗോളവല്ക്കരണവിരുദ്ധമെന്നു് സ്വയം ഘോഷിക്കുന്നതാണു് പ്രബുദ്ധകേരളത്തിന്റെ പതിവു്. വലതുപക്ഷമെന്നു കേട്ടാലേ നെറ്റി ചുളിക്കുന്നതാണു് ശരാശരി മലയാളിയുടെ മനസ്സു്. അതു വന്നുവന്നു് ഇടതുപക്ഷസര്‍ക്കാര്‍ എന്നു് നിസ്സങ്കോചം എവിടെയും വിശേഷിപ്പിക്കാവുന്ന നിലയിലെത്തിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ സര്‍ക്കാര്‍ എന്നാണതിന്റെ അര്‍ത്ഥമെങ്കില്‍ കേരളസര്‍ക്കാര്‍ ഒരു വിഭാഗത്തിന്റെമാത്രം സര്‍ക്കാറാകുന്നു. ജനാധിപത്യവിരുദ്ധരാകുന്നതില്‍ നാം അഭിമാനിക്കുന്നു. ഇനി, ഇടതുപക്ഷ ആശയങ്ങള്‍ പിന്റപറ്റുന്ന സര്‍ക്കാര്‍ എന്നാണു് വിവക്ഷയെങ്കില്‍ അതു പ്രകടമാക്കേണ്ടതു് സ്വീകരിക്കുന്ന നിലപാടുകളുടെയും ആവിഷ്ക്കരിക്കുന്ന പരിപാടികളുടേയും സ്വഭാവമനുസരിച്ചാണു്. അല്ലാതെ മത്സരിച്ച മുന്നണിയുടെ പേരുവെച്ചല്ല. കേരളത്തിലെ വിദ്യാഭ്യാസരംഗത്തു് ഭാഷയ്ക്കും സാഹിത്യത്തിനും എന്തു സ്ഥാനമാണു് നല്കിവരുന്നതു് എന്നും അതില്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ നയപരമായി എന്തു വ്യത്യാസമാണു് കാണിച്ചിട്ടുള്ളതു് എന്നും പരിശോധിക്കുമ്പോള്‍ പേരുകളിലെ വിശേഷണം തികച്ചും നിരര്‍ത്ഥകമാണെന്നു വ്യക്തമാകും. പ്രചരണകോലാഹലങ്ങള്‍കൊണ്ടു് പരിമിതികളെ വളരെയെളുപ്പത്തില്‍ ഒളിച്ചുവെക്കാമെന്നതാണു് കേരളത്തിന്റെ പ്രബുദ്ധമെന്നു് ഘോഷിക്കപ്പെടുന്ന അന്തസ്സാരശൂന്യമായ രാഷ്ട്രീയപരിതോവസ്ഥ. ദീപസ്തംഭം മഹാശ്ചര്യം.

ഡി.പി.ഇ.പി.യിലൂടെയാണു് കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസത്തില്‍ സമൂലമായ പരിഷ്ക്കാരങ്ങള്‍ വരുന്നതു്. ലോകബാങ്കിന്റെ പരിപാടിയെന്നു് എതിര്‍പ്പുകളെ വിളിച്ചുവരുത്തിയ ആ പരിഷ്ക്കരണം ഏതാനും ജില്ലകളില്‍ ഒരു വര്‍ഷം മാത്രം നടത്തിയതാണു്. തുടര്‍ന്നു്, അതിനിണങ്ങുംവിധം കേരളത്തിലെ മുഴുവന്‍ എയ്ഡഡ്-സര്‍ക്കാര്‍ സ്ക്കൂളുകളിലെയും പഠനസമ്പ്രദായം പരിഷ്ക്കരിച്ചു. മുമ്പെങ്ങുമില്ലാത്തവിധം അദ്ധ്യാപകരെ വിളിച്ചുവരുത്തിക്കൊണ്ടു് തികച്ചും ജനകീയാസൂത്രണപരമായാണു് അതു് നടപ്പിലാക്കിയത്. ഈ രീതി ഹൈസ്ക്കൂള്‍തലത്തിലും തുടര്‍ന്നു് ഹയര്‍സെക്കണ്ടറി തലത്തിലും ഇപ്പോഴിതാ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ മുഖേന ഡിഗ്രിതലത്തിലും നടപ്പിലാക്കിയിരിക്കുന്നു. ഹയര്‍സെക്കണ്ടറി തലത്തില്‍ ഭാഷയെയും സാഹിത്യത്തെയും ഒതുക്കാനുള്ള പ്രകടമായ ശ്രമങ്ങള്‍ ഉണ്ടായി. ഉന്നതവിദ്യാഭ്യാസത്തിലെത്തുമ്പോഴേക്കും ഭാഷയും സാഹിത്യവും പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പടിപടിയായി ആസൂത്രണം ചെയ്തു ഭാഷയെയും സാഹിത്യത്തെയും പുറത്താക്കുന്നതാണു് വിദ്യാഭ്യാസവകുപ്പു് നടപ്പിലാക്കുന്ന അജണ്ട എന്നു പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

ആരാണിതിനു് ഉത്തരവാദി എന്ന ചോദ്യത്തിനു് കേരളത്തിലെ മുഴുവന്‍ അദ്ധ്യാപകരും എന്നു് രേഖാമൂലം തെളിയിക്കാന്‍ കഴിയുന്ന ഉത്തരം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്നു. ആ ഉത്തരവാദിത്തത്തില്‍നിന്നു് കേരളത്തിലെ ഒരദ്ധ്യാപകനും രക്ഷപ്പെടാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ അദ്ധ്യാപകര്‍ മുഴുവന്‍ ഇതിനു് ഉത്തരവാദികളാണോ? അല്ല എന്നാണുത്തരമെങ്കില്‍ ആരാണവരെ ഒറ്റുകൊടുത്തതു്? അതിനു് മറുപടി ലഭിക്കാന്‍ അതിന്റെ പുറകിലെ രാഷ്ട്രീയത്തെ പരിശോധിക്കേണ്ടിവരും.

ആഗോളവല്ക്കരണകാലത്തു് മാതൃഭാഷ നേരിടുന്ന വെല്ലുവിളികളെയാണോ കേരളത്തിലെ വിദ്യാഭ്യാസപരിഷ്ക്കാരങ്ങള്‍ അഭിമുഖീകരിച്ചതു്? അതോ ആഗോളവല്ക്കരണത്തിനുമുമ്പേ അതിനെക്കാള്‍ രൂക്ഷമായ നിലയില്‍ ഭാഷകളെ പൊതുവെയും മാതൃഭാഷയെ വിശേഷിച്ചും തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നോ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍? അസുഖകരമായ ചോദ്യങ്ങളെ അരാഷ്ട്രീയമെന്നു മുദ്രകുത്തി ഒറ്റപ്പെടുത്തി രക്ഷപ്പെടുന്നതാണു് മലയാളിയുടെ ശീലം. എന്നാല്‍ രാഷ്ട്രീയമെന്നതു് എത്ര വിനാശകരമായ സങ്കല്പമാണെന്നു് അറിയാതെ വെളിപ്പെട്ടുപോകുന്ന ചരിത്രസന്ദര്‍ഭങ്ങള്‍ കണ്മുന്നിലൂടെ കടന്നുപോകുന്നുണ്ടു്. രാഷ്ട്രീയം രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായ സ്വാര്‍ത്ഥതാല്പര്യമാണെന്നു് രാഷ്ട്രീയപ്രവര്‍ത്തനംകൊണ്ടു് ഉപജീവനം നടത്തുന്നവര്‍തന്നെ ഏറ്റുപറയുന്നതു് അത്തരം ഒരു ചരിത്രസന്ദര്‍ഭമാണു്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്നു് ചാനലുകളില്‍ ചര്‍ച്ചയ്ക്കു വന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സമുന്നതരായ നേതാക്കള്‍ പറഞ്ഞതു് `നമുക്കു് ഇവിടെ രാഷ്ട്രീയം പറയാതിരിക്കാം. കാരണം രാജ്യതാല്പര്യത്തെ ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിതു് ' എന്നത്രേ. അതായതു് രാഷ്ട്രീയം എന്ന വാക്കിനു് കക്ഷിതാല്പര്യം, വൈതാളികവൃന്ദം,അഴിമതിഗുണഭോക്തൃസംഘം എന്നൊക്കെയുള്ള ലഘുവായ വിവക്ഷയേ ഇന്നു് നിലവിലുള്ളൂ എന്നര്‍ത്ഥം. ഈ പശ്ചാത്തലത്തില്‍നിന്നുവേണം കേരളത്തില്‍ വിദ്യാഭ്യാസപരിഷ്ക്കാരത്തിന്റെ ആസൂത്രണത്തിനായി അദ്ധ്യാപകസംഘടനകളെ ഉപയോഗിക്കുന്നതിന്റെ സാംഗത്യം പരിശോധിക്കാന്‍. അക്കാദമികതാല്പര്യമല്ല സേവനവേതനകാര്യങ്ങളാണു് അദ്ധ്യാപകസംഘടനകളുടെ പരിഗണനയെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജനാധിപത്യപരമായി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തമമാതൃക കേരളപാഠ്യപദ്ധതി ചട്ടക്കൂടി (കെ.സി.എഫ്.) ന്റെ കരടിനെ മുന്‍നിര്‍ത്തി കേരളത്തില്‍ നടന്ന ചര്‍ച്ചയാണു്. ഓരോ പഞ്ചായത്തിലും ഓരോ സ്ക്കൂളിലും അതിവിശദമായ ചര്‍ച്ചകള്‍ നടന്നു. ഇതിനുമുമ്പു് ഇത്തരം ഒരു ചര്‍ച്ചയെക്കുറിച്ചു് ജനങ്ങള്‍ക്കു് സങ്കല്പിക്കാന്‍പോലും കഴിയില്ലായിരുന്നു എന്ന അവകാശവാദത്തോടെ കൊണ്ടാടിയ ചര്‍ച്ചയ്ക്കു തൊട്ടുമുമ്പേ ഉന്നയിക്കപ്പെട്ടതു് മദ്രസകളുടെ സമയമാറ്റം എന്ന വിഷയമായിരുന്നു. ഘോരഘോരമായ ചര്‍ച്ചതന്നെ നടന്നു. അതിന്റെ മുഴുവന്‍ മിനുട്ട്‌സും സര്‍ക്കാറിലേക്കയച്ചുകൊടുത്തു. ഇന്റര്‍നെറ്റുവഴിയും സ്വന്തമായ രീതിയിലും ചര്‍ച്ചയ്ക്കു് അവസരമൊരുക്കി. ചര്‍ച്ചകള്‍ ജോറായി നടക്കുമ്പോള്‍ പിറ്റേ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള കമ്മറ്റികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ പിറ്റേവര്‍ഷം നടപ്പിലായതു് ക്രിട്ടിക്കല്‍ പെഡഗോജിയെന്ന ബോധനരീതി. കെ.സി.എഫ്. മുഴുവന്‍ പരിശോധിച്ചാലും ഒരിടത്തുമാത്രം ഒറ്റവാക്കില്‍ വിമര്‍ശനാത്മകപഠനം എന്നു പ്രസ്താവിച്ചതല്ലാതെ ഈ ക്രിട്ടിക്കല്‍ പെഡഗോജിയെന്ന സാധനത്തെ കണ്ടെത്താനാവില്ല. അതാണു് ജനാധിപത്യം. ആര്‍ക്കും എത്രവേണെങ്കിലും ചര്‍ച്ച ചെയ്യാം. നടപ്പിലാവുന്നതു് തങ്ങള്‍ നേരത്തെ നിശ്ചയിച്ചതുമാത്രമായിരിക്കും. ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണവിജയമായ ഇതേ രീതിയിലാണു് കേരളത്തിലെ വിദ്യാഭ്യാസപരിഷ്ക്കാരങ്ങള്‍ ഇറക്കുമതിചെയ്യപ്പെട്ടതു്.

കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തു് ജ്ഞാനനിര്‍മ്മിതിവാദം അതീവ ലാഘവത്തോടെയും വിദ്യാഭ്യാസവിരുദ്ധമായും നടപ്പിലാക്കുന്നതില്‍ ആര്‍ക്കും ലജ്ജതോന്നിയില്ല. പൊതുവിദ്യാലയങ്ങളില്‍ രാഷ്ട്രീയമുദ്രാവാക്യം മാത്രം വഴങ്ങുന്ന നേതാക്കന്മാര്‍ ഗര്‍ദ്ദഭം കുങ്കുമം ചുമക്കുന്നതുപോലെ പുതിയരീതിശാസ്ത്രങ്ങളെക്കുറിച്ചു് കരയുമ്പോള്‍ സ്വാശ്രയസ്ക്കൂളുകളില്‍ പലതും അതിന്റെ അന്തസ്സത്തയുള്‍ക്കൊണ്ടുകൊണ്ടു് അതു നടപ്പിലാക്കിയിരുന്നു. അവിടെ ഒരദ്ധ്യാപിക പതിനഞ്ചു വിദ്യാര്‍ത്ഥികളെയാണു് അഭിമുഖീകരിക്കുന്നതു്. പൊതിവിദ്യാലയത്തില്‍ പ്രവര്‍ത്തനാധിഷ്ഠിതപാഠ്യപദ്ധതി നടപ്പിലാക്കുമ്പള്‍ ഉന്നയിച്ച പ്രധാനകാര്യം അദ്ധ്യാപകവിദ്യാര്‍ത്ഥി അനുപാതം മാറ്റണമെന്നതായിരുന്നു. എന്നാല്‍ ദശകം ഒന്നു കഴിഞ്ഞിട്ടും അതില്‍ എന്തെങ്കിലും തീരുമാനമായിട്ടില്ല. ഏതെങ്കിലും അദ്ധ്യാപകസംഘടനകളുടെ ആവശ്യങ്ങളുടെ പട്ടികയില്‍ അതുള്‍പ്പെട്ടിട്ടുമില്ല. പക്ഷെ പൊതുവിദ്യാലയത്തിലേക്കു വരുന്ന കുട്ടികളുടെ എണ്ണം 1997 മുതല്‍ ഗണ്യമായി കുറയുന്നു എന്നു പത്രവാര്‍ത്തകള്‍.

സി. ബി. എസ്. ഇ. എന്നു് പൊതുവിദ്യഭ്യാസവകുപ്പു് കുശുമ്പോടെ നോക്കുന്ന സ്വാശ്രയവിദ്യാലയങ്ങള്‍ സ്ഫുടമായ ഭാഷയ്ക്കും എഴുത്തിനു ഊന്നല്‍ നല്കി സാഹിത്യത്തെ പരമാവധി ഉപയോഗിച്ചുകൊണ്ടു് തങ്ങളുടെ വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്തു. പുതിയപദ്ധതിയിലെ ഭാഷാപഠനത്തിന്റെ നേതാവു് ഡോ.പി.കെ.തിലക് ഓണററി എഡിറ്ററായി തൃശൂര്‍ എച്ച്‌സി പ്രസിദ്ധീകരിച്ച മൂന്നാം ക്ലാസ്സിലെ `മാതൃഭാഷാപാഠാവലി'യില്‍ `കൊച്ചുപൂവ് ' - ജി. ശങ്കരക്കുറുപ്പ്, `കാറ്റും മഴയും കഥയും' - വൈലോപ്പിള്ളി, `ചിത്രശലഭം' - അയ്യപ്പപ്പണിക്കര്‍, `ഓണം വന്നു' - മേരി ജോണ്‍ കൂത്താട്ടുകുളം, `അമ്പിളി അമ്മാവന്‍' - പന്തളം കേരളവര്‍മ്മ, 'കുട്ടിയും അമ്മയും' - കുമാരനാശാന്‍, `ഗ്രാമവസന്തം' - പി. മധുസൂദനന്‍, `ഗ്രാമത്തിലെ സന്ധ്യ' - വയലാര്‍, `ഒരു ബാലിക' വള്ളത്തോള്‍ എന്നിങ്ങനെ ഒമ്പതു് കവിതകളുണ്ടു്. എസ്.എസ്.എയുടെ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. കെ. എന്‍. ആനന്ദന്‍ തയ്യാറാക്കിയ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ഇംഗ്ലീഷ് കവിതയിലെ ഒറ്റവരിപോലുമില്ല. (കേരളസര്‍ക്കാറിന്റെ പാഠപുസ്തകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാഹിത്യപഠനത്തിന്റെ കരിക്കുലം ഒബ്ജക്ടീവുകള്‍ കൂടി പരിശോധിക്കുക.) ഏഴാം ക്ലാസ്സിലെ മലയാളം സെക്കന്‍ഡില്‍ ജലക്ഷാമം വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങളെ (പ്രശ്നമേഖലകള്‍ എന്നാണു് പറയുക) പഠിപ്പിക്കാന്‍ നിര്‍ദ്ദശിച്ചിരിക്കുന്നതു് കടമ്മനിട്ടയുടെ ശാന്തയിലെ ഏതാനും വരികളാണു്. ഹയര്‍സെക്കണ്ടറിയില്‍ കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു ഭാഗം പഠിക്കാനുണ്ടു്. അതിനെ ആസ്പദിച്ചുണ്ടാകുന്ന ചോദ്യം ` നിങ്ങളുടെ സഹോദരി അന്യമതത്തില്‍പ്പെട്ട ഒരാളുമായി പ്രേമത്തിലാണെന്നു കരുതുക. ഈ പ്രശ്നത്തെക്കുറിച്ചു് നിങ്ങളുടെ കുടുംബത്തില്‍ ചര്‍ച്ച ചെയ്യനായി ഒരു പ്രമേയം തയ്യാറാക്കുക' എന്നാവും. കവിതയായാലും കഥയായാലും പഠിക്കുന്നതു് സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചുമാത്രം. സൗന്ദര്യശാസ്ത്രപരമായ തലങ്ങള്‍ എല്ലാം സ്ക്കൂള്‍ മതിലിനു വെളിയില്‍. ഭാഷാസാഹിത്യത്തിന്റെ മണ്ഡലം ക്രിട്ടിക്കല്‍ പെഡഗോജിയുടെ പേരില്‍ എത്രയെളുപ്പം സാമൂഹ്യശാസ്ത്രം കയ്യടക്കിയിരിക്കുന്നു. ഈ പാഠവും പഠനോദ്ദേശ്യങ്ങളും എല്ലാം തയ്യാറാക്കിയതു് മലയാളം അദ്ധ്യാപകരാണു്. കേരളത്തിലെ മുഴുവന്‍ മലയാളാദ്ധ്യാപകരുടെയും പ്രതിനിധികളാണു്. അതാണു് പറഞ്ഞതു് ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു് ഒരൊറ്റ മലയാളാദ്ധ്യപകനും രക്ഷപ്പെടാനാവില്ല. അത്ര സുദൃഢമാണു് പങ്കാളിത്തജനാധിപത്യത്തിന്റെ കാണാച്ചരടുകള്‍.

ഇനി ഭാഷയുടെ കാര്യമായോലോ. പൊതുവിദ്യാലയങ്ങള്‍ സംസാരഭാഷ മാത്രമാണു് സത്യം എന്നു വാദിച്ചുകൊണ്ടു് എഴുത്തിനെ പാടേ തള്ളിക്കളഞ്ഞു. നിത്യം പറയുന്ന കാര്യങ്ങള്‍തന്നെയാണു് ഭാഷയുടെ ധര്‍മ്മം. നോട്ടീസും പോസ്റ്ററും എഴുതാനുള്ളതാണു് എഴുത്തു ഭാഷ. അതില്‍ തെറ്റുകള്‍ എന്നൊരു സംഗതിയേയില്ല. തെറ്റുകള്‍ തിരുത്തിവായിച്ചുകൊണ്ടു് കാര്യം മനസ്സിലാക്കാന്‍ മാതൃഭാഷകനു കഴിയും. വ്യാകരണത്തെക്കുറിച്ചു് ചുക്കും ചുണ്ണാമ്പുമറിയാത്ത പമ്പരവിഡ്ഢിയായ ബഷീറാണു് മലയാളത്തിലെ മഹാസാഹിത്യകാരന്‍ എന്നറിയില്ലേ. അതുകൊണ്ടു് ഉത്തരമെഴുതാന്‍ ഒരുങ്ങിയാല്‍ (അറ്റംപ്റ്റ് ചെയ്താല്‍ എന്നു് സാങ്കേതികഭാഷ്യം) മാര്‍ക്കു കൊടുക്കണം. അതാണു് ഗ്രേഡിംഗ്. പത്താം ക്ലാസ്സുകഴിഞ്ഞുവരുന്ന ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും മലയാളമോ ഇംഗ്ലീഷോ എഴുതാനറിയില്ല എന്ന ദുരന്തം യാദൃച്ഛികമായി ഉടലെടുത്തതല്ല. അതു് ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതാണു്. വിദ്യാഭ്യാസത്തെ മൊത്തത്തില്‍ കുട്ടിക്കളിയാക്കി മാറ്റി. അതില്‍ ഏറ്റവും ഫലപ്രദമായതു് ഭാഷാപഠനമാണെന്നു് കള്ളപ്രചരണം നടത്തി. ഭാഷയെയും സാഹിത്യത്തെയും പടിയടച്ചു പിണ്ഡംവെച്ചു. അതിന്റെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണു് ബിരുദതലത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു്. അദ്ധ്യാപകസംഘടനകള്‍തന്നെയാണു് അതിനും നേതൃത്വം നല്കുന്നതു്. പക്ഷെ അദ്ധ്യാപകസംഘടന എന്തുതന്നെ പറഞ്ഞാലും കുട്ടിക്കളിമാത്രമായ പൊതുവിദ്യാലയങ്ങളിലേക്കു് തങ്ങളുടെ കുട്ടികളെ അയയ്ക്കുന്നതു് ബുദ്ധശൂന്യതയാണെന്നു് അദ്ധ്യാപകരും സര്‍ക്കാരുദ്യോസ്ഥരും അടക്കമുള്ള മദ്ധ്യവര്‍ഗ്ഗം സാധാരണക്കാരോടു് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഷേക്‌സ്പിയറെ പഠിച്ചിട്ടെന്താണു കാര്യം? തുഞ്ചത്തെഴുത്തച്ഛനെ പഠിച്ചാല്‍ ജോലി കിട്ടുമോ? ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ആല്‍ഫ്രഡ് മാര്‍ഷലിനെയും ഗ്രാംഷിയെയും പഠിച്ചിട്ടെന്തു കാര്യം എന്ന ചോദ്യം രാജ്യദ്രോഹമാണു്. ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്നതിനു മാത്രമേ പ്രയോജനമുള്ളൂ എന്നാണു് വാദം. ഉടനടി പ്രയോജനമുള്ളതു മാത്രമാണു് വേണ്ടതെങ്കില്‍ സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും എന്തിനാണു്? ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഉള്ളപ്പോള്‍ വിവിധ സര്‍വ്വകലാശാലകളിലെ അക്കാദമിക്‍ കൗണ്‍സിലുകളും ബോര്‍ഡ് ഒഫ് സ്റ്റഡീസും പിരിച്ചു വിടേണ്ടതല്ലേ? മലയാളം പറയുന്നതിനു് ടാക്സ് നല്കണമെന്നു് കൗണ്‍സില്‍ പറഞ്ഞാല്‍ അതും നടപ്പിലാക്കാന്‍ മടിക്കാത്തവരെക്കൊണ്ടു് കേരളത്തിനു് പൊറുതിമുട്ടിയിരിക്കുന്നു.

കേരളത്തിലെ അദ്ധ്യാപകസംഘടനകളല്ലാതെ ലോകത്തിലെ ഏതെങ്കിലും ട്രേഡ് യൂനിയന്‍ തങ്ങളുടെ ഉപജീവനമായ തൊഴില്‍മേഖലയെ ഇങ്ങനെ ഒറ്റിക്കൊടുക്കുമെന്നു് കരുതാനാവില്ല. പക്ഷെ ഒരു സമൂഹത്തിന്റെ പരമ്പരാഗതസ്വത്തും സ്വത്വവുമായ ഭാഷയെയും സാഹിത്യത്തെയും ഇങ്ങനെ താറുമാറാക്കാനുള്ള അധികാരവും അവകാശവും അദ്ധ്യാപകസംഘടനകളുടെ പേരില്‍ ഏതാനും തല്പരകക്ഷികള്‍ക്കു് വിട്ടുകൊടുക്കുന്നതു് കേരളജനതയോടുചെയ്യുന്ന വഞ്ചനയാണു്. എഴുത്തുവിദ്യയും സാഹിത്യപാരമ്പര്യവുമുള്ള ഒരു ഭാഷ പണ്ടു് ഈ ഭൂപ്രദേശത്ത് ഉണ്ടായിരുന്നു എന്നു വരും തലമുറ കണ്ടെത്തിയേക്കും. സര്‍വ്വനാശത്തിലേക്കു് അതിനെ പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ചെടുത്തതിന്റെ ഉത്തരവാദിത്തം ആഗോളവല്ക്കരണത്തിനാണു് എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നതു് നീതി കേടാണു്. ഈ നെറികേടിനെക്കാള്‍ എന്തുകൊണ്ടും നല്ലതു് ആഗോളവല്ക്കരണമാണു്, അതിന്റെ മുഴുവന്‍ വിപത്തുകളോടെയാണെങ്കില്‍പ്പോലും.

Subscribe Tharjani |