തര്‍ജ്ജനി

അകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള വഴികള്‍‍

'സഞ്ചാരം' എന്ന ആദ്യ ചിത്രം കൊണ്ടു തന്നെ ചലച്ചിത്രമേലയില്‍ സംസാരവിഷയമായ ഒരു പേരാണ്‌ ലിജി പുല്ലപ്പള്ളിയുടേത്‌. മലയാളിയെങ്കിലും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഈ നവാഗത സംവിധായികയുടെ ആദ്യചിത്രം 'ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍' 35 എം എം വിഭാഗത്തില്‍ മികച്ചചലച്ചിത്രത്തിനുള്ള അവാര്‍ഡും ഇന്ത്യയില്‍ നിന്നുള്ള മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള കവിതാ ലങ്കേഷ്വര്‍ അവാര്‍ഡും ഇതിനകം നേടിയെടുത്തിട്ടുണ്ട്‌. സ്വവര്‍ഗ്ഗ പ്രണയത്തെ കേന്ദ്രവിഷയമാക്കിയിട്ടുള്ള 'സഞ്ചാരം' കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതു സ്വാഭാവികമാണ്‌.

sancharam liji pullappally

ചോദ്യം: തന്റെ സിനിമ കേരളത്തില്‍ ചിത്രീകരിക്കുക എന്നത്‌ ലിജിയ്ക്ക്‌ പ്രധാനമായിരുന്നു. ജനിച്ചതും വളര്‍ന്നതും ചിക്കാഗോയില്‍. ഇംഗ്ലീഷാണ്‌ മലയാളത്തേക്കാള്‍ കൂടുതല്‍ നാവിനു വഴങ്ങുക. എങ്കില്‍ പോലും കേരളത്തിന്റെ പ്രകൃതിയോടു തോന്നിയ ഗൃഹാതുരമായ അഭിനിവേശമാണോ തന്റെ ചിത്രത്തിന്റെ പശ്ചാത്തലം ഇവിടെ തന്നെയാകാന്‍ നിശ്ചയിച്ചതിനു പിന്നില്‍?

ലിജി: ഇന്ത്യയിലെമ്പാടും, മറ്റു സംസ്കാരങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തെയാണ്‌, എന്റെ സിനിമയില്‍ ആവിഷ്കരിച്ചത്‌. ഇസ്രയേല്‍, ചൈന, ഐക്യനാടുകള്‍ തുടങ്ങിയ സ്ഥലത്തുനിന്നൊക്കെ ഇതേ പോലുള്ള കഥകള്‍ വരുന്നുണ്ട്‌.

ഇതു കേരളത്തില്‍ നടന്ന കഥയായതു കൊണ്ടാണ്‌ ഞാന്‍ ഈ ചിത്രം മലയാളത്തില്‍ നിര്‍മ്മിച്ചത്‌. സിനിമയിലുള്ളതു പോലെ സംഭവങ്ങള്‍ പലപ്രാവശ്യം കേരളത്തില്‍ നടന്നിട്ടുണ്ട്‌. അതേ അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്‌. ചില കാര്യങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നു. ചിലതെല്ലാം ആരും അറിയാതെ പോകുന്നു. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ജാഗരൂകരായി ഒരു സംഘടനയും ഇപ്പോള്‍ നിലവിലുണ്ട്‌.

കൌമാരപ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുടെ ചങ്ങാത്തത്തെയാണ്‌ 'സഞ്ചാരം' പ്രമേയമാക്കുന്നത്‌. കേരളത്തില്‍ തന്നെ വളരെ നന്നായി മുന്‍പ്‌ പലപ്പോഴും സ്വീകരിക്കപ്പെട്ട ഒരു കഥയാണിത്‌. എങ്കിലും ഈ സിനിമ വ്യത്യസ്തമാകുന്നു. ഒരു ആത്മഹത്യയില്‍ പര്യവസാനിക്കുന്ന ലളിതമായ ഘടനയിലല്ല സിനിമ ഊന്നുന്നത്‌. താന്‍ സ്വതന്ത്രയായ പെണ്‍കുട്ടിയാണെന്ന്‌ ഉറക്കെ പ്രഖ്യാപിക്കാനുള്ള തന്റേടം നായിക കാണിക്കുന്നു. ജീവിതത്തില്‍ സംഭവിക്കേണ്ടുന്ന ഇത്തരം വിപ്ലവകരമായ വ്യതിയാനങ്ങളെക്കുറിച്ചുള്ള ബോധം, സമൂഹത്തില്‍ അന്തര്‍ധാരയായി നിലനില്‍ക്കുന്നുണ്ട്‌ എന്നാണ്‌ ലിജി പറയാന്‍ ശ്രമിക്കുന്നത്‌. ഉദാഹരണത്തിന്‌ 'കിരണിന്റെ' അച്ഛന്‌ തന്റെ മകളും കൂട്ടുകാരിയുമായുള്ള ബന്ധം മനസ്സിലാകുന്നുണ്ടെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നില്ല. സ്വന്തം ജീവിതത്തിലുടനീളം സ്നേഹത്തിന്റേതു മാത്രമായ ഒരു അന്തരീക്ഷത്തില്‍ പുലര്‍ന്ന മുത്തസ്സി എന്ന കഥാപാത്രത്തിന്‌ ജീവിതപങ്കാളിയായി ആത്മമിത്രം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നല്ല ബോദ്ധ്യമുണ്ട്‌.

ജീവിതത്തില്‍ നാം ബന്ധപ്പെടുന്നവരുടെയും നമ്മുടെ വീട്ടിലെയും ആളുകളുടെ സന്തോഷത്തില്‍ ശ്രദ്ധിക്കുക എന്നതാണ്‌ എന്റെ പ്രധാന പരിഗണന. സ്വന്തം ജീവിതം നശിപ്പിക്കുക എന്ന കടുത്ത നടപടിയിലേയ്ക്ക്‌ എത്തിക്കാതെ സ്വവര്‍ഗ്ഗ രതിക്കാരായ ആളുകളെ അവരുടെ തീരുമാനങ്ങളും ജീവിതവുമായി മുന്നോട്ടു പോകാന്‍ കഴിയുന്ന സഹായം ചെയ്യുക എന്നത്‌ എന്റെ സാമൂഹിക അജണ്ടയും.

ചോദ്യം: സ്ത്രീപക്ഷപരമായ ഒരു പരിപ്രേക്ഷ്യമാണ്‌ 'സഞ്ചാര'ത്തിന്റേത്‌. രണ്ടു പെണ്‍കുട്ടികളുടെ ജീവിതാഖ്യാനത്തിലൂടെ സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ മറ്റാരെയും ആശ്രയിക്കേണ്ടതില്ലാത്ത സ്ത്രീകളുടെ ലോകത്തിന്‌ 'സഞ്ചാരം' നിറം പകരുന്നു. സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ശക്തമായ അടിത്തറയില്‍ നില്‍ക്കുന്ന സിനിമ ഒരിക്കലും വിഷാദാത്മക ഭാവത്തെ എടുത്തണിയുന്നില്ല. സ്ത്രീ കഥാപാത്രങ്ങളെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യുന്ന രീതിയും ശ്രദ്ധേയമാണ്‌. സ്വാഭാവികമായും നാം പരിചയിച്ചിട്ടുള്ള ആണ്‍നോട്ടങ്ങളെയും ആണ്‍ ശൈലികളെയും പൂര്‍ണ്ണമായും ഇവിടെ ഒഴിവാക്കിയിരിക്കുന്നു. സിനിമയുടെ സംവിധായിക ഒരു സ്ത്രീയാകുമ്പോള്‍ സമീപനം വ്യത്യസ്തമാകുമെന്നാണോ ഇത്‌ കാണിക്കുന്നത്‌?

ലിജി: ഈ വിഷയത്തില്‍ ഒരു സാമാന്യവത്കരണം സാദ്ധ്യമല്ല. സ്ത്രീകളുടെ കഥ സ്ത്രീകള്‍ക്കു മാത്രമേ നന്നായി ചിത്രീകരിക്കാന്‍ പറ്റൂ എന്നു പറയാന്‍ കഴിയുമോ? ടെന്നിസ്സി വില്യംസിനെ പോലെ പ്രസിദ്ധനായ അമേരിക്കന്‍ പുരുഷ നാടകകൃത്ത്‌ അയാളുടെ സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം രൂപം നല്‍കിയത്‌, അസാധാരണമായ ഉള്‍ക്കാഴ്ചയോടെയാണ്‌. മീരാനായരും ദീപാ മെഹ്ത്തയും ഗുരീന്ദര്‍ ഛദ്ദയും ജയിന്‍ കാംപിയറുമെല്ലാം അവരുടെ ധാരാളം സിനിമകളില്‍ സ്ത്രീയുടെ കാഴ്ചപ്പാടുകളെ പ്രതിഭാശാലിത്വത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. സ്ത്രീപക്ഷ പ്രവര്‍ത്തക, ദക്ഷിണേന്ത്യക്കാരി, പ്രവാസി എന്നീ നിലകളില്‍ എന്റേതായൊരു പ്രത്യേക വീക്ഷണം ഈ സിനിമയില്‍ അവലംബിച്ചിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം.

ചോദ്യം: 'സഞ്ചാര'ത്തിന്റെ വേരുകള്‍ മലയാളിവിശ്വാസങ്ങളുടെ ധാര്‍മികതയോളം നീളുന്നുണ്ട്‌. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന വാദ്യങ്ങളില്‍, സംഗീതത്തിന്റെ നാടോടിത്തനിമയില്‍, പ്രകൃതിയിലെ അമ്മ സാന്നിദ്ധ്യത്തില്‍, കപടാഭിനയങ്ങളില്‍, സാമൂഹിക പാരമ്പര്യത്തിന്റെ ഭാരങ്ങളില്‍ നിന്നൊക്കെയാണ്‌ സിനിമ ഊര്‍ജ്ജം നേടുന്നത്‌. താരതമ്യേന അറിയപ്പെടാത്ത നടീനടന്മാര്‍ നല്‍കുന്നത്‌ പുതിയ ഒരനുഭവമാണ്‌. ഇംഗ്ലീഷുമാത്രം സംസാരിക്കാനറിയാവുന്ന അമേരിക്കയില്‍ നിന്നു വരുന്ന ഒരാള്‍ക്ക്‌ എങ്ങനെയാണ്‌ ഈ കയ്യടക്കം സാദ്ധ്യമായത്‌?

sancharam liji pullappally

ലിജി: സംസാരമലയാളം എനിക്കു നന്നായി വഴങ്ങും. സിനിമയുടെ നിര്‍മ്മാണ സമയത്തു സംഘാംങ്ങളുമായി സംസാരിച്ചതു മുഴുവന്‍ മലയാളത്തിലായിരുന്നു. സതീഷ്‌ മേനോന്റെ (സംസ്ഥാന അവാര്‍ഡ്‌ ലഭിച്ച 'ഭവ'ത്തിന്റെ സംവിധായകന്‍) ടീമുമായി ചേര്‍ന്നു അദ്ദേഹം സിനിമയെടുക്കുന്ന സമയത്തു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ചിത്രം നിര്‍മ്മിക്കാനുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു സന്ദര്‍ഭമായിരുന്നു അത്‌. ആറു വര്‍ഷം മുന്‍പു പിറന്ന കഥയെ ആധാരമാക്കി ഒരു സിനിമ നിര്‍മ്മിക്കുന്നതിന്റെ സാധ്യത അന്വേഷിച്ചു കൊണ്ടും എന്റെ തിരക്കഥ എഴുതികൊണ്ടും എട്ടുമാസം മറ്റൊരു സുഹൃത്തിനോടൊപ്പവും പ്രവര്‍ത്തിച്ചു. മൂന്നുമാസം കൊണ്ട്‌ നാല്‍പ്പതോളം യുവാക്കളുമായി സിനിമയ്ക്കു വേണ്ടി അഭിമുഖം നടത്തി. ഇതുകൊണ്ടൊക്കെ ഷൂട്ടിംഗ്‌ കാലയളവ്‌ മൂന്നാഴ്ചയില്‍ താഴെയായിരുന്നു.

"നാലാമത്തെ വയസ്സില്‍ വരയ്ക്കാന്‍ തുടങ്ങിയതു മുതല്‍ ഞാനൊരു കലാകാരിയാണ്‌. ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു ഞാന്‍. പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ എഴുതാന്‍ തൂടങ്ങി. ഞാന്‍ എഴുതി, നിര്‍മ്മിച്ചു, സംവിധാനം ചെയ്ത നാടകത്തില്‍, 13 വയസ്സുള്ളപ്പോള്‍ അഭിനയിച്ചു. യുവ എഴുത്തുകാര്‍ക്കുള്ള ചിക്കാഗോ അവാര്‍ഡു ലഭിച്ചതു എന്റെ 19-ാ‍മത്തെ വയസ്സിലാണ്‌. പക്ഷേ അതിനു ശേഷം സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഒരിക്കല്‍ ഞാന്‍ എന്തായിരുന്നുവോ അതിലേയ്ക്കു തന്നെ മടങ്ങി വന്നിരിക്കുകയാണ്‌".

2002-ലെ സണ്‍ഷൈന്‍ സമാധാന പുരസ്കാരം ലിജിയ്ക്കായിരുന്നു. അഭിഭാഷക എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി, പ്രത്യേകിച്ചും ഗാര്‍ഹിക വഴക്കുകളില്‍ ഇരകളായി തീരുന്ന സ്ത്രീകളുടെ നീതി സുരക്ഷയ്ക്കുവേണ്ടിയാണ്‌ ലിജിയുടെ മുഖ്യ പോരാട്ടം. സിനിമയിലേയ്ക്കു തിരിഞ്ഞത്‌, ഒരു പക്ഷേ ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയാകാം.

ദീപാ മേഹ്ത്തയുടെ 'ഫയര്‍' റിലീസായപ്പോള്‍ ജനങ്ങള്‍ തിയേറ്റര്‍ കത്തിച്ചു. 'സഞ്ചാരം' ഇന്ത്യയിലെ ഫിലിം ഫെസ്റ്റുകളില്‍ നല്ല അഭിപ്രായം നേടിയെടുത്തെങ്കിലും മുഖ്യധാരാപ്രദര്‍ശനത്തിനൂ സാധാരണ തിയേറ്ററുകളില്‍ എത്തുമോ എന്നു കണ്ടറിയണം.

കാമസൂത്ര എന്ന രതിശാസ്ത്രം ലോകത്തിനു നല്‍കിയ, ക്ഷേത്രച്ചുമരുകളില്‍ മൈഥുന ശില്‍പങ്ങള്‍ കൊത്തിവച്ച, ഇന്ത്യയില്‍ മനുഷ്യമനസ്സിനെക്കുറിച്ചുള്ള ജ്ഞാനങ്ങളെല്ലാം പുരോഗമിച്ച മെഡിക്കല്‍ സയന്‍സിലൂടെ നേടിയ ശേഷവും നാമിന്നും വിക്ടോറിയന്‍ സദാചാരത്തിന്റെ പഴകിയ ശീലങ്ങളില്‍ നിന്നു വിടുതി നേടാതെ കിടക്കുന്നു.

സ്വവര്‍ഗ്ഗസ്നേഹികള്‍ക്ക്‌ വ്യക്തിസ്വാതന്ത്ര്യവും സാമൂഹികമായ അംഗീകാരവും നല്‍കുന്നതില്‍ ഇന്ത്യയ്ക്ക്‌ ഇനിയും ധാരാളം മുന്നോട്ടു പോകാനുള്ള സാദ്ധ്യതകള്‍ തുറന്നു കിടക്കുന്നുണ്ട്‌. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്വവര്‍ഗ്ഗസ്നേഹികളും മാതാപിതാക്കള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധത്തിലേര്‍പ്പെടാനും കുട്ടികളെ ഉത്പാദിപ്പിക്കുവാനും നിര്‍ബന്ധിതരാണ്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 സ്വവര്‍ഗഭോഗികളായ ആണുങ്ങളെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണ്‌ ഉപയോഗിച്ചു വരുന്നത്‌.

'സഞ്ചാരം' സ്വയം ബോധ്യത്തിലേയ്ക്കുള്ള യാത്രയാണ്‌. ഉയര്‍ത്തിപിടിച്ച മനുഷ്യാന്തസ്സിന്റെ വെളിച്ചത്തില്‍, വ്യത്യസ്തങ്ങളായ അഭിലാഷങ്ങളുള്ള, വ്യത്യസ്ത മനുഷ്യരെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള സമയം കൂടിയാണ്‌ ഇത്‌.

പത്മ ജയരാജ്‌
മൊഴിമാറ്റം: ആര്‍.പി.ശിവകുമാര്‍