തര്‍ജ്ജനി

പ്രശാന്ത് മിത്രന്‍

അശ്വതി
ടി.സി 28/1932
കിഴക്കേമഠം
ഫോര്‍ട്ട്.പി.ഒ.
തിരുവനന്തപുരം 23.
ഇ മെയ്ല്‍: pmithran@gmail.com

Visit Home Page ...

ലേഖനം

പാദസ്പര്‍ശം ക്ഷമസ്വ മേ

``കാടെവിടെ മക്കളേ, മേടെവിടെ മക്കളേ
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ
....................................................................................
ഫാക്ടറിപ്പുകയുറഞ്ഞാസ്മവലിക്കാത്തൊ
രോക്‌സിജന്‍ വീശുന്ന നാടെവിടെ മക്കളേ'' എന്നു് അയ്യപ്പപണിക്കര്‍ എഴുതിയതു് ദശാബ്ദങ്ങള്‍ക്കു് മുമ്പാണു്. അദ്ദേഹം ഇതെഴുതുന്ന സമയത്തു് അനുഭവപ്പെട്ടതിനേക്കാള്‍ ഇന്നു് ഏറെ ദയനീയമായിരിക്കുന്നു എന്നു വേണം കരുതുവാന്‍. കാടിന്റെ വ്യാപ്തി കുറയുന്നു. മേടുകള്‍ ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റം ചെയ്യപ്പെടുന്നു. കാട്ടുപൂഞ്ചോലകള്‍ കരഞ്ഞുണങ്ങുന്നു. കുട്ടനാടന്‍പുഞ്ചയില്‍ ഉപ്പുവെള്ളമിറങ്ങുന്നു.ഫാക്ടറിപ്പുക മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്നു് ഇവിടുത്തെ ശ്വാസവായുവില്‍ ആസ്ത്മയും അര്‍ബുദവും പ്രദാനം ചെയ്തിരിക്കുന്നു. ദുരിതത്തിന്റെ വ്യാപ്തി അതിലൊതുങ്ങുന്നില്ല. അതു് എല്ലാ മേഖലകളിലും പിച്ചവെച്ചു കയറുന്നു. വികസനം എന്നും തൊഴില്‍ എന്നുമുള്ള രണ്ടു് കുട്ടിയുടുപ്പുകളിട്ടു് അതു് ഹൃദയാലുക്കളെ നിസേ്തജരാക്കുന്നു. മനുഷ്യര്‍ ഭൂമിയുടെ അര്‍ബുദമാകുന്നതിന്റെ ദൃഷ്ടാന്തമാണു് എങ്ങും.

ഭാരതീയമായ ഒരു സാംസ്കാരികപൈതൃകമുണ്ടായിരുന്നു. മരങ്ങളെ ആരാധിച്ചിരുന്ന, സഹജീവികളെ ആരാധിച്ചിരുന്ന ഒരു പൈതൃകം. ആദരവില്‍ നിന്നുടലെടുക്കുന്നതാണു് ആരാധന. വൃക്ഷാരാധനയുടെ ഉംമനിദര്‍ശനമാണു് കാവുകള്‍. നാഗരികമായ ഏതുഷ്ണവാതത്തിനും താണിറങ്ങിത്തണുപ്പിക്കാനുള്ള കുളിര്‍പന്തലുകള്‍. ശുദ്ധിയുടെ മാത്രമല്ല സീതീകരണത്തിന്റേയും ഇടങ്ങളായിരുന്നു കുളങ്ങള്‍. വെന്തുനീറുന്ന വേനല്‍പ്പകലുകളില്‍ നൊന്തുപൊങ്ങുന്ന ഈ ജലാശയം ഒരാശ്വാസമാണു്. അതുപോലെ, പുല്ലിലും പുഴുവിലും പൂമ്പാറ്റയിലും പൂങ്കുയിലിലുമൊക്കെയായി പരസ്പരാശ്രിതമായ, ഗാഢബന്ധിതമായ ഒരു നൂലേണിയുണ്ടു്. അതാണു് പാരിസ്ഥിതികചക്രം. അതിന്റെ ഒരു പടവിന്റെ മാത്രം അവകാശിയായ മനുഷ്യനു് അതിന്മേല്‍ അവകാശം സ്ഥാപിക്കാന്‍ എന്തവകാശം? അതിന്റെ താളം ഭഞ്ജിക്കുവാന്‍ എന്തധികാരം? ഈ ഭൂമി ഒന്നേയുള്ളൂ. ബഷീര്‍ പറയുന്ന മട്ടില്‍, ഈയാംപാറ്റ മുതല്‍, കുഞ്ഞുറുമ്പു മുതല്‍, അമീബ മുതല്‍, നീലത്തിമിംഗലം വരെ അതിന്റെ നേരവകാശികള്‍. അതിനിടയില്‍പ്പെടുന്ന ഇത്തിരിപ്പോന്ന മനുഷ്യനു് അവയുടെ മേല്‍ വിധി നടത്താന്‍ ആരാണു് വിജ്ഞാപനം നല്കിയതു്. നമ്മള്‍ വെറും പാട്ടക്കാരാണെന്നറിയുക. അനന്തകോടി വര്‍ഷങ്ങളുടെ ആയുസ്സുള്ള ഈ ഭൂമിയില്‍ ഒരു ദിവസത്തെ അതിഥിയായിട്ടെത്തുമ്പോള്‍ നാം ഒന്നോര്‍ക്കുക; ഈ ഭൂമി നിനക്കു ദാനം ചെയ്തുകിട്ടിയ നിധിയാണെന്നു്. അതിന്റെ ഉള്ളു കാണാന്‍, ഉണ്മയൂറ്റാന്‍ വേണ്ടി തച്ചുടയ്ക്കരുതു്. ഈ പാട്ട വസ്തു കേടുകൂടാതെ വരും തലമുറയ്ക്കു് കൈമാറുക മാത്രമാണു് നമ്മുടെ നിയോഗം.

ഭൂമിയുടെ നിമേ്‌നാന്നതങ്ങള്‍ക്കു് അതിന്റേതായ ദൗത്യമുണ്ടു്. കുന്നിനു് ഒരു കുഴി എന്നതു് വെറും ശൈലിയല്ല, പാരിസ്ഥിതികമായ സമതുലനമാണു്. എന്നാല്‍ കുന്നിടിച്ചു് വീടുവെക്കുന്നതും റോഡുനിര്‍മ്മിക്കുന്നതും ഇന്നു് പതിവായിരിക്കുന്നു. വര്‍ഷത്തില്‍ മുക്കാലും മഴപെയ്യുന്ന കേരളം ഡക്കാന്‍ പീഠഭൂമിപോലെ ഒരു സമതലമായാലുള്ള അവസ്ഥ അത്രയൊന്നും ആശാസ്യമാവില്ല. ഇവിടത്തെ മഴയുടെ നല്ലൊരുപങ്കും നമ്മുടെ മലകളിലേയുംചരിവുകളിലേയും ജൈവസമൂഹം ഹൃദയത്തിലേല്ക്കുകയാണു്. പിന്നീടു്, അല്പാല്പമായി താഴ്‌വരകള്‍ ആ ദാഹമകറ്റാന്‍ പകര്‍ന്നു നല്കുന്നു. കുന്നുകളെല്ലാം നികന്നു് സമതലമാകുന്ന ഒരു കേരളത്തില്‍ വര്‍ഷകാലത്തു് ജലപ്രളയം. ഗ്രീഷ്മകാലത്തു് എരിപൊരിസഞ്ചാരം. അതാകും അവസ്ഥ. മേടുകളൊഴിയുന്ന കേരളത്തില്‍ പിന്നീടു് വര്‍ഷം മുഴുവന്‍ പൂവിരിയും എന്നു് നമ്മുക്കു് പ്രതീക്ഷിക്കാനാവില്ല. ഹരിതാഭമായ ഈ മേലാപ്പും സ്ഥായിയാവില്ല.

ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ വന്‍നഗരങ്ങളില്‍ പോലും ആകര്‍ഷകമായ, കൗതുകകരമായ ഒരു കാഴ്ചയായിരുന്നു വിനീതരായി, നതമുഖമായി നിരന്നുനിന്നിരുന്ന ഓടിട്ട കെട്ടിടങ്ങള്‍. അവ പലപ്പോഴും കേരളീയതയുടെ തന്നെ ആകത്തുകയായിരുന്നു. ചപ്പാത്തി കഴിച്ചു മടുത്ത ഒരു മലയാളിയുടെ മുന്നില്‍ ചോറം സാമ്പാറും പുളിശ്ശേരിയും അവിയലും അച്ചാറുമെല്ലാമായി സദ്യ വിളമ്പുമ്പോഴുണ്ടാകുന്ന ആഹ്ലാദവും ഈ നിര്‍മ്മിതികള്‍ കാണുമ്പോഴുണ്ടാകുന്ന ആഹ്ലാദവും ഏതാണ്ടു് ഒരേ മട്ടിലായിരുന്നു. എന്നാല്‍ ഇന്നു് ഗ്രാമങ്ങള്‍ പോലും ഈ തനതുശൈലി മറന്നിരിക്കുന്നു. ഉദ്ധതമായി മേലോട്ടു് വീശിയ ചുമരുകളോടെ നിലം മറന്നു നില്ക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ എങ്ങും നിറഞ്ഞു. ഫലം അന്തരീക്ഷോഷ്മാവില്‍ വന്‍ വര്‍ദ്ധന. നഗരകാന്താരങ്ങള്‍ ഉഷ്ണമേഖലകളായി മാറുന്നു.

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും സ്വച്ഛാബ്ധി മണല്‍ത്തിട്ടില്‍ പാദോപധാനം ചെയ്തും കിടക്കുന്ന കേരളം ഒരു കവിഭാവന മാത്രമാകുമോ?സഹ്യന്റെ പച്ചപ്പുകളില്‍ വ്യലസായികള്‍ കൂടുകൂട്ടുന്നു. സ്വച്ഛാബ്ധിമണല്‍ത്തിട്ടിലേക്കു് കടല്‍ കടന്നു കയറുന്നു. നിവര്‍ത്തിവിരിച്ച ഒരു പട്ടുതൂവാലപോലെ വീതികുറഞ്ഞ കേരളം രണ്ടറ്റത്തു നിന്നും കാര്‍ന്നെടുക്കപ്പെടുന്നു. ആര്‍ഭാടസമന്വിതമായ വന്‍സൗധങ്ങളുടെ നിര്‍മ്മിതികള്‍ക്കായി കല്ലും മണ്ണും ഒരു പോലെ ചൂഷണം ചെയ്യുന്നു. സൂര്യനു് നേര്‍ക്കു് തലയുയര്‍ത്തിനില്ക്കുന്ന പച്ചപുതച്ച മലനിരകള്‍ വന്‍ഗര്‍ത്തങ്ങളാകുന്നു. ചിറ്റോളങ്ങളെറിഞ്ഞു് പാളിയൊഴുകിയിരുന്ന നദികളില്‍ ചളിക്കുണ്ടുകള്‍ രൂപപ്പെടുന്നു. ഈ നൂറ്റാണ്ടു് അവസാനിക്കും മുമ്പുതന്നെ നമ്മുടെ മലനാടു് കുറേ കുഴികളും കുറച്ചു് സമതലങ്ങളും മാത്രമായി മാറും. അന്നുണ്ടാകുന്ന മറ്റൊരു സുനാമിയില്‍ പശ്ചിമഘട്ടത്തിന്റെ താഴ്‌വാരം വരെ കടലെടുത്തിരിക്കും. അപ്പോള്‍ നമ്മുക്കിവിടെ ഒരു ശിലാഫലകം നാട്ടാം. ``ഇവിടെയായിരുന്നു ദൈവത്തിന്റെ സ്വന്തം നാടു്. അതു് കടലെടുത്തു പോയി''. പൗരാണികമായ ദ്വാരകയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന മട്ടില്‍ ആഗോളമലയാളികള്‍ ഈ അമ്മ നാടിന്റെ പൂര്‍വ്വകാലസൗകുമാര്യം വാഴ്ത്തിപ്പാടും.

മലയാളിയുടെ മനസ്സുകള്‍ ചുരുങ്ങുകയാണു്. അതും നമ്മുടെ പാരിസ്ഥിതികസന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നു. മുപ്പതും നാല്പതും പേരടങ്ങുന്ന കൂട്ടുകുടുംബമായി മലയാളികള്‍ ജീവിച്ച ഒരു കാലമുണ്ടായിരുന്നു. അതു് മാറിയിരിക്കുന്നു. ഇന്നു് ഒരാള്‍ക്കു് ഒരു വീടു് എന്നതാണു് സങ്കല്പം. അതിനു മാത്രം ഭൂമി നമുക്കെവിടെ? പക്ഷേ, അതിനു് പരുഹാരം വരുന്നു. അതു് കായലും പാടവും നികത്തിക്കൊണ്ടാണു്. നിയമങ്ങള്‍ കണ്ണു പൂട്ടുന്നു. പാടങ്ങള്‍ സൗധളാകുന്നു. കേരളം കോണ്‍ക്രീറ്റ്‌വനമാകുന്നു.

എല്ലാ വീടിനോടും ചേര്‍ന്നു് ഒരു കമ്പോസ്റ്റ്കുഴി പണ്ടു് സാധാരണമായിരുന്നു. അതിലെ മാലിന്യം പിന്നീടു് പറമ്പിലെ ചെടികള്‍ക്കും മറ്റു് കൃഷികള്‍ക്കും വളമാക്കിയിരുന്നു. എന്നാല്‍ ഇന്നു് അതു് അസാദ്ധ്യമായിരിക്കുന്നു. കാരണം ഇന്നു് ഖരമാലിന്യങ്ങളില്‍ പകുതിയും പ്ലാസ്റ്റി ഉല്പന്നങ്ങളാണു്. അവ മണ്ണിനോടു് മല്ലിടുന്ന കൃത്രിമസാധനങ്ങളാണു്. അതു് കത്തിക്കാന്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കപ്പെടുന്നു. ഫലം വായു മലിനീകരണം. പുരോഗതിയുടെ നൂലാമാലകളാണു് എല്ലാം. ഈ യാത്ര എങ്ങോട്ടാണു് എന്നു നമുക്കറിയില്ല.

പ്രകൃതിക്കു് ക്ഷമയുണ്ടു്. അവള്‍ ക്ഷമ തന്നെയാണു്. എന്നാല്‍ ക്ഷമയ്ക്കും അതിര്‍വരമ്പുകളുണ്ടു്. ഇടശ്ശേരി എഴുതിയ മട്ടില്‍
പിരി മുറുകീട്ടും തിരിയുമ്പോള്‍
തിരിമുറിയാതെ തരമുണ്ടോ?
മനുഷ്യന്റെ ഓരോ ചെയ്തിയും ഭൂമിയുടെ പിരിമുറുക്കം കൂട്ടുകയാണു്. അതു് ദുരന്തമാണു്. അങ്ങനെ ഒരു ദുരന്തസായന്തനം ഒരു പക്ഷേ നമ്മുടെ മുന്നിലാവില്ല, നമ്മുക്കു പിന്നാലെ വരുന്ന ഏതോ തലമുറയുടെ മുന്നില്‍, തെറ്റു ചെയ്യാതെ ശിക്ഷയേല്‍ക്കേണ്ടി വരുന്ന ഏതോ തലമുറയുടെ മുന്നില്‍.

ഒന്നാലോചിച്ചു നോക്കൂ; പയസ്വിനിയായ, നിത്യകല്യാണിയായ, സുമംഗലിയായ ഈ ഭൂമി ഇല്ലാതെയാകുന്ന ഒരു നാള്‍! അതു് തടയാന്‍ നമ്മുക്കാവും. ഇന്നത്തെ ചെറിയ യത്‌നം നാളത്തെ വലിയ പ്രസ്ഥാനമാകും.
സമുദ്രവസനേ ദേവീ
പര്‍വ്വതസ്തനമണ്ഡിതോ
വിഷ്ണുരൂപേ മനസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ
എന്നു പറഞ്ഞു് ഭൂമിയെ ചവിട്ടുന്നതിനു് പോലും ക്ഷമ ചോദിച്ചിരുന്ന ഒരു ജനതയാണു് ഭാരതീയര്‍. അവര്‍ക്കു് കഴിയും പ്രകൃതിയെ അമ്മയായിക്കണ്ടു് ആദരിക്കാന്‍ കാലം ആവശ്യപ്പെടുന്നതു് ആ ഒരു നന്മയാണു്.

Subscribe Tharjani |
Submitted by മധുരാജ് (not verified) on Tue, 2009-05-19 10:47.

സമുദ്രവസനേ ദേവി,
പർവതസ്തനമണ്ഡലേ,
ഹരിപ്രിയേ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ.
(ഹരിപ്രിയേ എന്നതിനു പകരം വിഷ്ണുപത്നി എന്നും കേട്ടിട്ടുണ്ട്; പച്ചപ്പിനെ ഇഷ്ടപ്പെടുന്നവൾ എന്ന നിലക്കു ഹരിപ്രിയ എന്ന പദമാവും കൂടുതൽ ഉചിതം.