തര്‍ജ്ജനി

നോട്ടീസ് ബോര്‍ഡ്

“ഈണം“- മലയാളം ബ്ലോഗില്‍ നിന്നൊരു സംഗീത സംരംഭം

പുസ്തക പ്രസാധനത്തിനു പിന്നാലെ ബ്ലോഗില്‍ നിന്നും മറ്റൊരു സംരംഭം കൂടി. ഫ്രീ മ്യൂസിക് എന്ന ആശയത്തിലടിസ്ഥാനമാക്കി “ഈണം“ എന്ന പേരില്‍ പുറത്തിറക്കുന്ന സംഗീത ആല്‍ബവുമായാണു ബ്ലോഗര്‍‌മാരുടെ ഇപ്പോഴത്തെ വരവ്. വാണീജ്യ താല്‍പ്പര്യങ്ങളോ സാമ്പത്തിക ലാഭമോ ഇല്ലാതെയുള്ള “ഫ്രീ മ്യൂസിക്“ എന്ന ആശയത്തിന്റെ മലയാളം വേര്‍‌ഷനാണു “ഈണം” എന്ന പേരില്‍ ഈ സംഗീത സ്നേഹികള്‍‌ പുറത്തിറക്കുന്നത്. വര്‍‌ഷങ്ങളായി ബ്ലോഗിലെ സംഗീത മേഖലയില്‍ പ്രവര്‍‌ത്തിക്കുന്നവരുടെ സ്വപ്നമായിരുന്ന “ഫ്രീ മ്യൂസിക്” പലപ്പോഴായി അവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ഉയര്‍‌ന്നു വന്നിരുന്നുവെങ്കിലും സാങ്കേതികമായ ബുദ്ധിമുട്ടുകളും മറ്റ് അസൗകര്യങ്ങളും നിമിത്തം ആ സ്വപ്നം യാഥാര്‍‌ത്ഥ്യമാകാതെ നിന്നു. എന്നാല്‍ വളരെ നാളത്തെ ശ്രമഫലമായി സംഗീത സ്നേഹികളായ ബ്ലോഗര്‍‌മാരും “മലയാളഗാനശേഖരം“ എന്ന വെബ്ബും ഒന്നുചേര്‍‌ന്ന് മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീതാല്‍ബം “ഈണം” എന്ന പേരില്‍ പുറത്തിറക്കുന്നതോടെ ആ സ്വപ്നവും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പല ഭൂഖണ്ഡങ്ങളിലായി വിവിധ രാജ്യങ്ങളില്‍ ജോലിനോക്കുന്ന, പരസ്പരം നേരില്‍ കാണാതെ, ഇന്റര്‍‌നെറ്റിന്റെ മാത്രം സാദ്ധ്യതകള്‍‌ ഉപയോഗിച്ചുകൊണ്ട് ഒത്തുചേര്‍‌ന്ന ഒരു കൂട്ടം സംഗീത പ്രേമികളാണീ സംരംഭത്തിന്റെ അണിയറയില്‍ പ്രവര്‍‌ത്തിക്കുന്നത്.

“നാടന്‍പാട്ട്, ദു:ഖഗാനം, തത്വചിന്ത, ഉത്സവഗാനം, അര്‍‌ദ്ധശാസ്ത്രീയം, ഭാവഗീതം, താരാട്ട്, പ്രേമഗാനം, കാമ്പസ് ഗാനം“ എന്നീ വിവിധ വിഭാഗങ്ങളില്‍ തയ്യാറാക്കിയ 9 ഗാനങ്ങളാണ് ഈണത്തില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍‌ അവസാന വാരം പണികളൊക്കെ പൂര്‍‌ത്തിയാക്കി എല്ലാ ശ്രോതാക്കളിലേക്കും പാട്ടുകള്‍‌ എത്തിക്കാനുള്ള ശ്രമത്തിലാണു “ഈണ”ത്തിന്റെ അണിയറ പ്രവര്‍‌ത്തകര്‍‌. “ഈണ“ത്തിനു വേണ്ടി മാത്രമൊരുങ്ങുന്ന പുതിയ വെബ് പേജിലുടെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേള്‍‌ക്കാനും ഡൗണ്‍‌ലോഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഈണത്തിന്റെ റിലീസിംഗ് തയ്യാറാക്കുന്നത്.

“ഈണത്തിന്റെ വെബ്‌പേജില്‍ നിന്നു തന്നെ സംഗീത പ്രേമികള്‍‌ക്ക് ഈ ഗാനങ്ങള്‍‌ ഡൗണ്‍‌ലോഡ് ചെയ്തുപയോഗിക്കാമെങ്കിലും ഓഡിയൊ സി ഡി വേര്‍‌ഷനുകള്‍‌ വേണമെന്നുള്ളവര്‍‌ക്ക് അതിനുള്ള സൗകര്യം കൂടെ അണിയറപ്രവര്‍‌ത്തകര്‍‌ നല്‍കുന്നുണ്ട്. 50 രൂപക്ക് “ഈണ“ത്തിന്റെ ഓഡിയോ സി.ഡി നേരിട്ടും ലഭിക്കും. ഓഡിയോ സിഡി വാങ്ങുന്നവര്‍‌ക്ക് ഇന്റര്‍‌നെറ്റില്‍ പബ്ലീഷ് ചെയ്യപ്പെടുന്ന കമ്പ്രസ്ഡ് എംപിത്രി വേര്‍‌ഷനല്ലാതെ ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പ് തന്നെ കരസ്ഥമാക്കാനും ഇതു വഴി സാധിക്കും. “ഈണ“ ത്തിന്റെ ഓഡിയൊ സി ഡി വേണമെന്നുള്ളവര്‍‌ ഈണത്തിന്റെ വെബ്-സൈറ്റ് മുഖേന കമന്റായോ അല്ലെങ്കില്‍ eenam2009ATgmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്താലോ മതിയാകും. “ഈണ”ത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍‌ക്ക് http://www.eenam.com എന്ന സൈറ്റ് സന്ദര്‍‌ശിക്കുക.

Subscribe Tharjani |