![]() |
|||||
"ഏയ് ദിനേശ്...ഇങ്ങോട്ടു നോക്കൂ.."
റോഡിനപ്പുറത്തു നിന്ന് തുടരെയുള്ള വിളി. ചങ്ങാതി അനില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ പാടുപെടുന്നു.
"ക്രോസ് ചെയ്യണ്ട. ഞാന്‍ അങ്ങോട്ടു വരാം."
അനില്‍ ബൈക്കു തിരിച്ച് ദിനേശ് നില്‍ക്കുന്ന ബസ് സ്റ്റോപ്പിനു സമീപം നിറുത്തി.
"ഞാന്‍ നോക്കുമ്പോള്‍ നീ സ്റ്റോപ്പില്‍ നിന്ന് ആരോടോ സംസാരിക്കുന്നു. അടുത്താരെയും കാണാനുമില്ല. പുതിയ വല്ല സൃഷ്ടിക്കു വേണ്ടി ആത്മഗതം ചെയ്യുകയാണോ? നിന്റെ മുഖം ആധി പിടിച്ച പോലുണ്ട്."
ചിരിച്ചുകൊണ്ട് അനില്‍ സിഗററ്റിനു തീ കൊളുത്തിയിട്ട് പാക്കറ്റ് ദിനേശന്‍ നീട്ടി. ആഗ്രഹമില്ലെന്ന പോലെ അയാളും ഒരെണ്ണം കത്തിച്ചു. അനിലിന്റെ സാമീപ്യത്തില്‍ വല്ലാത്ത ആശ്വാസം തോന്നി.
അനില്‍ അയാളെ ഓഫീസിനു മുന്നില്‍ വിട്ടിട്ട് ബൈക്കില്‍ പാഞ്ഞു പോയി. ജോലിക്കു കയറും മുന്‍പ് ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നു തോന്നി.ഓഫീസ് കാന്റീനിലേയ്ക്കു നടന്നു.
സമയം പതിനൊന്നോളമായതിനാല്‍ കാന്റീനില്‍ തിരക്കുണ്ടായിരുന്നില്ല. എങ്കിലും പ്രിന്റിംഗ് സെക്ഷനിലെ ഒന്നുരണ്ടുപേര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ മൂലയില്‍ പോയിരുന്ന് ചായ ആവശ്യപ്പെട്ടു.
ചായ എത്തുന്നതിനിടയിലുള്ള സമയം ഇരുകൈകളും കൊണ്ട് മുഖം പൊത്തി വെറുതെ അങ്ങനെയിരുന്നു. ദിവസങ്ങളായി അലട്ടുന്ന ഉറക്കമില്ലായ്മയുടെ ക്ഷീണം അയാളെ ഗ്രസിക്കാന്‍ തുടങ്ങി.
"സര്‍" പരിചിതമെന്നു തോന്നിച്ച ശബ്ദം കേട്ട് അയാള്‍ മുഖത്തു നിന്നും കൈകള്‍ മാറ്റി.
"ദിനേശ് സാര്‍ ഇതു ഞാനാണ്...
എന്റെ കാര്യം .. ഞാന്‍ ഭ്രാതൃഹത്യ നടത്തിയവനാണ്. അല്ല സാര്‍ എന്നെക്കൊണ്ട് ചെയ്യിച്ചു. ആത്മപീഢയാല്‍ ഞാന്‍ ഉഴറുകയാണ്. ഒന്നുകില്‍ എനിക്ക് അര്‍ഹമായ ശിക്ഷ ഏറ്റുവാങ്ങണം. അല്ലെങ്കില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കണം. ഇനി അലയാന്‍ വയ്യ. ലോകത്ത് ഏതൊരു വ്യക്തിയ്ക്കും സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ട്. പക്ഷേ, ഞാന്‍ സാറിന്റെ വെറും കഥാപാത്രമായതുകൊണ്ടാണു ഈ ഗതി.... അര്‍പ്പണബോധമോ പൂര്‍ണ്ണേച്ഛയോ ഇല്ലാത്ത സറിനെപ്പോലുള്ളവര്‍ അലസമായി പടച്ചുവിടുന്ന ഞങ്ങള്‍ ജാരസന്തതികളെക്കാള്‍ ഗതികെട്ടവരാണ്."
കഥാപാത്രത്തിന്റെ ആത്മരോഷം അനര്‍ഗളം പ്രവഹിക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കണമെന്നു ദിനേശ് എന്ന എഴുത്തുകാരന്‍ ആത്മാര്‍ത്ഥമായും കരുതി.
ഭ്രാതൃഘാതകനായ ആ കഥാപാത്രത്തിന്റെ പരിണാമഗുപ്തിയെക്കുറിച്ച് പറയാനൊരുങ്ങുമ്പോഴേക്കും പഴുതുകള്‍ നോക്കി ഒത്തിരി അരൂപികള്‍ പരിഭവങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്നതു കണ്ട് കാന്റീനില്‍ നിന്നും അയാള്‍ വെളിയിലേയ്ക്കു ചാടി.
മുറ്റത്തെ വെയിലില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോല്‍ ആരും പിറകെയില്ലെന്ന് അയാള്‍ ആശ്വാസത്തോടെ അറിഞ്ഞു. കാഠിന്യമേറിവരുന്ന വെയിലും തലയ്ക്കുള്ളിലെ കലമ്പലുകളും അയാളെ പരിക്ഷീണനാക്കി. ഇന്നിനി ഓഫീസില്‍ കയറിയാലും തന്നെ ഒന്നിനും കൊള്ളില്ലെന്നു തോന്നി. എന്തു ചെയ്വൂ എന്നു ശങ്കിച്ച് വീണ്ടും അവിടെ നിന്നു.
"ദിനേശ് സര്‍..."
അയാള്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആശ്വാസം. കഥാപാത്രമല്ല. അപ്രന്റീസാണ്.
"സര്‍, കഴിഞ്ഞയാഴ്ച വന്ന കഥ വായിച്ചു. അതിലെ ഇന്ദു എന്ന കഥാപാത്രത്തിനു സംഭവിച്ച ദുരന്തം."
കഥാപാത്രമെന്നു കേട്ടപാടെ ദിനേശ് ഒന്നും മിണ്ടാതെ കാല്‍ നീട്ടിവച്ചു നടന്നു. അലക്ഷ്യമായ നടത്തം. ഓഫീസിനു പിന്നിലെ മാഞ്ചോലകള്‍ക്കും ടോയ്‌ലറ്റുകള്‍ക്കും അരികിലാണ് കൊണ്ടെത്തിച്ചത്. അയാള്‍ വാഷ്ബേസിനരികിലേയ്ക്കു നീങ്ങി. മുഖത്ത് കുറേ വെള്ളം തെറ്റിച്ചപ്പോള്‍ നേരിയൊരാശ്വാസം. വിരലുകള്‍ കൊണ്ട് മുഖത്തെ വെള്ളം തുടച്ച് മുന്നിലെ കണ്ണാടിയില്‍ അറിയാതെ നോക്കിപ്പോയി. അപരിചിതമായിക്കൊണ്ടിരിക്കുന്ന സ്വന്തം പ്രതിരൂപത്തെ ശ്രദ്ധിക്കന്‍ തുടങ്ങുമ്പോഴാണ് കണ്ണാടിയില്‍ ഒപ്പം പ്രത്യക്ഷപ്പെടുന്ന പെണ്മുഖത്തെ നടുക്കത്തോടെ കണ്ടത്.
ഇന്ദു! അറിയാതെ നാവു പുലമ്പി.
"അതേ സര്‍, ഇന്ദു. എന്നെ ഇങ്ങനെ ആലംബഹീനയാക്കി അനിശ്ചിതത്വത്തില്‍ ഉപേക്ഷിക്കേണ്ടിയിരുന്നില്ല. എന്റെ സ്വത്വം ഇപ്പോള്‍ സ്വൈരമില്ലാതെ അലയുകയാണ്."
"അലയാന്‍ നീയാര് പ്രേതമോ?" ദിനേശിന് ദേഷ്യം വന്നു.
"സാറിനെന്നെ ഒരു പ്രേതമെങ്കിലും ആക്കാമായിരുന്നു. അലയല്‍ ഞാനെന്റെ ആത്മാംശമാക്കിയേനെ"
ദിനേശ് ഒരു നിമിഷം ചിന്തയിലാണ്ടു.
"സാറെന്താ ഒന്നും മിണ്ടാത്തത്? വെറും പതിനാറു വയസ്സുമാത്രമുള്ള, മിഡിയോ ജീന്‍സോ മാത്രം ധരിക്കേണ്ട ഞാനാണ് ഇന്നും ഈ സാരിയും ചുറ്റി പാകത വന്നവളെപ്പോലെ...."
"നീ ഇനി അറിയാന്‍ എന്താണു ബാക്കി?"
ദിനേശിന് അവളുടെ കുഞ്ഞു ചമയല്‍ ഇഷ്ടപ്പെട്ടില്ല.
"സര്‍, എന്നെ എങ്ങനെയൊക്കെയാണ് അങ്ങ് വഴിനടത്തിയതെന്നു മറന്നു പോയോ? ഉയര്‍ന്ന ഉദ്യോഗസ്ഥരായ അച്ഛന്റെയും അമ്മയുടെയും ഒരേയൊരു മകള്‍. വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ കമ്പ്യൂട്ടറിലും ക്ലാസിക്കുകളിലും മാത്രം സമയം പോക്കിയിരുന്നവള്‍. ആ ഞാനാണ് പതിനാറാം വയസ്സില്‍ ഗര്‍ഭിണിയായത്."
"വ്യാസന്‍ കുന്തിയെ ഒന്‍പതാം വയസ്സില്‍ സൂര്യനാല്‍ അമ്മയാക്കിയത് നീ മറന്നു പോയോ?" ദിനേശ് അവളുടെ വായടപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷേ, കുന്തിയ്ക്ക് വ്യാസന്‍ ആഭിജാത്യമുള്ള ദാമ്പത്യവും സല്‍ക്കീര്‍ത്തിയും നല്‍കിയില്ലേ? ഞാനോ.... നാല്‍പ്പതു വയസ്സുള്ള ലോക്കല്‍ ഗാര്‍ഡിയനാലാണ് ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടത്."
"ബലാത്സംഗത്തില്‍ ആരും ഗര്‍ഭിണിയാകില്ല." ദിനേശ് തിരിച്ചടിച്ചു.
"ശക്തനായ പുരുഷനാല്‍ കീഴ്‌പ്പെടുത്തപ്പെടുന്ന സ്ത്രീയുടെ മാനസികാവസ്ഥ അങ്ങേയ്ക്കും അറിയില്ലെന്നുണ്ടോ? ക്രമേണ ജിജ്ഞാസുവായ എന്നില്‍ അയാള്‍ ആഗ്രഹപൂര്‍ത്തീകരണം നടത്തുമ്പോള്‍ സംതൃപ്തിയുടെ താഴ്വാരങ്ങളിലേയ്ക്ക് അറിയാതെ ഞാനും പറന്നിറങ്ങുകയായിരുന്നു. എന്തുകൊണ്ട് അവസാനം വരെ ചെറുത്തു നില്‍ക്കാനുള്ള മനക്കരുത്ത് അങ്ങ് എനിക്കു തന്നില്ല?"
"സ്ത്രീ എപ്പോഴും ചപലയാണ്. നിന്റെ വിധിയും അതു തന്നെ."
ദിനേശ് നിര്‍വികാരനായി.
"എങ്കില്‍ എന്നെ എന്തിനു അബോര്‍ഷനു നിര്‍ബന്ധിച്ചു. രണ്ടു കുട്ടികളുള്ള എന്റെ പീഢകന്‍ എന്നെ സംരക്ഷിക്കാന്‍ തയ്യറായിരുന്നല്ലോ."
"അതെങ്ങനെ പറ്റും? നിന്റെ തന്തയുടെ പ്രായമില്ലേ പെണ്ണേ അവന്?"
"ഞാന്‍ ആദ്യമറിഞ്ഞ പുരുഷനാണ് അയാള്‍. എന്റെ വയറ്റില്‍ തിടം വച്ചത് അയാളുടെ ജീവാംശമാണ്. ലോകത്ത് ഒരു സ്ത്രീയ്ക്കും അവളുടെ സ്ത്രീത്വം ജ്വലിപ്പിച്ച പുരുഷനെ മറക്കാനാവില്ല. അങ്ങ് അയാളെ എന്നില്‍ നിന്നകറ്റി. എന്റെ ഉദരത്തില്‍ വളര്‍ന്ന കുഞ്ഞിനെ പറിച്ചെറിഞ്ഞു. എന്റെ പിതാവിന്റെ പ്രായമുണ്ടെങ്കിലും അയാളെ ഒരു നോക്കു കാണാതെ എനിക്കു ജീവിക്കാന്‍ വയ്യ. കാര്‍ന്നെടുത്ത എന്റെ കുഞ്ഞിന്റെ നിലവിളി എപ്പോഴും എന്നെ പിന്തുടരുന്നു..."
ഇന്ദുവിന്റെ ഏങ്ങലടി തന്റെ സപ്തനാഡികളെയുംസ്തബ്ധമാക്കാന്‍ തുടങ്ങുന്നത് ദിനേശ് അനുഭവിച്ചു.
"ഇന്ദൂ... നീ വെറുമൊരു കഥാപാത്രമാണ് നീ എന്റെ സ്വസ്ഥത കെടുത്താതെ മടങ്ങിപ്പോ....."
"എങ്ങോട്ടാണ് ഞാന്‍ പോകേണ്ടത്? എന്റെ സ്രഷ്ടാവിന് എന്നെ സംഹരിക്കാമല്ലോ. അങ്ങനെയെങ്കിലും, പിറക്കാതെ പോയ എന്റെ കുഞ്ഞിന്റെ ആത്മാവിനൊപ്പം എന്നെ യാത്രയാക്കാന്‍ കരുണ കാട്ടൂ സാര്‍...."
മാഞ്ചോലകളിലെ ഇരുണ്ടപ്പടര്‍പ്പുകളില്‍ നിന്ന് ചോരക്കുഞ്ഞുങ്ങളുടെ കൂട്ടനിലവിളികള്‍ ഉയര്‍ന്നുപൊങ്ങി തന്നെ വലയം ചെയ്യുന്നതായി ദിനേശിനു തോന്നി. അവയുടെ ആര്‍ത്തനാദം പ്രതിദ്ധ്വനിച്ച് ചെകിടടപ്പിക്കും വിധം അസഹ്യമായപ്പോള്‍ അയാള്‍ അവിടെ നിന്നും ഓടി. ഓഫീസ് മുറ്റവും നടവഴികളും കടന്ന് നഗരത്തിന്റെ തിരക്കിലേയ്ക്കിറങ്ങിയ അയാള്‍ക്ക് സ്വയം മറക്കണമെന്നു തോന്നി. ആദ്യം കണ്ട ബാറിലേയ്ക്ക് അയാള്‍ ഓടിക്കയറി.
ഗ്ലാസ്സില്‍ ഐസ്‌ക്യൂബുകള്‍ ഇടുമ്പോള്‍ മനസ്സിനെ ശൂന്യമാക്കണമെന്ന് അയാള്‍ ആശിച്ചു. ഒന്നും ചിന്തിക്കരുത്. ഒന്നും ഓര്‍ക്കരുത്. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്ന ഐസില്‍ മാത്രം ശ്രദ്ധയൂന്നി അയാള്‍ ഇരുന്നു. മദ്യത്തില്‍ സ്വയം നഷ്ടപ്പെടുന്നൊരു ഐസ്‌ക്യൂബില്‍ തെളിഞ്ഞ ഇന്ദുവിന്റെ മുഖം ഓര്‍മ്മകളുടെ കോണുകളില്‍ നിന്ന് രേണുവിന്റെ മുഖമായി പരിണമിക്കുന്നത് ആധിയോടെ അയാള്‍ കണ്ടു.
"ദിനേശ് അങ്കിള്‍.. മമ്മിയും ഡാഡിയുമറിഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും? നമുക്ക് കല്യാണം കഴിക്കാം"
"കുട്ടി അസംബന്ധങ്ങള്‍ പറയാതിരിക്കൂ."
"ഞാനിപ്പോള്‍ കുട്ടിയല്ല. അങ്കിളിന്റെ കുട്ടിയാണ് ഈ വയറ്റില്‍.."
"രേണു.. നിന്റെ മമ്മിയ്ക്കും ഡാഡിയ്ക്കും നീ ഇപ്പോഴും കുട്ടി തന്നെ."
"ഞാനവരോടും പറയും ഞാനിപ്പോ കുട്ടിയല്ലെന്ന്."
"നോക്കൂ... അങ്കിളിനെ ഇങ്ങനെ വിഷമിപ്പിക്കരുതേ.. നല്ല കുട്ടിയല്ലേ.. നമുക്ക് ഡോക്ടര്‍ ആന്റിയെ ഒന്നുകൂടി കാണാം.."
"വേണ്ട അങ്കിള്‍ എനിക്കിതിനെ വേണം"
"പറയുന്നതനുസരിക്ക്"
ബാറിന്റെ മൂലകളില്‍ നിന്നെല്ലാം
പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ ഉച്ചസ്ഥായികള്‍ ഒടുവില്‍ അയാളെ സ്വന്തം ബാച്‌ലേഴ്സ് റൂമിലേയ്ക്ക് ആട്ടിയോടിച്ചു.
കണ്ണു തുറന്നപ്പോള്‍ രാത്രിയെന്നു കണ്ടു. ഇത്രയും നേരം ബോധമറ്റ് ഉറങ്ങുകയായിരുന്നു. രാവിലെമുതല്‍ ഒന്നും കഴിച്ചിട്ടില്ലായിരുന്നു.
മുറിപൂട്ടി പുറത്തേയ്ക്കിറങ്ങുമ്പോള്‍ അശ്രദ്ധമായാണ് വാച്ചിലെ സൂചി ശ്രദ്ധിച്ചത്. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. ഇനി വല്ല തട്ടുകടകളും കണ്ടേക്കാം. അയാള്‍ നഗരത്തിന്റെ വിജനതയിലേയ്ക്ക് ഉറയ്ക്കാത്ത ചുവടുകള്‍ വച്ചു. സ്വന്തം കാല്‍പ്പെരുമാറ്റത്തിന്റെ ആവര്‍ത്തനം പോലെ പിന്നില്‍ നേരിയ ശബ്ദം. തിരിഞ്ഞു നോക്കി.
ഒരു വൃദ്ധന്‍. എന്ത് എന്ന അര്‍ത്ഥത്തില്‍ ദിനേശന്‍ നിന്നു.
"സര്‍, ഞാന്‍ വൃദ്ധസദനത്തിലെ ..."
"വൃദ്ധസദനത്തിലെ...?" കഥാപാത്രമാണോ എന്ന സന്ദേഹത്തില്‍ അയാള്‍ പുരികം വളച്ചു.
പ്രാര്‍ത്ഥനകളില്‍... ആത്മീയ ചര്യകളില്‍ എല്ലാം ഞാന്‍ സാക്ഷാത്‌കാരം തിരയുകയായിരുന്നു. അതെനിക്ക് എന്നു കൈവരും? കഥാപാത്രമെന്നോ ജീവപാത്രമെന്നോ നിശ്ചയമില്ലാത്ത വൃദ്ധനു നല്‍കാന്‍ ദിനേശന് ഉത്തരമില്ലായിരുന്നു. രക്ഷപ്പെടാനായി ദിനേശന്‍ നിലത്തുറയ്ക്കാത്ത കാലുകള്‍ ആവുന്നത്ര വലിച്ചു വച്ചു.
കര്‍ക്കടകരാവിന്റെ ഇരുട്ട് അന്നേരം അയാളുടെ പ്രജ്ഞയെയും മൂടിയിരുന്നു. കര്‍ക്കടകത്തിന്റെ ശ്രാദ്ധമുണ്ണാന്‍ ചന്ദ്രമണ്ഡലം വിട്ടിറങ്ങിയ ആത്മാക്കള്‍ വഴികളിലാകെ അയാളെ പിന്തുടര്‍ന്നു.
ഓടിക്കിതച്ച് മുറിയിലെത്തിയ ദിനേശ് വാതിലുകളും ജനാലകളും ഭദ്രമായി അടച്ചെന്നു വരുത്തി. തളര്‍ന്ന മനസ്സും ശരീരവുമായി അയാള്‍ എഴുത്തു മേശക്കരികിലേയ്ക്ക് വലിഞ്ഞടുത്തു.മിന്നില്‍ എഴുതിയും എഴുതാതെയും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട കടലാസ്സുകഷ്ണങ്ങളില്‍ നിന്ന് ജീവിതവ്യാഖ്യാനങ്ങള്‍ മൂര്‍ത്തത പൂണ്ട് അയാളെ ഉറ്റുനോക്കി. ഒരു വെളുത്ത കീറ് വലിച്ചെടുത്ത് അയാള്‍ എഴുതാന്‍ തുടങ്ങി.
'ഞാന്‍ ദിനേശ്. എഴുത്തുകാരന്‍. ഞാനെന്ന ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കുന്നു. എനിക്കായി ശേഷിക്കുന്നതെല്ലാം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ രേണുകയ്ക്കും'
-ദിനേശ്'
കത്തുമടക്കി ടേബിള്‍ലാമ്പിനരികില്‍ വച്ച് അയാള്‍ എഴുന്നേറ്റു.അര്‍ത്ഥശൂന്യത നിറഞ്ഞ കണ്ണുകള്‍ സീലിങ്ങില്‍ തൂങ്ങുന്ന ഫാനിലുടക്കി. അയാള്‍ ഫാനില്‍ മുണ്ടുമുറുക്കി. പിന്നെ ഒരു നിമിഷം കണ്ണടച്ച് ഓര്‍മ്മകളെ ധ്യാനിച്ചു. സ്‌മൃതിപരമ്പരകളുടെ ഘോഷയാത്രകള്‍ അയാളെ ഭയപ്പെടുത്തി.
"ഒരു നിമിഷം ഒന്നു പറഞ്ഞോട്ടെ."
കുരുക്ക് കഴുത്തിലേയ്ക്കിടാന്‍ തുനിഞ്ഞ അയാളുടെ കൈകള്‍ പെട്ടെന്നു നിശ്ചലമായി.
"ആരത്..?" ഭീതിയോടെ അയാള്‍ മുറിയ്ക്കുള്ളില്‍ കണ്ണു പായിച്ചു. വായു പോലും ചലിക്കാത്ത മുറിയില്‍ ടേബിള്‍ ലാമ്പിനരികിലെ ആത്മഹത്യാകുറിപ്പ് അനങ്ങുന്നത് സംഭ്രത്തോടെ അയാള്‍ കണ്ടു. അതില്‍ നിന്ന് മറ്റൊരു അമൂര്‍ത്തരൂപം ഉയിര്‍ത്തെഴുന്നേറ്റ് ചിരിച്ച് നില്‍ക്കുന്നു.
"ആരാണ് നീ?" ദിനേശ് ഒച്ചയെടുത്തു.
"താങ്കളുടെ പ്രതിരൂപം..ഒരു പക്ഷേ അവസാന സൃഷ്ടിയെന്നും പറയാം."
"നിനക്കെന്തു വേണം?" മദ്യത്തിന്റെ മയക്കത്തിലും ദിനേശിന്റെ സ്വരം ദൃഢമായി.
"നോക്കൂ താങ്കളെഴുതിയ ആത്മഹത്യാക്കുറിപ്പിലെ ദിനേശന്‍ എന്ന ഞാന്‍ ഇപ്പോള്‍ അപൂര്‍ണ്ണമായ മറ്റൊരു കഥാപാത്രമായി ഭവിച്ചിരിക്കുകയാണ്. എന്നെയെങ്കിലും ഒന്നു പൂര്‍ണ്ണമാക്കിയിട്ട്....."
തലമുടി വലിച്ചുപറിച്ചലറി ഭൂതാവിഷ്ടനെപ്പോലെ ദിനേശ് മുന്നിലെ ഇരുട്ടിലേയ്ക്ക് ഊളിയിട്ടു.
രമേശ് ബാബു
Rames Babu, Try to improve.