തര്‍ജ്ജനി

തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ 'മിഷന്‍ നേതാജി'

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ദുരൂഹതയായി നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ തിരോധാനം ഇന്നും നിലനില്‍ക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട്‌ പോരാടുന്നതിനിടയില്‍ 1945 ഓഗസ്റ്റ്‌ 18ന്‌ ഫോര്‍മോസയിലെ (ഇന്നത്തെ തായ്‌വാന്‍) തെയ്ഹോകു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന്‌ നേതാജി കൊല്ലപ്പെട്ടു എന്നതാണ്‌ ഇന്നും പരക്കെയുള്ള വിശ്വാസം. എന്നാല്‍ ഈ വാര്‍ത്തയുടെ വിശ്വാസ്യതയെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നുപോന്നു. മൌണ്ട്ബാറ്റണ്‍, മക്‌ആര്‍തര്‍ എന്നിവര്‍ നിയമിച്ച അന്വേഷകസംഘങ്ങളും, ബ്രിട്ടീഷ്‌-അമേരിക്കന്‍ കൌണ്ടര്‍ ഇന്റലിജന്‍സ്‌ സര്‍വീസും വിമാനാപകടവാര്‍ത്തയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പതനത്തോടെ, കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കായി നേതാജി റഷ്യയിലേക്ക്‌ ചേക്കേറിയിരിക്കാം എന്ന വിശ്വാസം ഇതോടെ ബലപ്പെട്ടു. ഇതിനായി പ്രമുഖ ഭാരതീയനേതാക്കളുടെ അറിവോടെ അദ്ദേഹം നടത്തിയ ഒരു നാടകമായിരുന്നു ഇതെന്ന്‌ ന്യായമായും വിശ്വസിക്കാം. പക്ഷേ പിന്നീട്‌? ഇവിടെയാണ്‌ ദുരൂഹതകള്‍ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ പതുക്കെപ്പതുക്കെ നേതാജി വാര്‍ത്തകളില്‍നിന്ന്‌ മറഞ്ഞു.

പാര്‍ലമെന്റില്‍ പത്തോളം വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രതിഷേധത്തിന്റെ ഫലമായി, 1956ല്‍ ഷാനവാസ്‌ ഖാന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണക്കമ്മീഷനെ നിയമിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെല്‍ക്കു നിര്‍ബന്ധിതനായിത്തീര്‍ന്നു.എന്നാല്‍ ഫോര്‍മോസയില്‍ പോകാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ കമ്മീഷനെ അനുവദിച്ചില്ല! എങ്കിലും നേതാജി കൊല്ലപ്പെട്ടു എന്നുതന്നെയായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്‌! തുടര്‍ന്ന്‌ 1970കളില്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്‍ കീഴില്‍ നിയമിക്കപ്പെട്ട ഖോസ്ലാ കമ്മീഷനും ഇതേ റിപ്പോര്‍ട്ട്‌ തന്നെ നല്‍കിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഖോസ്ല മാപ്പുപറയുകയും ഇന്ത്യന്‍ ഗവണ്‍മെന്റ്‌ രണ്ടു റിപ്പോര്‍ട്ടുകളും തള്ളിക്കളയുകയും ചെയ്തു. ഇതിനിടെ അയോദ്ധ്യക്കു സമീപം ഫൈസാബാദില്‍ 1985 വരെ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസിക്ക്‌ നേതാജിയുമായുള്ള അസാമാന്യരൂപസാദൃശ്യം പല സംശയങ്ങള്‍ക്കും കാരണമായി.

വര്‍ഷങ്ങള്‍ക്കുശേഷം 1990കളില്‍ റഷ്യയില്‍ നേതാജിയെക്കുറിച്ച്‌ ഗവേഷണം നടത്തിയ ഡോ.പുരാബി റോയ്‌, ഹരിവാസുദേവന്‍, ശോഭന്‍ലാല്‍ ദത്തഗുപ്ത എന്നിവര്‍, 1945നു ശേഷം നേതാജി റഷ്യയില്‍ ഉണ്ടായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന രേഖകള്‍ കണ്ടെത്തി. തുടര്‍ന്ന്‌ 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണത്തിന്‍ കീഴില്‍ മനോജ്‌കുമാര്‍ മുഖര്‍ജി കമ്മീഷന്‍ നിലവില്‍ വന്നു. സന്യാസിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കള്‍ കമ്മീഷനു ലഭിക്കുകയും അവയില്‍നിന്ന്‌ മേല്‍പ്പറഞ്ഞ സംശയം കൂടുതല്‍ ശക്തമാവുകയും ചെയ്തു. 2005 ജനുവരിയില്‍ തായ്‌വാന്‍ ഗവണ്‍മെന്റ്‌, മേല്‍പ്പറഞ്ഞ വിമാനാപകടം നടന്നിട്ടില്ലെന്ന്‌ ഔദ്യോഗികമായി കമ്മീഷനു മൊഴി നല്‍കിയത്‌ അന്വേഷണത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി. ഇതോടെ കമ്മീഷന്‍ റഷ്യയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായെങ്കിലും, 'അദൃശ്യമായ' കാരണങ്ങളാല്‍ ഭാരതസര്‍ക്കാര്‍ ഇത്‌ അംഗീകരിച്ചില്ല. ഈ അവസരത്തിലാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള ഭാരതീയരായ ഒരു സംഘം ചെറുപ്പക്കാര്‍ 'മിഷന്‍ നേതാജി' എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്‌. ദുരൂഹതകള്‍ നീക്കാന്‍ കമ്മീഷനെ സഹായിക്കുക എന്നതാണ്‌ 'മിഷന്‍ നേതാജി'യുടെ പ്രധാനലക്ഷ്യം. ഇതിനായി പല രേഖകളും കമ്മീഷനുമുന്നില്‍ എത്തിക്കാനും, മൊഴി നല്‍കാനും, കോടതിയെ സമീപിക്കാനും, പത്രങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ടെലിവിഷനിലൂടെയും ബോധവല്‍ക്കരണം നടത്താനും, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും, പല ലോകപ്രശസ്ത ചരിത്രകാരന്മാരുമായും ആശയവിനിമയം നടത്താനും 'മിഷന്‍ നേതാജി' യിലെ അംഗങ്ങള്‍ക്കു സാധിച്ചു. ഒടുവില്‍ 2005 സെപ്റ്റംബര്‍ 19 മുതല്‍ 30 വരെ റഷ്യയില്‍ സന്ദര്‍ശനം നടത്താന്‍ കമ്മീഷന്‌ അനുമതി ലഭിച്ചു. എന്നാല്‍, പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത റഷ്യന്‍ രേഖകള്‍ പരിശോധിക്കുവാനുള്ള അനുവാദം കമ്മീഷനു ലഭ്യമാക്കാന്‍ ഭാരതസര്‍ക്കാര്‍ ശ്രമിച്ചില്ല എന്ന കാരണത്താല്‍ കമ്മീഷന്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്‌.

നേതാജിയുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും നിലവില്‍ ഭാരതസര്‍ക്കാരിന്റെ പക്കലുണ്ട്‌. എങ്കിലും 'രാജ്യസുരക്ഷ'യെ മുന്‍നിര്‍ത്തി അതൊന്നും കമ്മീഷനു നല്‍കാനാവില്ലെന്നാണ്‌ ഔദ്യോഗികവിശദീകരണം. 60 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സംഭവം എങ്ങനെയാണ്‌ ഇപ്പോള്‍ സുരക്ഷാഭീതി ഉളവാക്കുന്നത്‌! നേതാജിയെ വധിക്കാന്‍ 1941ല്‍ത്തന്നെ ബ്രിട്ടന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 15ലെ ബി.ബി.സി. വാര്‍ത്തയും, 2021നു ശേഷമേ നേതാജിയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടൂ എന്ന ബ്രിട്ടീഷ്‌ ഭാഷണവും, മുന്‍ സോവിയറ്റ്‌ യൂണിയന്റെ പരമപ്രധാനമായ കെ.ജി.ബി. രേഖകളുടെ നിരാസവും, ഇന്ത്യയില്‍നിന്ന്‌ 60കളിലും 70കളിലും രഹസ്യരേഖകള്‍ ചോര്‍ന്നുവെന്ന വാസിലി മിത്രോഖിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളും ചേര്‍ത്തുവായിച്ചാല്‍ ചിത്രം ഏറെക്കുറെ വ്യക്തമാകും. എന്നാല്‍ എല്ലാ വാതിലുകളും കമ്മീഷനുമുന്‍പില്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്‌. ഭാരതത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച ഒരു ധീരദേശാഭിമാനിയുടെ തിരോധാനം ഇനിയും ഒരു കടങ്കഥയായി നമുക്കുമുന്നില്‍ നിന്നുകൂടാ. ഈ ലക്ഷ്യം മുന്‍നിര്‍ത്തി തങ്ങളാല്‍ക്കഴിയുന്ന പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തുകയാണ്‌ മതരാഷ്ട്രീയസാമ്പത്തിക വേര്‍തിരിവുകളില്ലാത്ത 'മിഷന്‍ നേതാജി'.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകുന്നതിനും www.missionnetaji.org സന്ദര്‍ശിക്കുക.

ജി. ശ്രീജിത്‌ കുമാര്‍, www.missionnetaji.org