തര്‍ജ്ജനി

അവസാനമല്ല

2003 മാര്‍ച്ചില്‍ ഐക്യനാടുകള്‍ ഇറാക്ക്‌ ആക്രമണം ആസൂത്രണം ചെയ്യുമ്പോള്‍ ഒരേയൊരു ശത്രുവേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ - സദ്ദാം ഹുസ്സൈന്‍. അദ്ദേഹത്തെ അധികാരത്തില്‍ നിന്നു താഴേയ്ക്കിറക്കുന്നതോടെ ജനങ്ങള്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ നന്ദിയോടെ അണിചേരുമെന്നു അമേരിക്ക വിശ്വസിച്ചു. ദശാബ്ദങ്ങളായി തങ്ങളുടെ ദുര്യോഗങ്ങള്‍ക്ക്‌ സ്വന്തം ഭൂമിയില്‍ വലിയ വിലകൊടുത്തു വരുന്ന, "സ്വാതന്ത്ര്യം" എന്ന് ഒച്ചയിട്ടു പോരുന്ന ജനങ്ങള്‍ക്ക്‌ വലിയൊരു സേവനമാണ്‌ തങ്ങള്‍ ചെയ്തു കൊടുക്കുന്നതെന്നു കൂടി അവര്‍ കരുതി. സദ്ദാമിന്റെ ഒളിച്ചു കഴിയുകയായിരുന്ന ശത്രുക്കള്‍, തങ്ങള്‍ക്ക്‌ കനത്ത ജനസ്വാധീനവും പിന്തുണയും ഉണ്ടെന്നാണ്‌ വാഷിങ്ങ്ടണിനെ ബോദ്ധ്യപ്പെടുത്തിയിരുന്നത്‌. യുദ്ധത്തിനു ശേഷം ജനങ്ങള്‍ സമാധാന കാംക്ഷികളായി തീരാനും എല്ലാ സൌകര്യങ്ങളോടെയും രാജ്യം പുനര്‍നിര്‍മ്മിക്കപ്പെടാനും നിയമ പരിപാലനം സാധാരണ നിലയിലാവാനും കുറച്ചു ദിവസങ്ങള്‍ മാത്രമേ വേണ്ടിവരികയുള്ളൂ എന്നായിരുന്നു വിശ്വാസം.

എന്നാല്‍ സദ്ദാം അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടു കഴിഞ്ഞ്‌ 30 മാസമായിട്ടും അമേരിക്കക്ക്‌ തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങള്‍ തീര്‍ത്തും ഒഴിഞ്ഞു കിട്ടിയിട്ടില്ല. വിചാരിച്ചതു പോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും വിവിധ താത്പര്യങ്ങളും പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങളുമുള്ള പല ഗ്ര്Uപ്പുകളെയാണ്‌ തൃപ്തിപ്പെടുത്തേണ്ടത്‌ എന്ന് അമേരിക്ക അറിഞ്ഞു വരുന്നതേയുള്ളൂ.
ഇറാക്കിലെ പ്രധാനപ്പെട്ട മൂന്നു വിഭാഗങ്ങള്‍ - ഷിയകള്‍, സുന്നികള്‍, കുര്‍ദ്ദുകള്‍- എല്ലായ്പ്പോഴും പരസ്പരം പോരടിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നവരാണ്‌ എന്നതാണ്‌. 110 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അധീശശക്തികളാണ്‌ ഇളകുന്ന അടിത്തറയെ കെട്ടിട്ട്‌ ഉറപ്പിച്ച്‌ അതിനൊരു ആധുനികമായ ആകൃതി നല്‍കിയത്‌. ഇറാക്കി സമൂഹത്തിലെ എല്ലാ ഘടകങ്ങളും എല്ലായ്പ്പോഴും ശ്രമിച്ചു കൊണ്ടിരുന്നത്‌, ഭരണകൂടം, രാജ്യം ശിഥിലമാവാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ഏകശാസനാപരമായ സമ്പ്രദായങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് പുറത്തു ചാടാനാണ്‌. ഇതാണ്‌ കൂടുതല്‍ അവഗാഹമായ യാഥാര്‍ത്ഥ്യം. അമേരിക്കന്‍ നയങ്ങള്‍ക്ക്‌ പിടിച്ചെടുക്കാനോ അംഗീകരിക്കാനോ കഴിയാതെ, പരാജയപ്പെട്ടു പോയ ആഴത്തിലുള്ള വാസ്തവം.

ഈ ബന്ധനങ്ങളാണ്‌ സദ്ദാം ഹുസ്സൈന്‍ പുറത്തായതോടെ അയഞ്ഞതും പലതരത്തിലുള്ള ശക്തികളെ അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ പുറത്തേയ്ക്ക്‌ പറഞ്ഞയച്ചതും. അമേരിക്കയോട്‌ സൌഹൃദമുള്ള ഇറാക്കി സമൂഹത്തെ പടുത്തുയര്‍ത്താനുള്ള ആസൂത്രിത പദ്ധതിയും ഉപദംശങ്ങളുമാണ്‌ ഇതോടെ കാറ്റില്‍ പറന്നത്‌.

യുദ്ധാനന്തര ഇറാക്കില്‍ ഡിസംബറില്‍ പൊതു തെരെഞ്ഞെടുപ്പ്‌ നടത്തുന്നതിലേയ്ക്ക്‌ കാര്യങ്ങളെ കൊണ്ടു പോകാനും ജനാധിപത്യം സ്ഥാപിക്കാനുമുള്ള അമേരിക്കയുടെ അവസാന പ്രതീക്ഷയാണ്‌ കരടു ഭരണഘടനയ്ക്കുമേല്‍ അവതരിപ്പിച്ച റഫറണ്ടം.

എന്തായാലും ഇതൊരു ഇരുതല വാളാണ്‌. റഫറണ്ടം 'യെസ്‌' വോട്ട്‌ നേടുകയാണെങ്കില്‍ ഷിയാകളും കുര്‍ദ്ദുകളുമായി അവസാന നിമിഷ ബന്ധമുണ്ടാക്കിയ ഇറാക്കി ഇസ്ലാമിക്‌ പാര്‍ട്ടി ഒഴികെയുള്ള എല്ലാ മേജര്‍ സുന്നി വിഭാഗങ്ങളും ഇറാക്കിലെ, അമേരിക്കന്‍ നിര്‍ദ്ദേശിത മാറ്റങ്ങള്‍ക്കു നേരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകമാത്രം ചെയ്യും. മറിച്ച്‌ റഫറണ്ടം പരാജയപ്പെടുകയാണെങ്കില്‍ ഷിയാകളും കുര്‍ദ്ദുകളും പ്രതികാരവുമായി സുന്നികള്‍ക്കെതിരെ തിരിയും. ശനിയാഴ്ചത്തെ വോട്ട്‌ ഒരവസാനമല്ല. ഇറാക്കിലെ കഷ്ടകാലം അവസാനിക്കാത്ത ജനതയ്ക്ക്‌ എല്ലാ സാദ്ധ്യതകളൊടെയുമുള്ള മറ്റൊരു പീഡനകാലത്തിലേയ്ക്കുള്ള വഴിത്തിരിവാണ്‌.

പി വി വിവേകാനന്ദന്‍
മൊഴിമാറ്റം: ആര്‍. പി. ശിവകുമാര്‍‌