തര്‍ജ്ജനി

കേരളത്തിന്റെ പെണ്‍മക്കള്‍

ഒരു സമൂഹം അതിലെ സ്ത്രീകളോട്‌ പെരുമാറുന്ന രീതിയില്‍ നിന്ന് സംസ്കാരത്തിന്റെ തോതളക്കാമെന്നൊരു വാദമുണ്ട്‌. പലപ്പോഴും ആശാസ്യം എന്നു കരുത്തുന്ന പെരുമാറ്റ സംഹിതകള്‍ക്കുള്ളില്‍ ഭീതിദമായ പ്രത്യയശാസ്ത്രങ്ങള്‍ ഒളിഞ്ഞിരിക്കുകയായിരുന്നെന്നത്‌ പലപ്പോഴും വൈകി മാത്രം തിരിച്ചറിയപ്പെടുന്ന സത്യമാണ്‌. വേട്ടക്കാരന്‍ കുറിച്ചുവയ്ക്കുന്ന ചരിത്രത്തിലെപ്പോഴും ഇരകളുടെ ആത്മസംഘര്‍ഷങ്ങള്‍ തമസ്കരിക്കപ്പെടും. പുതിയ വെളിച്ചങ്ങള്‍ കുടിച്ച്‌, മാറുന്ന കാലമാണ്‌ ഇതു നമ്മെ തെര്യപ്പെടുത്തുന്നത്‌. അല്ലെങ്കില്‍ ഇരകള്‍ തന്നെ ഉയിര്‍ത്തെഴുന്നേറ്റ്‌ മനസാക്ഷിയ്ക്കു നേരെ വിരല്‍ ചൂണ്ടുമ്പോള്‍.

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ സ്ത്രീമുന്നേറ്റങ്ങള്‍ക്ക്‌ അസാധാരണമായ വിധത്തില്‍ പങ്കാളിത്തമുണ്ട്‌. 1905-ലെ കല്ലുമാലസമരത്തിലും ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരത്തിലും ആണ്‍പക്ഷം കാഴ്ചക്കാരോ നായാട്ടുകാരോ ആയിരുന്നു എന്നു ചരിത്രം പറയുന്നു. തോട്ടയ്ക്കാട്ടു മാധവിയമ്മ, അക്കാമ്മ ചെറിയാന്‍, ക്യാപ്റ്റന്‍ ലക്ഷ്മി, ആനി മസ്ക്രിന്‍ എന്നിങ്ങനെ ഗൌരിയമ്മയും അജിതയും വരെ തുടരുന്ന സംവരണാനുകൂല്യമില്ലാത്ത സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രം പാഠപുസ്തകതാളുകളില്‍ പകിട്ടാര്‍ന്ന് വന്നിട്ടില്ല, അര്‍ഹിക്കുന്ന ഗൌരവത്തോടെ. ഇക്കാവമ്മയും സരസ്വതിയും എഴുത്തിലെ പുരുഷാധിപത്യത്തെ വെല്ലുവിളിച്ചവരാണ്‌, ആശയങ്ങള്‍ കൊണ്ടു തന്നെ. പുരുഷന്മാരില്ലാത്ത ലോകത്തെ സങ്കല്‍പ്പിക്കാന്‍ സരസ്വതിയമ്മയ്ക്കു കഴിഞ്ഞു. പക്ഷേ അപ്പോഴും പുരുഷാധിപത്യത്തിന്റെ കൊറാഴകളില്‍ കുടുങ്ങിയ കേരളീയ സമൂഹം 'പിടക്കോഴിയുടെ കൂവല്‍' എന്ന ബിംബകല്‍പ്പനകൊണ്ട്‌ 'തന്റേട'ങ്ങളെ പൊതുവാക്കി പരിഹസിച്ചിരുത്തി. ഇന്നും സ്ഥിതി വ്യത്യസ്തമല്ലെന്നു കാണുക. എന്നാലും ലോകമെമ്പാടുമുണ്ടായിട്ടുള്ള തിരിച്ചറിവുകള്‍ വലിയൊരളവില്‍ കേരളത്തിലെ ബോധമണ്ഡലത്തെയും സ്വാധീനിച്ചിട്ടുണ്ട്‌. ശരീരവും രാഷ്ട്രീയവും പൊളിച്ചെഴുത്തുകള്‍ക്ക്‌ വിധേയമാവുന്നതോടൊപ്പം ഭൂതകാലത്തിലേയ്ക്ക്‌ ഭാവുകത്വങ്ങള്‍ തിരിച്ചു പോകുന്നു. പുനര്‍മൂല്യനിര്‍ണ്ണയങ്ങളിലൂടെ വീണ്ടെടുപ്പുകള്‍ നടത്തുന്നു.
മലയാള കഥാസാഹിത്യത്തിലെ എഴുപതു വര്‍ഷങ്ങളിലൂടെയുള്ള പ്രയാണം കാലഘട്ടത്തിന്റെ മനഃസാക്ഷിയിലേയ്ക്കുള്ള തിരിച്ചുപോക്കു കൂടിയാണ്‌. അച്ചാമ്മ ചന്ദ്രശേഖരന്‍ ഇംഗ്ലീഷിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്ത കേരളത്തിന്റെ പെണ്മക്കള്‍ (Daughters of Kerala) അങ്ങനെ പലതരത്തിലാണ്‌ പ്രസക്തമായി തീരുന്നത്‌. ചെറുകഥ എന്ന പ്രസ്ഥാനം ഉദയം ചെയ്തകാലം മുതല്‍ സമകാലം വരെയുള്ള തെരെഞ്ഞെടുത്ത 25 കഥകളാണ്‌ - അതില്‍ സ്ത്രീകളെഴുതിയതും സ്ത്രീകളെക്കുറിച്ചെഴുതിയതും ഉള്‍പ്പെടും- ഈ ഇംഗ്ലീഷ്‌ സമാഹാരത്തിലുള്ളത്‌. പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്‌ ഒരു സ്ത്രീ കൂടിയാവുമ്പോള്‍ അതിലുള്ള ലൌകികം കൂടുതല്‍ അഭികാമ്യമാകുന്നു.

Daughters of Kerala

ഇതൊരു കാലഘട്ടത്തിലൂടെയുള്ള യാത്രയാണ്‌. പെണ്മനസ്സുകള്‍ ഉള്‍ക്കൊണ്ട കാലത്തെക്കുറിച്ചുള്ള നിവേദനങ്ങളാകാം. പുരുഷവേഷങ്ങള്‍ സ്ത്രീയെ നോക്കിക്കണ്ട രീതിയാകാം. ലളിതാംബികാ അന്തര്‍ജനത്തിന്റെ കഥയില്‍ നിന്ന് ഗ്രേസിയിലെത്തുമ്പോള്‍ വരുന്ന മാറ്റം സമൂഹത്തിന്റെ കൂടിയാണ്‌. ആദ്യകാല കഥകളിലെ സ്ത്രീകഥാപാത്രങ്ങളിലെ സൌമ്യത ഫെമിനിസത്തിന്റെ കാലമാവുമ്പോഴേയ്ക്കും അക്രാമകമായും ആത്മവിദ്വേഷപരമായും തീരുന്നതിനുദാഹരണമാണ്‌, തന്റെ അനുവാദമില്ലാതെ മുലയില്‍ സ്പര്‍ശിച്ച പുരുഷനോടുള്ള വെറുപ്പ്‌ തന്റെ തന്നെ ശരീരത്തോടുള്ള വെറുപ്പായി, ക്യാന്‍സര്‍ വന്നു മുല നീക്കം ചെയ്യുമ്പോള്‍ സമാശ്വസിക്കുന്ന ഗ്രേസിയുടെ നായിക. ബരറ്റ്‌ കോളേജിലെ പ്രൊഫസ്സര്‍ കരോള്‍ ഹയിസ്‌ തന്നെ അസ്വസ്ഥപ്പെടുത്തുന്ന കഥകളുടെ രചയിതാവായി ഗ്രേസിയെ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ സാറാതോമസിന്റെ കഥകള്‍ തന്നെ സന്തോഷിപ്പിക്കുന്നതായും രേഖപ്പെടുത്തുന്നു.

സ്ത്രീകള്‍ക്ക്‌ കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന ഇടം 'അടുക്കള' ഒരു സവിശേഷ സ്ഥലരാശിയായി വരുന്നത്‌ ഈ കഥകളില്‍ കാണാം. സമ്പന്നയും വീട്ടുവേലക്കാരുള്ളവളുമായാല്‍ കൂടി കേരളീയ സ്ത്രീത്വത്തിന്‌ 'പാകശാലയില്‍' നിന്നു രക്ഷപ്പെടുക എളുപ്പമല്ല. ആഘോഷത്തോടു കൂടി മഹത്വവത്കരിച്ച്‌ ഓരോ വീട്ടിലും അരങ്ങേറി കൊണ്ടിരിക്കുന്ന ഇക്കാര്യം സ്ത്രീയെ സംബന്ധിച്ചിടത്തോളം തടവറയാണെന്നു 'അമ്മ' എന്ന കഥയും 'റസ്റ്റ്‌ ഹൌസും' ഒരു പോലെ സാക്ഷ്യം പറയുന്നു. അടുക്കളയില്‍ മരിച്ചു കിടന്ന 'അമ്മ' വളരെ നാളുകള്‍ക്ക്‌ മുന്‍പ്‌ മരിച്ചവളാണെന്നാണ്‌ ഡോക്ടറുടെ നിഗമനം. പക്ഷേ ശരീരം അഴുകിപോയിട്ടില്ല എന്നു മാത്രം. വീട്ടുവേലക്കാരി മാത്രമാണൂ താന്‍ എന്നാണ്‌ റസ്റ്റ്‌ ഹൌസിലെ ഭാര്യ ചിന്തിക്കുന്നത്‌.

കാരൂരിന്റെ മരപ്പാവകളിലെ (ഇവിടെ Wooden Dolls) തന്റേടിയായ സ്ത്രീ പല വിധത്തില്‍ ചര്‍ച്ചയ്ക്കു വിധേയയായവളാണ്‌. അതിനു നേര്‍ വിപരീത ദശയിലാണ്‌ അദ്ദേഹത്തിന്റെ തന്നെ 'പിശാചിന്റെ കുപ്പായ'ത്തിലെ (ഇവിടെ The Devil's Jacket) അമ്മ. രണ്ടും ദാരിദ്ര്യത്തിന്റെ ഇരകള്‍. ഒരാള്‍ ദാരിദ്ര്യത്തിന്റെ തീക്ഷണതയില്‍ ധൈര്യവും കൂസലില്ലായ്മയും കൈയാളുമ്പോള്‍ മറ്റേയാള്‍ സദാചാരത്താല്‍ വിനീതയാവുകയാണ്‌. മാധവന്റെ 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍' (When Big Trees Fall) ശ്രദ്ധേയമായ വിഷയത്തെ കൈകാര്യം ചെയ്ത കഥ എന്ന നിലയില്‍ പ്രസിദ്ധമായതാണ്‌. സ്ത്രീയുടെ വ്യത്യസ്തനിലകളാണ്‌ ഈ കഥയില്‍ അപഗ്രഥിക്കപ്പെടുന്നത്‌. വന്‍ മരവും ഒരു സ്ത്രീയാണ്‌. അഭയാര്‍ത്ഥിയും സംരക്ഷകയും സ്ത്രീകളാണ്‌. സ്ത്രീ അവളുടെ അവസ്ഥാന്തരങ്ങള്‍ വിശകലനം ചെയുമ്പോള്‍ അവളുടെ ഭിന്നഭാവങ്ങളിലാണ്‌ പുരുഷഭാവന പതിയുന്നതെന്ന യാഥാര്‍ത്ഥ്യം കൂടി ഈെ കഥകള്‍ മുന്നില്‍ വയ്ക്കുന്നു.

വിവര്‍ത്തനങ്ങള്‍ വായനക്കാര്‍ക്ക്‌ ലോകത്തെ നല്‍കുകയാണ്‌. മൂന്നരക്കോടി ജനങ്ങളുടെ മാതൃഭൂമിയെങ്കിലും ലോകസാഹിത്യഭൂപടത്തിന്‌ താരതമ്യേന അജ്ഞാതമായ ഒരു ഭൂപ്രദേശമാണ്‌ കേരളം. ആഷറിന്റെ വിവര്‍ത്തനങ്ങളിലൂടെ തകഴിയും ബഷീറും ഇംഗ്ലീഷ്‌ വായനക്കാര്‍ക്ക്‌ മുന്നിലെത്തിയിട്ടുണ്ട്‌. ഇപ്പോള്‍ അച്ചാമ്മ ചന്ദ്രശേഖരന്റെ വിവര്‍ത്തനത്തിലൂടെ ഏറ്റവും പുതിയ പെണ്‍കഥകളും. ശശിതരൊര്‍ പറഞ്ഞതു പോലെ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ലോകത്തിന്‌ മലയാള സാഹിത്യത്തെ വേറിട്ടറിയാന്‍, നമ്മുടെ എഴുത്തുകാരുടെ മെച്ചം തിരിച്ചറിയാന്‍, അവരുടെ ആശയലോകത്തിന്റെ വൈപുല്യം മനസിലാക്കാന്‍ തീര്‍ച്ചയായും സഹായിക്കുന്ന തര്‍ജ്ജമയാണിത്‌.

ആര്‍. പി. ശിവകുമാര്‍.

Daughters of Kerala. Tr. by Achamma Chandrasekharan Available at amazon.com. Click here to buy