തര്‍ജ്ജനി

പ്രകാശം പരത്തി കടന്നുപോകുന്നവര്‍

നമ്മുടെ ജീവിതത്തില്‍ ചിലപ്പോള്‍ നഷ്ടങ്ങള്‍ പെരുമഴ പോലെ പെയ്‌തിറങ്ങാറുണ്ട്‌. അവയില്‍ ചിലത്‌ തികച്ചും വ്യക്തിപരമായിരിക്കുമെങ്കില്‍ മറ്റു ചിലത്‌ സമൂഹത്തിനെ ആകെ ബാധിക്കുന്നവയാകും. അങ്ങനെ സമൂഹത്തിനെ ആകെ ബാധിക്കുന്ന നഷ്ടമാണ്‌ ശ്രീ.കെ. ആര്‍. നാരായണന്‍, ശ്രീമതി.അമൃതാപ്രീതം,ശ്രീമതി.പി. ലീല എന്നിവരുടെ വിയോഗം. സംശുദ്ധമായ രാഷ്ടീയജീവിതം കൊണ്ട്‌ നാരായണനും അതുല്യവും അനുപമവുമായ കലാ/സാഹിത്യജീവിതം കൊണ്ട്‌ ലീലയും അമൃതാപ്രീതവും എല്ലാവര്‍ക്കും സുപരിചിതരാണ്‌. 1921ഫെബ്രുവരി 4ന്‌ കോട്ടയംജില്ലയിലെ ഉഴവൂരില്‍ കോച്ചേരില്‍ വീട്ടില്‍ ശ്രീ. രാമന്‍ വൈദ്യരും ഭാര്യയും തങ്ങളുടെ നാലാമത്തെ കുട്ടി ജനിക്കുബോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല പില്‍ക്കാലത്ത്‌ ആ കുട്ടി ഇന്ത്യയുടെ രാഷ്ട്രപതിയായിത്തീരുമെന്ന്. കാരണം അത്തരത്തിലുള്ള ഒരു സ്വപ്നത്തെപ്പോലും വിലക്കുന്നതായിരുന്നു അന്നത്തെ സാമൂഹികരാഷ്ട്രീയ സാഹചര്യം. ആ പ്രതികൂല സാഹച്യത്തില്‍ നിന്നാണ്‌ കെ.ആര്‍. നാരായണന്‍ എന്ന രാഷ്ട്രീയപ്രതിഭയുടെ ജനനം.

അധഃസ്ഥിതര്‍ക്ക്‌ പഠനത്തിനും മറ്റും യാതൊരു ആനുകൂല്യവും ഇല്ലായിരുന്ന അക്കാലത്ത്‌ നാരായണന്‍ അടുത്തുള്ള പ്രൈമറി സ്കുളില്‍ ചേര്‍ന്നു. തുടര്‍ന്ന് കുറുവിലങ്ങാട്‌ ഒരു ഇംഗ്ലീഷ്‌ മീഡീയം സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. അസാധാരണ ധാരണാശേഷിയുണ്ടായിരുന്ന നാരായണന്‍ പിന്നീട്‌ ട്രാവന്‍കൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദത്തിന്നും ബിരുദാനന്ദരബിരുദത്തിനും പ്രശസ്തവിജയം നേടിയെങ്കിലും അവിടെ ഒരു സ്ഥിരം ജോലി നേടാന്‍ തന്റെ ജാതിയമായ കീഴാളത്തം വിലങ്ങുതടിയായപ്പോള്‍ ബിരുദദാന ചടങ്ങ്‌ ബഹിഷ്കരിക്കുകയും സര്‍ട്ടിഫിക്കറ്റ്‌ കൈപ്പറ്റാന്‍ വിസമ്മതിക്കുകയും ചെയ്തു. 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം പ്രസിഡന്റ്‌ ആയിരിക്കുമ്പോള്‍ ഒരു പ്രത്യേകചടങ്ങില്‍ വച്ച്‌ ആ സര്‍ട്ടിഫിക്കറ്റ്‌ അദ്ദേഹത്തിന്‌ കൈമാറുകയുണ്ടായി.

പഠനത്തിനായി ലണ്ടനില്‍ എത്തിയ നാരായണന്‍ വി.കെ. കൃഷ്ണമേനോടൊപ്പം പ്രവത്തിക്കാന്‍ സമയം കണ്ടെത്തി.അവിടെ നിന്നും ഉന്നത വിജയം നേടി നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം നെഹൃവിനെ കണ്ടു സംസാരിച്ചു. അതിനുശേഷമാണ്‌ അദ്ദേഹത്തിന്‌ ഫോറിന്‍ സര്‍വീസിലേക്ക്‌ ക്ഷണം കിട്ടുന്നത്‌. അത്‌ സ്വീകരിച്ച അദ്ദേഹത്തിന്റെ ആദ്യ നിയമനം റണ്‍കൂണില്‍ ആയിരുന്നു. അവിടെ വച്ചണ്‌ പിന്നീട്‌ തന്റെ ഭാര്യ ആയിത്തീര്‍ന്ന ഉഷയെ പരിചയപ്പെടുന്നത്‌. 1950-ല്‍ അവര്‍ വിവാഹിതരാകുന്നത്‌, നയതന്ത്രപ്രതിനിധിക്ക്‌ വിദേശവനിതയെ വിവാഹം കഴിക്കാനുള്ള നെഹ്രുവിന്റെ പ്രത്യേകാനുമതിയോടെ.

ടോക്കിയൊ, ലണ്ടന്‍, കാന്‍ബറോ, ഹാനോയ്‌ എന്നിവിടങ്ങളിലെ നയതന്ത്രഉദ്യോഗത്തിനുശേഷം തായ്‌ലാന്റില്‍ അംബാസിഡര്‍ (1967-69) ആയി. തുടര്‍ന്ന് ടര്‍ക്കി(1973-75), ചൈന(1976-78) എന്നിവിടങ്ങളിലും അംബാസിഡര്‍ ആയിരുന്നതിനൊടുവില്‍ 1978-ല്‍ ഫോറിന്‍ സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം ജവഹര്‍ലാല്‍ നെഹൃ സര്‍വ്വകലാശാലയില്‍ വൈസ്‌ ചാന്‍സിലര്‍ ആയി. 1980-ല്‍ ഇന്ദിരാഗാന്‌ധി അദ്ദേഹത്തിനെ അമേരിക്കയിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ ആയി നിയമിച്ചു. അത്‌ 1982-ലെ ഇന്ദിരാഗാന്‌ധിയുടെ ചരിത്ര പ്രസിദ്ധമായ വാഷിംഗ്‌ടന്‍ സന്ദര്‍ശനത്തിന്‌ വഴിയൊരുക്കുകയും ചെയ്തു.

അമേരിക്കയില്‍ നിന്നും മടങ്ങിയ നാരായണന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 1984-ല്‍ ഒറ്റപ്പാലത്ത്‌ നിന്നും ലോകസഭയിലേയ്ക്ക്‌ മത്സരിക്കുകയും ചെയ്തു. രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ വിവിധ വകുപ്പുകളില്‍ മന്ത്രിയായിര്‍ന്ന അദ്ദേഹത്തിനെ 1992-ല്‍ കോണ്‍ഗ്രസ്സ്‌ വൈസ്‌പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്തു.1992 ആഗസ്റ്റ്‌ 21-ന്‌ വൈസ്‌പ്രസിഡ്ന്റ്‌ ആയി സത്യപ്രതിജ്ഞ ചെയ്തു,1997 ജൂലൈ 25-ന്‌ ഇന്‍ഡ്യയുടെ പത്താമത്തെ പ്രസിഡന്റ്‌ ആയി ചുമതലയേറ്റ നാരായണന്‍ അതുവരെയുണ്ടായിരുന്ന പ്രസിഡന്റ്‌ സങ്കല്‌പത്തെ ആകെ മാറ്റിമറിച്ചു.

ശ്രീ.കെ.ആര്‍. നാരായണന്റെ എളിയജീവിതം അധികാരരാഷ്ടിയത്തിന്റെ വിലകുറഞ്ഞ നാട്യങ്ങള്‍ക്ക്‌ അപ്പുറം കഴിവിന്റെയും നയതന്ത്രത്തിന്റെയും മാതൃകയാണ്‌.യുദ്ധത്തിനുശേഷം വഷളായിരുന്ന ഇന്‍ഡ്യാ-ചൈനാ നയതന്ത്രബന്‌ധം മെച്ചപ്പെടുന്നത്‌ ശ്രീ. നാരായണന്‍ അംബാസിഡര്‍ ആയിരുന്നപ്പോഴാണ്‌. ഒരിക്കല്‍ കൊട്ടാരക്കരയ്ക്ക് അടുത്ത്‌ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍, മുന്‍പ്‌ അവിടെ വന്നതും രാത്രി വൈകിയതിനാല്‍ വണ്ടി കിട്ടാതെ അവിടെത്തന്നെ ഒരു കടത്തിണ്ണയില്‍ രാത്രി ഉറങ്ങിയതും സ്മരിക്കുകയുണ്ടായി.ഇന്നത്തെ നേതാക്കന്മരുടെ ജീവിതശൈലി കാണുമ്പോള്‍ നമുക്ക്‌ അതിശയം തോന്നും കെ.ആര്‍. നാരായണനെപ്പോലുള്ളവര്‍ നമുക്ക്‌ ഇടയില്‍ ജിവിച്ചിരുന്നല്ലോ എന്ന്‌. അതുപോലെതന്നെ അദ്ദേഹത്തിന്റെ മാന്യതയുടെ ഉദാഹരണമാണ്‌, പ്രസിഡന്റ്‌ പദവി ഒഴിഞ്ഞതിനുശേഷം അദ്ദേഹത്തിന്‌ വസതി അനുവദിക്കാന്‍ ചില കേന്ദ്രങ്ങള്‍ വരുത്തിയ താമസത്തെക്കുറിച്ച്‌ അന്വേഷിച്ച പത്രപ്രവര്‍ത്തകനോടുള്ള അദ്ദേഹത്തിന്റെ മറുപടി.

രാഷ്ട്രിയത്തിലെ അഭിജാതമുഖങ്ങള്‍ക്കിടയിലെക്ക്‌ നാരായണന്‍ എന്ന അധസ്ഥിതന്റെ ഉയര്‍ച്ചയും പിന്നിടുള്ള പ്രസിഡന്റ്‌ പദവിയുമൊക്കെ ജാതിയുടെയും വിഭാഗീയതുടെയും അന്നുവരെയുള്ള എല്ലാ മുന്‍വിധികളേയും വാര്‍പ്പുമാതൃകകളേയും തകര്‍ക്കാന്‍ പോന്നതായിരുന്നു.ആ വിശിഷ്ടമാതൃക നമുക്കും വരും തലമുറയ്ക്കും അനുകരിക്കാവുന്നതാണ്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ വിലയിരുത്തുകയും ഉചിതമായ സ്മാരകങ്ങള്‍ നിര്‍മ്മിച്ച്‌ ആ സ്മരണ നിലനിര്‍ത്തുകയും വേണം.

കവിയും അദ്ധാപകനുമായ കര്‍ത്താര്‍ സിംഗ്‌ ഹിത്ത്‌കാരിയുടെ ഒറ്റ മകളായിരുന്നു 1919 ആഗസ്റ്റ്‌ 31ന്‌ ജനിച്ച അമൃതാ പ്രീതം. പതിനൊന്നാമത്തെ വയസ്സില്‍ അമൃതയ്ക്ക്‌ അമ്മ നഷ്ടപ്പെട്ടു. പതിനാറാമത്തെ വയസ്സില്‍ അവര്‍ ഒരു പത്രപ്രവര്‍ത്തകനെ വിവാഹം കഴിച്ചു. ആയിടയ്ക്കു തന്നെ അവരുടെ ആദ്യ കഥാസമാഹാരവും പുറത്തുവന്നു.ഇന്‍ഡ്യാ വിഭജനത്തെത്തുടര്‍ന്ന് അവര്‍ ഡല്‍ഹിലേക്ക്‌ താമസം മാറ്റുകയും 1961 വരെ ആള്‍ ഇന്‍ഡ്യാ റേഡിയോയില്‍ ജോലി നോക്കുകയും ചെയ്തു. ഹിന്ദിയിലും ഉര്‍ദുവിലും എഴുതിയ അമൃതാ പ്രീതം 1966-ല്‍ ആരംഭിച്ച "നഗ്മാനി" എന്ന പ്രസിദ്ധീകരണത്തില്‍ 2003 വരെ എഴുതി.

24 നോവലുകള്‍, 15 കഥാസമാഹാരങ്ങള്‍, 23 കവിതാസമാഹാരങ്ങള്‍ എന്നിവയടങ്ങുന്ന അമൃതാപ്രീതത്തിന്റെ സാഹിത്യപ്രപഞ്ചം ഫ്രഞ്ച്‌, ജാപ്പനീസ്‌, ഡാനിഷ്‌ തുടങ്ങി അനേകം ഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്തിട്ടുണ്ട്‌. ജ്ഞാനപീഠം, പത്മവിഭൂഷന്‍, സാഹിത്യഅക്കാഡമി അവാര്‍ഡ്‌ തുടങ്ങി നിരവധി ബഹുമതികള്‍ അമൃതാപ്രിതത്തിനെ തേടിയെത്തിയിട്ടുണ്ട്‌. അവരുടെ ആത്മകഥയായ "രസീതിടിക്കറ്റ്‌" വിവാദ പുസ്തകമാണ്‌.വിഭജനത്തെത്തുടര്‍ന്നുണ്ടായ യാതനകളാണ്‌ അവരുടെ മിക്ക കൃതികളിലേയും പ്രമേയം. വിഭജനശേഷം പഞ്ചാബിനെപ്പൊതിഞ്ഞ ക്രോധപാരവശ്യത്തിന്റെ പരിണിതിയ്ക്ക്‌ എതിരായി എഴുതിയ "അസ്ഥിപഞ്ജരം" എന്ന നോവല്‍ പന്നിട്‌ സിനിമയായി.

1960-ല്‍ പ്രിതംസിംഗില്‍ നിന്ന് വിവാഹമോചനം നേടിയ അമൃതാപ്രീതത്തിന്റെ അക്കാലത്തെ രചനകളില്‍ തന്നെ വനിതാവിമോചനത്തിന്റെ സ്വരം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള അവരുടെ ജിവിതത്തിലേക്ക്‌ സുഹൃത്തും പങ്കാളിയുമായി ചിത്രകാരനായ ഇംമ്രോസ്‌ കടന്നു വന്നു. ഇംമ്രോസ്‌ അദ്യമായി അവരെ കണ്ടുമുട്ടുന്നത്‌ 1958-ല്‍ അവരുടെ പുസ്തകത്തിന്‌ പുറംചട്ട രൂപകല്‌പന ചെയ്യുമ്പോഴാണ്‌.യാഥാസ്ഥിതികതയുടെ എല്ലാ മതില്‍ക്കെട്ടുകളും തന്റെ ജീവിതവും രചനകളും കൊണ്ട്‌ അമൃതാപ്രീതം പൊളിച്ചു മാറ്റി.സംഭവബഹുലമായ ആ ജീവിതം ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31-ന്‌ പൊലിഞ്ഞു.

ഉജ്ജയിനിയിലെ നായിക എന്ന ഒറ്റ ഗാനം മതി ശ്രീമതി. പി.ലീല എന്ന ഗായിക എന്നെന്നും സ്മരിക്കപ്പെടാന്‍. അതുപോലെ അനേകം ഗാനങ്ങളിലൂടെ ആസ്വാദകനെ അനുഭൂതിയുടെ സവിശേഷമണ്‌ഡലത്തില്‍ എത്തിച്ചതായിരുന്നു അവരുടെ കലാജീവിതം. മിതത്വമായിരുന്നു ആ സ്വരമാധുരിയുടെ സവിശേഷത.ഒരോ ഗാനവും കേട്ടു കഴിയുബോള്‍,ഈ ഗാനമാണല്ലോ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്‌ എന്ന് വിചാരിക്കുകയും അത്‌തന്നെ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യും.

തകര്‍ന്നൊരു ദാമ്പത്യജീവിതത്തിന്റെ ദുരന്തസ്മരണകളില്‍ ജീവിതം തളച്ചിടാതെ അവര്‍ മുഴുവന്‍ സമയവും കലാപ്രവര്‍ത്തനത്തില്‍ മുഴുകി. എന്തുകൊണ്ടും ആ കലാജീവിതം അര്‍ത്‌ഥവത്തായിരുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങളുണ്ടായി. അവ തലങ്ങുംവിലങ്ങും പ്രവര്‍ത്തിപ്പിച്ച്‌ ഉണ്ടാക്കുന്ന ശബ്ദകോലാഹലങ്ങളില്‍ മുങ്ങിപ്പോകുന്ന പുത്തന്‍ സംഗീതം ശ്രവിക്കുമ്പോഴാണ്‌, പി.ലീല ഉള്‍പ്പെടുന്ന പഴയ തലമുറയുടെ സംഗീത്തിന്റെ മൂല്യം നാം തിരിച്ചറിയുന്നത്‌.പി.ലീലയെ അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ നാം എന്നെന്നും ഒര്‍ക്കേണ്ടതും ആദരിക്കേണ്ടതുമുണ്ട്‌.

സുനില്‍ ചിലമ്പിശ്ശേരില്‍