തര്‍ജ്ജനി

ആത്മീയതയെയും പ്രണയത്തെയും പറ്റി...

ഒരു സ്പാനിഷ്‌ സുവിശേഷ പ്രവര്‍ത്തകന്‍ ഒരു ദ്വീപ്‌ സന്ദര്‍ശിക്കുന്നതിനിടയില്‍ മൂന്ന് ആസ്‌ടെക്‌ പുരോഹിതന്മാരെ കണ്ടു മുട്ടി.
"നിങ്ങള്‍ എങ്ങനെയാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌?" അദ്ദേഹം ചോദിച്ചു.
"ഞങ്ങള്‍ക്ക്‌ ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ."ഒരു പുരോഹിതന്‍ പറഞ്ഞു. "ഞങ്ങള്‍ പറയും, ദൈവമേ, നീ മൂന്ന്, ഞങ്ങളും മൂന്ന്, ഞങ്ങളോട്‌ കരുണ കാണിക്കണമേ!"
"മനോഹരമായ പ്രാര്‍ത്ഥന" സുവിശേഷ പ്രവര്‍ത്തകന്‍ പറഞ്ഞു. " പക്ഷേ ഇതല്ല ദൈവം ശ്രദ്ധിക്കുക. കൂടുതല്‍ മികച്ച ഒരെണ്ണം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം".
അദ്ദേഹം മറ്റൊരു പ്രാര്‍ത്ഥന അവരെ പഠിപ്പിച്ച ശേഷം തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷം, സ്‌പെയിനിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ കപ്പല്‍ അതേ ദ്വീപില്‍ നങ്കൂരമിട്ടു. പഴയ പുരോഹിതന്മാര്‍ മൂന്നുപേരും കടല്‍ക്കരയില്‍ നില്‍ക്കുന്നത്‌ ഡെക്കില്‍ നിന്നു കണ്ട അദ്ദേഹം അവരെ നോക്കി കൈയുയര്‍ത്തി വീശി.
അപ്പോള്‍ മൂന്നു പുരോഹിതന്മാരും അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക്‌ വെള്ളത്തിലൂടെ നടന്നു വന്നു.
"ഫാദര്‍...." കപ്പലിലേയ്ക്കു നടന്നടുക്കവേ അവരിലൊരാള്‍ വിളിച്ചു പറഞ്ഞു." ഞങ്ങള്‍ക്ക്‌ ദൈവം ശ്രദ്ധിക്കുന്ന ആ പ്രാര്‍ത്ഥന ഒന്നു കൂടി പഠിപ്പിച്ചു തരിക. അതെങ്ങനെയാണ്‌ പറയേണ്ടതെന്ന് ഞങ്ങള്‍ മറന്നു പോയി."
അദ്ഭുതം കണ്മുന്നില്‍ കണ്ടു നിന്ന വൈദികന്‍ പറഞ്ഞു " അതു സാരമില്ല''. എന്നിട്ട്‌, എല്ലാ ഭാഷയും മനസ്സിലാക്കുന്നവനാണ്‌ ദൈവം എന്ന കാര്യം തിരിച്ചറിയാന്‍ കഴിവില്ലാതെ പോയതില്‍ വ്യസനിച്ച്‌ ഈശ്വരനോട്‌ മാപ്പിരന്നു.

ഈ പുസ്തകം എന്തിനെക്കുറിച്ചാണ്‌ എന്നതിനെപ്പറ്റിയാണ്‌ ഈ കഥ. അസാധാരണമായ വസ്തുതകളുടെ നടുവിലാണ്‌ നാം എന്ന കാര്യം നാം പലപ്പോഴും അപൂര്‍വമായി മാത്രം തിരിച്ചറിയുന്നു. അത്ഭുതങ്ങള്‍ ചുറ്റുപാടും സംഭവിക്കുന്നു. ദൈവത്തിന്റെ അടയാളങ്ങള്‍ നമുക്ക്‌ വഴി കാണിക്കുന്നു. മാലാഖമാര്‍ നന്മ ഉപദേശിക്കുന്നു. പക്ഷേ നാം ശ്രദ്ധിക്കുന്നില്ല. കാരണം ദൈവത്തെ കണ്ടെത്തണമെങ്കില്‍ നിശ്ചിത വഴികളും നിയമങ്ങളും പിന്തുടരണമെന്നാണ്‌ നമ്മെ പഠിപ്പിച്ചിരിക്കുന്ന പാഠം. നാം പ്രവേശനം അനുവദിച്ചിടത്തൊക്കെ ദൈവം ഉണ്ടെന്ന് ആരും തിരിച്ചറിയുന്നതേയില്ല.

ദൈവാരാധനയ്ക്കുള്ള പാരമ്പര്യ രീതികള്‍ പ്രധാനം തന്നെയാണ്‌. ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും മതാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കാന്‍ അവ നമ്മെ അനുവദിക്കുന്നു. എന്നാല്‍ ആത്മീയാനുഭവം, ഭക്തിയുടെ അനുഷ്ഠാനങ്ങളേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളതാണ്‌ എന്ന കാര്യമാണ്‌ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്തത്‌. സ്നേഹത്തിന്‌ നിയമങ്ങള്‍ ബാധകമല്ല. ചിലര്‍ വികാരങ്ങള്‍ നിയന്ത്രിക്കും, പെരുമാറ്റങ്ങള്‍ക്ക്‌ വിലക്കുകള്‍ സ്വയം ഏര്‍പ്പെടുത്തും. മറ്റു ചിലര്‍ ബന്ധങ്ങളെക്കുറിച്ച്‌ വിദഗ്ധരുടെ ഉപദേശങ്ങളുള്ള പുസ്തകങ്ങള്‍ വായിക്കും. രണ്ടും വെറുതെയാണ്‌. ഹൃദയമാണ്‌ തീരുമാനിക്കുന്നത്‌. ഹൃദയം എന്തു തീരുമാനിക്കുന്നു എന്നതിനു മാത്രമാണ്‌ പ്രാധാന്യമുള്ളത്‌.

നമുക്കെല്ലാം ഈ അനുഭവമുണ്ട്‌. ചില നിമിഷങ്ങളില്‍, കണ്ണീരിനിടയില്‍ നാം പറഞ്ഞിട്ടുണ്ട്‌. "എന്റെ കഷ്ടപ്പാടൊക്കെ അതര്‍ഹിക്കാത്ത ഒരു സ്‌നേഹത്തിനു വേണ്ടിയായിരുന്നു" എന്ന്. നമുക്ക്‌ കിട്ടിയതിനേക്കാള്‍ പകരം കൊടുത്തു പോയി എന്നു തോന്നുന്നതു കൊണ്ടാണ്‌ നാം വിഷമിച്ചത്‌. നമ്മുടെ സ്നേഹം തിരിച്ചറിയപ്പെടാതെ പോയല്ലോ എന്നോര്‍ത്താണ്‌ നാം കഷ്ടപ്പെട്ടത്‌. സ്വന്തം നിയമങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ആലോചിച്ചാണ്‌ നാം നൊമ്പരപ്പെട്ടത്‌.

എന്നാല്‍ ഇവിടെ ദുഃഖിക്കാന്‍ കാരണങ്ങളൊന്നുമില്ല എന്നതാണ്‌ സത്യം. നമ്മുടെ വളര്‍ച്ചയുടെ വിത്തുകളാണ്‌ ഓരോ സ്നേഹത്തിനും അടിയിലുള്ളത്‌. കൂടുതല്‍ ആഴത്തില്‍ സ്നേഹിക്കുംതോറും നാം ആത്മീയാനുഭങ്ങളുമായി കൂടുതല്‍ അടുക്കുന്നു. ശരിയായ ഉള്‍പ്രകാശമുണ്ടായവര്‍ക്ക്‌, സ്നേഹത്താല്‍ ആത്മാവു പ്രകാശിക്കുന്നവര്‍ക്ക്‌, അവരുടെ കാലത്തിന്റെ മുന്‍ധാരണകളെയും വൈകാരിക തടസ്സങ്ങളെയും എളുപ്പം മറികടക്കാന്‍ പറ്റും. അവര്‍ക്ക്‌ പാടാനും, ചിരിക്കാനും ഉറക്കെ പ്രാര്‍ത്ഥിക്കാനും കഴിയും. സെന്റ്‌ പോള്‍ ' സന്ന്യാസിത്വത്തിന്റെ ഉന്മാദം' എന്നു വിളിച്ച അവസ്ഥയില്‍ അവര്‍ക്കു നൃത്തം ചെയ്യാം. ലോകത്തെ ജയിക്കാന്‍ ഇഷ്ടപ്പെടുകയും എന്തെങ്കിലും നഷ്ടപ്പെടും എന്ന ഭീതിയില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌ എപ്പോഴും സന്തോഷത്തിലിരിക്കാം. പൂര്‍ണ്ണ സമര്‍പ്പണം എന്ന പ്രവൃത്തിയാണ്‌ യഥാര്‍ത്ഥ പ്രണയം. ആ സമര്‍പ്പണത്തെക്കുറിച്ചാണ്‌ ഈ പുസ്തകം. പിലാറും അവളൂടെ കൂട്ടുകാരനും സാങ്കല്‍പ്പികമാണ്‌. എങ്കിലും, സ്നേഹത്തെ അന്വേഷിക്കുന്നതിടയില്‍ നമ്മെ ചൂഴുന്ന നിരവധി സംഘര്‍ഷങ്ങളുടെ പ്രതിബിംബങ്ങളാണ്‌ അവര്‍. ഇപ്പോഴോ പിന്നീടോ നമ്മൂടെ വേവലാതികളെ നാം അതിജീവിക്കേണ്ടതുണ്ട്‌. കാരണം, ആത്മീയമായ ഒരു വഴിയിലൂടെ മാത്രമേ സ്‌നേഹത്തിന്റെ ദൈനികാനുഭവങ്ങളിലേയ്ക്ക്‌ യാത്ര ചെയ്യാനാവൂ.

തോമസ്‌ മെര്‍ട്ടണ്‍ പറഞ്ഞത്‌ ആത്മീയ ജീവിതമെന്നത്‌ സ്നേഹിക്കാനുള്ളതാണ്‌ എന്നാണ്‌. എന്താണ്‌ നല്ലത്‌ എന്നു നോക്കിയോ മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയോ ഒരാള്‍ പ്രണയിക്കേണ്ടതില്ല. അങ്ങനെയെങ്കില്‍ നാം മറ്റുള്ളവരെ ചെറുതാക്കി കാണുന്നു എന്നാണര്‍ത്ഥം, സ്വയം ഉദാരനായി, ബുദ്ധിമാനായി കാണുന്നു എന്നും. ഈ മനോഭാവത്തിനു സ്നേഹവുമായി ബന്ധമൊന്നുമില്ല. സ്നേഹിക്കുക എന്നാല്‍ മറ്റൊരാളുമായി ഹൃദയസംവാദത്തിലേര്‍പ്പെടുകയാണ്‌, അതുവഴി ഈശ്വരന്റെ മറ്റൊരു പ്രകാശകണത്തെ കണ്ടെത്തുകയാണ്‌.

പിയഡ്ര നദിക്കരികിലിരുന്നു കരയുന്ന പിലാറിന്റെ കണ്ണീര്‍ നമ്മെ അത്തരമൊരു സംവാദത്തിലേയ്ക്കുയര്‍ത്തട്ടെ.

(By the river Piedra I sat down and wept എന്ന നോവലിന്റെ ആമുഖം.)
പൌലോ കോയ്‌ലൊ
മൊഴിമാറ്റം: ആര്‍. പി. ശിവകുമാര്‍

Submitted by jayesh (not verified) on Sun, 2005-12-04 11:37.

Nalla article. Coelhoyute athmiyatha santhosham pakarunnathaanu. athu onnineyum upekshikkan parerippikkunnilla, ellaam sweekarikkane parayunnullu.

Submitted by Anonymous (not verified) on Mon, 2005-12-05 10:40.

Paulo Coelho is really a gifted writer.... His words helps to discover the hidden world within ourselves........

Submitted by Rehna Khalid (not verified) on Mon, 2009-11-23 18:18.

ഈകൃതി വായിച്ചിട്ടില്ല.വായിക്കാന്‍ പ്രേരിപ്പികുന്ന മനോഹരമായ ഈ പരിഭാഷയ്ക്ക് നന്ദി.

Submitted by tharavadi (not verified) on Thu, 2010-03-18 10:11.

nice one :)

Submitted by ചുമട്ടുകാരൻ (not verified) on Wed, 2012-10-17 23:07.

വളരെ നന്നായിരിക്കുന്നു. ഇതുവരെ വായിക്കാൻ കഴിഞ്ഞില്ലാ. തീർച്ചയായും വായിക്കണം എന്നു തോന്നി. കൊയ്ലോ യഥാർത്ഥത്തിൽ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ്. മനുഷ്യരുടെ ഹൃദയവികാരങ്ങളെ അടുത്തറിയുന്ന, അവന്റെ ആത്മചോദനകളെ തിരിച്ചറിയാൻ കഴിയുന്ന ഒരാൾ. മറ്റു പുസ്തകങ്ങളെപ്പോലെ ഇതും വ്യത്യസ്തമായ ഒരു അനുഭവം പകർന്നു തരും എന്നു കരുതുന്നു. പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി..... ചുമട്ടുകാരൻ.