തര്‍ജ്ജനി

ആസക്തിയുടെ അഗ്നിനാളങ്ങള്‍

വിഷായാസക്തി സിതാര എസിന്റെ കഥകളില്‍ ഒരു പ്രമേയമാകുന്നു. വിഷംതീണ്ടിയ ഒരു കാലത്തിനെ വേദനകളെന്നപോലെയാണതിന്റെ ആവിഷ്കാരം. കാലത്തിന്റെ കറുപ്പും നീലയും ഒരു വന്‍വിഷാദത്തിന്റെ പ്രതികാരമെന്നപോലെ കഥയിലേക്ക്‌ കയറിവരുമ്പോള്‍, മനുഷ്യജീവിതത്തിന്റെ പ്രതിരോധ ചരിത്രത്തിന്റെ ഒരു പ്രകരണമായി കഥ മാറുകയാണ്‌. വിഷയാസക്തി മനുഷ്യന്റെ ജനിതകവിശേഷമാണ്‌. കാമനകളുടെ അതിരുകടന്ന കുതിപ്പ്‌, പല സദാചാര ലംഘനങ്ങള്‍ക്കും കാരണമാകുമ്പോള്‍, അതിനെ പരമ്പരാഗതമായ രീതിയില്‍ നിന്നുമാറി പ്രതിരോധിക്കുന്ന പെണ്‍സ്വഭാവം മാറുന്ന ചരിത്രമാണ്‌. അഗ്നി എന്ന കഥയുടെ പ്രസക്തി അതാണ്‌. രണ്ടുമൂന്നു ചെറുപ്പക്കാര്‍ അവിവാഹിതയായ ഒരു പെണ്ണിനെ ബലമായി അവരുടെ സുഖത്തിനുപയോഗിക്കുന്നു. അവള്‍ ഒരു സാധാരണപെണ്ണിനെപ്പോലെ അതു താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയോ, വീട്ടുകാരെ അറിയിക്കുകയോ ഒന്നും ചെയ്യുന്നില്ല. മറിച്ച്‌ വേദനയും നീറ്റലും അമര്‍ത്തി അവന്മാരോട്‌ പ്രതികരിക്കുന്നു. അത്‌ അസാധാരണമായ ഒരു പെണ്‍മനക്കരുത്തിന്റെ പ്രത്യക്ഷമാണ്‌. സമചിത്തമായ, ബുദ്ധിപരമായ ഇടപെടലിലൂടെ പുരുഷന്റെ ആസക്തിക്കുമേല്‍ നേടുന്നവിജയമാണ്‌ അഗ്നി എന്ന കഥയെ വ്യത്യസ്തമായ ഒരനുഭവമായി മാറ്റുന്നത്‌. സഞ്ജീവ്‌ എന്നതടിയന്‍ ദേഹം അമര്‍ന്നപ്പോള്‍,ലോകത്തിലെ ഏറ്റവും ലജ്ജിതയായ സ്ത്ര്Iയാണ്‌ താന്‍ എന്നു തോന്നിയ പ്രിയ, അടുത്തദിവസം "ഇന്നലെ എങ്ങനെയുണ്ടായിരുന്നു?" എന്ന അവന്റെ ചോദ്യത്തെ നേരിടുന്നത്‌ " നിങ്ങള്‍ ഒട്ടും പോരായിരുന്നു.... നിങ്ങള്‍ക്കു കരുത്തു കുറവാണ്‌. ഒരു പെണ്ണിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവും എന്നു തോന്നുന്നില്ല." എന്നു പറഞ്ഞു കൊണ്ടാണ്‌. രവി എന്ന രണ്ടാമന്റെ ശരീരം കിതപ്പോടെ ഇളകിയപ്പോള്‍ ആണികളഴിഞ്ഞ ഒരു മരസാമാനം പോലെ താന്‍ ഇളകിച്ചിതറിപ്പോവുകയാണന്നും ലോകത്തിലെ ഏറ്റവും അന്യാധീനപ്പെട്ട സ്ത്ര്I താനാണന്നും പ്രിയയ്‌ക്ക്‌ തോന്നിയിരുന്നു. പിറ്റേദിവസം അതേ രവിയെ പ്രിയ സ്വീകരിക്കുന്നത്‌ " നിന്നെ എനിക്ക്‌ നല്ലവണ്ണം ഇഷ്ടമായി നീ ഒരു അസ്സല്‍ പുരുഷനാണ്‌" എന്നു പറഞ്ഞുകൊണ്ടാണ്‌. അടുത്തൊരുദിവസം അവള്‍ രവിയോട്‌ ഇങ്ങനെ കൂടിപ്പറഞ്ഞു. "അതെ, എന്റെ തോന്നലുകളില്‍ കണ്ണുകളില്‍, ആസക്തിയുമായി നടക്കുന്ന അപരിചിതനായ നീ എന്നും അലഞ്ഞുതിരിയാറുണ്ട്‌. അതു നീയാണെന്ന് എനിക്കു പിന്നീടാണ്‌ മനസിലായതെന്നുമാത്രം. അന്നു നീയെന്നെ കീഴടക്കിയപ്പോള്‍ എനിക്കാദ്യം അപമാനമാണ്‌ തോന്നിയത്‌. പക്ഷേ, പിന്നെ നിന്നെയെനിക്കിഷ്ടമായി. ആ ഇഷ്ടംകൊണ്ട്‌ നീയറിയാതെ നിന്നെ ഞാന്‍ കീഴ്പെടുത്തിയെന്നും തോന്നി. മറ്റേ രണ്ടുപേരുടെയും കീഴ്പ്പെടുത്തലുകള്‍ പോലും നിന്നെ അളക്കാനുള്ള ഒരളവുകോലായിരുന്നു എനിക്ക്‌. ശരിക്കും എല്ല്ലാ അര്‍ത്ഥത്തിലും നീയാണ്‌ എന്റെ ആദ്യത്തെ പുരുഷന്‍. എനിക്ക്‌ നിന്നോട്‌ തോന്നുന്നത്‌ പ്രണയമാണോ എന്നെനിക്കറിയില്ല. പക്ഷേ, ഒന്നുറപ്പുണ്ട്‌- നിന്നില്‍നിന്നെത്ര ദൂരെ പോയാലും എന്റെ രക്തവും എന്റെ കണ്ണൂനീരും നിനക്കു വേണ്ടി ദാഹിച്ചുകൊണ്ടേയിരിക്കും. കാരണം, എന്റെ തടവുമുറിയാണു നീ- ഒരിക്കലും നഷ്ടപ്പെട്ടുപോകാന്‍ കഴിയാത്ത തടവുമുറി..." ഇതൊക്കെക്കേട്ട്‌ രവി അന്തം വിട്ടുപോയി എന്ന് സിതാര എഴുതുന്നു. രവിയെ അന്തം വിടുവിക്കുന്ന പ്രിയയുടെ ബുദ്ധിയാണ്‌ കാലത്തിന്റെ പുതിയ മനസ്‌. ഇവിടെ ആസക്തിയെ നേരിടുന്നത്‌ ആസക്തിയുടെ തന്നെ ഭാഷയും മനസും ഉപയോഗിച്ചുകൊണ്ടാണ്‌. പുരുഷാസക്തി അന്ധമായതും പെണ്ണിന്റേത്‌ സമചിത്തത കലര്‍ന്നതുമാണ്‌. ഇതൊരു പുതിയ പെണ്‍ പ്രത്യയശാസ്ത്രത്തിന്റെ വഴക്കത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പക്ഷേ, കഥയുടെ പൂര്‍ണ്ണതയില്‍ ഒരു മുഖ്യപ്രമേയമായി വികസിക്കുന്നത്‌ ആസക്തിയെന്ന വികാരമാണ്‌. അതിന്റെ നിറം നീലയുമാണ്‌. നീല വിഷത്തിന്റെ നിറമാണ്‌. നീല സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും കാലത്തെ, ഒരു പ്രതിരോധത്തിന്റെ മനസ്സു പ്രത്യക്ഷമാക്കിക്കൊണ്ടായാലും സിതാര അവതരിപ്പിക്കുമ്പോള്‍ കഥ കാലത്തിന്റെ ഗതി എഴുതുന്ന മാധ്യമമാകുകയാണ്‌. എന്നാല്‍ ഈ കഥയുടെ നിറം നീലയല്ല. അത്‌ പ്രിയ എന്ന കഥാപാത്രത്തിന്റെ ബുദ്ധിപരമായ ഇടപെടലിലൂടെ നീലയ്‌ക്ക്‌ വിരുദ്ധമായിത്തീരുന്നു. എന്നാല്‍ കഥ കാലത്തിന്റെ വിഷനീലിമ പ്രത്യക്ഷമാക്കുന്നു. കാമവുമായി വിഷനീലിമയ്ക്ക്‌ ബന്ധമുണ്ട്‌. കാമത്തിന്റെ പ്രതീകമായി നീലയും നീലനിറമുള്ള വിഷം വഹിക്കുന്ന പാമ്പിനും ബന്ധമുണ്ട്‌. വിഷയാസക്തിയുടെ നിറം നീലയാണന്ന് സിതാര ‘ചതുപ്പ്‌ ' എന്നകഥയിലൂടെയും ബോദ്ധ്യമാക്കുന്നു. വിഷയാസക്തി, വിലക്കുകള്‍ ലംഘിച്ച്‌ നീലനിറത്തില്‍ ആ കഥയില്‍ പുളയുന്നു. ആസക്തിയുടെ അല്ലെങ്കില്‍ ലൈംഗികതയുടെ പ്രതീകമായി പാമ്പിന്റെ സാന്നിദ്ധ്യവും 'ചതുപ്പി'ല്‍ കടന്നുവരുന്നു. ഫാദര്‍ റജി ആന്റണി കാട്ടുള്ളിയില്‍ മനസില്‍ കൊണ്ടു നടക്കുന്ന മോഹങ്ങളില്‍ അടങ്ങാത്ത വിഷയാസക്തി പുളയുന്നുണ്ട്‌. കന്യാസ്ത്ര്Iകളോടും മറ്റു സ്ത്ര്Iകളോടുള്ളതുപോലെ പുരുഷനോടും അയാള്‍ക്ക്‌ ആസക്തി തോന്നുന്നു. ആസക്തിയുടെ ആക്കം അയാളെ ലൈംഗിക കുമ്പസാരത്തിലേക്ക്‌ നയിക്കുന്നു. കര്‍ത്താവിനോട്‌ പൊറുക്കണമെന്നയാള്‍ അപേക്ഷിച്ചുകൊണ്ട്‌ തന്റെ ഉള്ളിലെ ലൈംഗികദാഹങ്ങള്‍ പുറത്തുവിടുന്നു. ഒടുവില്‍ അയാള്‍ ളോഹ അഴിച്ചുമാറ്റി നിലത്തിട്ട്‌, പെണ്ണിന്റെ ചൂടറിയാന്‍ വെമ്പുന്ന മനസുമായി കുരിശിനുമുകളിലേക്ക്‌ കമിഴ്ന്നു. ഫാദര്‍ റജി ആന്റണിയുടെ അവസ്ഥ ശ്രദ്ധിക്കുക. " മിനുത്തു കൊഴുത്ത ഒരു പാമ്പായി താന്‍ നിലത്തിഴയുകയാണെന്ന് അയാളറിഞ്ഞു. ചുറ്റും വിധേയത്വത്തിന്റെ ഇളം ചൂടില്‍ പുളയുന്ന അനേകം പെണ്‍പാമ്പുകള്‍. ചിലതിന്‌ ലീലാമ്മയുടെ ഉരുണ്ട ദേഹവടിവ്‌. ചിലതിന്‌ സൂസന്നയുടെ കൊല്ലുന്ന മണം. ചിലവ സെലീനയെപ്പോലെ ഒതുങ്ങിയത്‌. ചിലതിന്‌ ജന്നിയുടെ കൂസലില്ലായ്മ. പിണഞ്ഞിഴയുന്ന മിനുത്ത ദേഹങ്ങള്‍. പുറത്തേക്കുനീളുന്ന നാക്കുകളുടെ അറ്റത്ത്‌ വിഷനീലിമയുടെ ഇളംഛായ, വിശപ്പിന്റെ ഉണര്‍വില്‍, ത്രസിക്കുന്ന ശരീരത്തിലേക്ക്‌, തണുപ്പ്‌ ദന്തക്ഷതങ്ങളായി പിടഞ്ഞുതാഴുന്നതും കാത്ത്‌ അച്ചന്‍ മറിഞ്ഞുവീണ കുരിശിനുമുകളില്‍ കമിഴ്ന്നുകിടന്നു." ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ പിടിച്ചുനിര്‍ത്തിയ ലൈംഗികതയുടെ പരിണാമചിത്രം തുറന്നിടുന്ന ഈ ആസക്തിയുടെ ചലന ചിത്രത്തില്‍ പാമ്പും വിഷനീലിമയും ദന്തക്ഷതവും സമ്മേളിക്കുമ്പോള്‍ ആസക്തിയുടെ പ്രതീകാത്മക സാന്നിധ്യം കൂടിയുണ്ടാവുകയാണ്‌.

book cover image

ആസക്തിയുടെ നിറം നീലയും അതിന്റെ സ്വഭാവത്തില്‍ വിഷത്തിന്റെ സാന്നിധ്യവും ഇതിന്റെ രണ്ടിന്റെയും കൂടിച്ചേരല്‍പോലെ പാമ്പിന്റെ പുളച്ചിലും ദംശനവും കഥയുടെ
ആന്തരികസ്വഭാവമായി മാറുന്നു. ജീവിതത്തിന്റെ ഏറ്റവും കറുത്ത നിമിഷങ്ങളായിട്ടാണ്‌ ഇതൊക്കെ ആവിഷ്കരിക്കപ്പെടുന്നത്‌. കാലത്തിന്റെ വിഷം തീണ്ടുന്ന കറുപ്പാണത്‌. "വിഷനിഴല്‍" എന്ന കഥയിലേക്ക്‌ പോകാം. "അമൃതയെ കൊത്തിയതു ഞാനാണ്‌." എന്ന്‌ ആനിപീറ്റര്‍ പറയുമ്പോള്‍ വിഷം വഹിക്കുന്ന ഒരു പെണ്ണാളിനെ നാം കാണുകയാണ്‌. ഈ വിഷദംശനത്തിലും ആസക്തിയുടെ നീലിമയുണ്ട്‌. ആളുകളെ ചൊല്‍പ്പടിക്കു വശീകരിച്ചുനിര്‍ത്തുന്ന അമൃതയുടെ ചിരിയിലും കുരുക്കുനിറഞ്ഞ കണ്ണുകളുടെ മായാവലയത്തിലും ആസക്തി തിളങ്ങുന്നു. അമൃത പാമ്പുകടിയേറ്റു മരിച്ചപ്പോള്‍ അതില്‍ ഗൂഢമായി ആനന്ദിച്ച ആനി യഥാര്‍ത്ഥത്തില്‍ അമൃതയുടെ വശീകരണാസക്തിയെയാണ്‌ എടുത്തുകാണിക്കുന്നത്‌. "കോളേജിലെ കവിയരങ്ങുകളില്‍ കാളിന്ദിയുടെയും വൃന്ദാവനത്തിന്റെയും അതിരുകളിലൂടെ തണുത്തൊരു കൃഷ്ണസര്‍പ്പം പോലെ രാധാകൃഷ്ണപ്രണയം ഇഴഞ്ഞു നടക്കുന്നു എന്ന്‌ മുഗ്‌ധമായ സ്വരത്തില്‍ "അമൃത" പാടുന്നു. ഇവിടെ അമൃതയ്ക്ക്‌ സെക്സിന്റെ ഒരിമേജാണ്‌ സര്‍പ്പം. "ഹവ്വയുടെ സ്ഥാനത്ത്‌ ആനിയായിരുന്നു എങ്കില്‍ പണ്ട്‌ തൂങ്ങിക്കിടന്ന് ചിരിച്ചുകാട്ടിയ പാമ്പിനെ ആപ്പിള്‍മരത്തിന്റെ കൊമ്പൊടിച്ച്‌ അടിച്ചുകൊല്ലുമായിരുന്നു ഇല്ലേ? എന്ന അമൃതയുടെ അനിതയോടുള്ള ചോദ്യസന്ദര്‍ഭത്തിലും പാമ്പ്‌ സെക്സിന്റെ ഇമേജായി കടന്നുവരുന്നു. ഒടുവില്‍ ആസക്തിയുടെ വിഷബാധയേറ്റ ആനിക്ക്‌ അമൃതയെ കൊത്തിയത്‌ താനാണെന്ന തോന്നലും ഉണ്ടാകുന്നു. ഈ കഥയില്‍ വിഷവും വിഷയാസക്തിയും അതിന്റെ പ്രതീകമായ പാമ്പും പാമ്പിന്റെ ദംശനവും മരണവും കൂടിക്കുഴഞ്ഞ്‌ ഒരു കറുത്ത അന്തരീക്ഷം ഉണ്ടാക്കുന്നു. സൌഹൃദത്തിനു മീതെ വീണ ലൈംഗികതയുടെ കറുപ്പാണത്‌. വിഷയാസക്തിയുടെ ഇത്തരം ദര്‍ശനം ‘ഡ്രാക്കുള‘ എന്ന കഥയിലുമുണ്ട്‌. ഡ്രാക്കുള എന്ന പ്രതീകം തന്നെ ശ്രദ്ധിക്കുക. വിഷയാസക്തിയുടെ ക്‌ളാസിക്‌ രൂപം; മരണത്തിന്റെയും. ഡ്രാക്കുളയുടെ കൂര്‍ത്ത തേറ്റകളും നീണ്ട നാവുകളും ഭീമാകാരവും രക്തമൂറ്റലും എല്ലാം മാരകമായൊരനുഭവത്തിന്റെ ഓര്‍മ്മയാണുണര്‍ത്തുന്നത്‌. സിതാരയുടെ ഡ്രാക്കുള എന്ന കഥയിലും ഇതെല്ലാം പ്രത്യക്ഷമാവുന്നു. സാധാരണമായ ഒരാഖ്യാനതാളത്തിലാരംഭിച്ച്‌ അസാധാരണമായ ഒരനുഭവത്തിലേക്കാണ്‌ കഥ ചെന്നെത്തുന്നത്‌. ലില്ലി എന്ന സിനിമാനടി വിഷയാസക്തിയുടെ ഒരാള്‍ രൂപമാണ്‌. ഭര്‍ത്താവ്‌ സുദര്‍ശന്‍ ലില്ലിയെപ്പറ്റി അയലത്തുകാരിയായ സുമയോടു പറയുന്നതിങ്ങനെയാണ്‌. "ചില സമയത്ത്‌ അവളുടെ മുഖം ഒരു പ്രേതത്തിന്റേതു പോലെ തോന്നും അവളുടെ ചുണ്ടുകള്‍ എന്റെ ചോരകുടിക്കാന്‍ ദാഹിക്കുന്നതായും ആ വീടു തന്നെ പേടിപ്പെടുത്തുന്ന ഒരു കോട്ട പോലെ തോന്നുന്നു എനിക്ക്‌". മാത്രമല്ല, കൈയിലും കവിളത്തും ഉള്ള ചില മുറിവുകള്‍ കാട്ടി ഡ്രാക്കുള കടിച്ചതുപോലെയില്ലേ എന്നും സുദര്‍ശന്‍ ചോദിക്കുന്നുണ്ട്‌. ഇതേ സുദര്‍ശന്റെ തന്നെ സുമയോടുള്ള തുടര്‍ന്നുള്ള വിവരണം നോക്കുക. "ഇന്നലെ രാത്രി ഞാന്‍ ഉറങ്ങുമ്പോള്‍ അവള്‍ മെല്ലെ അടുത്തുവന്നു കുനിഞ്ഞ്‌ എന്റെ കഴുത്തില്‍ പല്ലുകളാഴ്തി. ഞാന്‍ ഞെട്ടിയുണര്‍ന്നു. അവള്‍ എന്റെ കഴുത്തില്‍ നിന്നും ചുണ്ടുകള്‍ കൊണ്ട്‌ ചോര ഊറ്റുകയായിരുന്നു. ഞാന്‍ അട്ടഹസിച്ചു കരഞ്ഞു. അവള്‍ മുഖം ഉയര്‍ത്തിയപ്പോള്‍ വായുടെ ഇരുവശത്തും ചോരപുരണ്ട രണ്ടു തേറ്റപ്പല്ലുകള്‍ വ്യക്തമായി ഞാന്‍ കണ്ടു. പിന്നെ പെട്ടെന്നവളെ കാണാതായി."

സ്വന്തം ഭാര്യയില്‍ കാണുന്ന ഇത്തരമൊരു മാറ്റത്തിന്റെ ഇരയായിരുന്നുകൊണ്ട്‌ സുദര്‍ശനെന്ന ഭര്‍ത്താവ്‌ നടത്തുന്ന ക്രിയകളിലും ഇതേ ആസക്തിയുടെ വിഷനീലിമ പ്രത്യക്ഷമാകുന്നു. സുദര്‍ശന്‍ സുമയോട്‌ ഭാര്യയുടെ കാര്യങ്ങള്‍ പറഞ്ഞ്‌ സുമയുടെ ഭര്‍ത്താവില്ലാത്ത നേരങ്ങളില്‍ ഏറെ അടുത്തു. ഒരു ദിവസം സുദര്‍ശന്‍ "നിങ്ങള്‍ മാത്രമാണ്‌ സുമാ..എനിക്കാകെ ഒരാശ്വാസം. ദയവായി എന്നെയൊന്നാശ്വസിപ്പിക്കൂ.." എന്നു തേങ്ങി, ഭാര്യയുടെ കുറ്റങ്ങള്‍ ഒരോന്നായി നിരത്തി സുമയുടെ മനസ്സ്‌ ആര്‍ദ്രമാക്കി. സുമയാകട്ടെ ഒരു വീട്ടമ്മയുടെ ചിട്ടവട്ടങ്ങളില്‍നിന്ന്‌ പുറത്തുചാടി അയാളുടെ മുഖം തോളത്തേക്കണച്ച്‌ മുടിയില്‍ തടവി. അയാള്‍ കരഞ്ഞുകൊണ്ടുതന്നെ മുഖമുയര്‍ത്തി സുമയുടെ കഴുത്തില്‍ ഇടതുവശത്ത്‌ ഉമ്മവെയ്ക്കുകയും ലാളിയ്ക്കുന്നതുപോലെ കടിക്കുകയും ചെയ്തു. സുദര്‍ശന്റെ ചുണ്ടുകൊണ്ടും പല്ലുകൊണ്ടും സ്പര്‍ശിച്ച സ്ഥാനത്ത്‌ രണ്ടു വെളുത്ത ദ്വാരങ്ങള്‍ സുമ തിരിച്ചറിഞ്ഞു. അതിലവള്‍ക്ക്‌ അത്ഭുതം തോന്നിയതുമില്ല. ഇനിയുള്ള സുമയുടെ ചിത്രം കഥയില്‍ ഇങ്ങനെയാണ്‌."നോക്കി നോക്കി നില്‍ക്കേ എന്റെ പ്രതിബിംബത്തിന്റെ വായ്‌ക്കോണുകളില്‍ രണ്ടു തേറ്റപ്പല്ലുകള്‍ തെളിഞ്ഞു. വെളുത്തവ നോക്കിനില്‍ക്കെത്തന്നെ അവ അപ്രത്യക്ഷവുമായി." കണ്ണാടിക്കു മുന്നില്‍ നിന്നു മാറി ഒരു പൂച്ചയെപ്പോലെ ശബ്‌ദമുണ്ടാക്കാതെ സുമ സ്വീകരണ മുറിയിലെത്തി. "സോഫയില്‍ ചുരുണ്ടുകിടന്നുറങ്ങുന്ന ഭര്‍ത്താവിന്റെ ഇടം കഴുത്തിലേക്ക്‌ ഒരു ചുംബനത്തിനായ്‌ സുമ വായ്‌ താഴ്തി." സുമയുടെ ഈ പരിണാമത്തില്‍ പൂര്‍ണ്ണമാകുന്ന ഡ്രാക്കുള എന്ന കഥ വിഷയാസക്തിയെ ഒരു കഥാനുഭവമാക്കി മാറ്റുന്നു. കാമത്തിന്റെ ഭീകര പ്രതീകത്തിലൂടെ ദുഷ്‌ടമായ രസമാണ്‌ കഥ ജനിപ്പിക്കുന്നത്‌. ലില്ലിയുടെ ജീവിത ശൈലിയിലും സുദര്‍ശനന്റെ കൌശലം നിറഞ്ഞ പെരുമാറ്റത്തിലും സുമയുടെ സ്വഭാവമാറ്റത്തിലും ശ്രദ്ധിച്ചാല്‍ വിഷയാസക്തിയുടെ ഭാവതരംഗങ്ങളാണുള്ളത്‌. ലില്ലിയുടെയും സുദര്‍ശന്റെയും വീട്‌ ഇരുട്ടില്‍ കോട്ടപോലെയാണു കിടക്കുന്നത്‌. കോട്ട എന്ന ഉപമ സുമയെ ആകര്‍ഷിക്കുന്നു. മാത്രമല്ല അവള്‍ , കോട്ടയിലെ രാജകുമാരിയെ ആരോ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്‌, ഒരു വീട്ടമ്മയായിട്ടും തന്റെ ഭാവന വറ്റിപ്പോയിട്ടില്ലെന്നും, കൊള്ളാം എന്ന് സ്വയം പറഞ്ഞ്‌ ആനന്ദിക്കുകയും ചെയ്യുന്നു. സുദര്‍ശനെ സമാശ്വസിപ്പിക്കാന്‍ നിഷ്കളങ്കമായിട്ടാണൊരുമ്പിടുന്നതെങ്കിലും ആസക്തിയുടെ പിടിയിലായിരുന്നു സുമയും. അതുകൊണ്ടാണ്‌ പെട്ടെന്നവള്‍, ഞെട്ടി കുതറിമാറുന്നുണ്ടെങ്കിലും സുദര്‍ശനന്റെ ദംശനത്തിന്‌ ഇരയായിപ്പോകുന്നത്‌. ഒരു വിഷനീലിമയുടെ ആസക്ത പ്രകാശമാണിവിടെ കാണുന്നത്‌. അതിലൊരുതരം ഭ്രാന്തിന്റെ അംശവുമുണ്ട്‌. ഭ്രാന്തിന്റെ അംശം കഥാപാത്രങ്ങളുടെ സ്വഭാവഘടനയെ ആകെത്തന്നെ നിയന്ത്രിക്കുന്നതുകോണ്ടാണ്‌ കഥയില്‍ ഭാവനയുടെ, അസ്വാഭാവിക ഭാവനയുടെ, ഒരു ഓളം ഉണ്ടാകുന്നത്‌. കാമം തലയ്ക്ക്‌ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന (സ്ഥല-കാല) ഭ്രമമാണതെന്നു കരുതുന്നതിലും തെറ്റില്ല. എന്തായാലും വിഷയാസക്തിയുടെ കറുത്തരേണുക്കള്‍ പുളയ്‌ക്കുന്നവെളുപ്പിലൂടെയാണ്‌ 'ഡ്രാക്കുള' എന്ന കഥ സ്വന്തം ജനിതകഘടന നിര്‍ണ്ണയിക്കുന്നത്‌. ആ ഘടനയിലാകെ ആസക്തിയുടെ നീല നിറം വ്യാപിച്ചു കിടക്കുന്നുണ്ട്‌. ‘പ്രണയ വൈറസ്‌' എന്നകഥയിലാകട്ടെ ആസക്തി പ്രത്യക്ഷത്തില്‍ ഒരു രോഗമായി പരിണമിക്കുന്നതുകാണാം . കസ്‌റ്റമറുടെ ആഗ്രഹങ്ങള്‍ക്ക്‌ മുഷിവില്ലാതെ വഴങ്ങിക്കൊടുക്കുന്ന ശരീര വില്‌പനക്കാരനായ ഹരിയുടെ ആസക്തി, തനിക്ക്‌ എയ്‌ഡ്സാണന്നു തിരിച്ചറിഞ്ഞിട്ടും കല്യാണം കഴിക്കാനും ഒട്ടും വൈകാതെ ഒരച്‌ഛനാകാനുമാണ്‌. ഇസബെല്‍ സ്മിത്തിന്റെ കണ്ണില്‍ പ്രപഞ്ചത്തിലെ ഏറ്റവും ഇറോട്ടിക്കായ വസ്തു ജലധാരയില്‍ നനഞ്ഞു കുതിരുന്ന അര്‍ദ്ധനഗ്നമായ പുരുഷശരീരമാണ്‌ അവള്‍ ദേഹമാസകലം സുവര്‍ണ്ണനിറമുള്ള മുടിത്തുമ്പുകളില്‍പ്പോലും ആസക്തിയുടെ അഗ്നി ജ്വലിച്ചു നില്‍ക്കുന്ന ഒരു പെണ്ണാകുമ്പോള്‍ ഇത്തരം ആസക്തി എങ്ങനെ ഉണരാതിരിക്കും ? ഹരി വിവാഹം കഴിഞ്ഞ്‌ തന്റെ ഭാര്യയുടെ ഉണര്‍വ്വ്‌ കാണുന്നതും ഇങ്ങനെയാണ്‌. "ഷവറിനടിയില്‍ നില്‍ക്കതെ തന്നെ തന്റെ സ്പര്‍ശനത്തില്‍ മീന ഉണരുന്നത്‌ ഹരി കണ്ടു. ദേഹം മുഴുവനും കറുത്ത മുടിത്തുമ്പുകളില്‍ പോലും ആസക്തിയുടെ അഗ്നിനാളങ്ങള്‍". സിതാരയുടെ മിക്ക കഥകളിലും ആസക്തി പ്രത്യക്ഷമായോ പരോക്ഷമായോ ഒരനുഭവമാകുന്നു എന്നു മാത്രമല്ല, ആസക്തിയെ അഗ്നിയുമായി ബന്ധപ്പെടുത്തിക്കാണിക്കുന്നുമുണ്ട്‌. "ഏകാന്ത സഞ്ചാരങ്ങള്‍" എന്ന കഥയിലെ മധ്യവയസ്കനെ ഭാവന ചെയ്യുന്നതു തന്നെ ഇങ്ങനെയാണ്‌ "തീക്ഷണമായ കണ്ണുകളായിരിക്കണം. ഇപ്പോഴും കൈകള്‍ക്ക്‌ കരുത്തുണ്ടാകണം. എന്നെ സ്പര്‍ശിക്കുമ്പോള്‍ ശരീരത്തില്‍ തീജ്വാലകള്‍ചിതറണം". "വധു" എന്ന കഥയില്‍ കാണുന്നു:"ഇരുണ്ട ദേഹമുള്ള സെക്സിയായ ഒരോ സ്പര്‍ശത്തിലും ആസക്തിയുടെ തീക്കുണ്ഡങ്ങള്‍ ആളിക്കത്തിക്കുന്ന ബേത്ത്‌. എന്റെ പുനര്‍ജ്ജനിച്ച യൌവ്വനത്തിന്റെ രണ്ടാം വധു." ആസക്തിയുടെ കടുപ്പസ്വഭാവങ്ങളാണ്‌ കരുത്ത്‌, അഗ്നി എന്നിവയുമായുള്ള ബന്ധിപ്പിക്കലുകള്‍. വൈകാരികതീവ്രതയുടെ പ്രത്യക്ഷമാണിതെല്ലാം. തീവ്ര വൈകാരികത ആസക്തിയില്‍ നിന്നാണുണരുന്നത്‌. ആസക്തി പോലെ സിതാരയുടെ കഥകളില്‍ വിരസത കടന്നുവരുന്നുണ്ട്‌. അത്‌ ആസക്തിയുടെ അണലി രൂപത്തിലുള്ള ചുരുണ്ടു കിടപ്പാണോ? ചിലപ്പോള്‍ അങ്ങനെയാണ്‌. ‘ചതുപ്പ്‌‘ എന്ന കഥയിലെ റെജി അച്ചന്റെ അവസ്ഥ അങ്ങനെ ഉള്ളതാണ്‌. ആസക്തി മൂത്ത്‌ ഇറങ്ങിപ്പുറപ്പെടും മുമ്പ്‌ "റെജിയച്ചന്‌ ബോറടിക്കാന്‍ തുടങ്ങി." എന്ന് സിതാര എഴുതുന്നുണ്ട്‌. ഏകാന്തസഞ്ചാരങ്ങള്‍' എന്നകഥയിലെ ഓട്ടോയാത്രക്കാരിയുടെ യാത്രയും ഭാവനയും വിരസതയില്‍ നിന്നുള്ള രക്ഷപെടലാണ്‌. ഡ്രാക്കുള എന്ന കഥയില്‍ ഭര്‍ത്താവ്‌ വീട്ടിലില്ലാത്ത നേരത്തെ വിരസതയാണ്‌ സുമയെ സുദര്‍ശനോട്‌ കൂടുതല്‍ അടുക്കാന്‍ പ്രേരണ നല്‍കുന്നത്‌. വിരസത ശരിക്കും കഥയുടെ ഗതിയെ നിയന്ത്രിക്കുന്നത്‌ 'കളി' എന്ന കഥയിലാണ്‌. കോമാളി വേഷങ്ങള്‍ എന്ന കഥയില്‍ വിരസതയുടെ നൃത്തവും കോട്ടുവായിടലും കാണാം. 'അന്തിമയക്ക'ത്തില്‍ വിരസത "സാന്ധ്യവെളിച്ചം ചിതറിയ ഏതോ ഒരു മുഷിഞ്ഞ നാട്ടുവഴി" പോലെ പ്രത്യക്ഷമാകുന്നു. ആസക്തിയുടെ ബാഹ്യവും ആന്തരികവുമായ രൂപഭേദമായി വളരുന്ന വിരസകാലത്തിന്റെ ചതുപ്പിനെയാണ്‌ കഥയിലേക്ക്‌ സ്വീകരിക്കുന്നത്‌. ജീവിത നിഗൂഡതകളിലെ രതിപ്രക്രിയയുടെ ചിത്രമതിലുണ്ട്‌. അവിടെ ചോദനകളുടെ വേലിയേറ്റവും വേലിയിറക്കവും കാണാം . സിതാരയുടെ കഥയുടെ ജ്ഞാനപ്രകാശമാണിത്‌.

ആഖ്യാനത്തിലോ ഭാഷയിലോ സിതാര കഥാന്തര്‍ഭാവത്തിലെ വൈകാരിക ദീപ്തി സ്വീകരിക്കുന്നില്ല. സുതാര്യമായ പദമിശ്രങ്ങളിലൂടെയാണ്‌ ഒരോ കഥയും വികസിക്കുന്നത്‌. ഇത്‌ എഴുത്തിലെ ഭാഷാസൂക്ഷ്മതയെയാണ്‌ സൂചിപ്പിക്കുന്നത്‌`. ചില ഇംഗ്ലീഷ്‌ പദങ്ങളുടെ മലയാളം എഴുതുമ്പോള്‍ സിതാര സന്ദേഹിക്കുന്നുണ്ട്‌. "ചീപ്പിന്‌" വിലകുറഞ്ഞ എന്നും "എപ്പിസോഡിന്‌" ഉപാഖ്യാനം എന്നും മലയാളം എഴുതി. ഏകാന്ത സഞ്ചാരങ്ങള്‍ എന്ന കഥയില്‍ ചോദ്യ ചിഹ്നമിടുന്നത്‌ ഭാഷാസൂക്ഷ്മതയുള്ള ഒരെഴുത്തുമനസ്സിനെയാണ്‌ കാണിക്കുന്നത്‌. ഉപജീവനം എന്ന കഥയില്‍ "ഭാഷക്ക്‌ കരുത്തു പോരാ. ഉപയോഗിക്കുന്ന ഇമേജുകളുടെ പഴമകാരണം ആവര്‍ത്തന വിരസത വരാതിരിക്കാന്‍ ശ്രദ്ധിക്കണം" എന്നിങ്ങനെ പ്രകടമായി, ഒരു കളിയാക്കല്‍ മട്ടിലാണെങ്കിലും കടന്നുവരുന്നത്‌, ഭാഷയേയും ആഖ്യാനത്തേയും കുറിച്ച്‌ ഉണര്‍വ്വുള്ള ഒരു മനസ്സ്‌ സിതാരക്ക്‌ ഉള്ളതുകൊണ്ടാണ്‌. ഇത്തരം ഉണര്‍വ്വായിരിക്കാം വൈകാരിക ഉള്ളടക്കത്തെ ഭാഷാസൂക്ഷ്മതയോടെ, സുതാര്യതയോടെ എഴുതാന്‍ പ്രേരണ നല്‍കിയിരിക്കുക.


Rainbow Publishers