![]() |
|||||
എം. ഫൈസല്ബ്ലോഗ്: http://amalakhil.blogspot.com Visit Home Page ... |
കഥ
if we can not accept the importance of the world, which considers itself important, if in the midst of that world our laugher finds no echo,we have one choice; to take the world as a whole and make it the object of our game; to turn into a toy.
-Milan Kundera (immortality)
കുഞ്ഞയ്യപ്പന്‍ ഷൂസും ടൈയ്യുമെല്ലാമിട്ട് പുസ്തകസഞ്ചിയും തോളില്‍ തൂക്കി സ്കൂളിലേക്ക് പോയി. അനന്തരം വെറോണിക്ക അവന്റെ പഠിപ്പുമുറിയില്‍ പ്രവേശിച്ചാറെ അവന്റെ സാമൂഹ്യപാഠപുസ്തകം മറന്നുവച്ചനിലയില്‍ പഠനമേശയില്‍ കാണായി. അവളുടനെ ഹസ്ബന്‍ഡ് ഹുമയൂണിനിനെ വിളിച്ചു.
'ആയ്യോ' "നൊമ്മടെ മോന്‍ അവന്റെ സോഷ്യല്‍ സ്റ്റഡീസ് കൊണ്ടുപോയിട്ടില്ല"
പാതിഷേവ് ചെയ്ത മുഖവുമായി ഹുമയൂണണ്ണന്‍ അവളുടെ മുന്നില്‍ വന്ന് വാപൊളിച്ചശേഷം ചോദിച്ചു.
എന്നാ പറ്റീ പെറോണീ?
ചെക്കന്റെ സോഷ്യലിതാ ഇവിടെ. അവനിപ്പം സ്കൂള്‍ ബസ് കേറി പോയിട്ടുണ്ടാവും.
അതാണോ കാര്യം . ങ. സോഷ്യലല്ലെ. ഒരു ദിവസം കൊണ്ടോയില്ലാന്നു വെച്ച് ഒന്നും വരാനില്ല. അല്ല, നിനക്കെന്നു തുടങ്ങി തൊടങ്ങി ഒരു സോഷ്യല്‍ സ്നേഹം. അതൊന്നും പഠിച്ചിട്ട് ഒരു കാര്യോല്ലന്നെല്ലെ നീ പറഞ്ഞീര്‍ന്നത്. കണക്ക്, ഇംഗ്‌ളീഷ്, സയന്സ് ഒക്കെ പഠിച്ചാ മതീന്നല്ലേ നീ അര്‍ത്തിരിക്കുന്നത്. ഹുമയൂണണ്ണന്‍ ചില ചോദ്യങ്ങള്‍ ചെറുശരങ്ങളായി തൊടുത്തുവിട്ടു.
എയ്ത ശരങ്ങളെ കത്തിപ്പിടിക്കാത്ത തീപ്പട്ടിക്കൊള്ളികളെപ്പോലെ തട്ടിക്കളഞ്ഞുകൊണ്ടവള്‍ മൊഴികൊടുത്തു.
'ഇപ്പോ സോഷ്യലെമ്പാടും മാറി. എടക്കൊക്കെ പുസ്തകോം മറിച്ചു നോക്കണേ ആപ്പീസിലെ ലെഡ്ജറല്ലാതെ നിങ്ങകെന്ത് പുസ്തകം. നിങ്ങക്കറിയ്യോ ഇപ്പോ പിള്ളേരെ വഴിപിഴപ്പിക്കുന്ന ലെസ്സണ്‍സണ്‍നും ഇല്ല ഇല്ലം സന്മാര്‍ഗപാഠങ്ങളാ.'
'നീയിതൊക്കെ വായിച്ചു നോക്ക്യോ?' അണ്ണന്‍ ആരാഞ്ഞു.
'പിന്നെ പഴേ പുസ്തകം വിവാദായ്പ്പോ അത് വായിച്ചു. അതിലൊക്കെ തോന്ന്യാസങ്ങളാ അച്ചന്‍ പറഞ്ഞത് ഒക്കെ ഒരു ഹിഡണ്‍ അജണ്ടേണ്‌ന്നാ.'
'ഇപ്പഴത്തെ പുസ്തകം എങ്ങനെ?'
'ശര്യായ ബോധനമാര്‍ഗാത്രെ! എന്തോ പെടക്കൊഴോ.... പെസഹോസ്തോ...' വെറോണിക്ക.
'എന്നാ ഒന്നു നോക്കീട്ടു തന്നെ കാര്യം' ഭര്‍ത്താവുദ്യോഗസ്ഥന്‍
'നമ്മുടെ കുഞ്ഞയ്യപ്പനിന്ന് സൊഷ്യല്‍ ടെസ്റ്റുള്ളതാ. പുസ്തകമില്ലാതെ അവനെങ്ങനെ റിവൈസ് ചെയ്യോ? ആവോ?'
ഹൗസ് വൈഫ് വിലപിചു.
'അതൊക്കെ നോട്സു നോക്കി പഠിച്ചോളും.' ഒഫിഷ്യലായി ഹസ്ബന്‍ഡ് ചൊല്ലിയാടി.
തുടര്‍ന്ന് ഗൃഹസ്ഥാശ്രമത്തിനു ഇനിയുമേറെ വര്‍ഷങ്ങളുള്ള ഹുമയൂണണ്ണന്‍ സാമൂഹ്യപാഠം പുസ്തകം എടുത്തു നിവര്‍ത്തി. പേജുകള്‍ ഒന്നൊന്നായി മറിച്ചു.
മോനെയോര്‍ത്ത് പൂര്‍ണ്ണശാന്തി വരാതെ വെറോണിക്ക നിന്നു. ബീജിംഗ് ഒളിംബിക്സിന്റെ ഉദ്ഘാടനചടങ്ങില്‍ സ്വന്തം രാഷ്ട്രത്തലവന്മാരുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് നടന്നു നീങ്ങുന്ന പലനാട്ടുതാരങ്ങള്‍ക്കിടയില്‍ വെറുമൊരു രാഷ്ട്രീയമുന്നണിയുടെ അദ്ധ്യക്ഷയായ സോണിയാഗാന്ധിയുടെ കൈവീശലു കണ്ട് ആകെ ആശയക്കുഴപ്പത്തിലായ ഇന്ത്യന്‍ ടീമംഗങ്ങളിലൊരാളെന്നപോലെ വെറോണിക്ക നിന്നു.
ഹുമയൂണ്‍ ചക്രവര്‍ത്തി ഉത്തരവായി
'പേടിക്കേണ്ട നമുക്കിതൊന്നു പഠിച്ചുകളയാം '
വെറോണി വെറുതെയല്ലതെ പറഞ്ഞു.
'ഈ പാതി ഷേവിലോ. ഒന്നു കമ്പ്ലീറ്റാക്കു മനുഷ്യാ.'
'പാതി ഷേവില്‍ പഠിക്കേണ്ടത് പാതിഷേവില്‍ വേണം
നീ ഇരി. പാഠം ഒന്ന് ഒരു വിലാപം മുതല്‍ തുടങ്ങാം.'
അവരുപവിഷ്ടരായി
സിലിണ്ടറിലെ LPG പെട്ടെന്ന് തീര്‍ന്നു പോയതുകൊണ്ട് ഇനി ഗ്യാസു വന്നേ വിസിലടിക്കൂ എന്ന വാശിയില്‍ അണഞ്ഞുപോയ അടുപ്പത്തിരിക്കുന്ന അന്നാ അലൂമിനിയം പ്രോഡക്ടായ പ്രഷര്‍കുക്കറിനെ വെറോണിക്ക മറന്നു.
അവര്‍ പുസ്തകത്തിലായി.
എല്ലാ ഇന്ത്യാക്കാരും സഹോദരീസഹോദരന്മാരാണ്. അത് സത്യം
ഇനി ഒന്നാം പാഠം
പാഠം ഒന്ന്
മതമുള്ള പാല്‍ പൊടി
പണ്ട്‌പണ്ട് നമ്മുടെ നാട്ടില്‍ മനുഷ്യരെല്ലാം വിവരദോഷികളും എട്ടാം വയസ്സില്‍ പെണ്ണുകെട്ടുന്നവരും ഹസ്സിന്റെ ചിതയില്‍ ചാടി ചാവുന്നവരും ആയിരുന്നു. അപ്പോഴാണ് നമ്മുടെ പൂര്‍വികരായ LMS CMS BEM തുടങ്ങിയ മൂല്യവര്‍ദ്ധിതസംഘടനകള്‍ നമ്മുടെ തദ്ദേശീയ പൂര്‍വികരെ പരിഷ്കരിക്കുവാനായെത്തിയത്. ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലുകള്‍ പോലെ കേരളത്തില്‍ മുഴത്തിന് മുഴത്തിന് പള്ളിക്കൂടങ്ങള്‍ പൊങ്ങിവരാനുള്ള കാരണം മേല്‍പ്പറഞ്ഞ ദൗത്യസംഘങ്ങളുടെ പരിശ്രമങ്ങളാണ്. അവര്‍ തന്ന പാല്‍പ്പൊടി,അവര്‍ തന്ന റവ അവര്‍ തന്ന ബ്ലേഡ്.... എല്ലാറ്റിനും നാം കടപ്പെട്ടവരാണ്. അതിനാല്‍ വിശുദ്ധപാദങ്ങളെ പിന്‍പറ്റി നാം നടത്തുന്ന പള്ളിക്കൂടങ്ങളില്‍ നമ്മള്‍ തലവരിപ്പണം വാങ്ങും. ഇഷ്ടം പോലെ ഫീസ് വാങ്ങി രക്ഷിതാക്കളുടെ ഫ്യൂസടിക്കും നമ്മുടെ വിശിഷ്ടചോദ്യങ്ങളുമായി പ്രവേശനപരീക്ഷനടത്തും. ഇതിലേക്കായ് നമ്മള്‍ ഇടയ്ക്കിടെ ഇടയലേഖനങ്ങള്‍ അച്ചടിച്ച് ഫ്രീയായ് വിതരണം ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠ്യപ്രവര്‍ത്തനം: ഏതെങ്കിലും രണ്ട് ഇടയലേഖനങ്ങള്‍ വായിച്ച് ഹൃദിസ്ഥമാക്കിയശേഷം 'പെഡഗോജി ഒഫ് ഒപ്രസ്‌ഡ്' എന്ന തൊന്ന്യാസമെഴുതിയ പൗലോ ഫ്രയര്‍ എന്ന പാതിരിക്ക് ഒരു മരണാനന്തര ഇടയലേഖനം എഴുതി അയയ്ക്കുക.
പാഠം രണ്ട്
കസേരകളിയിലെ ഇരുത്തം
സഖാവ് രാം ഗോപാല്‍ വര്‍മ്മ നന്നേ ചെറുപ്പത്തില്‍ കറുത്ത ചാന്തിട്ട വെറും നിലത്തിരുന്നാണ് ഊണുകഴിച്ചത്. എഴുതിപഠിച്ചത്. ചോക്കുകൊണ്ട് കളം വരച്ച് തായം കളിച്ചത്. വളര്‍ന്നപ്പോള്‍ മരക്കസേരയായി. സുഖമുണ്ട് ഇരുപ്പിന്. അപ്പോള്‍ പറഞ്ഞു കേട്ടു സ്റ്റീല്‍ കസേരയുണ്ടത്രെ.അതിന്റെ ഫ്രയിം പ്രത്യേകരീതിയില്‍ മടക്കി ഉണ്ടാക്കിയതാണ്, ഇരിപ്പടം നെയ്തതും.
'എന്നാല്‍ അതാകട്ടെ' എന്നായി സഖാവ് വര്‍മ്മ. കൈ എത്തും ദൂരത്തെ ടെലിഫോണില്‍ വിളിച്ചാല്‍ ഒരു മാതിരി സര്‍ക്കര്‍ കാര്യങ്ങളോക്കെ നിയന്ത്രിക്കാനാവും. എന്ന സ്ഥിതിവന്നപ്പോള്‍ ആശ്രിതര്‍ പറഞ്ഞു.
സഖാവിന് കുഷ്യനിട്ട കസേരയാ നല്ലത്.
നാലെണ്ണമെത്തി അത്തരത്തില്‍. സഖാവ് രാംഗോപാല്‍ വര്‍മ്മ പിന്നെയും വളര്‍ന്നു. സഖാവിന്റെ വളര്‍ച്ചകണ്ട് ബ്രാഞ്ചു്കമ്മിറ്റി മുതല്‍ സംസ്ഥാനകമ്മറ്റി വരെയുള്ളവര്‍ മൂക്കത്തു വിരല്‍ വെച്ചും വെയ്ക്കാതെയും നിന്നു.
വര്‍ഷങ്ങള്‍ വര്‍മ്മയോടൊപ്പം വളര്‍ന്നു. വര്‍മ്മയുടെ വയര്‍ ചാടി. ദുര്‍മ്മേദസ്സ് അവിടവിടെ അടിഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ അനുഭാവികളായ ആശ്രിതരെത്തി.സമ്മാനിച്ചതോ ഏറ്റവും പുതിയ റൊട്ടേറ്റിംഗ് ചെയര്‍. സെല്‍ഫോണ്‍ ചെവിയില്‍ പിടിച്ചിരുന്ന് സംസാരിക്കാന്‍ നന്ന് പുതിയ സിംഹാസനം
ചില സഖാക്കള്‍ക്ക് ഈയിടെയായി വന്നുഭവിച്ചിട്ടുള്ള വികസനവിരുദ്ധവാതരോഗത്തെ ശമിപ്പിക്കാനായി തോമസുഡോക്ടര്‍ നിര്‍ദ്ദേശിച്ച പുത്തന്‍ അഷ്ടാംഗഹൃദയം സഖാവ് ചെയറില്‍ റൊട്ടേറ്റ് ചെയ്ത് ഒന്നു വായിച്ചു നോക്കി. ഭേഷ്.
പണ്ട് പലരോഗങ്ങള്‍ക്കും പ്രതിവിധിയായിരുന്ന ചുവന്ന അരിഷ്ടം കാല്‍ ഔണ്‍സെടുത്ത് പതിനാലൗണ്‍സിന്റെ കുപ്പിയില്‍ ഒഴിക്കുക. അതില്‍ ഇഷ്ടം പോലെ വെള്ളമൊഴിക്കുക. അതിനു ശേഷം ഫ്രാങ്കിമധുരം വിദേശത്തുനിന്നു വരുന്ന ഫിനാന്‍സ് ക്യാപിറ്റല്‍, ADBയുടെ തായ്‌വേരു് രണ്ടിഞ്ച്, ഉണക്കിയ ലാവലിനില രണ്ടെണ്ണം, സെസ് തോടോടുകൂടിയത് സമം പൊടിച്ച് ചേര്‍ക്കുക. തുടര്‍ന്നു കിട്ടുന്ന കലക്കവെള്ളം ദിവസവും വയര്‍നിറഞ്ഞ ആഹാരത്തിനു ശേഷം ഏമ്പക്കം വിട്ട് സേവിച്ചാല്‍ വികസനവിരുദ്ധവാതത്തിന്റെ നീര്‍ക്കെട്ട് തീവ്രഇടതു കൈകാല്‍കഴപ്പ് എന്നിവ ശമിക്കുന്നതാണ്.
വിദ്യാര്‍ഥികള്‍ക്കായുള്ള പാഠ്യപ്രവര്‍ത്തനം
വൈദ്യശാസ്ത്രരംഗത്തെ താപ്പാനകളായ വിജയന്‍ വൈദ്യര്‍, ഹക്കീം ബേബി എന്നിവരുടെ യഥാക്രമം നാട്ടുവൈദ്യം, യുനാനി എന്നി വഹകളില്‍ മേല്പറഞ്ഞ രോഗങ്ങള്‍ക്കുള്ള പ്രതിവിധികള്‍ കണ്ടെത്തി അദ്ധ്യാപകന്റെ നയാപൈസയുടെ സഹായമില്ലാതെ ഒരു കുറിപ്പ് തയ്യാറാക്കുക.
പാഠം മൂന്ന്
കുഞ്ഞിക്കാലിന്റെ കുസൃതികള്‍
പ്രിയപ്പെട്ട് കൂട്ടുകാരെ,
നിങ്ങള്‍ ദിവസവും കാണുന്ന ഒരുതരം പെട്ടിയാണല്ലോ ടെലിവിഷന്‍. അതിന്റെ ഉത്പത്തിയെക്കുറിച്ചോ പുറപ്പാടിനെക്കുറിച്ചോ നിങ്ങള്‍ ആലോചിച്ച് തല പുണ്ണാക്കേണ്ട.നമ്മള്‍ക്കിപ്പോല്‍ ആസ്വദിക്കേണ്ടത് ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂ ആണ്.
കുഞ്ഞായന്‍ മുസ്സ്ല്യാരുടെ കുസൃതികള്‍ എന്ന ചില വികൃതികള്‍ നിങ്ങള്‍ നേരത്തെ വായിച്ചുകാണും. അത്തരം ലക്കുകെട്ട കഥകളില്‍ നിന്നു തികച്ചും വ്യത്യസ്ഥങ്ങളായ കഥകളാണ് നമ്മുടെ കുഞ്ഞാലിക്കാക്ക് പറയാനുള്ളത്.
കുഞ്ഞാലിക്ക നടക്കുന്നു. ഒപ്പം അഭിമുഖക്കാരനും
കാരന്‍ നില്‍ക്കുന്നു.ഒപ്പം ഇക്കയും. ക്യാമറക്കാരന്‍ പറയുന്നിടത്തേക്ക് രണ്ടുപേരും തിരിയുന്നു. മറിയുന്നു. അഭിമുഖക്കാരന്‍ : അപ്പോ കുഞ്ഞാലിക്കയുടെ കേസില്‍ വല്ല തിരിമറിം?
കുഞ്ഞാലിക്ക: തിരിമറി,ആര് തിരിമറികാട്ടി.ഓന് കാട്ടീണ്ടാവും ഇന്നെ കുടുക്കണം അതാപ്പോ ഓര്‍ടെ ചിന്ത. അയിനെന്നെ തൊടാന്‍ കിട്ടീട്ട് വേണ്ടേ. ദേ കാണ്ട് ടച്ച് മീ മോനേ.
അഭിമുഖക്കാരന്‍ മുഖം തിരിച്ച് കുസൃതിച്ചു. എന്നാലും താങ്കളുടെ മേത്ത് ചെളിതെറിച്ചില്ലേ?
കുഞ്ഞാലിക്ക പുരികം വക്രിച്ചു. ചെളിയല്ല, ചാണകം. ഇന്റെ പ്രകൃതം, അതായത് നാച്ചര്‍ എന്തോന്ന ഹേ? ഞാന്‍ ചാണകക്കുഴീ വീഴും, പിന്നെ തോട്ടിപ്പോയി കുളിക്കും. തോട് കണ്ടാ കുളിക്കാത്തോര്‌ണ്ടാവ്വോങ്കിലും ചാണകക്കുഴികണ്ടാ ഒന്ന് ചവിട്ടാത്തോരുണ്ടാവ്വോ? ണ്ടാവ്വൂല്ല.
അഭിമുഖന്‍: അങ്ങനെയെങ്കില്‍ ഏഴിലെ സാമൂഹ്യപാഠമാണോ ഇപ്പോള്‍ തോട്ടിലെ വെള്ളം?
കുഞ്ഞാലിക്ക: അത് തോട്ടിലെ വെള്ളല്ല മോനേ, അത് ചാലിയാര്‍ പൊഴേലെ വെള്ളാ.അതുപോലൊരു വെള്ളത്തീ കുളിച്ചിട്ടാ ബീജെപ്പീക്കാര് പണ്ട് ഡല്ലീല്‍ അധികാരത്തീ വന്നേ. ഞങ്ങളും കളിക്കട്ടെ ചെറിയ കളി.
അഭിമുഖന്‍: പക്ഷേ നിങ്ങേടെ കൂട്ടത്തീന്ന് വിവരോള്ളോരൊക്കെ സമരത്തീന്ന് മാറീല്ലോ?
കുഞ്ഞാലിക്ക: എന്ത് വിവരം? നക്കാപിച്ച് കിട്ടിയാ പോണോര് കാരുടെ ഒരു വിദ്യഭ്യാസം. ഈ വിദ്യഭ്യാസാണ് നമ്മുടെ നാടിനെ നശിപ്പിക്കുന്നത്. വിവരം വെച്ചാലും ഹലക്കാണ്.
അഭിമുഖന്‍ അഭിമുഖം നിന്ന് അടുത്ത ചോദ്യമോങ്ങി. ഇപ്പോഴീ വിവാദമാക്കീട്ടുള്ള പാഠത്തില്‍ ഒരു കുഴപ്പോമില്ലെന്ന് പ്രതിഭാഗം ആളുകള്‍ പറയുന്നുണ്ടല്ലോ.
കുഞ്ഞാലിക്ക: അയ്യയ്യോ ! ആരാണീ ഭൂരിഭക്ഷം? ആളുകള്‍ ഭൂരിപാകം എതിര്‍പ്പല്ലേ? പുസ്തകം ഭരണഘടനാ വിരുദ്ധമല്ലേ. അതെങ്ങനെ? ഭരണഘടന എന്തോന്നറ്യോ?
അഭിമുഖന്‍: എന്താ ഭരണഘടന?
കുഞ്ഞാലിക്ക: ഭരണഘടനാന്ന് വെച്ചാ ഭരണഘടന തന്നെ. അതറീല്ലെ. നീയ്യ് ഇന്റര്‍വ്യൂനൊക്കെ വരുമ്പോ അതൊക്കെ വായിച്ച് പഠിച്ച്‌വായോ.
അഭിമുഖന്‍ : എനിക്കറിയില്ല അതോണ്ടാ. ഭരണഘടനേല് എന്താ പുസ്ത്കത്തെപ്പറ്റി പറേണത്.
കുഞ്ഞാലിക്ക: അത് പറേണേങ്കി ഒര്‌പാട് പാട് ഇന്‍ണ്ട്.
ഇയ്യിപ്പോ ഭരണഘടന വായിക്കാത്തോണ്ട് ഞാന്‍ പറഞ്ഞാലും നിനക്ക് ഒന്നും മനസിലാവില്ല്യാ. യൂ കാണ്ട് അണ്ടര്‍സ്റ്റാണ്ട്, യാ.
അഭിമുഖന്‍: എന്നാലും ഈ മതേതരത്വം എന്നലെന്താണെന്ന് ഒന്നു വിശദീകരിക്കാമോ?
കുഞ്ഞാലിക്ക: ഇതൊന്നും അറിയാണ്ട് നീ എന്തു പത്രക്കാരനാഡാ. നീയേത് കോപ്പിലെ പത്രത്തീന്നാഡാ വരുന്നേ ഭരണഘടനേം മതേതരത്വവും അറിയാതെ.
ബാക്കി ഭാഗം ടെലിവിഷന്‍ മാധ്യമധര്‍മ്മം മാനിച്ച് ടെലികാസ്റ്റ് ചെയ്തില്ല. തുടര്‍ന്ന് ശകാരം കേട്ട് ചെവിപൊത്തുന്ന അഭിമുഖക്കാരന്റെ മുഖത്തുനിന്ന് ക്യാമറ കുഞ്ഞാലിക്കുട്ടിയുടെ മുഖത്തു വന്നു നില്‍ക്കുന്നു. വിരലുകള്‍ കൊണ്ട് 'V' എന്നു വിജയചിഹ്നം ഉയര്‍ത്തി ചിരിച്ചു നില്‍ക്കുന്ന കുഞ്ഞാലിക്ക ടൈട്ടില്‍സ് തെളിയുന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യപ്രവര്‍തനം:- മാര്‍ക്കെറ്റില്‍ പോയി ഏതെങ്കിലും 21 ഇഞ്ച് ടീവിയുടെ കാലികാര്‍ട്ടണ്‍ വാങ്ങുക. അതിന്റെ ഒരു വശം മുറിച്ചു മാറ്റി മറ്റൊരു സഹപാഠിയെയും കൂട്ടി അതിനുള്ളില്‍ കയറിയിരിക്കുക. തുടര്‍ന്ന് നിങ്ങള്‍ ഒരു നേതാവിനെ അഭിമുഖം ചെയൂന്നതായി നടിക്കുക.
പാഠം നാല്
അഭിനവചമ്പുരം അഥവാ ചമ്പുരാങ്കം
പത്തെണ്‍പതുകൊല്ലം മുന്‍പ് ഈ നാടിന്റെ പേര് സംഘപുരം എന്നായിരുന്നു. നാല്‍പത്തിയേഴില്‍ അത് ചങ്കപുരമായി .ഇപ്പോള്‍ ഇത് വെറും ചമ്പുരം. ചമ്പുരം ശ്രീധരനും വര്‍ഷങ്ങളായി ഒരു വിനോദത്തിലേര്‍പ്പെട്ടിരിക്കുകയാണ്. അവര്‍ വിവിധ തരക്കാരായ നിഷ്കളങ്ക ജീവികളെ പോറ്റി വളര്‍ത്തുകയാണ്. അണലി, കരിമൂര്‍ഖന്‍,കടന്നല്‍, മുള്ളന്‍ പന്നി, തേള്‍,പഴുതാര,ചെന്നായ എന്നിവരാണ് അവരില്‍ ചിലര്‍.താരതമ്യേന അപകടകാരികളായ നീര്‍കോലി,ചേര,ചെറുവിഷജീവികള്‍ എന്നിവരെ പുരമുഖ്യന്‍ നിരോധിച്ചിരിക്കുകയാല്‍ മാതൃകാ ജീവികള്‍ സസ്സുഖം വാണു. ഒരു ദിവസം നീര്‍ക്കോലി-ചേര ഇത്യാദികളുടെ നിരോധനത്തെ സംബന്ധിച്ച ചര്‍ച്ച സജീവമായി.അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നൊരു പക്ഷം. അത്താഴം മുടക്കാന്‍ നീര്‍ക്കോലിമതി എന്ന് മറുപക്ഷം. അതിനിടയില്‍ ഏഴുകടലുകള്‍ക്കപ്പുറത്തെ വെണ്ണക്കള്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരാനിരിക്കുന്ന അപൂര്‍വകാന്തിവികരണ രത്നശേഖരത്തെക്കുറിച്ചാണ് ഇടയിലൊരു പക്ഷം.പക്ഷങ്ങള്‍ക്കിടയില്‍ പക്ഷവാതം പിടിപെട്ട ജനം വലഞ്ഞു.
നമുക്ക് ചില വിശദീകരണങ്ങള്‍ ശ്രദ്ധിക്കാം.
ചമ്പുരം ശ്രീധരന്‍ പറയുന്നു. അണലികളെ നോക്കൂ കരിമൂര്‍ഖനേയും ചെന്നായയേയും നോക്കൂ അവര്‍ ചമ്പുരത്തിനു പുറത്തുനിന്ന് ഒരു സഹായവും സ്വീകരിക്കുന്നില്ല. അവര്‍ ദേശീയ വാദികളാണ് സാംസ്ക്കാരികദേശീയതയുടെ പ്രതിനിധികളാണവര്‍. നീര്‍ക്കോലികളും ചേരകളും നമ്മുടെ പുരബൗണ്ടറികള്‍ക്കപ്പുറാത്തുനിന്ന് സഹായം സ്വീകരിക്കുന്നു. പൗരധര്‍മ്മിയെന്നു ഭീകരവാദി പറഞ്ഞു. നീര്‍ക്കോലിയേയും മറ്റും നിരോധിക്കേണ്ടതിനു മുന്‍പ് ചമ്പുരത്തെ വിഷജീവികളെ നിരോധിക്കനം. തല്‍ക്ഷണം ഒരു കൂട്ടം ഇളകിവശായി. ഭീകരവാദികള്‍ ജന്തുസ്നേഹത്തിന്റെ മറവില്‍ ക്രമസമാധാനം തകര്‍ക്കുന്നു.
മുഖത്ത് ഭാവമാറ്റത്തിന്റെ ഒരു ലാഞ്ചനയും തീണ്ടിയിട്ടില്ലാത്ത മനോഹരന്‍ ജി ഒരു യന്ത്രം പോലെ പറഞ്ഞു. ചെറുതാണു ഭൂകരം. അണലിയേയും മൂര്‍ഖനേയും നേര്‍ക്കുനേര്‍ കാണാം. പക്ഷേങ്കില് ഈ ചെറു ക്ഷുദ്രജീവികള്‍ ചെവിയില്‍ പോയാല്‍ എന്തു ചെയ്യും. അതുനും പുറമേ അണല്യാദികളെ മതില്‍ കെട്ടി പുറത്താക്കിയാല്‍ അവരുടെ പടതന്നെയിളകും. പിന്നെ കാറ്റിനു പോലും വിഷമമായിരിക്കും. അതിനാല്‍ ചേരാദി ചെറു കീടങ്ങളുടെ ബാന്‍ തുടരട്ടെ. ഭൂരിപക്ഷമുണ്ടെങ്കില്‍ കൈ പൊക്കട്ടെ. ഭൂരിഭാഗവും കൈ പൊക്കി .അതില്‍ ചിലരുടെ മുഖത്ത് ചില കോടിത്തിളക്കം.
ആളുകളെല്ലം ശാന്തരായി. ചെന്നായയെയും മൂര്‍ഖനെമെല്ലാം അയല്‍വീടുകളിലെ കോഴികുഞ്ഞുങ്ങളെ തിന്ന് തീവ്രദേശീയാചരനം നടത്തി. ചെരുകിടവിഷ്പ്പണ്ടാരങ്ങളെ പുരം പാലകര്‍ പിടിച്ചകത്താക്കി. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായതുപോലെ ഒരു സായുധ സമാധാനം എങ്ങും കളിയാടി.
ഒടുവില്‍ മനോഹരന്‍ ജി നിര്‍ഭാവം പറഞ്ഞു. വരുന്നു മഹാജ്ഞാനികള്‍,സ്വര്‍ഗദേശത്തുനിന്ന് ആയിരം പൂര്‍ണ്ണസൂര്യന്മാര്‍
ഒരു എതിരന്‍ ഇടയില്‍ പ്പെട്ടു. നിങ്ങ മ്മുടെ ചമ്പുരത്തെ പണയപ്പെടുത്താമ്പോകാണ് ല്ലേ ?
മനോഹര്‍ജി ചുണ്ടുകള്‍ വലിച്ചു പിടിച്ചു. എന്നെ വിശ്വാസമില്ലെ നമ്മുടെ പുരം നിവാസികളുടെ ശോഭനമായ നാളേയ്ക്കുവേണ്ടിയാണിതെല്ലാം. ഇടഞ്ഞുനില്‍ക്കുന്ന ഇടയന്മാര്‍ വിവരദോഷികള്‍ . എതിരന്‍ അക്രമാസക്താനായി. മിര്‍ജഫറും ജംഗത് സേട്ടുമ്മാരും നമ്മുടെ പുരം നിവാസികളായിരുന്നില്ലെ. അത് തന്നെ പുരത്തെക്കിറിച്ച് പണ്ട്. മനോഹരജീയുടെ മൗനത്തിലൂടെ ധര്‍മ്മപാലകര്‍ അതിരന്റെ വയര്‍ലെസിനെ സെയിലന്റാക്കി. എല്ലാവരും വന്ദേചമ്പുരം ചൊല്ലി വായടക്കി.
വിദ്യാര്‍ഥികള്‍ക്കുള്ള പാഠപ്രവര്‍ത്തനം
1991 മുതല്‍ ചമ്പുരത്ത് സാമ്പത്തിക ഞെരുക്കം മൂലം ആത്മഹത്യചെയ്ത കുടുംബങ്ങളുടെ എണ്ണം കൊണ്ട് മുകേഷ് അമ്പാനി, അനില്‍ അമ്പാനി, കാസിം പ്രേംജി മുതല്‍ അഞ്ച് ധനികരുടെ മൊത്തം വാര്‍ഷിക വരുമാനത്തെ ഹരിക്കുക
അനുബന്ധപ്രവര്‍ത്തനം
മിഥുനത്തില്‍ രാത്രിക്കു രാത്രി കുറ്റ്യാടിയില്‍ വെള്ളം ഉയരുന്നതുപോലെയായിരുന്നു
അവള്‍ വലുതായത്. ഇന്നലെ അഴിച്ചുവച്ച ഉടുപ്പ് ഇന്നേയ്ക്കു ചെരുതായി
ഇന്നു പിണഞ്ഞ തെറ്റ് നാളെ ശരിയായി
മേല്‍ക്കൊടുത്ത് അഞ്ചുവരികള്‍ക്ക് മുന്‍പുള്ള 44 വരികളും ശേഷമുള്ള 34 വരികളും കണ്ടുപിടിച്ച് ഇതെഴുതിയ ടി.പി.രാജീവന്‍ എന്ന തോന്നിയവാസിയുടെ മുന്നില്‍ കൊണ്ടുപോയി നിഷ്കരുണം ഭേദ്യം ചെയ്യുക. ബിംബങ്ങളും രൂപകങ്ങളുമില്ലാത്ത കവിത എഴുതേണ്ടത് എങ്ങനെയെന്ന് നമ്മുടെ സോദ്ദേശ എഴുത്തുകാരുടേ ചതുരവടിവുകള്‍ വെച്ച് ഒരു പഠനം തയ്യാറാക്കുക.
സാമൂഹ്യപാഠ പുസ്തകം ഏതാണ്ടായപ്പോള്‍ വേറോണിക്കയും ഹുമയൂണണ്ണനും വല്ലാതായി.
അണ്ണന്‍ പറഞ്ഞു. അയ്യോ! നേരം പോയി അയാള്‍ സത്വരം ഷേവിംഗ് കമ്പ്ലിറ്റ് ചെയ്യാന്‍ പാഞ്ഞു. വെറോണിക്ക അടുക്കളയില്‍ ഇരിക്കുന്ന പ്രഷര്‍ കുക്കറിന്റെ അടുത്തേക്ക് അയ്യോ എന്റ് കുക്കര്‍ എന്നു പറഞ്ഞ് മണ്ടി.
പതിവു തയ്യാറെടുപ്പുകള്‍ കഴിഞ്ഞ് ഹുമയൂണണ്ണന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പോകുന്ന ശബ്ദം വെറോണിക്ക കേട്ടു. അല്‍പം കഴിഞ്ഞ് സ്കൂട്ടര്‍ തിരിച്ചെത്തുന്നതിന്റെ അവള്‍ അടുക്കളയില്‍ നിന്നു കേട്ടു. വെറോണിക്ക മുന്‍വാതിലിലെത്തി.
"എന്തുപറ്റി " വെറോണിക്ക
നീ പോയി മേളിലെ അലമാരേല് ജോസിച്ചായന്‍ തന്ന മിലിട്ടറിക്കൊട്ടേല് ബാകീണ്ടോന്ന് നൊക്കിയെ. ഹുമയൂണണ്ണന്‍ കാലുകള്‍ക്കിടയില്‍ സ്കൂട്ടര്‍ തിരുകി നിന്നു.
"നിങ്ങള്‍ക്കെന്താം ഓഫീസിപ്പോകാണ്ടാണോ കുപ്പീടെ കണക്കെടുപ്പ്" വെറോണിക്ക വെകിളിപൂണ്ടു.
'പറഞ്ഞത് ചെയ്യ് ബാക്കിണ്ടെങ്കി ഞാനിപ്പോ ഒരു ഫ്രോസണ്‍ ചിക്കനും വാങ്ങി വരാം . ഹുമയൂണണ്ണന്‍ അക്ഷമനായി.
'അപ്പോ ഇന്ന് ഹര്‍ത്താലാ...?" വെറോണിക്ക ഉത്തരം കണ്ടെത്തിയതില്‍ ആഹ്ലാദിച്ചു.
'യെസ്'
വെറോണിക്ക പെട്ടെന്ന് ഹസിന്റെ അവധി ദിനത്തില്‍ പങ്കുചേര്‍ന്ന് കുപ്പി ബാക്കിയുണ്ടോന്ന്` നോക്കുവാന്‍ പോയി.
എഴുതിയ കഥയിലെ പല അക്ഷരങ്ങളും ചില വാക്കുകളും തെറ്റായാണ് തര്‍ജനിയില്‍ ടൈപ് ചെയ്തിട്ടുള്ളത്. പലതില്‍ ഒന്നു പറയാം. തീവ്ര ഇടത് കഴപ്പിനുള്ള മരുന്നിനെ പറ്റി പറയുന്നിടത്ത് ‘ലാവലിനില’ എന്നത് തെറ്റായാണ് ടൈപ് ചെയ്തത്. ബന്ധപ്പെട്ടവര്‍ തിരുത്തുമെന്ന് കരുതട്ടെ. വായവക്കാര്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണക്കും അസൌകര്യത്തിനും വിരാമമാകുമല്ലൊ.
എം. ഫൈസല്‍
രചയിതാവ്